Connect with us

ഇത്രയും വർഷം മുമ്പ് ഇറങ്ങിയ ഈ ടെലിഫിലിം പോലെ മറ്റൊന്നില്ല ആ ആശയത്തെ വിശകലനം ചെയ്യാൻ

തിരുവനന്തപുരത്ത് കുടപ്പനക്കുന്നിലുള്ള ദൂരദർശൻ കേന്ദ്രം ആരംഭിച്ച കാലത്ത് സ്ഥിരമായി അതിൽ വന്നുകൊണ്ടിരുന്ന ചില പരിപാടികളുണ്ടായിരുന്നു. പതിമൂന്ന് എപ്പിസോഡ് മാത്രമുള്ള

 41 total views

Published

on

Sanuj Suseelan

ഉയിർത്തെഴുന്നേൽപ്പ്

തിരുവനന്തപുരത്ത് കുടപ്പനക്കുന്നിലുള്ള ദൂരദർശൻ കേന്ദ്രം ആരംഭിച്ച കാലത്ത് സ്ഥിരമായി അതിൽ വന്നുകൊണ്ടിരുന്ന ചില പരിപാടികളുണ്ടായിരുന്നു. പതിമൂന്ന് എപ്പിസോഡ് മാത്രമുള്ള സീരിയലുകൾ, ലളിത ഗാന പരിപാടികൾ, ക്ലാസ്സിക്കൽ നൃത്ത പ്രകടനങ്ങൾ, വാർത്തകൾ, കാർഷികരംഗം , ആഴ്ചയിൽ ഒരു സിനിമ എന്നിങ്ങനെ കുറെ ഇനങ്ങൾ. ഇന്നത്തെ പോലെ ഗ്രീൻ മാറ്റ് ടെക്നിക്ക് ഒന്നുമില്ലാതിരുന്ന അക്കാലത്ത് നാടകങ്ങളിൽ കാണുന്നത് പോലുള്ള സെറ്റുകളിൽ, സ്റ്റുഡിയോ ഫ്ലോറിൽ ഷൂട്ട് ചെയ്ത പരിപാടികളായിരുന്നു കൂടുതലും. എന്നാൽ മിക്കതിന്റെയും ഉള്ളടക്കം അത്യാവശ്യം ഗുണനിലവാരമുള്ളതായിരുന്നു.

അങ്ങനെയിരിക്കെയാണ് ഒരു ദിവസം ടിവിയിൽ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടത്. മനോഹരമായ സംഗീതത്തിന്റെ അകമ്പടിയോടെ സ്ലോ മോഷനിൽ മിന്നി മറയുന്ന ദൃശ്യങ്ങൾ, മുറിഞ്ഞ സംഭാഷണങ്ങൾ, ഇരുളിൽ നിന്ന് തെളിഞ്ഞു മറയുന്ന ചോരചുവപ്പിലുള്ള ടൈറ്റിലുകൾ തുടങ്ങി വ്യത്യസ്തമായ ഒരു പരസ്യം. സിനിമാസ്കോപ്പ് സിനിമകൾ ടിവിയിൽ വരുമ്പോൾ കാണുന്ന മുകളിലും താഴെയുമുള്ള കറുത്ത ബോർഡർ ഇതിനുമുണ്ടായിരുന്നു. ആദ്യം സിനിമയാണെന്നാണ് വിചാരിച്ചതെങ്കിലും ടൈറ്റിലുകളുടെ കൂട്ടത്തിൽ “ദൂരദർശൻ നിർമിച്ചത്” എന്ന് കണ്ടപ്പോൾ ഇത് സിനിമയല്ല എന്ന് നമ്മൾ ഊഹിച്ചു. ആ ഊഹം ശരിയായിരുന്നു. രണ്ടു ഭാഗങ്ങളായുള്ള ഒരു ടെലിഫിലിം ആയിരുന്നു അത്. വൈകാതെ തന്നെ അതിന്റെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്യപ്പെട്ടു. വളരെ വൈഡ് ആയ ഷോട്ടുകളിൽ, സെപിയ ടോണിൽ കംപോസ് ചെയ്യപ്പെട്ട ദൃശ്യങ്ങൾ ( ഈ നിറവ്യത്യാസം കണ്ടിട്ട് ടിവിക്കെന്തെങ്കിലും പറ്റിയതാണോ എന്ന് സംശയിച്ചവർ പോലും അന്നുണ്ടായിരുന്നു. ടെസ്റ്റ് ചെയ്യാൻ വേറെ ചാനലുകളും ഇല്ലല്ലോ ) , പശ്ചാത്തലത്തിൽ മനോഹരമായ പാശ്ചാത്യ സംഗീതം . വളരെ തീഷ്ണമായ അഭിനയ മുഹൂർത്തങ്ങൾ. ചടുലമായ ആഖ്യാനം എന്നിവയൊക്കെ ചേർന്ന് അന്ന് വരെ നമ്മൾ ടി വിയിൽ കണ്ടിട്ടിട്ടില്ലാത്ത ഒരു ദൃശ്യാനുഭവം സമ്മാനിച്ച് ആദ്യ എപ്പിസോഡ് അവസാനിച്ചു. എന്നാൽ തൊട്ടടുത്തയാഴ്ച വന്ന ഇതിന്റെ രണ്ടാം ഭാഗം ഞങ്ങൾ കുട്ടികൾക്ക് തീരെ ഇഷ്ടമായില്ല. ആദ്യ ഭാഗം നൽകിയ പ്രതീക്ഷകൾക്കൊത്തുള്ള വമ്പൻ സീനുകൾ രണ്ടാമത്തെ ഭാഗത്തിൽ ഇല്ലാതിരുന്നതും ഒരു കാരണമാണ്. മാത്രമല്ല മിനിറ്റുകളോളം നീണ്ടു നിൽക്കുന്ന നാടകീയമായ സംഭാഷണങ്ങളും അതിലെ ആശയവുമൊക്കെ ഞങ്ങൾ കുട്ടികൾക്ക് മനസ്സിലാവുന്നതായിരുന്നില്ല.

വിഖ്യാത ഫ്രഞ്ച് തത്വചിന്തകനും എഴുത്തുകാരനുമായിരുന്ന ആൽബേർ കാമുവിന്റെ “നീതിമാന്മാർ” (The Just Assassins) എന്ന നാടകത്തെ ആസ്പദമാക്കി ശ്യാമപ്രസാദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത “ഉയിർത്തെഴുന്നേൽപ്പ്” എന്ന ടെലിഫിലിമിനെക്കുറിച്ചാണ് ഇത്രയും പറഞ്ഞത്. അന്നദ്ദേഹം ദൂരദർശനിലെ ഒരു പ്രോഗ്രാം പ്രൊഡ്യൂസർ ആയിരുന്നു എന്നാണ് ഓർമ്മ. അന്നത്തെ കാലത്ത് പുറമേ നിന്ന് സീരിയലുകളും ടെലി ഫിലിമുകളും മറ്റും സ്വീകരിച്ച് അത് ഫണ്ട് ചെയ്യുന്ന ഒരു പരിപാടി ദൂരദർശനുണ്ടായിരുന്നു. നിങ്ങൾ സമർപ്പിക്കുന്ന സ്ക്രിപ്റ്റ് അവർ അപ്രൂവ് ചെയ്താൽ അത് നിർമിക്കാനുള്ള ഗ്രീൻ സിഗ്നൽ കിട്ടിക്കഴിഞ്ഞു. അപ്രൂവൽ കിട്ടിയ സ്ക്രിപ്റ്റ് നിങ്ങൾ തന്നെ പണം മുടക്കി പൂർത്തീകരിച്ച് അവർക്കു കൊടുക്കുമ്പോൾ അതിനുള്ള പ്രതിഫലം ദൂരദർശൻ കേന്ദ്രം നൽകും. ബോധി ബുക്ക്സ് എന്ന പേരിൽ കോഴിക്കോട് പുസ്തക പ്രസാധന സ്ഥാപനം നടത്തിയിരുന്ന ജോയ് മാത്യു ആണ് ബോധി എന്ന ബാനറിൽ ഈ ചിത്രം നിർമിച്ചത്. അതെ, പിന്നീട് പ്രശസ്ത നടനും സംവിധായകനും നിർമാതാവും ഒക്കെയായി മാറിയ നമ്മുടെ സ്വന്തം ജോയ് മാത്യു.

ദൂരദർശന്റെ മലയാളം യൂട്യൂബ് ചാനലിൽ ഇപ്പോൾ ഇത് ലഭ്യമാണ്. പഴയ ഏതോ ടേപ്പിൽ നിന്ന് രക്ഷപ്പെടുത്തിയെടുത്ത ഗുണനിലവാരം കുറഞ്ഞ കോപ്പിയാണ് അവർ അപ്ലോഡ് ചെയ്തിരിക്കുന്നത്. ബീറ്റാകാം ഫോർമാറ്റിലായിരുന്നു പണ്ട് ദൂരദർശൻ പരിപാടികൾ ഷൂട്ട് ചെയ്തിരുന്നത്. എന്നാൽ ഈ കോപ്പിയിൽ ശബ്ദവും വെളിച്ചവും ഒന്നും അത്ര മെച്ചമല്ല. ചിലപ്പോൾ ടേപ്പ് തന്നെ നശിച്ചുപോയിട്ടുണ്ടാവും. എന്തായാലും ഇത് അപ്‌ലോഡ് ചെയ്തതിനു അവരോടു നന്ദിയുണ്ട്. വർഷങ്ങൾക്കു ശേഷം ഇത് വീണ്ടും കണ്ടപ്പോൾ ഒരു പോരായ്മയായി തോന്നിയത് ചില രംഗങ്ങളിലെ സംഭാഷണങ്ങളുടെ കൃത്രിമത്വവും കുക്കു പരമേശ്വരന്റെ നാടകീയമായ അഭിനയവുമാണ്. കുക്കുവിനെ മാത്രം പറഞ്ഞിട്ടു കാര്യമില്ല. ടെലിവിഷൻ എന്ന മീഡിയത്തിന്റെ സാദ്ധ്യതകൾ നന്നായി ഉപയോഗിച്ചിട്ടുള്ള ചില രംഗങ്ങൾ ഉള്ളപ്പോൾ തന്നെ ചില രംഗങ്ങൾ നാടകത്തിന്റെ ഹാങ്ങോവറിൽ ഇൻഡോറിലേക്കു ഒതുക്കിയതിന്റെ പ്രശ്നങ്ങളും അതിലുണ്ട്. ഉദാഹരണം. ബോംബെറിയുന്ന സീൻ. പുറത്തേയ്ക്കു കണ്ണ് നട്ടിരിക്കുന്ന നാരായണേട്ടന്റെ വാക്കുകളിൽ കൂടിയാണ് അത് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഏറ്റവും കുറഞ്ഞത് ബോംബ് കാറിലേക്ക് എറിയുന്നതിന്റെ ഒരു വിദൂര ദൃശ്യമെങ്കിലും ചേർത്തിരുന്നുവെങ്കിൽ ആ സീൻ കുറച്ചുകൂടി നന്നായേനെ. നിശ്ചലമായി നിൽക്കുന്ന ക്യാമറയുടെ മുന്നിൽ നടക്കുന്ന പ്രകടനങ്ങൾ ചിലപ്പോൾ നിങ്ങളെ മുഷിപ്പിക്കാനും മതി. ഇങ്ങനെ ചെറിയ പന്തികേടുകൾ ചിലതുണ്ടെങ്കിൽ പോലും ഇപ്പോളും ഹൃദയസ്പർശിയായ ഒരു അനുഭവമാകുന്നു ഉയിർത്തെഴുന്നേൽപ്പ് എന്നിടത്താണ് ഈ ചിത്രത്തിന്റെ വിജയം.

അലക്സ് കടവിൽ, രഘൂത്തമൻ, കുക്കു പരമേശ്വരൻ, മുരളി മേനോൻ, മുരുകൻ , ജോയ് മാത്യു, ലീല നായർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ പ്രശസ്ത ഛായാഗ്രാഹകൻ അളഗപ്പനാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. Antonio Vivaldi, Tomaso Albinoni,Ennio Morricone തുടങ്ങിയ ലോകപ്രശസ്ത സംഗീതജ്ഞരുടെ രചനകളാണ് പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത്. അഭിനേതാക്കളിൽ ഏറ്റവും ഇഷ്ടമായത് മുരളി മേനോനും ജമാലിനെ അവതരിപ്പിച്ച മുരുകനുമാണ്. പണ്ട് തൊട്ടേ ഒരുപാടിഷ്ടമുള്ള അലക്സ് കടവിൽ നാരായണേട്ടൻ എന്ന കഥാപാതത്തെ ഉജ്ജ്വലമായി അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം നമ്മുടെ കലാലോകത്തിന് വലിയൊരു നഷ്ടം തന്നെയായിരുന്നു എന്ന് പറയാതെ വയ്യ.

റഷ്യൻ ചക്രവർത്തി അലക്‌സാണ്ടർ രണ്ടാമന്റെ മകനായ സെർജി അലക്‌സാൻഡ്രോവിച്ചിന്റെ കൊലപാതകമാണ് കാമു തന്റെ നാടകത്തിന് പ്രമേയമാക്കിയത്. സാർ ചക്രവർത്തിമാരുടെ മനുഷ്യത്വ രഹിതമായ ഭരണം കാരണം റഷ്യയിലെങ്ങും അസംപ്‌തൃപ്തി പുകയുന്ന അക്കാലത്താണ് കാലഘട്ടത്തിന്റെ ആവശ്യമെന്നോണം സോഷ്യലിസ്റ്റ് റെവൊല്യൂഷനറി പാർട്ടി എന്ന തീവ്ര വിപ്ലവ പ്രസ്ഥാനം രൂപം കൊണ്ടത്. ജനാധിപത്യ വാദികളായിരുന്ന അവർ അത് നടപ്പിലാക്കാൻ സ്വീകരിച്ച മാർഗം അക്രമത്തിന്റേതായിരുന്നു എന്ന് മാത്രം. ചക്രവർത്തിയെ തൂത്തെറിയണം, ചക്രവർത്തിയും കുടുംബവും കയ്യടക്കി വച്ചിരിക്കുന്ന കൃഷിസ്ഥലങ്ങൾ അതിന്റെ യഥാർത്ഥ അവകാശികളായ കർഷകർക്ക് വിട്ടുകൊടുക്കണം എന്നൊക്കെയായിരുന്നു അവരുടെ ലക്‌ഷ്യം. പാർട്ടിയുടെ ഓപ്പറേഷനുകൾ നടപ്പിലാക്കാൻ വേണ്ടി Social Revolutionary Party Combat Organization എന്നൊരു ഘടകം അവർക്കുണ്ടായിരുന്നു. ഇവർ നടത്തിയിട്ടുള്ള കൊലപാതകങ്ങൾക്ക് കയ്യും കണക്കുമില്ല. ചക്രവർത്തിമാരെ പ്രതിനിധീകരിക്കുന്ന ആരും അവരുടെ ശത്രുക്കളായിരുന്നു. ചക്രവർത്തിയുടെ മകനായ അലക്സിയും അവരുടെ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നു. ഇതിനിടെയാണ് കുപ്രസിദ്ധമായ ഖോഡിങ്ക ദുരന്തം ( Khodynka Tragedy ) സംഭവിക്കുന്നത്. നിക്കോളാസ് രണ്ടാമന്റെ വിവാഹ ചടങ്ങിൽ സമ്മാനപ്പൊതികൾ വിതരണം ചെയ്യുന്നു എന്നറിഞ്ഞെത്തിയ ലക്ഷക്കണക്കിനാളുകൾ നടത്തിയ ഉന്തിലും തള്ളിലും പെട്ട് ആയിരത്തി ഇരുനൂറോളം പേർ മരിക്കുകയും അതിന്റെ ഒരുപാടിരട്ടി ആൾക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വെറും റൊട്ടിയും ജിഞ്ചർ ബ്രെഡും സോസേജുമൊക്കെയാണ് ആ സമ്മാനപ്പൊതിയിൽ ഉണ്ടായിരുന്നെന്നോർക്കണം. അക്കാലത്തെ സാമ്പത്തിക അസമത്വത്തിന്റെയും സാധാരണക്കാർക്കിടയിൽ വേരൂന്നിയ കൊടിയ ദാരിദ്ര്യത്തിന്റെയും അടയാളമായിരുന്നു ആ സമ്മാനപ്പൊതികൾ.

Advertisement

എന്തായാലും ഈ ദുരന്തം സോഷ്യലിസ്റ്റ് പാർട്ടിയെ പ്രകോപിപ്പിച്ചു. പ്രതികാരം ചെയ്യാൻ അവർ തീരുമാനിച്ചു. അലക്‌സാൻഡ്രോവിച്ചിനെ കൊലപ്പെടുത്താനായിരുന്നു പദ്ധതി. അലക്സി അപ്പോളേക്കും റിട്ടയർ ചെയ്തു കഴിഞ്ഞിരുന്നു. പാർട്ടി അയാളെ നിരീക്ഷിക്കാൻ തുടങ്ങി. അലക്സി യാത്ര ചെയ്യുന്ന വഴികൾ, സ്ഥിരമായി സന്ദർശിക്കുന്ന സ്ഥലങ്ങൾ, അയാളുടെ വീടുകൾ എന്നിവയൊക്കെ അവർ മനസ്സിലാക്കി. ബോംബെറിഞ്ഞു കൊല്ലാനായിരുന്നു പ്ലാൻ. ഇതിനു വേണ്ടി ഒരു സംഘത്തെ പാർട്ടി രൂപപ്പെടുത്തി. മാരകമായ സ്ഫോടന ശേഷിയുള്ള ബോംബുകൾ അവർ നിർമിച്ചു. ബോംബ് എറിയേണ്ട ആൾക്കാരെയും തെരഞ്ഞെടുത്തു. ഉത്തരവാദിത്തങ്ങൾ വീതിച്ചു നൽകി. ആ ദിവസം വന്നെത്തി. എല്ലാവരും ക്രെംലിൻ നഗരത്തിന്റെ പലയിടങ്ങളിലായി നിലയുറപ്പിച്ചു. എന്നാൽ ഇതെല്ലാം പാഴായി. അവസാന നിമിഷം അപ്രതീക്ഷിതമായി അവർക്ക് ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. അലക്സിയ്ക്കൊപ്പം അന്ന് കുതിരവണ്ടിയിൽ രണ്ടു കുട്ടികളും ഉണ്ടായിരുന്നു. അലക്സിയുടെ അനന്തിരവന്മാരായിരുന്നു അവർ. കുട്ടികളില്ലായിരുന്ന അലക്സിയും ഭാര്യയും അനന്തിരവന്മാരെ സ്വന്തം മക്കളെ പോലെ വളർത്തുകയായിരുന്നു. സാങ്കേതികമായി നോക്കിയാൽ ആ കുട്ടികളും തങ്ങളുടെ എതിർപക്ഷത്താണുള്ളത്. സാമ്രാജ്യത്വ ഭരണത്തിന്റെ മധുരം ആവോളം നുകർന്ന് വളർന്ന അവരും മരണത്തിനർഹരാണ്‌. രാജ്യത്തിന്റെ പല ഭാഗത്തും അവരുടെ അതേ പ്രായത്തിലുള്ള ആയിരക്കണക്കിന് കുഞ്ഞുങ്ങൾ ആഹാരം പോലും കിട്ടാതെ മരിച്ചു വീഴുമ്പോൾ ഇവർക്ക് മാത്രമായി ഒരു പരിഗണനയും കൊടുക്കേണ്ട കാര്യമില്ല. ഒരു കവി കൂടിയായ ഐവാൻ കല്യായെവ് ആയിരുന്നു ആദ്യത്തെ ബോംബ് എറിയേണ്ടിയിരുന്നത്. ആ കുഞ്ഞുങ്ങളെ കണ്ടതോടെ അയാളുടെ ഉയർന്ന കൈകൾ തനിയെ താണു. ഐവാൻ നിശ്ചലമായി നിന്നതോടെ മറ്റുള്ളവരും ശ്രമം ഉപേക്ഷിച്ചു.

പിന്നീട് ഷെൽട്ടറിൽ ഒത്തുകൂടിയ സംഘാംഗങ്ങൾ തമ്മിൽ വാക്കുതർക്കമുണ്ടായി. എല്ലാവരും എതിർത്തെങ്കിലും അടുത്ത മിഷനിലും ബോംബെറിയാനുള്ള ദൗത്യം ഐവാൻ ചോദിച്ചു വാങ്ങി. അടുത്ത ശ്രമം വിജയമായിരുന്നു. നൈട്രൊഗ്ലിസറിൻ ബോംബ് പതിച്ച ആഘാതത്തിൽ കുതിരവണ്ടി മാത്രമല്ല അലക്സിയുടെ ശരീരം തന്നെ ഭീഭത്സമാം വിധം ചിന്നിച്ചിതറിപ്പോയി. പക്ഷെ ഐവാൻ പിടിക്കപ്പെട്ടു. ഭരണകൂടം അയാളെ വധശിക്ഷയ്ക്കു വിധേയമാക്കി. പത്തോ പന്ത്രണ്ടോ വർഷത്തിന് ശേഷം ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ പ്രശസ്തമായ റഷ്യൻ വിപ്ലവത്തിന് വെള്ളവും വളവും പകർന്നത് ഇതുപോലുള്ള പല സംഭവങ്ങളായിരുന്നു.

ആദ്യത്തെ തവണ എന്തുകൊണ്ടാണ് അയാളെ വധിക്കാൻ ഐവാന് കഴിയാതിരുന്നത് എന്നുള്ള ഒരു ചോദ്യം അവർക്കിടയിൽ ഉയരുന്നിടത്താണ് ഈ സംഭവവും ഈ നാടകവും ഇപ്പോളും പ്രസക്തമാകുന്നത് . വിപ്ലവത്തിന്റെ ഭാഗമായി നടക്കുന്ന കൊലപാതകങ്ങളെ നീതിക്കു വേണ്ടിയുള്ള സമരമായിട്ടാണോ അതോ വെറുമൊരു കൊലയായിട്ടാണോ വിശേഷിപ്പിക്കേണ്ടത് എന്നുള്ള ചോദ്യമാണ് കാമു ഉയർത്തുന്നത്. സത്യത്തിൽ ഇതുമൊരു കൊലപാതകം മാത്രമല്ലേ ? തങ്ങളുടെ പിതാമഹന്മാർ ചെയ്തു വച്ചിട്ടുള്ള മനുഷ്യത്വ രഹിതമായ പ്രവർത്തികളുടെ ഉത്തരവാദിത്വം ആ കുഞ്ഞുങ്ങളിൽ എങ്ങനെയാണ് പതിക്കുന്നത് ? ഒരു ഓപ്പറേഷൻ നടക്കുമ്പോൾ അവിടെയുള്ള നിരപരാധികളായ സാധാരണക്കാർക്കും അപകടം പറ്റാം. അവരിൽ ചിലരെങ്കിലും കൊല്ലപ്പെടാം. ആ മരണങ്ങളെ നിങ്ങൾ എങ്ങനെയാണ് വിപ്ലവത്തിന്റെ പൂക്കൂടയിൽ സൂക്ഷിക്കുന്നത് ? കടുത്ത സാമൂഹിക അസമത്വം നിലനിന്നിരുന്ന ഒരു കാലത്ത്, ഏതൊരു സാധാരണ മനുഷ്യനും വിപ്ലവത്തിന്റെ ഭാഗമായുള്ള കൊലപാതകങ്ങളിൽ തെറ്റില്ല എന്ന് വിശ്വസിക്കുന്ന ഒരു കാലത്ത്, ഇങ്ങനെയൊരു ചിന്തയുയർത്തി എന്നിടത്താണ് ആൽബേർ കാമു പ്രസക്തമാകുന്നത്. “In the age of ideologies, we must make up our minds about murder. If murder has rational foundations, then our period and we ourselves have significance. If it has no such foundations, then we are plunged into madness there is no way out except to find some significance or to desist.” – അദ്ദേഹം വിശദീകരിക്കുന്നു. രക്തമൊഴുക്കി നേടുന്ന അധികാരം സംരക്ഷിക്കാൻ ഭാവിയിൽ ഈ വിപ്ലവകാരികളും അതേ മാർഗം തന്നെ സ്വീകരിച്ചേക്കാം എന്നുള്ള അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന് എത്രയോ തെളിവുകൾ ചരിത്രത്തിലുണ്ട്.

ഇതൊന്നും നമുക്കും അന്യമല്ല. കുപ്രസിദ്ധമായ നഗരൂർ-കുമ്മിൾ നക്സലൈറ്റ് അക്രമണങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടാവുമല്ലോ. പ്രത്യയശാസ്ത്രത്തിന്റെ പേരിൽ അന്ന് നടന്ന ക്രൂരമായ കൊലപാതകങ്ങൾ കേരളം മറന്നിരിക്കാനിടയില്ല. ശങ്കര നാരായണ അയ്യർ എന്നൊരു പഴയ പോസ്റ്റ് മാസ്റ്ററുടെ വീട്ടിൽ കയറി അദ്ദേഹത്തിന്റെ തല വെട്ടിയെടുത്തു വീട്ടു മുറ്റത്തു വയ്ക്കുകയും അവിടത്തെ സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്ത ഒരു സംഭവം നടന്നത് എന്റെ നാട്ടിൽ നിന്നും വളരെ ദൂരെയല്ലാതെയാണ്. തിരുനെല്ലിയിൽ വെടിയേറ്റ് വീണ വർഗീസും കക്കയം ക്യാമ്പിൽ ഉരുട്ടിക്കൊലപ്പെടുത്തിയ രാജനുമൊക്കെ ഇന്ന് ജീവിത സായാഹ്നത്തിലുള്ള, അന്നത്തെ ചെറുപ്പക്കാരായ കുറച്ചുപേരെയെങ്കിലും സ്വാധീനിച്ചു എന്നത് വാസ്തവമാണ്. സുരക്ഷിതമായി ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും അതെല്ലാമുപേക്ഷിച്ച് നിസ്സഹായരായ പാവം മനുഷ്യർക്ക്‌ വേണ്ടി ആയുധമെടുത്തവർക്ക് ഒരു ഹീറോ പരിവേഷം വന്നതിൽ അത്ഭുതമില്ല. എന്നാൽ വിപ്ലവപ്രസ്ഥാനം എന്ന് പൊതുവെ വിശേഷിപ്പിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും ഇത്തരത്തിലുള്ളവർ പല ഗ്രൂപ്പുകളായിട്ടാണ് നിലകൊണ്ടിരുന്നത്. മാവോ വാദികൾ മാത്രമല്ല കമ്യൂണിസ്റ്റ് പാർട്ടിയിലെ മാർക്സ്റ്റിസ്റ്റ് ലെനിനിസ്റ്റ് വിഭാഗങ്ങളും തീവ്ര സ്വഭാവമുള്ളവരായിരുന്നു എന്നാണ് ഓർമ. എന്റെ ധാരണ ശരിയാണെങ്കിൽ ഇവർ തമ്മിലുള്ള പ്രധാന വ്യത്യാസം മാവോയിസം മുന്നോട്ടു വയ്ക്കുന്ന പീപ്പിൾസ് വാർ എന്ന ആശയമാണ്. ഭൂരഹിതരായ ജനങ്ങൾക്കും ദരിദ്രരായ കർഷകർക്കും വേണ്ടിയുള്ള ആയുധമെടുത്തുള്ള പോരാട്ടമാണ് മാവോയിസ്റ്റുകൾ നടത്തിയിരുന്നതെങ്കിൽ ലെനിനിസ്റ്റുകൾ അന്നുമിന്നും തൊഴിലാളി – മുതലാളി വർഗ സിദ്ധാന്തത്തിൽ പിടിച്ചുള്ള പോക്കാണ്. എന്തായാലും ഇപ്പറഞ്ഞ വിപ്ലവകാരികൾ യഥാർത്ഥത്തിൽ പച്ചമനുഷ്യരായിരുന്നു. താൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തെ അവർ കലർപ്പില്ലാതെ സ്നേഹിച്ചു സമത്വ സുന്ദരമായ ഒരു ലോകത്തിനു വേണ്ടി അവർക്കു ശരിയെന്നു തോന്നിയപ്പോൾ ആയുധമെടുത്തു. എന്നാൽ കാല്പനികമായ ഒരു ആശയം നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ ചില കള്ളികളിൽ ഇരകളെ ഒതുക്കിയപ്പോളാണ് അവർ പരാജയപ്പെട്ടത്. കൊന്നൊടുക്കിയ “ജന്മികളിൽ” ആരൊക്കെയായിരുന്നു ശരിക്കും പാവപ്പെട്ടവന്റെ ശത്രു എന്ന് കൃത്യമായി നിർവചിക്കാൻ അവർക്കു കഴിഞ്ഞില്ല. അവരുടെ ആരാധനാമൂർത്തികൾ ലോകത്തിന്റെ മറ്റിടങ്ങളിൽ ചെയ്ത അതേ പ്രവൃത്തികൾ നമ്മുടെ നാട്ടിലും ആവർത്തിക്കുകയായിരുന്നു അവർ. എന്നാൽ കൊന്നു തള്ളിയ നിരപരാധികളുടെ ചോര കൊണ്ട് സ്വപ്നം കണ്ട പുതിയൊരു സമൂഹം സൃഷ്ടിക്കാൻ അവർക്കാർക്കും കഴിഞ്ഞില്ല. എല്ലായിടത്തും സ്റ്റേറ്റ് സ്വന്തം ഉരുക്കുമുഷ്ടി ഉപയോഗിച്ച് അവരെ നിശ്ശബ്ദരാക്കി. ആയുധത്തേക്കാൾ ശക്തി ഒരു ജനാധിപത്യ രാജ്യത്തിൽ ബാലറ്റിനുണ്ടെന്ന് അന്നത്തെ വിപ്ലവകാരികളിൽ പലരും രഹസ്യമായും പരസ്യമായും പിന്നീട് സമ്മതിച്ചു എന്നത് കാലത്തിന്റെ കാവ്യനീതി.

പറഞ്ഞു പറഞ്ഞു വിഷയത്തിൽ നിന്ന് പോയി. ഒരുകാലത്ത് നക്സൽ പ്രസ്ഥാനം വേരോടിയിരുന്ന കേരളം പോലൊരു സംസ്ഥാനത്തിൽ നിന്നും ആ വിഷയം പ്രമേയമാക്കി വന്നിട്ടുള്ള ചലച്ചിത്രങ്ങൾ തീരെക്കുറവാണ്. പണ്ടത്തെ ആർട്ട് ഹൌസ് സിനിമകളിൽ ചിലതൊഴിച്ചാൽ ജൂബയും പൈജാമയും ഇട്ടു നടക്കുന്ന നക്സൽ പ്രോട്ടോട്ടൈപ്പുകൾ ഉപരിപ്ലവമായി പ്രകടിപ്പിക്കുന്ന സ്യൂഡോ നക്സലിസം മാത്രമാണ് നമ്മുടെ മുഖ്യധാരാ സിനിമകൾ കൈകാര്യം ചെയ്തിട്ടുള്ളത്. ശരിക്കും പറഞ്ഞാൽ വളരെയധികം റൊമാന്റിക് ആയ ഒരു സങ്കല്പമാണ് വിപ്ലവം. സഹജീവികളുടെ സന്തോഷവും ദുഖവും നിസ്സഹായതയും ദുരന്തവും ഒക്കെ അതേ തോതിൽ തന്നെ അനുഭവിക്കാൻ കഴിവുള്ള സഹൃദയരായ മനുഷ്യർക്ക് മാത്രമാണ് സ്വന്തം സഹജീവികൾക്ക് വേണ്ടി ആയുധമെടുക്കാൻ പോലും മടി തോന്നാത്തത്. അവരെ അതിനു പ്രേരിപ്പിക്കുന്നത് ഈ മനുഷ്യരെ സഹായിക്കുക എന്ന ഒരേയൊരു ഉദ്ദേശം മാത്രമാണ്. ഇത്രയും വർഷം മുമ്പ് ഇറങ്ങിയ ഈ ടെലിഫിലിം വിപ്ലവത്തെയും വിപ്ലവകാരികളെയും വിശകലനം ചെയ്യുന്നത് പോലെ ഞാൻ വേറൊരു സിനിമയിൽ പോലും കണ്ടിട്ടില്ല. നാടകത്തിന്റെ ഏകദേശം അതേ ഫോർമാറ്റിൽ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നതെങ്കിലും കഥാപാത്രങ്ങളുടെ പെർഫെക്ഷനും മനോഹരമായ സംഭാഷണങ്ങളും കൊണ്ട് ഇപ്പോളും സുന്ദരമായ ഒരു അനുഭവമാണ് ഈ ഹ്രസ്വ ചിത്രം.

ശ്യാമപ്രസാദിനെക്കുറിച്ചു കൂടി അല്പം പറയാനുണ്ട്. ഒരുപക്ഷെ മലയാളത്തിലെ ഏറ്റവും അണ്ടർ റേറ്റഡ് സംവിധായകനായിരിക്കും അദ്ദേഹം. പ്രാദേശിക, ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ പലതും ലഭിച്ചിട്ടുണ്ടെങ്കിലും അടൂർ, കെ ജി ജോർജ് , പത്മരാജൻ , ഭരതൻ തുടങ്ങിയവരുടെയൊപ്പം അദ്ദേഹത്തിന്റെ പേര് അധികമാരും പറഞ്ഞു കേട്ടിട്ടില്ല. എന്നാൽ ഇപ്പറഞ്ഞവരുടെയൊക്കെ ലീഗിലുള്ള ഒരു മഹാനായ സംവിധായകൻ തന്നെയാണ് അദ്ദേഹവും. കെ ജി ജോർജ് കഴിഞ്ഞാൽ മനുഷ്യൻ എന്ന കുടുംബജീവിയെക്കുറിച്ചും സാമൂഹിക ജീവിയെക്കുറിച്ചും ഒരു വ്യക്തിയെന്ന നിലയിൽ അവൻ നടത്തുന്ന വിചിത്രമായ സഞ്ചാരങ്ങളെക്കുറിച്ചും ഇത്രയും സൂക്ഷ്മമായ നിരീക്ഷണങ്ങൾ നടത്തിയിട്ടുള്ള മറ്റൊരു ചലച്ചിത്രകാരൻ മലയാളത്തിലുണ്ടാവില്ല. ലോകത്തിലെ ഏറ്റവും മഹത്തരമായത് എന്ന് നമ്മൾ തന്നെ ഗ്ലോറിഫൈ ചെയ്യുന്ന മനുഷ്യബന്ധങ്ങളുടെ ഒരു റിയാലിറ്റി ചെക്കാണ് അറിഞ്ഞോ അറിയാതെയോ അദ്ദേഹം തന്റെ സിനിമകളിലൂടെ നടത്തുന്നത്. പണ്ട് അദ്ദേഹം ദൂരദർശനിൽ നിന്ന് രാജി വച്ച വാർത്ത നാനയിലോ മറ്റോ വായിച്ചപ്പോൾ അത്ഭുതമായിരുന്നു തോന്നിയത്. സുരക്ഷിതമായ ഒരു കേന്ദ്ര സർക്കാർ ജോലി വിട്ട് ഇനി അദ്ദേഹം എന്ത് ചെയ്യാൻ പോവുകയാണ് എന്നുള്ള ഒരു സാധാരണക്കാരന്റെ ആശങ്ക. പരിമിതമായ സൗകര്യങ്ങളിൽ, ഒരു സർക്കാർ സ്ഥാപനത്തിലെ ചുവപ്പു നാടകൾക്കുള്ളിൽ നിന്നുകൊണ്ട് അദ്ദേഹം സൃഷ്ടിച്ച ചിത്രങ്ങൾ ശ്രദ്ധിക്കൂ. “പെരുവഴിയിലെ കരിയിലകൾ”,”ഗണിതം”, “ഉയിർത്തെഴുന്നേൽപ്പ്” തുടങ്ങി അദ്ദേഹം അന്നുണ്ടാക്കിയ പല ചിത്രങ്ങളും ഇപ്പോളും ആസ്വാദകർ ചർച്ച ചെയ്യുന്നു. പത്തോ പതിനാലോ സിനിമകൾ മാത്രമേ ഇത്രയും വർഷത്തിനുള്ളിൽ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളൂ. മൂന്നു ദേശീയ അവാർഡ്, മികച്ച സംവിധായകനുള്ള അഞ്ച് അവാർഡുകൾ സഹിതം ഒൻപത് സംസ്ഥാന അവാർഡുകൾ എന്നിവ ഇപ്പോൾ തന്നെ അദ്ദേഹത്തിന്റെ പേരിലുണ്ട്. അന്നത്തെ തീരുമാനം എത്രയോ ശരിയായിരുന്നു എന്നതിന്റെ ജീവിച്ചിരിക്കുന്ന തെളിവുകളാണ് ഈ ചിത്രങ്ങളും അംഗീകാരങ്ങളും.

Advertisement

 42 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment11 hours ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment18 hours ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment1 day ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment2 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment2 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment5 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment6 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam7 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment1 week ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment1 week ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment2 months ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Advertisement