Uncategorized
ചോലയിലെ കാമവും പ്രണയവും ചോരയും

ചോലയിലെ കാമവും പ്രണയവും ചോരയും (May 1 ,2020)
Sanuj Suseelan
CAUTION : Spoilers ahead
കഴിഞ്ഞ ദിവസമാണ് ചോല എന്ന ഈ സിനിമ ആമസോൺ പ്രൈമിൽ കണ്ടത്. ഇത് തീയറ്ററുകളിൽ റിലീസായ സമയത്ത് സോഷ്യൽ മീഡിയ സിനിമാ ഗ്രൂപ്പുകളിൽ കണ്ട പോസ്റ്റുകൾ മിക്കതും രണ്ടു തരത്തിലുള്ളതായിരുന്നു. ഒന്ന് ഇതിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ബ്രില്യൻസിനെ വാഴ്ത്തിപ്പാടിക്കൊണ്ടുള്ള സ്ഥിരം കുറിപ്പുകൾ. അതോടൊപ്പം തന്നെ ശരിക്കും ഈ സിനിമയിൽ സംവിധായകൻ എന്താണ് പറയുന്നത് എന്ന് ചോദിച്ചുള്ള സംശയ നിവാരണ പോസ്റ്റുകളും ഒരുപാട് കണ്ടിരുന്നു. ചിത്രത്തിൻ്റെ ടൈറ്റിൽ തന്നെ നോക്കൂ . ചോലയാണോ ചോരയാണോ സിനിമയുടെ പേരെന്ന് തോന്നുന്ന ആശയക്കുഴപ്പം സത്യത്തിൽ ഈ സിനിമയിലുടനീളമുണ്ട്. പണ്ടത്തെ ആർട്ട് ഹൌസ് ചിത്രങ്ങളുടെ ദൃശ്യഭാഷ പിന്തുടരുന്ന, ഇടയ്ക്കു മാത്രം ജീവൻ വയ്ക്കുന്ന, അഭിനേതാക്കളുടെ സംഭാഷണങ്ങൾ സബ് ടൈറ്റിൽ ഉണ്ടെങ്കിൽ മാത്രം മനസ്സിലാവുന്ന രീതിയിലാണ് ചിത്രത്തിൻ്റെ പരിചരണം. ഇതിനിടയിൽ കൂടി കഥ മനസ്സിലാക്കിയെടുക്കുക എന്നത് അല്പസ്വല്പം മനസികാദ്ധ്വാനം വേണ്ടി വരുന്ന പണിയാണ്. ഈ പറഞ്ഞ ആശയക്കുഴപ്പം സത്യത്തിൽ മേൽപ്പറഞ്ഞ ചെറിയ സംഗതികളിൽ മാത്രമൊതുങ്ങുന്നുമില്ല താനും. അതിലേയ്ക്ക് കടക്കുന്നതിനു മുമ്പ് ഈ സിനിമയുടെ കഥ ( എനിക്ക് മനസ്സിലായ കഥ ) എന്താണെന്ന് പറയാം.
ഇതാണ് സിനിമയിലെ കഥ :
ഒരു മലയോര ഗ്രാമത്തിലെ മഞ്ഞു മൂടി നിൽക്കുന്ന പ്രഭാതത്തിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. മലയിറമ്പിലെ റോഡിൽ പാർക്ക് ചെയ്തിരിക്കുന്ന ഒരു പഴഞ്ചൻ ജീപ്പ്. അതിനു സമീപം ജീപ്പ് മുതലാളിയും അയാളുടെ ശിങ്കിടി ഒരു എലുമ്പൻ പയ്യനും ആരെയോ പ്രതീക്ഷിച്ചു നിൽക്കുകയാണ്. അൽപ സമയത്തിനുള്ളിൽ അവർ കാത്തുനിന്നയാൾ അവിടെത്തി. ജാനു എന്ന ജാനകി. സ്കൂൾ കുട്ടിയായ അവളുടെ കാമുകനാണ് അവൻ. സിറ്റിയിൽ ഒരു പകൽ മുഴുവൻ കറങ്ങിയിട്ടു വൈകിട്ടത്തെ ബസ്സിൽ തിരിച്ചു പോകാമെന്ന് അവൻ പറഞ്ഞ പ്ലാൻ വിശ്വസിച്ചാണ് ജാനു വന്നിരിക്കുന്നത്. ബോസ്സ് എന്നവൻ വിളിക്കുന്ന മറ്റെയാളെ കണ്ടവൾ മടിക്കുന്നുവെങ്കിലും അവൻ്റെ നിർബന്ധം കാരണം ഒടുവിൽ അവൾ ജീപ്പിൽ കയറുന്നു. നഗരത്തിൽ കാഴ്ചകൾ കണ്ടു നടക്കുന്നതിനിടയിൽ ഒരു ഫോൺ കോൾ അവനെ തേടിയെത്തി. ജാനു അവനോടൊപ്പം നാടുവിട്ടു എന്ന് ഗ്രാമത്തിൽ മുഴുവൻ വാർത്ത പരന്നിട്ടുണ്ടെന്നും അവളുടെ വീട്ടുകാർ അരിശം മൂത്ത് നിൽക്കുകയാണെന്നുമായിരുന്നു അവൻ്റെ സുഹൃത്ത് അവനോടു വിളിച്ചു പറഞ്ഞത്. അവൻ പരിഭ്രാന്തനാവുന്നു. ഇത് മണത്തറിഞ്ഞ ജാനു തിരികെ വീട്ടിൽ പോകണമെന്ന് ബഹളം വയ്ക്കാനും തുടങ്ങി.
കുറച്ചുനേരത്തിനുള്ളിൽ തന്നെ അവർ നാട്ടിലേക്കു തിരിക്കുന്നു. എന്നാൽ ജാനുവിൻ്റെ പെരുമാറ്റത്തിൽ ഇപ്പോൾ ഒരു മാറ്റം പ്രകടമാണ്. തന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന അവനെ അവൾ തള്ളി മാറ്റുന്നു. ജീപ്പിൽ നിന്നിറങ്ങിയോടിയ അവളും അവനും തമ്മിൽ പിടിവലിയായി. എന്നാൽ അവരെ രണ്ടിനെയും വലിച്ചെടുത്ത് ജീപ്പിലിട്ടു ബോസ്സ് ആ വണ്ടി ഒരു കാട്ടിലേക്കോടിക്കുന്നു. ഉൾക്കാട്ടിലെ ഒരിടത്ത് ആ യാത്ര അവസാനിച്ചു. അവനെ പൂർണമായും അവഗണിച്ച് ജാനു ബോസ്സിനോടൊപ്പം കുറച്ചപ്പുറത്തുള്ള ഒരു ചോലയിലേക്കു നീങ്ങുന്നു. അവളെ അയാൾ വെള്ളത്തിലേക്ക് വലിച്ചിടുന്നു. ചോലയിൽ നീന്തിയും തുടിച്ചും സമയം കടന്നു പോകുന്നു. എന്നാൽ അതിനിടെ ജീപ്പിൽ നിന്ന് കിട്ടിയ ഒരു കത്തിയുമായി അവൻ തിരികെ വന്നു . ചോലയുടെ അരികിൽ മയങ്ങിക്കിടക്കുന്ന ജാനു അറിയാതെ ബോസ്സിനെ അവൻ കൊലപ്പെടുത്തുന്നു. ഉറക്കമുണർന്ന ജാനുവിനോട് അവൻ അത് പറയുമ്പോൾ അവൾ ഞെട്ടിത്തരിക്കുകയാണ്. ചോലയിൽ മരിച്ചു പൊങ്ങി കിടക്കുന്ന അയാളെ കണ്ടവൾ പൊട്ടിക്കരയുന്ന. ഇനി ഒന്നും പേടിക്കാനില്ലെന്നും തിരികെ പോകാമെന്നും നാട്ടിലെത്തിയാൽ ഞാൻ നിന്നെ കല്യാണം കഴിക്കാമെന്നുമുള്ള അവൻ്റെ വാഗ്ദാനങ്ങൾക്ക് അവൾ മറുപടിയൊന്നും നൽകിയില്ല. പതിയെ അവനെ തന്നിലേക്കടുപ്പിച്ച അവൾ പുഴയിൽ നിന്നൊരു വലിയ പാറക്കഷണമെടുത്ത് അവൻ്റെ തലയിൽ തുടർച്ചയായി ഇടിച്ചു വീഴ്ത്തുന്നു. പൊട്ടിയ തലയിൽ നിന്ന് ചോര വീണു ചോല കുതിരുമ്പോൾ ചിത്രം അവസാനിക്കുന്നു.
സംവിധായകൻ ഉദ്ദേശിച്ചത് :
പ്രശസ്തമായ വെനീസ് ഫിലിം ഫെസ്റ്റിവൽ വെബ്സൈറ്റിൽ ഈ ചിത്രത്തെക്കുറിച്ചു സംവിധായകൻ്റെതായി ചേർത്തിരിക്കുന്ന വ്യാഖ്യാനമാണിത് : – “Chola attempts to investigate the entitlement of a man’s psyche on a woman, and a woman’s beliefs about men, in the aforementioned culture. The men in Chola try to dominate the girl, Janaki, either by offering a pure love, or by conquering her physically and psychologically by sexual aggression. Yet she, who believes that men are her protectors, disciplines herself to stay obedient to dominating males. I hope these characters will give rise to a number of questions about gender dynamics in practice. As a man, I understand there are limits and biases to my understanding of the female experience, and I invite the discussion I hope this film brings.”
സിനിമയിൽ വന്നതോ :
കാലാകാലങ്ങളായി പറയപ്പെടുന്നത് പോലെ ആണിന് ഒരു പെണ്ണിനോട് തോന്നുന്ന വികാരം മാംസനിബദ്ധമാണെന്നും അതേ സമയം പെണ്ണാഗ്രഹിക്കുന്നത് കാമത്തെക്കാളുപരി സംരക്ഷണമാണ് എന്നാണ് സംവിധായകൻ ശരിക്കും ഉദ്ദേശിച്ചതെന്ന് മുകളിലത്തെ വാചകങ്ങൾ വായിച്ചപ്പോൾ തോന്നാതിരുന്നില്ല . ഇതിലെ മൂന്ന് കഥാപാത്രങ്ങളിൽ ബോസ്സാണ് ഏറ്റവും ശക്തിമാൻ. ബോസ്സിന് മുന്നിലും അവൾക്കു മുന്നിലും ദൗർബല്യം പ്രകടിപ്പിക്കുന്നയാളാണ് അവളുടെ കാമുകൻ. സ്വന്തം കാമുകിയെ ബലാത്സംഗം ചെയ്ത ആളായിട്ടു പോലും അവൻ അയാളുടെ കാലിൽ പിടിച്ചു കരയുകയാണ്. അയാൾ പറയുന്നതൊക്കെ അനുസരിക്കുകയാണ്. ഈ സാഹചര്യത്തിൽ ദുർബലനായ സ്വന്തം കാമുകനുമായി തട്ടിച്ചു നോക്കുമ്പോൾ ബോസ്സിനെ അവൾ ഒരു സംരക്ഷകനായി കാണുന്നു എന്ന് തന്നെ വയ്ക്കുക. എന്നാൽ ആ ആരാധന കൊണ്ടുള്ള ഒരു കീഴടങ്ങലല്ല ആ ലോഡ്ജ് മുറിയിൽ നടക്കുന്നത്. പലരും പറഞ്ഞത് പോലെ സ്റ്റോക്ക്ഹോം സിൻഡ്രോം അല്ലിത്. ഭയന്ന് വിറച്ച അവസ്ഥയിൽ പകുതി മോഹാലസ്യപ്പെട്ട അവളെ ബോസ്സ് കീഴടക്കുകയാണ്. ഒരു ചൈൽഡ് റേപ്പിൽ കുറഞ്ഞൊന്നുമല്ലാത്ത ഒരു സംഗതി. എന്നാൽ അവളോ ? അവിടം തൊട്ട് അവൾ അടിമുടി മാറുന്നതായാണ് സിനിമ കാണിച്ചു തരുന്നത്. ബലാത്സംഗത്തിൽ ഇര കടന്നു പോകുന്ന മാനസിക സംഘർഷങ്ങളെപ്പറ്റി സംവിധായകന് ഒരു ധാരണയും ഉണ്ടായിരിക്കാൻ സാദ്ധ്യതയില്ല. ശാരീരികമായും മാനസികമായും ഇരയെ അടിമുടി തകർത്തു കളയുന്ന ഒരു ആക്രമണമാണ് ബലാത്സംഗം. ഏതോ ഒരു നിമിഷത്തിൽ ഇരയും അത് ആസ്വദിക്കുന്നുണ്ട് എന്നുള്ള വിചിത്രമായ ഒരു പഠനമുണ്ടല്ലോ. അത് സത്യമാണെന്നംഗീകരിച്ചാൽ മാത്രമേ ജാനുവിൽ വന്ന മാറ്റം നമുക്കും ഉൾക്കൊള്ളാൻ കഴിയൂ.
ക്ലൈമാക്സിലെ പ്ളേറ്റ് മറിക്കൽ :
ക്ളൈമാക്സിലാണ് ഏറ്റവും വലിയ തമാശ. കാട്ടിനുള്ളിലെത്തിയതിന് ശേഷവും അവനെ തള്ളിമാറ്റിയിട്ട് ജാനു ബോസ്സിനോപ്പം കാടു കയറുകയാണ്. അന്ന് പകൽ മാത്രം ആദ്യമായി കാണുന്ന ഒരാളെ വിശ്വസിച്ചാണ് അനുസരണയോടെ അവൾ ചോലയിലേക്കു പോകുന്നത്. കുതറി മാറാനോ അവിടെ നിന്നോടി രക്ഷപ്പെടാനോ ഒന്നും അവൾ ശ്രമിക്കുന്നുമില്ല. അയാളുടെ മരണത്തെക്കുറിച്ച് അവളുടെ കാമുകൻ പറയുന്നത് ഞെട്ടലോടെയാണ് ജാനു കേൾക്കുന്നത്. വിശ്വാസം വരാതെ പുഴയിൽ പൊന്തിക്കിടക്കുന്ന അയാളുടെ മൃതശരീരം പോയി നോക്കി അവൾ ഉറപ്പു വരുത്തുന്നുമുണ്ട്. എന്നാൽ തിരികെ വന്ന അവൾ കല്ലെടുത്ത് തലയിൽ തുരുതുരെ ഇടിച്ച് സ്വന്തം കാമുകനെ കൊലപ്പെടുത്തുന്നതിൻ്റെ കാരണമാണ് എനിക്ക് മനസ്സിലാവാത്തത്. സ്വന്തം ശരീരത്തിന് മേൽ ബലമായി ആധിപത്യം സ്ഥാപിച്ച ഒരാളുടെ നഷ്ടം അവൾക്ക് താങ്ങാനാവുന്നില്ല എന്നല്ലേ ? അല്ലെങ്കിൽ ആ കൊലയ്ക്ക് പ്രതികാരം ചെയ്യേണ്ട ആവശ്യം അവൾക്കില്ലല്ലോ ? അതായത് കുറച്ചു മണിക്കൂറുകൾക്ക് മുമ്പ് ആ ലോഡ്ജ് മുറിയിൽ നടന്ന ബലാൽസംഗത്തിന് ശേഷം സ്വന്തം ശരീരത്തിൻ്റെ ഉടമസ്ഥനായി അയാളെ അവൾ കണ്ടു തുടങ്ങി എന്ന് വേണം അനുമാനിക്കാൻ. സത്യത്തിൽ ആരാണ് ജാനു ?
മുകളിൽ പറഞ്ഞ അവകാശവാദങ്ങൾ എന്തായാലും സ്വന്തം ശരീരത്തിൽ ആദ്യമായി കൈ വയ്ക്കുകയും പുരുഷനെന്ന നിലയിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്ത ഒരാളോട് പ്രണയം തോന്നുന്ന വിചിത്രമായ മനോവ്യാപാരങ്ങളുള്ള ഒരു പെണ്ണാണ് ജാനു എന്നാണ് ഈ സിനിമ സ്ഥാപിക്കുന്നത്. ആ ലോഡ്ജ് മുറി വിട്ടു പുറത്തിറങ്ങിയിട്ടും രക്ഷപെടാൻ അവൾ ശ്രമിക്കുന്നില്ല. കാമുകനെ ദേഹത്ത് തൊടാൻ പോലും സമ്മതിക്കാതെ തള്ളി മാറ്റുന്ന, അവൻ തൊടാൻ വരുമ്പോൾ അലറിക്കരയുന്ന അവൾ ബോസ്സ് പറയുന്നതെല്ലാം ഒന്നും മിണ്ടാതെ അംഗീകരിക്കുന്നു .അയാൾ അവളോട് ചെയ്തതെല്ലാം അറിഞ്ഞിട്ടു പോലും അവളെ സ്വീകരിക്കാനും വിവാഹം കഴിക്കാനും അവൻ തയ്യാറാണ്. എന്നാൽ ബോസ്സിൽ തെളിഞ്ഞു നിൽക്കുന്ന അധികാര സ്വഭാവത്തെയാണ് ജാനു അവൻ്റെ സ്നേഹത്തേക്കാൾ വിലകൊടുത്ത് കാണുന്നത്. അതുകൊണ്ടാവണം അവൾ അയാൾക്ക് വീണ്ടും വഴങ്ങുകയും അയാളെ കൊന്നവനെ കൊലപ്പെടുത്തുകയും ചെയ്യുന്നത്. ഒരു വാദത്തിനു വേണ്ടി എല്ലാം സമ്മതിച്ചു തന്നാൽ പോലും ഒറ്റപ്പകൽ മാത്രം പരിചയമുള്ള ഒരാണ് ശക്തിയുപയോഗിച്ച് അവളെ കീഴടക്കിക്കഴിയുമ്പോൾ അയാളോട് മുമ്പ് തോന്നിയ വെറുപ്പ് ഒരു`തരം പ്രണയമായി മാറുന്നു എന്നത് ഒരുതരം ക്ളീഷേ മസാല ഫോർമുലയാണ്.
ഹിറ്റ്ലർ മുതൽ ഇഷ്ക് വരെ :
ചോല കണ്ടു തീർന്നപ്പോൾ മനസ്സിലേക്ക് ഓടിവന്ന ഒരുപിടി സിനിമകളുണ്ട്. അതിലാദ്യത്തേതാണ് ഹിറ്റ്ലർ. വസ്ത്രം മാറുന്ന സ്വന്തം ശിഷ്യയോട് ഒരു നിമിഷം തോന്നിയ വികാരാധിക്യത്തിൽ ബന്ധപ്പെടുന്ന മദ്ധ്യവയസ്കനായ കോളജ് പ്രൊഫസർ അവളെ ബലാൽസംഗം ചെയ്യുകയായിരുന്നു എന്നല്ല ആ സിനിമ പറയുന്നത്. മറിച്ച് അവളും അത് ആസ്വദിക്കുകയായിരുന്നു, വഴങ്ങിക്കൊടുക്കുകയായിരുന്നു എന്നാണ്. മദ്യത്തിൻ്റെ ലഹരിയിലാണ് ഞാനത് ചെയ്തതെന്നും അവൾ ഒരു നിമിഷം ഒച്ചവെച്ചിരുന്നെങ്കിലോ ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിലോ ഞാനുണർന്നേനെ മാധവൻകുട്ടീ എന്നും ആ പ്രൊഫസ്സർ ന്യായീകരിക്കുന്നുമുണ്ട്. സ്വന്തം സഹോദരിമാരെ ഒരു ഉറുമ്പു പോലും കടിക്കാത്ത “സംരക്ഷിക്കുന്ന” ഒരാളുടെ സഹോദരിയാണത് എന്നുമോർക്കണം. ഇളവരശി അവതരിപ്പിച്ച സീത എന്ന കഥാപാത്രത്തിന്റെ മനസികവ്യാപാരങ്ങൾ എന്തായിരുന്നു എന്ന് എനിക്ക് അന്നും ഇന്നും പിടികിട്ടിയിട്ടില്ല. ചോലയിലെ യുക്തി വച്ചാണെങ്കിൽ അയാളുടെ ഒരു സ്പർശനത്തിൽ അവൾ അലിഞ്ഞു പോയി എന്ന് വിശ്വസിക്കേണ്ടി വരും. ആ അർത്ഥത്തിൽ ചോലയുടെ അപ്പാപ്പനായി വരും ഹിറ്റ്ലർ.
തൊട്ടടുത്ത വർഷമിറങ്ങിയ മറ്റൊരു ചിത്രമാണ് “നീ വരുവോളം”. ചേച്ചിക്ക് ഒരു ടെസ്റ്റെഴുതാൻ വേണ്ടി നഗരത്തിലെത്തുന്ന ഹരിയെ പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന അവിടെയെത്തിയ രണ്ടുപേർ ഭീഷണിപ്പെടുത്തി ഒരു മുറിയിലടക്കുന്നു. എന്നിട്ടവർ അവൻ്റെ സഹോദരിയെ ബലാത്സംഗം ചെയ്യുകയാണ്. അത് തടയാൻ ഹരിക്കു കഴിയുന്നില്ല. എന്നാൽ ഇതിലെ നായിക ഈ സംഭവത്തോടെ തകർന്നു പോവുകയാണ്. താൻ ഗർഭിണിയാണെന്നറിഞ്ഞ അവൾ ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നു. കടുത്ത മാനസിക സംഘർഷത്തെത്തുടർന്ന് സ്വന്തം ജ്യേഷ്ഠനെ പോലെ അവൻ കാണുന്ന മാധവൻ നായർ മാഷിനോട് അന്ന് നടന്നതൊക്കെ തുറന്നു പറയുമ്പോൾ അദ്ദേഹം അവനോടു തിരിച്ചു ചോദിക്കുന്നത് കൊന്നുകളയാമായിരുന്നില്ലേടാ അവരെയെന്നാണ്. പ്രതികാരദാഹിയായ അവൻ അവരെ പിന്തുടർന്ന് കൊല്ലുന്നുമുണ്ട്.
സ്റ്റോക്ക്ഹോം സിൻഡ്രോം ആണെന്ന മട്ടിൽ ചോലയെ വ്യാഖ്യാനിച്ചവരുണ്ട്. കേവലം ചില മണിക്കൂറുകൾക്കുള്ളിൽ നടക്കുന്ന ബലാത്സംഗം പോലുള്ള ആക്രമണം കൊണ്ടുണ്ടാവുന്ന ഒരു വികാരമല്ല അത് എന്നാണ് എൻ്റെയറിവ്. ഇംതിയാസ് അലി സംവിധാനം ചെയ്ത ഹൈവേ എന്ന ചിത്രം ഓർമയില്ലേ ? തന്നെ തട്ടിക്കൊണ്ടു പോകുന്ന മഹാബീറിനെ അവൾ പ്രണയിച്ചു തുടങ്ങുന്നത്. അയാളെ വിവാഹം കഴിക്കാനും അയാളുടെ കുട്ടികളുടെ അമ്മയാവാനുമൊക്കെ ആ യാത്ര കഴിയുമ്പോൾ അവൾ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ ചേലയിൽ അങ്ങനെ ഓർഗാനിക് ആയി വളർന്നു വരുന്ന ഒരു പ്രണയമല്ല ഉള്ളത്. പ്രതിസന്ധി ഘട്ടത്തിൽ കത്തിമുനയിൽ നിൽക്കുമ്പോൾ ഒരു തരി ചെറുത്തു നിൽപ് പോലും നടത്താത്ത മറ്റൊരു കാമുകൻ്റെ കഥ മലയാളത്തിൽ വന്നിട്ട് അധിക നാളായിട്ടില്ല. ഷെയിൻ നിഗം നായകനായ ഇഷ്ക്ക്. സത്യം പറഞ്ഞാൽ ആ സിനിമ ഞെട്ടിച്ചത് അതിലെ ക്ലൈമാക്സ് കൊണ്ടാണ്. സാധാരണ കച്ചവട ചിത്രങ്ങളിൽ ഗദ്ഗദത്തോടെ നായകൻ നടത്തുന്ന വികാരപ്രകടനങ്ങളിൽ അലിഞ്ഞു പോകുന്ന ഒരു നായികയല്ല അതിലേത്. ഇഷ്ക് അവതരിപ്പിക്കുന്ന നായികയുടെ തിളക്കം അവിടെയാണുള്ളത്.
ഒരാൾപ്പൊക്കത്തിൽ നിന്ന് ചോലയിലേയ്ക്ക് :
സനൽ കുമാർ ശശിധരൻ്റെതായി മുമ്പ് കണ്ടിട്ടുള്ള സിനിമകൾ ഒരാൾപ്പൊക്കവും ഒഴിവു ദിവസത്തെ കളിയുമാണ്. വിചിത്രമായ മനുഷ്യ ബന്ധങ്ങളുടെ കഥ റിയലിസ്റ്റിക് ആയി പറയുന്ന ഒരാൾപ്പൊക്കവും അതിനേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന ഒഴിവു ദിവസത്തെ കളിയും നന്നായി ഇഷ്ടപ്പെട്ട സിനിമകളാണ്. എന്നാൽ സെക്സി ദുർഗ എന്ന സിനിമ കാണാൻ തോന്നിയില്ല. ആ ചിത്രത്തെക്കുറിച്ചുണ്ടായ വിവാദങ്ങളിൽ അദ്ദേഹമെടുത്ത നിലപാടാണ് സത്യത്തിൽ ആ സിനിമ കാണണ്ട എന്ന് തീരുമാനിക്കാൻ കാരണം. ഒരു പക്ഷേ അവിടം മുതലാണ് കച്ചവട സിനിമകൾ ഉപയോഗിക്കുന്ന ഗിമ്മിക്കുകൾ അദ്ദേഹവും കാണിക്കാൻ തുടങ്ങിയത് എന്ന് തോന്നുന്നു. സെക്സി ദുർഗയിലെ പ്രധാന കഥാപാത്രങ്ങൾ രണ്ടുപേരാണ്. ഒന്ന് ദുർഗ എന്ന് പേരുള്ള ഒരു ഉത്തരേന്ത്യൻ പെൺകുട്ടി. മറ്റേത് സാക്ഷാൽ ദുർഗാ ദേവിയും ( ഭദ്ര കാളിയ്ക്ക് ഗരുഡൻ തൂക്കം നടത്തുന്ന മറ്റൊരിടമാണ് കഥയിലെ പാരലൽ ത്രെഡ് നടക്കുന്നത് ).
ഈ ചിത്രത്തിന് സെക്സി ദുർഗ എന്ന് പേരിട്ടത് വിവാദമായപ്പോൾ പുള്ളി എന്താണ് പറഞ്ഞതെന്ന് അറിയാമല്ലോ. വളരെ “നിഷ്കളങ്കമായി” താനിട്ട പേര് ഇന്ത്യയിലെ ഫാസിസ്റ്റ് ശക്തികൾ വളച്ചൊടിച്ച് വിവാദമുണ്ടാക്കുന്നേ എന്നദ്ദേഹം വേവലാതിപ്പെട്ടു. എന്നാൽ ഇതിലെ കച്ചവടതന്ത്രം ഏതൊരു കൊച്ചു കുഞ്ഞിനും മനസ്സിലാകുന്ന വിധം ലളിതവും ഋജുവും ആയിരുന്നു എന്നത് എല്ലാവരും കണ്ടില്ലെന്നു നടിച്ചു. ഇതുവരെ ഇറങ്ങിയ സിനിമകൾ വച്ച് നോക്കുമ്പോൾ സനൽ കുമാർ ശശിധരന്റെ ആദ്യ കമേഴ്സ്യൽ റിലീസാണ് ചോല എന്നാണ് പലയിടത്തും വിശേഷിപ്പിച്ചു കണ്ടത്. സിമ്പിൾ ആയി പറഞ്ഞാൽ റേപ്പിനെ മഹത്വവൽക്കരിക്കുകയാണ് ഈ ചിത്രം ചെയ്യുന്നത്. ആ യാത്രയുടെ ഇടയിലോ അവസാനമോ അവർക്കിടയിൽ ഒരു ബന്ധം വളർന്നു വന്ന് അവൾ അയാൾക്ക് സ്വയം സമർപ്പിക്കുന്നതായിട്ടാണ് കാണിക്കുന്നതെങ്കിൽ പോലും ഇപ്പോളുള്ളതിനേക്കാൾ മികച്ചൊരു സിനിമയായി അത് മാറിയേനെ.
1,659 total views, 3 views today