Sanuj Suseelan

അങ്ങനെ ഒടുവിൽ ഗോൾഡ് ഞാനും കണ്ടു. ഉള്ളതുപറയാമല്ലോ, ഈ സിനിമയെപ്പറ്റി കണ്ട കുറിപ്പുകളിൽ പൊതുവെ വായിച്ചതുപോലെ ഒന്നിനും കൊള്ളാത്ത ഒരു സിനിമയായി തോന്നിയില്ല. ചില ഭാഗങ്ങളിലെങ്കിലും ചിത്രം നല്ല എന്റർടൈനിംഗ് ആണ്. നല്ല ചില ഡയലോഗുകളുണ്ട്. ഈ സിനിമയുടെ ഏറ്റവും വലിയ ബാദ്ധ്യത ഇതിൽ ഏച്ചുകെട്ടിയിരിക്കുന്ന ചില സംഗതികളാണ്. ഷൂട്ട് ചെയ്ത ഫുട്ടേജ് അബദ്ധത്തിൽ ഡിലീറ്റായതുകാരണമാണ് ഈ സിനിമയുടെ റിലീസ് അവസാന നിമിഷം മാറ്റിവയ്‌ക്കേണ്ടി വന്നത് എന്നാരോ പറഞ്ഞു കേട്ടിരുന്നു. അന്നത് വിശ്വസിച്ചില്ലെങ്കിലും സ്ഥാനത്തും അസ്ഥാനത്തുമുള്ള ഫില്ലറുകൾ, അനാവശ്യമായ കട്ടുകൾ , കഥാപാത്രങ്ങൾ, സീനുകൾ തുടങ്ങിയവ കാണുമ്പോൾ അത് സത്യമായിരുന്നു എന്ന് തോന്നുന്നു.

ഈ ചവറെല്ലാം ക്‌ളീനായി കട്ട് ചെയ്തു ദൂരെക്കളഞ്ഞാൽത്തന്നെ ഈ സിനിമ നേരം പോലെയോ പ്രേമം പോലെയോ നന്നായി ആസ്വദിക്കാൻ സാധിക്കും. അടിസ്ഥാനപരമായി ഒരു എഡിറ്ററായ അൽഫോൻസ് അത് അമിത അമിതവിശ്വാസം കൊണ്ട് അവഗണിച്ചു എന്നാണ് എനിക്ക് തോന്നുന്നത്. ഭാഗ്യം കൊണ്ടുമാത്രം ഹിറ്റായ ഒരു സംവിധായകനല്ല അദ്ദേഹം. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ആർക്കു വേണമെങ്കിലും എടുക്കാൻ സാധിക്കുമെന്ന് തോന്നിപ്പിയ്ക്കുകയും എന്നാൽ ആ രീതിയിൽ പറഞ്ഞു ഫലിപ്പിക്കാൻ എളുപ്പവുമല്ലാത്ത കഥകളാണ് അദ്ദേഹത്തിൻ്റെ മുൻ ചിത്രങ്ങളുള്ളത്.

ഗോൾഡിൽ ഏറ്റവും വിമർശനം ഏറ്റുവാങ്ങിയ കഥാപാത്രങ്ങളാണ് ആ പച്ചക്കുതിരയും ഉറുമ്പും. എന്നാൽ മെറ്റഫറിക്കൽ ആയുള്ള സ്റ്റോറിടെല്ലിങ്ങിന് വേണ്ടിയാണെന്നത് നോക്കുമ്പോൾ തരക്കേടില്ലാത്ത പ്രയോഗങ്ങളാണ്. ജോഷിയ്ക്ക് നിധി കിട്ടുന്നതിന് മുമ്പുള്ള ബിൽഡപ്പ് സീനുകളിലാണ് പച്ചക്കുതിര വരുന്നത്. ഐശ്വര്യവും സമ്പത്തും കൊണ്ടുവരുന്നെന്നു നമ്മൾ വിശ്വസിക്കുന്ന പാവം പിടിച്ച ഒരു ജീവിയാണല്ലോ ഈ പച്ചക്കുതിര. നിധി കുറേശ്ശെ വീട്ടിനകത്തേക്ക് കടത്തുന്ന ജോഷിക്കൊപ്പമാണ് മധുരം ഉരുട്ടി മാളത്തിലേക്ക് കൊണ്ടുപോകുന്ന ഉറുമ്പുകളും പ്രത്യക്ഷപ്പെടുന്നത്. ആദ്യപകുതിയിൽ വളരെ ഔചിത്യപൂർവ്വം ഉപയോഗിച്ചിട്ടുണ്ടെങ്കിലും പിന്നീട് പറമ്പിലുള്ള പാറ്റ,പക്കി ,ചിത്രശലഭം എന്നിവയൊക്കെ കയറ്റി ഓവർ യൂസ് ചെയ്തപ്പോളുമാണ് അത് അരോചകമായത്. വേണ്ടിടങ്ങളിൽ മാത്രം അത് ഉപയോഗിച്ചിരുന്നെങ്കിൽ സിനിമ വേറെ ലെവലായേനെ.

ഈ സിനിമയുടെ ക്രെഡിറ്റ് ലിസ്റ്റിൽ അൽഫോൻസിൻ്റെ പേര് ആവർത്തിച്ച് കണ്ടിരുന്നു. അറിയാവുന്നതും അറിയാത്തതുമായ ഒരുപാടു പണികൾ അദ്ദേഹം ഇതിൽ ചെയ്തിട്ടുണ്ട്. ഒരുപാട് സമയമെടുത്തു ചെയ്തതുകൊണ്ടാണോ എന്തോ അതിൽ പലതും കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കുന്ന അവസ്ഥയിൽകൊണ്ടെത്തിച്ചത്. പുള്ളിയുടെ കോർ ഏരിയയായ എഡിറ്റിംഗ് തന്നെ നോക്കുക. കളം കളം ഇഫക്ട്, പൂ വിരിയുന്ന ഇഫക്ട് തുടങ്ങി താൻ പഠിച്ചിട്ടുള്ള വിദ്യകളൊക്കെ പുത്രൻ ഇതിൽ പ്രയോഗിച്ചിട്ടുണ്ട്.

ജോഷിയുടെ അമ്മ ചായയിട്ടുകൊണ്ടു നിൽക്കുന്ന ഷോട്ട് ഉദാഹരണം. ഒരു പ്രാധാന്യവുമില്ലാത്ത ആ ഷോട്ട് തലങ്ങനേയും വിലങ്ങാനെയും സ്ലൈസ് ചെയ്താണ് കാണിച്ചിട്ടുള്ളത്. ടൈപ്പോഗ്രഫി എന്നൊരു ക്രെഡിറ്റും പുള്ളിയുടെ പേരിൽ കാണിക്കുന്നുണ്ട്. വായിക്കാൻ ബുദ്ധിമുട്ടുള്ള വളരെ ചെറിയ ഫോണ്ടുകളിൽ രസകരമായ ക്യാപ്‌ഷനുകൾ ചേർത്ത ഫ്രെയിംസ് മലയാള സിനിമയിൽ കൂടുതലായി ഉപയോഗിച്ചത് അൽഫോൻസാണല്ലോ. പ്രേമത്തിൽ കോയയുടെ ടെറസ്സിനു മുകളിൽ ചങ്ങാതിമാർ ഒന്നിച്ചുകൂടുമ്പോൾ “കോയയുടെ വീടിൻ്റെ മച്ച്” എന്നൊരു ലേബൽ കൊടുത്തിരുന്നത് ഓർമ്മയുണ്ട്. എന്നാൽ മുകളിലത്തെ ഉറുമ്പിന്റെ കാര്യം പറഞ്ഞതുപോലെ ക്യാപ്‌ഷനുകളുടെയും ഓവർ യൂസ് ആണ് ഗോൾഡിലുള്ളത്. “ഏതാ കാർ ?” എന്ന് ചോദിക്കുമ്പോൾ പോളോ എന്നുത്തരം പറയുന്നതിനൊപ്പം അത് വലിയ അക്ഷരത്തിൽ എഴുതിക്കാണിക്കുന്നത് പോലുള്ള പരിപാടികൾ തനി കൂതറയായിട്ടുണ്ട്.

അതുപോലെ തന്നെയാണ് ഇതിലെ കഥാപാത്രങ്ങളുടെ നീണ്ട നിര. ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ കഥാപാത്രങ്ങളെ വലിയ ബിൽഡപ്പ് കൊടുത്താണ് ഇതിൽ ഇറക്കിവിട്ടിരിക്കുന്നത്. വീട്ടിൽ കുടുംബശ്രീ റെസ്റ്ററന്റ് നടത്തുന്നത് പോലെ എപ്പോളും വന്ന് ചായയും വടയും വിളമ്പുന്ന അമ്മ, ആ ഡാൻസ് ഗ്രൂപ് പ്രാക്ടീസ് ചെയ്യുമ്പോൾ എത്തിനോക്കുന്ന രണ്ടു കഥാപാത്രങ്ങൾ, ടിംബർ ബ്രദേഴ്‌സ് എന്നിവ ഉദാഹരണം. ഇങ്ങനെയുള്ള കാരിക്കേച്ചർ കഥാപാത്രങ്ങൾ നല്ലതാണ്. അവ ഒന്നോ രണ്ടോ മാത്രമായിരിക്കുമ്പോൾ. അൽഫോൻസിൻ്റെ മുൻ സിനിമകളായ നേരത്തിലും പ്രേമത്തിലുമുള്ള മിക്കവരും അദ്ദേഹത്തോടുള്ള ഫ്രണ്ട്ഷിപ്പ് കൊണ്ടാണോ സ്നേഹം കൊണ്ടാണോ ഇതിലും മുഖം കാണിച്ചു പോയിട്ടുണ്ട്. നയൻ‌താര അടക്കം വലിയ ഒരു താരനിരയെ പ്രധാനവും അപ്രധാനവുമായ റോളുകൾ ചെയ്യാൻ ഉപയോഗിച്ചിരിക്കുന്നതിൽ പുത്രൻ നല്ല സോഷ്യലിസ്റ്റ് ചിന്താഗതി പ്രകടിപ്പിച്ചിട്ടുണ്ട്. സത്യത്തിൽ ഈ സിനിമയിൽ മിസ്സ് ചെയ്തത് നിവിൻ പോളിയെയാണ്. പൃഥ്വിരാജ് തരക്കേടില്ലാതെ ചെയ്തിട്ടുണ്ടെങ്കിലും നിവിൻ ആയിരുന്നു ഈ റോളിന് കൂടുതൽ യോജിച്ചതെന്നു തോന്നുന്നു.

സിനിമയിൽ ഇടയ്ക്കിടയ്ക്ക് വന്നുപോകുന്ന ഡാൻസ് ട്രൂപ്പിനെ കണ്ടപ്പോൾ José Padilha യുടെ Entebbe ഓർമ്മ വന്നു. ആ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളിലും, ക്ലൈമാക്സിൽ ഉൾപ്പെടെ മനോഹരമായി ഇഴുകിച്ചേർത്തിട്ടുള്ള ഡാൻസ് നമ്പറുകളുണ്ട്.അത് പെർഫോം ചെയ്തിരിക്കുന്നത് ഇസ്രായേലിലെ പ്രശസ്ത ഡാൻസ് ട്രൂപ്പായ Batsheva Dance Companyയാണ്. ഒരു കമാൻഡോ ഓപ്പറേഷനിടയ്ക്ക് അത്തരം ഷോട്ടുകൾ എത്ര മനോഹരമായിട്ടാണ് അവർ ബ്ലെൻഡ് ചെയ്‌തിരിക്കുന്നത്‌. ആ പടം വലിയ ഗുണമൊന്നുമില്ലെങ്കിലും അതിലെ ആ സീനുകൾ എനിക്ക് വളരെ ഇഷ്ടപ്പെട്ടതാണ്. ഈ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണാവോ അൽഫോൻസ് ഇതിൽ ഈ പ്രയോഗം നടത്തിയിരിക്കുന്നതെന്നറിയില്ല. എന്തായാലും ഗോൾഡിൽ അത്തരം സീനുകൾ സ്റ്റേജ് ഷോകൾ പോലെയാണ് ചേർത്തിരിക്കുന്നത്. ആദ്യം ട്രൂപ്പ് വിത്ത് സൗബിൻ ആൻഡ് മറ്റേ പുള്ളി ഓൺ സ്റ്റേജ്. പിന്നെ സിജു വിൽസൺ ആൻഡ് പാർട്ടി ഓൺ സ്റ്റേജ്. അങ്ങനെ അങ്ങനെ.. കഥാപാത്രങ്ങൾക്ക് നൽകിയിട്ടുള്ള പേരുകളും രസകരമാണ്. നേരത്തിലെ ഊക്കൻ ടിന്റുവിന് പകരം ഇതിൽ ഒരു പ്ലൂട്ടോ അഗസ്റ്റിനുണ്ട്. ഗർ ഇല്ലാത്ത ബാസിഗർ, സുനേഷ് ഷാജി, ജമ്പർ സന്തോഷ് ഒക്കെ അടിപൊളിയാണ്.

പ്രേമത്തിന് ശേഷം അടുത്ത സിനിമ ചെയ്യാൻ ഇത്രയും വലിയ ഇടവേള വന്നതിനു കാരണം എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ആയിരുന്നോ അതോ പ്രേമം പോലൊരു വമ്പൻ ഹിറ്റ് സമ്മാനിച്ച സമ്മർദ്ദവും കൈവിറയും ആയിരുന്നോ എന്നറിയില്ല. എന്തായാലും ചെറിയ ആത്മവിശ്വാസക്കുറവ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ മുതൽ അദ്ദേഹത്തിൽ പ്രകടമായിരുന്നു. അത്തരം സംശയങ്ങൾ കാരണമാണ് അദ്ദേഹം ഇതിൽ ജങ്ക് പലതും കയറ്റിയത് എന്നും വിശ്വസിക്കാനാണ് എനിക്കിഷ്ടം. കഥപറച്ചിലിൽ വളരെ യൂണിക് ആയ ഒരു സ്റ്റൈൽ അദ്ദേഹത്തിനുണ്ട്. സുഹൃത്തുക്കൾ തമ്മിൽ വളരെ കാഷ്വൽ ആയി കഥപറയുമ്പോൾ ഉപയോഗിക്കുന്ന ഒരു ഭാഷയാണ് അദ്ദേഹത്തിൻ്റെ സിനിമകളിലുമുള്ളത്. ഗോൾഡ് എന്ന ഒറ്റ സിനിമ കൊണ്ട് അൽഫോൻസിൽ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. അടുത്ത സിനിമയിലൂടെ അൽഫോൻസ് ശക്തമായ തിരിച്ചു വരവ് നടത്തട്ടെ എന്നാശിക്കുന്നു.

Leave a Reply
You May Also Like

ജയരാജ് സുരേഷ്‌ഗോപിയെ വച്ച് ചെയ്ത ഈ സിനിമ നിങ്ങളിൽ പലരും കണ്ടിരിക്കാൻ വഴിയില്ല

ലോറൻസ് മാത്യു 2006 ൽ റിലീസ് ആയ സിനിമയാണ് ‘അദ്ഭുതം’. ജയരാജ്‌ സാറിന്റെ നവരസ സിനിമ…

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ടു അവരുടെ മനസിലേക്ക് കുത്തിവയ്ക്കുന്ന രാഷ്ട്രീയ ശരികൾ

Anil Ashok കാണുന്ന എല്ലാ സ്ത്രീകൾക്കും സ്വന്തം ജീവിതവുമായി റിലേറ്റു ചെയ്യാൻ പറ്റുന്ന ലൈഫ് ആണ്…

മണിയെ കുറിച്ച് മോശമായൊരു ഉപമ പടച്ചു വിടുന്നതിൽ യാതൊരു ശരികേടും തോന്നിയില്ലേ നാദിർഷാക്ക് ?

വിപിൻ കല്ലിങ്ങൽ വെട്ടം എന്ന പ്രിയദർശൻ ചിത്രത്തിലെ മക്കസായി മക്കസായി റമ്പമ്പോ എന്ന ഗാനം.നാദിർഷയുടെ വരികൾക്ക്…

നാനാ പടേക്കറിനെ ട്രോളി ഇന്റർനെറ്റ് ലോകം, ആരാധകനോട് നാനാ പടേക്കർ മോശമായി പെരുമാറിയതിന്റെ സത്യാവസ്ഥ പുറത്തുവന്നു.

കഴിഞ്ഞ കുറേ ദിവസങ്ങളായി തന്റെ വരാനിരിക്കുന്ന ചിത്രമായ ‘ജേർണി’യുടെ ചിത്രീകരണത്തിലാണ് നാനാപടേക്കർ . ദശാശ്വമേധ് ഘട്ടിലേക്കുള്ള…