പുകയുന്ന പ്രൊജക്ടർ

Sanuj Suseelan

യാദൃശ്ചികമായി ടിവിയിൽ “വെള്ളിത്തിര” എന്ന സിനിമയിലെ പാട്ടു കാണാനിടയായി. ഒരു പഴയ പ്രൊജക്ടറുമായി ഗ്രാമങ്ങൾ തോറും സഞ്ചരിക്കുന്ന ഒരു ടൂറിങ് ടോക്കീസ് നടത്തുന്ന സ്റ്റൈൽ രാജിന്റെ കഥയാണല്ലോ വെള്ളിത്തിരയിൽ. ഒരു വണ്ടിയിൽ നിന്ന് വലിച്ചു പുറത്തിറക്കുന്ന ചക്രങ്ങൾ ഘടിപ്പിച്ച വണ്ടിയിലെ പ്രൊജക്ടർ പഴയ ചില ഓർമ്മകൾ മനസ്സിലേക്ക് കൊണ്ട് വന്നു.

  ഞങ്ങളുടെ നാട്ടിൽ പണ്ട് രണ്ടു ഓല കൊട്ടകകൾ ആണ് ഉണ്ടായിരുന്നത്‌. സ്‌കൂളിൽ , കൊച്ചു ക്ലാസ്സിൽ പഠിക്കുന്ന കാലത്തൊക്കെ അവിടെ പഴയ ചിത്രങ്ങളാണ് വന്നുകൊണ്ടിരുന്നത്. രണ്ടിടത്തും ഓരോ പ്രൊജക്ടർ വീതമായിരുന്നു ഉണ്ടായിരുന്നത്. ലൈറ്റിന് പകരം ഒരു കാർബൺ റോഡ് കത്തിച്ചു , അത് കത്തുമ്പോൾ ഉണ്ടാകുന്ന ഉജ്ജ്വലമായ പ്രകാശം ഉപയോഗിച്ചായിരുന്നു ആ പ്രൊജക്ടറുകൾ പ്രവർത്തിച്ചിരുന്നത്. അസഹ്യമായ ചൂടാണ് പ്രൊജക്ടർ റൂമിൽ. ഓരോ റീൽ കഴിയുംതോറും ചെറിയ ഒരു ഇടവേള വേണം. ഓടിത്തീർന്ന റീൽ ഊരിയെടുത്തതിന് ശേഷം അടുത്ത് ലോഡ് ചെയ്യാൻ വേണ്ട സമയമാണ്. ഞങ്ങൾ പ്രേക്ഷകർ ക്ഷമയോടെ നിശബ്ദമായി കാത്തിരിക്കും. ഇടയ്ക്കു തലയ്ക്കു മുകളിൽ പുറകിലായി കാണുന്ന ചെറിയ ചതുരങ്ങളിലേയ്ക്ക് ആകാംക്ഷയോടെ നോക്കും. ലോഡിങ് കഴിഞ്ഞു വീണ്ടും അത് പ്രവർത്തിച്ചു തുടങ്ങുമ്പോൾ പുറത്തേയ്ക്കു വരുന്ന പ്രകാശ രശ്മികൾ ആർപ്പു വിളിയോടെ നമ്മൾ ഏറ്റെടുക്കും. അഞ്ചു മിനിറ്റ് മുമ്പ് നിർത്തിയ കഥയുടെ തുടർച്ച ഓർത്തെടുത്തു വീണ്ടും സ്ക്രീനിലേക്ക് കണ്ണ് നടും.

അന്നത്തെ പ്രൊജക്ടറുകൾക്കു ഒരു തരം കട കട ശബ്ദവുമുണ്ടാകും. ബോക്സ് ടൈപ്പ് സ്പീക്കറുകൾ വരുന്നതിനു മുമ്പ് കോളാമ്പി ഒക്കെ തന്നെയായിരുന്നു തീയറ്ററിനകത്തും. റീൽ ഓടി തുടങ്ങുമ്പോൾ ഓപ്പറേറ്റർ ഓടിയ റീൽ ഒരു വീലിൽ ഘടിപ്പിച്ചു തിരിച്ചു കറക്കാൻ തുടങ്ങും. അടുത്ത ഷോയ്ക്കു വേണ്ടി റെഡിയാകാൻ. ഉത്സവത്തിനും മറ്റും അധികം ഷോകൾ കളിക്കുമ്പോൾ ഇതാകെ പാളം തെറ്റും. കറണ്ട് പോകുമ്പോഴും ഇതുതന്നെ സ്ഥിതി. കരണ്ടു വരുന്നത് വരെ കാത്തിരിക്കണം. ഇനി വന്നില്ലെങ്കിൽ ഷോ കാൻസൽ ചെയ്തു പണം തിരികെ കൊടുക്കും, അല്ലെങ്കിൽ അടുത്ത ദിവസം വന്നു സിനിമ പൂർണമായും കാണാൻ അവസരം കൊടുക്കാറാണ് പതിവ്.

ചെറിയ തടി ഫ്രേമിൽ ചാക്ക് ആണിയടിച്ചുറപ്പിച്ചു അതിൽ സിനിമ പോസ്റ്റർ പ്രദർശിപ്പിക്കുന്ന പതിവ് അന്നത്തെ കടകളിലൊക്കെ ഉണ്ടായിരുന്നു. അതിനു പകരമായി ഫ്രീ ഷോയ്ക്കുള്ള ഒരു പാസ് അവർക്കു കിട്ടും. എന്റെ ഒരു സുഹൃത്തിന്റെ പാസ് ഉപയോഗിച്ച് ഞങ്ങൾ പല തവണ സിനിമ കാണാൻ പോയിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് വിപ്ലവം സൃഷ്ടിച്ചു കൊണ്ട് രണ്ടു പ്രൊജക്ടറുകൾ ഉള്ള തീയറ്ററുകൾ വന്നത്. റീൽ മാറ്റുമ്പോഴുള്ള ഇടവേള അങ്ങനെ നിന്നു. ഒരു ഇടവേള മാത്രമായി സിനിമകൾ കാണാൻ ഞങ്ങൾക്ക് കഴിഞ്ഞു.

ശബ്ദമലിനീകരണം ഉണ്ടാക്കുന്നുവെന്ന കാരണം പറഞ്ഞു സർക്കാർ കോളാമ്പികൾ നിരോധിച്ചത് ആയിടെയായിരുന്നു. ഞങ്ങളുടെ നാട്ടിലെ അബ്ദുറഹ്മാൻ സാഹിബ് എന്താണ് ചെയ്തത് എന്നറിയാമോ ? തേയിലപ്പൊടി വരുന്ന തടിപ്പെട്ടി ഉണ്ടല്ലോ. അതിനുള്ളിൽ കോളാമ്പി കയറ്റി പുറത്തു കറുത്ത ചായം പൂശി അകത്തു പിടിപ്പിച്ചു. ഒരു കാര്യം കൂടി പറയട്ടെ. അന്നത്തെ തീയറ്ററിൽ ഒക്കെ അകത്തു കാഴ്ച മറച്ചുകൊണ്ട് തൂണുകൾ ഉണ്ടാകാറുണ്ട്. ഗർഡറുകളും ബീമുകളും ഒക്കെ ഉപയോഗിച്ചുള്ള നിർമാണ രീതികൾ അന്ന് അത്രയ്ക്ക് പ്രചാരത്തിൽ വന്നിട്ടില്ല. റിസർവേഷനും ഇല്ലാത്തതുകൊണ്ട് മറവില്ലാത്ത സീറ്റു കിട്ടാനുള്ള തിക്കും തിരക്കും ചെറിയ തർക്കങ്ങൾക്കും ഉന്തിനും തള്ളിനും ഒക്കെ വഴി വച്ചിരുന്നു.

അന്നൊക്കെ വർഷത്തിൽ ഒരു ദിവസം സ്‌കൂളിൽ സിനിമ പ്രദർശനം ഉണ്ടാകാറുണ്ട്. മാത്രമല്ല നമ്മുടെ ഗ്രാമത്തിലൊക്കെ പി ആർ ഡിയും ഹെൽത് ഡിപ്പാർട്മെന്റും ഒക്കെ നടത്തുന്ന സൗജന്യ സിനിമാ പ്രദർശനങ്ങളും സാധാരണമായിരുന്നു. ലൈബ്രറികളും ഫിലിം ക്ളബ്ബുകളും ഒക്കെ നടത്തുന്ന ക്ലാസിക് സിനിമകളുടെ പ്രദർശനവും ഉണ്ട്. ഇതൊക്കെ നടത്തുന്നവരുടെ കയ്യിലാണ് പുതിയൊരു ടൈപ്പ് പ്രൊജക്ടർ കണ്ടത്. ചെറിയൊരു സൂട്ട്കേസ് പോലെ കയ്യിൽ തൂക്കി നടക്കാവുന്ന പ്രൊജക്ടർ. പതിനാറു എം എമ്മിൽ ചിത്രീകരിച്ച സിനിമകൾ മാത്രമാണ് അതിൽ കാണിച്ചു കൊണ്ടിരുന്നത് . സിനിമ കാണിക്കാനുള്ള സ്ക്രീനും അവർ കൊണ്ട് വരും. “കാഴ്ച” എന്ന സിനിമയിലെ മമ്മൂട്ടി അവതരിപ്പിച്ച പോലുള്ള കഥാപാത്രങ്ങളെ യഥാർത്ഥ ജീവിതത്തിൽ കാണാനുള്ള ഭാഗ്യം ഞങ്ങളുടെ തലമുറയ്ക്ക് ഉണ്ടായിട്ടുണ്ട്. കുറെ വർഷങ്ങൾക്കു ശേഷം മണിരത്നത്തിന്റെ “ഇരുവർ” എന്ന ചിത്രം കണ്ടപ്പോഴും അതോർമ വന്നു. എംജിആറിന്റെയും കരുണാനിധിയുടെയും സൗഹൃദം അന്നത്തെ കാലഘട്ടത്തിന്റെ സിനിമയുടെ ബാക്ക്ഡ്രോപ്പിൽ തന്നെ വരണമെന്ന മണിരത്നത്തിന്റെ ചിന്തയാണ് ഇരുവർ ചെറിയ സ്‌ക്രീനിൽ കാണുന്ന മട്ടിൽ വരാൻ ഒരു കാരണം.

നഗരത്തിലെത്തിയപ്പോഴാണ് കുറച്ചു കൂടി പരിഷ്കാരി തീയറ്ററുകൾ കണ്ടത്. ചുവന്ന പരവതാനി വിരിച്ച ഹോളിൽ വൃത്തിയുള്ള സീറ്റുകളും സൗണ്ട് സിസ്റ്റവും ഒക്കെ. സിനിമ തുടങ്ങുന്നതിനു മുമ്പായി ത്രസിപ്പിക്കുന്ന സംഗീതത്തിന്റെ അകമ്പടിയോടെ ഉയർന്നു പൊങ്ങുന്ന ചുവന്ന കർട്ടനും ഒക്കെ അന്ന് നാട്ടിൻപുറത്തെ തീയറ്ററുകളിലും ഒക്കെ എത്തിത്തുടങ്ങിയിരുന്നു. പതിയെ സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റലിലേയ്ക്ക് ചുവടു മാറ്റം നടത്തി തുടങ്ങിയ കാലം. പുകയും ചൂടും ഒക്കെ പുറപ്പെടുവിച്ചു കട കട ശബ്ദത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പ്രൊജക്ടറുകളുടെ സ്ഥാനത്തു നിശബ്ദമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ പ്രൊജക്ടറുകൾ വന്നു .

അങ്ങനെ സിനിമ പുരോഗമിക്കുമ്പോഴാണ് ഞങ്ങൾ ഡി റ്റി എസ്സിനെ കുറിച്ച് കേൾക്കുന്നത്. കൊല്ലത്തെ പ്രശസ്തമായ പ്രിയ തീയറ്റർ ( കടപ്പാക്കടയിൽ ഉള്ളത്. കേരളത്തിലെ ആദ്യ 70mm തീയറ്റർ ആയിരുന്നു പ്രിയ. ഇപ്പോൾ ധന്യ – രമ്യ. മുത്തൂറ്റ് ഏറ്റെടുത്തതിനു ശേഷം ) . അവിടെയാണ് ഡിറ്റിഎസ്സ് വന്നു എന്ന് വാർത്ത വന്നത്. അർണോൾഡ് ശിവശങ്കരൻ ചേട്ടൻ അഭിനയിച്ച Eraser ആയിരുന്നു ആദ്യ ചിത്രം. എന്ത് വന്നാലും ഇത് കാണണം എന്ന് ഞങ്ങൾ തീരുമാനിച്ചു. ക്ലാസ് കട്ട് ചെയ്തു മാറ്റിനിക്ക് ഫോൾ ഇൻ ആയി.

ഈ പുതിയ സംഭവം കാണാൻ വേണ്ടി പതിവിൽ കൂടുതൽ തിരക്കുണ്ട് തീയറ്ററിൽ. അകത്തു കയറി. ചുമരിലും ഏറ്റവും പുറകിലെ ഭിത്തിയിലും ഒക്കെ പുതിയ കുറെ സ്പീക്കറുകൾ പിടിപ്പിച്ചിട്ടുണ്ടെന്നതാണ് ഞങ്ങൾ ആദ്യം ശ്രദ്ധിച്ച വ്യത്യാസം. വിളക്കുകൾ അണഞ്ഞു. കർട്ടൻ പൊങ്ങി. ഡി ടി എസ്സ് ഡെമോ പോലെ ഒരു ചെറിയ ഇൻട്രോ ഫിലിം കാണിച്ചു. അല്പം കൂടുതൽ ബാസ്സ് ഒക്കെ തോന്നി എന്നതൊഴിച്ചാൽ ഞങ്ങൾക്ക് വലുതായൊന്നും ഫീൽ ആയില്ല. ഇന്റർവെൽ ആയി. ഇതെന്തോ തട്ടിപ്പാണെന്നൊക്കെ അഭിപ്രായ പ്രകടനം ഒക്കെ നടത്തിയിട്ടു ഞങ്ങൾ വീണ്ടും അകത്തു കയറി. പടം തുടങ്ങി. രണ്ടു ചുമലിലും ഒരു ലോഡ് തോക്കുമായി അർണോൾഡ് വന്നു. ഒരു ചെറിയ നിശ്ശബ്ദതതയ്‌ക്കു ശേഷം അങ്ങേർ കാഞ്ചി വലിച്ചു. ഒരു നിമിഷം ആ തീയറ്റർ ഒന്ന് കിടുങ്ങി. സ്ക്രീനിനു പുറകിലും ഹോളിനു നടുവിലായി സീറ്റുകൾക്കടിയിലും മറ്റും ഒളിപ്പിച്ചു വച്ചിരുന്ന സ്പീക്കറുകൾ ഒന്നലറി നിശബ്ദമായി. ജീവിതത്തിലാദ്യമായി ഇത്രയും ഗാംഭീര്യമുള്ള ഒരു ശബ്ദം കേട്ട ഞങ്ങളുടെ വായടഞ്ഞു പോയി. അടുത്ത ദിവസം കോളജിൽ പ്രധാന ചർച്ച അതായിരുന്നു. ഞങ്ങളുടെ വർണന കേട്ടിട്ടു ഒരുപാടു പേർ ആ സിനിമ അന്വേഷിച്ചു പോയി.

പണ്ടൊക്കെ ഫിലിമിന്റെ ഒരു വശത്തുള്ള വരകൾ പോലെയുള്ള ശബ്ദവീചികൾ വായിച്ചിരുന്നതും പ്രൊജക്ടർ തന്നെയായിരുന്നു. പക്ഷെ ഡി ടി എസ്സിൽ അങ്ങനെയല്ല എന്ന് അന്ന് വായിച്ച നോട്ടീസിൽ ഉണ്ടായിരുന്നത് ഓർമയുണ്ട്. സൗണ്ട് ഒറ്റയ്ക്ക് ഒരു ഡിസ്‌കിൽ ആയിരിക്കും. ഫിലിമിൽ ഉള്ള കോഡുകൾ ഉപയോഗിച്ച് ഡിസ്‌കിൽ ഉള്ള ട്രക്കുകളുടെ ലൊക്കേഷൻ മനസ്സിലാക്കി അത് പ്രത്യേകം പ്ളേ ആയി സ്റ്റീരിയോഫോണിക് സ്പീക്കറുകളിൽ കൂടി പുറത്തു വരും. ഫിലിം ഇടയ്ക്കു പൊട്ടിപോയാലോ അല്ലെങ്കിൽ സ്കിപ് ചെയ്താലോ സൗണ്ട് സിങ്ക് ആകണമല്ലോ. അതിനാണ് ഈ കോഡ് എന്നൊക്കെ വിശദമായി നോട്ടീസിൽ ഉണ്ടായിരുന്നു. ഇരുപത്തി നാലു ട്രാക്ക് വരെ പുനഃസൃഷ്ടിക്കാൻ കഴിയുന്ന സിസ്റ്റമായിരുന്നു പ്രിയയിൽ അന്നുണ്ടായിരുന്നത്. ഇപ്പോൾ പൂർണമായും ഡിജിറ്റൽ ആയി ഷൂട്ട് ചെയ്ത സിനിമകൾ ഡിജിറ്റൽ ദൃശ്യ -ശ്രാവ്യ മികവോടെ മൾട്ടിപ്ളെക്സുകളിൽ കാണുമ്പോൾ ഇതൊക്കെ ഓർമ വരും. ഇപ്പോഴത്തെ തലമുറയ്ക്കറിയാമോ ഇതൊക്കെ. ഒരു കാലം…

You May Also Like

ഇനി ഞാൻ അങ്ങനത്തെ സിനിമകൾ മാത്രമേ ചെയ്യൂ. തുറന്നുപറഞ്ഞ് ഭാവന.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന

ആശങ്കൾക്ക് ഇടനൽകാതെ യശോദ ഒടിടി റിലീസ് പ്രഖ്യാപിച്ചു

തമിഴ്, തെലുങ്ക് സിനിമകളിലെ മുൻനിര നായികയായ സാമന്ത ഇപ്പോൾ മയോസൈറ്റിസിന് ചികിത്സയിലാണ്. അദ്ദേഹം വേഗം സുഖം…

ഭ്രമയുഗം പോലെ തന്നെ പുറം കാഴ്ചയിൽ ‘സാധാരണം’ എന്ന് തോന്നിക്കുന്ന, എന്നാൽ ആഴത്തിൽ ചിന്തിക്കുമ്പോൾ ഒരുപാട് അർത്ഥതലങ്ങളുള്ള സംഭാഷണങ്ങളും രംഗങ്ങളും

Jaseem Jazi ഭ്രമയുഗം നൽകിയ കിക്കിറങ്ങും മുന്നേ ‘ദി ലൈറ്റ്ഹൗസ്’ ഒന്നൂടെ കണ്ടു. ഹോളിവുഡ് ഹൊററിന്റെ…

മാറ്റമില്ലാതെ തുടരുന്ന സിനിമാ ചേരുവകളിൽ പേരിൽ മാത്രം മാറ്റം കൊണ്ടുവന്ന ഏറ്റവും പുതിയ വിജയ് ചിത്രം വാരിസ്

Sarath Kannan മാറ്റമില്ലാതെ തുടരുന്ന സിനിമാ ചേരുവകളിൽ പേരിൽ മാത്രം മാറ്റം കൊണ്ടുവന്ന ഏറ്റവും പുതിയ…