Entertainment
മനോഹരമായ ചിരിയും നൃത്തവും മാത്രമല്ല പ്രേക്ഷകർ മഞ്ജുവിൽ നിന്ന് പ്രതീക്ഷിക്കുന്നത്

Sanuj Suseelan
ഈ സിനിമയുടെ സംവിധായകനായ പ്രജേഷ് സെൻ ആണ് പഴയ ചാരക്കേസ് വിവാദ നായകനായ ശ്രീ നമ്പി നാരായണന്റെ ആത്മകഥാപരമായ പുസ്തകം “ഓർമകളുടെ ഭ്രമണപഥം” എഴുതിയിരിക്കുന്നത്. പ്രജേഷ് സെൻ സംവിധാനം ചെയ്ത ക്യാപ്റ്റനും വെള്ളവും ആത്മകഥാപരമായ സിനിമകളാണ്. അതിൽ നിന്നൊക്കെ ഒരു ചേഞ്ച് വേണമെന്ന് വച്ചിട്ടാണോ എന്തോ ഈ സിനിമ ഒരു ബയോപിക് അല്ല എന്നാണറിവ്. നൂറ്റൊന്നാവർത്തിച്ച കഥാപാത്രങ്ങൾ. കഥ സന്ദർഭങ്ങൾ. വളരെയധികം പ്രവചനീയമായ കഥ എന്നിങ്ങനെ ഓടിച്ചു കണ്ടാൽ വെറും അരമണിക്കൂർ കൊണ്ട് കണ്ടു തീർക്കാവുന്ന ഒരു കലാസൃഷ്ടിയാണ് മേരി ആവാസ് സുനോ. ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് തലയ്ക്കു പിടിച്ചിട്ടുണ്ടോ എന്ന് സംശയം തോന്നുന്ന വിധമുള്ള പ്രകടനമാണ് മഞ്ജു വാര്യർ ഇതിൽ നടത്തിയിരിക്കുന്നത്. നാച്ചുറൽ ആവാൻ വേണ്ടി ആഞ്ഞു ശ്രമിച്ചിരിക്കുന്നത് കാരണം അത് കൂടുതൽ വഷളായിട്ടുമുണ്ട്. സത്യം പറയാമല്ലോ. ലൂസിഫറിന് ശേഷം മഞ്ജുവിന്റെ നല്ലൊരു പെർഫോമൻസ് കണ്ടിട്ട് കാലം കുറച്ചായി. ജാക്ക് ആൻഡ് ജിൽ ഒക്കെ പോലെയുള്ള സിനിമകൾ തുടർച്ചയായി ചെയ്യുന്നതിനേക്കാൾ നല്ലത് ചെറിയ ഒരു ബ്രേക്ക് എടുത്തിട്ട് നയൻതാരയെ പോലെ കഥകൾ തെരഞ്ഞെടുക്കുകയും അഭിനയിക്കുകയും ചെയ്യുന്നതാണ്. എല്ലാവരും പറയുന്നത് പോലെ മനോഹരമായ ചിരിയും നൃത്തവും മാത്രമല്ല പ്രേക്ഷകർ മഞ്ജുവിൽ നിന്ന് പ്രതീക്ഷിക്കുന്നത്. എന്തെങ്കിലും പെർഫോമൻസും കൂടി അവർ പ്രതീക്ഷിക്കുന്നുണ്ട്. ജയസൂര്യയും ശിവദയും കൂടി ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഒരു സമ്പൂർണ ദുരന്തമായേനെ. അങ്ങേയറ്റം ആത്മാർത്ഥതയോടെ ജയസൂര്യ ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. വളരെ മികച്ച പ്രകടനവുമാണത്. ഫീൽ ഗുഡ് സിനിമകൾ നല്ലതാണ്. ജീവിതത്തെക്കുറിച്ചുള്ള നല്ല പ്രതീക്ഷകളുണർത്തുന്ന ഏതു കലാസൃഷ്ടിയും മികച്ചതാണ്. എന്ന് വച്ച് ഒരുപാടങ്ങ് ഫീലാക്കരുത്. വേണ്ടാത്തോണ്ടാ.
1,072 total views, 4 views today