Sanuj Suseelan

മുംബൈയിലും ബാംഗ്ളൂരിലും നഗരത്തിനുള്ളിൽ തന്നെയുള്ള ചില പഴഞ്ചൻ ബാറുകളുണ്ട്. അങ്ങനെയുള്ള ചില സ്ഥലങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം പോയിട്ടുണ്ട്. തിരക്ക് പിടിച്ച തെരുവുകളിൽ മറ്റു കടമുറികൾക്കിടയിൽ നിറമുള്ള ഗ്ലാസ്സുകൾ പിടിപ്പിച്ച ഒറ്റവാതിലും അതിനു മുകളിൽ നിയോണിൽ മങ്ങിക്കത്തുന്ന പേരും ഒക്കെയുള്ള സങ്കേതങ്ങൾ. സിഗരറ്റ് പുക മഞ്ഞു തീർത്ത, ചുവപ്പോ മഞ്ഞയോ നിറത്തിലുള്ള അരണ്ട വെളിച്ചം നിറഞ്ഞ ചെറിയ ഹാളുകളിലാണ് ഈ ബാറുകളിൽ പലതും പ്രവർത്തിക്കുന്നത്. തടി കൊണ്ട് തീർത്ത ബാർ കൗണ്ടറിലും മേശകളിലുമൊക്കെ ഭസ്മം പോലെ സിഗരറ്റ് ചാരം ചിതറി കിടക്കുന്നുണ്ടാവും. നിറഞ്ഞു കവിഞ്ഞ മധുചഷകങ്ങളിൽ നിന്നും തുളുമ്പി വീണ തേൻതുള്ളികൾ ആ പ്രകാശത്തെ പ്രതിഫലിപ്പിച്ച് രത്നക്കല്ലുകൾ പോലെ തിളങ്ങും. സന്ധ്യകഴിഞ്ഞാൽ അവിടം ആൾക്കാരെക്കൊണ്ട് നിറയും. ബോധം മറയുന്നത് വരെ കുടിക്കുന്നവർ എണ്ണത്തിൽ കുറവാണ്.

പകൽ നേരത്തെ അത്യദ്ധ്വാനം കഴിഞ്ഞു കുറച്ചു നേരം ഉല്ലസിക്കാൻ വരുന്നവരാണ് അവിടത്തെ അതിഥികളിൽ കൂടുതലും. ഓരോ മേശയ്ക്കു നടക്കുനിന്നും ഉയരുന്ന പുകച്ചുരുളുകൾക്കപ്പുറവും ഇപ്പുറവുമായി ഇരുന്നു ഗ്ലാസ് ഇടയ്ക്കിടയ്ക്ക് മൊത്തുന്നതിനൊപ്പം അന്നത്തെ കഥകൾ ഉറക്കെ ചർച്ച ചെയ്യുകയായിരിക്കും അവരിൽ മിക്കവരും. തടികൊണ്ട് തന്നെയുള്ള മച്ചിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന സ്പീക്കറുകളിൽ കൂടി ഏതെങ്കിലും പാട്ട് ഉച്ചസ്ഥായിയിൽ ചീറുന്നുണ്ടാവും. അപൂർവ്വം ചിലയിടങ്ങളിൽ ലൈവ് മ്യൂസിക്കും കാണും. പക്ഷെ ബാർ മാനേജരും പാടുന്നവരുമല്ലാതെ ഒറ്റയൊരാൾ പോലും അത് ആസ്വദിക്കുന്നുണ്ടാവില്ല. എല്ലാവരും അവരവരുടേതായ ലോകത്താണ്. സന്തോഷം നിറഞ്ഞ ദിനങ്ങൾ അയവിറക്കുന്നവരും ദുരന്തത്തിലൂടെ കടന്നു പോകുന്നവരും ഭാവിയെപ്പറ്റി ഭയപ്പെട്ടു നടക്കുന്നവരും ഇതൊന്നും മൈൻഡ് ചെയ്യാതെ ആർത്തുല്ലസിക്കുന്നവരുമെല്ലാം നിറഞ്ഞ ആ ആൾക്കൂട്ടത്തിനിടയിലിരുന്ന് വളരെ ഇഷ്ടപ്പെട്ട ഒരു കഥയോ പാട്ടോ ആസ്വദിക്കുന്നത് പോലെയാണ് ശ്രീറാം രാഘവന്റെ സിനിമകൾ നൽകുന്ന അനുഭവവും. ആദ്യന്തം പിടിച്ചിരുത്തുന്ന ഒരു മാജിക് അതിലുണ്ടാവും. മെറി ക്രിസ്തുമസ്സും അതുപോലെ തന്നെ ഒരു ചിത്രമാണ്.

Frédéric Dard എന്ന വിഖ്യാത ഫ്രഞ്ച് കുറ്റാന്വേഷണ നോവലിസ്റ്റിന്റെ “Bird in a Cage” എന്ന കഥയെ ആസ്പദമാക്കിയാണ് ഹിന്ദിയിലും തമിഴിലും ഈ സിനിമ നിർമിച്ചിരിക്കുന്നത്. ഒരു വൈകുന്നേരം തുടങ്ങി രാത്രി മുഴുമിക്കുന്നതിനുള്ളിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഭൂരിഭാഗവും ഇൻഡോർ സീനുകളാണെങ്കിലും ഒട്ടും രസച്ചരട് പൊട്ടാതെ, ഉദ്വെഗം നിലനിർത്തിയാണ് സംവിധായകൻ കഥ പറഞ്ഞിട്ടുള്ളത്. Frédéric Dard ഒരു തിരക്കഥാകൃത്തു കൂടിയാണ്. മുന്നൂറോളം നോവലുകൾ എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ പ്രശസ്തമായ ഡിറ്റക്ടീവ് സീരീസാണ് സാൻ അന്റോണിയോ കഥകൾ. ഒരു കുറ്റാന്വേഷകനും ഫ്രഞ്ച് സീക്രട്ട് സർവീസ് ഏജന്റുമായ സാൻ അന്റോണിയോ എന്ന സാങ്കല്പിക കഥാപാത്രത്തെ നായകനാക്കി നൂറ്റമ്പതിൽ കൂടുതൽ കഥകൾ അദ്ദേഹം എഴുതിയിട്ടുണ്ടത്രെ. അതിൽ ചിലതൊക്കെ സിനിമയായിട്ടുമുണ്ട്. എന്തായാലും ഈ സിനിമയിൽ ഒറിജിനൽ നോവലിനെ നമ്മുടെ അന്തരീക്ഷത്തിലേക്ക് പറിച്ചു നടാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല എന്നാണ് എന്റെ അനുമാനം. ഇതൊരു യൂണിവേഴ്സൽ സബ്ജക്ടാണ്. ഒറിജിനൽ കഥ അതേപടി എടുത്താൽ പോലും കാണികൾക്ക് ഇഷ്ടമാവും. എന്നാലും
ഒരു വിന്റേജ് ക്രൈം ത്രില്ലർ കാണുന്ന ഫീൽ ചോരാതെ ശ്രീറാം രാഘവൻ കഥ അവതരിപ്പിച്ചിട്ടുണ്ട്.

വളരെക്കുറച്ച് കഥാപാത്രങ്ങൾ മാത്രമുള്ളതുകൊണ്ടു തന്നെ അധികം അഭിനേതാക്കളും സിനിമയിലില്ല. വിജയ് സേതുപതി അവതരിപ്പിച്ചിരിക്കുന്ന നായക കഥാപാത്രം ഒരു തമിഴനാണ്. ഒരു തമിഴ് ചുവ ഉണ്ടെങ്കിലും വലിയ തെറ്റില്ലാതെ ഹിന്ദി ഡയലോഗുകൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്. മുമ്പ് ദുബായിലൊക്കെ ജോലി ചെയ്തിട്ടുള്ളതുകൊണ്ടാവാം വളരെ രസകരമായ ഡയലോഗുകൾ അതിന്റെ ഫൺ കളയാതെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. കത്രീന കെയ്ഫിനും നല്ല വേഷമാണ്. ടിനു ആനന്ദ്, സഞ്ജയ് കപൂർ എന്നിവരെക്കൂടാതെ വിനയ് പാഥക്കും പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിട്ടുണ്ട്.

സാങ്കേതികമായി നല്ല നിലവാരമുള്ള ചിത്രമാണ്. സിനിമയുടെ ഭൂരിഭാഗവും ഇൻഡോർ സീനുകളാണെങ്കിലും ഒട്ടും ബോറടിക്കാതിരിക്കുന്നതിനു ഒരു കാരണം മനോഹരമായ ഛായാഗ്രഹണമാണ്. മലയാളത്തിന്റെ സ്വന്തം മധു നീലകണ്ഠനാണ് ഈ ചിത്രത്തിന്റെ സിനിമാട്ടോഗ്രഫി ചെയ്തിരിക്കുന്നത്. ശ്രീറാം രാഘവന്റെ മുൻ ചിത്രങ്ങളായ Andhadhun , Badlapur Ek Hasina Thi എന്നീ സിനിമകളുടെയും എഡിറ്ററായ പൂജ ലത സൂർത്തിയാണ് ഈ സിനിമയുടെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ഹിന്ദി പതിപ്പിന്റെ രചനയിലും പൂജയുടെ പങ്കാളിത്തമുണ്ട്. പ്രീതമിന്റെ സംഗീതവും മികച്ചതാണ്. പ്രൊഡക്ഷൻ ഡിസൈന് വളരെ പ്രാധാന്യമുള്ള ഒരു ചിത്രമാണിത്. സിനിമ കാണുമ്പോൾ അത് മനസ്സിലാവും. മയൂർ ശർമയാണ് പ്രൊഡക്ഷൻ ഡിസൈനർ. പക്ഷെ ഉള്ളത് പറയാമല്ലോ ഇതിലെ സെറ്റുകൾ അല്പസ്വല്പം കൃത്രിമത്വം തോന്നിപ്പിക്കുന്നവയാണ്. പുള്ളിയുടെ തന്നെ മുൻ ചിത്രങ്ങളിലൊന്നായ കേദാർനാഥുമായി തട്ടിച്ചു നോക്കുമ്പോൾ ഭേദപ്പെട്ടതാണ് എന്ന് മാത്രം. വിന്റേജ് ഹോളിവുഡ് പൾപ്പ് ത്രില്ലറുകൾ ഇഷ്ടമാവുന്നവർക്ക് കണ്ണടച്ച് ടിക്കറ്റെടുക്കാവുന്ന സംവിധായകനാണ് ശ്രീറാം രാഘവൻ. ഇതും അങ്ങനെയുള്ള ഒരു ചിത്രമാണ്. വലിയ പ്രൊമോഷൻ ഒന്നുമില്ലാതെയാണ് ഇത് റിലീസ് ചെയ്തത്. അധികം മുതൽമുടക്കൊന്നും ആയിട്ടുമുണ്ടാവില്ല. അതിന്റെ ക്ഷീണമുണ്ടെങ്കിലും ഞാൻ കണ്ടപ്പോൾ തീയറ്ററിൽ നല്ല തിരക്കുണ്ടായിരുന്നു.

You May Also Like

ഈ സിനിമയുടെ കഥ കേട്ട പൃഥ്വിരാജ് സുകുമാരൻ നിർദ്ദേശിച്ച ടൈറ്റിൽ ഉണ്ടായിരുന്നു, ‘ഒരു വിശുദ്ധ അവിഹിതം’

Gnr :- Drama Lang :- മലയാളം Yadu EZr ങളെന്ത് ഡ്രാമ്യ രവ്യട്ടാ… എന്ന്…

ഒരുപക്ഷെ ലോകത്തിലെ തന്നെ ഏറ്റവും മഹത്തായ ഒരു കൃതഞ്ജതയുടെ കഥ

The story of great gratitude ✍️K Nandakumar Pillai ലോകകപ്പ് പുരസ്‌കാര വിതരണ വേദിയിൽ…

‘അനക്ക് എന്തിന്റെ കേടാ..’ ഫസ്റ്റ്ലുക്ക് പോസ്റ്റർ

‘അനക്ക് എന്തിന്റെ കേടാ..’ ഫസ്റ്റ്ലുക്ക് പോസ്റ്റർ. ബി.എം.സി ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച്, മാധ്യമ പ്രവർത്തകനായ…

‘ശിവോഹം’, ആദിപുരുഷിൽ ശിവഭക്തനായ രാവണനെ അവതരിപ്പിക്കുന്ന വീഡിയോ ഗാനം

പ്രഭാസ് നായകനായ ഏറ്റവും പുതിയ ചിത്രമാണ് ആദിപുരുഷ്. തിന്മയ്ക്ക് മുകളിൽ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്‍റെ…