CAUTION : Spoilers ahead 

Sanuj Suseelan

മലയാള സിനിമയിലെ ഏറ്റവും വലിയ “ഫ്ലോപ്പായ” മലൈക്കോട്ടൈ വാലിബൻ കണ്ടു. ആദ്യമേ പറയാം. ഈ സിനിമ എനിക്ക് വളരെ ഇഷ്ടമായി. ഒരു നാടോടിക്കഥ പോലെ ആസ്വദിക്കേണ്ട ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. അതിമനോഹരം എന്ന് മാത്രം വിളിക്കാനാവുന്ന ദൃശ്യങ്ങളും ചമയങ്ങളും സാങ്കേതിക മികവും മനോഹരമായ ആക്ഷൻ കൊറിയോഗ്രഫിയും ഒക്കെയുണ്ടെങ്കിലും മികച്ചൊരു സിനിമ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാനാവാത്തതിന് പ്രധാന കാരണം ഇതിന്റെ എഴുത്തിൽ വന്ന പ്രശ്നങ്ങളാണ് എന്നാണ് എനിക്ക് തോന്നുന്നത്. ആമേൻ പോലൊരു ചിത്രം എഴുതിയ പി എസ് റഫീഖിനോടുള്ള എല്ലാ ബഹുമാനത്തോടെയും പറഞ്ഞുകൊള്ളട്ടെ, അദ്ദേഹത്തിന്റെ ഏറ്റവും മോശം വർക്ക് ആണിത്. ലിജോയുടെ ഒപ്പം ഏറ്റവും കൂടുതൽ തവണ അസ്സോസിയേറ്റ് ചെയ്തിട്ടുള്ളയാളാണ് റഫീഖ്. ആമേനും നായകനും പോലത്തെ സിനിമകൾ ഈ കൂട്ടുകെട്ടിൽ നിന്ന് ഉണ്ടായിട്ടുമുണ്ട്. പക്ഷെ മലൈക്കോട്ടൈ വാലിബനിൽ വാലും തുമ്പുമുള്ള ഒരു കഥ പറയുക എന്നതിലുപരി കാഴ്ചക്കാരെ ഞെട്ടിക്കുക എന്ന ഒറ്റ ലക്‌ഷ്യം മാത്രമേ സംവിധായകനുണ്ടായിരുന്നുള്ളൂ എന്ന് തോന്നുന്നു.

  ഒരു വേഫർ തിൻ പ്ലോട്ട് ഇത്രയും വലിയ സ്കെയിലിൽ പടുത്തുയർത്തിയതിന് ലിജോയെ അഭിനന്ദിക്കുമ്പോളും ഈ. മ. യൗ. എന്ന ചിത്രത്തിൽ അദ്ദേഹം കാണിച്ച പോലൊരു മാജിക് ഇതിൽ കൈമോശം വന്നു എന്ന് മാത്രമല്ല ആത്മാവില്ലാത്ത ഒരു ആത്മാവിഷ്കാരമായി ഈ സിനിമ മാറുകയും ചെയ്തു. അതിനൊപ്പം ചിത്രത്തിന്റെ പ്രൊമോഷനിൽ പറ്റിയ പാളിച്ചയുമാണ് ഇത്രയും മോശം അഭിപ്രായങ്ങൾ സിനിമയ്ക്ക് നേരെ വരാനുണ്ടായ കാരണമെന്നാണ് തോന്നുന്നത്. ഈ സിനിമ മാർക്കറ്റിൽ പ്ലേസ് ചെയ്ത രീതി ശരിയായിരുന്നില്ല. ഒരു മാനേജ്‌മന്റ് ബിരുദധാരിയായ ലിജോ എന്തുകൊണ്ടാണ് ഇത്തരം ഒരു പ്രൊമോഷന് നേരെ കണ്ണടച്ചതെന്നു മനസ്സിലാവുന്നില്ല. അതിനൊപ്പം മോഹൻലാൽ ചിത്രങ്ങൾക്ക് നേരെ തുടരുന്ന ഒരുതരം പ്ലാൻഡ് ആയ ആക്രമണം ഈ ചിത്രത്തിന് നേരെയും നടന്നിട്ടുണ്ട്.

ആയിരത്തിൽ ഒരുവൻ, ഉലകം ചുറ്റും വാലിബൻ തുടങ്ങിയ സിനിമാപ്പേരുകളുടെ ശൈലിയിലാവണം ഈ സിനിമയ്ക്ക് ആ പേരിട്ടത്. പക്ഷെ വാലിബൻ എന്ന വാക്കിനർത്ഥം യുവാവ് എന്നാണല്ലോ. അതൊരാളുടെ പേരായി ഉപയോഗിക്കുന്നതിൽ അനൗചിത്യമുണ്ട്. അത് പോട്ടെ. സിനിമയുടെ പേര് കേൾക്കുമ്പോൾ നമുക്ക് തോന്നുക കൈവിട്ടു പോയ ഏതോ ഒരു മലൈകോട്ട ആരുടെയെങ്കിലും പക്കൽ നിന്ന് പിടിച്ചെടുക്കാനുള്ള ഒരു വീരന്റെ സാഹസങ്ങളോ അല്ലെങ്കിൽ അവിടത്തെ അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന എന്തെങ്കിലുമോ ഒക്കെയാവും സിനിമയുടെ പ്രമേയമെന്നാണ്. എന്നാൽ അത്തരം സൂചനകളൊന്നും നൽകാതെ ഒരു നാടോടിയെ പോലെ സഞ്ചരിക്കുന്ന അവനിലേക്ക് നേരിട്ട് ലാൻഡ് ചെയ്യുകയാണ് സിനിമ.

അതുകൊണ്ടുണ്ടായ ഒരു പ്രശ്നം എന്താണെന്നു വച്ചാൽ അയാൾ ഒരു നാടോടിയായ ഒരു മല്ലൻ മാത്രമാണ് എന്ന് തോന്നിപ്പിക്കുമെന്നാണ്. സ്വാഭാവികമായും അയാൾ എന്തിനാണ് ഇങ്ങനെ കാളവണ്ടിയിൽ കയറി ഊടുപാട്‌ നടക്കുന്നത് എന്ന് നമ്മുക്ക് തോന്നും കോട്ട തിരിച്ചു പിടിക്കുകയാണ് പ്രധാന ലക്ഷ്യമെങ്കിൽ കാളവണ്ടിയിൽ കയറി പല ഗ്രാമങ്ങളിൽ പോയി ഗാട്ടാ ഗുസ്തി നടത്തേണ്ട ആവശ്യം ആ കഥാപാത്രത്തിനില്ല. എന്നാൽ ഒരു ഘട്ടം കഴിയുമ്പോൾ ഉണ്ടിരുന്ന നായർക്കൊരു വിളി തോന്നിയെന്ന മട്ടിൽ പുള്ളി മലൈകോട്ടയെ മോചിപ്പിക്കാൻ കച്ചയും മുറുക്കി ഇറങ്ങുകയാണ്. അയ്യനാർ പറയുന്ന കഥയനുസരിച്ചാണെങ്കിൽ പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലാത്തയാളാണ് വാലിബൻ എന്നൂഹിക്കേണ്ടി വരും. മറിച്ച് അയ്യനാർക്ക് വാലിബനെ ഉപയോഗിച്ച് ഒരു ലക്‌ഷ്യം സാധിക്കാനുമുണ്ട്. അങ്ങനെയാണെങ്കിൽ പിന്നെ ഇവർ എന്തിനാണ് അലഞ്ഞു തിരിഞ്ഞു നടക്കുന്നത് ? ആ ഭാഗം അത്ര വ്യക്തമായില്ല. കഥാന്തരീക്ഷം പരിചയപ്പെടുത്താനും അത് എസ്ടാബ്ലിഷ്‌ ചെയ്യാനുമായി വളരെ നീളമുള്ള പാനിംഗ് ഷോട്ടുകൾ ഉപയോഗിച്ചിട്ടുണ്ട്. അത് കണ്ടപ്പോൾ ഭരതന്റെ വൈശാലിയാണ് ഓർമ്മ വന്നത്. ആദ്യത്തെ വെറും ഒന്നോ രണ്ടോ ഷോട്ടുകളിൽ കാണിക്കുന്ന തലയോട്ടിയും അസ്ഥികൂടവും കത്തി നിൽക്കുന്ന സൂര്യനും കൊണ്ട് അദ്ദേഹം ആ സിനിമയിലെ കഥാപശ്ചാത്തലത്തെ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. പിന്നെ അതൊക്കെ ഒരു സംവിധായകന്റെ കലാപരമായ സ്വാതന്ത്ര്യമാണ്.

നമ്മൾക്ക് അപരിചിതമായ ഒരു ഭൂമികയിൽ നടക്കുന്ന ഒരു കഥയാണല്ലോ ഇതിലേത്. എന്നാൽ അച്ചടി ഭാഷയും നാടൻ പ്രയോഗങ്ങളും ഇടകലർന്ന ഒരു മിശ്രഭാഷയാണ് സിനിമയിലെ സംഭാഷണങ്ങളിൽ ഉപയോഗിച്ചിട്ടുള്ളത്. അയ്യനാരും ചിന്നപ്പയ്യനും വാലിബനും തമ്മിലുള്ള സംഭാഷണങ്ങളിൽ ശുദ്ധ മലയാളവും തിരുവനന്തപുരം സ്ലാങ്ങും ഒക്കെ കയറി വരുന്നുണ്ട്. പ്രത്യേകിച്ച് ചിന്നപ്പയ്യന്റെ ഡയലോഗുകളിൽ. അവർ നാടോടികളായതുകൊണ്ട് അവർ പോയിട്ടുള്ള ദേശങ്ങളിലെ ശൈലികളുടെ സ്വാധീനം അവരുടെ ഭാഷയിലുമുണ്ടാവും. എന്നാൽ ഒരു ഗ്രാമത്തിൽ ജനിച്ചുവളർന്ന അവിടെ തന്നെ താമസിക്കുന്ന ചിന്നപ്പയ്യന്റെ കാമുകിയുടെ ഭാഷയും ഇതുപോലെയാണ്. സന്ധ്യാസമയത്ത് അവളെക്കാണാനെത്തുന്ന ചിന്നപ്പയ്യനോട് “ഞാൻ കുളിച്ചുകൊണ്ടിരിക്കുകയാണ്, ഉമ്മറത്തേയ്ക്കിരിക്കൂ” എന്നൊക്കെയാണ് അവൾ പറയുന്നത്. അവരുടെ ജീവിതരീതിയും വസ്ത്ര ധാരണവും ഒക്കെ വച്ച് നോക്കുമ്പോൾ അങ്ങനെ സംസ്കൃതമായ ഭാഷ അവൾ ഉപയോഗിക്കാൻ സാദ്ധ്യതയില്ല എന്നാണ് എനിക്ക് തോന്നുന്നത്. (സാന്ദർഭികമായി പറയട്ടെ, പുല്ലു പോലും മുളയ്ക്കാത്ത അവിടെ വീട്ടിൽ അറ്റാച്ഡ് ബാത്റൂമൊക്കെ ഉണ്ടെന്നത് വലിയ തമാശയാണ്. കുടിക്കാൻ തന്നെ വെള്ളം കിട്ടാൻ സാധ്യതയില്ലാത്ത അവിടെ സ്ഥിരമായി കുളിച്ചു നനയ്ക്കുന്നവരുണ്ടാവുമോ ? ). ചമതകന്റെ ( കാലിയയിലെ കുറുക്കന്റെ പേര് ) സംഭാഷണങ്ങളും ഇതുപോലെ തന്നെ. അയാൾക്കൊപ്പമുള്ളവർ ഒരു ശൈലിയിൽ സംസാരിക്കുമ്പോൾ ആ കഥാപാത്രം മാത്രം ഒരു വിദേശി മലയാളം സംസാരിക്കുന്നത് പോലെയാണ് സംഭാഷണങ്ങൾ ഉരുവിടുന്നത്. രംഗപട്ടണം രംഗറാണിയുടെ ഡയലോഗ് ഡെലിവറി കണ്ടപ്പോൾ പണ്ടത്തെ മിസ് കുമാരിയെ ഓർമ്മ വന്നു. സായിപ്പും കമ്പനിയും അടിമയായി വച്ചിരുന്ന മണികണ്ഠൻ ആചാരിയുടെ കഥാപാത്രത്തിൽ ഈ പ്രശ്നമൊന്നുമില്ല. ആദ്യന്തം അയാൾ ശുദ്ധ മലയാളത്തിലാണ് സംസാരിക്കുന്നത്. എന്ന് മാത്രമല്ല അവസാനത്തെ ആ ഘോഷയാത്ര പുറപ്പെടുന്നതിനു മുമ്പായി പുള്ളി അത്യന്താധുനിക നാടകങ്ങളിലേതു പോലത്തെ ഭാഷയിൽ ഒരു ആഹ്വാനവും നടത്തുന്നുണ്ട്. അങ്ങനത്തെ ഒരു ഡയലോഗും പറഞ്ഞു കൈകൾ ഇരുവശത്തേക്കും വിരിച്ചു പിന്തിരിഞ്ഞു നടക്കുന്ന അയാളോട് ഫ്രയിമിലുള്ള ഒറ്റയാളും പ്രതികരിക്കുന്നില്ല. അയാൾ നിൽക്കുന്നിടത്ത് ആകെയുള്ളത് നാലോ അഞ്ചോ പേരാണ്. അതിൽ ഒരാൾ കട്ടിലിൽ കിടക്കുകയുമാണ്. പിന്നെ ആരോടാണ് പുള്ളി ഇങ്ങനെ ആഹ്വാനിക്കുന്നത് ? മരത്തിലിരിക്കുന്ന കിളിയോടോ ? അത് പറന്നു പോകുന്നതെങ്കിലും കാണിച്ചിരുന്നെങ്കിൽ ആ പ്രകടനത്തിന് ഒരു പൂർണ്ണതയുണ്ടായേനെ. പക്ഷെ ഒരു ഭ്രാന്തന്റെ ജല്പനം പോലെ ഇതും പറഞ്ഞു പുള്ളി ഒറ്റപ്പോക്കാണ്.

ഒരു നാടോടിക്കഥയിലെ കഥാപാത്രങ്ങളെല്ലാം നാടൻ ഭാഷയിൽ തന്നെയേ സംസാരിക്കാവൂ എന്നതല്ല എന്റെ പോയിന്റ്. ബാഹുബലിയിൽ രാജമൗലി ചെയ്തത് ഓർത്തു നോക്കൂ. അതിലെ രാജകുടുംബങ്ങളും ഗ്രാമവാസികളും വലിയ വ്യത്യാസമില്ലാത്ത ഭാഷയാണ് സംസാരിക്കുന്നത്. എന്നാൽ മറ്റൊരിടത്തു നിന്ന് വരുന്ന അമാനുഷരായ രാക്ഷസന്മാരെ പോലുള്ളവർക്ക് വേണ്ടി അദ്ദേഹം പുതിയൊരു ഭാഷ തന്നെ സൃഷ്ടിച്ചിട്ടുണ്ട്. സുന്ദര കില്ലാടിയിൽ ഫാസിൽ ചെയ്തതും ഇങ്ങനൊരു ട്രിക്കാണ്. സ്വപ്നഭൂമിയിലെ മനുഷ്യർ സംസാരിക്കുന്ന കവിത പോലത്തെ ഭാഷയും പുറമെ നിന്ന് വരുന്ന കില്ലാഡിമാർ സംസാരിക്കുന്നത് നാട്ടു ഭാഷയും. എന്തിന് അവതാറിൽ സാക്ഷാൽ ജെയിംസ് കാമറോൺ പോലും പണ്ടോറയിലെ മനുഷ്യർക്ക് ലിപിയുള്ള ഒരു ഭാഷ സൃഷ്ടിച്ചിട്ടുണ്ട്. ഇതൊക്കെ ചെറിയ കാര്യങ്ങളല്ല. പുതിയൊരു പശ്ചാത്തലം പരിചയപ്പെടുത്തുമ്പോൾ അതിലെ കഥാപാത്രങ്ങളുടെ സ്വഭാവത്തിന്റെ കൂടി ഭാഗമാണ് കഥയിലുടനീളം അവർ ഉപയോഗിക്കുന്ന ഭാഷയും സംഭാഷണ ശൈലിയും. അത് പാളിപ്പോയാൽ ചിലപ്പോ അതൊരു കല്ലുകടിയാവും. കാലാപാനി എന്ന സിനിമയാണ് അതിനു ഉത്തമ ഉദാഹരണം. സ്വാതന്ത്ര്യ സമരകാലത്തെ ചരിത്രം, ഉപകരണങ്ങൾ, വസ്ത്ര ധാരണം എന്നിവയിലൊക്കെ പ്രിയദർശൻ അതിൽ അങ്ങേയറ്റം സൂക്ഷ്മത പുലർത്തിയിട്ടുണ്ട്. ദാമോദരൻ മാഷും പ്രിയനും ചേർന്നാണ് ആ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മരണത്തെ മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു രക്ഷപ്പെടലിനു ശേഷം ഒറ്റപ്പെട്ട ഒരു ദ്വീപിൽ അകപ്പെടുന്ന ഗോവർദ്ധനനും മുകുന്ദൻ അയ്യങ്കാറും തമ്മിൽ നടക്കുന്ന ഒരു വാക്കുതർക്കമുണ്ട്. വിശപ്പ് മൂത്തു മുന്നോട്ടു നടക്കുന്ന അയ്യങ്കാരോടു “കാടിനകത്ത് പത്തിരിയും ഇറച്ചിയും കിട്ടുന്ന കട നിനക്കറിയാമോ ?” എന്നാണ് ഗോവർദ്ധനൻ ചോദിക്കുന്നത്. അതിനു അയ്യങ്കാർ നൽകുന്ന മറുപടി അതിനേക്കാൾ രസമാണ്. “അടുത്ത വല്ല ടീ കടയും ഉണ്ടോന്നു നോക്കട്ടെ” എന്ന്. ഇന്ത്യൻ സ്വാതന്ത്ര്യ സമരം പശ്ചാത്തലമായ, ഗൗരവമുള്ള ഒരു വമ്പൻ പീരിയഡ് സിനിമയിലെ ഡയലോഗുകളാണ് ഇതെന്നോർക്കണം.

ഇതിലെ മെക്കാളെ പ്രഭു പോർച്ചുഗീസാണോ സ്പാനിഷ് ആണോ എന്ന് മനസ്സിലായില്ല. എന്തായാലും അവരെ കാണിക്കുന്നതോടെ ഈ കഥ നടക്കുന്നത് അത്ര പുരാതനമല്ലാത്ത ഒരു കാലത്താണെന്ന സൂചനകൾ കിട്ടുന്നുണ്ട്. ഇന്ത്യയിലേക്ക് വന്ന വിദേശികളും ഇവിടത്തുകാരും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം കരിമരുന്നു പ്രയോഗത്തിലുള്ള അവരുടെ മികവാണ്. വാളും പരിചയും കുന്തവും കൊണ്ട് യുദ്ധം ചെയ്‌തിരുന്ന നമ്മുടെ നാട്ടുകാർ വിദേശ ശക്തികളുടെ മുന്നിൽ അടിയറവു പറഞ്ഞത് തോക്കും പീരങ്കിയും പോലുള്ള ആയുധങ്ങളെ ചെറുക്കാനുള്ള കഴിവ് നമ്മളുടെ ആയുധങ്ങൾക്കില്ലാതിരുന്നതുകൊണ്ടാണ്. വലിബന്റെയും സംഘത്തിന്റെയും രക്ഷപ്പെടൽ സീനുകൾ ചിത്രീകരിച്ചിരിക്കുന്നതിലെ പൊരുത്തക്കേട് ഇവിടെയാണ്. മണികണ്ഠൻ ആചാരി ഉൾപ്പെടെ കുറെ തടവുകാർ ജയിൽ മുറിയിൽ കിടക്കുന്നത് ആദ്യം കാണിക്കുന്നു. വാലിബൻ വിഷപ്രയോഗത്തിൽ തളരുന്നതോടെ ഹരീഷ് പേരാടിയും സംഘവും തടവറയിലാവുന്നതും കാണിക്കുന്നുണ്ട്. എന്നാൽ പിന്നീട് തന്നെ ബന്ധിപ്പിച്ചിട്ടുള്ള പടുകൂറ്റൻ തൂണുകൾ ഇളക്കി വീഴ്ത്തിക്കൊണ്ട് വാലിബൻ ഉയിർത്തെഴുനേൽക്കുമ്പോൾ എവിടെയെന്നില്ലാതെ മണികണ്ഠനും സംഘവും വരുന്നു. തോക്കുകൾ ഉപയോഗിച്ച് വളരെക്കാലത്തെ പരിചയമുള്ളതുപോലെ മിലിറ്ററി പ്രിസിഷനിൽ തിരകൾ പായിക്കുന്നു.

അതേസമയം ചുവരിൽ നിന്നൊരു ഗ്രിൽ ഊരിയെടുത്ത് തന്റെയൊപ്പമുള്ളവരെ ഒരു കവചം പോലെ ചേർത്ത് നിർത്തുന്ന വാലിബന് നേരെ തോക്കു ചൂണ്ടി നിൽക്കുന്ന പട്ടാളക്കാർ എന്തുകൊണ്ടാണ് നിറയൊഴിക്കാത്തത് എന്ന് മനസ്സിലാവുന്നില്ല. ഒന്നും രണ്ടും പേരല്ല അവരെ വളഞ്ഞു നിൽക്കുന്നത് എന്നും ഓർക്കണം. വാലിബന്റെ അതിശയിപ്പിക്കുന്ന ശക്തിപ്രകടനം കണ്ടു വാ പൊളിച്ചതാണെങ്കിൽ അവർ നിന്നിടത്ത് നിന്ന് അനങ്ങില്ല. പക്ഷെ അവർ റിയാക്ട് ചെയ്യുന്നുണ്ട്, സംഘത്തെ വളയുന്നുമുണ്ട്. പക്ഷെ വെടി വയ്ക്കാൻ ഒരു മൂഡില്ലെന്ന മട്ടിൽ ചുമ്മാ നിൽക്കുകയാണെന്ന് മാത്രം.

പ്രശാന്ത് പിള്ളൈ ഉഗ്രനൊരു സംഗീത സംവിധായകനെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. പക്ഷെ റഫീഖിന്റെ കാര്യം പറഞ്ഞത് പോലെ ഈ സിനിമയിലെ അദ്ദേഹത്തിന്റെ ചില പ്രയോഗങ്ങൾ തീരെ അനുചിതമായിപ്പോയി. സിനിമയുടെ തുടക്കം മുതൽക്കേ ഇടയ്ക്കയോ ഡ്രമ്മോ ഒക്കെപ്പോലെയുള്ള വാദ്യോപകരണങ്ങളാണ് പശ്ചാത്തല സംഗീതത്തിൽ ഉപയോഗിച്ചിട്ടുള്ളത്. ഒരു നാടോടി കഥ പറയുമ്പോൾ, അതും ഒരു പീരിയഡ് സ്റ്റോറി പറയുമ്പോൾ അതിൽ തെറ്റ് പറയാനുമാവില്ല. എന്നാൽ രംഗപട്ടണം രംഗറാണിയുടെ നൃത്ത രംഗത്തിൽ അതൊരു വലിയ കുറവായി തോന്നി. രംഗറാണിയുടെ ഡാൻസിലെ പാട്ട് കേട്ടപ്പോൾ ഉള്ളിൽ അയ്യേ എന്ന് തോന്നിയെങ്കിലും മുകളിൽ പറഞ്ഞ കാരണത്താൽ അത് ക്ഷമയോടെ കേട്ടു. വാലിബനെ പോലെ ഒരാളെ അവതരിപ്പിക്കുന്ന സീനിൽ പോലും ഇതാണ് സ്ഥിതി. ഇത്രയും ഭയങ്കരമായ ഒരു ടൈറ്റിൽ കഥാപാത്രം വരുന്ന സീനിലെ ദൃശ്യങ്ങളും കട്ടുകളും മികച്ചതാണെങ്കിലും അതിനൊത്ത ഒരു സംഗീതമല്ല പശ്ചാത്തലത്തിലുള്ളത്. എന്നാൽ രണ്ടാം പകുതിയിൽ വിദേശികൾ വരുന്നതോടെ പശ്ചാത്തല സംഗീതത്തിൽ മോഡേൺ ആയ എന്തൊക്കെയോ ശബ്ദങ്ങൾ വരുന്നുണ്ട്. എന്റെ പരിമിതമായ സംഗീത ജ്ഞാനം കൊണ്ട് തോന്നിയതാണ്. ശരിയോ തെറ്റോ എന്നറിയില്ല. പക്ഷെ അവിടെ അങ്ങനെ ചെയ്യാമെങ്കിൽ പിന്നെന്തിനാണ് നേരത്തെ ആ തട്ടും മുട്ടും കൊണ്ട് കഷ്ടപ്പെട്ടത് എന്ന് പിടികിട്ടുന്നില്ല. തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയിൽ കാർത്തുമ്പിയെ അവതരിപ്പിക്കുന്ന “എന്റെ മനസ്സിലൊരു നാണം” എന്ന പാട്ടിലെ സംഗീതം ഓർമ്മയില്ലേ ? ഒരു സാങ്കല്പിക പ്രദേശത്ത് നടക്കുന്ന അസംബന്ധ കഥയിൽ എത്ര മനോഹരമായാണ് ആ പാട്ടും നൃത്തവും ഇഴുകിച്ചേർത്തിരിക്കുന്നത് എന്നോർക്കുക. സംഘട്ടന രംഗങ്ങളിലൊക്കെ ഇതുപോലെ തട്ടും മുട്ടും കൊട്ടുംപീപ്പിയും മാത്രം ചേർന്ന് ഒരുതരം വിരസതയുണ്ടാക്കി എന്നാണ് എന്റെ അനുഭവം. വാലിബനെ അവതരിപ്പിക്കുന്ന, തീയറ്റർ കുലുങ്ങുമെന്നു പാപ്പച്ചൻ അവകാശപ്പെട്ട ആ സീനിൽ കുറച്ചുകൂടി ലൈവ് ആയ ഒരു മ്യൂസിക് ചേർത്തിരുന്നെങ്കിൽ ആ സീൻ വേറെ ലെവലായേനെ. ആധുനിക സംഗീതോപകരണങ്ങൾ ഉപയോഗിച്ചിരുന്നെങ്കിലും ഈ സിനിമയ്ക്ക് ഒരു കുഴപ്പവും വരില്ലായിരുന്നു എന്നാണ് വ്യക്തിപരമായ അഭിപ്രായം. ഗുരുവിൽ ഇളയരാജ ചെയ്തതുപോലെ.

അഭിനേതാക്കളിലേക്ക് വരികയാണെങ്കിൽ മലൈക്കോട്ടൈ വാലിബൻ എന്ന കഥാപാത്രമായി മോഹൻലാൽ അടിമുടി മാറിയിട്ടുണ്ട്. ആക്ഷൻ രംഗങ്ങളിൽ പ്രത്യേകിച്ചും. വയർ ട്രിക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത് എന്നറിയാമെങ്കിൽ പോലും ഒരിട പോലും അത് തോന്നാത്ത വിധം മെയ്വഴക്കത്തോടെ അദ്ദേഹം സംഘട്ടന രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ആ കുന്തം ചാരി നിർത്തി അതിൽ തൂങ്ങി കാൽ നിലത്തു നിർത്താതെ കറങ്ങി വരുന്ന സീൻ. ഗംഭീരം. അല്പം കുസൃതിയും അതിനേക്കാൾ സാഹസികതയും അസാമാന്യ ധൈര്യവുമുള്ള ഒരാളാണ് വാലിബൻ എന്ന് തോന്നിപ്പിക്കാൻ ഒരു പരിധി വരെ അദ്ദേഹത്തിന്റെ പ്രകടനം സഹായിച്ചിട്ടുണ്ട്. പക്ഷെ മേല്പറഞ്ഞതു പോലെ ആ കഥാപാത്രം അർഹിക്കുന്ന പരിചരണം എഴുത്തിൽ ലഭിക്കാത്തതിന്റെ കുറവ് അതിനെ പിന്നോട്ട് വലിക്കുന്നുമുണ്ട്. നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ അത് മനോഹരമായി അവതരിപ്പിക്കാൻ കഴിവുള്ള ഒരു നടൻ അദ്ദേഹത്തിൽ ഇപ്പോളുമുണ്ട് എന്നതിന് തെളിവാണ് വാലിബൻ. ചിന്നപ്പയ്യനെ അവതരിപ്പിച്ച മനോജ് മോസ്സസ് തരക്കേടില്ല. ചമതകനെ അവതരിപ്പിച്ച ഡാനിഷ് സേട്ടിനു വെറുതെ ചിരിച്ചു ചിരിച്ചു നടക്കുകയല്ലാതെ കാര്യമായൊന്നും ചെയ്യേണ്ടി വന്നിട്ടില്ല. ആ ചിരിയുടെ ശബ്ദം ഉപയോഗിച്ചിരിക്കുന്നതിലെ കൗതുകം ഒഴിച്ചാൽ അദ്ദേഹത്തിന്റേത് ഒരു അസാമാന്യ പ്രകടനമായൊന്നും തോന്നിയില്ല. അതുപോലെ തന്നെ പൊന്നുരുമി വീരമ്മയെ അവതരിപ്പിക്കാൻ ശാന്ത ധനഞ്ജയനെപ്പോലൊരാളെ തെരഞ്ഞെടുത്തതിന്റെ യുക്തി മനസ്സിലാവുന്നില്ല. ഭയവും ഗാംഭീര്യവും ഒക്കെ തോന്നിപ്പിക്കേണ്ട ആ കഥാപാത്രത്തിന് പറ്റിയ ഒരാളല്ല അവർ. ജമന്ദിയെ അവതരിപ്പിച്ച സുന്ദരിയായ കഥാ നന്ദിയുടെ അഭിനയവും നന്നായിട്ടുണ്ട്. മണികണ്ഠൻ ആചാരിയും ലേഡി മെക്കാളെയെ അവതരിപ്പിച്ച Diana Nasonova യും മികച്ച രീതിയിൽ അഭിനയിച്ചിട്ടുണ്ട്. മണികണ്ഠനെ മലയാള സിനിമ ഇനിയും നല്ല രീതിയിൽ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. പ്രധാനപ്പെട്ട വേഷമാണെങ്കിലും ഹരീഷ് പേരടിയുടെ പ്രകടനം ശരാശരിയായിരുന്നു. വാലിബനോട് അവനെ തനിക്ക് എങ്ങനെയാണു കിട്ടിയതെന്നുള്ള കഥ പറയുന്ന സീനിൽ കടുപ്പിച്ചുള്ള സംഭാഷണ ശൈലി കൊണ്ട് അതിൽ നിന്ന് കിട്ടേണ്ട എല്ലാ ഇമോഷണൽ കണക്ഷനും ഇല്ലാതാക്കിയിട്ടുണ്ട് പുള്ളി. അഞ്ചോ ആറോ വാചകങ്ങളിൽ കൂടി അയ്യനാർ പറയുന്ന ആ കഥയിലെ വാചകങ്ങൾ മനോഹരമാണെങ്കിലും അത് കേട്ടിട്ട് പ്രേക്ഷകനോ , എന്തിന് വാലിബനോ പോലും ഒരു വികാരവുമുണ്ടായിക്കാണാൻ സാധ്യതയില്ല.

സാങ്കേതിക മികവിന്റെ കാര്യത്തിൽ ഒരു തർക്കത്തിനുമിടയില്ലാത്തവണ്ണം ഗംഭീരമാണ് ഈ ചിത്രം. മധു നീലകണ്ഠന്റെ ഛായാഗ്രഹണമായാലും രംഗനാഥ്‌ രവിയുടെ ശബ്ദമിശ്രണമായാലും ഗോകുൽ ദാസിന്റെ പ്രൊഡക്ഷൻ ഡിസൈൻ ആയാലും എല്ലാം ഒന്നിനൊന്നു മെച്ചമാണ്. തിരക്കഥയുടെയും സംഭാഷണത്തിന്റെയും കാര്യം പറഞ്ഞത് പോലെ ഇതിലെ ഗാനങ്ങളും ശരാശരിക്ക് താഴെ നിൽക്കുന്നവയാണ്. ഉള്ളതിൽ ഭേദം പുന്നാരക്കാട്ടിലെ പൂവനത്തിൽ എന്ന പാട്ടാണ്. VFX ഇഫക്ടുകൾ ഒന്നാംതരമാണ്. ജെയ്‌സൽമാർ ഫോർട്ട് ആണെന്ന് തോന്നുന്നു ഇതിൽ മലൈകോട്ടൈയായി കാണിക്കുന്നത്. ആ സ്ഥലങ്ങളിലെ സൂക്ഷ്മമായ ഗ്രാഫിക്സ് പ്രയോഗങ്ങൾ, കാളകൾ എന്നിവയും മനോഹരമായി ചെയ്തിട്ടുണ്ട്. റോക്ക് ഡെസേർട്ടുകൾ പോലുള്ളിടത്ത് പശുവിനെയും കാളയെക്കാളും കൂടുതലുള്ളത് ആടുകളാണ് എന്നാണ് എന്റെ അറിവ്. അവിടെ മാത്രം കാണപ്പെടുന്ന വിഷജന്തുക്കൾ, പക്ഷികൾ എന്നിവയൊന്നും സിനിമയിൽ അധികമില്ല. മനുഷ്യൻ കൂട്ടമായി താമസിക്കുന്നിടത്ത് അവനു ജീവസന്തായിനിയായ വിചിത്രമായ പല സസ്യങ്ങളും മൃഗങ്ങളും പക്ഷികളും ഒക്കെയുണ്ടാവും. നിർഭാഗ്യവശാൽ ഇതിൽ മനുഷ്യരുടെ കൂട്ടമാണധികം.

ഇത്രയും എഴുതിയത് ഇതിലെ പ്രശ്നങ്ങൾ പെരുപ്പിച്ചു കാട്ടാനല്ല. ഇതൊക്കെയുണ്ടെങ്കിലും വളരെ മികച്ച തീയറ്റർ എക്സ്പീരിയൻസ് തരുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. അതിമനോഹരമായി കംപോസ് ചെയ്തിരിക്കുന്ന ഇതിലെ പല ഫ്രയിമുകളുടെയും ഭംഗി കൊച്ചു സ്‌ക്രീനിൽ ആസ്വദിക്കേണ്ടതല്ല. കടുത്ത ത്യാഗവും അദ്ധ്വാനവും ഇതിലെ ഓരോ രംഗങ്ങളിലുമുണ്ട് . തീയറ്ററിൽ നിന്ന് തന്നെ കാണാൻ ശ്രമിക്കുക. പല റിവ്യൂകളിലും കണ്ടതുപോലെ ട്രോൾ ചെയ്തു നശിപ്പിക്കേണ്ട ഒരു ചിത്രമല്ല ഇത് എന്നുറപ്പാണ്. ഒരു മാസ്സ് മസാല സിനിമ പ്രതീക്ഷിക്കാതെ നല്ലൊരു സിനിമ കാണാൻ വേണ്ടി ടിക്കറ്റെടുക്കുക. ഇതിനെ പ്രോത്സാഹിപ്പിക്കുക. ഇതുപോലത്തെ ചിത്രങ്ങൾ കൊച്ചു മലയാളത്തിൽ നിന്ന് വരുന്നത് അഭിമാനമുള്ള സംഗതിയാണ്.

You May Also Like

വിനീത് ശ്രീനിവാസൻ വ്യത്യസ്ത വേഷത്തിൽ എത്തുന്ന മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്‍, അഡ്വാൻസ് ബുക്കിങ് തുടങ്ങി

അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയുന്ന ചിത്രമാണ് ചിത്രമാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്‍. വിനീത് ശ്രീനിവാസൻ…

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ആദ്യമായി ഒന്നിയ്ക്കുന്ന ഒറ്റ്

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ആദ്യമായി ഒന്നിയ്ക്കുന്ന ഒറ്റ് അയ്മനം സാജൻ കുഞ്ചാക്കോ ബോബനും, അരവിന്ദ്…

ചുവപ്പ് മോഡേൺ പട്ടുപാവാടയിൽ അതിമനോഹരമായി അനുശ്രീ.

മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരിൽ ഒരാളാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ വന്ന് പിന്നീട് ചലച്ചിത്രമേഖലയിൽ നിറസാന്നിധ്യമായി മാറിയ താരമാണ് അനുശ്രീ.

സൗദി വെള്ളക്കയും ചില അചേതന വസ്തുക്കളും

സൗദി വെള്ളക്കയും ചില അചേതന വസ്തുക്കളും Dr Deepak Das സോഷ്യൽ മീഡിയ ഗ്രൂപ്പിൽ പങ്കുവച്ച…