സിനിമാ പരിചയം : കാപ്പാൻ
Release date: 20 September 2019 (India)
Director: K. V. Anand
Budget: 75 crores INR (2018)
Cinematography: M. S. Prabhu, Abinandhan Ramanujam
Box office: 100 crores INR
കഥാപാത്രങ്ങൾ
മോഹൻലാൽ – ചന്ദ്രകാന്ത് വർമ്മ (ഇന്ത്യൻ പ്രധാനമന്ത്രി)
സൂര്യ – കതിരവൻ
ആര്യ – അഭിഷേക്
സയ്യഷ – അഞ്ജലി
ബോമാൻ ഇറാനി – രാജൻ മഹാദേവ്
സമുദ്രക്കനി – ജോസഫ് സെൽവരാജ്
ഷംന കാസിം – പ്രിയ ജോസഫ്
ശങ്കർ കൃഷ്ണമൂർത്തി – സുന്ദർ
Sanuj Suseelan
ഇന്ത്യ മുഴുവൻ മാത്രമല്ല അമേരിക്കയിലുള്ള സായിപ്പന്മാർ വരെ പച്ചവെള്ളം ഉലുക്കുഴിയുന്നതു പോലെ തമിഴ് പേശുന്ന ഒരു ലോകത്ത് നടക്കുന്ന അത്യന്തം പുതുമ നിറഞ്ഞ, വളരെ വ്യത്യസ്തമായ ഒരു സിനിമയാണ് കാപ്പാൻ. പ്രധാനമന്ത്രിയെ വധിക്കാനുള്ള തീവ്രവാദികളുടെ സ്ഥിരം അടവുകളും അതിനിടയിൽ ഒന്നര ഔൺസ് പ്രേമം, രണ്ട് ഔൺസ് പ്രതികാരം, ഒന്നോ രണ്ടോ ഐറ്റം ഡാൻസ്, ഒരു ഡബാംകൂത്ത് പാട്ട്, കിലോക്കണക്കിന് ട്വിസ്റ്റ് എന്നിവയൊക്കെ ചേർത്ത് പടം കളറാക്കാൻ സംവിധായകൻ കുറെ കഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷെ തേങ്ങാ എത്ര അരച്ചാലും താളല്ലേ കറി എന്ന് പറയുന്നത് പോലെ ബയോ വാർ, ക്രിപ്റ്റോ അൽഗോരിതം ഹാക്കിങ് എന്നൊക്കെ കുറെ വാക്കുകൾ കുത്തി തിരുകിയാലും അകത്തുള്ളത് ഒരു സാധാരണ തമിഴ് മസാല സിനിമയാണ് എന്ന് ഏതു കൊച്ചു കുഞ്ഞിനും മനസ്സിലാവുന്ന വിധത്തിലാണ് ഇതിന്റെ തയ്യാറിപ്പ്. സാമൂഹ്യ പ്രതിബദ്ധത ചിത്രങ്ങളുടെ സ്ഥിരം ചേരുവകളായ ഓർഗാനിക് ഫാമിങ്, ബയോളജിക്കൽ വെപ്പൺ, മൈനിങ് മാഫിയ തുടങ്ങി പ്രിസർവേറ്റിവുകളും ആവശ്യത്തിന് ചേർത്തിട്ടുള്ള, ഒരാഴ്ച മാത്രം എക്സ്പയറി പീരിയഡ് ഉള്ള ഒരു ഉത്പന്നമാണ് കെ വി ആനന്ദ് ഉണ്ടാക്കി വച്ചിരിക്കുന്നത്. എസ് എൻ സ്വാമി വരെ കണ്ണ് തള്ളുന്ന വിധമുള്ള ട്വിസ്റ്റുകൾ ഒന്ന് രണ്ടെണ്ണം പടത്തിലുണ്ട്. സൂക്ഷിച്ചിരുന്നു കണ്ടില്ലെങ്കിൽ ആദ്യമേ തന്നെ അത് പിടികിട്ടുമെന്നു ഒരു മുന്നറിയിപ്പ് തരുന്നു.
നരേന്ദ്ര മോദിയെ ഓർമ്മിക്കുന്ന വേഷവിധാനത്തിലാണ് ഇതിൽ മോഹൻലാൽ അവതരിപ്പിക്കുന്ന പ്രധാനമന്ത്രി ചന്ദ്രകാന്ത് വർമ്മ പ്രത്യക്ഷപ്പെടുന്നത്. ഇങ്ങോർ എവിടത്തെ വർമയാണ് എന്നറിയില്ല. തമിഴ്നാട്ടിൽ വർമ്മമാർ ഉണ്ടോന്നുമറിയില്ല . പക്ഷെ അങ്ങ് കാശ്മീരിൽ ചെല്ലുമ്പോൾ വരെ പുള്ളി തമിഴിലാണ് സംസാരിക്കുന്നത്. അല്ല, അതിനു അങ്ങോരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കാഷ്മീരിലെ കുഗ്രാമത്തിലെ കൊച്ചു കുട്ടികൾ പാട്ടു പാടുന്നത് വരെ തമിഴിലാണ് എന്നാണ് സിനിമയിൽ കാണിക്കുന്നത് . അതേ സമയം തന്നെ പ്രധാനമന്ത്രിയാണെങ്കിലും കൂറ് ഇങ്ങു തമിഴ്നാടിനോടാണ് എന്ന് ഓർമിപ്പിക്കുന്ന വിധത്തിൽ കുറച്ചു ഡയലോഗുകളും തിരുകിയിട്ടുണ്ട്.
ഒരു പട്ടിക്കാട്ടു ഗ്രാമത്തിൽ കൃഷിയൊക്കെയായി ജീവിക്കുന്ന പാവത്തിനെ പോലെ നായകനെ അവതരിപ്പിക്കുമ്പോളേ നമുക്ക് പിടികിട്ടുംഇവൻ ആളത്ര വെടിപ്പല്ലല്ലോ എന്ന്. നൂറ്റൊന്നാവർത്തി കണ്ടിട്ടുള്ള പാട്ടും വരയൻ അണ്ടർ വെയർ കാണിച്ചുള്ള ഡാൻസും കൂടി വരുമ്പോ അതൊന്നുകൂടി കൊഴുക്കും. അയാളെ ഇന്റർവ്യൂ ചെയ്യാൻ വരുന്ന സിറ്റി പൊണ്ണിനോട് ഇംഗ്ലീഷ് വാക്കുകളും ഓർഗാനിക് കൃഷിയിലെ തിയറികളും ഒക്കെ വിശദീകരിച്ചിട്ടും ഇങ്ങനെയൊരു ഗ്രാമവാസിക്ക് ഇത്രയും അറിവ് എങ്ങനെ വന്നു എന്ന് സ്ഥിരം വായ പൊളിച്ചുകൊണ്ടു ചോദിക്കുന്ന ഡയലോഗും സീനുമൊക്കെ ഒഴിവാക്കിയിട്ടുണ്ട്. വെറൈറ്റിയല്ലേ ? സൂര്യ തൻ്റെ ജോലി മര്യാദക്ക് ചെയ്തിട്ടുണ്ട്. പക്ഷെ കണ്ടു മടുത്ത വേഷമായതുകൊണ്ട് അതെല്ലാം പാഴായെന്നു മാത്രം.
മോഹൻലാൽ ഈ വേഷത്തിൽ വളരെ നന്നായിട്ടുണ്ട്. വളരെ നാച്ചുറൽ ആയി അദ്ദേഹം ആ വേഷം അവതരിപ്പിച്ചു. അമ്പതു വയസ്സിനു മേൽ പ്രായം തോന്നിക്കുന്ന, ശരാശരി ലുക്കുള്ള ഒരു നടിയാണ് ( ഉമാ പത്മനാഭൻ ) അദ്ദേഹത്തിന്റെ ഭാര്യാ വേഷം ചെയ്തിരിക്കുന്നത് . എന്നാൽ മലയാളത്തിൽ മുതിർന്ന വേഷങ്ങൾ അവതരിപ്പിക്കുമ്പോൾ അദ്ദേഹത്തിൻ്റെ നായികമാരായി സുന്ദരിമാരായ, അധികം പ്രായം തോന്നിക്കാത്തവരെയാണ് കാസ്റ്റ് ചെയ്യാറുള്ളത് എന്നോർത്തുപോയി. അവസാനമിറങ്ങിയ വില്ലനിൽ പോലും മഞ്ജു വാര്യർ ആയിരുന്നല്ലോ നായിക. എന്തായാലും ഈ സിനിമയിൽ ഒരു ആശ്വാസം അദ്ദേഹം അവതരിപ്പിച്ച ചന്ദ്രകാന്ത് വർമയാണ്.
ആര്യയ്ക്ക് ചേർന്ന റോളായിരുന്നു ചിത്രത്തിലേത്. ഒരുവിധം നന്നായി ആര്യ അഭിനയിച്ചിട്ടുമുണ്ട് . യഥാർത്ഥ ജീവിതത്തിൽ ആര്യയുടെ പത്നിയായ സയേഷ സൈഗാൾ ആണ് നായികയായ അഞ്ജലിയെ അവതരിപ്പിച്ചത്. അഭിനയശേഷിയുടെ കാര്യത്തിൽ ഭർത്താവിനോട് കട്ടയ്ക്കു കട്ടയ്ക്കു നിൽക്കും സയേഷ. അത്രയ്ക്ക് ആർട്ടിഫിഷ്യാലിറ്റി. ബൊമൻ ഇറാനിയെ ഒക്കെ എന്തിനാണാവോ ഇത്തരമൊരു ടൈപ്പ് വേഷം ചെയ്യാൻ കൊണ്ട് വന്നത്. ഇത്രയും മികച്ച ഒരു നടനെ ഒക്കെ ഇങ്ങനത്തെ ഒരു വേഷം കെട്ടിച്ചതിന് ആനന്ദിനെ ഉലക്ക കൊണ്ടടിക്കണം. ചിരാഗ് ജനി കൊള്ളാം. പണ്ട് വിദ്യുത് ജംവാൽ വന്നിരുന്ന റോളുകളിലൊക്കെ ഇനി ചിരാഗിനെ പ്രതീക്ഷിക്കാമെന്ന് തോന്നുന്നു.
മലയാളത്തിലായിരുന്നുവെങ്കിൽ നമ്മുടെ പൊ.ക. തപ്പികൾക്ക് ഒരു മൂന്നു നാലാഴ്ച ചൂടൻ ചർച്ചകൾക്ക് സാദ്ധ്യതയുണ്ടാകുമായിരുന്ന തരത്തിൽ മുസ്ലിം തീവ്രവാദം ഈ പടത്തിൽ ചേർത്തിട്ടുണ്ട്. ബാലൻസ് ചെയ്യാൻ വേണ്ടി പ്രധാന വില്ലനെയും വില്ലന് പുറകിലുള്ളയാളെയും ഹിന്ദുക്കളാക്കിയെന്നതും വിസ്മരിക്കുന്നില്ല. കശ്മീരിലെ ആർട്ടിക്കിൾ 375 റദ്ദാക്കലാണ് അണിയറക്കാർ ഉദ്ദേശിച്ചിട്ടുള്ളതെങ്കിലും നേരിട്ടൊന്നും പറയുന്നില്ല. സൈഡിൽ കൂടി ആ സൂചനകൾ ചേർത്തിട്ടുണ്ട് എന്ന് മാത്രം. ഈ സർക്കാർ മറ്റുള്ളവരെപോലെയല്ല, മുട്ടൻ ദേശസ്നേഹികളാണ് എന്ന് വളരെ നിഷ്കളങ്കമായി കാണിക്കാൻ സംവിധായകൻ ആഞ്ഞു ശ്രമിച്ചിട്ടുണ്ട്. ഏതു സർക്കാരിനെയാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായിട്ടുണ്ടാവുമല്ലോ.
സിനിമയെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. ആമസോൺ പ്രൈമിൽ ഇത് ഉടനെ വരും. സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് അതിൽ കാണാവുന്നതാണ്. തീയറ്ററിൽ തന്നെ കണ്ടില്ലെങ്കിലും ഒരു പ്രശ്നവുമില്ല. അയാൻ പോലുള്ള കൊള്ളാവുന്ന കമേഴ്സ്യൽ സിനിമകളെടുത്ത, ദേശീയ അവാർഡ് വരെ നേടിയ ഒരു സിനിമാട്ടോഗ്രാഫർ ഇങ്ങനത്തെ ചവർ സിനിമകളെടുത്താണ് മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുന്നതെങ്കിൽ അത് കഷ്ടമാണ്. സൂര്യയുടെ കാര്യമോർത്ത് വിഷമമുണ്ട്. പാവത്തിന് ഒരു ഹിറ്റ് കിട്ടിയിട്ട് കാലം കുറച്ചായി.