മരണത്തിന് പുറകെ നടന്ന ഗന്ധർവ്വൻ

Sanuj Suseelan

നിങ്ങളെല്ലാവരെയും പോലെ ഞാനും പത്മരാജന്റെ ഒരു ആരാധകനാണ്. ഒരു സിനിമാക്കാരൻ എന്നതിനേക്കാൾ അതീവപ്രതിഭാശാലിയായ ഒരു കഥാകൃത്തായിരുന്നു അദ്ദേഹം എന്ന് പറയുന്നതാവും കൂടുതൽ ശരി. സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ ഒരുപക്ഷെ മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരുടെ നിരയിൽ തന്നെ കാണുമായിരുന്നു ആ പേര്. വെറും നാൽപ്പത്തഞ്ചാം വയസ്സിൽ അങ്ങേലോകത്തേയ്ക്കു പറന്നു പോയ പദ്മരാജൻ ഒരു നൂറു വർഷത്തേക്കുള്ള ഓർമ്മകൾ ബാക്കിയാക്കിയാണ് പോയത്. മരണം എന്ന വിഷയത്തോട് ഒരുതരം ഭയം കലർന്ന ആസക്തിയുണ്ടായിരുന്ന ഒരാളാണ് അദ്ദേഹമെന്ന് പലപ്പോളും തോന്നിയിട്ടുണ്ട്. പത്മരാജൻ എഴുതിയ ചില കഥകളിലും സിനിമകളിലും മരണം കരിമ്പടം പുതച്ച ഒരു കഥാപാത്രമായിഎവിടെയെങ്കിലുമുണ്ടായിരുന്നു. സ്വന്തം സഹോദരങ്ങൾ വളരെ ചെറിയ പ്രായത്തിൽ തന്നെ നഷ്ടപ്പെട്ടത് കണ്മുന്നിൽ കാണേണ്ടി വന്നയാളായതുകൊണ്ട് താനും അധികനാൾ ജീവിച്ചിരിക്കുമോ എന്നൊരു ഭയം അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് ചിലയിടത്തൊക്കെ വായിച്ചിട്ടുണ്ട്. എന്തായാലും അധികമാർക്കും താല്പര്യമില്ലാത്ത ഒരു വിഷയമാണ് മരണം. ഏറ്റവും കാവ്യാത്മകമായി അതിനെ സമീപിച്ച അദ്ദേഹത്തിന്റെ ചില സിനിമകൾ ഓർത്തെടുക്കുമ്പോൾ.

മൂന്നാംപക്കം
——-

മനോഹരമായ ഒരു ഗ്രാമത്തിൽ, സ്വന്തം കൊച്ചു മകനെയും കാത്തിരിക്കുന്ന ഒരു മുത്തശ്ശനാണല്ലൊ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം. എന്നാൽ കഥ പകുതിയാകുമ്പോൾ ആ കാത്തിരിപ്പിന്റെ സ്വഭാവം മാറുകയാണ്. കടൽ കൊണ്ടുപോയ മകനെ മൂന്നാം നാൾ കടൽ തന്നെ തിരികെ വരുന്നതും കാത്തിരിക്കുന്ന ഒരാളായിത്തീരുന്നു ആ മുത്തശ്ശൻ. ആ മൂന്നു ദിവസത്തെ കാത്തിരിപ്പ് ചിത്രീകരിച്ചിരിക്കുന്നത് അതിഭയാനകമായിട്ടാണ്. തീരത്തടുക്കുന്ന എന്ത് വസ്തുവും പ്രേക്ഷകനിൽ ഒരു ഞെട്ടലാണ് സൃഷ്ടിക്കുന്നത്. ഒടുവിൽ മൂന്നാം നാൾ ഭാസിയുടെ മൃതശരീരം കടൽ തിരികെ കൊണ്ടുവരുമ്പോൾ നിലവിളിച്ചു കൊണ്ട് അത് പറയാൻ ഓടുന്ന കവല സത്യത്തിൽ ഒരു ആശ്വാസമാണ് നൽകിയത്. മൂന്നു ദിവസം പെയ്യാതെ കെട്ടി നിന്ന ഒരു മഴ പെയ്തു തീർന്നത് പോലെ.

കരിയിലകാറ്റു പോലെ
——

പിത്തളയിൽ തീർത്ത സൂചി പോലുള്ള അലുക്കുകൾ അലങ്കരിച്ച ഒരു സപ്രമഞ്ചകട്ടിലിൽ , അതിലൊരു സൂചി കഴുത്തിൽ കുത്തികയറി ചോര വാർന്നു മരിച്ചു കിടക്കുന്ന ഒരു കഥാകാരനിൽ നിന്നാണ് ഈ സിനിമയുടെ തുടക്കം. ജീവിതം ഒരു ആഘോഷമാക്കിയിരുന്ന പത്മരാജന്റെ ജീവിതത്തിന്റെ പ്രതിഫലങ്ങൾ നായകനായ ഹരികൃഷ്ണനിലും ഒരു പരിധി വരെ കാണാം. ഇത്രയും മനോഹരമായി ഒരാൾ മരിച്ചു കിടക്കുന്നത് വേറൊരു ചിത്രത്തിലും കണ്ടിട്ടില്ല. വേറെയുമുണ്ട് ഇതിലെ കൗതുകങ്ങൾ. ഹരികൃഷ്ണൻ മരിക്കുന്നതിന് മുമ്പ് അവസാനമായി എഴുതിക്കൊണ്ടിരുന്ന നോവലിലും ഒരു മരണം നടക്കുന്നുണ്ട്. എന്നാൽ ആരാണ് കൊലപാതകി എന്ന് പറയാതെ ആ കഥ അവസാനിക്കുകയാണ്. ആ കഥ അറം പറ്റിയത് പോലെ ഹരികൃഷ്ണന്റെ കൊലപാതകവും തെളിയിക്കപ്പെടാത്ത പോകുമോ എന്നൊരു ഭയം ആ കേസ് അന്വേഷിക്കുന്ന അച്യുതൻ കുട്ടിയും പ്രകടിപ്പിക്കുന്നുണ്ട്. കഥയുടെ അവസാനം കുറ്റവാളി എഴുതിയ ആത്മഹത്യാ കുറിപ്പ് അവന്റെ തന്നെ ചിതയിലെറിയുന്ന അച്യുതൻ കുട്ടി ആ നോവലിലെ അന്ത്യമാണ് യഥാർത്ഥത്തിൽ പുനരാവിഷ്കരിക്കുന്നത്.

അപരൻ
——

സ്വന്തം മുഖശ്ചായയുള്ള വേറൊരാൾ കാരണം കുഴപ്പങ്ങളിൽ ചെന്ന് ചാടുന്ന വിശ്വനാഥനാണ് ഈ സിനിമയിലെ സിനിമയിലെ പ്രധാന കഥാപാത്രം. സ്വന്തം അപരൻ ഒരു സാധാരണക്കാരനല്ല. മറിച്ചു എണ്ണം പറഞ്ഞ ഒരു ക്രിമിനൽ കൂടിയാണ്. അയാൾ വരുത്തി വയ്ക്കുന്ന കുഴപ്പങ്ങൾക്കെല്ലാം പ്രതിഫലം കിട്ടുന്നത് പാവം വിശ്വനാഥനും. അയാളെ കണ്ടുപിടിക്കാനുള്ള കള്ളനും പോലീസും കളിയിൽ എപ്പോഴും പരാജയപ്പെടുന്നതും വിശ്വനാഥൻ തന്നെ. ജീവിതം വഴിമുട്ടിയ അയാളുടെ മുന്നിൽ ഒടുവിൽ രക്ഷകനായി അവതരിക്കുന്നതും മരണമാണ്. ഒരു സംഘട്ടനത്തിൽ മരണമടയുന്ന അപരൻ താൻ തന്നെയാണ് എന്ന് സ്വയം പറഞ്ഞു കൊണ്ട് പുതിയ ജീവിതത്തിലേയ്ക്ക് പുഞ്ചിരിയോടെ നടക്കാൻ തുടങ്ങുന്ന വിശ്വത്തിലാണ് കഥ അവസാനിക്കുന്നത്. ഒരുപക്ഷേ ഒരു ശുഭാന്ത്യം സൃഷ്ടിക്കാൻ വേണ്ടി മരണം രംഗപ്രവേശം ചെയ്യുന്ന ആദ്യത്തെ കഥകളിലൊന്ന്.

കൂടെവിടെയും ഈ തണുത്ത വെളുപ്പാൻ കാലത്തും വേറെ ചില സിനിമകളും
—————————-

ഒരു അദ്ധ്യാപികയും വിദ്യാർത്ഥിയും തമ്മിലുള്ള ബന്ധത്തെ തെറ്റിദ്ധരിച്ചു ഒടുവിൽ അവനെ വകവരുത്തുന്ന ക്യാപ്റ്റൻ തോമസാണ് കൂടെവിടെയുടെ ദാരുണമായ അന്ത്യരംഗത്തിൽ നിറഞ്ഞു നിൽക്കുന്നത്. എന്നാൽ അതുപോലെയല്ല പത്മരാജൻ രചന നിർവഹിച്ച “ഈ തണുത്ത വെളുപ്പാൻ കാലത്ത്”. സ്വന്തം ജീവിതത്തിൽ ദുരന്തം വിതച്ച സുഹൃത്തുക്കളെ വർഷങ്ങൾക്കു ശേഷം പിന്തുടർന്ന് കൊന്നു തള്ളുന്ന കൊലപാതകി. കൊന്നതിനു ശേഷം മൃതശരീരത്തിന്റെ വായ തുറന്നു ഒരുപിടി ചകിരി തിരുകി വച്ചിട്ട് കടന്നു പോകുന്ന ഒരാൾ. ഓരോ മരണത്തിലും ജഡങ്ങളുടെ വായിൽ അവശേഷിച്ചു പോകുന്ന ആ ചകിരിക്കഷണം നൽകുന്ന ഫീൽ ഭീകരമാണ്. അന്നത്തെ അപസർപ്പക ചിത്രങ്ങളിൽ സർവസാധാരണമായ കോട്ടും ബൂട്ടും കൗബോയ് ഹാറ്റുമൊക്കെ ജോഷി കൊലപാതകിയിൽ പിടിപ്പിച്ചു കൊടുത്തിട്ടുണ്ടെങ്കിലും പ്രതികാരത്തിന്റെ ഒരു കഥയാണ് പറയുന്നതെന്ന സൂചനകൾ നൽകാൻ ആ ചകിരിക്കഷണങ്ങൾ സഹായിച്ചിട്ടുണ്ട്. “ഞാൻ ഗന്ധർവ്വൻ” എന്ന അദ്ദേഹത്തിന്റെ അവസാന ചിത്രത്തിലും നായകനായ ഗന്ധർവ്വനെ ആകാശത്തു നിന്ന് അശരീരിയായി വരുന്ന ബ്രഹ്മകല്പനയുടെ പശ്ചാത്തലത്തിൽ മായ്ച്ചു കളയുകയാണ്.

ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ ഓർമ്മ ദിവസം. വിടപറഞ്ഞുപോയ കലാകാരനെ സ്നേഹത്തോടെ വീണ്ടുമോർക്കുന്നു.

You May Also Like

വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സീരിയൽ നടി മഹാലക്ഷ്മിയുടെ ഭർത്താവ് രവീന്ദറിനെതിരെ പൊലീസ് കേസെടുത്തു

വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സീരിയൽ നടി മഹാലക്ഷ്മിയുടെ ഭർത്താവ് രവീന്ദറിനെതിരെ പൊലീസ്…

ബാല ആറാട്ട് സന്തോഷിനെയും കൊണ്ടുവന്നു വീടാക്രമിച്ചെന്നു യൂട്യൂബർ ചെകുത്താൻ

നടൻ ബാലയ്ക്കെതിരെ പൊലീസിൽ പരാതിയുമായി ചെകുത്താൻ എന്ന് വിളിക്കുന്ന യൂട്യൂബർ അജു അലക്സ്, പരാതിയിന്മേൽ പോലീസ്…

കൗമാര വിദ്യാർഥികളുടെ കഥയുമായി ‘ രംഗോലി ‘ സെപ്തംബർ 1 മുതൽ കേരളത്തിലും !

കൗമാര വിദ്യാർഥികളുടെ കഥയുമായി ‘ രംഗോലി ‘ സെപ്തംബർ 1 മുതൽ കേരളത്തിലും ! തമിഴ്…

എന്നെ അറിയാതെ’, ‘അമല’യിലെ വീഡിയോ ഗാനം പുറത്തിറങ്ങി

അനാർക്കലി മരിയ്ക്കാറും ശരത് അപ്പാനിയും പ്രധാന വേഷത്തിലെത്തി നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പാൻ…