Entertainment
ക്ലൈമാക്സ് ഒന്ന് പൊളിച്ചു പണിതിരുന്നെങ്കിൽ വേറെ ലെവലിൽ പോകേണ്ടിയിരുന്ന പടമാണ്

Sanuj Suseelan
രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും കണ്ടു. ഫിയദോർ ദസ്തയേസ്കിയുടെ ഇതേ പേരിലുള്ള പ്രശസ്തമായ നോവലല്ല, മറിച്ച് കാസർഗോഡ് നടന്ന ഒരു കവർച്ചയിലെ പ്രതികളെ കേരളാ പോലീസ് രാജസ്ഥാനിൽ പോയി പിടിച്ചുകൊണ്ടുവന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ, സർക്കിൾ ഇൻസ്പെക്ടർ കൂടിയായ ശ്രീ. സിബി തോമസ് സഫാരി ചാനലിൽ ഈ കഥ പറഞ്ഞത് കാണാൻ പറ്റിയിരുന്നില്ല. അതുകൊണ്ടുതന്നെ മുൻ ധാരണയൊന്നുമില്ലാതെയാണ് ഈ സിനിമ കാണാനിരുന്നതും. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രത്തിന്റെ ആദ്യ ഒന്നര മണിക്കൂർ ശരിക്കും ഇഷ്ടമായി.
ധൈര്യം മാത്രം കൈമുതലാക്കി തങ്ങൾക്ക് പരിചിതമല്ലാത്ത ഒരിടത്തേക്ക് കൗശലക്കാരായ മോഷ്ടാക്കളെ പിടികൂടാനായി ഒരു സംഘം പോലീസുകാർ ഇറങ്ങിപ്പുറപ്പെടുന്നതും ലക്ഷ്യത്തോടടുക്കുമ്പോൾ അവർ മനസ്സിലാക്കുന്ന യാഥാർഥ്യങ്ങളുമൊക്കെ വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. തങ്ങൾ തേടിവന്നവർ പതിയിരിക്കുന്നത് നിഗൂഢമായ ഒരിടത്താണെന്ന പ്രതീതി സൃഷ്ടിക്കുന്നതിലും സിനിമ വിജയിച്ചിട്ടുണ്ട്. ദിവസങ്ങൾ നീണ്ട തയ്യാറെടുപ്പിനു ശേഷം അവർ ആ ഗ്രാമത്തിന്റെ കവാടത്തിലെത്തുന്നത് വരെ ഒരു കൗതുകം സൃഷ്ടിക്കാനും സിനിമയ്ക്ക് സാധിച്ചു. എന്നാൽ പിന്നീട് കാണുന്നതെന്താണ് ? പൂച്ചയെ കഴുത്തിന് പിടിച്ചു തൂക്കിയെടുക്കുന്നത് പോലെ കൂളായി കള്ളന്മാരെ പിടിച്ചു വണ്ടിയിലിട്ടു തിരികെ പോവുകയാണ് ഈ പോലീസുകാർ. വീരശൂരപരാക്രമികളായ കള്ളന്മാരുടെ ഭാഗത്ത് നിന്ന് പറയത്തക്ക ഒരു പ്രതിരോധവും ഇല്ലെന്നു മാത്രമല്ല അവിടത്തെ സ്ത്രീകളാണ് ആകെ എന്തെങ്കിലും ചെയ്യുന്നതും. ഇതിനു വേണ്ടിയാണോ ഈ ബിൽഡപ്പൊക്കെ കാണിച്ചത് എന്നാലോചിച്ച് പ്രേക്ഷകൻ വാ പൊളിക്കുന്ന തരം കൂതറ ക്ലൈമാക്സ്.
ഒരു സംവിധായകനെന്ന നിലയിൽ രാജീവ് രവിയുടെ ഏറ്റവും വലിയ മികവ് കഥ സ്ക്രീനിൽ ആവിഷ്കരിക്കുന്നതിലെ ഡീറ്റൈലിംഗാണ്. കഥാ പരിസരവും കഥാപാത്രങ്ങളുമൊക്കെ തികച്ചും വ്യത്യസ്തമായ രീതിയിൽ വിജയകരമായി അവതരിക്കുമ്പോളും ആ ഒരു ശ്രദ്ധ കഥ പറയുന്നതിൽ കാണിക്കാത്ത ആളാണ് പുള്ളി എന്നാണ് എന്റെ അഭിപ്രായം. സാങ്കേതികമായ മികവാണ് അദ്ദേഹത്തിന്റെ സിനിമകളിലെ ഉപരിപ്ലവമായ കഥയെ പലപ്പോളും മറച്ചു വയ്ക്കാൻ സഹായിക്കുന്നത്. ഒന്നുകിൽ കഥയുടെ സൗന്ദര്യാത്മകതയ്ക്ക് അദ്ദേഹം വില കൊടുക്കുന്നില്ല. അല്ലെങ്കിൽ പുള്ളിയുടെ ബലഹീനത ആ ഏരിയയിലാണ്. ഈ സിനിമ തന്നെ നോക്കൂ. രാജസ്ഥാനിലെ ആ ഉൾനാടൻ ഗ്രാമത്തിലേക്കുള്ള തനി മലയാളികളായ ആ പോലീസുകാരുടെ യാത്ര ചിത്രീകരിച്ചിരിക്കുന്നത് നോക്കൂ. അവിടെയൊക്കെ കറങ്ങിയിട്ടുള്ള ഏതൊരു മലയാളിക്കും അനുഭവമുള്ള കാര്യങ്ങൾ ആ യാത്രയിൽ വിദഗ്ധമായി ഇഴുകി ചേർത്തിട്ടുണ്ട്. ആഹാരം കഴിച്ചു പണി കിട്ടുന്നതും ചോറും കറിയും കിട്ടുമോന്നുള്ള കരച്ചിലും ആ ലോഡ്ജിന്റെ പരിസരവും മുറികളും സ്റ്റാഫും പോലീസ് ഠാണായും പോലീസുകാരുമൊക്കെ മനോഹരമായി സിനിമയിൽ വന്നിട്ടുണ്ട് . പൂനെയിൽ പഠിച്ച, ബോളിവുഡ് സിനിമകളിൽ ജോലി ചെയ്തിട്ടുള്ള രാജീവിന്റെ അനുഭവ സമ്പത്ത് ആ ഭാഗങ്ങളൊക്കെ ചിത്രീകരിക്കാൻ അദ്ദേഹത്തെ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ടാവണം. സ്വാഭാവികമായും ആ ഭാഗങ്ങൾ നന്നായി വന്നിട്ടുമുണ്ട്. എന്നാൽ തനിക്ക് പരിചയമില്ലാത്ത, കേട്ട് കേൾവിയോ കണ്ടു പരിചയമോ ഇല്ലാത്ത ഒരു സംഭവം കാണിക്കുമ്പോൾ അത് കൈവിട്ടു പോയി. ഈ സിനിമയുടെ കഥയുമായി അടുത്ത സാമ്യമുള്ള തീരൻ-അധികാരം ഒന്റ്റ് എന്ന തമിഴ് ചിത്രവുമായി പ്രേക്ഷകർ ഈ സിനിമയെ താരതമ്യം ചെയ്യുന്നതിൽ അത്ഭുതമില്ല. യാഥാർഥ്യവുമായി അധികം അകലം പാലിക്കാതെ തന്നെ ആ എൻകൗണ്ടർ എങ്ങനെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രീതിയിൽ ചിത്രീകരിക്കാം എന്ന് കാണിച്ചു തരുന്ന സിനിമയാണത്. അതാണിതിൽ മിസ്സായത്.
2,672 total views, 4 views today