ഈ ദൗത്യം തുടങ്ങിയിട്ട് 32 കൊല്ലങ്ങൾ
സ്കൂളിൽ പഠിക്കുമ്പോഴാണ് ഈ സിനിമ ആദ്യമായി കാണുന്നത്. ആയിടയ്ക്കുള്ള നാനയിലും വെള്ളിനക്ഷത്രത്തിലുമെല്ലാം മോഹൻലാൽ ഒരു വെള്ളച്ചാട്ടത്തിൽ കയർ കെട്ടി മുകളിലേയ്ക്കു കയറുന്ന ചിത്രങ്ങൾ വലിയ പ്രാധാന്യത്തോടെ അച്ചടിച്ച് വന്നിരുന്നു
134 total views

മുപ്പത്തി രണ്ടു വർഷങ്ങൾ തികയുന്ന ദൗത്യം
സ്കൂളിൽ പഠിക്കുമ്പോഴാണ് ഈ സിനിമ ആദ്യമായി കാണുന്നത്. ആയിടയ്ക്കുള്ള നാനയിലും വെള്ളിനക്ഷത്രത്തിലുമെല്ലാം മോഹൻലാൽ ഒരു വെള്ളച്ചാട്ടത്തിൽ കയർ കെട്ടി മുകളിലേയ്ക്കു കയറുന്ന ചിത്രങ്ങൾ വലിയ പ്രാധാന്യത്തോടെ അച്ചടിച്ച് വന്നിരുന്നു. യാത്രാമദ്ധ്യേ കാടിനുള്ളിൽ തകർന്നു വീഴുന്ന ഒരു വിമാനം. അതിൽ പ്രധാനപ്പെട്ട ചില രഹസ്യ രേഖകളുമുണ്ട്. വിമാനം തകർന്നു വീണ ഭാഗത്ത് ചില ഗൂഢസംഘങ്ങളുമുണ്ട്. ഇതെല്ലാം അതിജീവിച്ചു പൈലറ്റുമാരെ രക്ഷപെടുത്തി ആ രേഖകൾ തിരിച്ചെടുക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന ക്യാപ്റ്റൻ റോയ് ജേക്കബ് തോമസ്സും സംഘവും നടത്തുന്ന സാഹസിക ദൗത്യമാണ് ചിത്രത്തിന്റെ കാതലായ ഭാഗം. 1989 ഫെബ്രുവരി 9 നാണ് ഈ സിനിമ റിലീസായത്
അന്നത്തെ അത്യുഗ്രൻ ഛായാഗ്രഹകരായ ജയാനൻ വിൻസന്റും, A വിൻസന്റും ജെ വില്യംസുമാണ് ക്യാമറ ചലിപ്പിച്ചത്. കയറിൽ തൂങ്ങിയും മരത്തിനു മുകളിൽ കയറിയുമൊക്കെ ആർക്കും കിട്ടാത്ത ആംഗിളുകൾ അന്വേഷിച്ചു നടന്നിരുന്ന വില്യംസ് ഇതിലെ ആക്ഷൻ രംഗങ്ങൾ അതിലെ രസം ചോർന്നു പോകാതെ പകർത്തിയെടുത്തിട്ടുണ്ട്. എസ്സ് പി വെങ്കടേഷിന്റെ സംഗീതവും ഇതിനെ കൂടുതൽ ഭംഗിയാക്കി.
അധികം ചർച്ച ചെയ്തു കണ്ടിട്ടില്ലാത്ത ഒരാളാണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ഇരുനൂറോളം സിനിമകൾ എഡിറ്റ് ചെയ്ത കെ നാരായണൻ. അവളുടെ രാവുകൾ,1921 തുടങ്ങി ഒരുപാടു ചരിത്ര വിജയങ്ങളായ ചിത്രങ്ങൾ നാരായണനാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. ഇപ്പോൾ വാർഷികം ആഘോഷിച്ച നാടോടിക്കാറ്റ് പോലെയുള്ള സിനിമകളും അതിൽ പെടുന്നു.അദ്ദേഹം ജോലി ചെയ്തിട്ടുള്ള ചിത്രങ്ങളുടെ ലിസ്റ്റ് കണ്ടാൽ നിങ്ങളുടെ കണ്ണ് തള്ളും. മലയാളത്തിലെ പണ്ടത്തെ ഹിറ്റ് ചിത്രങ്ങൾ മിക്കതും ആ ലിസ്റ്റിലുണ്ട്. നാലു തവണ സംസ്ഥാന അവാർഡ് വാങ്ങിയ അദ്ദേഹമാണ് ദൗത്യം എഡിറ്റ് ചെയ്തത്. മൂവിയോള പോലുള്ള പരിമിതമായ സൗകര്യങ്ങൾ കൊണ്ട് അദ്ദേഹം ചെയ്തിരിക്കുന്ന മാജിക് ഈ ചിത്രത്തിൽ കാണാൻ കഴിയും.
ഈ ചിത്രത്തിന് വേറൊരു പ്രത്യേകതയുമുണ്ട്. ഇതിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഗായത്രി അശോകനാണ്. നൂറുകണക്കിന് ചിത്രങ്ങളുടെ പരസ്യങ്ങളിൽ നമ്മൾ കണ്ടിട്ടുള്ള ആ പേര് ആദ്യമായി ഒരു കഥാകൃത്തിന്റെ സ്ഥാനത്തു വന്നത് ഈ സിനിമയിലാണ്. തഴക്കം ചെന്ന കലാകാരന്മാർക്ക് ചെയ്യാൻ പറ്റുന്ന അത്രയും തന്നെ മികച്ച രീതിയിൽ അദ്ദേഹം അത് നിർവഹിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ പരസ്യങ്ങളിലും അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ട്. അദ്ദേഹം വെറുമൊരു ചിത്രകാരൻ മാത്രമല്ല, സിനിമയെ പറ്റി അഗാധമായ അറിവുള്ള ഒരാൾ കൂടിയാണെന്ന് അറിയുക.
ഒരുപാടു പ്രതീക്ഷകൾ നൽകിയ ഒരു സംവിധായകനായിരുന്നു ശ്രീ അനിൽ. നിർഭാഗ്യം കൊണ്ട് മാത്രമാണ് അദ്ദേഹം കൂടുതൽ ചിത്രങ്ങൾ ചെയ്യാതിരുന്നത് എന്ന് തോന്നുന്നു. സൂര്യഗായത്രി എന്ന സംഗീത പ്രധാനമായ ചിത്രത്തിന് ശേഷം ബ്രഹ്മദത്തൻ എന്നൊരു സിനിമ അനൗൺസ് ചെയ്തിരുന്നു. പക്ഷെ വളരെ നീണ്ടു പോയിട്ടും അത് പുറത്തിറങ്ങിയില്ല. നിന്ന് പോയ ആ സിനിമ പിന്നീട് ദി സിറ്റി എന്ന പേരിൽ ഇറങ്ങിയെന്നു വിക്കി പറയുന്നു. ഗംഗോത്രി എന്ന സുരേഷ്ഗോപി ചിത്രമായിരുന്നു അനിലിന്റേതായി അവസാനം ഇറങ്ങിയത്. അത് വലിയ ചലനം ഒന്നുമുണ്ടാക്കാതെ കടന്നു പോവുകയും ചെയ്തു. ഇപ്പോൾ കുറെ വർഷങ്ങളായി അമൃത ടിവിയുടെ മാനേജിങ് ഡയറക്ടർ ആണ് അനിൽ. സിനിമയിൽ തിരിച്ചു വന്നാൽ ഇപ്പോഴും വിജയിക്കുമെന്നുറപ്പുള്ള ഒരു സംവിധായകനാണ് പുള്ളി എന്നാണ് എനിക്ക് തോന്നുന്നത്.
135 total views, 1 views today
