അരുൺ കുമാറിനെ സർക്കാർ ജോലിയിലിരിക്കെ തന്നെ ചാനലിൽ പരിപാടി അവതരിപ്പിക്കുന്നതിൽ നിന്ന് സർവകലാശാല വിലക്കിയതിനെ അഭിനന്ദിക്കുന്നു

0
586

Sanuj Suseelan

മറുനാടൻ മലയാളിയും 24 ന്യൂസും തമ്മിൽ നടന്ന വാടാ പോടാ വിളികളെപ്പറ്റി അഭിപ്രായം പറയാൻ ഞാനാളല്ല. പക്ഷെ “ഡോക്ടർ” അരുൺ കുമാറിനെ സർക്കാർ ജോലിയിലിരിക്കെ തന്നെ ചാനലിൽ പരിപാടി അവതരിപ്പിക്കുന്നതിൽ നിന്ന് സർവകലാശാല വിലക്കിയതിനെ അഭിനന്ദിക്കുന്നു. അരുണിനോടുള്ള വൈരാഗ്യം കൊണ്ടല്ല. ഇങ്ങനെ പറയുന്നത്. പക്ഷെ ജോലി കിട്ടിയിട്ടും ലീവെടുത്ത് മറ്റുദ്ദേശങ്ങളുമായി വേലി ചാടുന്നവർ പല വിധത്തിലാണ് മറ്റുള്ളവർക്ക് ദ്രോഹം ചെയ്യുന്നത് എന്നതുകൊണ്ടാണ്. ഇവർ ലീവെടുക്കുമ്പോൾ ആ സ്ഥാപനത്തിൽ എന്താണ് സംഭവിക്കുന്നത് ? എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് ഒരു ചാൻസിനു വേണ്ടി കാത്തിരിക്കുന്ന ലക്ഷങ്ങളുള്ള നാടാണ് നമ്മുടേത്. അതിൽ നിന്നേതെങ്കിലും പാവത്തിനെ താൽക്കാലിക വേക്കൻസിയിൽ നിയമിച്ചു ഉപയോഗിച്ച ശേഷം ലീവെടുത്തയാൾ തിരികെ വരുമ്പോൾ അയാളെ കറിവേപ്പില പോലെ പുറത്തു കളയുന്ന അവസ്ഥയാണ് പലപ്പോഴുമുണ്ടാകുന്നത്. അതിനേക്കാൾ കഷ്ടം ഇത് പോലുള്ളവരെക്കാരണം ആ വേക്കൻസിയിൽ റാങ്ക് ലിസ്റ്റിലെ അടുത്ത ഉദ്യോഗാർത്ഥിയുടെ അവസരം നഷ്ടമാകുന്നു എന്നതാണ്. ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്ത് ഇതുപോലെ ലീവെടുത്ത് ഗൾഫിൽ പോവുകയും ചിട്ടിക്കമ്പനി നടത്തുകയും ട്യൂഷൻ ക്ലാസ്സുകൾ നടത്തുകയും ചെയ്യുന്ന ഒരുപാടുപേരെ കണ്ടിട്ടുണ്ട്. “അവൻ മിടുക്കനാണ്, കണ്ടോ കാശുണ്ടാക്കുന്നത്.. ഇത് പൊളിഞ്ഞാൽ അപ്പുറത്ത് സർക്കാർ ജോലിയും കിടപ്പുണ്ട്” എന്നൊക്കെയായിരുന്നു ഇത്തരം മിടുക്കന്മാരെക്കുറിച്ച് അന്ന് നാട്ടുകാർ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ജനങ്ങൾക്ക് ഇതിനെപ്പറ്റിയൊക്കെ തിരിച്ചറിവുണ്ട്. അതുകൊണ്ടു തന്നെ ഗോപ്യമായാണ് ഇപ്പോൾ ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്. ഈ കേസിൽ തന്നെ മറുനാടനും ന്യൂസ് ചാനലും തമ്മിൽ ക്ലാഷ് ഉണ്ടായപ്പോൾ മാത്രമാണ് ഇത് പൊങ്ങി വന്നത് എന്നത് മറക്കുന്നില്ല. അല്ലെങ്കിൽ ഇതാരുമറിയാതെ അവസാനിച്ചേനെ. അരുൺ നന്നായി വാർത്തയും ചർച്ചകളും അവതരിപ്പിക്കുന്നില്ലേ, അയാളോട് എന്തിനാണ് ഈ വെറുപ്പ് എന്ന് ചിലർക്കെങ്കിലും തോന്നാം. അദ്ദേഹം ആ ജോലിയിൽ മിടുക്കനാണെങ്കിൽ അത് തന്നെ ഫുൾടൈം ചെയ്താൽ പോരേ എന്നാണ് അതിനുള്ള ഉത്തരം. If you are good at something, never do it for free എന്നല്ലേ.