Sanuj Suseelan
നമ്മുടെ രാജ്യത്ത് രണ്ടുപേർ തമ്മിൽ എന്തെങ്കിലും വഴക്കുണ്ടായാൽ അതിനിടയിൽ കേൾക്കാൻ സാദ്ധ്യതയുള്ള രണ്ടു വാചകങ്ങളാണ്
“എന്നാൽ താൻ പോയി കേസ് കൊട്” അല്ലെങ്കിൽ “കോടതിയിൽ വച്ച് കാണാം” എന്ന്. എന്തൊക്കെ കുറ്റവും കുറവും ഉണ്ടെങ്കിലും ഇപ്പോളും നമ്മുടെ ജുഡീഷ്യറിയിൽ ജനങ്ങൾക്കുള്ള വിശ്വാസം അത്രയ്ക്ക് വലുതാണ്. എന്നാൽ എപ്പോളെങ്കിലും കോടതിയിൽ പോയിട്ടുള്ളവർക്കറിയാം യഥാർത്ഥത്തിൽ കാര്യങ്ങളുടെ കിടപ്പ് എങ്ങനെയാണെന്ന്. സത്യവും ന്യായവും നമ്മുടെ ഭാഗത്താണെങ്കിൽപ്പോലും നീതി ലഭിക്കണമെങ്കിൽ ഒരുപാടു ഘടകങ്ങൾ ഒത്തുവരേണ്ടതുണ്ട്. നമ്മുടെ രാജ്യത്തെ കോടതികളിൽ ലക്ഷക്കണക്കിന് കേസുകളാണ് തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ക്രിമിനലുകളും തട്ടിപ്പുകാരും വക്കീലന്മാരും ചിലപ്പോഴൊക്കെ ജഡ്ജിമാരും വരെ ഉൾപ്പെട്ട മാഫിയകളാണ് ഇന്ത്യയിലെ നീതിന്യായ കേസുകൾ നിയന്ത്രിക്കുന്നത്. സമ്പന്നന്മാർക്കു മാത്രം വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇന്ത്യയിലെ കോടതികൾ എന്ന് ചിലരൊക്കെ ആക്ഷേപിക്കുമെങ്കിലും നമ്മുടെ ജുഡീഷ്യറിയിൽ ജനങ്ങൾക്ക് ഇപ്പോഴും പ്രതീക്ഷ പൂർണ്ണമായും നഷ്ടപ്പെട്ടിട്ടില്ല. ഇന്ത്യയിലെ കോടതികളിൽ എല്ലാ ദിവസവും ഫയൽ ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ എണ്ണത്തിൽ കുറവ് വരുന്നില്ല എന്നത് തന്നെയാണതിനു തെളിവ്. ഇങ്ങനെ കുഴഞ്ഞുമറിഞ്ഞ ഒരു സിസ്റ്റത്തിലേക്ക് അത്ര നല്ല സ്വഭാവ സർട്ടിഫിക്കറ്റില്ലാത്ത ഒരു കള്ളൻ സത്യസന്ധമായ ഒരു ആവലാതിയുമായി വന്നാൽ എന്ത് സംഭവിക്കും എന്ന് സരസമായി അന്വേഷിക്കുന്ന ഉഗ്രനൊരു ചിത്രമാണ് “ന്നാ താൻ കേസ് കൊട്”.
എന്റെ ആദ്യത്തെ കാർ ഫോർഡ് ഫിയസ്റ്റ ആയിരുന്നു. ഗ്രൗണ്ട് ക്ലിയറൻസ് ഒട്ടുമില്ലാത്ത ആ കാർ ബാംഗ്ലൂരിലെ ചില തല്ലിപ്പൊളി റോഡുകളിൽ കൂടി ഓടിച്ചപ്പോളുണ്ടായ കേടുപാടുകൾക്ക് സ്വന്തം പോക്കറ്റിൽ നിന്ന് വലിയ വില കൊടുക്കേണ്ടിയും വന്നിട്ടുണ്ട്. വാഹനത്തിന്റെ വിലയിന്മേലുള്ള ടാക്‌സും, റോഡ് ടാക്‌സും, ഇന്ധനത്തിന് മേൽ ചുമത്തുന്ന ടാക്‌സും ഒക്കെ കൊടുക്കുന്ന ഒരു പൗരന് അവന്റേതല്ലാത്ത കാരണത്താൽ പറ്റുന്ന ഇത്തരം അപകടങ്ങൾക്ക് ആര് സമാധാനം പറയും എന്ന് പല തവണ ഞാൻ ചിന്തിച്ചിട്ടുണ്ട്. ഈ നഗരത്തിൽ ഗട്ടറുകളിൽ വീണു അപകടം പറ്റിയവരും ജീവൻ പൊലിഞ്ഞവരും ഒരുപാടുണ്ട്. രണ്ടായിരത്തി ഇരുപതിലെ കണക്കനുസരിച്ച് ഇത്തരം അപകടങ്ങളിൽ ഏറ്റവും കൂടുതൽ മനുഷ്യർ മരിച്ചിട്ടുളള ഇന്ത്യൻ നഗരമാണ് ബാംഗ്ലൂർ. ചിലരുടെയൊക്കെ ബന്ധുക്കൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണത്തിനു പരിഹാരം തേടി കേസിനു പോയിരുന്നെങ്കിലും അതൊക്കെ അനന്തമായി നീണ്ടുപോയതല്ലാതെ വലിയ നടപടികളൊന്നും ഉണ്ടായിട്ടില്ല. വിവാദമായ ഒരു അപകടമരണത്തിൽ BBMP യുടെ ഒരു എഞ്ചിനീയർ അറസ്റ്റിലായെങ്കിലും ഒരാഴ്ച കഴിഞ്ഞപ്പോൾ അയാൾ പുറത്തിറങ്ങി. അതാണാവസ്ഥ. ഇപ്പോളും വലിയ മാറ്റമൊന്നും ഇക്കാര്യത്തിൽ സംഭവിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഈ സിനിമയിൽ രാജീവനുണ്ടാവുന്ന സംശയങ്ങളും ആവലാതികളും എന്നെപ്പോലുള്ള ലക്ഷക്കണക്കിന് സാധാരണക്കാർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്നതാണ്. നീതിന്യായവ്യവസ്ഥയുടെ നൂലാമാലകളിൽ നിസ്സഹായനായി നിൽക്കുന്ന രാജീവൻ നമ്മളെപ്പോലുള്ള പലരുടെയും പ്രതിനിധിയാണ്. അതുകൊണ്ടു തന്നെ ഈ സിനിമയുടെ ചരിത്ര പ്രാധാന്യവും ഏറെയാണ്.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ രണ്ടു ചിത്രങ്ങൾ കൊണ്ട് തന്നെ വളരെയധികം ഇഷ്ടമായ സംവിധായകനാണ് രതീഷ് പൊതുവാൾ. ആ പ്രതീക്ഷയോടെയാണ് ഈ ചിത്രവും കാണാൻ പോയത്. മേല്പറഞ്ഞതു പോലെ പ്രത്യക്ഷത്തിൽ നിരുപദ്രവകരമെന്നു തോന്നുന്നതും എന്നാൽ കൃത്യമായി കൊള്ളേണ്ടിടത്ത് കൊള്ളുന്നതുമായ സംഭാഷണങ്ങളും സിറ്റുവേഷനുകളും ഈ ചിത്രത്തിലുടനീളമുണ്ട്. സിനിമ സത്യത്തിൽ ആരെയാണ് ഉന്നം വയ്ക്കുന്നതെന്ന് നമ്മുടെ രാഷ്ട്രീയപ്പാർട്ടികൾക്ക് ഒറ്റനോട്ടത്തിൽ പിടികിട്ടാതിരുന്നതിൽ അത്ഭുതമില്ല. അത്രയ്ക്കും കയ്യടക്കത്തോടെയാണ് സെൻസിറ്റീവ് ആയ, മൂർച്ചയേറിയ ഈ വിഷയം അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിൽ വന്ന ഏറ്റവും ലക്ഷണമൊത്ത രാഷ്ട്രീയ ചിത്രങ്ങളായ പഞ്ചവടിപ്പാലം, സന്ദേശം, അറബിക്കഥ തുടങ്ങിയ ചിത്രങ്ങളുടെ ശ്രേണിയിൽ കയറിയിരിക്കാനുള്ള യോഗ്യത ഈ സിനിമയ്ക്കുണ്ട്. നല്ലൊരു ചിത്രകാരൻ കൂടിയായതുകൊണ്ടാവാം രചന കൂടാതെ ഈ സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനും സംവിധായകൻ തന്നെയാണ് ചെയ്തിരിക്കുന്നത്. വിന്റേജ് ഹോളിവുഡ് സിനിമകളിൽ ഫ്രീവേകളുടെ സൈഡിൽ കാണുന്ന തരം ഗ്യാസ് സ്റ്റേഷനുകളുടെ ഒരു സ്റ്റൈൽ ഹൊസ്ദുർഗിലെ ആ പെട്രോൾ പമ്പിന് കൊടുത്തത് വെറൈറ്റി ആയിട്ടുണ്ട്. ആ പമ്പ് മാത്രമല്ല ആ ഒരു ലാൻഡ്സ്കേപ്പ് തന്നെ മനോഹരമായ ഒരു പെയിന്റിംഗ് പോലെയാണ് സിനിമയിൽ കാണിക്കുന്നതും. ഇങ്ങനൊരു പമ്പ് കേരളത്തിൽ രണ്ടായിരാമാണ്ടിൽ ഉണ്ടാവുമോ എന്ന് ചോദിച്ചാൽ ചിലപ്പോൾ കാണില്ല. എന്തായാലും സംഗതി കളറായിട്ടുണ്ട്. ആ കോടതിയും കൊള്ളാം. പ്രൊഡക്ഷൻ ഡിസൈനർ കം കഥാകൃത്ത് കം സംവിധായകൻ എന്ന കോംബോ മലയാളത്തിൽ ഐവി ശശി , ഭരതൻ എന്നിവർ ഒഴിച്ചിട്ടു പോയ ഒരു കസേരയാണ്. ചില സംവിധായകരുടെ സിനിമകൾ തീയറ്ററിൽ തന്നെ പോയി കാണാൻ കഴിവതും ശ്രമിക്കാറുണ്ട്. ആ ലിസ്റ്റിൽ രതീഷിനെയും ചേർത്തു.
പലരും ചൂണ്ടിക്കാണിച്ചത് പോലെ സംവിധായകൻ കഴിഞ്ഞാൽ ഇതിൽ ഏറ്റവും കൂടുതൽ അഭിനന്ദനം അർഹിക്കുന്നത് കാസ്റ്റിംഗ് ഡയറക്ടർ ആയ രാജേഷ് മാധവനാണ്. ജഡ്ജിനെ അവതരിപ്പിച്ച കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ഷുക്കൂർ വക്കീൽ, ഗംഗാധരൻ, സുമലത നായർ, ഗായത്രി ശങ്കർ, മന്ത്രിയെ അവതരിപ്പിച്ച കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ എന്നിങ്ങനെ ഒന്നിനൊന്നു മികച്ച അഭിനേതാക്കളെയാണ് ഇതിലെ വേഷങ്ങൾ ചെയ്യാൻ രാജേഷ് തപ്പിയെടുത്തിരിക്കുന്നത്. ഒരുപക്ഷെ കുഞ്ചാക്കോ ബോബന്റെ കരിയറിലെയും ഏറ്റവും മികച്ച വേഷമായിരിക്കും ഇതിലെ കൊഴുമ്മൽ രാജീവൻ. ട്രാഫിക്കിൽ കൂടി തിരിച്ചു വന്നതില്പിന്നെ സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധ കാണിക്കുന്നയാളാണ് കുഞ്ചാക്കോ ബോബൻ. എന്നാലും ശതമാനം സിനിമകളിലും അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറി ഏകദേശം ഒരേ ടോണിലാണ്. ചില വാക്കുകൾക്കിടയിൽ ഒരു മുക്കലോ മൂളലോ ഉണ്ടാവും. ഇടയ്ക്ക് കണ്ണ് താഴ്ത്തിയുള്ള ഒരു നോട്ടവും കാണും. പഞ്ചവർണ്ണ തത്ത,നിഴൽ,നായാട്ട് എന്നിങ്ങനെ അപൂർവം എക്സ്പ്‌ഷൻസ് ഉണ്ടെന്നു മാത്രം. എന്നാൽ ഈ സിനിമയിൽ കുഞ്ചാക്കോ ബോബൻ എന്ന നടനില്ല. കൊഴുമ്മൽ രാജീവൻ മാത്രമേയുള്ളൂ. വേറിട്ട ഹെയർ സ്റ്റൈലും പ്രോസ്തെറ്റിക്സ്ഉം കാസർഗോഡ് ഭാഷയും ഒക്കെ രാജീവനെ നന്നാക്കാൻ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. മിക്ക സിനിമകളിലും ഒരേ മട്ടിൽ പെരുമാറുന്ന സിബി തോമസ് വരെ ആ ജോണി എന്ന വേഷം വ്യത്യസ്തമായി അവതരിപ്പിച്ചിട്ടുണ്ട്. രാജേഷ് അവതരിപ്പിച്ച സുരേഷിന്റെ കാമുകിയായി വന്ന ചിത്ര നായരും തകർപ്പനായിട്ടുണ്ട്. നല്ലൊരു നടൻ കൂടിയായ ബേസിൽ മാത്രമാണ് അല്പമെങ്കിലും ആർട്ടിഫിഷ്യൽ ആയി തോന്നിയത്. എന്തായാലും മലയാള സിനിമയിലേക്ക് ഒരുപിടി കഴിവുള്ള അഭിനേതാക്കൾ ഈ ചിത്രത്തിൽക്കൂടി ഇങ്ങനെ കൊടിയും പിടിച്ചു കയറി വന്നിട്ടുണ്ട്. കോമ്പറ്റിഷൻ ഒന്നുകൂടി കടുക്കും. രാജേഷിനും അഭിനന്ദനങ്ങൾ. രാകേഷ് ഹരിദാസിന്റെ ഛായാഗ്രഹണം, വിപിൻ – ശ്രീജിത്ത് ശ്രീനിവാസൻ ടീമിന്റെ സൗണ്ട്, ഹസ്സൻ വണ്ടൂരിന്റെ മേക്കപ്പ് എന്നിവ കൂടാതെ ഇതിലെ VFX ജോലികളും ഉഗ്രനായിട്ടുണ്ട്. സബ് ടൈറ്റിൽ ചെയ്തവരോടും നന്ദി. അതില്ലെങ്കിൽ ഈ ഭാഷ മനസ്സിലാവാതെ തെണ്ടിപ്പോയേനെ. ഔട്ടർ റിങ് റോഡിൽ നമ്മ മെട്രോയുടെ പണി നടക്കുന്നത് കാരണം പത്തു പതിനെട്ടു കിലോമീറ്റർ കടുത്ത ട്രാഫിക്കിൽ കുഴികളും ബാരിക്കേഡുകളും മറികടന്നാണ് ഈ സിനിമ കാണാൻ വൈറ്റ് ഫീൽഡിലുള്ള പീ വി ആറിൽ എത്തിയത്. വഴിയിൽ കുഴിയുണ്ടായിരുന്നെങ്കിലും പടം ബോധിച്ചു. നിങ്ങളും തീർച്ചയായും തീയറ്ററിൽ പോയി തന്നെ കാണുക.