Sanuj Suseelan
“കെട്ടിക്കൊണ്ടു” വരുന്ന പെണ്ണിനെ വരച്ച വരയിൽ നിർത്തിയും തർക്കുത്തരം പറഞ്ഞാൽ ചെവിടത്തൊന്നു പൊട്ടിച്ചും ഒക്കത്തൊരു കൊച്ചിനെ “കൊടുത്തും” വേണം ആണത്തം തെളിയിക്കേണ്ടത് എന്ന് വിശ്വസിക്കുന്ന ഒരു ടിപ്പിക്കൽ മെയ്ൽ ഷോവനിസ്റ്റ് ഭർത്താവിനെ അക്ഷരാർത്ഥത്തിൽ മുഷ്ഠി കൊണ്ട് നേരിടുന്ന ഭാര്യയാണ് ഈ സിനിമയുടെ ആകർഷണം. ജയഭാരതി കയ്യുയർത്തുന്നത് രാജേഷിനു നേരെ മാത്രമല്ല, അത്തരം മനോഭാവം കൊണ്ടുനടക്കുന്ന ഒരു സമൂഹത്തിനു നേരെ കൂടിയാണ്. തീർച്ചയായും അതൊക്കെ കണ്ടിരിക്കാൻ നല്ല രസമുണ്ട്. എന്നാൽ വളരെ ഗൗരവമുള്ള ഒരു വിഷയം രസകരമായി പറഞ്ഞു വന്ന സംവിധായകന് അത് നിർത്തേണ്ടിടത്ത് നിർത്താൻ കഴിഞ്ഞില്ല എന്നിടത്താണ് ഉഗ്രനൊരു സിനിമ എന്ന് വിളിക്കാൻ യോഗ്യതയുണ്ടാവുമായിരുന്ന ഒരു സിനിമയെ കൊള്ളാം എന്ന് മാത്രം പറയേണ്ടി വരുന്നത്.
തനിക്കു നേരെ വരുന്ന ശാരീരികമായ ആക്രമണങ്ങളെ ഒരു പരിധി വരെ ചെറുത്തു നിൽക്കാൻ മാർഷ്യൽ ആർട്ട്സ് പരിശീലനത്തിലൂടെ ആണിനും പെണ്ണിനും സാധിക്കും. എന്നാൽ രജനികാന്തും വിജയുമൊക്കെ സിനിമയിൽ നൂറുകണക്കിനാളുകളെ അടിച്ചു പറത്തുന്നത് കണ്ടിരിക്കാൻ രസമാണെങ്കിലും യഥാർത്ഥ ജീവിതത്തിൽ നടപ്പുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ ഇതിലെ ക്ലൈമാക്സിൽ തനിക്കു നേരെ വരുന്നവരുടെ നേരെ കാലുയർത്തി ചീറിയടുക്കുന്ന ജയ സിനിമ അതുവരെ പറഞ്ഞുവന്നതിന്റെ ഫ്ലോ തന്നെ നശിപ്പിച്ചു എന്നാണ് എനിക്ക് തോന്നിയത്. സ്ത്രീകൾ അബലകളായതുകൊണ്ടൊന്നുമല്ല അങ്ങനെ പറഞ്ഞത്. മറിച്ച് അവൾ നേരിടുന്ന വെല്ലുവിളികൾക്കുള്ള പൂർണ്ണമായ പരിഹാരം കായികമായ ഒന്നല്ല എന്നതുകൊണ്ടാണ്. രാജേഷ് അവളെ ശാരീരികമായി ഉപദ്രവിക്കുമ്പോൾ ചെറുത്ത് നിൽക്കുകയും തിരികെ ആക്രമിക്കുകയും ചെയ്യുന്ന ജയയെ എനിക്കും ഇഷ്ടപ്പെട്ടു. എന്നാൽ യഥാർത്ഥ ജീവിതത്തിൽ എല്ലാ ഭർത്താക്കന്മാരും രാജേഷിനെപോലെയല്ല.
ക്ലൈമാക്സിൽ അവൾ അടിച്ചുപറപ്പിക്കുന്ന ആണുങ്ങളെപ്പോലെയുള്ളവർ മാത്രവുമല്ല നമ്മുടെ സമൂഹത്തിലുള്ളതും. അതിനു തെളിവാണ് മാദ്ധ്യമങ്ങളിൽ ദിവസവും കാണുന്ന ഞെട്ടിപ്പിക്കുന്ന വാർത്തകൾ. ഇന്ത്യയിൽ മാത്രമല്ല വികസിത രാജ്യങ്ങളിൽപ്പോലും ഡൊമസ്റ്റിക് വയലൻസ് കേസുകളിൽ ഒടുവിൽ കൂടുതൽ ഡാമേജ് ആർക്കാണ് എന്ന് പരിശോധിച്ച് നോക്കൂ. നിങ്ങൾക്കത് മനസ്സിലാവും. സ്വയരക്ഷയ്ക്കല്ലാതെ മറ്റുള്ളവരെ അടിച്ചും ഇടിച്ചും അനുസരിപ്പിക്കാമെന്നു കരുതുന്നത് മൗഢ്യമാണ്. അതുകൊണ്ടുതന്നെ രാജേഷ് അറിയാതെ മറ്റേയാളുടെ കോഴിക്കട ഏറ്റെടുക്കുകയും അവനിട്ട് എട്ടിന്റെ പണി കൊടുക്കുകയും ചെയ്യുന്ന ജയയിൽ സിനിമ അവസാനിച്ചിരുന്നെങ്കിൽ നല്ലൊരു ക്ലൈമാക്സ് ആവുമായിരുന്നേനെ എന്നാണ് എൻ്റെ അഭിപ്രായം.
വീട്ടിൽ നിന്നും നാട്ടിൽ നിന്നും സമുദായത്തിൽ നിന്നുമൊക്കെ എത്ര എതിർപ്പുകളുണ്ടായാലും അതിനെ എങ്ങനെയും മറികടന്ന് പെൺകുട്ടികൾ വിദ്യാഭ്യാസവും ജോലിയും നേടണമാണെന്നാണ് എൻ്റെ അഭിപ്രായം. ഇൻഡിപെൻഡന്റ് ആയ അത്തരം പെൺകുട്ടികൾക്ക് മാത്രമേ നിസ്സഹായയായ മറ്റൊരു പെണ്ണിനും ഒരു മാതൃക കാണിച്ചുകൊടുക്കാൻ സാധിക്കൂ. ബിഹാറിയായ എൻ്റെ ഒരു സുഹൃത്തുണ്ടായിരുന്നു. എൻ്റെ വിവാഹത്തിന് അവനെ ക്ഷണിച്ചപ്പോൾ ഭാര്യ ജോലിയുള്ളയാളാണോ എന്നാണ് അവൻ തിരിച്ചു ചോദിച്ചത്. ജോലിയുള്ള ഭാര്യയാണെങ്കിൽ സൂക്ഷിക്കണം, തലയിൽ കയറുമെന്നൊരു ഉപദേശവും ഫ്രീയായി തന്നു. അത്തരം പ്രദേശങ്ങളിൽനിന്നുള്ള മാന്യന്മാർ മുമ്പും ഇതുപോലുള്ള ഡയലോഗുകൾ അടിക്കുന്നത് കേട്ടിട്ടുള്ളതുകൊണ്ടു എനിക്കതിൽ അതിശയമൊന്നും തോന്നിയില്ല. സ്വന്തമായി തൊഴിലും വരുമാനവും എന്നത് ഇന്ത്യ പോലൊരു രാജ്യത്തിൽ സ്ത്രീകളുടെ ജീവിതത്തെ പോസിറ്റീവായി എങ്ങനെ മാറ്റിമറിക്കുന്നു എന്നറിയണമെങ്കിൽ ഉത്തരേന്ത്യയിലെ ഇതുപോലുള്ള ഗ്രാമങ്ങളിൽ നിന്ന് വന്ന് ഇന്ത്യയിലെ വൻ നഗരങ്ങളിലെ കമ്പനികളിൽ ജോലി ചെയ്യുന്ന പെൺകുട്ടികളോട് ചോദിച്ചാൽ മതി. അത്രയും വലിയ കെട്ടുപാടുകളിലാണ് അവരുടെ ജീവിതം.
സിനിമയിലേയ്ക്ക് വരാം. കൊല്ലം ജില്ലയിലെ മനുഷ്യരുടെ സ്വഭാവ സവിശേഷതകൾ സൂക്ഷ്മമായി അവതരിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. കഥാപാത്രങ്ങളും ഉഗ്രൻ. പ്രത്യേകിച്ച് മണിയമ്മാവൻ, അണിയണ്ണൻ,രാജേഷിന്റെ അമ്മ എന്നിവർ. അവതരിപ്പിച്ചവരും നന്നായിട്ടുണ്ട്. എന്നാൽ കൊല്ലം ഭാഷ കൃത്യമായി പിടിക്കാൻ അവരിൽ പലർക്കും പറ്റിയിട്ടില്ല എന്നതുകൂടി പറഞ്ഞോട്ടെ. ഏറ്റവും ഇഷ്ടമായത് രാജേഷിന്റെ അമ്മയെ അവതരിപ്പിച്ച കുടശ്ശനാട് കനകം എന്ന അഭിനേത്രിയെയാണ്. അവരുടെ അഭിനയം കണ്ടപ്പോൾ പണ്ടത്തെ മാവേലിക്കര പൊന്നമ്മയെ ഓർമ്മ വന്നു. ശബ്ദവും ഏകദേശം അതുപോലെ തന്നെ. ബേസിലും ദർശനയും അസീസും സുധീർ പറവൂരും ഒക്കെ നന്നായിട്ടുണ്ട്.
കൊല്ലം ജില്ലയിൽ നിന്നുള്ള ഒരാളെന്ന നിലയിൽ ചെറിയൊരു സംഗതി കൂടി പറയാനുണ്ട്. കപ്പലണ്ടി കുറഞ്ഞു പോയതിനും ലെയ്സ് ചോദിച്ചിട്ടു കൊടുക്കാത്തതിനും തല്ലുണ്ടാക്കുന്നവരെന്ന മട്ടിൽ തലക്കെട്ടിൽ കൊല്ലം എന്നത് ഹൈലൈറ്റ് ചെയ്തു വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന ചില മാദ്ധ്യമങ്ങൾ കേരളത്തിലുണ്ട്. അത്തരം വാർത്തകൾ ആഘോഷിക്കുന്ന നല്ലൊരു വിഭാഗം മറ്റു ജില്ലക്കാരും ഉണ്ട്. പ്രത്യേകിച്ച് നന്മയുടെ അടങ്കൽ വ്യാപാരികളായ രണ്ടു വടക്കൻ ജില്ലകൾ. നേരത്തെ പറഞ്ഞ വാർത്തകളിൽ തല്ലുണ്ടായതിന്റെ യഥാർത്ഥ കാരണം മദ്യലഹരിയാണെന്നോ മുൻ വൈരാഗ്യം ആണെന്നോ ഒന്നും അവർ മിണ്ടാറില്ല. നിലമേലിലെ കുപ്രസിദ്ധമായ സ്ത്രീധന പീഡന ആത്മഹത്യാ കേസിലെ പ്രതി പത്തനംതിട്ട ജില്ലക്കാരനാണെന്ന് ആരും റിപ്പോർട്ട് ചെയ്തിരുന്നില്ല. അതും കൊല്ലക്കാരുടെ ലേബലിലാണ് ഇപ്പോളുള്ളത്. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണോ സിനിമയിലെ പശ്ചാത്തലം കൊല്ലം തന്നെയാക്കിയത് എന്നറിയില്ല. എന്നാൽ ഇതൊക്കെ ഒരു പ്രദേശത്തുമാത്രം ഒതുങ്ങി നിൽക്കുന്നതല്ല എന്നതിന് തെളിവാണ് കേരളത്തിലുടനീളം റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ത്രീ പീഢനങ്ങളും മരണങ്ങളും മറ്റും. മഞ്ഞക്കണ്ണട മാറ്റി വച്ച് നോക്കണമെന്ന് മാത്രം. ( കുറച്ചു നാളായി ഇതൊന്നു പറയണമെന്ന് വിചാരിക്കുന്നു. ഹല്ല പിന്നെ. )