സൗബിനെ നായകനാക്കി ലാൽജോസ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത സിനിമയാണ് ‘മ്യാവു’ . സഞ്ജു സുശീലൻ എഴുതിയ ആസ്വാദനം വായിക്കാം
Sanuj Suseelan

ഗൾഫ് പശ്ചാത്തലമായ മലയാളം സിനിമകളിൽ ഏറ്റവും ഇഷ്ടമായതിൽ രണ്ടെണ്ണം ലാൽജോസ് സംവിധാനം ചെയ്തതാണ്. അറബിക്കഥയും ഡയമണ്ട് നെക്ക്ലേസും. ഗൾഫിലെ മായക്കാഴ്ചകൾക്കൊപ്പം തന്നെ അവിടത്തെ മനുഷ്യരുടെ ജീവിതം പച്ചയായി അവതരിപ്പിച്ച ചിത്രങ്ങളായിരുന്നു ഇത് രണ്ടും. ദുബായ്, അബുദാബി തുടങ്ങിയ വൻ നഗരങ്ങളുടെ പളപളപ്പിൽ നിന്ന് മാറി റാസ് അൽ ഖൈമയിൽ ഒരു സൂപ്പർമാർക്കറ്റുമായി ജീവിതം മുന്നോട്ടു നീക്കുന്ന ദസ്തക്കീറിന്റെ കഥയാണ് മ്യാവൂ എന്ന ഈ ചിത്രം പറയുന്നത്.
മതവിശ്വാസങ്ങളൊന്നും കാര്യമാക്കാതെ ആഘോഷമായി ജീവിച്ചിരുന്ന ദസ്തക്കീർ എന്ന യുവാവ് മദ്യപിച്ചു വാഹനമോടിച്ചുണ്ടായ ഒരു വലിയ അപകടത്തിൽ നിന്ന് തലനാരിഴ വ്യത്യാസത്തിൽ രക്ഷപ്പെടുന്നതോടെ ഒരു വിശ്വാസിയായി മാറുകയാണ്. സുന്ദരിയായ സുലേഖയെ വിവാഹം കഴിച്ച് മൂന്നു കുട്ടികളുമായി സന്തോഷത്തോടെ കഴിയുന്ന ദസ്തക്കീറിന്റെ ജീവിതത്തിൽ പിന്നീടുണ്ടാവുന്ന ചില വഴിത്തിരിവുകളാണ് സിനിമയുടെ പ്രധാന പ്രമേയം.
പ്രേക്ഷകനെ പിടിച്ചുകുലുക്കുന്ന മനോഹരമായ ക്ലൈമാക്സിൽ അവസാനിപ്പിക്കാനുള്ള ചേരുവകളുള്ള ഒരു കഥ നാടകീയതയ്ക്ക് വേണ്ടി നാടകീയത സൃഷ്ടിച്ചുള്ള ഒരു സാധാരണ അന്ത്യത്തിലൊടുങ്ങി എന്നിടത്താണ് മ്യാവൂ പരാജയമാകുന്നത്. ആ പൂച്ചയുടെയും കുഞ്ഞുങ്ങളുടെയും ഭാഗം കണ്ടപ്പോൾ ഉള്ളിൽ വളർന്ന പ്രതീക്ഷ അടുത്ത പത്തോ പതിനഞ്ചോ മിനിറ്റിൽ നിരാശയിൽ അവസാനിച്ചു. ഏതോ ഒരു ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ഡോക്ടർ ഇഖ്ബാൽ കുറ്റിപ്പുറം ഈ തിരക്കഥ എഴുതിയതെന്നു കേട്ടിരുന്നു. ഒറിജിനലി അതങ്ങനെ തന്നെയായതുകൊണ്ടാവാം ഇഖ്ബാൽ കുറ്റിപ്പുറത്തെയും ലാൽജോസിനെയും പോലെ പരിചയസമ്പന്നരും പ്രതിഭാശാലികളുമായ രണ്ടുപേർ ആ സാദ്ധ്യതകളെ അപ്പാടെ തഴഞ്ഞതെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.
സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് ജോജിയുടെയും തണ്ണീർ മത്തൻ ദിനങ്ങളുടേയുമൊക്കെ സംഗീത സംവിധായകനായ ജസ്റ്റിൻ വർഗീസാണ്. “ഓനാ ഹിജാബിയെ കിനാവ് കണ്ട്” പാട്ടിലെ സുഹൈൽ കോയയുടെ വരികളും സംഗീതവും അദീഫ് മൊഹമ്മദിന്റെ ആലാപനവും ഒന്നാംതരം. അജ്മൽ സാബുവിന്റെ ഛായാഗ്രഹണവും നിലവാരം പുലർത്തുന്നു. ജോളി ബാസ്റ്റിൻ ആണ് സംഘട്ടനസംവിധാനം. ആ കാർ അപകടത്തിൽ പെടുന്ന സീൻ വളരെ നന്നായി വന്നിട്ടുണ്ട്.
മതത്തിന്റെ പേരിൽ നിഷ്കളങ്കരായ മനുഷ്യരെ മുതലാക്കുന്ന വിരുതന്മാർക്കും ദൈവത്തെ അവനവനു ബോധിച്ച രീതിയിൽ വ്യാഖ്യാനിച്ച് മറ്റുള്ളവരെ ദ്രോഹിക്കുന്നവർക്കുമൊക്കെ ഒരു കൊട്ട് ഈ സിനിമയിലുണ്ട്. ഈമാനും ഇബാദത്തുമുള്ള ഒരു വിശ്വാസിക്ക് ചേർന്നതാണോ നിങ്ങളുടെ മകൻ പാടിയ പാട്ട് എന്ന് ദസ്തക്കീറിനെ ചോദ്യം ചെയ്യുന്ന അർമാന് ദസ്തക്കീർ കൊടുക്കുന്ന മറുപടി മതങ്ങളുടെയും ദൈവങ്ങളുടെയും പേരിൽ വെറുപ്പ് പേറുന്ന ഏതൊരു മനുഷ്യനും ആവർത്തിച്ച് കേൾക്കേണ്ടതാണ്. അക്ഷരാർത്ഥത്തിൽ ഹൃദയത്തിൽ നിന്ന് വരുന്ന വാക്കുകൾ. മുകളിൽ പറഞ്ഞ പ്രശ്നങ്ങളൊക്കെ കഥയിലുണ്ടെങ്കിലും കണ്ട് തീരുമ്പോൾ സന്തോഷം നൽകുന്ന എന്തോ ഒരു നന്മ ഇപ്പോളും ആ സിനിമയിലുണ്ട്. അതുകൊണ്ടുമാത്രം ഇത് കാണാൻ ശുപാർശ ചെയ്യുന്നു.