മോഹഭംഗങ്ങളുടെ പക്ഷേ …
[ Spoilers ahead ]
Sanuj Suseelan
സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കഥകൾ പറയുന്ന മലയാള സിനിമകളെ പൊതുവായി രണ്ടായി തിരിക്കാം. ആദ്യത്തേത് വീരശൂരപരാക്രമികളായ കളക്ടർമാർ നായകന്മാരായ തട്ടുപൊളിപ്പൻ സിനിമകൾ. കമ്മീഷണറും കിങ്ങും ഒക്കെ അതിൽപ്പെടും. സത്യസന്ധരും എന്നാൽ നിസ്സഹായരുമായ പാവം ഉദ്യോഗസ്ഥരാണ് മറുവശത്ത്. എന്നാൽ അവരുടെ കഥ നമ്മുടെ മുഖ്യധാരാ സിനിമകളിൽ അധികമൊന്നും പറഞ്ഞു കണ്ടിട്ടില്ല. ലോഹിതദാസ് രചിച്ച് ഐ വി ശശി സംവിധാനം ചെയ്ത “മുക്തി” എന്ന ചിത്രം മാത്രമാണ് ഒരു അപവാദമെന്നു തോന്നുന്നു. മുക്തി റിലീസായി വർഷങ്ങൾക്കു ശേഷം ഏതാണ്ട് അതേ കഥാതന്തു തന്നെ പ്രധാന വിഷയമായി വന്ന ചിത്രമാണ് “പക്ഷെ”. കഥയുടെ ത്രെഡ് ഒന്നാണെന്നതൊഴിച്ചാൽ പരിചരണത്തിൽ ഇത് രണ്ടും തമ്മിൽ അജഗജാന്തരമുണ്ട് എന്നത്എടുത്തു പറഞ്ഞോട്ടെ. ചെറിയാൻ കല്പകവാടിയുടെ രചനയിൽ പ്രശസ്ത സംവിധായകൻ മോഹനാണ് ഈ ചിത്രം സംവിധാനം ചെയ്തത്.
മുഖം എന്ന ചിത്രത്തിന് ശേഷം ലാൽ നായകനാവുന്ന മോഹൻ ചിത്രമായിരുന്നു പക്ഷേ. അന്തരിച്ച നടൻ സോമനായിരുന്നു ഈ ചിത്രം ആദ്യം നിർമിക്കാനിരുന്നത്. എന്നാൽഅദ്ദേഹമാണ് നിർമാണമെങ്കിൽ ഈ ചിത്രത്തിൽ അഭിനയിക്കാൻ തനിക്കു താത്പര്യമില്ലെന്ന് മോഹൻലാൽ മോഹനോട് പറഞ്ഞു. ഈ സംഭവങ്ങൾ എങ്ങനെയോ അറിഞ്ഞ മമ്മൂട്ടിയും ചിത്രം നിർമിക്കാൻ തയ്യാറായി മുന്നോട്ടു വന്നെങ്കിലും സ്വയം ഇത് പ്രൊഡ്യൂസ് ചെയ്യാനായിരുന്നു മോഹൻ തീരുമാനിച്ചത്. അതും ലാലിന് ഇഷ്ടമായില്ല. സംവിധായകനും നിർമാതാവും ഒരാൾ ആകുന്നതിലെ അതൃപ്തി ലാൽ തുറന്നു പ്രകടിപ്പിച്ചു. അങ്ങനെയാണ് കൈരളി ഫിലിംസ് ഈ സിനിമയുടെ നിർമാതാക്കളാവുന്നത്.
ബാലനെന്ന ബാലചന്ദ്രനാണ് കഥയിലെ നായകൻ. ഒരു നാട്ടിൻപുറത്ത് ശാന്തമായ ജീവിതം നയിച്ചിരുന്ന, അല്പസ്വല്പം എഴുത്തും വായനയും ഒക്കെയായി നടന്നിരുന്ന ഒരു സാധാരണ ചെറുപ്പക്കാരൻ. അയാൾക്കൊരു മുറപ്പെണ്ണുമുണ്ട്. നന്ദിനി. സ്ഥിരം കേസും വഴക്കുമായി നടക്കുന്ന അച്ഛൻ , വിവാഹപ്രായമായ സഹോദരിമാർ എന്നിവരൊക്കെയാണ് അയാളുടെ കുടുംബം. ഇങ്ങനെയൊക്കെയാണെങ്കിലും പഠിക്കാൻ മിടുക്കനായ ബാലൻ എവിടെയെങ്കിലും എത്തുമെന്ന് അവർക്കൊക്കെ പ്രതീക്ഷയുണ്ട്. മകളെ അയാൾക്ക് കല്യാണം കഴിച്ചുകൊടുക്കാൻ വലിയ ഇഷ്ടമൊന്നുമില്ലെങ്കിലും ബാലൻ സത്‌സ്വഭാവിയായതുകൊണ്ടും മകളുടെ ഇഷ്ടം അതായത്കൊണ്ടും അമ്മാവൻ വലിയ എതിർപ്പ് പ്രകടിപ്പിക്കാതെ നിൽക്കുകയായിരുന്നു. അപ്പോഴാണ് വർഷങ്ങളായി നടത്തിവന്ന ഒരു കേസ് പരാജയപ്പെട്ട ഷോക്കിൽ അയാളുടെ അച്ഛൻ ആത്മഹത്യ ചെയ്തത്. കേസ് നടത്തി കഴുത്തു വരെ കടം കയറിയ അവസ്ഥയിലായ തറവാട് ബാലന്റെ ഉത്തരവാദിത്വമായി. നാണക്കേട് കാരണം പറഞ്ഞു അമ്മാവനും ആദ്യത്തെ വാഗ്ദാനത്തിൽ നിന്ന് പിൻവലിഞ്ഞു. നന്ദിനി വീട്ടു തടങ്കലിലായി. കടം കൊടുത്തവർ തറവാട്ടിൽ വന്നു ബഹളമുണ്ടാക്കി തുടങ്ങി.
ആകെക്കൂടി പ്രതിസന്ധിയിലായ ബാലന്റെ മുന്നിലേക്കാണ് ഒരു രക്ഷകന്റെ രൂപമണിഞ്ഞു വിക്രമൻ കോൺട്രാക്ടർ രംഗപ്രവേശം ചെയ്യുന്നത്. സിവിൽ സർവീസ് പരീക്ഷ പാസ്സായി റാങ്ക് ലിസ്റ്റിലുള്ള ബാലന്റെ ഐ എ എസ്സ് പദവി ആയിരുന്നു അയാളുടെ ലക്‌ഷ്യം. ഒരു ബിസിനസ്സ് പ്രൊപോസൽ പോലെ അയാൾ ഒരു പരിഹാരം മുന്നോട്ട് വയ്ക്കുന്നു. സ്വന്തം മകളെ വിവാഹം കഴിക്കാൻ ബാലൻ സമ്മതിച്ചാൽ കടമെല്ലാം വീട്ടി സഹോദരിമാരെ വിവാഹം കഴിപ്പിക്കാനും താൻ സഹായിക്കാം എന്നതായിരുന്നു അത്. മറ്റു വഴിയില്ലാതെ ഹൃദയത്തിൽ സൂക്ഷിച്ച പ്രണയം മറന്ന് ബാലൻ വിക്രമൻ കോൺട്രാക്ടറുടെ മകളായ രാജിയെ വിവാഹം കഴിച്ചു.
പണം കൊടുത്തു അച്ഛൻ വാങ്ങിതന്ന ഒരു കളിപ്പാട്ടം പോലെയാണ് രാജി ബാലനെ കണ്ടത്.അധികാരം നിറഞ്ഞ അവളുടെ ആജ്ഞകളും പരിഹാസങ്ങളും എല്ലാം അയാൾ വേദനയോടെ സഹിച്ചു. ഒരു വശത്ത് ഇതൊക്കെ നടക്കുമ്പോൾ മറുവശത്ത് വിക്രമൻ കോൺട്രാക്ടറും പിടി മുറുക്കുകയായിരുന്നു. ജോലിയിൽ മിടുക്കനായ ബാലന് പ്രൊമോഷനുകൾ എല്ലാം വാങ്ങിക്കൊടുത്തു സ്വന്തം ഇഷ്ടക്കാർക്കു വേണ്ടതൊക്കെ ചെയ്തുകൊടുക്കാൻ അയാൾ ബാലനെ നിർബന്ധിച്ചു. ബാലനെ ഒരു കറവപ്പശുവാക്കി കോൺട്രാക്ടർ ലക്ഷങ്ങൾ സമ്പാദിച്ചു. സത്യസന്ധത കൈമുതലാക്കി ജീവിച്ചിട്ട് ഇങ്ങനെയൊക്കെ ചെയ്യേണ്ടിവരുന്നതിലെ ആത്മസംഘർഷം അയാളെ കുത്തിനോവിച്ചു.
ഈ പീഡനങ്ങൾ സഹിക്കവയ്യാതെ വന്ന ഒരു ദിവസം അയാൾ രാജിയെയും മക്കളെയും ഉപേക്ഷിച്ചു വീട് വിട്ടിറങ്ങുന്നു. കുറച്ചു നാൾ ഒരു ശല്യവുമില്ലാതെ ചിലവിടുന്നതിനായി കടൽത്തീരത്തുള്ള ഒരു റിസോർട്ടിൽ താമസത്തിനെത്തുന്ന ബാലൻ രസികനായ ഈനാശുവിനെ പരിചയപ്പെടുന്നു. അവിടത്തെ സന്തോഷം നിറഞ്ഞ ദിവസങ്ങൾ കടന്നു പോകെ അയാൾ പ്രതീക്ഷിക്കാത്ത ഒരു അതിഥി അവിടെയെത്തുന്നു, നന്ദിനി. പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ബാക്കി പകുതി പറയുന്നത്.
വാഹനങ്ങൾക്ക് ഫാൻസി നമ്പറുകൾ വാങ്ങിക്കൂട്ടുന്നത് പോലെ സ്വന്തം മക്കൾക്ക് ഐ എ എസ്സ് , ഐ പി എസ്സ് പദവിയുള്ള ഭർത്താക്കന്മാരെ പണം കൊടുത്തു വാങ്ങുന്ന കോടീശ്വരന്മാർ സമൂഹത്തിൽ ഒത്തിരിയുണ്ട്. അവരിലൊരാളാണ് വിക്രമൻ കോൺട്രാക്ടറെന്നും തീവ്രമായി പ്രണയിച്ചിട്ടും ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിച്ചിട്ടും പരസ്പരം വിട്ടുകൊടുക്കാൻ ബാലനും നന്ദിനിയും തയ്യാറാവുന്നത് കേവലം ഒരു ത്യാഗം മാത്രമല്ല അവരുടെ സ്നേഹത്തിന്റെ ആഴം കൊണ്ടുകൂടിയാണ് എന്ന് മോഹൻ ഒരിടത്തു പറഞ്ഞിട്ടുണ്ട്.
ചെറിയാൻ കല്പകവാടിയുടെ രചനാ വൈഭവം ചിത്രത്തിലുടനീളമുണ്ട്. അതിലേറ്റവും ഇഷ്ടപ്പെട്ടത് ബാലൻ തന്നോട് തന്നെ സംസാരിക്കുന്ന രംഗങ്ങളാണ്. പകലത്തെ അഭിനയം കഴിഞ്ഞു ബാത്റൂമിലെ നിലക്കണ്ണാടിയിൽ നോക്കി പഴയ ബാലനോട് സംസാരിക്കുന്ന ബാലചന്ദ്രൻ ഐ എ എസ്സ് ലാലിൻറെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ്. അയാളുടെ നിരാശയും ഇങ്ങനെയൊക്കെ ജീവിക്കേണ്ടി വരുന്നതിൽ തന്നോട് തന്നെ തോന്നുന്ന പുശ്ചവും അമർഷവും ഒക്കെ ബാലന്റെ മോണോലോഗുകളിൽ ഉണ്ട്. അതിമനോഹരമായ വോയ്‌സ് മോഡുലേഷനിലൂടെ പ്രേക്ഷകന്റെ നെഞ്ചിലേക്ക് ആ തീ പകരാൻ ലാലിലെ അതുല്യ നടന് കഴിഞ്ഞിട്ടുമുണ്ട്.
ലാൽ മാത്രമല്ല, ശോഭന, ശാന്തികൃഷ്ണ, തിലകൻ , വേണു നാഗവള്ളി, കരമന ജനാർദ്ദനൻ നായർ എന്നിവരുടെയും മികച്ച പ്രകടനം പക്ഷേയിലുണ്ട്. യഥാർത്ഥ ജീവിതത്തിൽ ഐ എ എസ്സുകാരനായ ശ്രീ K. ജയകുമാർ എഴുതിയ കവിത പോലത്തെ ഗാനങ്ങളാണ് ഇതിലേത്. ജോൺസൻ മാഷ് നൽകിയ സംഗീതം അതിനെ പിന്നെയും ഒരുപടികൂടി ഉയർത്തിയിട്ടുണ്ട്. “സൂര്യാംശുവോരോ വയൽപ്പൂവിലും”, “നിറങ്ങളിൽ” എന്നിവയും “മൂവന്തിയായ് , പകലിൽ രാവിൻ വിരൽ സ്പർശനം” എന്ന എക്കാലത്തെയും മികച്ച മലയാള സിനിമാ ഗാനങ്ങളിലൊന്നും പക്ഷെയിലേതാണ്.
അധികമാരും കൈവയ്ക്കാൻ താല്പര്യപ്പെടാത്ത വിഷയങ്ങൾ വിജയകരമായി തിരശീലയിൽ ആവിഷ്കരിച്ചിട്ടുള്ള സംവിധായകനാണ് മോഹൻ. ഒരുപക്ഷെ കെ ജി ജോർജ് കഴിഞ്ഞാൽ അങ്ങനെ ചെയ്തിട്ടുള്ള ഒരേയൊരു സംവിധായകൻ. സ്വവർഗാനുരാഗം എന്നത് ഒരു പൊതിഞ്ഞുവയ്ക്കപ്പെട്ട രഹസ്യമായിരുന്ന മലയാളിസമൂഹത്തോട് രണ്ടു പെൺകുട്ടികളുടെ പ്രണയകഥ പറയാൻ ധൈര്യം കാട്ടിയ മറ്റൊരാൾ ഉണ്ടാവില്ല. ആ ചിത്രം ഇറങ്ങി നാൽപ്പതു വർഷം കഴിഞ്ഞിട്ടും ഇത്തരം വിഷയങ്ങൾ പ്രമേയമാക്കി സിനിമയെടുക്കാൻ വിരലിലെണ്ണാവുന്നവർ മാത്രമേ മുന്നോട്ടു വന്നിട്ടുള്ളൂ. ശ്രീകുമാരൻ തമ്പിയെ പോലെ അധികം ഒത്തുതീർപ്പിനൊന്നും വഴങ്ങാത്തതും കള്ളത്തരം കാണിക്കാൻ തയ്യാറാവാത്തതുമാണ് സിനിമയിൽ അദ്ദേഹത്തിന് അവസരങ്ങൾ കുറയാൻ കാരണം എന്ന് തോന്നുന്നു. രണ്ടായിരത്തി അഞ്ചിൽ, അവസാനമായി അദ്ദേഹം സംവിധാനം ചെയ്തു പുറത്തിറങ്ങിയ ക്യാമ്പസ്സ് എന്ന ചിത്രം കണ്ടപ്പോൾ അദ്ദേഹവും ഇതിനൊക്കെ വഴങ്ങിത്തുടങ്ങിയോ എന്ന് തോന്നിയെന്നതുംസമ്മതിക്കുന്നു
വാൽക്കഷ്ണം :
പക്ഷെയുടെ നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ ചെറിയ നീരസങ്ങളൊന്നും മോഹനുമായി പിന്നീടൊരു ചിത്രത്തിന് സമ്മതം മൂളാൻ ലാലിനൊരു തടസ്സമായിരുന്നില്ല. പുതിയ ചിത്രത്തിന് ലാൽ അഡ്വാൻസ് വാങ്ങുകയും ചെയ്തു. എന്നാൽ സാക്ഷ്യം എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്ന മോഹൻ അത് കഴിഞ്ഞിട്ടാവാം പുതിയ സിനിമ എന്ന് അഭിപ്രായപ്പെട്ടത് പുതിയ ആ നിർമാതാവിന് സ്വീകാര്യമായില്ല. എത്രയും പെട്ടെന്ന് സിനിമ ചെയ്യണമെന്ന ആവശ്യവുമായി വന്ന അമേരിക്കൻ മലയാളിയായ അദ്ദേഹം മമ്മൂട്ടിയുടെ കോൾഷീറ്റ് സംഘടിപ്പിച്ചു നിർമിച്ച ചിത്രമാണ് ഇന്ദ്രപ്രസ്ഥം. പിന്നീടെന്തുകൊണ്ട് ആ നിർമാതാവ് മറ്റൊരു സിനിമ ചെയ്തില്ലെന്ന് വിശദീകരിക്കണ്ടല്ലോ.