ഇതൊരു യൂണിവേഴ്‌സൽ ചിത്രമാകുന്നതിനു തടസം അതൊക്കെയായിരുന്നു

0
349

Sanuj Suseelan

സമകാലിക ലോകം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നിൽ കുത്തു പാട്ടും നാലാം കിട സംഘട്ടന രംഗങ്ങളും നൂറ്റൊന്നാവർത്തിച്ച മാസ്സ് സീനുകളും ചെയ്തു ചെയ്തു ധനുഷിന് തന്നെ ബോറടിച്ചിട്ടുണ്ടാവുന്ന ഗോഷ്ടികളും ഒക്കെ കുത്തിനിറച്ചുണ്ടാക്കിയ ഒരു സിനിമയാണ് ജഗമേ തന്തിരം.

കാലിക പ്രാധാന്യമുള്ള ഒരു വിഷയം അതർഹിക്കുന്ന ഗൗരവത്തോടെ അവതരിപ്പിക്കാൻ ശ്രമിക്കുമ്പോൾ തന്നെ എന്തെങ്കിലും ബാഹ്യ സമ്മർദ്ദം മൂലം ഏച്ചു കെട്ടിയതാണോ ഈ മസാലയൊക്കെ എന്ന് സംശയം തോന്നിപ്പിക്കുന്ന രീതിയിൽ വളരെ മികച്ചതും വളരെ മോശമായതുമായ കഥാസന്ദർഭങ്ങൾ ഒരേ സിനിമയിലുള്ള വിചിത്രമായ ഒരു സൃഷ്ടിയാണ് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഈ ചിത്രം. ലണ്ടൻ നഗരത്തിലെ വേഷ്ടി കെട്ടിയ ഗാങ്സ്റ്ററായ കഥാനായകൻ എന്നതാണ് ചിത്രത്തിന്റെ ഒരു ആകർഷണമായി അണിയറക്കാർ മാർക്കറ്റ് ചെയ്തിരിക്കുന്നത്. ധനുഷിനെ പോലെ മിടുക്കനായ ഒരു നടനെ കിട്ടിയിട്ടും ഇതാണാവസ്ഥ. മലയാളത്തിൽ നിന്ന് ജോജു ജോർജ്ജും ഐശ്വര്യ ലക്ഷ്മിയും സിനിമയിലുണ്ട്. രണ്ടും ശ്രദ്ധേയമായ വേഷങ്ങൾ. വിവേക് ഹർഷനാണ് എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. ഛായാഗ്രഹണവും ആക്ഷൻ സീനുകളും നന്നായിട്ടുണ്ട്. ഇത്രയൊക്കെയേ ഈ സിനിമയെക്കുറിച്ച് പറയാനുള്ളൂ.

Nethu, the third single from Jagame Thandhiram, to be out soon- Cinema  expressമണിരത്നം സംവിധാനം ചെയ്ത “കണ്ണത്തിൽ മുത്തമിട്ടാൽ” , സന്തോഷ് ശിവൻ സംവിധാനം ചെയ്ത “ടെററിസ്റ്റ്” എന്നിങ്ങനെ വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് കാൽ നൂറ്റാണ്ടിൽ കൂടുതൽ നീണ്ടു നിന്ന ലങ്കൻ വംശീയ സംഘർഷങ്ങളുടെ വിശദാംശങ്ങൾ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്. ഈയടുത്ത് വന്ന ഫാമിലി മാൻ എന്ന വെബ് സീരീസും ഒരു പരിധി വരെ അത് ചെയ്തിട്ടുണ്ട്. എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും കുടിയേറിയ തമിഴരുടെ അസ്തിത്വ പ്രശ്നങ്ങളിലേക്ക് ആരും ക്യാമറ തിരിച്ചിട്ടില്ല. ധനുഷിന്റെ അമ്മായി അച്ഛനായ രജനികാന്ത് നായകനായി വന്ന കബാലി പോലും ആ ഒരു ഭാഗം കാര്യമായി ശ്രദ്ധിച്ചിട്ടില്ല. എന്നാൽ തമിഴർ മാത്രമല്ല ഇന്ത്യക്കാരും ഏഷ്യൻ വംശജർ പൊതുവെയും ലോകമെമ്പാടും അഭിമുഖീകരിക്കുന്ന വംശപരമായ വിവേചനങ്ങളുടെ യാഥാർഥ്യങ്ങളിൽ ചിലത് സത്യസന്ധമായി അവതരിപ്പിക്കാനുള്ള ഒരു ശ്രമം ഈ സിനിമയിലുണ്ട്. അത് മാത്രമാണ് ഈ സിനിമയുടെ ഏക പോസിറ്റീവ്.

Jagame Thandhiram Movie Review: Jagame Thandhiram is quirky but  underwhelmingതൊഴിൽ ചെയ്യാൻ വേണ്ടി ലോകത്തിന്റെ മുക്കിലും മൂലയിലും സഞ്ചരിക്കുന്നവരാണ് മലയാളികൾ. എന്നാൽ നമ്മളെക്കാൾ ഒരു നൂറു വർഷം മുമ്പെങ്കിലും ഏഷ്യൻ രാജ്യങ്ങളിൽ പലതിലേക്കും തമിഴ് വംശജർ കുടിയേറി തുടങ്ങിയിരുന്നു. വളരെ കുറഞ്ഞ വേതനം ലഭിക്കുന്നതും അവിടത്തുകാർ ചെയ്യാൻ മടിക്കുന്നതുമായ ചീപ്പ് ലേബർ ജോലികളാണ് ഇവർ ചെയ്തിരുന്നതെന്ന് മാത്രം. തോട്ടം പണിക്കാരായും ഹൌസ് മെയിഡുമാരായും മറ്റുമായി മലേഷ്യ, സിംഗപ്പൂർ, ബർമ , ലങ്ക തുടങ്ങി ആഫ്രിക്കൻ രാജ്യങ്ങളിലേക്കും മറ്റും അവർ കൂടു മാറിയിരുന്നു. എന്റെയൊക്കെ കുട്ടികാലത്ത് ഇപ്പോൾ ബംഗാളികൾ കേരളത്തിൽ വന്നു ജോലി ചെയ്യുന്നത് പോലെ തമിഴന്മാരായിരുന്നു വന്നിരുന്നത്. കഴിഞ്ഞ കുറച്ചു വർഷം മുമ്പ് ജയലളിത അവർക്കായി നടപ്പിലാക്കിയ സാമൂഹ്യ ക്ഷേമ പരിപാടികൾ അത്തരക്കാരുടെ പട്ടിണി മാറ്റിയതോടെ ആയ ഒഴുക്ക് നിന്നു. ആ സ്ഥാനം ബംഗാളികളും ഒഡിയകളും ആസാമികളും കയ്യേറി. മലയാളികളും തമിഴരും തമ്മിൽ ഒരു വ്യത്യാസമുണ്ട്. മലയാളി എന്ന ഐഡന്റിറ്റിയിൽ അഭിമാനമൊക്കെയുണ്ടെങ്കിലും സ്വന്തം തടിക്കു കേടു വരാത്ത രീതിയിൽ മാത്രമേ നമ്മൾ കേരളത്തിന് പുറത്ത് ആ സ്പിരിറ്റ് കാണിക്കൂ. എന്നാൽ തമിഴർ അങ്ങനെയല്ല. ഇപ്പറഞ്ഞ പല രാജ്യങ്ങളിലും തമിഴ് ടൗണുകളും വ്യാപാര സ്ഥാപനങ്ങളും ക്ഷേത്രങ്ങളും ഒക്കെ അവർ പണിതുയർത്തിയിട്ടുണ്ട്. അവിടത്തെ അധികാര സ്ഥാനങ്ങളിൽ വർഷങ്ങളായി അവരുണ്ട്.

Jagame Thandhiram (2021) - IMDbസിലോൺ തമിഴരും ഇന്ത്യൻ തമിഴരും ഒക്കെ ഒരേ വംശജർ തന്നെയാണെങ്കിലും പൊതുവായ ഒരു ലക്ഷ്യത്തിനു വേണ്ടി ഒരുമിച്ചു നിൽക്കുമെന്നല്ലാതെ രണ്ടു വിഭാഗങ്ങളാണ് തങ്ങളെന്ന ഒരു ചെറിയ ചേരിതിരിവ് അവർക്കിടയിലുണ്ട് ( ഇതിൽ എത്രത്തോളം വാസ്തവമുണ്ട് എന്നറിയില്ല. മലേഷ്യയിൽ ജനിച്ചു വളർന്ന എന്റെ ഒരു തമിഴ് സുഹൃത്ത് പറഞ്ഞുള്ള അറിവാണ്. അവൻ ഇപ്പോൾ ഇന്ത്യയിലാണ് താമസം. ഇന്ത്യയിൽ വന്നതിനു ശേഷമാണു അവന് അങ്ങനെ തോന്നിയതത്രെ ). സ്വാഭാവികമായും ഈ തമിഴ് സ്പിരിറ്റ് ചില പ്രശ്നങ്ങളും സൃഷ്ടിക്കാറുണ്ട്. ഒരു കാലത്ത് ആരും ചെയ്യാത്ത മോശമായ ജോലികളും മറ്റും വളരെ കുറഞ്ഞ വേതനത്തിന് ചെയ്തിരുന്ന അവർ പോകെപ്പോകെ കഠിനാദ്ധ്വാനം കൊണ്ട് മുൻ നിരയിലേക്ക് കയറി വരുന്നതും സമ്പത്ത് ആർജിക്കുന്നതും ഒക്കെ അവിടത്തുകാരിൽ ചെറിയൊരു വിഭാഗത്തെയെങ്കിലും ചൊടിപ്പിച്ചിട്ടുണ്ട്. ലോകമാകെയുള്ള വെറുപ്പിന്റെ രാഷ്ട്രീയം അതിനു വെള്ളവും വളവും ഇട്ടു കൊടുക്കുന്നുമുണ്ട്. രണ്ടു മൂന്നു വർഷം മുമ്പ് മലേഷ്യയിൽ തമിഴർ കൂട്ടമായി താമസിക്കുന്ന ഒരു ടൗണിൽ അവിടത്തുകാർ അക്രമം അഴിച്ചുവിട്ടത് ഓർമയുണ്ടാവുമല്ലോ. ലണ്ടനിലും ഇത് തന്നെ സംഭവിച്ചിട്ടുണ്ട്.

Nethu video song from Dhansuh-Karthik Subbaraj's Jagame Thandhiram out-  Cinema expressകള്ളപ്പാസ്‌പോർട്ടുപയോഗിച്ച് മനുഷ്യക്കടത്തു സംഘങ്ങളുടെ സഹായത്തോടെ പണ്ട് ലണ്ടനിലേക്ക് കടന്നിരുന്ന തമിഴർ ഇപ്പോൾ പലയിടത്തായി ചിതറി കിടക്കുന്ന വലിയൊരു സമൂഹമാണ്. അവരിൽ നല്ലൊരു പങ്കും പിന്നീട് രേഖകൾ സംഘടിപ്പിച്ച് സ്വദേശികളായ മാറിയെങ്കിലും ഇപ്പോളും അതൊന്നുമില്ലാതെ ചീപ്പ് ലേബർ ജോലികൾ ചെയ്തു ജീവിക്കുന്നവർ ഒരുപാടുണ്ട്. മതിയായ രേഖകൾ ഇല്ലാത്തവരെ തെരഞ്ഞുപിടിച്ചു നാട് കടത്താൻ ആലോചനകൾ പലതും നടന്നിട്ടുണ്ടെങ്കിലും അവിടത്തെ നല്ല മനുഷ്യർ ഉണ്ടാക്കിയ റെഫ്യൂജി പോളിസികൾ ഇത്തരക്കാരെ എപ്പോളും രക്ഷിക്കും. എന്നാൽ സിലോൺ തമിഴർ മാത്രമല്ലല്ലോ ലണ്ടനിലുള്ളത്. പാകിസ്ഥാനികളും അഫ്ഗാനികളുമെല്ലാം ഇത്തരം ഏജന്റുമാർ വഴി ദിവസവും അവിടെയെത്തുന്നുണ്ട്. ഇന്ത്യ ടുഡേ വാരികയുടെ ഹരീന്ദർ ബവേജ എന്ന പത്രപ്രവർത്തക വർഷങ്ങൾക്കു മുമ്പ് ജീവൻ പണയം വച്ച് നടത്തിയ ഒരു ഇൻവെസ്റ്റിഗേഷൻ സ്റ്റോറിയിൽ ഇങ്ങനെ കണ്ടൈനർ ലോറിയിലും അടച്ചു പൂട്ടിയ വാഹനങ്ങളിലും ഒളിപ്പിച്ചു കടത്തുന്ന മനുഷ്യരുടെ അപകടം നിറഞ്ഞ യാത്രയുടെ ഞെട്ടിപ്പിക്കുന്ന കഥകളുണ്ടായിരുന്നു. പകുതിയിൽ കൂടുതലും യാത്രാമദ്ധ്യേ പിടിക്കപ്പെടുമെങ്കിലും കുറച്ചുപേർ സുരക്ഷിതമായി അവിടെയെത്തുകയും സമൂഹത്തിൽ അലിഞ്ഞു ചേരുകയും ചെയ്യും. ഇങ്ങനെ കുടിയേറിയവരിൽ ചിലർ ആ രാജ്യങ്ങളിൽ നടത്തിയ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ശേഷം അഭയം തേടി കുടിയേറുന്ന എല്ലാവരെയും സന്തോഷത്തോടെ സ്വീകരിച്ചിരുന്ന അവരുടെ മനോഭാവത്തിന് കാര്യമായ വ്യത്യാസം വന്നിട്ടുണ്ട്. അമേരിക്ക പോലെ ലോകമെമ്പാടും നിന്നുള്ള കുടിയേറ്റക്കാർ സൃഷ്ടിച്ച ഒരു രാജ്യത്തു പോലും ഇന്ത്യക്കാർ സഹിതം തദ്ദേശീയരുടെ വെറുപ്പ് നേരിടുന്നു എന്നത് അസ്വസ്ഥകരമായ ഒരു യാഥാർഥ്യമാണ്.

Jagame Thandhiram Movie Review: Dhanush Opens Up A Blazing Show Of  Eccentrics But The Main Conflict Leaves Us Confusedതമിഴർ, പ്രത്യേകിച്ച് സിലോൺ തമിഴർ ലണ്ടനിൽ നേരിടുന്ന ഇത്തരം പ്രശ്നങ്ങളെ ഒരു പരിധി വരെ അഡ്രസ്സ് ചെയ്യാൻ ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സ്വന്തം രാജ്യത്തെ സൗകര്യങ്ങൾ ഉപയോഗിച്ച് സുഖിച്ചു ജീവിക്കുന്ന എലികളും പാറ്റകളുമായി ഈ പാവങ്ങളെ കാണുന്ന ഒരു സമൂഹം ലണ്ടനിൽ മാത്രമല്ലയുള്ളത്. ലോകത്തെല്ലായിടത്തും അത്തരം വെറുപ്പിന്റെ രാഷ്ട്രീയം വളരെ പ്രകടമാണ്. യുദ്ധം തുടങ്ങാൻ എളുപ്പമാണ് അതവസാനിപ്പിക്കാനാണ് ബുദ്ധിമുട്ട് എന്ന് ശിവദോസ് പറയുന്ന വാചകം എത്രത്തോളം സത്യമാണ് എന്നറിയാൻ ഡൊണാൾഡ് ട്രംപ് അമേരിക്കയിൽ ഉണ്ടാക്കിയ ധ്രുവീകരണം മാത്രം ശ്രദ്ധിച്ചാൽ മതി. ട്രംപ് തുറന്നു വിട്ട പാമ്പുകളിൽ പലതും ഇപ്പോൾ വളർന്നു വലുതായി അതിന്റെ രാക്ഷസരൂപം പുറത്തെടുത്തു കഴിഞ്ഞിരിക്കുന്നു.

Jagame Thandhiram,' a gangster saga that explores the meaning of 'home' -  The Hinduഈ സിനിമയിലെ ഏറ്റവും മനോഹരമായ മറ്റൊരു സീനാണ് ശിവദോസിനെ കണ്ടുമുട്ടുന്നതിനു ശേഷം സുരുളിയിൽ ഉണ്ടാവുന്ന ബോധോദയം. Privileged ആയ ഒരു ഗ്രൂപ്പിന്റെ തണലിൽ നിൽക്കുന്ന under Privileged ആയ ഒരാളാണ് സുരുളി. എന്നാൽ എതിർ പക്ഷത്തു നിൽക്കുന്നവരുടെ പ്രശ്നങ്ങൾ തനിക്കും ബാധകമാണ് എന്നവൻ ആദ്യമായി തിരിച്ചറിയുന്നത് ആ കുടക്കീഴിൽ നിന്നു പുറത്തിറങ്ങേണ്ട അവസ്ഥ വരുമ്പോളാണ്. ഒരുപക്ഷെ ഈ സിനിമയിലെ ഏറ്റവും മികച്ച ഒരു രംഗമാണത്. ഉയർന്നത് , താഴ്ന്നത് എന്നതൊക്കെ ആപേക്ഷികം മാത്രമാണ് എന്നത് അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്ത, അപകടകരമായി ജീവിക്കുന്ന സുരുളിയെ പോലൊരാൾ തിരിച്ചറിയുന്നത് മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ആ ഒരു ട്രാക്ക് മാത്രം വികസിപ്പിക്കുന്നതിൽ സംവിധായകൻ ശ്രദ്ധിച്ചിരുന്നെങ്കിൽ വളരെ യൂണിവേഴ്‌സൽ ആയ ഒരു ചത്രമായി ഇത് മാറുമായിരുന്നു. പക്ഷെ ശങ്കരാടി നാടോടിക്കാറ്റിൽ പറയുന്നത് പോലെ ഒരിത്തിരി കോമഡി, ഇത്തിരി പ്രേമം, ഒത്തിരി ആക്ഷൻ തുടങ്ങി അനാവശ്യമായ ചവറുകളെല്ലാം അതിൽ കുത്തിയിളക്കി നശിപ്പിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ.