Entertainment
കാര്യമായി വർക്ക് ചെയ്തിരുന്നെങ്കിൽ ഓപ്പറേഷൻ ജാവയെക്കാൾ മികച്ച വിജയമാവേണ്ടിയിരുന്ന സിനിമ

Sanuj Suseelan
മലയാള സിനിമയിൽ കമ്പ്യൂട്ടർ രംഗപ്രവേശം ചെയ്തിട്ട് വർഷങ്ങളായി. പണ്ടത്തെ ഷാജി കൈലാസ് ചിത്രങ്ങളിൽ MS Paint ഉപയോഗിച്ച് വിരലടയാളം മാച്ച് ചെയ്യുന്നതും രക്തം ടെസ്റ്റ് ചെയ്യുന്നതുമൊക്കെ ഓർമ്മയുണ്ടാവുമല്ലോ. ഹാക്കിങ് എന്ന സംഭവം മലയാളത്തിലെന്നല്ല ഇന്ത്യൻ സിനിമയിൽ പൊതുവെ തന്നെയും ചില സ്ഥിരം ടെംപ്ളേറ്റുകൾ ഉപയോഗിച്ചാണ് കാണിക്കാറുള്ളത്. ഫ്രീക്കനായ കോളജ് ഡ്രോപ്പൗട്ടായ ഒരു പയ്യൻ, മെട്രിക്സ് സിനിമയുടെ സ്ക്രീൻ സേവർ ഓടിക്കൊണ്ടിരിക്കുന്ന കുറെ മോണിറ്ററുകൾ. പപ്പടം പൊടിക്കുന്നത് പോലെ ചെക്കൻ കയറിയിറങ്ങുന്ന സെർവറുകൾ ഇതൊക്കെയാണ് മിക്കപ്പോളും ഹൈ ടെക്ക് ആവാൻ സിനിമാക്കാർ ഉപയോഗിക്കുന്നത്. സിനിമയിലെ ഹാക്കിങ് കണ്ടാൽ ഗൂഗിൾ, ഫേസ്ബുക്, ട്വിറ്റെർ പോലുള്ള വമ്പന്മാരൊക്കെ ഇത്രയും മോശം സെക്യൂരിറ്റി ആണോ തരുന്നതെന്നു സാധാരണക്കാരന് സംശയം തോന്നാനും മതി. എന്നാൽ ഇപ്പോളത്തെ മലയാള സിനിമകൾ അതിൽ നിന്നൊക്കെ വളരെ ഭേദമാണ്. ഏറ്റവും നല്ല ഉദാഹരണമാണ് ജോ ആൻഡ് ജോ എന്ന സിനിമ.
ടെക്നോളജിയുമായി വലിയ ബന്ധമൊന്നുമില്ലാത്ത സിംപിളായ ആ സിനിമയിൽ ജോമോളുടെ വാട്ട്സ് ആപ്പ് ഹാക്ക് ചെയ്യുന്ന സീൻ. അവളുടെ ഫോൺ കട്ടെടുത്ത് WhatsApp Web -ൽ ലോഗിൻ ചെയ്യുമ്പോൾ ആ പയ്യൻ “ഇതാണോ നിന്റെ ഹാക്കിങ് ?” എന്ന് ചോദിക്കുന്ന ആ ചോദ്യം ഹാക്കിങ് എന്ന പേരിൽ ഊളത്തരം കാണിക്കുന്ന എല്ലാവരോടുമുള്ള ചോദ്യമാണ്. അല്ലെങ്കിലും സ്വന്തം കൈയബദ്ധം കൊണ്ട് എന്തെങ്കിലും മണ്ടത്തരം ഷെയർ ആയാലും അത് ഞാനല്ല, എന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നാണല്ലോ പൊതുവേ ആൾക്കാർ ജാമ്യമെടുക്കുന്നത്.
സൈബർ സെക്യൂരിറ്റിയെ അടിസ്ഥാനമാക്കിയുള്ള ഒരു കഥ പറ്റുന്നത്ര യാഥാർഥ്യബോധത്തോടെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് കീടം എന്ന ഈ സിനിമയുടെ മെറിറ്റ്. മാത്രമല്ല യഥാർത്ഥ ലോകത്തിൽ നമ്മൾ കാണുന്നത് പോലെ ഒരു സെക്യൂരിറ്റി എക്സ്പെർട്ട് ആണ് ഇതിലെ നായികയും. ഗിമ്മിക്ക്സ് ഒന്നും ഉപയോഗിക്കാതെ മാൽവെയർ പ്ലാന്റ് ചെയ്യുന്നതും ബാക്ക് ഡോർ വഴിയുള്ള ചാരപ്രവർത്തനവുമൊക്കെ വളരെ ലളിതമായി അവതരിപ്പിച്ചിട്ടുണ്ട്. ആദ്യ ചിത്രമായ ഒറ്റമുറി വെളിച്ചത്തിന് നാല് സംസ്ഥാന അവാർഡുകളും രണ്ടായിരത്തി പത്തൊൻപത്തിലെ ഏറ്റവും നല്ല മലയാള ചിത്രത്തിനുള്ള ദേശീയ അവാർഡും നേടിയ മിടുക്കനായ സംവിധായകനാണ് ഇതിന്റെ ഡയറക്ടർ ആയ രാഹുൽ റിജി നായർ.
Zee 5 -ലാണ് ചിത്രം സ്ട്രീം ചെയ്തുകൊണ്ടിരിക്കുന്നത്. അതിൽ പടം കാണുന്നത് ഒരു ചടങ്ങാണ്. ഒരു തരി പ്രൊഫെഷണലിസമോ കാശു കൊടുത്ത് വരിക്കാരാവുന്നവരോട് ഇത്തിരിയെങ്കിലും കമ്മിറ്റ്മെന്റോ ഒന്നുമില്ലാത്ത ഒരു കമ്പനിയാണത്. ഈ സിനിമയുടെ സബ് ടൈറ്റിൽ ചെയ്ത “1”Barrier ” കൊടുത്ത സബ് ടൈറ്റിൽ അവസാന നിമിഷം മാറ്റി അവർക്ക് ബോധിച്ച ഏതോ ഒരെണ്ണമാണ് ഇപ്പോൾ ഇട്ടിരിക്കുന്നത്. അതൊക്കെ വച്ച് സിനിമ കാണുന്നവർക്ക് എന്താണാവോ പിടികിട്ടുന്നത്.
1,851 total views, 12 views today