Sanuj Suseelan

എവിടെ ജോൺ ?

“മനുഷ്യനെ സ്നേഹിക്കാൻ പഠിക്കണം. സ്നേഹം ഇല്ലാത്തിടത്ത് ഉന്നതങ്ങളായ ഒന്നും സംഭവിക്കുകയില്ല. സാഹിത്യത്തിലോ മറ്റേതെങ്കിലും കലാരൂപങ്ങളിലോ ദുർഗ്രാഹ്യതയെ ഞാൻ വെറുക്കുന്നത് അതുകൊണ്ടാണ്. ഞാൻ പറയുന്നത് എന്റെ സമസൃഷ്ടികൾക്കു മനസ്സിലാവണം. അവർ അത് ആസ്വദിക്കണം. നിഷ്കളങ്കനായ ഒരു കുട്ടിക്ക് പോലും അത് മനസ്സിലാവണം”
“സിനിമയ്‌ക്കൊരു വിഷയം വേണം. എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ എന്റെ എക്സ്പീരിയൻസ് പകർത്തുകയാണ് ഞാൻ ചെയ്യുന്നത്. എന്റെ നാൽപതു വർഷക്കാലത്തെ ജീവിതാനുഭവങ്ങളിലൂടെ ഞാൻ നേടിയ അനുഭൂതികൾ ആണ് എന്റെ സിനിമയുടെ വിഷയം. എന്റെ അനുഭൂതികൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ എനിക്കറിയാവുന്ന മീഡിയം സിനിമയാണ്. ആ മീഡിയത്തോടു നീതി പുലർത്തികൊണ്ടു ഞാൻ അത് നിർവഹിക്കാൻ ശ്രമിക്കുന്നു ”

ജീവിതത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും സിനിമയെക്കുറിച്ചും ജോണിൻ്റെ ചിന്തകൾ എന്തായിരുന്നു എന്നത് മുകളിലത്തെ അദ്ദേഹത്തിൻ്റെ ഈ വാചകങ്ങളിലുണ്ട്. ആയിരത്തി തൊള്ളായിരത്തി എൺപത്തേഴിലെ ഒരു മെയ് മുപ്പത്തൊന്നിന് പണി തീരാത്ത ഒരു കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് താഴേയ്ക്ക് പതിക്കുമ്പോൾ നമുക്ക് നഷ്ടമായത് ഒരു കലാകാരനെ മാത്രമായിരുന്നില്ല, നല്ലൊരു മനുഷ്യനെക്കൂടിയായിരുന്നു. സാമ്പ്രദായിക രീതികളെ പാടേ അവഗണിച്ച് സ്വതസിദ്ധമായ രീതിയിൽ ജീവിച്ചു മരിച്ച, മലയാളം കണ്ട ഏറ്റവും വലിയ ജീനിയസ്സുകളിൽ ഒരാളായിരുന്നു ജോൺ. അച്ചടക്കമില്ലാത്ത ജീവിതം കൂടിയല്ലായിരുന്നെങ്കിൽ ലോകമറിയുന്ന ഒരു ചലച്ചിത്രകാരനാവുമായിരുന്നു ജോൺ. അദ്ദേഹത്തിന്റെ സിനിമയേക്കാൾ നാടകീയമായിരുന്നു ആ ജീവിതം.

ഒറ്റയാൾ പ്രസ്ഥാനങ്ങളായി നടത്തപ്പെട്ടിരുന്ന ഒരുപാടു പ്രസിദ്ധീകരണങ്ങൾ പുറത്തിറങ്ങിയിരുന്ന നഗരമാണ് കൊല്ലം. കൊല്ലത്ത് നിന്ന് വിലകുറഞ്ഞ പത്രക്കടലാസിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരുന്ന അത്തരമൊരു ദ്വൈവാരികയുടെ പഴയ ലക്കത്തിലെ മഞ്ഞച്ച പുറങ്ങളിലാണ് ജോൺ എബ്രഹാം എന്ന സിനിമാക്കാരനെക്കുറിച്ചു ആദ്യമായി വായിക്കുന്നത് . നല്ല സിനിമ നിർമിക്കാനായി ജനങ്ങളിൽ നിന്ന് പണം പിരിച്ചെടുത്തു രൂപീകരിച്ച ഒഡേസ കളക്ടീവ് എന്ന സംഘടനയുടെ സംരംഭമായ “‘അമ്മ അറിയാൻ” എന്ന ചിത്രത്തെക്കുറിച്ചും എന്തുകൊണ്ടാണ് ലോകസിനിമയിൽ തന്നെ ശ്രദ്ധിക്കപ്പെടാൻ തക്ക ഒരു സിനിമയായി അത് മാറിയതെങ്ങനെയെന്നും അതിൽ വിശദീകരിച്ചിരുന്നു. കുട്ടനാട്ടിലെ വലിയൊരു കുടുംബത്തിൽ ജനിച്ച ജോണിനെ കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ ആകർഷിച്ച ഒരു വ്യക്തി സ്വന്തം അപ്പൂപ്പനായിരുന്ന ജേക്കബ് ജോണായിരുന്നു. എൻജിനീയറും അതിനേക്കാൾ വലിയ സിനിമാ ഭ്രാന്തനുമായിരുന്നു അദ്ദേഹം. സ്വന്തമായി ഒരു പതിനാറ് എം എം കാമറ വരെ ഉണ്ടായിരുന്ന ആ അപ്പൂപ്പനാണ് ജോണിൽ സിനിമയുടെ വിത്ത് പാകിയത് എന്നും അതിൽ വായിച്ചത് ഓർമയുണ്ട്. പൂനെ ഫിലിം ഇന്സ്ടിട്യൂട്ടിൽ നിന്ന് സ്വർണ മെഡലോടെ സംവിധാനത്തിൽ ഡിപ്ലോമ എടുത്ത ജോൺ എബ്രഹാം എന്ന സംവിധായകൻ ജനിച്ചതിൽ മുഖ്യ പങ്കു വഹിച്ചത് സത്യത്തിൽ ആ അപ്പൂപ്പനാണ് എന്ന് വേണമെങ്കിൽ പറയാം.

അച്ചടക്കമില്ലാത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. സ്വാഭാവികമായും ആ അച്ചടക്കമില്ലായ്മ കൊണ്ടുള്ള പ്രശ്നങ്ങൾ അദ്ദേഹത്തിൻ്റെ സിനിമകളിലുണ്ടായിരുന്നു. പക്ഷെ അതുകൊണ്ടൊന്നും അവഗണിക്കാവുന്നതായിരുന്നില്ല ആ പ്രതിഭ. “I don’t have any bloody commitment till my death. I want to look at things in the real perspective of the things. It is not necessary that I should go into the penetration because when I visualize, I have a vision about it. I dream. My dream externalize myself. My thinking goes beyond myself. So it Happens.” – എന്നായിരുന്നു തൻ്റെ സിനിമാ നിർമാണ പ്രക്രിയയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്. അഗ്രഹാരത്തിൽ കഴുതൈ, വിദ്യാർത്ഥികളേ ഇതിലെ, അമ്മ അറിയാൻ, ചെറിയാച്ചൻ്റെ ക്രൂരകൃത്യങ്ങൾ എന്നിങ്ങനെ നാലേ നാലു സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. അസാമാന്യ പ്രഭിഭയുണ്ടായിരുന്ന ഒരു കലാകാരന്റെ തിരുശേഷിപ്പുകളാണ് ആ നാലു സിനിമകളും.

തൻ്റെ മുഖത്തോടു രൂപസാദൃശ്യമുള്ള ഒരു മൃതദേഹം യാദൃശ്ചികമായി കണ്ടു വിവശനായി അതാരെന്നു കണ്ടുപിടിക്കാനും മരിച്ചയാളിന്റെ അമ്മയെ ആ വിവരമറിയിക്കാനും പുരുഷൻ എന്ന് പേരുള്ള ഒരു കഥാപാത്രം നടത്തുന്ന യാത്രയാണ് ‘അമ്മ അറിയാൻ എന്ന ചിത്രത്തിന്റെ ഇതിവൃത്തം. ലോകസിനിമയിലെ മഹാന്മാരായ ചലച്ചിത്രകാരന്മാർ കൈകാര്യം ചെയ്തിട്ടുള്ള അത്തരമൊരു പ്രമേയം വളരെ പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് നമ്മുടെ കൊച്ചു സിനിമയിൽ അതിന്റെ grandeur ഒട്ടും കുറയാതെ ആവിഷ്കരിക്കുകയായിരുന്നു ജോൺ. ശ്രീ. ജോയ് മാത്യു ആയിരുന്നു ഇതിലെ നായകനെ അവതരിപ്പിച്ചത് പട്ടിണിയും പരിവട്ടവും കടവും മറ്റുമായി സിനിമയുടെ ഒരു വർണ്ണത്തൊങ്ങലുകളില്ലാതെയാണ് ജോൺ ആ കഥ സിനിമയാക്കിയത്. മുകളിൽ സൂചിപ്പിച്ചത് പോലെ ജീവിതത്തിൽ ഒരു അച്ചടക്കവുമില്ലാത്ത ജോണിന്റെ വിഭ്രമാത്കമായ ശൈലിയോടൊപ്പം നിൽക്കാൻ അതിലെ അണിയറക്കാർ കുറെ പണിപ്പെട്ടു എന്ന് മാത്രം.

പൂനെയിൽ നിന്ന് പഠനം നടത്തി വന്നു ഒരു ജിപ്സിയെ പോലെ ജീവിച്ചിരുന്ന ജോൺ അബ്രഹാമിന്റെ സുഹൃദ് സംഘത്തിൽ പെട്ടവരായിരുന്നു പുരുഷനെ അവതരിപ്പിച്ച ജോയ് മാത്യുവും ഹരിയെ അവതരിപ്പിച്ച ഹരി നാരായണനും. തൻ്റെ അഭിനേതാക്കളെ ജോൺ കടുത്ത പീഡനങ്ങൾക്കു വിധേയരാക്കി. മദ്യവും പുകയും ഒക്കെ നൽകിയ ലഹരിയിൽ മറ്റൊരു ലോകത്തു വിഹരിച്ചിരുന്ന ഒരു അവധൂതനായ ജോൺ തന്റെ മനസ്സിൽ നീറിപ്പുകഞ്ഞുകൊണ്ടിരുന്ന സിനിമയിലേയ്ക്ക് അവരെയെല്ലാം ബലി നൽകി. അതിലേറ്റവും കൂടുതൽ മാറിപ്പോയത് ഹരി നാരായണന്റെ ജീവിതമായിരുന്നു എന്ന് മാത്രം. കഥാപാത്രത്തെ കൂടുതൽ നന്നാക്കാനായി ജോൺ ഹരിയെ മദ്യത്തിൽ കുളിപ്പിച്ചു. മയക്കു മരുന്നുകൾ വരെ കുത്തിവച്ചു എന്നും കേട്ടിട്ടുണ്ട്. എന്തായാലും ചിത്രീകരണത്തിലെ പീഡാനുഭവങ്ങൾ ഹരിനാരായണൻ എന്ന മനുഷ്യൻ്റെയും താളം തെറ്റിച്ചു. മെഡിക്കൽ കോളജിലെ മോർച്ചറിയിൽ മറ്റുള്ള മൃതശരീരങ്ങൾക്കൊപ്പം ജോൺ ഹരിയേയും കിടത്തി. ഭയന്ന് നിന്ന അയാളെ ആദ്യം ജോൺ ആ ബെഞ്ചിൽ കിടന്നു കാണിച്ചുകൊടുത്തു ധൈര്യം കൊടുത്തു. ചുറ്റിനുമുള്ള അറപ്പുളവാക്കുന്ന ദൃശ്യങ്ങൾ കാണാതിരിക്കാൻ മദ്യം കൊണ്ട് ഒരു തിരശീലയുമിട്ടു അദ്ദേഹം. വികാര പ്രക്ഷുബ്ധനായി തബല കുത്തിപ്പൊളിക്കുന്ന ഒരു രംഗവും ചിത്രീകരിക്കപ്പെട്ടു. ദക്ഷിണ നൽകി സരസ്വതിയെ വണങ്ങി തബല അഭ്യസിച്ച ഹരിക്ക് അത് ഏറെ വർഷങ്ങൾ നീണ്ടു നിന്ന കുറ്റബോധമാണ് സമ്മാനിച്ചത്.

സ്വയവും സർഗാത്മകവുമായ ഒരു ആത്മരതിയായിരുന്നു ജോണിന് സിനിമാ പ്രവർത്തനം. കടുത്ത പ്രതിസന്ധികളെ അതിജീവിച്ചു പുറത്തു വന്ന ചിത്രം കേവലം സംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ മാത്രമല്ല അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടു. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ ഇന്ത്യയിലെ ഏറ്റവും മികച്ച പത്തു സിനിമകളുടെ കൂട്ടത്തിൽ അച്ചടക്കമില്ലാത്ത സംവിധായകന്റെ അച്ചടക്കമില്ലാത്ത സിനിമയായ അമ്മ അറിയാനും സ്ഥാനം പിടിച്ചു. ജോൺ സംവിധാനം ചെയ്ത ചിത്രങ്ങളിൽ അകെ കണ്ടിട്ടുള്ളത് അഗ്രഹാരത്തിൽ കഴുതയും ചെറിയാച്ചൻ്റെ ക്രൂരകൃത്യങ്ങളുമാണ്. മങ്ങിയ, ഡയലോഗുകൾ പലതും തിരിച്ചറിയാനാവാത്ത ഒരു കോപ്പി ആയിരുന്നതിനാൽ അഗ്രഹാരത്തിൽ കഴുത ഒരു സിനിമയെന്ന നിലയിൽ ആസ്വദിക്കാൻ കഴിഞ്ഞില്ല. പക്ഷെ ചെറിയാച്ചൻ്റെ ക്രൂരകൃത്യങ്ങൾ ശരിക്കും ഇഷ്ടപ്പെട്ടു.

അടുക്കും ചിട്ടയുമില്ലാതെ ചിതറിക്കിടക്കുന്ന ഭ്രാന്തൻ ചിന്തകൾ സെല്ലുലോയ്ഡിലേക്കു പകർത്തുമ്പോൾ സംഭവിച്ച ശ്രദ്ധക്കുറവ് കൊണ്ടാണോ എന്തോ വളരെ വിസിബിൾ ആയ ചില പിശകുകൾ അതിലെ തുടർച്ചയിൽ കാണാവുന്നതാണ്. എങ്കിലും അത് ചർച്ച ചെയ്യുന്ന വിഷയം ഈ കാലഘട്ടത്തിലും പ്രസക്തമാണ് എന്നിടത്താണ് ഈ സിനിമ കാലാതിവർത്തിയാവുന്നത്. ജന്മി കുടിയാൻ വ്യവസ്ഥ ഏറ്റവും കൂടുതൽ വ്യാപകമായി നിലനിന്നിരുന്ന ഒരിടത്ത് ജനിച്ചതുകൊണ്ടാവാം കുട്ടനാട്ടിലും പരിസരത്തും ജന്മിത്വത്തിനു നേരെ മുഴങ്ങിയ വിപ്ലവത്തിൻ്റ കഥ വളരെ തന്മയത്വത്തോടെ പറയാൻ ജോണിന് കഴിഞ്ഞത്. കമ്യൂണിസവും ക്രിസ്തുമതവും ചില സമാനതകൾ കൊണ്ട് നടക്കുന്നവരാണെന്ന് കമ്യൂണിസ്റ്റുകൾ പറഞ്ഞു കേട്ടിട്ടില്ലേ ? “The first requisite for the happiness of the people is the abolition of religion.” എന്ന മാർക്സിയൻ ചിന്ത കൊണ്ട് നടക്കുന്നവർ തന്നെ ജീസസ് ഒന്നാംതരമൊരു കമ്യൂണിസ്റ്റുകാരനായിരുന്നു എന്ന് പറയുന്നതും കേൾക്കാം. മതം, ജന്മിത്വം , വിപ്ലവം എന്നീ മൂന്നു വിഷയങ്ങൾ മാറിയ സാമൂഹ്യ വ്യവസ്ഥയോടൊപ്പം എങ്ങനെ മാറുന്നു, അല്ലെങ്കിൽ മാറ്റത്തെ പ്രതിരോധിക്കുന്നു എന്ന വീക്ഷണകോണിലുള്ള കൗതുകകരമായ സന്ദർഭങ്ങൾ ഈ ചിത്രത്തിലുണ്ട്. കേരളത്തിൽ അരങ്ങേറിയ കർഷക സമരങ്ങൾ പരോക്ഷമായി ഇവിടത്തെ ഫ്യൂഡൽ സിസ്റ്റത്തെയും അത് വഴി പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരെയും മാറ്റിമറിക്കുന്നത് സ്പഷ്ടമായി ജോൺ അവതരിപ്പിക്കുന്നുണ്ട്. സാധാരണ ഇത്തരം ചിത്രങ്ങൾ ചെയ്യുന്ന പോലുള്ള പക്ഷംപിടിക്കൽ ഒന്നുമില്ലാതെ ഒരു ഡോക്യൂമെന്ററിയുടെ സമഗ്രതയോടെ ആ കാലഘട്ടത്തെ റെക്കോർഡ് ചെയ്യാനും അതേ സമയം തന്നെ അതുൽപ്പാദിപ്പിക്കുന്ന മാനുഷികമായ വികാരങ്ങളിൽ നിന്നകന്നു പോകാതിരിക്കാനും ജോൺ എന്ന ജീനിയസ്സിനു കഴിഞ്ഞിട്ടുണ്ട്. അടൂർ ഭാസി സ്വന്തം അഭിനയ ജീവിതത്തിൽ ചെയ്ത ഏറ്റവും മനോഹരമായ വേഷമായിരുന്നു ചെറിയാച്ചൻ.

തനിക്കു ചുറ്റുമുണ്ടായിരുന്ന എല്ലാവരോടും ഒരു കൊച്ചു കുട്ടിയെ പോലെ കലഹിക്കുകയും സ്നേഹിക്കുകയും സന്തോഷിക്കുകയും കരയുകയുമൊക്കെ ചെയ്തിരുന്ന ജോൺ മറക്കാനാവാത്ത ഓർമ്മകൾ പലതും അവർക്കു സമ്മാനിച്ചിട്ടാണ് ഇവിടം വിട്ടത്. മുപ്പത്തിയാറു വർഷം മുമ്പ് ആ ടെറസിൽ നിന്ന് കാൽ തെന്നി താഴേയ്ക്ക് പതിക്കുമ്പോൾ തനിക്കു മാത്രം പരിചയമുള്ള ആ ഭ്രമാത്മക ലോകത്തേക്കാവണം അദ്ദേഹം പറന്നു പോയിട്ടുണ്ടാവുക. സത്യത്തിൽ ആരായിരുന്നു ജോൺ ? ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയത് തന്നെയാണ് അതിനുത്തരം എന്ന് തോന്നുന്നു..
“പ്രണയ നൃത്തം ചവിട്ടിയ പാതിരാ തെരുവുകളിന്ന്,
ദുഃഖ ദീർഘങ്ങൾ , വിഹ്വല സമുദ്ര സഞ്ചാരങ്ങൾ തീർന്നു ഞാനൊരുവനെ തേടിവന്നു
വേദങ്ങളിൽ അവനു ജോണെന്ന് പേര്
മേൽവിലാസവും നിഴലുമില്ലാത്തവൻ വിശക്കാത്തവൻ !”

Leave a Reply
You May Also Like

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

മോഹൻലാലിനെ വച്ച് മെഗാഹിറ്റും സൂപ്പർ ഹിറ്റും സമ്മാനിച്ച പൃഥ്വിരാജ് മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്യുമോ…

എംപുരാന്റെ ലേറ്റസ്റ്റ് അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്

ലൂസിഫർ ആദ്യഭാഗം നേടിയ ഗംഭീരമായ വിജയം മലയാള സിനിമയ്ക്ക് തന്നെ വലിയ ഉണർവായിരുന്നു. വിദേശത്തു നിന്ന്…

ലിംഗത്തെക്കാൾ പത്തിരട്ടി സുഖം സ്ത്രീകൾക്ക് സമ്മാനിക്കാൻ കഴിയുന്ന മറ്റൊരു അവയവം ആണുങ്ങൾ ഓർക്കാറില്ല

പുരുഷന്മാർ സ്ത്രീകളെ സുഖിപ്പിക്കാൻ എപ്പോഴും എടുത്തു ഉപയോഗിക്കുന്ന ആയുധം ലിംഗമാണ്. എന്നാൽ അതിന്റെ പത്തിരട്ടി സുഖം…

അഫ്‌സലിലെ പാട്ടുകാരൻ

അഫ്‌സലിലെ പാട്ടുകാരൻ ഗിരീഷ് വർമ്മ ബാലുശ്ശേരി മികച്ച ശബ്ദത്തിന്റെ ഉടമ ആയിട്ടും മലയാള സിനിമ അർഹിക്കുന്ന…