വളരെ മികച്ചൊരു കഥാതന്തുവിനെ ശരാശരി നിലവാരത്തിലേക്കൊതുക്കിയ അനുഭവം

0
393

Sanuj Suseelan

അങ്ങനെ ഒടുവിൽ മാലിക് കണ്ടു. സിനിമ റിലീസായി ആദ്യത്തെ ആഴ്ചയിലെ റിവ്യൂകളുടെ പെരുമഴ കാരണം അമിത പ്രതീക്ഷയോടെയാണ് ഈ സിനിമ കണ്ടത്. അതുകൊണ്ട് അമിതമായിത്തന്നെ നിരാശപ്പെടേണ്ടിയും വന്നു. അപൂർവ്വം ചില രംഗങ്ങളുടെ സാങ്കേതിക മികവ് ഒഴിച്ച് നിർത്തിയാൽ പ്രമേയത്തിലും അവതരണത്തിലും ലോകോത്തരമായ മറ്റു പല സിനിമകളെയും ഓർമിപ്പിക്കുന്ന പൊള്ളയായ ഒരു ചിത്രമാണ് ഇതെന്ന് പറയാതെ വയ്യ. OTT പ്ലാറ്റ്ഫോമുകളിലെ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള ഡാർക്ക് വെബ് സീരീസുകളുടെ ദൃശ്യഭാഷയാണ് അറിഞ്ഞോ അറിയാതെയോ ഇതിലും ഉപയോഗിച്ചിരിക്കുന്നത്. ഇതിലെ വേഷങ്ങൾ, കളർ സ്‌കീം, സിനിമാട്ടോഗ്രഫി എന്നിവയിലെല്ലാം ആ ഒരു സ്വാധീനം കാണാനുണ്ട്. ഇങ്ങനെ അപൂർവം ചില നല്ല കാര്യങ്ങൾ ഒഴികെ രണ്ടാമത് കാണാൻ ഒട്ടും തോന്നിപ്പിക്കാത്ത ഒരു സാധാരണ ചിത്രമായ മാലിക്കിനെ ബോളിവുഡിലെ വൻ തലകൾ പലതും അകമഴിഞ്ഞ് വാഴ്ത്തുന്നത് കണ്ടിട്ട് അതിശയം തോന്നി. ഏകദേശം ഇതേ പ്രമേയം വച്ച് തന്നെ എത്രയോ നല്ല സിനിമകൾ ബോളിവുഡിൽ വന്നിട്ടുണ്ട്.

May be an image of 1 person and beardഒരു പ്രദേശത്തെ ജനങ്ങൾ മുഴുവൻ ദൈവത്തെ പോലെ കാണുന്ന ഒരു നേതാവും അയാളെ ചുറ്റിപ്പറ്റി നടക്കുന്ന അധികാര മത്സരങ്ങളുടെയും കഥ ഒരുപാടു തവണ സിനിമയിൽ വന്നിട്ടുള്ളതാണ്. ഒടുവിൽ അയാളുടെ ഏറ്റവും അടുത്ത സുഹൃത്തോ ഭാര്യയോ മകനോ മകളോ പോലും അയാൾക്കിട്ടു പണി കൊടുക്കുന്ന തരം ക്ലൈമാക്‌സും നമ്മൾ കണ്ടിട്ടുണ്ട്. തമിഴ്, തെലുഗു ഭാഷകളിൽ ഇപ്പോളും അങ്ങനത്തെ സിനിമകൾ ചവറുപോലെ ഇറങ്ങുന്നുണ്ട്. അതുപോലൊരു ചട്ടക്കൂടാണ് ഈ സിനിമയ്ക്കുമുള്ളത്. എന്നാൽ അത്തരമൊരു കഥ ആവശ്യപ്പെടുന്ന ഡീറ്റൈലിംഗ് കഥാപാത്രങ്ങളുടെ കാര്യത്തിലില്ല എന്നതാണ് ഈ സിനിമയുടെ പാളിച്ച. പലരും ചൂണ്ടിക്കാണിച്ചത് പോലെ മാലിക് എങ്ങനെയാണ് റമ്ദാപ്പള്ളിയുടെ എല്ലാമായി മാറിയതെന്ന് വിശദീകരിക്കാൻ സിനിമ ശ്രമിച്ചിട്ടില്ല. പകരം അയാൾ ഒരു സംഭവമാണ് എന്ന് പറഞ്ഞങ്ങു സ്ഥാപിക്കുകയാണ്. വേസ്റ്റ് ഇടുന്നിടത്ത് സ്‌കൂൾ കെട്ടിയതുകൊണ്ടോ കടൽത്തീരത്തെ റോഡ് നിർമാണം തടഞ്ഞത് കൊണ്ടോ മാത്രമൊന്നും ഇത്രയും വലിയ ഒരു നേതാവ് പൊട്ടിമുളയ്ക്കില്ല. പ്രത്യേകിച്ച് അവിടെ രാഷ്ട്രീയക്കാരും വളരെ സജീവമാണ് എന്ന് കൂടി May be an image of 1 person, beard and sittingകാണിക്കുമ്പോൾ. അലി ഒരു കൊള്ളക്കാരനാണോ മാഫിയ ഡോൺ ആണോ അതോ ഒരു ജനനായകനാണോ എന്ന് ഉറപ്പില്ലാത്ത രീതിയിലാണ് ആ കഥാപാത്രത്തിന്റെ പോക്ക്. കഥയുമായി ഒരു ബന്ധവുമില്ലാത്ത , ആവശ്യമില്ലാത്ത പല സീനുകളും സിനിമയിലുണ്ട്. ആദ്യത്തെ അരമണിക്കൂർ തന്നെ നോക്കുക. ദിലീഷ് പോത്തനോടൊപ്പം വരുന്ന സുഹൃത്തിനെ പുറത്തിരുത്തി ബിരിയാണി തീറ്റിക്കുന്നതെന്തിനാണെന്നോ ആ പെൺകുട്ടി പയ്യനെ തല്ലുന്നതെന്തിനാണെന്നോ അതിനു പകരമായി നിമിഷ ആ കുട്ടിയെ അടുക്കളയിൽ വിളിച്ചു വരുത്തി വഴക്കു പറയുന്നതെന്തിനാണെന്നോ ഒന്നും എനിക്ക് മനസ്സിലായില്ല. സർക്കാർ പദ്ധതികളുടെ പേരിൽ റിയൽ എസ്റ്റേറ്റ് കച്ചവടം നടത്തി കാശുണ്ടാക്കുന്ന കൂട്ടത്തിന്റെ ആളല്ലേ താനെന്നു മാലിക് അബൂബക്കറിനോട് ചോദിക്കുന്നുണ്ടെങ്കിലും പിന്നീടും അയാളെ പൂർണമായും ഒഴിവാക്കാൻ മാലിക് ശ്രമിക്കുന്നില്ല. നല്ല ജനത്തിരക്കുള്ള ആറ്റുകാൽ പൊങ്കാല ദിവസം സ്മഗ്ലർ ചന്ദ്രനെ കൊല്ലാൻ ഉത്തരം വഴി ഇറങ്ങിയോടുന്ന അലിക്കയെ കണ്ടപ്പോൾ ഇയാൾ ശരിക്കും മണ്ടനാണോ അതോ മണ്ടനായി അഭിനയിക്കുന്നതാണോ എന്ന് പോലും സംശയം തോന്നാതിരുന്നില്ല. ഗോഡ്ഫാദറിലെ സീൻ കോപ്പി അടിക്കാനായി മാത്രമാണ് അലിക്ക അങ്ങനെ ചെയ്തതെന്ന് ദോഷൈകദൃക്കുകൾ പറയുന്നത് കേട്ടു. കോപ്പി അടിയുടെ കാര്യം പറയാനാണെങ്കിൽ കുറെയുണ്ട്. ആ ഭാഗത്തേയ്ക്ക് തല്ക്കാലം പോകുന്നില്ല. പിന്നീട് പോലീസുകാർ മാലിക്കിനെ കൊല്ലുന്ന കാര്യം ചർച്ച ചെയ്യുന്ന സീനുകൾ കണ്ടപ്പോളാണ് മുകളിലത്തെ ഓട്ടം എത്രയോ ഭേദമായിരുന്നു എന്ന് മനസ്സിലായത്. കല്യാണത്തിന് ബിരിയാണി വയ്ക്കാൻ നടത്തുന്ന ഒരുക്കങ്ങൾ പോലെ പരസ്യമായാണ് ആ സംസാരമൊക്കെ നടക്കുന്നത്. ജയിലിൽ വച്ച് നടത്താനുദ്ദേശിക്കുന്ന ഒരു കൊലപാതകത്തിന്റെ പ്ലാനിങ്ങിന് അല്പം ഗോപ്യത ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചത് തെറ്റാണോ ?

ഇതിലെ കലാസംവിധാനത്തെക്കുറിച്ചുള്ള കുറെ വീഡിയോസ് കണ്ടിരുന്നു. കളമശ്ശേരിയിലെ ഒരു പറമ്പിൽ ഉണ്ടാക്കിയ സെറ്റിൽ കടൽ കൂട്ടിച്ചേർത്തതിനെപ്പറ്റിയൊക്കെ സംവിധായകനും കലാ സംവിധായകനും വിശദീകരിക്കുന്നത് കണ്ടിരുന്നു. അവരുടെ ഭാവനയെയും കഷ്ടപ്പാടിനെയും ഒക്കെ അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ, വല്ല അമച്വറിഷ് ആയ ഒരു സെറ്റായിട്ടാണ് എനിക്ക് തോന്നിയത്. സിനിമ തുടങ്ങുമ്പോൾ പെയിന്റിംഗ് പാർട്ണർ എന്ന പേരിൽ പ്രശസ്തമായ ഒരു പെയിന്റ് കമ്പനിയുടെ പേര് എഴുതി കാണിക്കുന്നുണ്ട്. അവർ പെയിന്റ് ഫ്രീയായി കൊടുത്തതുകൊണ്ടാണോ എന്തോ റമദാ പള്ളിയ്ക്ക് നല്ല തിളങ്ങുന്ന നിറമാണ്. ഫ്ലാഷ് ബാക്കിലും അതേ. എന്നാൽ കടപ്പുറത്ത് കൂടിയൊക്കെ കറങ്ങി നടന്നിട്ടുള്ളവർക്കറിയാം അതിലെ പൊരുത്തക്കേട്. കടലിനഭിമുഖമായോ വളരെയടുത്തോ ഉള്ള കെട്ടിടങ്ങളുടെ പുറം ചുമരിനെ കടൽക്കാറ്റ് വളരെ മോശമായി ബാധിക്കും. തിളക്കം മങ്ങിയും ഒരുതരം കരിമ്പൻ അടിച്ചത് പോലെയുമൊക്കെയാണ് അവിടെയുള്ള പഴയ കെട്ടിടങ്ങൾ ഉണ്ടാവുക. ഇപ്പോൾ വെതർ കോട്ട് നിറങ്ങൾ വന്നതിൽ പിന്നെ അതിനൊരു പരിഹാരമായിട്ടുണ്ട്. എന്നാൽ അവയ്ക്കു പോലും ഇത്രയും തിളക്കമുണ്ടാവില്ല. ബോട്ടോറിക്ഷയും അന്തർവാഹിനിയും ഒക്കെ കാണാൻ തരക്കേടില്ലെങ്കിലും കടപ്പുറത്തെ കുടിലുകളൊക്കെ അന്ന് രാവിലെ ഓല മേഞ്ഞുണ്ടാക്കിയ പോലെ ബ്രാൻഡ് ന്യൂ ആണ്.

ബോട്ട് സ്‌കൂട്ടറായി മാറുന്നത് സഹിക്കാവുന്നതേയുള്ളൂ. മിടുക്കനായ ഒരു ഫോർമാൻ വിചാരിച്ചാൽ സാധാരണ ഒരു വർക്ഷോപ്പിൽ പോലും അങ്ങനെയൊരു വാഹനം ഉണ്ടാക്കിയെടുക്കാം. പക്ഷെ ചെറ്യേ അന്തർവാഹിനിയിൽ കള്ളക്കടത്തു നടത്തുന്നതൊക്കെ പൊടിക്ക് ഓവറായിട്ടുണ്ട്. സത്യത്തിൽ ഇങ്ങനൊരു അന്തർവാഹിനി മനുഷ്യൻ ഉണ്ടാക്കിയിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ അമേരിക്കൻ നേവി ഉപയോഗിച്ചിരുന്ന Alligator ഇതുപോലൊരു സാധനമായിരുന്നു. അതിന്റെ രൂപം തന്നെയാണ് ഇതിലെ അന്തർവാഹിനിക്കുമുള്ളത്. അകത്ത് നിറയെ ആളും ലോഡുമായി യമഹ എഞ്ചിൻ ഉപയോഗിച്ച് വെള്ളത്തിനടിയിൽ കൂടി പാഞ്ഞു പോകുന്ന ഒരു വസ്തുവായാണ് ഇതിലെ അന്തർവാഹിനിയെ അവതരിപ്പിച്ചിരിക്കുന്നത്. അങ്ങനെ ഒരു സാധനം വെള്ളത്തിനടിയിൽ സ്റ്റെഡിയായി കിടന്നിട്ടു വേണം മോട്ടോർ വച്ച് അതിനെ പറപ്പിക്കാൻ എന്നോർക്കണം. വാട്ടർ ടാങ്കുകളിൽ വെള്ളം നിറച്ചും പുറത്തു കളഞ്ഞുമാണ് ഈ സാധനം പൊങ്ങുകയും താഴുകയും ചെയ്യുന്നതെന്നറിയാമല്ലോ. സങ്കീർണമായ അത്തരമൊരു യന്ത്രം പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത ഇവർ ഉണ്ടാക്കി കസ്റ്റംസിനെയും വെട്ടിച്ച് വെള്ളത്തിനടിയിൽക്കൂടി പപ്പടം പിടിക്കുന്നത് പോലെ ഓടിച്ചു പോകുന്നതൊക്കെ ഒരാവശ്യവുമില്ലാത്ത ഗിമ്മിക്കുകളായിരുന്നു. സിനിമയുടെ കലാസംവിധായകൻ സന്തോഷ് രാമൻ ആയതുകൊണ്ടാണ് ഇത്രയും പറഞ്ഞത്. വളരെ ചെറിയ സൗകര്യങ്ങൾ ഉപയോഗിച്ച് ടേക്ക് ഓഫിലെ രംഗങ്ങൾ ഉജ്ജ്വലമായി അവതരിപ്പിച്ച അദ്ദേഹത്തെപ്പോലൊരു കലാസംവിധായകനിൽ നിന്ന് ഇതൊന്നുമല്ല പ്രതീക്ഷിക്കുന്നത്.

റമദാപള്ളിയിലെ മനുഷ്യരുടെ കഥയാണ് പറയുന്നത് എന്നവകാശപ്പെടുന്ന സിനിമയിലെ പല കഥാപാത്രങ്ങളും അവരവരുടെ സ്വന്തം സ്ഥലത്തെ ഭാഷയും രീതിയുമൊക്കെയാണ് എടുത്തു പെരുമാറിയിരിക്കുന്നത്. കഥ നടക്കുന്നത് തിരുവനന്തപുരത്താണ് എന്ന് വ്യക്തമായി കാണിക്കുന്ന സ്ഥിതിക്ക് കഥാപാത്രങ്ങളിലും ആ നേറ്റിവിറ്റി കൊണ്ടുവരണം. നിർഭാഗ്യവശാൽ ഇതിലെ ഒറ്റക്കഥാപാത്രത്തിനും തിരുവനന്തപുരത്തുള്ളവരുടെ സംസാര ഭാഷയോ സ്വാഭാവ സവിശേഷതകളോ ഇല്ല. ഇന്ദ്രൻസും ശരത്തും ഒഴികെ. അതിനുള്ള കാരണം നിങ്ങൾക്കറിയാം. തള്ളേ, പിള്ളേ, തമ്മസിക്കൂല എന്നൊക്കെയുള്ള കുറച്ചു വാക്കുകൾ അവിടെയും ഇവിടെയും തിരുകിയാൽ തിരുവനന്തപുരം ഭാഷയാവില്ല. സുരാജ് വെഞ്ഞാറമൂട് പോപ്പുലറാക്കിയ പാറശ്ശാല മലയാളമാണ് അതെന്ന ധാരണയിലാവും ചിലപ്പോൾ ഇവർ ഇങ്ങനെ ചെയ്തിരിക്കുന്നത്. ഒരേ പ്രദേശത്തു ജനിച്ചു വളർന്നതാണെങ്കിലും ഈ സിനിമയിലെ പല കഥാപാത്രങ്ങളും പല സ്ലാങിലാണ് സംസാരിക്കുന്നത്. കഥ നടക്കുന്ന കാലഘട്ടത്തിനനുസൃതമായും അല്ല അവരുടെ ചില സംഭാഷണങ്ങൾ. പെട്ടെന്ന് ഓർമയിൽ വരുന്ന ഒരെണ്ണം പറയാം. പതിനഞ്ചു രൂപയ്ക്കു തങ്ങൾ വിൽക്കുന്ന പെർഫ്യൂമിന് ശരിക്കും എഴുപത്തിയഞ്ച് രൂപ വിലയുണ്ടെന്ന് റോസ്‌ലിൻ പറയുമ്പോൾ “ആരെയെങ്കിലും വിളിച്ചന്വേഷിക്കണ്ടേ ?” എന്നാണ് ഡേവിഡ് അലിയോട് ചോദിക്കുന്നത്. ലാൻഡ് ഫോൺ തന്നെ അപൂർവമായ അക്കാലത്ത് കടപ്പുറത്ത് ജനിച്ചു വളർന്ന ഡേവിഡിന്റെ വായിൽ നിന്ന് അങ്ങനെയൊരു ചോദ്യമുയരുമോ ? സംശയമാണ്. അതുപോലെ റോസ്ലിൻ സംസാരിക്കുന്നത് ശ്രദ്ധിക്കൂ. ഒന്നോ രണ്ടോ വാചകം തിരുവനന്തപുരം ഭാഷയിൽ പറഞ്ഞിട്ട് അടുത്ത ഡയലോഗിൽ “പോണേണ്”, “നിക്കണേണ്” എന്ന് കൊച്ചി ഭാഷയിലാണ് റോസ്ലിൻ സംസാരിക്കുന്നത്. പല പല സ്ലാങ്ങുകളുടെ ഒരു സൂപ്പർ മാർക്കറ്റാണ് നിമിഷയുടെ റോസ്‌ലിൻ. മാല പാർവതി അവതരിപ്പിച്ച കഥാപാത്രം മറ്റുള്ളവർക്കിടയിൽ നിൽക്കുമ്പോൾ വേറേതോ പ്രദേശത്തു നിന്ന് കടപ്പുറം കാണാൻ വന്ന ഒരാളെപ്പോലുണ്ട്. വസ്ത്രവിധാനം, മേക്ക്അപ്, മുടി എന്നിവ കൊണ്ടൊക്കെ അവർ വേറിട്ട് നിൽക്കുന്നു. പറയുമ്പോ എല്ലാം പറയണമല്ലോ. മാലിക്കിന്റെയും ഡേവിഡിന്റേയും ഫ്ലാഷ് ബാക്കിലെ മേക്കപ്പും വസ്ത്രവിധാനവും ഒക്കെ നല്ലതായിരുന്നു.

നേരത്തെ പറഞ്ഞത് പോലെ സ്പോൺസർമാരിൽ ഒരു പെയിന്റ് കമ്പനിയും ഉള്ളതുകൊണ്ട് സംവിധായകൻ ഇതിലെ രാഷ്ട്രീയമൊക്കെ നല്ലതുപോലെ വെളുപ്പിച്ചിട്ടുണ്ട്. റമദാപള്ളിയിലെ ഒരേയൊരു രാഷ്ട്രീയക്കാരൻ ഇസ്ലാം യൂണിയൻ ലീഗ് പ്രവർത്തകനായ അബൂബക്കർ മാത്രമാണ്. സ്വാഭാവികമായും ഈ സംഭവങ്ങൾക്കെല്ലാം ഉത്തരവാദിയും അബൂബക്കറും അയാളുടെ വർഗീയ പാർട്ടിയുമാണ് എന്നാണ് സ്ഥാപിക്കപ്പെടുന്നത്. കുപ്രസിദ്ധമായ ബീമാ പള്ളി വെടിവയ്പുമായി ഇതിനൊരു ബന്ധവുമില്ല എന്നൊക്കെ സംവിധായകൻ ആണയിടുന്നത് കണ്ടിരുന്നു. എന്തായാലും ബാക്കി ജനങ്ങളൊക്കെ അരിയാഹാരം കഴിക്കുന്നവരായതുകൊണ്ടു അതത്രയ്ക്കങ്ങട് ഏശിയിട്ടില്ല. ഏറ്റവും ഒടുവിൽ അഞ്ചോ പത്തോ സെക്കന്റ് മാത്രമുള്ള ഒരു സീനിൽ രാഷ്ട്രീയക്കാർ ആണ് ഈ കലാപം ശരിക്കും സൃഷ്ടിച്ചത് എന്ന് പേരിനു വേണ്ടി പറയുന്നുണ്ട്. എന്നാൽ ആരായിരുന്നു ആ രാഷ്ട്രീയക്കാർ എന്ന് തുറന്നു പറയാനുള്ള നട്ടെല്ല് ഇല്ലാഞ്ഞിട്ടാണോ ഭയന്നിട്ടാണോ എന്നൊന്നുമറിയില്ല. ആ ഭാഗമൊക്കെ വെടിപ്പായി വെളുപ്പിച്ചെടുത്തു.

ഈ സിനിമ കടുത്ത ഇസ്ലാമോഫോബിക് ആണെന്ന ആരോപണം അടിച്ചിറക്കിയത് ചിലപ്പോൾ സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാവും. അല്ലാതെ ഇതിൽ എന്ത് ഇസ്ലാമോഫോബിയ ആണുള്ളതെന്നു പിടികിട്ടുന്നില്ല. മതപരമായ കാരണങ്ങളാൽ ആയുധമെടുക്കുന്ന ആരെയും ഇതിൽ കാണിക്കുന്നില്ല. ഒന്നോ രണ്ടോ കഥാപാത്രങ്ങൾ വ്യക്തിവൈരാഗ്യത്തിന്റെ പുറത്ത്, സ്വാർത്ഥ രാഷ്ട്രീയക്കാരുടെ കുത്തിത്തിരുപ്പിൽ വശംവദരായി തമ്മിൽ തല്ലുന്നു എന്നല്ലാതെ മത തീവ്രവാദികൾ ഓർക്കെസ്ട്രേറ്റ് ചെയ്യുന്ന ഒരു കലാപമല്ല ഇതിലുള്ളത്. മുസ്ലീങ്ങൾ ഭൂരിപക്ഷമുള്ള ഒരു കോളനിയിലെ ചില കഥാപാത്രങ്ങൾ കള്ളക്കടത്തു നടത്തുന്നു എന്ന് കാണിച്ചാൽ ആ സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നു എന്ന മട്ടിലുള്ള പരാതി പറച്ചിൽ അടിസ്ഥാനമില്ലാത്തതാണ്. തിരുവനന്തപുരത്ത് മാത്രമല്ല പലയിടത്തും ഇങ്ങനെയുള്ള കോളനികളുണ്ട്. അവയെ നിലനിർത്തുന്നത് രാഷ്ട്രീയക്കാരും ബിസിനസ്സുകാരും ഒക്കെ ചേർന്നാണ് എന്നത് പരസ്യമായ ഒരു രഹസ്യമാണ്. ബീമാ പള്ളിയിലെ സംഭവം തന്നെ നോക്കുക. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് പിന്നീട് വലിയ കലാപത്തിലേയ്ക്കും വെടി വെയ്പ്പിലേക്കുമൊക്കെ നയിച്ചത്. ബീമാപ്പള്ളി ഒരിടയ്ക്ക് സ്വന്തം ജമാ അത്തിലെ നൂറ്റമ്പതോളം കുടുംബങ്ങളെ ഊര് വിലക്കിയ ഒരു സംഭവം പണ്ട് കേട്ടിട്ടുണ്ട്. പള്ളിക്കമ്മിറ്റിക്കാർ തുടർന്ന് പോകുന്ന ചില മോശമായ പ്രവണതകളെ ചോദ്യം ചെയ്തതിന്റെ പേരിലാണ് അക്ഷരാർത്ഥത്തിൽ ആ കുടുംബങ്ങളെ ഒറ്റപെടുത്തിയത് എന്നവർ പരാതി പറഞ്ഞിരുന്നു. പത്തു വർഷത്തോളം മുമ്പാണ് ഈ സംഭവം. എന്നാൽ അത്തരം സംഗതികളൊന്നും ഈ സിനിമയിലെ റമദാപള്ളിയിൽ ഇല്ല. സാത്വികരായ പള്ളിക്കമ്മിറ്റിക്കാരാണ് ഈ ചിത്രത്തിലുള്ളത്. സുനാമി പോലൊരു ദുരന്ത സമയത്ത് അവിടത്തുകാർ അമുസ്ലിങ്ങൾക്ക് അഭയം നൽകിയില്ല എന്നൊക്കെ കാണിക്കുന്നത് കുറച്ചു കടന്നു പോയി. അത്രയ്ക്കും മനുഷ്യത്വമില്ലാത്തവർ അവിടുണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല.

അവിടെയുള്ള മനുഷ്യർ കള്ളക്കടത്തൊന്നും ചെയ്യാത്തവരാണ് , അവരെ സിനിമയിലൂടെ ആക്ഷേപിക്കുന്നു എന്നും കേട്ടിരുന്നു. ബീമാപ്പള്ളിയുടെ അടുത്ത് സാധനങ്ങൾ വാങ്ങാൻ ഒരു തവണയെങ്കിലും പോയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് മനസ്സിലാവും അവിടെ എത്ര രൂപയുടെ വ്യാപാരമാണ് ഒരു ദിവസം നടക്കുന്നതെന്ന്. യാഥാർഥ്യങ്ങൾ , കയ്പേറിയതാണെങ്കിലും അംഗീകരിച്ചേ പറ്റൂ. അതാണ് തെറ്റ് തിരുത്തുന്നതിലെ ആദ്യ സ്റ്റെപ്. തിരുവന്തപുരത്തെ പല കടൽത്തീരങ്ങളും വ്യാപകമായി കള്ളക്കടത്തിന് ഉപയോഗിച്ചിരുന്നു എന്നത് വസ്തുതയാണ്. തമിഴ് പുലികൾ പണ്ട് ലങ്കയിൽ ശക്തരായിരുന്നപ്പോൾ അവർക്കു വേണ്ടി ഡീസലും ആയുധങ്ങളും വരെ ഇതുവഴി കടത്തിയിരുന്നു എന്ന് കേട്ടിട്ടുണ്ട്. കോസ്റ്റ് ഗാർഡ് ഒടുവിൽ തീരങ്ങളിലെ നിരീക്ഷണം ശക്തമാക്കിയതോടെയാണ് അതിനൊരു പരിധിവരെ ശമനമുണ്ടായത്. എന്നാൽ ഈ തീരത്തു താമസിക്കുന്ന പാവം മനുഷ്യരെ പല രീതിയിലും പുറം ലോകത്തുള്ളവർ ഇപ്പോളും ചൂഷണം ചെയ്യുന്നുണ്ട്. അവരുടെ അറിവില്ലായ്മയെയും എന്തിനോടും വൈകാരികമായി പ്രതികരിക്കുന്ന സ്വഭാവ സവിശേഷതയെയും ബുദ്ധിപരമായി മുതലെടുക്കുന്നവരുണ്ട്. അങ്ങനെ പല സംഭവങ്ങളും കേട്ടിട്ടുണ്ട്. ഒരുദാഹരണം പറയാം. എട്ടോ പത്തോ വർഷം മുമ്പാണ്. ഒരിക്കൽ ഇപ്പറഞ്ഞ തുറകളിൽ വിദേശികളടങ്ങുന്ന നാൽപതു പേരുള്ള ഒരു സംഘം വന്നു സോപ്പ് വിതരണം ചെയ്തു. കുറച്ചു സോപ്പുകളും ഒരു മഗ്ഗും. ഇവർ സന്തോഷത്തോടെ അത് സ്വീകരിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോളാണ് അലിഞ്ഞു തുടങ്ങിയ സോപ്പിനുള്ളിൽ ഒരു മൈക്രോചിപ്പ് അവരുടെ ശ്രദ്ധയിൽപ്പെട്ടത്. മഗ്ഗിലും ഒളിപ്പിച്ച രീതിയിൽ ആ ചിപ്പുണ്ടായിരുന്നു. ഇത് കണ്ടു ഭയന്ന നാട്ടുകാർ ഒടുവിൽ പോലീസിനെ വിവരമറിയിച്ചു. അപ്പോളാണ് പോലീസും ഇതറിയുന്നത്. ആ സംഘത്തെ വിളിച്ചു വരുത്തി അന്വേഷിച്ചപ്പോളാണ് ഏതോ അന്താരാഷ്ട്ര കമ്പനിക്കു വേണ്ടി ഇവരുടെ സോപ്പുപയോഗത്തെക്കുറിച്ചും ശുചിത്വ പരിപാലനത്തെക്കുറിച്ചും പഠിക്കാനാണ് ഈ ഹൈ ടെക്ക് സർവേ നടന്നത് എന്നറിയുന്നത്. അന്ന് ആ സംഘത്തിലുണ്ടായിരുന്ന ഒരു മലയാളി ശാസ്ത്രജ്ഞ പറഞ്ഞത് ഇതേ കിറ്റുകൾ അവർ തീരദേശത്തുള്ള രണ്ട് ഏരിയകളിൽ വിതരണം ചെയ്തിരുന്നു എന്നാണ്. തുറയുടെ അപ്പുറത്തുള്ള “ക്രിസ്ത്യൻ ബെൽറ്റിലും” ഇത് കൊടുത്തിട്ടുണ്ട് എന്നവർ അന്ന് ഏഷ്യാനെറ്റിനോട് സംസാരിക്കുമ്പോൾ അറിയാതെ പറഞ്ഞു പോയി. തീരദേശത്തുള്ളവരുടെ ഹൈജീൻ ഹാബിറ്റ് പഠിക്കുമ്പോൾ മതപരമായ കാര്യങ്ങളും അവർ കണക്കിലെടുത്തിരുന്നു എന്ന് സ്പഷ്ടം. എന്നാൽ ഈ മൈക്രോ മൊഡ്യൂൾ ഇതല്ലാതെ വേറെയും വിവരങ്ങൾ ശേഖരിക്കുന്നുണ്ടോ എന്നൊന്നും അന്വേഷിക്കാതെ ഈ കേസ് അവസാനിച്ചു. എട്ടോ പത്തോ വർഷം മുമ്പുള്ള സംഭവമാണ്. ഇതുപോലെ ദുരൂഹമായ എത്രയോ സംഭവങ്ങൾ അവിടെ നടക്കുന്നുണ്ടാവും.

ജയിലിനു മുന്നിൽ വച്ച് ബോംബെറിയുന്ന ആ സീൻ പണ്ട് അട്ടക്കുളങ്ങരയിൽ നടന്ന ഒരു സംഭവം പുനരാവിഷ്കരിച്ചതാണ് എന്ന് ചിലരൊക്കെ എഴുതി കണ്ടിരുന്നു. എനിക്കിപ്പോളും ആ സംഭവം ഓർമയുണ്ട്. അവിശ്വസനീയമായ രീതിയിലാണ് ആ കൊലപാതകം നടന്നത്. LTTE കബീർ എന്ന കുപ്രസിദ്ധനായ ഒരു ഗുണ്ടയെയും മറ്റൊരു പ്രതിയെയും കോടതിയിലേക്ക് കൊണ്ട് പോകാനായി ഒരേ വിലങ്ങിൽ ബന്ധിച്ചുകൊണ്ടു പോലീസ് അവരെ സബ് ജയിലിൽ നിന്ന് പുറത്തേക്കിറക്കുകയിരുന്നു. ഉച്ചസമയത്താണ് സംഭവം. ഇയാളോട് മുൻ വൈരാഗ്യം ഉണ്ടായിരുന്ന അനിൽ എന്നൊരു ഗുണ്ടയും അയാളുടെ സുഹൃത്തായ സത്താറും കൂടി ജയിലിനു മുന്നിൽ കാത്തിരിക്കുകയായിരുന്നു. ഈ പ്രതികളെ വാതിൽ തുറന്നു അകത്തേയ്ക്കു കയറ്റാൻ മിനിറ്റുകൾ മാത്രമാണെടുക്കുക. ആ ഒരു ചെറിയ ഗ്യാപ്പിനുള്ളിൽ ഇവർ രണ്ടു പേരും കൂടി ബൈക്കിൽ ജയിലിന്റെ പടിഞ്ഞാറെ ഗേറ്റിനു മുന്നിൽ പാഞ്ഞെത്തി . നിമിഷങ്ങൾക്കുള്ളിൽ സഞ്ചിയിൽ നിന്നെടുത്ത പെട്രോൾ ബോംബ് സത്താർ കബീറിന്റെ തലയ്ക്കു പുറകിൽ എറിഞ്ഞു കൊള്ളിക്കുകയായിരുന്നു. അട്ടക്കുളങ്ങര ജയിൽ ഗേറ്റ് കണ്ടിട്ടുള്ളവർക്കറിയാം മെയിൻ റോഡിൽ നിന്ന് ഗേറ്റിലേക്ക് മുപ്പതോ നാല്പതോ മീറ്റർ ദൂരമുണ്ട്. അവിടെ നിന്ന് കൃത്യമായി തലയുടെ പുറകിൽ തന്നെ മിലിറ്ററി പ്രിസിഷനിൽ അതെറിഞ്ഞു കൊള്ളിക്കണമെങ്കിൽ എത്രത്തോളം പരിശീലനം സിദ്ധിച്ചവരാണ് അവരെന്നോർക്കുക. മാരകമായ ശക്തിയോടെ പൊട്ടിത്തെറിച്ച ബോംബ് അയാളുടെ തലയുടെ പിൻഭാഗം തകർത്തു. അതിനു ശേഷം പ്രതികൾ അവിടെ നിന്ന് രക്ഷപ്പെട്ടതിനു പിന്നിലും സിനിമാക്കഥകളെ വെല്ലുന്ന പ്ലാനിങ് മികവുണ്ടായിരുന്നു. സിനിമയിൽ ഇത് തന്നെയാണോ ഉപയോഗിച്ചതെന്നറിയില്ല.

അഭിനേതാക്കളിലേക്കു വരാം. ഇതിലെ ടൈറ്റിൽ കഥാപാത്രമാണ് സുലൈമാൻ അലി എന്ന അലീക്ക. അയാളൊരു ഗ്യാങ്സ്റ്ററോ ഡോണോ ഒന്നുമല്ല. ആയിരങ്ങൾ ദൈവത്തെ പോലെ കാണുന്ന നേതാവാണ്. അവർക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ആളുമാണ് അലീക്ക. ഇത്രയും ഹെവിയായ ആ കഥാപാത്രത്തിന് യോജിച്ച തെരഞ്ഞെടുപ്പായിരുന്നു ഫഹദ് എന്ന് തോന്നുന്നില്ല. അഥവാ ആ കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നതിലെ കുഴപ്പങ്ങൾ ഫഹദിനെയും ബാധിച്ചിരിക്കാം. യഥാർത്ഥ കാരണം നമുക്കറിയില്ലല്ലോ. സംഘട്ടന രംഗങ്ങളിൽ ഫഹദ് പുറത്തെടുക്കാറുള്ള സ്ഥിരം ഏക്ഷൻ ഇതിലുമുണ്ട്. ചന്ദ്രനെ കൊല്ലാൻ പോകുമ്പോൾ ആ ലിവർ എടുത്തു പുറകിൽ വച്ചിട്ട് വേറൊരു ദിശയിലേക്കു ദൃഷ്ടി തിരിച്ചു പോകുന്നതാണ് ഉദ്ദേശിച്ചത്. തല്ലു സീനുകളിൽ മിക്കതിലും ഫഹദ് ഇത് അവർത്തിക്കുന്നതായി കണ്ടിട്ടുണ്ട്. ഇത്രയും മിടുക്കനായ ഒരു ആക്ടർ സ്ഥിരമായി എക്സെന്ററിക് വേഷങ്ങളിൽ ഒതുങ്ങിപ്പോകുന്നതിൽ വിഷമമുണ്ട്. ഡയമണ്ട് നെക്ക്ലേസിലെയും ചാപ്പ കുരിശിലേയും പോലുള്ള അർബൻ വേഷങ്ങളും അദ്ദേഹം ഇടയ്ക്കു ചെയ്യണം എന്നാണഭിപ്രായം. ജലജയെപ്പോലുള്ള ഒരു അഭിനേതാവിനെ ആവശ്യമുള്ള റോളൊന്നുമല്ല ജമീലയെങ്കിലും അവരെ വർഷങ്ങൾക്കു ശേഷം സ്‌ക്രീനിൽ കാണാൻ പറ്റി എന്നതൊരു സന്തോഷമാണ്. വിനയ് ഫോർട്ടും ജോജുവും ദിലീഷും ദിവ്യപ്രഭയും അവരുടെ വേഷങ്ങൾ നന്നായി ചെയ്തിട്ടുണ്ട്. ഡയലോഗ് ഡെലിവെറിയിലെ പ്രശ്നങ്ങൾ ഒഴിച്ചാൽ നിമിഷയും നന്നായിരുന്നു. എന്നാൽ പ്രായം ചെന്ന റോസ്‌ലിന്റെ ഭാഗത്തൊക്കെ നിമിഷയും ആ റോളിൽ ഒരു മിസ്കാസ്റ്റ് ആയിരുന്നെന്നു തോന്നിച്ചു. ഇതിലെ ഏറ്റവും മികച്ച പ്രകടനം ഡേവിഡിന്റെ മകന്റെ വേഷം ചെയ്ത സനൽ അമന്റേത് ആയിരുന്നു. ആ കഥാപാത്രത്തിന്റെ മാനസികമായ അസ്വസ്ഥതകൾ സനൽ നന്നായി അവതരിപ്പിച്ചു.

പ്രേക്ഷകനെ അമ്പരപ്പിക്കുക എന്ന ഉദ്ദേശത്തോടെ തന്നെ ഉൾക്കൊള്ളിച്ചിട്ടുള്ള ചില സീനുകൾ ചിത്രത്തിലുണ്ട്. ബോംബെറിയുന്നതും അൻവർ അലിയെ കാറിടിച്ചിട്ടു പോകുന്ന സീനും ഒക്കെ ഉദാഹരണം. മഹേഷ് നാരായണന്റെ സ്ട്രോങ്ങ് ഏരിയ അതാണെന്ന് തോന്നുന്നു. ടേക്ക് ഓഫിലെ ഇറാഖ് സീനുകൾ ശ്രദ്ധിച്ചിട്ടില്ലേ ? പല പല ഡോക്യൂഫിലിമുകളിലും കണ്ടിട്ടുള്ള രംഗങ്ങൾ മലയാള സിനിമയുടെ പരിമിതികളിൽ നിന്നുകൊണ്ട് മനോഹരമായി പുനഃസൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അതുപോലെ തന്നെ സെർച്ചിങ് എന്ന സിനിമയുടെ സ്വാധീനം കാണാമെങ്കിലും സീ യു സൂണും നല്ലൊരു ശ്രമമായിരുന്നു. ഗോഡ്ഫാദറിലും നായകനിലും ഒക്കെ വന്നതാണെങ്കിലും ഇതിലെ സമാനമായ രംഗങ്ങളും നന്നായി എടുത്തിട്ടുണ്ട്. പക്ഷെ പ്രചോദനവും കോപ്പിയടിയും തമ്മിലുള്ള വ്യത്യാസം വളരെ വളരെ നേർത്തതാണ് എന്നദ്ദേഹം ഓർത്താൽ കൊള്ളാം. വളരെ സത്യസന്ധമായി സിനിമ ചെയ്യുന്നവരെ പോലും ചെറിയ സമാനതകളുടെ പേരിൽ കോപ്പിയടിക്കാരൻ എന്ന് വിളിക്കുന്ന കാലമാണ്. ഈ മൂന്നു സിനിമകളിലും ഉപയോഗിച്ചത് പോലെയല്ലാതെ നേറ്റീവ് ആയ ഒരു തീം അദ്ദേഹം പരീക്ഷിച്ചാൽ അത് പൊളിക്കും എന്നാണ് തോന്നുന്നത്. സാനു ജോൺ വർഗീസിന്റെ ഛായാഗ്രഹണം, മഹേഷിന്റെ എഡിറ്റിംഗ്, സുഷിൻ ശ്യാമിന്റെ സംഗീതം എന്നിവയൊക്കെ വളരെ നല്ല രീതിയിൽ സിനിമയെ സഹായിക്കുന്നുണ്ട്. ഇതിലെ വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്നത് ആരാണെന്നറിയില്ല. ഫ്ലാഷ്ബാക്കിലെ അവരുടെ വേഷങ്ങൾ ഒക്കെ വളരെ നന്നായിട്ടുണ്ട്. അന്നത്തെ ചെറുപ്പക്കാരുടെയിടയിൽ ഹിറ്റായിരുന്ന ഡിസൈനുകളിലുള്ള ഷർട്ടുകളും സാരികളും ഒക്കെ തന്നെ ഉപയോഗിച്ചിട്ടുണ്ട്. മേക്കപ്പും കൊള്ളാം.

ഈ സിനിമയെ വെറുതെ കുറ്റം പറയാൻ വേണ്ടി മാത്രമെഴുതിയ കുറിപ്പല്ല ഇത്. ക്ലൈമാക്സ് ഒഴികെ കഥയിലേക്ക് നമ്മളെ വൈകാരികമായി അടുപ്പിച്ചു നിർത്തുന്ന ഒന്നും ഈ ചിത്രത്തിലില്ല. അലീക്കയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭീതി ഒരു ഘട്ടത്തിലും പ്രേക്ഷകനിൽ ഉണ്ടാവുന്നില്ലെങ്കിൽ അതിനർത്ഥം ആ കഥാപാത്രം അവനുമായി കണക്ട് ആയില്ലെന്നാണ്. ചിത്രത്തിലെ ഒരു പ്രധാന ട്രാക്ക് ആകേണ്ടിയിരുന്ന ഡേവിഡ് ക്രിസ്തുദാസും അലിയും തമ്മിലുള്ള ഗാഢമായ സൗഹൃദം വഷളാവുന്നതും ഒട്ടും ഓർഗാനിക് ആയല്ല അവതരിപ്പിച്ചിരിക്കുന്നത്. ഏതു തട്ടുപൊളിപ്പൻ സിനിമയായാലും അത് നമ്മളെ സ്പർശിക്കുന്നത് മനുഷ്യബന്ധങ്ങളെ സത്യസന്ധമായി സമീപിക്കുമ്പോളാണ്. അങ്ങനെ നോക്കുമ്പോൾ വളരെ മികച്ചൊരു കഥാതന്തുവിനെ ശരാശരി നിലവാരത്തിലേക്കൊതുക്കിയ അനുഭവമായിരുന്നു മാലിക്. ഒറ്റ തവണ മാത്രം കാണാനുള്ള സിനിമ.