Sanuj Suseelan

ഉത്തരം

അടൂരും അരവിന്ദനും ബക്കറും മറ്റും മലയാള സമാന്തര സിനിമയിൽ വസന്തം വിരിയിച്ചു കൊണ്ടിരുന്നപ്പോൾ അതിൽ ചേരാൻ വന്ന മറ്റൊരു വിപ്ലവകാരിയായിരുന്നു പവിത്രൻ. പൂനെ സിനിമാക്കാരുടെ പാത പിന്തുടർന്ന് അവിടെ അഡ്മിഷൻ കിട്ടാൻ രണ്ടു തവണ പണി പതിനെട്ടും പയറ്റിയിട്ടും വിജയിക്കാതെ ഒടുവിൽ അദ്ദേഹം ഇൻസ്റ്റിറ്യുട്ടിനടുത്തു തന്നെയുള്ള ഒരു ലോ കോളജിൽ ചേർന്നു. എന്നാൽ ഉള്ളിൽ സിനിമ മാത്രമായതുകൊണ്ട് അദ്ദേഹത്തിന്റെ സഹവാസം കൂടുതലും ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികളോടും സമയം ചെലവഴിക്കുന്നത് മുഴുവൻ സിനിമ കാണാനുമായിരുന്നു എന്ന് മാത്രം. വെറും അഞ്ചു സിനിമകൾ മാത്രമാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. അതിൽ ഏറ്റവും മികച്ചതാണ് Daphne du Maurier എന്ന ഇംഗ്ലീഷ് എഴുത്തുകാരിയുടെ “No Motive ” എന്ന ചെറുകഥയെ ആസ്പദമാക്കി എം ടി വാസുദേവൻ നായർ തിരക്കഥ രചിച്ച ഉത്തരം എന്ന ചലച്ചിത്രം.

വിസ്തൃതമായ ഒരു റബ്ബർ തോട്ടത്തിനു നടുവിലെ പ്രൗഢമായ ഒരു ബംഗ്ളാവ്. നിശബ്ദമായ ഒരു സായാഹ്നത്തിൽ ശാന്തതയെ ഭേദിച്ചുകൊണ്ട് മുഴങ്ങുന്ന വെടിയൊച്ചയിൽ നിന്നാണ് ഈ ചിത്രം ആരംഭിക്കുന്നത്. പ്രശസ്ത യുവ കവയിത്രി സെലീന മാത്യൂസ് നെഞ്ചിലേക്ക് നിറയൊഴിച്ച് ആത്മഹത്യ ചെയ്തിരിക്കുന്നു. സ്വാഭാവികമായും സാഹിത്യ ലോകത്തെ മുഴുവൻ ഞെട്ടിച്ചു ആ വാർത്ത. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ സന്തോഷകരമായ ഒരു ജീവിതത്തിന് അവളെന്തിനിങ്ങനെ തിരശ്ശീലയിട്ടു എന്നായിരുന്നു അവളെ അറിയുന്ന എല്ലാവരുടെയും ചോദ്യം. സെലീനയുടെ ഭർത്താവായ മാത്യൂസിനും അത് തന്നെയായിരുന്നു അറിയേണ്ടിയിരുന്നത്. ആ കടങ്കഥയുടെ ഉത്തരം കണ്ടുപിടിക്കാൻ മാത്യൂസിന്റെ ഉറ്റ സുഹൃത്തും പത്രപ്രവർത്തകനുമായ ബാലചന്ദ്രൻ നടത്തുന്ന അന്വേഷണമാണ് ഈ സിനിമയുടെ പ്രധാന പ്രമേയം. സെലീനയുടെ ഭൂതകാലത്തിലേക്കൊരു യാത്ര. എന്നാൽ കൗതുകവും സന്തോഷവും ദുഖവും ഒടുവിൽ ഒരു ഞെട്ടലും സമ്മാനിച്ചുകൊണ്ടാണ് ആ യാത്ര അവസാനിക്കുന്നത്. താൻ മനസ്സിലാക്കിയ സത്യം ഉള്ളിലൊതുക്കി മറ്റെല്ലാവരും സമാധാനിപ്പിക്കാൻ വേണ്ടി സ്വയം പറഞ്ഞിരുന്ന ഉത്തരം തന്നെ മാത്യൂസിനോടും ബാലചന്ദ്രൻ ആവർത്തിക്കുന്നിടത്താണ് സിനിമ പൂർണ്ണമാവുന്നത്.

പവിത്രന്റെ വാണിജ്യപരമായും കലാപരമായും വിജയിച്ച ഒരു ചിത്രമാണ് ഉത്തരം. മമ്മൂട്ടി എന്ന സൂപ്പർതാരത്തിന്റെ സാന്നിദ്ധ്യവും അതിനൊരു കാരണമാകാം. ഒരു മരണത്തിന്റെ പൊരുൾ തേടിയുള്ള യാത്രയാണെങ്കിലും സാധാരണ കുറ്റാന്വേഷണ സിനിമകളുടെ ചട്ടക്കൂടിൽ നിന്നുകൊണ്ടല്ല എംടിയും പവിത്രനും ഈ കഥ പറഞ്ഞിരിക്കുന്നത്. ആർട്ട് എന്നോ കമേഴ്‌സ്യൽ എന്നോ വേർതിരിക്കാനാവാത്ത രീതിയിലുള്ള ഒരു ട്രീറ്റ്മെന്റാണ് ഈ ചിത്രത്തിൽ പവിത്രൻ സ്വീകരിച്ചിരിക്കുന്നത് . കാഴ്ചക്കാരനിൽ ഉദ്വെഗം ജനിപ്പിക്കാൻ കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങളൊന്നും ആവശ്യമില്ല, വെറും നിശബ്ദത കൊണ്ടും അതേ അനുഭവം സൃഷ്ടിക്കാൻ കഴിയുമെന്ന് അദ്ദേഹം ഇതിൽ കാണിച്ചു തരുന്നു. ഒച്ചപ്പാടുകളൊന്നുമില്ലാതെ ശാന്തമായി ഒഴുകുന്ന ഒരു നദി കടലിൽ ചെന്ന് പതിക്കുന്നതുപോലെയാണ് ഈ സിനിമയുടെ യാത്ര. പ്രധാന കഥാപാത്രങ്ങളായ സെലീന മാത്യൂസിനെ സുപർണ ആനന്ദും സെലീനയുടെ ഭർത്താവായ പ്ലാന്റർ മാത്യു ജോസഫിനെ സുകുമാരനും മാത്യുവിന്റെ സുഹൃത്തും പത്ര പ്രവർത്തകനുമായ ബാലചന്ദ്രനെ മമ്മൂട്ടിയുമാണ് അവതരിപ്പിച്ചിരിക്കുന്നത്. സെലീനയുടെ അച്ഛൻ കുന്നത്തൂരച്ചന്റെ റോളിൽ കരമന ജനാർദനൻ നായർ, സെലീനയുടെ ക്ലാസ്സ്‌ മേറ്റ്‌ ശ്യാമള മേനോനായി പാർവതി തുടങ്ങി വിരലിലെണ്ണാവുന്ന കഥാപാത്രങ്ങൾ മാത്രമേ ഈ ചിത്രത്തിലുള്ളൂ. ഇന്നസെന്റ് , ജഗന്നാഥൻ , സുകുമാരി, ശങ്കരാടി മുതലായവരും ഓർത്തിരിക്കാവുന്ന വേഷങ്ങളിൽ വന്നു പോകുന്നുണ്ട്. ഈ സിനിമയിലെ ഏറ്റവും മികച്ച പ്രകടനം സുകുമാരന്റേതാണ്. ജീവിതത്തിൽ ഏറ്റവും സ്നേഹിച്ച ഒരാൾ പൊടുന്നനെ ഇങ്ങനെ ഇറങ്ങിപ്പോയത് വിശ്വസിക്കാനാവാതെയും എന്നാൽ യാഥാർഥ്യം അംഗീകരിക്കുകയും അതേസമയം തന്നെ എന്തിനവൾ അങ്ങനെ ചെയ്തു എന്നാലോചിച്ചും ഒരുതരം വിഭ്രമാത്കമായ മാനസികാവസ്ഥയിൽ കഴിയുന്ന മാത്യൂസിനെ അത്ഭുതകരമായ തുടർച്ചയോടെ, അതിമനോഹരമായി സുകുമാരൻ അവതരിപ്പിച്ചു. കല്ലൂപ്പാറയും മൈസൂരുമായിരുന്നു പ്രധാന ലൊക്കേഷനുകൾ. അന്തരിച്ച ശ്രീ. രാമചന്ദ്ര ബാബു ആണ് ഛായാഗ്രഹണം. ഗാനങ്ങൾ എഴുതിയത് ശ്രീ. ഒ എൻ വി കുറുപ്പും സംഗീതം നൽകിയിരിക്കുന്നത് ജോൺസൻ , വിദ്യാധരൻ മാഷ് എന്നിവരുമാണ്‌. “മഞ്ഞിൻ വിലോലമാം യവനികക്കുള്ളിലൊരു …” എന്ന മനോഹര ഗാനം ഈ ചിത്രത്തിലേതാണ്. പ്രശസ്ത എഡിറ്ററും സംവിധായകനുമായിരുന്ന രവിയാണ് ഈ ചിത്രം എഡിറ്റ്‌ ചെയ്തിരിക്കുന്നത്.

മുപ്പത്തിമൂന്നു വർഷം മുമ്പാണ് ഈ സിനിമ റിലീസായത് . പക്ഷേ ഇതിലെ കഥാപാത്രങ്ങൾ കാലത്തിനു മുമ്പേ സഞ്ചരിച്ചവരായിരുന്നു എന്ന് വേണം കരുതാൻ. ഇതിലെ ആൺ പെൺ ബന്ധങ്ങൾ നോക്കൂ. മാത്യൂസിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ബാലചന്ദ്രൻ. മാത്യുവും സെലീനയും തമ്മിലുള്ള വിവാഹത്തിന് ശേഷം ബാലുവും അവളുടെ സുഹൃത്താവുകയാണ്. അവർ തമ്മിൽ തമാശകൾ പറയുന്നു. കവിതയും സാഹിത്യവും ചർച്ച ചെയ്യുന്നു. രണ്ടുപേരും ചേർന്നു മാത്യുവിനെ കളിയാക്കുന്നു. മാത്യുവും അതാസ്വദിക്കുന്നു. ഇതിലെന്താണ് ഇത്രയും പറയാനെന്നാവും നിങ്ങളാലോചിക്കുന്നത്. അന്യ പുരുഷന്റെ, അത് സ്വന്തം സഹോദരനോ അച്ഛനോ ആയാൽ പോലും മുന്നിൽ വരാനോ അഭിപ്രായം പറയാനോ സ്ത്രീകൾ തുനിയാതിരുന്ന ഒരു കാലമാണതെന്നോർക്കണം. എതിർ ലിംഗത്തിൽ പെട്ട ഒരു സുഹൃത്ത് ഉണ്ടെങ്കിൽ ആ ബന്ധത്തിൽ തീർച്ചയായും അല്പം ലൈംഗികതയും ഉണ്ടാവുമെന്ന് സമൂഹം വിശ്വസിച്ചിരുന്ന ഒരു കാലഘട്ടത്തിൽ ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വിശുദ്ധമായ, മനോഹരമായ സൗഹൃദം വരച്ചുകാട്ടുകയാണ് ഈ ചിത്രത്തിൽ. പക്വമായ മനസ്സോടെ അതിനെ നോക്കിക്കാണുന്ന മാത്യുവും അതുപോലെ തന്നെ. സെലീനയുടെ മരണത്തിന്റെ രഹസ്യങ്ങളുടെ താക്കോൽ അന്വേഷിച്ചു പുറപ്പെടുന്ന ബാലചന്ദ്രന്റെ മുന്നിൽ മാത്യു അവളുടെ സ്വകാര്യ ലോകം തുറന്നിടുകയാണ്. തന്റെ ഭാര്യയായിരുന്ന, ഏറ്റവും പ്രിയപ്പെട്ടൊരാളുടെ എന്ത് വിവരങ്ങളും നിനക്ക് വായിച്ചു നോക്കാം, ഏതു വാതിലും തുറക്കാം എന്നയാൾ പറയുമ്പോൾ ആ കഥാപാത്രം ഏതു നിലവാരത്തിലാണ് ചിന്തിക്കുന്നത് എന്നോർക്കുക.

ബാലചന്ദ്രനും ശ്യാമളയും തമ്മിലുള്ള സൗഹൃദവും അതുപോലെയാണ്. സെലീനയുടെ പഴയ ഒരു കൂട്ടുകാരിയെന്ന നിലയിൽ അന്വേഷണത്തിന് സഹായിക്കുന്ന എന്തെങ്കിലും സൂചനകൾ അവളിൽ നിന്നും ലഭിക്കുമോ എന്നറിയാനാണ് ബാലചന്ദ്രൻ മൈസൂരിലെത്തുന്നത്. മുമ്പൊരിക്കലും കണ്ടിട്ടോ സംസാരിച്ചിട്ടോ ഒന്നുമില്ലാത്ത അവരുടെ ബന്ധം വളരുന്നത് വളരെ ഓർഗാനിക് ആയാണ് സിനിമയിൽ വരച്ചു കാട്ടുന്നത്. ആദ്യ ദിവസങ്ങളിൽ അവർ തമ്മിലുള്ള സംഭാഷണങ്ങളിൽ സെലീനയല്ലാതെ വേറെ ഒരു വിഷയവും കടന്നു വരുന്നില്ല. ആ സൗഹൃദം നിശബ്ദമായി ആസ്വദിക്കുമ്പോളും അവർക്കിടയിൽ ഒരു സുരക്ഷിത ദൂരം പാലിക്കാൻ രണ്ടുപേരും അറിഞ്ഞോ അറിയാതെയോ ശ്രദ്ധിക്കുന്നുണ്ട്. പോകെപ്പോകെ സ്വകാര്യമായ വിശേഷങ്ങൾ പോലും അയാളുമായി പങ്കുവയ്ക്കാൻ ശ്യാമളയ്ക്ക് കഴിയുന്നു. എന്നാൽ അവർ തമ്മിൽ ഇപ്പോൾ പ്രണയം മൊട്ടിടും, ആ സൗഹൃദത്തിന്റെ രൂപവും ഭാവവും മാറും എന്നൊക്കെ പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകനെ ഇളിഭ്യനാക്കിക്കൊണ്ടാണ് കഥ മുന്നേറുന്നത്. വീട്ടിലേക്ക് മാത്യു നമ്മൾ രണ്ടുപേരെയും ക്ഷണിച്ചിട്ടുണ്ടെന്നും അവിടേയ്ക്ക് പോകുമ്പോൾ ഒരു രാത്രി ഊട്ടിയിൽ തങ്ങിയിട്ടു പോകാമെന്നുമുള്ള ബാലുവിന്റെ ഓഫറിനോടുള്ള ശ്യാമളയുടെ പ്രതികരണം പക്ഷേ ഒരു പൊട്ടിത്തെറിയാണ്. മുതിർന്ന ഒരാണും പെണ്ണും തമ്മിൽ പരിശുദ്ധമായ, ആരോഗ്യകരമായ സൗഹൃദമാവാമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അല്ലാതെ കിടക്ക പങ്കിടാനുള്ള ക്ഷണമല്ല തന്റേതെന്നും ആത്മവിശ്വാസത്തോടെ ബാലു പറയുന്ന നിമിഷം തന്നെ അവൾ തെറ്റ് മനസ്സിലാക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നുമുണ്ട്. അയാളുടെ ഒപ്പം ഇറങ്ങി തിരിക്കുന്നതിനെക്കുറിച്ച് ശ്യാമള പിന്നെ രണ്ടിലൊന്ന് ചിന്തിക്കുന്നില്ല. ഈ സിനിമയിൽ എനിക്കേറ്റവും ഇഷ്ടമായ ഒന്നാണ് ബാലുവും ശ്യാമളയും തമ്മിലുള്ള സംഭാഷണങ്ങളും അവരുടെ യാത്രയും.

മുകളിൽ പറഞ്ഞത് മാത്രമല്ല, കച്ചവട സിനിമ പിന്തുടരുന്ന എല്ലാ ക്ലിഷേകളെയും പവിത്രൻ പടിക്കു പുറത്തു നിർത്തിയിട്ടുണ്ട്. ബാലചന്ദ്രൻ എന്ന പത്രപ്രവർത്തകൻ തന്നെ ഉദാഹരണം. ലെറ്റർ പ്രെസ്സിൽ അടിക്കുന്ന പത്രങ്ങളിൽ നിന്ന് ഉപഗ്രഹ ചാനലുകളിലും ഓൺലൈൻ ന്യൂസ് പോർട്ടലുകളിലും എത്തി നിൽക്കുന്ന ഇക്കാലത്തും ചില സിനിമകളെങ്കിലും പത്രക്കാരെ കാണിക്കാൻ ഉപയോഗിക്കുന്ന ചില ടെംപ്ളേറ്റുകളുണ്ട്. ജൂബയും പാന്റും തോളിൽ തുണി സഞ്ചിയുമായി പേനയും നോട്ട്പാഡുമായി നടക്കുന്ന, എന്തിനോടെന്നില്ലാതെ രോഷം പ്രകടിപ്പിക്കുന്ന ടിപ്പിക്കൽ കഥാപാത്രങ്ങൾ. പ്രസ് ക്ലബ്ബിൽ വച്ചുള്ള മദ്യപാനം, പുച്ഛത്തോടെയുള്ള സംസാരം എന്നിവയൊക്കെ അവർക്ക് മേമ്പൊടിയായുണ്ടാവും. എന്നാൽ ബാലചന്ദ്രനെ നോക്കൂ. വളരെ മോഡേൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്ന, പോളിഷ്ഡ് ആയി പെരുമാറുന്ന, സംസാരിക്കുന്ന മാന്യനായ ഒരാളാണ് അയാൾ. എന്നാൽ അയാളുടെ അന്വേഷണങ്ങൾ കൗശലം നിറഞ്ഞതും ചോദ്യങ്ങൾ മൂർച്ചയുള്ളതുമാണ്. ആരുടെയും മെക്കിട്ടു കയറാൻ പത്രക്കാരൻ എന്ന ഐഡന്റിറ്റി അയാൾ ഉപയോഗിക്കുന്നുമില്ല. ദേശീയ മാധ്യമങ്ങളിൽ ജോലി ചെയ്യുന്ന സീനിയറായ ഒരു പത്രപവർത്തകന്റെ ബൗദ്ധിക നിലവാരം ആ കഥാപാത്രത്തിന്റെ പെരുമാറ്റത്തിലും സംഭാഷണങ്ങളിലും ഉടനീളമുണ്ട്. അതുപോലെ തന്നെയാണ് മാത്യുവും. അക്ഷരവിരോധിയായ വെറുമൊരു പ്ലാന്ററല്ല അയാൾ. പണ്ട് ബാലചന്ദ്രന്റെ സീനിയറും മെന്ററും ഒക്കെയായിരുന്നു മാത്യു. മാത്യുവിനോടുള്ള ആരാധനയാണ് ഈ ജോലി സ്വീകരിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് വരെ ബാലു സെലീനയോടു പറയുന്നുണ്ട്. പക്ഷേ ആ കരിയർ മാറ്റിവച്ച് ഒരു കൃഷിക്കാരനായി കഴിയുന്ന മാത്യു സെലീനയോടു പെരുമാറുന്നത് ശ്രദ്ധിക്കുക. അവളുടെ ഓരോ നേട്ടത്തിലും കലർപ്പില്ലാതെ സന്തോഷിക്കുകയും അഭിമാനിക്കുകയാണ് അയാൾ. ബാലുവും മാത്യുവുമായുള്ള സംഭാഷണങ്ങളും വളരെ ശ്രദ്ധാപൂർവം ക്രാഫ്റ്റ് ചെയ്തെടുത്തിട്ടുള്ളതാണ്. എംടിയെ പോലെ ഒരാൾ എഴുതിയ തിരക്കഥയിൽ ഇതൊന്നും ഒരു അതിശയമല്ലെന്നറിയാം. എന്നാലും പറഞ്ഞുവെന്ന് മാത്രം.

ഈ സിനിമയുടെ മൂലകഥ രചിച്ച മിസ്സിസ് മാരിയറിനെക്കുറിച്ചു കൂടി പറഞ്ഞാലേ ഈ കുറിപ്പ് പൂർണ്ണമാവൂ. ആരെയും അസൂയപ്പെടുത്തുന്ന രീതിയിൽ വിജയം കൈവരിച്ച ഒരു സാഹിത്യകാരിയായിരുന്നു അവർ. ഇരുപത്തിയഞ്ചു വയസ്സിനുള്ളിൽ വൻ വിജയമായ രണ്ടു നോവലുകൾ അവർ പ്രസിദ്ധീകരിച്ചു കഴിഞ്ഞിരുന്നു. മുപ്പത്തിയൊൻപതു തവണ റീ-പ്രിന്റ് ചെയ്യപ്പെട്ട, പത്തു ലക്ഷത്തിൽപ്പരം കോപ്പികൾ വിറ്റഴിഞ്ഞ റബേക്ക എന്ന നോവൽ വെളിച്ചം കാണുമ്പോൾ അവർക്ക് വെറും ഇരുപത്തിയൊൻപതു വയസ്സായിരുന്നു പ്രായം. കുറ്റാന്വേഷണ സിനിമകളുടെ ആചാര്യനായ ആൽഫ്രെഡ് ഹിച്കോക്കാണ് ആ കഥ പിന്നീട് സിനിമയാക്കിയതെന്നോർക്കുക. മാത്രമല്ല ഹിച്കോക്കിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ “The Birds ” മാരിയറിന്റെ അതേ പേരിലുള്ള കഥയുടെ ചലച്ചിത്രാവിഷ്കാരമാണ്. മാരിയർ എഴുതിയ കഥകൾ വായിച്ച് അവരുടെ ആരാധകനായി മാറിയ ഒരു മേജർ ആയിരുന്നു പിന്നീടവരുടെ ഭർത്താവായ Frederick Browning . ഇത്രയും വായിച്ചപ്പോൾ ഉത്തരത്തിലെ സെലീന എന്ന കഥാപാത്രം എവിടെ നിന്നാണ് വന്നതെന്ന് മനസ്സിലായിട്ടുണ്ടാവുമല്ലോ അല്ലേ ?. കൗമാരത്തിൽ ആൺകുട്ടികളെപ്പോലെ സകല കുറുമ്പുകളും കാണിച്ചു നടന്ന അവൾ വിവാഹത്തിന് ശേഷം പക്വതയുടെ ഒരു മുഖമൂടി എടുത്തണിയുകയാണ്. യഥാർത്ഥ ജീവിതത്തിൽ സെലീനയെക്കാൾ ദുരൂഹത നിറഞ്ഞ ഒരു വ്യക്തിത്വമായിരുന്നു മാരിയറിന്റേത്. അവരെ ചുറ്റിപ്പറ്റി സ്ഥിരീകരിച്ചതും അല്ലാത്തതുമായ പല കഥകളും പ്രചാരത്തിലുണ്ടായിരുന്നു. തന്റേതായ ഒരു ലോകമുണ്ടാക്കി അതിൽ സ്വയമൊളിച്ച ഒരാളായിരുന്നു മാരിയർ. സന്തോഷവതിയായ ഒരു ഭാര്യയുടെയും സ്നേഹമുള്ള ഒരു അമ്മയുടെയും മുഖമൂടികളിൽ ലോകത്തെ തെറ്റിദ്ധരിപ്പിച്ച അവരുടെ ഉള്ളിൽ ഒരു ആണായി ജനിക്കാൻ കഴിയാതിരുന്നതിലുള്ള നിരാശ പോലുമുണ്ടായിരുന്നു. ആരെയും കാണിക്കാതെ ഒളിച്ചു വച്ച വിചിത്രമായ അഭിനിവേശങ്ങളുടെയും അടക്കി വച്ച ആഗ്രഹങ്ങളുടെയും ഒരു ലോകം അവരുടെയുള്ളിലുണ്ടായിരുന്നു. സ്വന്തം പിതാവിനോട് പോലും മാരിയർക്ക് അരുതാത്ത രീതിയിലുള്ള ബന്ധമുണ്ടായിരുന്നുവെന്നും സ്ത്രീകളോട് ലൈംഗികമായ അടുപ്പം സൂക്ഷിച്ചിരുന്നയാളാണ് അവരെന്നും ചില പുസ്തകങ്ങളിൽ പരാമർശമുണ്ടായിരുന്നു. എന്തായാലും അവരുടെ ഈ അപരവ്യക്തിത്വത്തിന്റെ പല ഷേഡുകളും ആ കഥാപാത്രത്തിലുമുണ്ടായിരുന്നു എന്നത് സത്യമാണ്.

അവിശ്വസനീയമായ ഒരു കടങ്കഥ പോലെയാണ് ഈ ചിത്രം രൂപപ്പെട്ടിരിക്കുന്നത്. ഒരു പുസ്തകത്തിന്റെ താളുകൾ മറിയുന്നത് പോലെയോ ഒരു മരത്തിന്റെ ഇലകൾ കൊഴിഞ്ഞു വീഴുന്നത് പോലെയോ ആണ് ഇതിലെ കഥയും ഇതൾ വിരിയുന്നത്. ഒരു രഹസ്യത്തിൽ നിന്ന് മറ്റൊന്നിലേയ്ക്കുള്ള പോക്ക്. വിഷാദം തളം കെട്ടി നിൽക്കുന്ന ഒരു അന്തരീക്ഷത്തിലൂടെയാണ് മിക്കപ്പോളും ഈ സഞ്ചാരം. ഇടയിൽ നമ്മൾ കണ്ടുമുട്ടുന്നവരിൽ ചിലരും അതുപോലെ തന്നെ. മാത്യു തന്നോട് ചോദിച്ചതും പല തവണ സ്വയം ചോദിച്ചതുമായ ചോദ്യത്തിന്റെ ഉത്തരം ഒടുവിൽ കിട്ടുമ്പോൾ ബാലചന്ദ്രനും അകപ്പെടുന്നത് അത്തരമൊരു അവസ്ഥയിലാണ്. ആ രഹസ്യം ഉള്ളിലൊതുക്കി മാത്യുവിനോട് ബാലു വിട പറയുമ്പോൾ കഥ കേട്ടിരിക്കുന്ന നമ്മളുടെയും ഉള്ളിൽ എവിടെയോ ഒരു നോവ് പടരാതിരിക്കില്ല. ഇതുവരെ കണ്ടിട്ടില്ലെങ്കിൽ തീർച്ചയായും കാണുക. നല്ലൊരനുഭവമാണ് ഈ ചിത്രം.

Leave a Reply
You May Also Like

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ‘മേജര്‍’ റിലീസിങ് തിയതി പുറത്തുവിട്ടു

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ‘മേജര്‍’ എന്ന ചിത്രം…

ഇഷ്ടമില്ലാതെ ചെയ്തതുകൊണ്ട് എന്റെ കൂട്ടുകാരിയെ വിളിച്ച് ഒരുപാട് കരഞ്ഞു, കയ്യിൽ അഞ്ച് പൈസ ഇല്ലതിരുന്നതുകൊണ്ടാണ് ‘ബിരിയാണി’ സിനിമ ചെയ്യേണ്ടി വന്നത്

അഭിനേത്രിയും മോഡലുമാണ് കനി കുസൃതി . 2009-ൽ കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് അവർ ആദ്യമായി അംഗീകാരം നേടിയത്

പൊന്നിയിൻ സെൽവന്റെ മഹാവിജയം, കോളിവുഡിൽ പ്രതിഫലം കുത്തനെ ഉയർത്തി ജയംരവി

പൊന്നിയിൻ സെൽവന്റെ വിജയത്തിന് ശേഷം നടൻ ജയം രവിയുടെ മാർക്കറ്റ് പലമടങ്ങ് വർദ്ധിച്ചു, ഇതോടെ കോളിവുഡിൽ…

ജോസഫിലെ പോലെ അദൃശ്യത്തിലും മനോഹരമായ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു

Anurag Kv പൂമുത്തോളെ എന്ന ഗാനം മറക്കാനാവുമോ.? ഒരു പക്ഷെ നമ്മുടെ എല്ലാം ഫോണിന്റെ റിങ്…