ബസ്സിലെ സിനിമാ കാണൽ – ഓർമ്മക്കുറിപ്പ്
Sanuj Suseelan
ബസ്സ് യാത്ര പലർക്കും പലതരത്തിലുള്ള അനുഭവമാണ്. പലർക്കും ബസ്സിൽ യാത്ര ചെയ്യുമ്പോൾ ചില ചെറിയ പിടിവാശികളൊക്കെ ജീവിതത്തിന്റെ ഏതെങ്കിലും ഒരു സ്റ്റേജിൽ ഉണ്ടായിരിക്കും എന്നാണ് എന്റെയൊരു വിശ്വാസം. “ഹൈവേ” എന്ന സിനിമ ഇറങ്ങിയപ്പോൾ ഇംതിയാസ് അലി തന്റെ നിർമാണ കമ്പനിക്കു ഇട്ട പേരായിരുന്നു “വിൻഡോ സീറ്റ് ഫിലിംസ്” എന്ന്. അതുപോലെ എന്റെയും ഒരു വീക്നെസ്സ് ആയിരുന്നു ബസ്സിലെ ഏറ്റവും മുൻനിരയിലെ ഇടതു വശത്തുള്ള ആദ്യ സീറ്റ്. കൊച്ചുകുട്ടിയായിരുന്നപ്പോൾ കെ എസ് ആർ ടി സി ബസ്സിൽ എപ്പോ കയറിയാലും ഈ സീറ്റ് വേണമെന്ന് ഞാൻ വാശി പിടിക്കുമായിരുന്നു. അതുപോലെയാണ് ബസ്സിലെ സിനിമാ കാണലും. ബസ്സിലിരുന്നു സിനിമ കാണുന്നത്, അത് മുമ്പ് നൂറു വട്ടം കണ്ട സിനിമയായാൽ പോലും, ഒരു രസമാണ്. ഇപ്പോഴും അത് നഷ്ടപ്പെട്ടിട്ടില്ല.
ഹൈസ്‌കൂളിൽ പഠിക്കുമ്പോഴാണ് നാട്ടിൽ ആദ്യത്തെ വിഡിയോ കോച്ച് ബസ്സ് വരുന്നത്. ഒരു ചെറിയ പെട്ടിയിൽ വീർപ്പു മുട്ടിയിരിക്കുന്ന ഡയനോരയുടെ ഒരു ടിവി. അപ്പുറത്തു ഒരു വിസിപിയുമുണ്ട്. കല്യാണത്തിനും മറ്റുമാണ് അത്തരം വണ്ടികളിൽ കയറാൻ ഒരു അവസരം കിട്ടുന്നത്. ബസ്സിൽ കയറിപ്പറ്റിയാൽ എത്രയും പെട്ടെന്ന് ആ ടിവിയിൽ സിനിമ വരണേ എന്ന പ്രാർത്ഥനയാണ്. അപ്പോഴാണ് മലമ്പുഴ ടൂർ പോകാൻ ഒരു അവസരം കിട്ടിയത്. ആ യാത്രയിലാണ് ഏറ്റവും നന്നായി വീഡിയോ കോച്ച് ബസ്സിലെ സിനിമ കണ്ടു തകർക്കാൻ പറ്റിയത്. മാത്രമല്ല, അതിലെ തമാശകൾ വരുമ്പോൾ ഞങ്ങൾ പിള്ളേർ ഒരുമിച്ചു ചിരിച്ചു. സ്റ്റണ്ട് സീൻ വന്നപ്പോ പരസ്പരം തമാശയായി തല്ലു പിടിച്ചു. ചെറിയ പാവാട ഒക്കെയിട്ടുള്ള അനുരാധയുടെ ഡാൻസ് വന്നപ്പോൾ ടീച്ചർമാർ കാണാതെ ഒളികണ്ണിട്ടു ടിവിയിൽ തന്നെ നോക്കിയിരുന്നു.
കുറച്ചു കാലം കൂടി കഴിഞ്ഞപ്പോ സിഡി വന്നു. അതോടെ വിസിപി ഒക്കെയിരുന്നിടത്തു ചെറിയ ഒരു പെട്ടിയായി. ബസ്സിന്റെ പുറകിലൊക്കെ സിഡി കോച്ച് എന്ന് എഴുതി വയ്ക്കാനും തുടങ്ങി. പിന്നെ പോകെ പോകെ എൽസിഡി ടിവി വന്നു . വലിയ പെട്ടിയിലിരുന്ന ടിവി പുറത്തിറങ്ങി ഭിത്തിയിൽ ആണിയിൽ തൂങ്ങിയിരിക്കാൻ തുടങ്ങി. ഡിടിഎസ്സ് സൗണ്ട് വരെയുള്ള ബസ്സുകൾ സാധാരണ കാഴ്ചയായി .
ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്കുള്ള പണ്ടത്തെ യാത്രകൾ അതിസാഹസികമായിരുന്നു. മിക്കപ്പോഴും അവസാന നിമിഷമായിരിക്കും ലീവ് കിട്ടുന്നത്. കല്ലടയുടെ ഒക്കെ ബസ്സിൽ കയറുമ്പോൾ ആദ്യം നോക്കുന്നത് ടിവി ഇല്ലേ എന്നാണ്. വണ്ടി യാത്ര തിരിക്കുന്ന സ്ഥലത്തു നിന്ന് തന്നെ കയറാനും ശ്രമിക്കും. അപ്പൊ സിനിമ ആദ്യം മുതലേ കാണാമല്ലോ. ഒരിക്കൽ ബോംബെയിൽ നിന്ന് പഴയ ജബ്ബാർ ട്രാവൽസിന്റെ വണ്ടിയിൽ ബാംഗ്ലൂർ വരേണ്ടി വന്നു. ടിവി വയ്ക്കുന്ന ബോക്സ് ഒക്കെ കണ്ടു സന്തോഷത്തോടെ ബസ്സിൽ കയറി. രാവിലെ എട്ടിന് അന്ധേരിയിലെ നിന്ന് വിടുന്ന വണ്ടി അടുത്ത ദിവസം രാവിലെ ഏഴിന് ബാംഗ്ലൂർ എത്തും. ബാഗ് ഒക്കെ മുകളിൽ വച്ച് സിനിമ കാണാൻ റെഡിയായി സീറ്റിൽ കയറിയിരുന്നു. സൈഡ് സീറ്റും കൂടിയാണ്. ലോണാവാല, ഖണ്ടാല, ചിത്രദുർഗ വഴിയൊക്കെയാണ് യാത്ര. ഇന്ന് ഞാൻ പൊളിക്കും എന്നൊക്കെ മനസ്സിലുറപ്പിച്ചു.
ടിവി വച്ചിരിക്കുന്ന ബോക്സിനു ഒരു ഗ്ലാസ് വാതിലുണ്ട്. അതിൽ ഒരു റോസാ പൂവിന്റെ പോസ്റ്റർ ഒട്ടിച്ചിട്ടുണ്ട്. വണ്ടി വിട്ടു , ലോണാവാല ഒക്കെ കഴിഞ്ഞു. ഇവന്മാർ എന്താ ഇതുവരെയായിട്ടും സിനിമയിടാത്തതെന്നു മനസ്സിലോർത്തു അങ്ങോട്ട് തന്നെ നോക്കിയിരിക്കുകയാണ്. അപ്പോഴതാ ഡ്രൈവറുടെ പിന്നിലുള്ള കർട്ടൻ നീക്കി ക്‌ളീനർ വരുന്നു. വന്നപാടെ അവൻ ആ ടിവി ബോക്സിന്റെ വാതിൽ തുറന്നു. അതിനകത്തു അതാ ഒരു എൽ ജി പെരുങ്കായത്തിന്റെ മുഷിഞ്ഞ സഞ്ചി. ആ സഞ്ചിയിൽ നിന്ന് അതിനേക്കാൾ മുഷിഞ്ഞ ഒരു ജാക്കറ്റുമെടുത്തു അവൻ വീണ്ടും കർട്ടനു പിന്നിൽ മറഞ്ഞു. ആ ബസ്സിൽ ടിവിയില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ അടുത്ത ദിവസം രാവിലെ വരെ സമയമെടുത്തു. രാത്രി മറ്റു യാത്രക്കാരൊക്കെ ഉറങ്ങുമ്പോൾ ഒരാൾ മാത്രം ഉറങ്ങാതെയിരിക്കുകയായിരുന്നു. മറ്റാരുമല്ല. ഈ ഞാൻ.
കേരളത്തിലേയ്ക്കുള്ള യാത്രയിൽ എപ്പോഴും കേരളാ ബസ്സുകൾ തന്നെ ബുക്ക് ചെയ്യുമായിരുന്നു. കാരണം അതിൽ മലയാളം സിനിമ മാത്രമേ ഇടാറുള്ളൂ. ഈ പരിപാടി ഒരു അനുഭവത്തിൽ നിന്ന് മനസ്സിലാക്കിയതാണ്. ഒരിക്കൽ കർണാടക ആർ ടി സിയുടെ ബസ്സിൽ ബുക്ക് ചെയ്തു . അതിൽ ടിവിയും സൗണ്ട് സിസ്റ്റവും ഒക്കെയുണ്ട്. പക്ഷെ ഇട്ട പടം മുഴുവൻ ഹിന്ദിയും തമിഴും ഒക്കെ. മടുത്തുപോയി. സ്ലീപ്പർ ബസ്സുകൾ ഉണ്ട്. അതിൽ ടിവി ഇല്ലാത്തതുകൊണ്ട് വല്യ താല്പര്യം കാണിക്കാത്ത യാത്രക്കാരെ വളയ്ക്കാനായി ഓരോ ബർത്തിലും ടിവിയുള്ള ബസ്സുകൾ ഇപ്പോഴുണ്ട്.
പണ്ടത്തെ ബസ്സിലൊക്കെ സിഡി പ്ലയെർ ആയിരുന്നു. അതിലുമുണ്ട് ട്രാജഡി. ചിലപ്പോ ഒരു സിനിമയുടെ ആദ്യ സി ഡി കഴിഞ്ഞു രണ്ടാമത്തേത് ഇടുമ്പോ അത് റീഡ് ആവില്ല. അങ്ങനെ ഒരു സസ്പെൻസ് സിനിമയുടെ ആദ്യ ഭാഗം കണ്ടിട്ട് നാട്ടിൽ പോയി അതിന്റെ ക്ലൈമാക്സ് ചോദിച്ചു മനസ്സിലാക്കേണ്ടി വന്ന ഒരു അനുഭവമുണ്ട്. ചില ബോറൻ മലയാളികൾ രാത്രിയായാൽ ചിലപ്പോൾ ക്‌ളീനറിനോട് പറഞ്ഞു സിനിമ നിർത്തിക്കുകയും ചെയ്യും. ഉറങ്ങണം എന്നൊക്കെ പറഞ്ഞിട്ട്. അതുകൊണ്ടു ഒരു ആറു – ഏഴു മണിക്ക് സ്റ്റാർട്ട് ചെയ്യുന്ന ബസ്സ് നോക്കി ബുക്ക് ചെയ്യാൻ തുടങ്ങി. അതാവുമ്പോ ഒരു സിനിമ എന്തായാലും കാണാൻ പറ്റും. തീയറ്ററിൽ പോയി കാണാൻ പറ്റാതിരുന്ന കുറെ സിനിമകൾ ഇങ്ങനെ ബസ്സ് യാത്രകളിൽ കാണാൻ പറ്റിയിട്ടുണ്ട്. ഡ്രൈവർ മോഹൻലാൽ ഫാൻ ആണെങ്കിൽ ലാലേട്ടന്റെ ചൂടൻ സിനിമകൾ കാണാൻ കിട്ടും. അപൂർവമായി സുരേഷ് ഗോപി ഫാനുകളും ഉണ്ട് അവരുടെയിടയിൽ. അങ്ങനെയൊരു ചേട്ടൻ ഒരു യാത്രയിൽ ഗോപിയേട്ടന്റെ കൂതറ ആക്ഷൻ പടമായ ബഡാ ദോസ്തും ബ്ലാക്ക് ക്യാറ്റും ഒക്കെ തുടർച്ചയായി ചാമ്പി വെറുപ്പിച്ചു പണ്ടാരമടക്കികളഞ്ഞതും ഓർമയുണ്ട്.
ഇതിലൊരു റിസ്കുമുണ്ട്. രണ്ടു ദിവസത്തെ ഗ്യാപ്പിൽ തിരികെയും അതേ ബസ് തന്നെ ബുക്ക് ചെയ്താൽ രണ്ടു ട്രിപ്പിലുമായി ഒരേ സിനിമയും കാണേണ്ടി വരും. ബസ്സായതുകൊണ്ടു ഇറങ്ങിയോടാനും പറ്റില്ല. അങ്ങനെ രാജുവേട്ടന്റെ ഉഗ്രൻ കോമഡി രംഗങ്ങൾ ഉള്ള താന്തോന്നിയും പാവാടയും ഈരണ്ടു തവണ കാണേണ്ടി വന്ന ഒരു ഹതഭാഗ്യനാണ് ഞാൻ.
ബസ്സിലെ സിനിമ കാണൽ ആസ്വദിക്കുന്ന ആളാണെങ്കിൽ തമിഴ്നാട് ബസ്സുകളിൽ യാത്ര ചെയ്യണം എന്നാണ് എനിക്ക് ഉപദേശിക്കാനുള്ളത്. നമ്മളെ പോലെയൊന്നുമല്ല തമിഴന്മാർ. അവിടത്തെ ലോക്കൽ ബസ്സുകളുണ്ട്. രണ്ടു ടിവി ഉള്ളത് ( പിന്നീട് അവർ അപകടം കൂടുതൽ ഉണ്ടാക്കാൻ തുടങ്ങിയപ്പോ ജയലളിത ഇടപെട്ടു അത് നിർത്തിച്ചു ) . അത്യുഗ്രൻ സൗണ്ട് സിസ്റ്റവും ഒക്കെ കാണും. ഉഗ്രൻ സിനിമയൊക്കെ ഇടുമെന്നു വിളിച്ചു പറഞ്ഞു കണ്ടക്ടർ അതിൽ ആളെ കയറ്റുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. സിനിമ ഇട്ടു കഴിഞ്ഞാൽ ബസ്സിൽ ബോംബ് പൊട്ടിയാൽ പോലും ആരുമറിയില്ല. മാത്രമോ,അവർക്കു രാത്രിയെന്നോ പകലെന്നോ ഒന്നുമില്ല.
ഇത് ആസ്വദിക്കാൻ വേണ്ടി മാത്രം ഞാൻ പണ്ട് നാട്ടിൽ നിന്ന് ഒരുപാടു തവണ ബ്രേക്ക് ജേണി എടുത്തിട്ടുണ്ട്. എറണാകുളത്തു നിന്ന് കോയമ്പത്തൂർ വരെ എ വൺ ബസ്സിൽ പോകും. അവിടുന്ന് SETC യുടെ പച്ച ബസ്സിൽ കയറും. അർദ്ധരാത്രി ഒക്കെ അതിൽ പടമിടും. അതും പണ്ടത്തെ രജനി ഹിറ്റുകൾ. വാല്യക്കാട്ടം കോളറുള്ള ഷർട്ടും ബെൽബോട്ടം ട്രൗസറും ഒക്കെയിട്ടുകൊണ്ടു രജനി കടുത്ത ഡയലോഗുകൾ വാരി വിതറുന്ന തട്ടുപൊളിപ്പൻ സിനിമകൾ. പഴയ വിജയകാന്ത്, രാമരാജൻ സിനിമകളും ഒക്കെ വരും. അതൊക്കെ നിങ്ങളുടെ ഭാഗ്യം പോലിരിക്കും. രാത്രി ഒരു മണിക്കും രണ്ടുമണിക്കുമൊക്കെ അത്തരം സിനിമയും കണ്ടുകൊണ്ടു ബസ് നിറഞ്ഞു നിൽക്കുന്ന തമിഴന്മാരോടൊപ്പം കയ്യടിച്ചും വിസിലടിച്ചുമൊക്കെ സേലത്തു വന്നിറങ്ങും. അവിടുന്നും കൃഷ്ണഗിരി വഴി ബാംഗ്ലൂർക്കു വരുന്ന ഇത്തരം വണ്ടികളിൽ കയറും. അതൊക്കെയൊരു കാലം. അങ്ങനെ ഒരിക്കൽ യാദൃശ്ചികമായി ഒരു സിനിമ കാണാൻ കഴിഞ്ഞു. പളനിയിൽ പോയിട്ട് രാത്രി ഒമ്പതുമണിക്ക് പളനി ബസ് സ്റ്റാൻഡിൽ നിന്ന് ബാംഗ്ലൂർ വരെ പോകുന്ന ഒരു ബസ്സിൽ. സാധാരണ വിജയ് – രജനി – കമൽ പടങ്ങൾ പ്രതീക്ഷിച്ചിരുന്ന നമ്മൾ മന്ദഗതിയിൽ തുടങ്ങുന്ന ഒരു ഇരുണ്ട സിനിമയാണ് കണ്ടത്. ആദ്യമൊക്കെ പ്രേക്ഷകർ അസ്വസ്ഥത പ്രകടിപ്പിച്ചെങ്കിലും പിന്നീട് ആ സിനിമ തീരുന്നതു വരെ ആരും ശ്വാസം പോലും വിടാതെ ആ ടിവിയിൽ നോക്കിയിരിക്കുകയായിരുന്നു. പിന്നീട് ഏറെ പ്രശസ്തമായ “സുബ്രഹ്മണ്യപുരം” ആയിരുന്നു ആ ചിത്രം. അങ്ങനൊരു നല്ല ഓർമയും ഇത്തരം യാത്രകളിൽ നിന്നുണ്ട്.
നിങ്ങൾക്കും ഇത്തരം ചെറിയ ഇഷ്ടങ്ങൾ ഒക്കെയുണ്ടോ എന്നറിയില്ല. പക്ഷെ ബസ്സിലെ സിനിമ കാണൽ അന്നും ഇന്നും ഇഷ്ടമുള്ള ഒരുപരിപാടിയാണ്. എവിടെയെങ്കിലും കൂടുതൽ ദൂരം ഡ്രൈവ് ചെയ്തു പോകുമ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ഈ സിനിമാ കാണലാണ് . കൂട്ടുകാരോടൊത്തു ടിക്കറ്റ് ബുക് ചെയ്യാൻ പോകുമ്പോൾ പണ്ട് ബസ്സിൽ ടിവി ഉണ്ടാകുമോ എന്ന് ചോദിച്ച ചരിത്രം വരെ എനിക്കുണ്ട്.