Sanuj Suseelan

സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത ഭാഗ്യവാൻ എന്ന സിനിമയിൽ ജഗതി അവതരിപ്പിക്കുന്ന ഒരു പട്ടാള കഥാപാത്രമുണ്ട്. ചായക്കടയിലിരുന്നു നാട്ടുകാരോട് ഗുണ്ട് തട്ടിവിടലാണ് പുള്ളിയുടെ പ്രധാന പണി. അങ്ങനെയൊരു ദിവസം പുള്ളി അടിച്ചു വിടുന്ന ഒരു കഥയുണ്ട്. “പൊരിഞ്ഞ യുദ്ധം നടക്കുന്ന സമയം. ഞാനൊരു പത്തു മുപ്പതു ചൈനക്കാരെ ഓടിച്ചിട്ട് വെടി വച്ച് കൊന്നു. അപ്പൊ ഭൂപീന്ദർ സിങ് പറഞ്ഞു – ‘മുച്ചേ ഭീ ഏക് ചീനാവാലാ കോ മാർനാ ചാഹിയെ ‘ എന്ന്. എന്നിട്ട് ജഗതി ബ്രിഗേഡിയർക്ക് തോക്ക് കൊടുത്തെന്നുമൊക്കെയാണ് കേട്ടിരിക്കുന്ന പാവങ്ങളോട് പറയുന്നത്. ഫൈറ്റർ എന്ന ഈ സിനിമ കണ്ടപ്പോ ജഗതിയെ ഓർമ്മ വന്നു. അതുപോലെ നിസ്സാരമായാണ് ഇതിൽ എയർ സ്‌ട്രൈക്കുകളൊക്കെ കാണിക്കുന്നത്. എയ്റോ ഡയനാമിക്സിനെയും ഭൗതികശാസ്ത്രത്തെയും വെല്ലുവിളിക്കുന്ന തരം യുദ്ധമുറകളാണ് ഇതിൽ ഹൃതിക് റോഷനും സംഘവും അവതരിപ്പിക്കുന്നത്.

ഹൃതിക് റോഷന് ഇത്തരം സിനിമകളിൽ സ്ഥിരം ചെയ്യുന്നതിൽ കൂടുതലായി ഒന്നും ചെയ്തിട്ടില്ല. പതിവ് പോലെ ഷർട്ട് ഊരി ഷവറിനു താഴെ നിന്ന് മസിൽ പെരുപ്പിച്ചും വയർ കാണിച്ചുമൊക്കെ കഴിഞ്ഞാൽ പിന്നെ ഒരു ജെറ്റുമെടുത്ത് അങ്ങിറങ്ങുകയാണ്. തെലുങ്കിലെ ബാലയ്യ പോലും ഇത്രയും ചെയ്തിട്ടില്ല. പിന്നെ ഇത്തരം “ദേശാഭിമാന” ചിത്രങ്ങളിൽ കാണിക്കുന്നത് പോലെ മരിച്ചു വീഴാൻ ഒരു മുസ്ലിം കമാൻഡോ, ദാരിദ്ര്യം പിടിച്ച ലുക്കുള്ള കൂതറ ഒരു പാകിസ്ഥാനി ടെററിസ്റ്റ്, പാകിസ്ഥാൻ റഡാർ മോണിറ്ററിങ് സ്റ്റേഷനിൽ സ്‌ക്രീനിൽ നോക്കാതെ മൊബൈലിൽ ടിക്ക് ടോക്ക് കളിച്ചുകൊണ്ടിരുന്ന പട്ടാളക്കാരന്റെ കോമഡി സീൻ, ഹെലികോപ്റ്റർ കാണുമ്പോ താഴെ നിന്ന് ദേശീയ പതാക വീശി കാണിച്ചു സല്യൂട്ട് അടിക്കുന്ന പട്ടാളക്കാർ എന്നിങ്ങനെ ക്ലിഷേ എന്ന് വിളിച്ചാൽ കുറഞ്ഞു പോകുന്ന സാധനങ്ങളുടെ അയ്യരുകളിയാണ് . ഒരു സംഗതി വിട്ടുപോയി. പണ്ട് എയർ ഫോഴ്സിൽ പോകാൻ ആഗ്രഹം പ്രകടിപ്പിച്ച മകളെ അതിനു വിടാതിരുന്നപ്പോൾ അവരെ ധിക്കരിച്ചു സേനയിൽ ചേർന്ന് അവൾ ഒരു ലീഡറാവുന്നതും ഒടുവിൽ അവളെക്കണ്ടു മാതാപിതാക്കൾ സല്യൂട്ട് അടിക്കുന്നതും കൂടിയുണ്ട്. ഡയലോഗുകളാണെങ്കിൽ സ്‌കൂൾ നാടകം നിലവാരത്തിലുള്ളതാണ്. ജഗതി പറഞ്ഞത് പോലെ “അതാ ഒരു പാകിസ്ഥാൻ ഭീകരൻ, ആ പാകിസ്ഥാൻ ഭീകരനെ വെടി വയ്ക്കൂ”, “പാകിസ്ഥാൻ ഇന്ന് ഇവിടെ അക്രമിക്കുമോ സാർ? ” എന്നിങ്ങനെ AI വച്ചോ മറ്റോ ഉണ്ടാക്കിയ തിരക്കഥയും സംഭാഷണവും.

ദോഷം പറയരുതല്ലോ. വിഷ്വൽ ഇഫക്ടുകളും ഫൈറ്റുകളും ഒന്നാംതരമാണ്. മലയാളിയായ സത്ചിത് പൗലോസാണ്‌ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഹൃതിക് റോഷന്റെ കഥാപാത്രത്തിന്റെ പേര് Patty എന്നാണ് എഴുതിക്കാണിക്കുന്നതെങ്കിലും പത്താനിയ എന്നതിന്റെ ചുരുക്കപ്പേരാണ് അതത്രെ. ഇപ്പോ ഇറങ്ങുന്ന ഹിന്ദി സിനിമകളിൽ സാധാരണയായി ഉള്ളത് പോലെ ഒരു മലയാളി കഥാപാത്രവും ഉണ്ട്. ഹൃതികിന്റെ ബഡ്‌ഢിയായ ഉണ്ണി എന്ന രാജൻ ഉണ്ണിത്താൻ. ആ കഥാപാത്രം ചെയ്തിരിക്കുന്നത് മഹേഷ് ഷെട്ടിയാണെന്നു മാത്രം. അനിൽ കപൂറിന്റെ കഥാപാത്രം സിനിമയുടെ ഭൂരിഭാഗം സമയത്തും അലറിക്കൊണ്ടിരിക്കുന്ന ഒരാളാണ്. പുള്ളിക്ക് ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ എന്തോ.

ഇലക്ഷൻ ലക്ഷ്യമിട്ട് ഉണ്ടാക്കിയ ഒരു ടെയ്ലർ മേഡ് സിനിമയാണ് ഫൈറ്റർ എന്നാണ് എനിക്ക് തോന്നിയത്. കഴിഞ്ഞ അമ്പതു വർഷം ഇന്ത്യ ഭരിച്ചവർ പാകിസ്താനോട് തിരിച്ചടിച്ചിട്ടില്ല , അതാണ് നമ്മൾ അനുഭവിക്കുന്നത് എന്നൊക്കെ സ്പഷ്ടമായി തന്നെ സിനിമയിൽ പറയുന്നുണ്ട്. ബാലകോട്ട്, പുൽവാമ എന്നിവയൊക്കെ ഇതിലുമുണ്ട്. War , Pathan എന്നീ സിനിമകൾ സംവിധാനിച്ചയാളാണ് സിദ്ധാർഥ് ആനന്ദ്. War എനിക്കിഷ്ടമായ സിനിമയാണ്. ആ പ്രതീക്ഷയിലാണ് ഇതിനു പോയത്. URI പോലെയൊക്കെ മര്യാദക്ക് ഇത്തരം സിനിമ ഉണ്ടാക്കാൻ അറിയില്ലെങ്കിൽ ദയവ് ചെയ്തു സേനയെ ഇതിൽ നിന്നൊഴിവാക്കണം എന്ന് ഒരു അപേക്ഷയുണ്ട്. ഇനിയും പല പടങ്ങളും ഇങ്ങനെ വരാനുണ്ട് എന്നാണ് കേൾക്കുന്നത്. പക്ഷെ ഈ ടൈപ്പ് ആണെങ്കിൽ കഷ്ടമാണ്.

You May Also Like

വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കിയ ആദ്യ ചിത്രം ‘കായ്പോള’

വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കിയ ആദ്യ ചിത്രം ‘കായ്പോള’; ഏപ്രിൽ 07ന് തിയേറ്റർ റിലീസിന് ! വി.എം.ആർ…

താൻ അഭിനയിക്കുന്ന കഥാപാത്രത്തെ നേരിൽ കണ്ട് സായി പല്ലവി

റാണാ ദ​​​​ഗ്ഗുബട്ടിയും സായ് പല്ലവിയും പ്രധാനവേഷത്തിലെത്തിയ വിരാടപർവം എന്ന തെലുങ്ക് ചിത്രം പ്രധാനമായും നക്സലിസം പ്രമേയമായ…

എലിസബത്തിനെ കിഡ്‌നാപ്പ് ചെയ്യാൻ ആശുപത്രിയിലെത്തി ബാല, വീഡിയോ വൈറൽ

ഭാര്യ എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി നടൻ ബാല. സർപ്രൈസ് സന്ദർശനം…

കോട്ടയം രമേഷും രാഹുൽ മാധവും ഒന്നിക്കുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ”പാളയം പി.സി” ടീസർ റിലീസായി, ചിത്രം ജനുവരി 5 ന് റിലീസിനെത്തും

കോട്ടയം രമേഷും രാഹുൽ മാധവും ഒന്നിക്കുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ”പാളയം പി.സി” ടീസർ റിലീസായി, ചിത്രം…