മോഹൻലാൽ നായകനായി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ടിനു തിയേറ്ററിൽ നല്ല വരവേല്പാണ് ലഭിച്ചത് എങ്കിൽ പോലും സിനിമയെ കുറിച്ച് ട്രോളുകളുടെ പെരുമഴ ആയിരുന്നു. എന്താകും ഈ സിനിമയെ ഇത്രമേൽ വിമർശിക്കാൻ കാരണം ? സനൂജ് സുശീലന്റെ പോസ്റ്റ് വായിക്കാം.
Sanuj Suseelan
ആറാട്ട് കണ്ടു. കളർഫുള്ളായ ആദ്യപകുതി നല്ല രസകരമായിരുന്നു. പഴയ ഹിറ്റ് സിനിമകളിലെ പല ഭാഗങ്ങളുമെടുത്ത് സ്പൂഫ് ചെയ്തിരിക്കുന്നതും കൊള്ളാം. ഇടവേള വരെ ഒരുവിധം നന്നായി പൊയ്ക്കൊണ്ടിരുന്ന പടം പക്ഷെ രണ്ടാം പകുതിയിലെത്തുമ്പോൾ കയ്യിൽനിന്നു പോയി. ആറാം തമ്പുരാന് നരസിംഹത്തിൽ ഉണ്ടായ മകനാണ് ഒടിയൻ എന്ന് ശ്രീകുമാർ മേനോൻ പണ്ട് തള്ളിയതാണ് ഈ സിനിമയുടെ സെക്കന്റ് ഹാഫ് കണ്ടപ്പോ ഓർമ്മ വന്നത്. കാവിലെ മുടങ്ങിക്കിടന്ന ഉത്സവം നടത്തിക്കുന്നത് പോലെ റഹ്മാനെ കൊണ്ട് വന്ന് ഗാനമേള, ഗാനമേള നടക്കുമ്പോൾ ബാക്കിൽ അടിയോടടി, അതും പോരാഞ്ഞിട്ട് കേണൽ സൂര്യചന്ദ്ര ലാലേട്ടന്റെ പ്രതികാരം തുടങ്ങി ട്വിസ്റ്റോടു ട്വിസ്റ്റ്. ഇതൊന്നും പോരാഞ്ഞിട്ട് ഒടുവിൽ ഹൈദരാബാദിൽ ഏജന്റ് എക്സ് നടത്തുന്ന ചറപറാ വെടിവയ്പ്പും പൊരിഞ്ഞ തെലുങ്ക് ഡയലോഗുകളും . പടം കാണുന്നതിനിടയ്ക്ക് ഉറങ്ങിപ്പോയ ആരെങ്കിലും ക്ലൈമാക്സിലാണ് ഉറക്കമെണീക്കുന്നതെങ്കിൽ ഈ തെലുങ്ക് മുഴുവൻ കേട്ട് അവർക്ക് ഫ്ലാറ്റ് മാറിപ്പോയി എന്ന് തോന്നാനും ചാൻസുണ്ട്. നല്ലതുപോലെ പണിതെടുത്ത ആദ്യ പകുതിയുടെ മുഴുവൻ ഗുമ്മും അപ്പാടെ നശിപ്പിച്ച ഈ ട്വിസ്റ്റുകളാണ് സിനിമയ്ക്ക് വിനയായത്. എന്തായാലും അത് നല്ലതുപോലെ നിരാശപ്പെടുത്തി. സിനിമയെപ്പറ്റി കൂടുതൽ പറയാനില്ലെങ്കിലും വേറെ ചില കാര്യങ്ങൾ പറയാനുണ്ട്.
ഈ സിനിമക്കെതിരെ ഉണ്ടായതു പോലുള്ള പ്രചാരണം അടുത്തിടെയൊന്നും മറ്റൊരു സിനിമയ്ക്കും ഉണ്ടായിട്ടില്ല. ഉണ്ടായിട്ടുണ്ടെങ്കിൽ അതും ലാലിന്റെ തന്നെ ഒടിയനും മരയ്ക്കാറിനും നേരെയായിരുന്നു. ഈ മൂന്നു സിനിമയ്ക്കും ഒരു പാളിച്ചകളും ഇല്ലായിരുന്നുവെന്നോ അവ ഒരു വിമർശനവും അർഹിക്കുന്നില്ലെന്നതോ എന്നല്ല അവകാശപ്പെടുന്നത്.





