മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
30 SHARES
360 VIEWS

Sanuj Suseelan

സിനിമകളെ ഡീഗ്രേഡ് ചെയ്യുന്ന രീതിയിൽ അവയ്ക്ക് ഒന്നും ഒന്നരയും സ്റ്റാർ റേറ്റിംഗ് കൊടുക്കുന്ന നിരൂപകരെ തെരഞ്ഞുപിടിച്ചു കൊല്ലുന്ന ഒരു സൈക്കോപ്പാത് കില്ലറുടെ കഥയാണ് “Chup: Revenge of the Artist” എന്ന ഈ സിനിമയുടെ പ്രമേയം. എന്നാൽ പരസ്യങ്ങളിലും ട്രെയ്‌ലറിലുമൊക്കെ കാണുമ്പോൾ തോന്നുന്നത് പോലെ ഇതൊരു എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലറൊന്നുമല്ല. ഒരുവിധം എല്ലാവർക്കും ഊഹിക്കാനാവുന്ന മോട്ടീവും ഭൂതകാലവും തന്നെയാണ് ഇതിലെ കൊലയാളിയുടേത്. വലിയ സസ്പെൻസ് ഒന്നുമില്ലാതെ ഇടവേള ആവുമ്പോളേക്കും അയാളെ വെളിപ്പെടുത്തുന്നുമുണ്ട്. വിജയിച്ചവരുടെ പേര് മാത്രം വെള്ളിവെളിച്ചത്തിൽ നിൽക്കുന്ന ചലച്ചിത്രം പോലൊരു കലയിൽ ഇരുട്ടത്ത് നിൽക്കുന്ന, അല്ലെങ്കിൽ നിൽക്കേണ്ടിവന്ന നിർഭാഗ്യവാന്മാരായ കലാകാരന്മാരുടെ ജീവിതത്തിലേക്കാണ് പ്രധാനമായും ഈ സിനിമ ക്യാമറ തിരിക്കുന്നത്. അതോടൊപ്പം തന്നെ മനസ്സ് മടുപ്പിക്കുന്ന ചില രംഗങ്ങളും ഈ ചിത്രത്തിലുണ്ട്. A സെർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്റേത് എന്നത് ശരി തന്നെ. എന്നാലും മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്.പ്രത്യേകിച്ച് കോവിഡാനന്തര വിഹ്വലതകൾ മനുഷ്യരുടെയിടയിൽ ഇപ്പോളും വിട്ടൊഴിയാതെ നിൽക്കുമ്പോൾ.

R Balki
R Balki

പ്രശസ്ത സംവിധായകനും അഭിനേതാവുമായിരുന്ന ഗുരു ദത്തിന്റെ ജീവിതവും കാഗസ് കെ ഫൂൽ എന്ന അദ്ദേഹത്തിന്റെ അവസാന ചിത്രത്തിന് സംഭവിച്ച ദുരന്തം ദത്തിനെ വിഷാദത്തിലേക്കും പിന്നീട് മരണത്തിലേക്ക് തള്ളിവിട്ടതിന്റെയും വിഷമിപ്പിക്കുന്ന കഥകളുടെ സ്വാധീനം ചിത്രത്തിലുടനീളമുണ്ട്. പ്രണയം, വിഷാദം, നിരാശ തുടങ്ങി പല പല വികാരങ്ങളും അതിമനോഹരമായി ഇഴ ചേർന്ന് കിടക്കുന്ന മട്ടിലാണ് ബാൽകി ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. തീർച്ചയായും അത് തന്നെയാണ് സിനിമയുടെ ആകർഷണവും. പ്രവചനാത്മകമായ, ഒരു പരിധി വരെ ക്ലിഷേ ആയ കഥയെ രക്ഷിച്ചു നിർത്തുന്നത് അദ്ദേഹത്തിന്റെ ട്രേഡ്മാർക്ക് ടൂളുകളിലൂടെയുള്ള കഥപറച്ചിലും രസകരമായ സംഭാഷണങ്ങളും മനോഹരമായ പ്രണയരംഗങ്ങളുമാണ്. ബാൽക്കിയോടൊപ്പം ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ദേശീയ അവാർഡ് ജേതാവായ രാജ സെൻ, ഋഷി വിർമാനി എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ശ്രേയ ധന്വന്തരി എന്നിവരുടെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ മറ്റൊരാകർഷണം. രാജ്‌കുമാർ റാവു, ആയുഷ്മാൻ ഖുറാന എന്നിവർ ചെയ്യുന്ന റോളുകൾ ദുൽഖറിനും ഇണങ്ങും എന്ന് ഈ സിനിമ കാണുമ്പോൾ തോന്നാതിരിക്കില്ല. കൂതറ തമിഴ് തെലുങ്ക് സിനിമയ്ക്കൊപ്പം ഇതുപോലുള്ള ചിത്രങ്ങളും ദുൽഖർ ചെയ്യുന്നു എന്നത് അഭിനന്ദനീയമാണ്. മറ്റു പ്രധാന വേഷങ്ങൾ ചെയ്ത ശരണ്യ പൊൻവണ്ണൻ, സണ്ണി ഡിയോൾ, പൂജ ഭട്ട് എന്നിവരെക്കൂടാതെ സാക്ഷാൽ അമിതാഭ് ബച്ചനും ഒരു സീനിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

അലസമായി സിനിമാ റിവ്യൂസ് പടച്ചുവിടുന്നവരെ സരസമായും എന്നാൽ മൂർച്ചയോടെയും അഡ്ഡ്രസ്സ്‌ ചെയ്യുന്നുമുണ്ട് ഈ സിനിമ. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഡയലോഗുകളിലൂടെ അവർക്കൊക്കെ നല്ല ഒരു കൊട്ട് കൊടുക്കാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഉത്തരവാദിത്വമില്ലാതെ എഴുതി വിടുന്ന സിനിമാ നിരൂപണങ്ങൾ സിനിമ മാത്രം ശ്വസിക്കുകയും ആഹാരമാക്കുകയും ചെയ്യുന്ന ഒരു കലാകാരനെ അടിമുടി തകർത്തുകളയുമെന്ന വാദം ഉയർത്തി പരാജയമാവുന്ന എല്ലാ സിനിമയ്ക്കും പുറകിൽ ഇത്തരമൊരു ക്രിട്ടിക്ക് ഉണ്ടെന്ന പൊതുവൽക്കരണവും ഒരു സൈഡിൽ കൂടി വച്ച് താങ്ങാൻ ബാൽകി ശ്രമിക്കുന്നുണ്ട്. സത്യത്തിൽ ഇതൊരു വിവാദ വിഷയമാണ്. സിനിമ റിവ്യൂവേഴ്സ് ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ഒരു ആക്ഷേപം “എന്നാൽ പിന്നെ നീ എല്ലാം തികഞ്ഞ ഒരു സിനിമാ എടുത്തു കാണിക്കൂ” എന്നതായിരിക്കും. അതിനുള്ള മറുപടിയായി അവരിൽ പലരും “ബിരിയാണിയെ കുറ്റം പറയാൻ ബിരിയാണി വച്ച് കാണിക്കേണ്ട കാര്യമുണ്ടോ ? ” എന്ന ചോദ്യവും ചോദിച്ചിട്ടുണ്ടാവും. കണ്ട സിനിമകളെക്കുറിച്ച് ഞാൻ എഴുതാറുള്ളത് ആ സിനിമയെക്കുറിച്ചുള്ള ഒരു ആസ്വാദകന്റെ നിരീക്ഷണം എന്ന നിലയ്ക്കാണ്. അല്ലാതെ ഒരു മൂവി ക്രിട്ടിക്ക് എന്ന നിലയ്ക്കല്ല. അതിനുള്ള സിനിമാ ജ്ഞാനമൊന്നും എനിക്കില്ല. വളരെയധികം ഗൗരവമുള്ള, സൂക്ഷ്മതയോടെ ചെയ്യേണ്ട ഒരു പണിയാണ് ഒരു നിരൂപകന്റേത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. സംവിധായകൻ മാത്രമാണ് മോശം സിനിമയുടെ ഒരേയൊരു ഉത്തരവാദി എന്നുള്ള മുൻവിധി പലപ്പോളും ശരിയാവണമെന്നില്ല. ഒരു സിനിമയെ വിമർശിക്കുമ്പോൾ ആ സിനിമയെക്കുറിച്ച് മാത്രമായി അത് ചുരുക്കുന്നതാണ് നല്ലത് എന്നാണ് തോന്നിയിട്ടുള്ളത്. ഇതിനെപ്പറ്റി അല്പം വിശദീകരിക്കാനുണ്ട്.

മലയാളത്തിലെ ഒരു വമ്പൻ താരത്തെ നായകനാക്കി ആദ്യ സിനിമ സംവിധാനം ചെയ്ത ഒരാളെ കുറച്ചു വർഷം മുമ്പ് പരിചയപ്പെട്ടിരുന്നു. ബോക്സ് ഓഫിസിൽ വൻ പരാജയമായിരുന്നു ആ ചിത്രം. നെഗറ്റീവ് റിവ്യൂസ് എങ്ങനെയാണ് ഒരു സിനിമയെ കൊല്ലുന്നത് എന്നറിയാമോ എന്നും സിനിമകളെക്കുറിച്ച് എഴുതുമ്പോൾ ദയവു ചെയ്ത നല്ലത് മാത്രം എഴുതണം പ്ലീസ് എന്നുമൊക്കെ വളരെ ഇമോഷണൽ ആയി പുള്ളി പറഞ്ഞു. എന്തായാലും അദ്ദേഹത്തിന്റെ സിനിമയെക്കുറിച്ച് ഞാൻ ഒന്നും എഴുതിയിരുന്നില്ല. പക്ഷെ വിഷമം തോന്നിയത് ആ സിനിമയുടെ പുറകിൽ സംഭവിച്ച കാര്യങ്ങൾ കേട്ടപ്പോളാണ്. സ്‌ക്രീനിൽ നമ്മൾ കണ്ട കഥ പോലുമായിരുന്നില്ല ആ സിനിമയുടേത്. ഷൂട്ടിങ് തുടങ്ങിയതിനു ശേഷം ചില സമ്മർദ്ദങ്ങൾക്ക് വഴങ്ങി പൊടുന്നനെ രചയിതാവിനെ തന്നെ മാറ്റേണ്ടി വന്നപ്പോൾ പുതുതായി വന്നയാൾ മനോഹരമായ ആ കഥയെ പൊളിച്ചു പണിതു കുട്ടിച്ചോറാക്കുകയായിരുന്നു. താൻ ഉണ്ടാക്കാൻ ശ്രമിച്ചതല്ല നിങ്ങൾ തീയറ്ററിൽ കണ്ട സിനിമയെന്നും ഈ ദുരന്തങ്ങൾക്കിടയിൽ നിന്ന് താൻ രക്ഷിച്ചെടുത്ത വേർഷൻ ആണതെന്നും പറഞ്ഞപ്പോൾ പുള്ളിയുടെ കണ്ണുകളിൽ കണ്ട നിരാശ വാക്കുകളിൽ വിവരിക്കാവുന്നതല്ല. വിജയകരമായി വേറൊരു ബിസിനസ്സ് നടത്തുന്നതുകൊണ്ട് സാമ്പത്തികമായ പ്രശ്നങ്ങളൊന്നും അദ്ദേഹത്തിനുണ്ടായില്ല. അന്ന് തിരിച്ചു വീട്ടിലേക്ക് പോവുമ്പോൾ ഞാൻ പുള്ളി പറഞ്ഞതിനെപ്പറ്റി ആലോചിക്കുകയായിരുന്നു. ആ സിനിമ കണ്ട മിക്കവരും സംവിധായകന് പണിയറിയില്ല എന്നാവുമല്ലോ കരുതുക. നിരൂപകരും സ്വാഭാവികമായും അത് തന്നെ പറയും. എന്നാൽ സംവിധായകന് പണി അറിയാത്തതല്ല, മറിച്ച് ഇങ്ങനെയുള്ള ഒരു ഒത്തുതീർപ്പിനു അയാൾക്ക് വഴങ്ങേണ്ടി വന്നതാണെന്നും അതാണ് സിനിമ പരാജയമാവാൻ കാരണമെന്നും ആരും ഒരിക്കലും അറിയില്ല. സിനിമ എന്ന സ്വപ്നത്തിനു പുറകെ എല്ലാ റിസ്കുകളുമെടുത്ത് വർഷങ്ങൾ അലഞ്ഞു തിരിയുന്ന ഒരു കലാകാരനെ മരണത്തിലേക്ക് തള്ളിവിടാൻ പോലും അത് ധാരാളം മതി. പരാജയപ്പെട്ട സിനിമകളെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ അതിന്റെ കാരണം ആരുടെയെങ്കിലും മേൽ ചാർത്തിക്കൊടുക്കുന്നതിനുമുമ്പ് വസ്തുതകൾ നല്ലതുപോലെ മനസ്സിലാക്കേണ്ടതുണ്ട്. എന്ന് വച്ച് സിനിമയുടെ സൗന്ദര്യാത്മകമായ തലത്തിൽ സംവിധായകന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നതിൽ തെറ്റുമില്ല.

ഒരു സസ്പെൻസ് ത്രില്ലർ എന്ന മട്ടിൽ കാണാൻ പോയാൽ നിരാശപ്പെടുത്തുകയും എന്നാൽ മുൻവിധികളില്ലാതെ പോയാൽ ഇഷ്ടമാവുകയും ചെയ്യുന്ന ഒരു ചിത്രമാണ്. തീയറ്ററിൽ കാണുന്നതാവും നല്ലത്. നല്ല സിനിമാട്ടോഗ്രഫിയും സൗണ്ട് ഇഫക്ടുകളും ഒക്കെ തീയറ്ററിൽ കൂടുതൽ നന്നായി ആസ്വദിക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ