മന്ത്രിമാർക്ക് മനുഷ്യത്വം എന്നൊന്ന് പാടില്ലെന്നുണ്ടോ ഇനി ?

197

എഴുതിയത് : Sanub Sasidharan

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടപ്പോൾ പാവം ഫ്ലാറ്റുടമകളുടെ സങ്കടം ആയിരുന്നു നമ്മുടെ മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും പ്രധാനപ്പെട്ടത്, അല്ലെങ്കിൽ അവരെ അലട്ടിയിരുന്നത്. ദിനംപ്രതി നൂറുകണക്കിന് ഫ്ലാറ്റുടമകളുടെ ബൈറ്റും (ബൈറ്റ് എന്നാൽ അഭിമുഖത്തിലെ ചെറിയ ഭാഗം) ദയനീയത വിവരിച്ച ലൈവുകളും നിറഞ്ഞ വാർത്താ ബുള്ളറ്റിനുകൾ, പ്രത്യേക സപ്ലിമെൻറുകൾ. സർക്കാർ ഒന്നും ചെയ്യുന്നില്ല എന്ന ആക്ഷേപം, ആരോപണം, കുറ്റപ്പടുത്തൽ, അങ്ങനെ പോയി ചില വാർത്തകളുടെ, നേതാക്കളുടെ പ്രതികരണ സ്വഭാവം. അവിടെ നിയമം ആയിരുന്നില്ല, മാനുഷിക പരിഗണനയായിരുന്നു മാധ്യമങ്ങളുടെ, രാഷ്ട്രീയ പാർട്ടികളുടെ വാദം.

ജോളി അപഹരിച്ച വാർത്താദിനങ്ങളുമായി ആഴ്ച്ച രണ്ട് പിന്നിട്ടപ്പോൾ പുതിയ വിവാദം എത്തി. മാർക്ക്ദാനവും സ്പോട്ട് അഡ്മിഷനും. രണ്ടിലും പ്രതിസ്ഥാനത്ത് ഒരേ ആൾ. ഇടത് സ്വതന്ത്രനായ മന്ത്രി KT ജലീൽ. മാധ്യമങ്ങൾക്ക് (റിപ്പോർട്ടർമാർക്ക്) റിപ്പോർട്ട് തയ്യാറാക്കുമ്പോൾ കണിശമായും പാലിക്കേണ്ട ചില മാർഗനിർദേശങ്ങൾ ഉണ്ട്. വാർത്തയുടെ എല്ലാ വശവും പരിശോധിക്കണം, അതിൽ ബന്ധപ്പെട്ടവരെ കേൾക്കണം. പ്രതികരണം എടുക്കണം. അത് വാർത്തയിൽ ഉൾപ്പെടുത്തണം. ചുരുക്കത്തിൽ വാർത്തയിൽ പക്ഷം പിടിക്കാതെ, നിഷ്പക്ഷമായി, ബാലൻസിങ് ആയിരിക്കണം റിപ്പോർട്ടിങ്ങ് എന്നത് . എന്നാൽ ഈ രണ്ട് വിവാദത്തിലും ബാധിക്കപ്പെട്ട വിദ്യാർത്ഥികളെ കേൾക്കാനോ അവരുടെ ഭാഗം നൽകാനോ പ്രമുഖ മാധ്യമങ്ങൾ ഒന്നും തയ്യാറായിട്ടില്ല. അതിനാലാണ് ആ പെൺകുട്ടിക്ക് കരഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ സംസാരിക്കേണ്ടി വന്നത്. അപമാനിക്കപ്പെട്ടു എന്ന് ദുഖത്തോടെ പറയുന്ന ആ കുട്ടി പറഞ്ഞതുപോലെ പഠിപ്പ് നിർത്തിയാൽ നിങ്ങൾക്ക് ഒന്നും നഷ്ടമാവില്ല. മറിച്ച് ആ കുട്ടിക്ക് നഷ്ടമാവുന്നത് ഒരുപാടാണ്.

മാനുഷിക മൂല്യം പറഞ്ഞ് മരടിലെ സമ്പന്നരുടെ ഒപ്പം പോയവർക്ക് അശരണരായ കുട്ടികളുടെ കാര്യത്തിൽ ഇത് അബദ്ധത്തിൽ വിട്ടു പോയതാണോ എന്ന് സംശയിച്ചാൽ പോലും സംശയിച്ച ആളെ തല്ലണം എന്നേ പറയാൻ പറ്റു.

KT ജലീൽ മികച്ച മന്ത്രിയാണോ ജനപ്രതിനിധിയാണോ എന്നതൊക്കെ വേറെ വിഷയം. സുനാമി ഫണ്ട് തിരിമറി തുറന്ന് പറഞ്ഞ് IUMLവിട്ടതു മുതൽ ലീഗിന്റെ കണ്ണിലെ കരടാണ് ജലീൽ. കുറ്റിപ്പുറത്ത് സാക്ഷാൽ കുഞ്ഞാലിക്കുട്ടിയെ മലർത്തിയടിച്ച ജലീലിനോട് പടച്ചതമ്പുരാൻ വന്ന് പറഞ്ഞാലും ലീഗുകാര് പൊറുക്കുകയും ഇല്ല. അതിനാൽ തന്നെ ജലീലിനെ കിട്ടുന്നിടത്ത് വെച്ച് തല്ലുക എന്നത് ലീഗുകാരുടെ നിലപാടാണ്. ഒട്ടും ലോജിക്കില്ലാത്ത കാര്യങ്ങൾ വരെ അവരിതിന് ഉപയോഗിക്കും. ലീഗിന് വേണ്ടി പുറം പണി ഏറ്റെടുത്തിരിക്കുന്ന സംഘടനകളും ഉണ്ട്. അവരുടെ കയ്യിലെ ചട്ടുകങ്ങൾ ആവരുത് റിപ്പോർട്ടർമാർ. സോഴ്സ് (വിവരങ്ങൾ നൽകുന്ന വ്യക്തി/കേന്ദ്രം) എന്നതിന് പല താൽപര്യങ്ങളും കാണും. അവരുടെ താൽപര്യം നിറവേറ്റലല്ല നിങ്ങളിലെ മാധ്യമ പ്രവർത്തകന്റെ ധർമം. അവർ നൽകിയ വിവരങ്ങൾ ക്രോസ് ചെക്ക് ചെയ്യണം. ആ കുട്ടിക്ക് കോളേജ് മാറ്റി നൽകിയതിലൂടെ ആർക്കും അവസരം നഷ്ടപ്പെട്ടതായി പരാതിയില്ല. അതിനായി മന്ത്രിയോ മറ്റോ കൈകൂലിയോ പാരിതോഷികമോ വാങ്ങിയതായി ആരോപണമില്ല. ബന്ധുവുമല്ല. മന്ത്രിമാർക്ക് മനുഷ്യത്വം എന്നൊന്ന് പാടില്ലെന്നുണ്ടോ ഇനി ?
(Spot admission വഴി നിർധനരായാലും വീടിന്റെ അടുത്ത കോളേജിൽ തന്നെ അഡ്മിഷൻ കിട്ടുക എന്നത് എത്രമാത്രം പ്രാവർത്തികമാണ് എന്നൊന്ന് പരിശോധിക്കണം. പണ്ട് Spot admission അല്ലാതിരുന്ന കാലത്ത് വീടിന് സമീപത്തെ കോളേജുള്ളിൽ അഡ്മിഷൻ കിട്ടുമായിരുന്നു. അങ്ങനെ കോളേജിൽ ചേർന്ന് പഠിച്ച വ്യക്തിയാണ് ഞാൻ )

രണ്ടാഴ്ച്ച മുമ്പ് മാധ്യമ പ്രവർത്തനത്തിൽ എന്റെയൊക്കെ ഗുരുസ്ഥാനിയനായ തോമസേട്ടൻ നിലവിലെ വാർത്താ സംസ്ക്കാരത്തെ കുറിച്ച് സംസാരിക്കുമ്പോൾ പറഞ്ഞത്
“നീയൊക്കെ പറയുന്ന ക്ലാസിക്കൽ ജേണലിസമൊന്നും ഇപ്പോൾ ആർക്കും വേണ്ട. ഈ കാണുന്ന തള്ളി മറിച്ചിൽ മാത്രമാണ് എല്ലാം എന്നാണ് ധാരണ. ഇതൊക്കെ ജീർണിച്ച് തീരാൻ കുറച്ച് കാലം കൂടിയേ കാണു .അതുവരെയിങ്ങനെ… ”