Sanuj Suseelan

പിറവം പോലീസ് സ്റ്റേഷനിൽ ജോയിൻ ചെയ്യാനെത്തുന്ന പ്രവീൺ മൈക്കിൾ എന്ന ഒരു പോലീസുകാരനിൽ നിന്നാണ് ഈ സിനിമ ആരംഭിക്കുന്നത്. ആ സ്റ്റേഷനിലെ തന്നെ മറ്റു രണ്ടു പോലീസുകാരാണ് മണിയനും സുനിതയും. ഏതോ കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തുന്ന ദളിത് സംഘടനാ പ്രവർത്തകരിൽ ഒരാളുമായി മണിയന് ഇടയേണ്ടി വരുന്നു. ചെറിയ ഉരസലിലും ഉന്തിലും തള്ളിലും തൽക്കാലം അതവസാനിച്ചുവെങ്കിലും അടുത്ത ദിവസം യാദൃശ്ചികമായി അവരുമായി ബന്ധപ്പെട്ട വലിയ ഒരു ദുരന്തത്തിൽപെടുകയാണ് മണിയനും സുനിതയും പ്രവീണും. തെരഞ്ഞെടുപ്പിലേക്ക് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ നടക്കുന്ന സംഭവത്തിന് രാഷ്ട്രീയമായ നിറം കൂടി കൈവരുന്നതോടെ ഒറ്റ രാത്രികൊണ്ട് കാര്യങ്ങൾ മാറിമറിയുന്നു. തലേ ദിവസം വരെ തങ്ങൾ കൂടി ഭാഗമായിരുന്ന സിസ്റ്റം ദംഷ്ട്രകൾ നീട്ടി ഒരു ചെന്നായയെ പോലെ തങ്ങൾക്കു നേരെ തിരിയുന്നത് കണ്ടു പകച്ചു പോകുന്ന അവർ വിരണ്ടോടുകയാണ്. ഒരിക്കൽ തങ്ങൾ സംരക്ഷിച്ചിരുന്ന സമൂഹം തങ്ങളെയും സംരക്ഷിക്കുമോ എന്ന ഒരുറപ്പുമില്ലാതെ ഒഴിഞ്ഞും ഒളിഞ്ഞുമുള്ള അവരുടെ പാഞ്ഞോട്ടമാണ് സിനിമയുടെ കാതലായ ഭാഗം. ഹൃദയമിടിപ്പോടെ അത് കണ്ടിരിക്കുന്ന പ്രേക്ഷകന്റെ നെഞ്ചിൽ ഒരു കല്ല് കയറ്റി വച്ചാണ് ചിത്രം അവസാനിക്കുന്നത്. ഏറ്റവും കുറഞ്ഞത് ഒരു ദിവസമെങ്കിലും ഈ സിനിമ നിങ്ങളെ വേട്ടയാടും. തികച്ചും haunting ആയ ഒരു അനുഭവം.

Kunchako Boban's Nayattu to stream on Netflix | Entertainment News,The  Indian Expressപ്രേക്ഷകനെ അക്ഷരാർത്ഥത്തിൽ സീറ്റിൽ പിടിച്ചിരുത്തുന്ന ഒരു ത്രില്ലർ ചിത്രമാണിത്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്തതിൽ ഏറ്റവും മികച്ചത് എന്ന് നിസ്സംശയം പറയാവുന്ന സിനിമ. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് രചന നിർവഹിച്ചിരിക്കുന്നത്. ഒരു പോലീസുകാരൻ കൂടിയായതുകൊണ്ടാവാം നല്ല ഡീറ്റൈലിംഗും കഥ പറച്ചിലിലുണ്ട്. സിനിമകളിൽ സാധാരണ കാണുന്ന പോലീസ് കഥകളിൽ നിന്ന് വ്യത്യസ്തമായി പോലീസുകാരന്റെ ഉപ്പും മധുരവും കലർന്ന യഥാർത്ഥ ജീവിതത്തിന്റെ പച്ചയിൽ നിന്നുകൊണ്ടാണ് ഇതിലെ കഥ പറച്ചിൽ. അധികാരമുള്ളപ്പോൾ തന്നെ ഭരിക്കപ്പെടുകയും ചെയ്യപ്പെടുന്ന അവരുടെ നിസ്സഹായത അതിമനോഹരമായി ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. മഹേഷ് നാരായണനാണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ത്രില്ലർ എന്ന നിലയ്ക്കുള്ള സിനിമയുടെ പിരിമുറുക്കത്തിന് അദ്ദേഹം നല്ല സംഭാവന നൽകിയിട്ടുണ്ട്. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും ചിത്രത്തിന് നല്ല പിന്തുണ നൽകുന്നു.

Nayattu (2021) Malayalam Full Movie Online HD | Bolly2Tolly.netഈ സിനിമയെക്കുറിച്ച് വന്ന ആരോപണങ്ങളിൽ ചിലതു കൂടി പരിശോധിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. ഇതൊരു ദളിത് വിരുദ്ധ സിനിമയാണ് എന്നതാണ് അതിൽ പ്രധാനം. പോലീസുകാർ സ്വന്തം സഹപ്രവർത്തകരെ ഒരിക്കലും ഒറ്റിക്കൊടുക്കില്ല, അതുകൊണ്ട് ഈ സിനിമയിൽ കാണിക്കുന്നത് ഒരിക്കലും നടക്കാനിടയില്ലാത്ത ഒരു കഥയാണ് എന്നത് രണ്ടാമത്തേതും. പോലീസുകാർ കസ്റ്റഡിയിൽ എത്രയോ പേരെ ഇടിച്ചു കൊന്ന സംഭവങ്ങൾ കേരളത്തിൽ തന്നെ നടന്നിട്ടുണ്ട്, എന്നിട്ട് അതിലെ കുറ്റവാളികൾക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ ? ആ സ്ഥിതിക്ക് ഈ സിനിമയിലെ സംഭവങ്ങൾ എത്രത്തോളം വിശ്വസനീയമാണ് എന്നതാണ് ഇവരുടെ ചോദ്യം. ഈ ആരോപണം ഉന്നയിക്കുന്നവർ ശ്രദ്ധയോടെ ആ സിനിമ ഒന്നുകൂടി കണ്ടാൽ തീരാവുന്ന സംശയങ്ങൾ മാത്രമാണിത്. നോക്കൂ, കഥ നടക്കുന്നത് ഒരു തെരഞ്ഞെടുപ്പ് സമയത്താണ്. ജയിക്കാനുള്ള സാധ്യത അറുപതോ എഴുപതോ ശതമാനമാണ് എന്നുള്ള ഇന്റലിജൻസ് റിപ്പോർട്ട് കണ്ടു സമ്മർദ്ദത്തിലിരിക്കുന്ന ഒരു മുഖ്യമന്ത്രിയെയാണ് ചിത്രത്തിൽ കാണിക്കുന്നത്. ആ മണ്ഡലത്തിലെ ഏറ്റവും വലിയ വോട്ട് ബാങ്കാണ് ദളിതരെന്നും അത് നഷ്ടപ്പെടാൻ പാടില്ലെന്നും വ്യക്തമായി തന്നെ മുഖ്യമന്ത്രി പറയുന്നുണ്ട്. സ്വാഭാവികമായും ആ വോട്ട് കിട്ടാൻ വേണ്ടി ഒരു രാഷ്ട്രീയ പാർട്ടി ആ സന്ദർഭത്തിൽ എന്തും ചെയ്യും. വോട്ടിനു വേണ്ടി വർഗീയ ലഹളകൾ വരെ ഓർക്കെസ്ട്രേറ്റ് ചെയ്തു നടപ്പിലാക്കുന്ന ചരിത്രമുള്ള ഒരു രാജ്യത്ത് ഇതൊരു അസാധാരണ സംഭവമേയല്ല. അധികാരം കയ്യിലുള്ള പോലീസ് സേനയിലെ അംഗങ്ങളായ മൂന്നു പേരെ ആ സേന തന്നെ വേട്ടയാടണമെങ്കിൽ കഥയിൽ അതിന് വിശ്വസനീയമായ ഒരു കാരണം വേണമല്ലോ. അതിന് വേണ്ടി ഉപയോഗിച്ചിരിക്കുന്ന ഒരു ടൂൾ മാത്രമാണ് ഇതിലെ സംഘടനയും പ്രവർത്തകരും രാഷ്ട്രീയക്കാരുമെല്ലാം. ആ ദളിത് സംഘടനയുടെ സ്ഥാനത്ത് ഒരു മുസ്ലിം സംഘടനയോ ക്രിസ്ത്യൻ സംഘടനയോ എന്തിന് ഒരു സവർണ ഹിന്ദു സംഘടന ആയാൽ പോലും കഥയിൽ വിശ്വസനീയമായ ഒരു വഴിത്തിരിവുണ്ടാക്കുക എന്നല്ലാതെ അതിന് പ്രത്യേകിച്ചൊരു റോളുമില്ല.

ഒരു രാഷ്ട്രീയ ചിത്രമായി ഈ സിനിമയെ വിശകലനം ചെയ്യുന്നതിൽ അർത്ഥമില്ല. എന്നാലും പറഞ്ഞോട്ടെ. ഈ സിനിമയിൽ ദളിത് വിരുദ്ധത ആരോപിക്കുന്നവർ മലയാളത്തിൽ വന്നിട്ടുള്ള “രാഷ്ട്രീയ ചിത്രങ്ങൾ” ഒന്നുകൂടി കാണണം. കള്ളച്ചാരായവും കോടി മുണ്ടും കൊടുത്തു വോട്ട് പിടിക്കുന്നത് പോലുള്ള ക്ലിഷേ രംഗങ്ങളാണ് അതിൽ മിക്കതിലുമുള്ളത്. രാഷ്ട്രീയ പാർട്ടികൾ സാധാരണ മനുഷ്യരെ എങ്ങനെയാണു അധികാരത്തിനു വേണ്ടിയുള്ള ആയുധങ്ങളായി ഉപയോഗിക്കുന്നതെന്ന് കാണിക്കാൻ സ്ഥിരം പാറ്റേണുകൾ പലതും അത്തരം സിനിമകൾ ഉപയോഗിക്കാറുണ്ട്. നായകന്റെ വീരശൂര പരാക്രമങ്ങൾ കുത്തി നിറച്ച ഒരു ക്ലൈമാക്സിൽ അതവസാനിക്കുകയും ചെയ്യും. അവിടെയാണ് ഈ സിനിമ വ്യത്യസ്തമാകുന്നത്. ഇതിലെ രണ്ടുപക്ഷത്തുള്ളവരും ഒരേ ജാതിയിൽ പെട്ടവരാണ്. സാമ്പത്തികമായും സാമൂഹികമായും ഏകദേശം ഒരേ നിലവാരത്തിലുള്ളവർ. എന്നിട്ടും രാഷ്ട്രീയക്കാർ അവരെ എങ്ങനെയാണ് വിദഗ്ധമായി തമ്മിലടിപ്പിച്ചു തങ്ങളുടെ അധികാരം നിലനിർത്താൻ ഉപയോഗിക്കുന്നതെന്ന് നിശബ്ദമായി, ഒരു നാടകീയതയുമില്ലാതെ ഈ സിനിമ കാണിച്ചു തരുന്നുണ്ട്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് മുന്നിൽ മനുഷ്യന് എന്ത് വിലയാണ് ഒരു ജനാധിപത്യ വ്യവസ്ഥയിൽ ഉള്ളതെന്ന പ്രധാനപ്പെട്ട ഒരു ചോദ്യം അവശേഷിപ്പിച്ചാണ് സിനിമ അവസാനിക്കുന്നത്. സ്‌പോയ്‌ലർ ആകുമെന്നതിനാൽ ക്ലൈമാക്സിനെക്കുറിച്ചു എഴുതുന്നില്ല. പക്ഷെ ഒരു കണക്കിൽ നോക്കിയാൽ ആ കാണിക്കുന്നതല്ലേ ശരിക്കും ഈ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത് ? നിങ്ങളുടെ വോട്ട് ആർക്കു കൊടുക്കണമെന്ന് തീരുമാനിക്കുന്നത് ശരിക്കും നിങ്ങൾ തന്നെയാണോ ? ആ അർത്ഥത്തിൽ ലക്ഷണമൊത്ത രാഷ്ട്രീയ ചിത്രമാണ് നായാട്ട്. ഒരു ദളിത് രാഷ്ട്രീയ ചിത്രമെന്ന് വേണമെങ്കിലും വിളിക്കാവുന്ന ഒന്ന്.

കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് ഒരുപക്ഷെ ഈ സിനിമയിലേതാവും. വളരെ മിതമായ, തുടർച്ചയുള്ള അഭിനയമാണ് അദ്ദേഹം ഇതിൽ കാഴ്ചവച്ചിരിക്കുന്നത്. ആ കഥാപാത്രത്തെ കുറച്ചുകൂടി വികസിപ്പിക്കാമായിരുന്നു എന്നൊരഭിപ്രായമുണ്ട്. ചില സീനുകളിലെങ്കിലും അയാൾ മുന്നോട്ടു വന്നു എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയുണർത്തിയെങ്കിലും അതൊക്കെ മണിയനിലേക്കു മാത്രം കേന്ദ്രീകരിച്ചിരിക്കുകയാണ്. ഒരുപക്ഷെ കഥ അതാവശ്യപ്പെടുന്നതുകൊണ്ടാവാം. ജോസഫിലേതു പോലെയുള്ള ശരീര ഭാഷയും ഡയലോഗ് ഡെലിവറിയുമാണ് ജോജു ഇതിലും ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല കഴിഞ്ഞ അഞ്ചു പത്തു സിനിമകൾ എടുത്താൽ എല്ലാത്തിലും ഒരുപോലുള്ള രൂപവും ഭാവവും ഒക്കെയാണ് അദ്ദേഹത്തിന്റേത്. പക്ഷെ ഒരിക്കൽ പോലും പ്രേക്ഷകന് അതിൽ മടുപ്പു തോന്നാത്ത എന്തോ ഒരു മാജിക് ജോജുവിന്റെ അഭിനയത്തിലുണ്ട്. നല്ല രീതിയിൽ എഴുതിയുണ്ടാക്കിയിരിക്കുന്ന മണിയൻ എന്ന കഥാപാത്രത്തിന് പറ്റിയ ഏറ്റവും നല്ല തെരഞ്ഞെടുപ്പായിരുന്നു അദ്ദേഹമെന്ന് പറയാതെ വയ്യ. അവസാന സീനുകളിലെ ആ സംഭവങ്ങൾ നമ്മളിൽ ഇത്രയും ഷോക്ക് ഉണ്ടാക്കാൻ കാരണവും ഒരുപക്ഷെ അദ്ദേഹത്തോട് പ്രേക്ഷകർക്കുള്ള ഒരു സ്നേഹവും അടുപ്പവും ഒക്കെയായിരിക്കും. നിമിഷയ്ക്കു മറ്റു സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഒന്നും ഇതിൽ ചെയ്യേണ്ടി വന്നിട്ടില്ല. സ്ഥിരം ഇടുക്കി സ്ലാങ് വിട്ട് ജാഫർ ഇടുക്കിയെ ഗൗരവമുള്ള, കൗശലക്കാരനായ ഒരു മുഖ്യമന്ത്രിയായി അവതരിപ്പിക്കാൻ സംവിധായകൻ കാണിച്ച ധൈര്യത്തിനും കയ്യടി. എസ്പി അനുരാധയെ അവതരിപ്പിച്ച യമയും നന്നായിട്ടുണ്ട്. പോലീസ് സ്റ്റേഷനിലെ എസ് ഐ വേഷം ചെയ്തയാളുടെ പേരറിയില്ല. മികച്ച അഭിനയമായിരുന്നു അദ്ദേഹത്തിന്റേത്. പ്രത്യേക പരാമർശം അർഹിക്കുന്ന മറ്റൊരു പ്രകടനം ബിജു എന്ന വേഷം അവതരിപ്പിച്ച ഡിനീഷിന്റേതാണ്. ആർക്കും കിറിക്കിട്ടു കുത്താൻ തോന്നുന്ന രീതിയിലുള്ള അംഗവിക്ഷേപങ്ങളും നോട്ടവും ഒക്കെയായി കഥയിൽ വഴിത്തിരിവുണ്ടാക്കുന്ന ആ വേഷം ഡിനീഷ് മനോഹരമായി ചെയ്തിട്ടുണ്ട്. നമ്മളെ വിട്ടുപോയ പ്രിയപ്പെട്ട അനിൽ നെടുമങ്ങാടിനെ വീണ്ടും കാണാൻ പറ്റി. എത്രയോ നല്ല കഥാപാത്രങ്ങൾ ചെയ്യേണ്ടിയിരുന്ന ആളാണ് അകാലത്തിൽ ഇങ്ങനെ രംഗം വിട്ടൊഴിഞ്ഞത് എന്നാലോചിക്കുമ്പോൾ വിഷമമുണ്ട്.

ഈ സിനിമ ഒരിക്കലും മിസ്സ് ചെയ്യരുത്. മികച്ചൊരു ത്രില്ലർ ആസ്വദിക്കുക എന്നത് മാത്രമല്ല നിങ്ങളും ഞാനും ഒക്കെ ജീവിക്കുന്ന ഈ ലോകം എങ്ങനെയാണ് ഇര തേടുന്നതെന്നും സാഹചര്യം ഒത്തുവന്നാൽ നിങ്ങൾ തന്നെയും ആ കെണിയിൽ അകപ്പെട്ടേക്കാം എന്നോർമിപ്പിക്കാനും ചിലപ്പോൾ ഈ സിനിമ സഹായിച്ചേക്കും. മാർട്ടിൻ പ്രക്കാട്ടിന് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ.

You May Also Like

ഇടുക്കി ഡാമും പിക്നിക് സിനിമയും

1975ലെ വിഷു റിലീസ് ചിത്രമായിരുന്നു ‘പിക്‌നിക്’. എസ്.എൽ.പുരം സദാനന്ദൻ രചിച്ച് ശശികുമാറെന്ന അക്കാലത്തെ ഹിറ്റ് മേക്കറുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ സിനിമ

പുതുമയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനിമകളെ മലയാളികൾ വിജയിപ്പിക്കാൻ ശ്രമിക്കാറില്ല എന്നത് മുരളി ഗോപി തിരക്കഥകളിൽ വ്യക്തമാണ്

ഏറ്റവും മികച്ചത് ഏതെന്നു പറയാൻ സാധിക്കാത്തവിധം കഥാപാത്രസൃഷ്ടി നടത്തി എഴുതിയ എല്ലാ സിനിമകളും ഗംഭീരമാക്കിയ തിരക്കഥകൃത്ത്

അച്ഛാ എന്നൊരു വാക്ക് അവനില്‍ നിന്നും വന്നെങ്കില്‍

‘അനില്‍, ഒരിക്കലെങ്കിലും എന്റെ മോന്‍ എന്നെ അച്ഛാ എന്നൊന്ന് വിളിക്കില്ലേ, വിളിക്കുമായിരിക്കും അല്ലേ?’

ചെരുപ്പുകുത്തിയുടെ കഥ

പണ്ട് പണ്ട്, എന്ന് പറഞ്ഞാല്‍ വളരെപ്പണ്ട്, ഒരു ചെരുപ്പുകുത്തിയുണ്ടായിരുന്നു. ബാറ്റയും വുഡ് ലാന്റും ഒക്കെ വരുന്നതിന് മുമ്പാണെന്നോര്‍ക്കണം. കാസിം എന്നായിരുന്നു അയാളുടെ പേര്. വലിയ തിരക്കൊന്നുമില്ലാത്ത ഒരിടത്തരം പട്ടണത്തിലായിരുന്നു അയാള്‍ ജീവിച്ചിരുന്നത്. കേടായ ചെരുപ്പുകള്‍ നന്നാക്കുകയായിരുന്നു അയാളുടെ ജോലി. പക്ഷേ, അന്നൊക്കെ ചെരുപ്പെന്ന് പറഞ്ഞാല്‍ ചെരുപ്പാണ്. നല്ല മുന്തിയയിനം തുകല്‍ കൊണ്ടുണ്ടാക്കിയ ചെരുപ്പൊരെണ്ണം വാങ്ങിയാല്‍ കുറഞ്ഞത് അഞ്ചാറ് വര്‍ഷമെങ്കിലും കേടുവരാതെ നില്ക്കും. അല്ലാതെ വാങ്ങി ഇത്തിരി വെള്ളം നനഞ്ഞയുടനെ പിഞ്ഞിപ്പോകുന്ന തരമൊന്നും അന്നില്ല. കുറേ കാലത്തിന് ശേഷം അത് കേടുവന്നെങ്കിലാകട്ടെ, ആരും തുന്നിക്കെട്ടനൊന്നും മിനക്കെടില്ല. പുതിയൊരെണ്ണം ഉണ്ടാക്കിക്കുകയേയുള്ളൂ. എന്നുവെച്ചാല്‍ കാസിമിന് കാര്യമായ പണിയൊന്നും കിട്ടാറില്ലെന്ന് ചുരുക്കം. പട്ടണത്തിലെ ചെരുപ്പുനിര്‍മ്മാണക്കാരൊന്നും അയാള്‍ക്ക് പണിയൊന്നും കൊടുക്കാറില്ല. തുകല്‍ വാങ്ങി ചെരുപ്പുണ്ടാക്കി വില്ക്കാന്‍ കാശുമില്ല. അയാളുടെ രൂപമായിരുന്നു പ്രശ്നം. താടിയും മുടിയുമൊക്കെ വല്ലാതെ വളര്‍ന്ന് ( കാശ് കൊടുക്കാതെ ക്ഷുരകന്‍ താടിയും മുടിയും വടിച്ച് കൊടുക്കുമോ?) മുഷിഞ്ഞതും കീറിയതുമായ വസ്ത്രങ്ങളും ധരിച്ച് വഴിവക്കിലെ ഒരു വേപ്പുമരച്ചുവട്ടില്‍