റിവഞ്ച് ത്രില്ലർ എന്ന പേരിൽ കടുത്ത വയലൻസ് കുത്തി നിറച്ച ഒരു സാധാരണ തമിഴ് പ്രതികാര കഥ

Sanuj Suseelan

ഈ സിനിമയെയും ഇതിലെ കീർത്തി സുരേഷിന്റെ പ്രകടനത്തെയും പുകഴ്ത്തിയുള്ള ഒരുപാടു കുറിപ്പുകൾ വായിച്ചതിനാൽ വളരെ പ്രതീക്ഷയോടെയാണ് ഇത് കാണാനിരുന്നത്. ചിത്രത്തിന്റെ സംവിധായകനായ അരുൺ മാതേശ്വരൻ തമിഴിലെ ക്വെന്റിൻ ടാരന്റിനോ ആണെന്നുവരെ ഒരു റിവ്യൂവിൽ ഉണ്ടായിരുന്നു. എന്നാൽ കണ്ടു തീർന്നപ്പോൾ നിരാശയായിരുന്നു ഫലം.

 

ഇതൊരു ഓവർ റേറ്റഡ് സിനിമയാണ്. റിവഞ്ച് ത്രില്ലർ എന്ന പേരിൽ കടുത്ത വയലൻസ് കുത്തി നിറച്ച ഒരു സാധാരണ തമിഴ് പ്രതികാര കഥ. പുതുതായൊന്നും പറയാനില്ല എന്നത് മറച്ചു വയ്ക്കാൻ കഥയെ മൂന്നോ നാലോ ആയി മുറിച്ച് ഓരോ ടൈറ്റിലും കൊടുത്തിട്ടുണ്ട്. ടൈറ്റിലും തുടർന്നുള്ള രംഗങ്ങളുമായി വലിയ ബന്ധമൊന്നുമില്ല താനും. ഹോളിവുഡ് ക്രൈം ഡ്രാമകളിലുള്ള തരം ലോങ്ങ് ഷോട്ടുകൾ, ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള ചില ഷോട്ടുകൾ ഒക്കെയും മേമ്പൊടിയായി ചേർത്തിട്ടുണ്ട്.

 

ഒരു പ്രതികാര കഥയുടെ ഏറ്റവും വലിയ വിജയം പ്രതികാരം ചെയ്യാൻ പ്രേക്ഷകനെക്കൂടി പ്രേരിപ്പിക്കുമ്പോളാണ്. എന്നാൽ കാഴ്ചക്കാരനിലേക്ക് അത്തരമൊരു വികാരം പകരാൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. മാത്രമല്ല അവർ പ്രതികാരം ചെയ്യുന്ന രീതികളും ഒട്ടും എൻഗേജിങ് അല്ല. ശത്രുക്കൾ വലിയവരാണ് എന്ന് പല തവണ പറയുന്നതല്ലാതെ അവരുടെ ശക്തി പ്രകടമാവുന്ന വിധത്തിലല്ല പ്രതികാര രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. അവർ ഒളിച്ചിരിക്കുന്ന സ്ഥലങ്ങൾ മനസ്സിലാക്കി പൊന്നിയും സംഗയ്യയായും അവിടെ ചെന്ന് അവരെ നേരിട്ട് ആക്രമിക്കുകയാണ്.

 

വലിയ ചെറുത്തു നിൽപ്പൊന്നും നേരിടേണ്ടി വരുന്നുമില്ല. ആകെയുള്ളത് ഗുണ്ടാ സംഘങ്ങൾ നേർക്ക് നേർ വന്ന് അക്രമിക്കുന്നതാണ്. കൊറിയൻ സിനിമകളിൽ കാണുന്ന വിധമുള്ള ടോർച്ചർ രംഗങ്ങളുടെ ഘോഷയാത്രയാണ് പിന്നീട്. വിരസമായ രീതിയിലാണ് മിക്കതും ചിത്രീകരിച്ചിരിക്കുന്നതും. അല്ലാതെ കാഴ്ചക്കാരനെ പിടിച്ചിരുത്തുന്ന ഉദ്വെഗം സൃഷ്ടിക്കുന്ന കഥാസന്ദർഭങ്ങളൊന്നും അതിലില്ല. ശ്രീദേവി നായികയായ mom എന്നൊരു സിനിമയുണ്ട്. മകളെ മൃഗീയമായി റേപ്പ് ചെയ്തു കൊന്നവരോട് ദേവകി എന്നൊരു വീട്ടമ്മയുടെ പ്രതികാരമാണ് ആ ചിത്രത്തിന്റെ പ്രമേയം. ഒരു മഹത്തായ സിനിമയൊന്നുമല്ലെങ്കിലും ഈ ചിത്രത്തേക്കാൾ എത്രയോ മികച്ചതായിരുന്നു അതെന്ന് ഉറപ്പിച്ചു പറയാം.

 

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ശെൽവ രാഘവനും കീർത്തി സുരേഷും നല്ല രീതിയിൽ അഭിനയിച്ചിട്ടുണ്ട്. കീർത്തിയുടേത് ഒരു എക്സ്ട്രാ ഓർഡിനറി പെർഫോമൻസ് എന്നൊന്നും പറയാനാവില്ല. ദേശീയ അവാർഡ് വാങ്ങിയ മഹാനടിയിലെ കീർത്തിയുടെ പ്രകടനത്തോട് ഇതിനെ താരതമ്യം ചെയ്യുന്നത് പോലും പാപമാണ്. അതേസമയം തന്നെ ശത്രുക്കളെ വകവരുത്താൻ തീരുമാനിക്കുന്നത് പൊന്നി സംഗയ്യയ്യോട് പറയുന്ന ഒരു ലോങ്ങ് ഷോട്ടിലും കൂടലൂരിൽ ശത്രുവിനെ കാത്തിരിക്കുമ്പോൾ ഹിസ്റ്റീരിക് ആയ അവളുടെ പൊട്ടിത്തെറിയിലും കീർത്തിയുടെ പ്രതിഭ ദൃശ്യമാണ്. സാങ്കേതിക വിഭാഗത്തിൽ ഏറ്റവും മികച്ചു നിൽക്കുന്നത് യാമിനി യജ്ജമൂർത്തിയുടെ ഛായാഗ്രഹണമാണ്. യുവൻ ശങ്കർ രാജയുടെ പശ്ചാത്തല സംഗീതം, സൗണ്ട് ഇഫക്ടുകൾ എന്നിവയും നന്നായിട്ടുണ്ട്.

 

കടുത്ത വയലൻസ് ഇഷ്ടപ്പെടുന്നവർക്ക് ഒറ്റ തവണ കാണാവുന്ന ചിത്രം. വയലൻസ് ഇഷ്ടമില്ലാത്തവർ ഒറ്റത്തവണ പോലും കാണാൻ ശ്രമിക്കരുതാത്ത ചിത്രവുമാണിത്. ആമസോൺ പ്രൈമിൽ ലഭ്യമാണ്.

Leave a Reply
You May Also Like

“അധികം വൈകാതെ തമിഴിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരക്ക് തൊട്ടുപിന്നിൽ കീർത്തി സുരേഷ് എത്തും “

തമിഴ്, തെലുങ്ക്, മലയാളം എന്നീ മൂന്ന് ഭാഷകളിലാണ് നടി കീർത്തി സുരേഷ് അഭിനയിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ…

മിഷ്‌കിന്റെ ചിത്രത്തിനായുള്ള വിജയ് സേതുപതിയുടെ പുതിയ ലുക്ക് ഇന്റർനെറ്റിൽ വൈറൽ

സംവിധായകൻ മിഷ്‌കിനൊപ്പമുള്ള തന്റെ അടുത്ത ചിത്രത്തിന്റെ ജോലികൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് വിജയ് സേതുപതി. ചിത്രത്തിന്റെ ഷൂട്ടിംഗ്…

തമിഴ് സിനിമയിൽ കുടുംബ സദസ്സുകളുടെ പ്രിയങ്കരനായി നിറഞ്ഞുനിന്ന എം.ആർ.വിശ്വനാഥൻ എന്ന വിശു

Roy VT : വിശു :- 80 – കളിലും 90 – കളിലും തമിഴ്…

ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെയുള്ള ധ്യാനാത്മകമായ യാത്രയാണ് ഇന്ദു.വി.എസിന്റെ 19(1)(a)

19(1)(a) – വൈകാരികതയുടെ വർത്തമാന രാഷ്ട്രീയം. ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെയുള്ള ധ്യാനാത്മകമായ യാത്രയാണ് ഇന്ദു.വി.എസിന്റെ  19(1)(a).…