സംസ്ഥാന അവാർഡ് കിട്ടിയ സിനിമകൾ ഒന്നുപോലെ സാമൂഹ്യപ്രസക്തിയുള്ളതും കലാമൂല്യമുള്ളതുമായിരുന്നു എന്നതിൽ തർക്കമില്ല. പ്രമുഖമായ ചില സിനിമകളെ കുറിച്ച് സനൂജ് സുശീലൻ എഴുതിയത്

Sanuj Suseelan

മികച്ച കഥാകൃത്ത്: ഷാഹി കബീർ (നായാട്ട്)

1 നായാട്ട്

പിറവം പോലീസ് സ്റ്റേഷനിൽ ജോയിൻ ചെയ്യാനെത്തുന്ന പ്രവീൺ മൈക്കിൾ എന്ന ഒരു പോലീസുകാരനിൽ നിന്നാണ് ഈ സിനിമ ആരംഭിക്കുന്നത്. ആ സ്റ്റേഷനിലെ തന്നെ മറ്റു രണ്ടു പോലീസുകാരാണ് മണിയനും സുനിതയും. ഏതോ കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തുന്ന ദളിത് സംഘടനാ പ്രവർത്തകരിൽ ഒരാളുമായി മണിയന് ഇടയേണ്ടി വരുന്നു. ചെറിയ ഉരസലിലും ഉന്തിലും തള്ളിലും തൽക്കാലം അതവസാനിച്ചുവെങ്കിലും അടുത്ത ദിവസം യാദൃശ്ചികമായി അവരുമായി ബന്ധപ്പെട്ട വലിയ ഒരു ദുരന്തത്തിൽപെടുകയാണ് മണിയനും സുനിതയും പ്രവീണും. തെരഞ്ഞെടുപ്പിലേക്ക് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ നടക്കുന്ന സംഭവത്തിന് രാഷ്ട്രീയമായ നിറം കൂടി കൈവരുന്നതോടെ ഒറ്റ രാത്രികൊണ്ട് കാര്യങ്ങൾ മാറിമറിയുന്നു.

തലേ ദിവസം വരെ തങ്ങൾ കൂടി ഭാഗമായിരുന്ന സിസ്റ്റം ദംഷ്ട്രകൾ നീട്ടി ഒരു ചെന്നായയെ പോലെ തങ്ങൾക്കു നേരെ തിരിയുന്നത് കണ്ടു പകച്ചു പോകുന്ന അവർ വിരണ്ടോടുകയാണ്. ഒരിക്കൽ തങ്ങൾ സംരക്ഷിച്ചിരുന്ന സമൂഹം തങ്ങളെയും സംരക്ഷിക്കുമോ എന്ന ഒരുറപ്പുമില്ലാതെ ഒഴിഞ്ഞും ഒളിഞ്ഞുമുള്ള അവരുടെ പാഞ്ഞോട്ടമാണ് സിനിമയുടെ കാതലായ ഭാഗം. ഹൃദയമിടിപ്പോടെ അത് കണ്ടിരിക്കുന്ന പ്രേക്ഷകന്റെ നെഞ്ചിൽ ഒരു കല്ല് കയറ്റി വച്ചാണ് ചിത്രം അവസാനിക്കുന്നത്. ഏറ്റവും കുറഞ്ഞത് ഒരു ദിവസമെങ്കിലും ഈ സിനിമ നിങ്ങളെ വേട്ടയാടും. തികച്ചും haunting ആയ ഒരു അനുഭവം.
പ്രേക്ഷകനെ അക്ഷരാർത്ഥത്തിൽ സീറ്റിൽ പിടിച്ചിരുത്തുന്ന ഒരു ത്രില്ലർ ചിത്രമാണിത്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്തതിൽ ഏറ്റവും മികച്ചത് എന്ന് നിസ്സംശയം പറയാവുന്ന സിനിമ. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് രചന നിർവഹിച്ചിരിക്കുന്നത്.

 

ഒരു പോലീസുകാരൻ കൂടിയായതുകൊണ്ടാവാം നല്ല ഡീറ്റൈലിംഗും കഥ പറച്ചിലിലുണ്ട്. സിനിമകളിൽ സാധാരണ കാണുന്ന പോലീസ് കഥകളിൽ നിന്ന് വ്യത്യസ്തമായി പോലീസുകാരന്റെ ഉപ്പും മധുരവും കലർന്ന യഥാർത്ഥ ജീവിതത്തിന്റെ പച്ചയിൽ നിന്നുകൊണ്ടാണ് ഇതിലെ കഥ പറച്ചിൽ. അധികാരമുള്ളപ്പോൾ തന്നെ ഭരിക്കപ്പെടുകയും ചെയ്യപ്പെടുന്ന അവരുടെ നിസ്സഹായത അതിമനോഹരമായി ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. മഹേഷ് നാരായണനാണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ത്രില്ലർ എന്ന നിലയ്ക്കുള്ള സിനിമയുടെ പിരിമുറുക്കത്തിന് അദ്ദേഹം നല്ല സംഭാവന നൽകിയിട്ടുണ്ട്. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും ചിത്രത്തിന് നല്ല പിന്തുണ നൽകുന്നു.

ഈ സിനിമയെക്കുറിച്ച് വന്ന ആരോപണങ്ങളിൽ ചിലതു കൂടി പരിശോധിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. ഇതൊരു ദളിത് വിരുദ്ധ സിനിമയാണ് എന്നതാണ് അതിൽ പ്രധാനം. പോലീസുകാർ സ്വന്തം സഹപ്രവർത്തകരെ ഒരിക്കലും ഒറ്റിക്കൊടുക്കില്ല, അതുകൊണ്ട് ഈ സിനിമയിൽ കാണിക്കുന്നത് ഒരിക്കലും നടക്കാനിടയില്ലാത്ത ഒരു കഥയാണ് എന്നത് രണ്ടാമത്തേതും. പോലീസുകാർ കസ്റ്റഡിയിൽ എത്രയോ പേരെ ഇടിച്ചു കൊന്ന സംഭവങ്ങൾ കേരളത്തിൽ തന്നെ നടന്നിട്ടുണ്ട്, എന്നിട്ട് അതിലെ കുറ്റവാളികൾക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ ? ആ സ്ഥിതിക്ക് ഈ സിനിമയിലെ സംഭവങ്ങൾ എത്രത്തോളം വിശ്വസനീയമാണ് എന്നതാണ് ഇവരുടെ ചോദ്യം. ഈ ആരോപണം ഉന്നയിക്കുന്നവർ ശ്രദ്ധയോടെ ആ സിനിമ ഒന്നുകൂടി കണ്ടാൽ തീരാവുന്ന സംശയങ്ങൾ മാത്രമാണിത്. നോക്കൂ, കഥ നടക്കുന്നത് ഒരു തെരഞ്ഞെടുപ്പ് സമയത്താണ്. ജയിക്കാനുള്ള സാധ്യത അറുപതോ എഴുപതോ ശതമാനമാണ് എന്നുള്ള ഇന്റലിജൻസ് റിപ്പോർട്ട് കണ്ടു സമ്മർദ്ദത്തിലിരിക്കുന്ന ഒരു മുഖ്യമന്ത്രിയെയാണ് ചിത്രത്തിൽ കാണിക്കുന്നത്. ആ മണ്ഡലത്തിലെ ഏറ്റവും വലിയ വോട്ട് ബാങ്കാണ് ദളിതരെന്നും അത് നഷ്ടപ്പെടാൻ പാടില്ലെന്നും വ്യക്തമായി തന്നെ മുഖ്യമന്ത്രി പറയുന്നുണ്ട്. സ്വാഭാവികമായും ആ വോട്ട് കിട്ടാൻ വേണ്ടി ഒരു രാഷ്ട്രീയ പാർട്ടി ആ സന്ദർഭത്തിൽ എന്തും ചെയ്യും. വോട്ടിനു വേണ്ടി വർഗീയ ലഹളകൾ വരെ ഓർക്കെസ്ട്രേറ്റ് ചെയ്തു നടപ്പിലാക്കുന്ന ചരിത്രമുള്ള ഒരു രാജ്യത്ത് ഇതൊരു അസാധാരണ സംഭവമേയല്ല. അധികാരം കയ്യിലുള്ള പോലീസ് സേനയിലെ അംഗങ്ങളായ മൂന്നു പേരെ ആ സേന തന്നെ വേട്ടയാടണമെങ്കിൽ കഥയിൽ അതിന് വിശ്വസനീയമായ ഒരു കാരണം വേണമല്ലോ. അതിന് വേണ്ടി ഉപയോഗിച്ചിരിക്കുന്ന ഒരു ടൂൾ മാത്രമാണ് ഇതിലെ സംഘടനയും പ്രവർത്തകരും രാഷ്ട്രീയക്കാരുമെല്ലാം. ആ ദളിത് സംഘടനയുടെ സ്ഥാനത്ത് ഒരു മുസ്ലിം സംഘടനയോ ക്രിസ്ത്യൻ സംഘടനയോ എന്തിന് ഒരു സവർണ ഹിന്ദു സംഘടന ആയാൽ പോലും കഥയിൽ വിശ്വസനീയമായ ഒരു വഴിത്തിരിവുണ്ടാക്കുക എന്നല്ലാതെ അതിന് പ്രത്യേകിച്ചൊരു റോളുമില്ല.

ഒരു രാഷ്ട്രീയ ചിത്രമായി ഈ സിനിമയെ വിശകലനം ചെയ്യുന്നതിൽ അർത്ഥമില്ല. എന്നാലും പറഞ്ഞോട്ടെ. ഈ സിനിമയിൽ ദളിത് വിരുദ്ധത ആരോപിക്കുന്നവർ മലയാളത്തിൽ വന്നിട്ടുള്ള “രാഷ്ട്രീയ ചിത്രങ്ങൾ” ഒന്നുകൂടി കാണണം. കള്ളച്ചാരായവും കോടി മുണ്ടും കൊടുത്തു വോട്ട് പിടിക്കുന്നത് പോലുള്ള ക്ലിഷേ രംഗങ്ങളാണ് അതിൽ മിക്കതിലുമുള്ളത്. രാഷ്ട്രീയ പാർട്ടികൾ സാധാരണ മനുഷ്യരെ എങ്ങനെയാണു അധികാരത്തിനു വേണ്ടിയുള്ള ആയുധങ്ങളായി ഉപയോഗിക്കുന്നതെന്ന് കാണിക്കാൻ സ്ഥിരം പാറ്റേണുകൾ പലതും അത്തരം സിനിമകൾ ഉപയോഗിക്കാറുണ്ട്. നായകന്റെ വീരശൂര പരാക്രമങ്ങൾ കുത്തി നിറച്ച ഒരു ക്ലൈമാക്സിൽ അതവസാനിക്കുകയും ചെയ്യും. അവിടെയാണ് ഈ സിനിമ വ്യത്യസ്തമാകുന്നത്.

ഇതിലെ രണ്ടുപക്ഷത്തുള്ളവരും ഒരേ ജാതിയിൽ പെട്ടവരാണ്. സാമ്പത്തികമായും സാമൂഹികമായും ഏകദേശം ഒരേ നിലവാരത്തിലുള്ളവർ. എന്നിട്ടും രാഷ്ട്രീയക്കാർ അവരെ എങ്ങനെയാണ് വിദഗ്ധമായി തമ്മിലടിപ്പിച്ചു തങ്ങളുടെ അധികാരം നിലനിർത്താൻ ഉപയോഗിക്കുന്നതെന്ന് നിശബ്ദമായി, ഒരു നാടകീയതയുമില്ലാതെ ഈ സിനിമ കാണിച്ചു തരുന്നുണ്ട്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് മുന്നിൽ മനുഷ്യന് എന്ത് വിലയാണ് ഒരു ജനാധിപത്യ വ്യവസ്ഥയിൽ ഉള്ളതെന്ന പ്രധാനപ്പെട്ട ഒരു ചോദ്യം അവശേഷിപ്പിച്ചാണ് സിനിമ അവസാനിക്കുന്നത്. സ്‌പോയ്‌ലർ ആകുമെന്നതിനാൽ ക്ലൈമാക്സിനെക്കുറിച്ചു എഴുതുന്നില്ല. പക്ഷെ ഒരു കണക്കിൽ നോക്കിയാൽ ആ കാണിക്കുന്നതല്ലേ ശരിക്കും ഈ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത് ? നിങ്ങളുടെ വോട്ട് ആർക്കു കൊടുക്കണമെന്ന് തീരുമാനിക്കുന്നത് ശരിക്കും നിങ്ങൾ തന്നെയാണോ ? ആ അർത്ഥത്തിൽ ലക്ഷണമൊത്ത രാഷ്ട്രീയ ചിത്രമാണ് നായാട്ട്. ഒരു ദളിത് രാഷ്ട്രീയ ചിത്രമെന്ന് വേണമെങ്കിലും വിളിക്കാവുന്ന ഒന്ന്.

കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് ഒരുപക്ഷെ ഈ സിനിമയിലേതാവും. വളരെ മിതമായ, തുടർച്ചയുള്ള അഭിനയമാണ് അദ്ദേഹം ഇതിൽ കാഴ്ചവച്ചിരിക്കുന്നത്. ആ കഥാപാത്രത്തെ കുറച്ചുകൂടി വികസിപ്പിക്കാമായിരുന്നു എന്നൊരഭിപ്രായമുണ്ട്. ചില സീനുകളിലെങ്കിലും അയാൾ മുന്നോട്ടു വന്നു എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയുണർത്തിയെങ്കിലും അതൊക്കെ മണിയനിലേക്കു മാത്രം കേന്ദ്രീകരിച്ചിരിക്കുകയാണ്. ഒരുപക്ഷെ കഥ അതാവശ്യപ്പെടുന്നതുകൊണ്ടാവാം. ജോസഫിലേതു പോലെയുള്ള ശരീര ഭാഷയും ഡയലോഗ് ഡെലിവറിയുമാണ് ജോജു ഇതിലും ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല കഴിഞ്ഞ അഞ്ചു പത്തു സിനിമകൾ എടുത്താൽ എല്ലാത്തിലും ഒരുപോലുള്ള രൂപവും ഭാവവും ഒക്കെയാണ് അദ്ദേഹത്തിന്റേത്. പക്ഷെ ഒരിക്കൽ പോലും പ്രേക്ഷകന് അതിൽ മടുപ്പു തോന്നാത്ത എന്തോ ഒരു മാജിക് ജോജുവിന്റെ അഭിനയത്തിലുണ്ട്. നല്ല രീതിയിൽ എഴുതിയുണ്ടാക്കിയിരിക്കുന്ന മണിയൻ എന്ന കഥാപാത്രത്തിന് പറ്റിയ ഏറ്റവും നല്ല തെരഞ്ഞെടുപ്പായിരുന്നു അദ്ദേഹമെന്ന് പറയാതെ വയ്യ. അവസാന സീനുകളിലെ ആ സംഭവങ്ങൾ നമ്മളിൽ ഇത്രയും ഷോക്ക് ഉണ്ടാക്കാൻ കാരണവും ഒരുപക്ഷെ അദ്ദേഹത്തോട് പ്രേക്ഷകർക്കുള്ള ഒരു സ്നേഹവും അടുപ്പവും ഒക്കെയായിരിക്കും. നിമിഷയ്ക്കു മറ്റു സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഒന്നും ഇതിൽ ചെയ്യേണ്ടി വന്നിട്ടില്ല. സ്ഥിരം ഇടുക്കി സ്ലാങ് വിട്ട് ജാഫർ ഇടുക്കിയെ ഗൗരവമുള്ള, കൗശലക്കാരനായ ഒരു മുഖ്യമന്ത്രിയായി അവതരിപ്പിക്കാൻ സംവിധായകൻ കാണിച്ച ധൈര്യത്തിനും കയ്യടി. എസ്പി അനുരാധയെ അവതരിപ്പിച്ച യമയും നന്നായിട്ടുണ്ട്. പോലീസ് സ്റ്റേഷനിലെ എസ് ഐ വേഷം ചെയ്തയാളുടെ പേരറിയില്ല. മികച്ച അഭിനയമായിരുന്നു അദ്ദേഹത്തിന്റേത്. പ്രത്യേക പരാമർശം അർഹിക്കുന്ന മറ്റൊരു പ്രകടനം ബിജു എന്ന വേഷം അവതരിപ്പിച്ച ഡിനീഷിന്റേതാണ്. ആർക്കും കിറിക്കിട്ടു കുത്താൻ തോന്നുന്ന രീതിയിലുള്ള അംഗവിക്ഷേപങ്ങളും നോട്ടവും ഒക്കെയായി കഥയിൽ വഴിത്തിരിവുണ്ടാക്കുന്ന ആ വേഷം ഡിനീഷ് മനോഹരമായി ചെയ്തിട്ടുണ്ട്. നമ്മളെ വിട്ടുപോയ പ്രിയപ്പെട്ട അനിൽ നെടുമങ്ങാടിനെ വീണ്ടും കാണാൻ പറ്റി. എത്രയോ നല്ല കഥാപാത്രങ്ങൾ ചെയ്യേണ്ടിയിരുന്ന ആളാണ് അകാലത്തിൽ ഇങ്ങനെ രംഗം വിട്ടൊഴിഞ്ഞത് എന്നാലോചിക്കുമ്പോൾ വിഷമമുണ്ട്.

ഈ സിനിമ ഒരിക്കലും മിസ്സ് ചെയ്യരുത്. മികച്ചൊരു ത്രില്ലർ ആസ്വദിക്കുക എന്നത് മാത്രമല്ല നിങ്ങളും ഞാനും ഒക്കെ ജീവിക്കുന്ന ഈ ലോകം എങ്ങനെയാണ് ഇര തേടുന്നതെന്നും സാഹചര്യം ഒത്തുവന്നാൽ നിങ്ങൾ തന്നെയും ആ കെണിയിൽ അകപ്പെട്ടേക്കാം എന്നോർമിപ്പിക്കാനും ചിലപ്പോൾ ഈ സിനിമ സഹായിച്ചേക്കും. മാർട്ടിൻ പ്രക്കാട്ടിന് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ.

***

മികച്ച ഛായാഗ്രഹണം മധു നീലകണ്ഠൻ (ചിത്രം ചുരുളി).

മികച്ച ശബ്ദരൂപകൽപ്പന: രംഗനാഥ് രവി (ചുരുളി)

2 ചുരുളി – കളിഗെമിനാറിലെ കുറ്റവാളികൾ എന്ന കഥ

ആന്റണി, ഷാജീവൻ എന്നീ കള്ളപ്പേരുകളിൽ രണ്ടു പോലീസുകാർ മയിലാടുംപറമ്പിൽ ജോയ് എന്നൊരു പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്യാൻ വേണ്ടി നടത്തുന്ന യാത്രയിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. കേരളാ – കർണാടക അതിർത്തിയിലെ ഒരുൾഗ്രാമമാണ് കളിഗെമിനാർ. ബസ്സ് യാത്ര അവസാനിക്കുന്നിടത്ത് നിന്ന് കാടിന്റെ ഉള്ളിലേക്ക് വീണ്ടും പോകണം കളിഗെമിനാറിലെത്താൻ. അസ്ഥിപഞ്ജരം പോലെയിരിക്കുന്ന ഒരു ജീപ്പാണ് പിന്നീട് അങ്ങോട്ടുള്ള യാത്രയ്ക്ക് ഏക ആശ്രയം. കുറെ പാവങ്ങൾ വേറെയും ആ ജീപ്പ് കാത്തു നിൽപ്പുണ്ടായിരുന്നു. കോറം തികഞ്ഞതോടെ ഡ്രൈവർ വണ്ടി സ്റ്റാർട്ടാക്കി. ഒപ്പമുള്ളവരോട് കൊച്ചു വർത്തനമാനം പറഞ്ഞും കളിച്ചും ചിരിച്ചുമുള്ള യാത്ര മുക്കാലും തകർന്ന ഒരു പാലത്തിനു മുന്നിൽ തടസ്സപ്പെട്ടു. യാത്രക്കാർ ജീപ്പിൽ നിന്നിറങ്ങി പാലത്തിനു വശത്തായി കിടന്ന തടിക്കഷണങ്ങൾ നിരത്തി വഴിയുണ്ടാക്കി ഒരു വിധത്തിൽ ജീപ്പിനെ മറുകര കടത്തി. അതിനു ശേഷം അവർ ആ തടിക്കഷണങ്ങൾ പഴയതു പോലെ മാറ്റി വയ്ക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഒരു വ്യത്യാസമുണ്ട്. അത്രയും നേരം പുഞ്ചിരിച്ചും കൊച്ചു വർത്തമാനം പറഞ്ഞുമിരുന്ന സഹയാത്രികരുടെ പെരുമാറ്റത്തിൽ എന്തോ സംഭവിച്ചിരിക്കുന്നു. കെട്ടഴിഞ്ഞു പോയ വേട്ടനായകളെ പോലെ അവർ മുരളാൻ തുടങ്ങുന്നതോടെയാണ് തങ്ങൾ പോയിക്കൊണ്ടിരിക്കുന്നത് അല്പം കുഴപ്പം പിടിച്ച ഒരു സ്ഥലത്താണെന്നുള്ള ആദ്യ സൂചന ആന്റണിയ്ക്കും ഷാജീവനും ലഭിക്കുന്നത്. എന്നാൽ അവർ ഊഹിച്ചതിനേക്കാൾ നിഗൂഢവും ദുരൂഹവുമായിരുന്നു കളിഗെമിനാർ. ഒരു തരത്തിലും പിടികൊടുക്കാത്ത, വെറി പൂണ്ടു നടക്കുന്ന വിചിത്ര സ്വഭാവക്കാരായ ആ നാട്ടുകാർക്കൊപ്പം അവിടെ താമസിച്ച് കുറെ നാളത്തെ അദ്ധ്വാനത്തിനൊടുവിൽ അവർ ജോയിയെ കണ്ടുപിടിക്കുക തന്നെ ചെയ്യുന്നു. പക്ഷെ അയാളുടെ അവസ്ഥ വളരെ മോശമായിരുന്നു. കർത്തവ്യനിരതനായ ആന്റണി അതൊന്നും വകവയ്ക്കാതെ അറസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അതേ സമയം ഷാജീവൻ ചെറിയൊരു ആശയക്കുഴപ്പത്തിലായിരുന്നു. കളിഗെമിനാറിലെ രാത്രികളിലൊന്നിൽ അവൻ ചെയ്തതും ഭൂതകാലത്തിൽ ജോയ് ചെയ്തതും ഒരേ കുറ്റമാണ്. എന്നാൽ ഇവിടെ ഒരാൾ സ്റ്റേറ്റിന്റെ പ്രതിനിധിയും മറ്റെയാൾ സ്റ്റേറ്റ് വേട്ടയാടുന്ന പ്രജയുമാണ്. തങ്ങളുടെ ലക്‌ഷ്യം നിറവേറ്റുന്നതിൽ അവന്റെ കുറ്റബോധം ഒരു കടമ്പയാകാതിരിക്കാൻ ആന്റണി ശ്രദ്ധിച്ചു. അയാൾ അവനെ നിശ്ശബ്ദനാക്കുന്നു.
ജോയിയെ കൊണ്ടുപോകാൻ അവിടേയ്ക്കു വന്നുകൊണ്ടിരിക്കുന്ന പോലീസ് പാർട്ടിയെയും പ്രതീക്ഷിച്ചിരിക്കുന്ന അവരിൽ ആ കഥ അവസാനിക്കുന്നു.

*** കളിഗെമിനാർ ചുരുളിയാവുമ്പോൾ ***

“കളിഗെമിനാറിലെ കുറ്റവാളികൾ” വായിച്ചിട്ടുള്ളവർക്കറിയാം അതിലെ ഡീറ്റൈലിംഗ്. കളിഗെമിനാറിലേക്കുള്ള യാത്ര, ആ ജീപ്പ്, പാലം, പൊട്ടിപ്പൊളിഞ്ഞ വഴി, പ്രകൃതി, കാലാവസ്ഥ, കള്ളു ഷാപ്പ് , കഥാപാത്രങ്ങൾ, തെറിയിൽ കുതിർന്ന അവരുടെ സംഭാഷണം എന്നിങ്ങനെ എല്ലാം വിശദമായിത്തന്നെ കഥയിലുണ്ട്. സിനിമയിൽ അതെല്ലാം അതേപടി പകർത്തിയിട്ടുണ്ട് ( തങ്കനെ പോലെ ചില കഥാപാത്രങ്ങളുടെ സ്വഭാവത്തിൽ അല്ലറ ചില്ലറ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് ) . തത്വശാസ്ത്രപരമായ ഒരു മുനമ്പിൽ അവസാനിക്കുന്ന ആ ചെറുകഥയെ സിനിമയാക്കിയപ്പോൾ അതിൽ പ്രധാനമായും രണ്ടു സംഗതികളാണ് കൂട്ടിച്ചേർത്തിരിക്കുന്നത്. ഒന്ന് മാടന്റെ മിത്ത്. ചെറുകഥയിലെ ഗൗരവമുള്ള ഇന്നർ ലെയറിനു പകരം കഥയെ കുറച്ചൊന്നു സിനിമാറ്റിക് ആക്കാനുള്ള ഒരു തന്ത്രമായിട്ടാണ് അതിനെപ്പറ്റി എനിക്ക് തോന്നിയത്. മയിലാടുംപാറമ്പിൽ ജോയ് ആണ് സിനിമയിലെ മാടൻ എന്നാണ് എനിക്ക് തോന്നിയത്. ആ ഗ്രാമത്തിലെ മറ്റുള്ളവരെല്ലാം മാടന്റെ പ്രജകളും. ചലനമറ്റു തളർന്നു കിടക്കുന്ന ജോയ് ജീപ്പിൽ ( ഒറിജിനൽ കഥയിൽ ജോയിയെ കൊണ്ടുപോകാൻ ആന്റണി സ്‌ട്രെച്ചർ ആവശ്യപ്പെടുന്നുണ്ട്) കുറച്ചു ദൂരം പോയതില്പിന്നെ പെട്ടെന്ന് ചിറക് മുളച്ചത് പോലെ എണീറ്റ് നിൽക്കുകയാണ്. കാടിനുള്ളിൽ വഴി കാണിച്ചു തരുന്ന മട്ടിൽ അങ്ങോട്ടുമിങ്ങോട്ടും ഒക്കെ കൈചൂണ്ടി കാണിക്കുന്നുണ്ടവൻ. എന്നാൽ അവൻ കാണിച്ചു തരുന്ന ഓരോ വഴിയും സ്വന്തം തലയിൽ കടിച്ചിരിക്കുന്ന ഒരു പാമ്പിനെ പോലെ വളഞ്ഞു തിരിഞ്ഞു തുടങ്ങിയിടത്തു തന്നെ അവസാനിക്കുന്നു. ഇത് മനസ്സിലാക്കാതെ ആന്റണിയും ഷാജീവനും ജോയിയേയും കൊണ്ട് വട്ടം ചുറ്റുകയാണ്. തുടർന്നുള്ള ആകാശ ദൃശ്യങ്ങളിൽ ആ ജീപ്പിന്റെ വിളക്കുകൾ പോലെ തന്നെ ഒരുപാടു വെളിച്ചങ്ങൾ സാവധാനം വട്ടമിടുന്നത് കാണാം. ജീപ്പിൽ കയറുന്നതിനു മുമ്പ് ജോയ് പറയുന്ന കഥ അവിടെയാണ് പ്രസക്തമാകുന്നത്. മാർവേഷം കെട്ടി വന്ന അവർ രണ്ടുപേരെയും തങ്ങൾ ആദ്യമേ തന്നെ തിരിച്ചറിഞ്ഞുവെന്നും മുമ്പും ഇങ്ങനെ അന്വേഷിച്ചു വന്നവരെ അവർ പൊട്ടൻ കളിപ്പിച്ചിണ്ടെന്നും ജോയ് അവകാശപ്പെട്ടിട്ടുണ്ട്. ആ പശ്ചാത്തലത്തിൽ നോക്കിയാൽ ആന്റണിക്കും ഷാജീവനും മുന്നേ ജോയിയെയും തപ്പി കളിഗെമിനാറിലെത്തിയ മറ്റുള്ളവരാകണം അവരെപ്പോലെ തന്നെ വലയങ്ങളായി കറങ്ങിക്കൊണ്ടിരിക്കുന്നതായി ആകാശക്കാഴ്ചയിൽ കാണിക്കുന്നത്.

 

പിന്നെയുള്ള കൂട്ടിച്ചേർക്കൽ അന്യഗ്രഹജീവികളെക്കുറിച്ചുള്ളതാണ് (?). അമേരിക്കയിൽ അന്യഗ്രഹജീവികൾ വന്നു ആരെയോ തട്ടിക്കൊണ്ടു പോയി എന്ന വാർത്ത തമാശയായി ചർച്ച ചെയ്യുന്ന രണ്ടു കഥാപാത്രങ്ങളെ സിനിമയിൽ ആദ്യമേ കാണിക്കുന്നുണ്ട്. ഉറക്കമില്ലാത്ത രാത്രികളിൽ ഷാജീവൻ കാണുന്ന വിചിത്ര രൂപികളായ രണ്ടുപേരുടെ മുഖത്തെ കൃത്രിമ പ്രകാശവും സിനിമയുടെ ക്ലൈമാക്സിൽ ആകാശത്തേക്കുയർന്നു പൊങ്ങുന്ന ജീപ്പും ഒക്കെ കണ്ടിട്ടാവണം ഈ സിനിമയിലെ അന്യഗ്രഹജീവികളുടെ സാന്നിദ്ധ്യം എന്ന വ്യാഖ്യാനം വന്നത് എന്ന് തോന്നുന്നു. എന്തായാലും അതാണ് അവർ ഉദ്ദേശിച്ചതെങ്കിൽ ആളെപ്പറ്റിക്കാൻ വേണ്ടി ചേർത്ത വെറും തക്കിടിവിദ്യ മാത്രമാണത് എന്ന് പറയേണ്ടി വരും. കളിഗെമിനാറിലെ കുറ്റവാളികൾ എന്ന കഥയിലെ ചോദ്യങ്ങളുടെ ഫിലോസഫിക്കൽ ആയ സൗന്ദര്യത്തെയും അതിൽ ഒരു മിത്ത് കടന്നു വരുമ്പോളുള്ള മിസ്റ്ററിയെയും ഒറ്റയടിക്ക് ക്യാൻസൽ ചെയ്യുകയാണ് അതിലൂടെ. അടുത്തിടെ വിവാഹം കഴിച്ച ഷാജീവൻ ഭാര്യയെ വീട്ടിലാക്കിയിട്ട് ഇതുപോലെ ഒരു കാടൻ പ്രദേശത്ത് വന്നുപെട്ട് അതിനേക്കാൾ കാടൻ മനുഷ്യരുമായി സഹവസിക്കുമ്പോൾ നടത്തുന്ന സ്വപ്നാടനങ്ങളിൽ ഇത്തരം ഇമേജറി കടന്നു വരുന്നതിൽ അത്ഭുതമില്ല. അതിനെ വെറുതെ പറക്കും തളികയുമായും അന്യഗ്രഹജീവികളുമായും ഒന്നും ലിങ്ക് ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. എന്തായാലും അതിഷ്ടമായില്ല.

ഒരു ടൈം ലൂപ്പിൽ പെട്ട് വീണ്ടും വീണ്ടും അവിടെ വന്നുപോകുന്നവരും ആവർത്തിക്കുന്ന സംഭവങ്ങളുമാണ് ചുരുളിയിൽ എന്നും ആരോ എഴുതിക്കണ്ടിരുന്നു. അതിനുള്ള തെളിവുകളിൽ എടുത്തു പറയുന്ന ഒന്നാണ് ആന്റണിയും ഷാജീവനും ഷാപ്പിലെ കറിക്കാരനുമൊത്ത് നടത്തുന്ന നായാട്ട്. കാട് കയറുമ്പോൾ അവിടമൊക്കെ നല്ലതു പോലെ അറിയാവുന്ന പോലെയാണ് ഷാജീവൻ പെരുമാറുന്നത്. മാത്രമല്ല ഒറ്റ വെടിയ്ക്ക് തന്നെ അവൻ ആ മൃഗത്തെ വീഴ്ത്തുകയും ചെയ്യുന്നു. ഇതൊക്കെ അവൻ ആ ലൂപ്പിൽ പെട്ട് മുന്നേ തന്നെ അവിടെ വന്നിട്ടുള്ളതുകൊണ്ടാണ് എന്നാണ് ആ കുറിപ്പിൽ വായിച്ചത്. എന്നാൽ കറിക്കാരൻ നടത്തുന്ന ഈ അഭിപ്രായ പ്രകടനങ്ങൾ മൂലകഥയിലും ഉണ്ട്. വേട്ടയുടെ നടുവിൽ ആന്റണിയ്ക്കും കറികാരനും മുമ്പിൽ കയറി അവൻ നടക്കുമ്പോൾ “കണ്ടോ, ഇവന് വഴിയൊക്കെ അറിയാം” എന്ന് കറിക്കാരൻ അഭിപ്രായപ്പെടുന്നുണ്ട്. മറുപടിയായി ഷാജീവൻ പറയുന്നത് “എല്ലാ കാടും ഒരുപോലെയാണ്” എന്നാണ്. എന്തുകൊണ്ടാണ് ഷാജീവനെക്കുറിച്ച് ഇങ്ങനെ സംശയങ്ങൾ ഉണ്ടാവുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ? കഥയുടെ തുടക്കത്തിൽ അവനെ അവതരിപ്പിച്ചിരിക്കുന്നത് കണ്ട് തെറ്റിദ്ധരിച്ച് നമ്മൾ അവനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തതുകൊണ്ടാണെന്നു ഞാൻ പറയും. ഷാജീവൻ ആണ് ഇതിലെ യഥാർത്ഥ വില്ലൻ. ആന്റണിയെക്കാൾ വീറുള്ളവൻ, ഭയമില്ലാത്തവൻ. ആന്റണിയെക്കാളും അവിടെയുള്ള മറ്റേതൊരാളേക്കാളും ക്രിമിനൽ ബുദ്ധിയുള്ളവൻ. പെങ്ങൾ തങ്കയുടെ വീട്ടിലെ ചെക്കനെ ഉപയോഗിച്ചതിന് ശേഷവും ഒരു കുറ്റബോധവുമില്ലാതെ അവൻ അവളെ വീണ്ടും പെങ്ങളേ എന്നാണ് വിളിക്കുന്നത്. ഇതുപോലെ തന്നെ കളിഗെമിനാറിൽ നമ്മൾ കാണുന്ന ഓരോ കഥാപാത്രങ്ങൾക്കും കൗതുകകരമായ പശ്ചാത്തലങ്ങൾ മൂലകഥയിലുണ്ട്. എന്നാൽ കഥ വായിക്കുമ്പോൾ ജോയിയോട് വായനക്കാരന് തോന്നുന്ന അനുകമ്പയും ഷാജീവനോട് തോന്നുന്ന സംശയവും ആന്റണിയോട് തോന്നുന്ന പുച്ഛവുമൊന്നും ചുരുളിയിൽ ഒരു കഥാപാത്രത്തോടും പ്രേക്ഷകന് തോന്നാനിടയില്ല. മുകളിൽ പറഞ്ഞത് പോലെ ചില ചേരുവകൾ കൂട്ടികലർത്തിയതുകൊണ്ടാണത്.

*** കളിഗെമിനാറിലെ അരാജകവാദികൾ (?) ***

കളിഗെമിനാറിലെ പ്രജകളെല്ലാം ആ കാടിന്റെ സ്വഭാവമുള്ളവരാണ് എന്ന് വേണമെങ്കിൽ പറയാം. കൊന്നും തിന്നും കുടിച്ചും രമിച്ചും ജീവിക്കുന്നവർ. വാ തുറന്നാൽ തെറി മാത്രം പറയുന്നവർ. പക്ഷേ പാലം കടക്കുന്നതിനു മുമ്പ് എന്തുകൊണ്ടാവും അവർ ആ ഗുണം കാണിക്കാതിരുന്നത് ? അവിടെയാണ് ഈ കഥയിലെ ബിംബങ്ങളുടെ ഗൂഢാർത്ഥം നമുക്ക് മനസ്സിലാവുന്നത്. എന്തിനെയാണ് സംസ്കാരം എന്ന് മനുഷ്യൻ വിളിക്കുന്നത്. വലിയ വയലൻസ് ഒന്നുമില്ലാതെ ജീവിതം മുന്നോട്ടു പോകാൻ വേണ്ടി സമൂഹം സൃഷ്ടിച്ചു വച്ചിരിക്കുന്ന ചില കള്ളികളിൽ ഒതുങ്ങി നിന്നുകൊണ്ട് സ്വന്തം മനോകാമനകളെ ചങ്ങലയ്ക്കിട്ടു മാന്യനായി അഭിനയിക്കുന്നതിനെയല്ലേ അങ്ങനെ വിളിക്കുന്നത് ? സാഹചര്യം അനുകൂലമായാൽ ഏതൊരു മനുഷ്യന്റെയും സ്വഭാവം വിചിത്രമായ രീതിയിൽ മാറുന്നതിന്റെ എത്രയോ ഉദാഹരണങ്ങൾ ദൈനംദിന ജീവിതത്തിൽ നമ്മൾ കാണാറുണ്ട്. ഈ രണ്ടു ലോകങ്ങൾ തമ്മിലുള്ള വിടവ് വളരെ നേരിയതാണ്. ആ പാലം ഈ വിടവിന്റെ ഒരു സൂചകമാണ്. ആന്റണിയും ഷാജീവനും പോലീസുകാരാണല്ലോ. എന്നാൽ നിയമപാലകർ പോയിട്ട് ഒരു സാധാരണക്കാരൻ പോലും ചെയ്യാൻ പാടില്ലാത്തത്ര കുറ്റകൃത്യങ്ങളാണ് കളിഗെമിനാറിലെജീവിതത്തിൽ അവർ രണ്ടുപേരും ചെയ്യുന്നത്. ലവലേശം കുറ്റബോധമില്ലാതെ ആന്റണി അതെല്ലാം ആസ്വദിക്കുന്നുണ്ട് താനും. നിയമവും നീതിയും നിയമ പരിപാലകരും ഒന്നുമില്ലാത്ത ഒരിടത്തു ചെന്നാൽ അവർ മാത്രമല്ല ആരും അങ്ങനെ മാറിമറിഞ്ഞേക്കാം എന്നതാണ് സത്യം. പാലത്തിനിപ്പുറം വന്നതിനു ശേഷം തങ്ങളെ നിരീക്ഷിക്കാനോ നിയന്ത്രിക്കാനോ ആരുമില്ല എന്ന ആനുകൂല്യമാണ് അവർ ഉപയോഗപ്പെടുത്തുന്നത്. എന്നാൽ അട്ടത്ത് കയറ്റി വച്ച മാന്യതയുടെ മുഖമൂടി ആവശ്യമനുസരിച്ച് എടുത്തണിയാനും അവനു സാധിക്കും. ഷാപ്പ് മുതലാളിയുടെ മകന്റെ ആദ്യകുർബാനയിൽ ആ ഷാപ്പിനുണ്ടാവുന്ന രൂപമാറ്റം ഉദാഹരണം. പഴയ മേശയുടെയും കസേരയുടെയും മറ്റും മുകളിൽ അവർ വിരിക്കുന്ന വെള്ള വസ്ത്രം അതുവരെയുണ്ടായിരുന്ന കളിഗെമിനാറിലെ മാലിന്യങ്ങളെയാകെ മറച്ചോളും എന്ന യുക്തിയാണ് അവരുടെ രൂപമാറ്റത്തിലും കാണുന്നത്. അതുവരെ ചേറിലെ പന്നികളെ പോലെ തിമിർത്തു കൊണ്ടിരുന്ന അവർ സ്വയം ശുചിയാകുന്നു. ശുഭ്രവസ്ത്രമണിയുന്നു. പഴയ ശാന്തമായ പുഞ്ചിരിയും കൊച്ചുവർത്തമാനവും അവരിൽ തിരിച്ചു വരുന്നു. എന്നാൽ പരിപാടി കഴിഞ്ഞു അച്ചനും സംഘവും തിരിച്ചു പോകുന്നതോടെ അത് വീണ്ടും പഴയ കളിഗെമിനാറായി മാറുകയാണ്. ആത്യന്തികമായി മനുഷ്യൻ ഇങ്ങനൊക്കെത്തന്നെയാണ് എന്ന് അടിവരയിടുകയാണിവിടെ. അരാജകവാദികളുടെ കെട്ടഴിഞ്ഞ ജീവിതമെന്നൊക്കെ കഥ വായിച്ചു തീരുമ്പോൾ അഭിപ്രായം പറയാൻ തോന്നുമെങ്കിലും കൂടുതൽ ചിന്തിച്ചാൽ അതിന്റെ അർത്ഥമില്ലായ്മ എത്ര മനോഹരമായാണ് വരച്ചു കാട്ടിയിരിക്കുന്നതെന്ന് നമ്മൾ അത്ഭുതപ്പെടും.

*** ചുരുളിയുടെ പിന്നാമ്പുറത്തേയ്ക്ക് വരുമ്പോൾ ***

ഈ സിനിമയ്ക്ക് തിരക്കഥ രചിക്കാൻ എസ്. ഹരീഷിനെ തെരഞ്ഞെടുത്തതിനെ അഭിനന്ദിക്കാതിരിക്കാൻ തരമില്ല. മീശയിലെ “പാമ്പുകൾ” വായിച്ചിട്ടുള്ള ഏതൊരാൾക്കും വിനോയ് തോമസിന്റെ ഈ കഥയ്ക്ക് തിരക്കഥയൊരുക്കാൻ ഇതിലും നല്ലൊരാളെ കിട്ടില്ല എന്ന് തോന്നിയിട്ടുണ്ടാവും. ചുരുളിയുടെ തുടക്കത്തിലെ ഈനാംപേച്ചിയുടെ കഥ കേട്ടപ്പോൾ മീശയിൽ പവിയാനും ഈനാംപേച്ചിയും തമ്മിലുള്ള ഈശാപോശകളാണ് ഓർമ്മ വന്നത്. ആന്റണി ഷാജീവനോട് പറയുന്ന കില്ലപ്പട്ടിയുടെ ഉപമയൊക്കെ ഹരീഷിന്റെ സംഭാവനയാകാനാണ് സാദ്ധ്യത. അതുപോലെ തന്നെ വിനോയ് തോമസിന്റെ കരിക്കോട്ടക്കരിയുടെ റെഫെറൻസും ചുരുളിയിലുണ്ട്. ഒരു സാഹിത്യകൃതിയെ വിശ്വസനീയമായി സിനിമയിൽ അവതരിപ്പിക്കുക എന്നത് എല്ലാ ചലച്ചിത്രകാരന്മാർക്കും വഴങ്ങുന്ന ഒന്നല്ല. ഈ.മ.യൗ.വിൽ ഒന്നാംതരമായി അത് തെളിയിച്ച ലിജോ ചുരുളിയിലും അത് പ്രവർത്തിച്ചിട്ടുണ്ട് ( ആ ഏലിയൻ ഫാക്ടർ മാറ്റിവച്ചാൽ ) . മലയാളത്തിലെ ശക്തരായ രണ്ടെഴുത്തുകാർ പണിതുണ്ടാക്കിയ അടിസ്ഥാനത്തിനു മുകളിൽ നിന്നുകൊണ്ട് അതർഹിക്കുന്ന രീതിയിലുള്ള ദൃശ്യഭാഷ നല്കാൻ അദ്ദേഹത്തിനായി. ലിജോയ്ക്ക് അഭിനന്ദനങ്ങൾ. മധു നീലകണ്ഠന്റെ മനോഹരമായ സിനിമാട്ടോഗ്രഫി, ദീപുവിന്റെ എഡിറ്റിംഗ്, രംഗനാഥ് രവിയുടെ സൗണ്ട് എന്നിവയും സിനിമയ്ക്ക് നല്ല പിന്തുണ നൽകുന്നുണ്ട്. അഭിനേതാക്കളുടെ ഉജ്ജ്വല പ്രകടനമാണ് എന്ന് എടുത്ത് പറയേണ്ട കാര്യമില്ല. വലുതും ചെറുതുമായ കഥാപാത്രങ്ങളെ അഭിനയിച്ച എല്ലാവരും ഒന്നിനൊന്നു മെച്ചമായി തങ്ങളുടെ ജോലി ചെയ്തിട്ടുണ്ട്. ഏറ്റവും ഇഷ്ടമായത് വിനയ് ഫോർട്ട്, ചെമ്പൻ വിനോദ്, ജാഫർ ഇടുക്കി, സൗബിൻ, ഗീതി സംഗീത എന്നിവരാണ്. ഒരുപക്ഷെ വിനയ് ചെയ്തിട്ടുള്ളതിൽ ഏറ്റവും നല്ല കഥാപാത്രവും പ്രകടനവും ഈ സിനിമയിലേതാവും. കറിക്കാരനെ അവതരിപ്പിച്ച സുർജിത്തും ഉഗ്രനായിട്ടുണ്ട്.

ചുരുളി കണ്ടുതീർന്നപ്പോളുണ്ടായ നഷ്ടബോധം ചെറുതല്ല. തീയറ്ററിൽ ഈ സിനിമ നൽകുന്ന എക്സ്പീരിയൻസ് ഒരിക്കലും ഹോം തീയറ്ററിൽ കിട്ടില്ല. അത്രയും മനോഹരമായ മേക്കിങ്, സാങ്കേതിക ജോലികൾ എല്ലാം ഒന്നിനൊന്നു മെച്ചം. ഇനി എപ്പോളെങ്കിലും തീയറ്ററിൽ ഈ പടം റിലീസ് ചെയ്താൽ തീർച്ചയായും കാണണം എന്ന് വിചാരിക്കുന്നു. കോവിഡ് പുതിയ പുതിയ കളികൾ പുറത്തെടുക്കുന്നത് കാരണം അതൊക്കെ എന്നെങ്കിലും നടക്കുമോ എന്തോ.

**

മികച്ച സംവിധായകൻ – ദിലീഷ് പോത്തൻ (ചിത്രം: ജോജി)

മികച്ച സ്വഭാവനടി: ഉണ്ണിമായ (ജോജി)

മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം): ജസ്റ്റിൻ വർഗീസ് (ജോജി)

3 ജോജി

ജോജിയും മാക്ബെത്തും ഇരകളും –
എൻ്റെ വക പത്തു പൈസ

ലോകത്തിലുള്ള മൊത്തം കഥകളുടെ പ്ലോട്ടുകൾ എടുത്തു നോക്കിയാൽ അതിൻ്റെ എണ്ണം പത്തിൽ താഴെ മാത്രമേ വരൂ എന്ന് ഏതോ ഒരു അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്. ആ കഥ എങ്ങനെ പറയുന്നു എന്നതിലാണ് കഥാകാരൻ്റെ മിടുക്ക്. അതിനൊരു ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ടി പി ബാലഗോപാലൻ MA എന്ന ചിത്രമാണ്. ചെമ്മീൻ എന്ന സിനിമയുടെ കഥയും ടി പി ബാലഗോപാലൻ്റെ കഥയും ഒന്ന് തന്നെയാണ് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്നാണ് കുസൃതിച്ചിരിയോടെ അദ്ദേഹം ചോദിച്ചത്. ഒരു ചാകര വന്നു കഴിയുമ്പോൾ പണക്കാരനാവുകയും അതോടെ അതുവരെ തന്നെ സഹായിച്ച പരീക്കുട്ടിയെ തള്ളിപ്പറയുകയും കൂടുതൽ കരുത്തനായ പളനിയുടെ പുറകെ പോവുകയും ചെയ്യുന്ന ചെമ്പൻ കുഞ്ഞു തന്നെയാണ് ബാലഗോപാലനിൽ ബാലൻ കെ നായർ അവതരിപ്പിച്ച കൃഷ്ണൻകുട്ടി നായർ എന്ന കഥാപാത്രം. കേസ് ജയിച്ച് വസ്തുവകകൾ അധീനത്തിലാവുന്നതോടെ ചെമ്പൻകുഞ്ഞിനെ പോലെ തന്നെ അയാളുടെയും നിറം മാറുന്നു. ബാലഗോപാലന് പകരം കുറച്ചുകൂടി യോഗ്യനായ രാമകൃഷ്ണൻ വക്കീലിനെക്കൊണ്ട് മകളെ കെട്ടിക്കുവാൻ ശ്രമിക്കുന്നു. ഇങ്ങനെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഒരുപാടു സാദൃശ്യങ്ങൾ രണ്ടു കഥയ്ക്കുമുണ്ട്. പ്രചോദനവും കോപ്പിയടിയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് എന്തോ ചോദ്യം വന്നപ്പോളാണ് സരസമായി അദ്ദേഹം ഇതൊക്കെ വിശദീകരിച്ചത്. എന്തായാലും അതവിടെ നിൽക്കട്ടെ. നമുക്ക് മൿബെത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സൃഷ്ടിക്കപ്പെട്ട ജോജിയിലേയ്ക്ക് വരാം.

 

ലോകമെമ്പാടുമുള്ള കലാകാരന്മാരെ ഏറ്റവും കൂടുതൽ ആകർഷിച്ചിട്ടുള്ള, മോഹിപ്പിച്ചിട്ടുള്ള രണ്ടു ഷേക്സ്പിയർ കൃതികളാണ് മാക്ബെത്തും ഒഥെല്ലോയും. ലോകസാഹിത്യത്തിലെ തന്നെ ഏറ്റവും മികച്ച ട്രാജഡികളിലൊന്നാണ് മക്‌ബത്ത് എന്ന ദുരന്ത നാടകം. സ്കോട്ട്ലൻഡിലെ രാജാവായിരുന്ന ഡങ്കന്റെ പടത്തലവനായിരുന്നു മാക്ബെത്. യാത്രാമധ്യേ കണ്ടുമുട്ടുന്ന മൂന്നു ദുർമന്ത്രവാദിനികളാണ് മാക്ബെത് ഭാവിയിൽ സ്കോട്ട്ലൻഡ് ഭരിക്കുന്ന രാജാവാകും എന്നാദ്യമായി അയാളോട് പറയുന്നത്. അവരുടെ ജല്പനങ്ങൾ ആദ്യമൊന്നും വിശ്വസിച്ചില്ലെങ്കിലും അവരുടെ തന്നെ മറ്റു രണ്ടു പ്രവചനങ്ങൾ കണ്മുന്നിൽ യാഥാർഥ്യമാകുന്നതോടെ അയാളിൽ ആ ആഗ്രഹം വളരാൻ തുടങ്ങി. ഭാര്യയുമായും ഈ രഹസ്യം പങ്കു വച്ചതോടെ അയാളുടെ ജീവിതത്തിന്റെ തന്നെ താളം തെറ്റുന്നു. എങ്ങനെയും ഇത് യാഥാർഥ്യമാക്കാൻ അവർ രണ്ടുപേരും കൂടി പല പദ്ധതികളും തയ്യാറാക്കി. അതിനിടെ സാക്ഷാൽ ഡങ്കൻ രാജാവ് മക്‌ബത്തിന്റെ ഭവനത്തിൽ അത്താഴം കഴിക്കാനെത്തുന്നു. രാജാവിനെ ഇല്ലാതാക്കാൻ കിട്ടിയ സുവർണാവസരം ഉപയോഗപ്പെടുത്താൻ അവർ തീരുമാനിച്ചു. ലേഡി മക്‌ബത് ഉറക്കറ കാവൽക്കാരുടെ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി. ഉറങ്ങിവീണ കാവൽക്കാരെ ഭയക്കാതെ ഇരുളിന്റെ മറവിൽ അവിടെയെത്തുന്ന മാക്ബെത്ത് രാജാവിന്റെ നെഞ്ചിൽ കഠാര കുത്തിയിറക്കി അദ്ദേഹത്തെ കൊലപ്പെടുത്തുന്നു. ആ ദുർമന്ത്രവാദിനികൾ പ്രവചിച്ചത് പോലെ ഒറ്റദിവസം കൊണ്ട് അയാൾ രാജസിംഹാസനത്തിലെത്തുന്നു.

എന്നാൽ ഒരിക്കൽ സ്വപ്നം കണ്ട സിംഹാസനം സ്വന്തമാക്കിയ മാക്ക്ബെത്തിനെ കാത്തിരുന്നത് ഇരുണ്ട ദിനങ്ങളായിരുന്നു. ആകസ്മികമായി തങ്ങളുടെ രാജാവ് കൊല്ലപ്പെട്ടത് പ്രജകളെ ഞെട്ടിച്ചു. അതവരെ ദുഃഖത്തിലാഴ്ത്തി. പോകെപ്പോകെ ആ മ്ലാനത രാജ്യം മുഴുവൻ ബാധിച്ചു. സ്വാഭാവികമായും ഇത് മൿബെത്തിനെയും അസ്വസ്ഥനാക്കി. ചതിയിലൂടെ ചോരയൊഴുക്കി നേടിയ അധികാരം നഷ്ടപ്പെടാതിരിക്കാൻ എന്തും ചെയ്യാൻ മടിക്കാത്തപ്പോളും തന്നെ വിശ്വസിച്ച രാജാവിനെ കൊലപ്പെടുത്തിയതിന്റെ കുറ്റബോധം അയാളെ വേട്ടയാടാൻ തുടങ്ങി. ദുസ്വപ്നങ്ങൾ കണ്ടു ഞെട്ടിയുണരുന്നത് അയാളുടെ ശീലമായി മാറി. മാക്ബെത്ത് മാത്രമല്ല അയാളുടെ ഭാര്യയും അത്തരം പേടിപ്പിക്കുന്ന സ്വപ്‌നങ്ങൾ കാണാൻ തുടങ്ങി. തനിക്കു ഭീഷണിയാണെന്ന് ചെറിയ സംശയമെങ്കിലും തോന്നുന്ന ആരെയും കൊന്നു തള്ളുന്ന നിലയിലേക്ക് അയാൾ മാറി. ഒരു കൊലപാതകത്തിൽ നിന്ന് പല കൊലകളിലേക്കു ഭയം അയാളെ നയിക്കുന്നു. ദുരന്തങ്ങളിൽ നിന്ന് ദുരന്തങ്ങളിലേക്കു യാത്ര ചെയ്യുന്ന മൿബെത്തിന്റെയും പത്നിയുടെയും മരണവും അത്യന്തം നാടകീയമായാണ് സംഭവിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിലാണ് എഴുതപ്പെട്ടതെങ്കിലും ഒരിക്കലുമവസാനിക്കാത്ത മനുഷ്യന്റെ അധികാര മോഹത്തിന്റെയും അത് വെട്ടിപ്പിടിക്കാൻ വേണ്ടി അവൻ തെരഞ്ഞെടുക്കുന്ന അപകടം പിടിച്ച വഴികളുടെയും കഥ പറയുന്ന ഒരു ക്ലാസിക് സൃഷ്ടിയായി മാക്ബെത് ഇപ്പോളും ആസ്വാദകരെയും സാഹിത്യ നിരൂപകരെയും ഒരുപോലെ ആകർഷിക്കുന്നു.

സത്യം പറഞ്ഞാൽ അണിയറക്കാർ അവകാശപ്പെടുന്നത് പോലെ മൿബെത്തിലെ ഒരു എലമെന്റ് മാത്രമാണ് ജോജിയിൽ ഉപയോഗിച്ചിരിക്കുന്നത്. സ്വത്തും സമ്പത്തും അധികാരവുമെല്ലാം കയ്യടക്കി വച്ച് മക്കളെപ്പോലും അടിമകളായി കാണുന്ന പനച്ചേൽ കുട്ടപ്പൻ ആണിതിലെ ഡങ്കൻ രാജാവ്. മൂന്ന് മക്കളാണ് അയാൾക്കുള്ളത്. ജോമോനും ജെയ്സണും ഇളയവനായ ജോജിയും. എല്ലാവരോടുമുള്ളതു പോലെ പരുക്കനായാണ് തന്നോടും ഇടപെടുന്നതെങ്കിലും ജോമോന് അപ്പച്ചനോട് സ്നേഹമുണ്ട്. എന്നാൽ അപ്പച്ചന്റെ പിടിവാശിയിലും ഭരണത്തിലും അമർഷമുണ്ടെങ്കിലും സ്വതവേയുള്ള ഭയം കാരണം നിശബ്ദനായി എല്ലാം ഒരു അടിമയെപ്പോലെ അനുസരിക്കുന്നയാളാണ് രണ്ടാമനായ ജയ്സൺ. പല പല ബിസിനസ്സുകളിലൂടെയും കാശ് കുറെ കളഞ്ഞു ആർക്കും പ്രയോജനമില്ല എന്ന മട്ടിൽ അവിടെ ജീവിക്കുന്ന ജോജിയെ അവിടെയുള്ള ആർക്കും ഒരു വിലയുമില്ല. സ്വാഭാവികമായും ആ കെട്ടുപാടുകളിൽ നിന്ന് പുറത്തു ചാടണം എന്ന ത്വര ഏറ്റവും കൂടുതലുള്ളതും ജോജിക്കാണ്. എല്ലാം സ്വന്തം വിരൽത്തുമ്പിൽ നിർത്തുന്ന അപ്പച്ചന്റെ അധികാരം സ്വന്തമാക്കണം എന്നുള്ള ആഗ്രഹം മറച്ചു വച്ച് അതിനു വേണ്ടി പദ്ധതികൾ പലതും തയ്യാറാക്കി നടക്കുന്ന അപകടകാരിയായ ഒരാളാണ് ജോജി. ആ ലക്ഷ്യത്തിലേക്കുള്ള അയാളുടെ യാത്രയുടെ കഥയാണ് ഈ സിനിമ പറയുന്നത്. മനോഹരമായി ആ കഥ പറയാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ടെന്നതിൽ തർക്കമില്ല.

ഈ സിനിമയുടെ പേരിൽ ഉണ്ടായ വിവാദത്തിലേക്ക് വരാം. മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളായ ശ്രീ. കെ ജി ജോർജ് സംവിധാനം ചെയ്ത “ഇരകൾ” എന്ന സിനിമയുമായി ജോജിക്കുള്ള സാമ്യം പലരും ചൂണ്ടിക്കാട്ടിയത് നിങ്ങളും കണ്ടിട്ടുണ്ടാവും. ഷേക്സ്പിയറുടെ വിഖ്യാത നാടകത്തെ ഒരു മലയോര സുറിയാനി ക്രിസ്ത്യൻ കുടുംബത്തിലേക്ക് പറിച്ചു നടുമ്പോളുണ്ടാവുന്ന വെല്ലുവിളി കൈകാര്യം ചെയ്യാൻ അവർ സ്വീകരിച്ച ഒരു നുറുങ്ങു വിദ്യയാണത് എന്നാണ് എനിക്ക് തോന്നിയത്. അറിഞ്ഞോ അറിയാതെയോ ഇരകളിലെ കഥാപരിസരവും ചില കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളുമൊക്കെ ജോജിയിലും ആവർത്തിക്കുന്നു എന്നത് സത്യമാണ്. തിലകൻ അവതരിപ്പിച്ച മാത്തുക്കുട്ടി മുതലാളി, സുകുമാരൻ അവതരിപ്പിച്ച കുടിയനും കുടുംബസ്നേഹിയുമായ സണ്ണി, അവർ തമ്മിലുള്ള ബന്ധത്തിലെ പ്രത്യേകതകൾ , രാധ അവതരിപ്പിച്ച നിർമല എന്ന കഥാപാത്രത്തിന്റെ ഷേഡുകളുള്ള ബിൻസി ( ഉണ്ണിമായ പ്രസാദ് ), മാത്തുക്കുട്ടി മുതലാളിയും ഭരത് ഗോപി അവതരിപ്പിച്ച പാതിരിയും തമ്മിലുള്ള കോൺഫ്ലിക്റ്റ് എന്നിവയൊക്കെ അതിൽ ചിലതാണ്. കഥ നടക്കുന്ന റബ്ബർ എസ്റ്റേറ്റ് , അവരുടെ വിശാലമായ വീട് എന്നിവയൊക്കെ ഇരകളിലേത് പോലെ തന്നെ ജോജിയിലുമുണ്ട്. മാത്തുക്കുട്ടി മുതലാളിയുടെ ശയ്യാവലംബിയായ അപ്പനെ പരിചരിക്കുന്ന അവരുടെ തന്നെ പണിക്കാരനായ ഉണ്ണൂണ്ണിയെപോലെ തന്നെ പനച്ചേൽ കുട്ടപ്പനെയും പരിചരിക്കുന്നത് അയാളുടെ പഴയ പണിക്കാരനായ ഒരു പുരുഷ കഥാപാത്രമായത് ഒരു യാദൃശ്ചികതയായി തോന്നുന്നില്ല. നാട്ടിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ബേബി പുഴയോരത്തിരുന്നു അതിലേക്കു ചെറിയ കല്ലുകളെറിഞ്ഞു സമയം കൊല്ലുമ്പോൾ ജോജി എസ്റ്റേറ്റിലെ കുളക്കരയിലിരുന്നു പുക വലിച്ചു കൊണ്ട് ചൂണ്ടയിടുന്നു.

പറയുമ്പോ എല്ലാം പറയണമല്ലോ. ജോജിയിലെ ക്ലൈമാക്സിന് മാൿബെത്തുമായോ ഇരകളുമായോ ബന്ധമൊന്നുമില്ല. കുടുംബത്തിലെ അധികാരകേന്ദ്രമായ സ്വന്തം അപ്പനെ കൊന്നിട്ടാണെങ്കിലും ആ സ്ഥാനം കയ്യടക്കാൻ ജോജി ശ്രമിക്കുമ്പോൾ ഇരകളിലെ ബേബി കൊലപാതകങ്ങൾ ചെയ്യുന്നത് തന്നെ അവഗണിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സമൂഹത്തോടും കുടുംബത്തോടുമുള്ള ഒരു പ്രതികാരമെന്ന നിലയ്ക്ക് കൂടിയാണ്. ബേബി സത്യത്തിൽ ഒരു മാനസിക രോഗിയായ സീരിയൽ കില്ലറാണ്. ജോജിയെയും ബേബിയേയും വ്യത്യസ്തരാക്കുന്ന ഒരു ഘടകമാണല്ലോ ഇത് എന്നോർത്തപ്പോളാണ് ജോജിയുടെ ആത്മഹത്യാ കുറിപ്പ് ശ്രദ്ധിച്ചത്. ബേബിയുടെ സ്വഭാവരൂപീകരണത്തിൽ സമൂഹത്തിന് ഒരു പങ്കുണ്ടെന്നത് വേണമെങ്കിൽ അംഗീകരിക്കാവുന്ന കാര്യമാണ്. പക്ഷെ ജോജിയുടെ കാര്യത്തിൽ അങ്ങനെയാണോ ? അല്ല എന്നാണ് സിനിമ കണ്ടപ്പോൾ എനിക്ക് മനസ്സിലായത്. സ്വന്തം പ്ലാനുകൾ നടപ്പാക്കാൻ പണം കിട്ടാത്തതിലുള്ള നിരാശയും ആ കുടുംബത്തിലെ പുകഞ്ഞ കൊള്ളിയിൽ നിന്ന് ഏറ്റവും വലിയ അധികാരകേന്ദ്രവുമായി മാറാനുള്ള വാശിയും മാത്രമാണ് ജോജിയെ നയിക്കുന്നത്. സമൂഹം തന്നെ വലിപ്പിച്ചു എന്നൊരു നോട്ട് എഴുതി വച്ചിട്ട് ആത്മഹത്യ ചെയ്യേണ്ട പശ്ചാത്തലം ജോജിക്കുണ്ടോ ? അതോ അതും ജോജിയുടെ ഒരു തട്ടിപ്പായിരുന്നോ ? എന്തായാലും ആ ഒരു ഭാഗം ചെറിയ ആശയക്കുഴപ്പമുണ്ടാക്കി.

ഇങ്ങനെയുള്ള സംഗതികൾ കാണാമെങ്കിലും തീർച്ചയായും ഇരകളുടെ ഈച്ചക്കോപ്പിയല്ല ജോജി. പക്ഷെ മുകളിൽ പറഞ്ഞത് പോലെ വളരെ സ്പഷ്ടമായ സാമ്യതകൾ ഉള്ള ഒരു സിനിമയുടെ പ്രചോദനം മാക്ബെത്ത് ആണെന്ന് അവകാശപ്പെടുന്നതിലാണ് അസ്വാഭാവികതയുള്ളത്. ലോകത്തുള്ള ഒരുവിധമുള്ള ഏതു കഥയ്ക്കും ഏതെങ്കിലും ഷേക്സ്പീരിയൻ നാടകവുമായി ബന്ധമുണ്ടാവും എന്നത് രസകരമായ ഒരു വസ്തുതയാണ്. മനുഷ്യ ജീവിതത്തിലെ ഒരുവിധമുള്ള എല്ലാ നാടകീയതയും അദ്ദേഹം സ്വന്തം കൃതികളിൽ കൈകാര്യം ചെയ്തിട്ടുണ്ട് എന്നതുകൊണ്ടാണല്ലോ അതെല്ലാം ക്ലാസ്സിക്കുകളായി മാറിയത്. അതുകൊണ്ടു തന്നെ ഒരുവിധമുള്ള ഏതു കഥയെയും നിങ്ങൾക്ക് ഷേക്സ്പിയർ നാടകങ്ങളിൽ നിന്ന് പ്രചോദനം കൊണ്ട് സൃഷ്ടിച്ചത് എന്നവകാശപ്പെടുകയും ചെയ്യാം. താൻ മാക്ബെത്ത് വായിച്ചിട്ടില്ലെന്നും വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത മക്ബൂൽ എന്ന ബോളിവുഡ് ചിത്രം മാത്രമാണ് കണ്ടിട്ടുള്ളതെന്നും ശ്യാം പറയുന്നത് ഒരു അഭിമുഖത്തിൽ കണ്ടിരുന്നു. ലേഡി മക്‌ബത് എന്ന പ്രധാന കഥാപാത്രം പോലുമില്ലാത്ത, എന്നാൽ അതേ സമയം തന്നെ മാക്ബെത്തിന്റെ മികച്ച ഒരു അഡാപ്റ്റേഷനുമാണ് മക്ബൂൽ. ആ സ്ഥിതിയ്ക്ക് മാക്ബെത്തിനേക്കാൾ ഈ സിനിമയ്ക്ക് അടുപ്പമുള്ളത് ഇരകളോടാണ് എന്ന് രണ്ടും കണ്ടിട്ടുള്ള ഒരു പ്രേക്ഷകൻ ആരോപിച്ചാൽ അയാളെ കുറ്റം പറയാൻ കഴിയില്ല. എന്നാൽ “ഇരകൾ പോലെയിരിക്കുന്നു എന്ന് പറയുന്നവർക്ക് ഇരകളും മനസ്സിലായിട്ടില്ല നമ്മളെയും മനസ്സിലായിട്ടില്ല” എന്നാണ് ശ്യാം പുഷ്ക്കരൻ മറുപടി പറഞ്ഞത്. തീർച്ചയായും ശ്യാം മിടുക്കനായ ഒരു എഴുത്തുകാരനാണ്. ഇരകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സൃഷ്ടിച്ച സിനിമ എന്ന് പറഞ്ഞാലും ഈ സിനിമയുടെ മികവ് ഒരു തരി പോലും കുറയില്ല. അത്രയ്ക്കും മികച്ച എഴുത്ത് തന്നെയാണ് ജോജിയുടേതും. എന്നിട്ടും ഇങ്ങനെയൊക്കെ ന്യായീകരിക്കുന്നത് അത് സമ്മതിക്കാനുള്ള മടി കൊണ്ടാണോ അതോ ഈഗോ കൊണ്ടാണോ എന്നറിയില്ല. എന്തായാലും ശ്യാമിനെപോലുളള ഒരു കലാകാരന് അത് ഒട്ടും ചേർന്നതല്ല.

പ്രചോദനമായാലും കോപ്പി ആയാലും എന്ത് കുന്തമായാലും ഇതൊരു ഉഗ്രൻ സിനിമയാണ്. അതിന്റെ ഫുൾ ക്രെഡിറ്റ് കൊടുക്കേണ്ടത് സംവിധായകനായ ദിലീഷ് പോത്തനാണ്. ഈ കഥ പറയാൻ വേണ്ട അസംസ്കൃത വസ്തുക്കളുടെ കൃത്യമായ ബ്ലെൻഡിങ് ആണ് ജോജിയുടെ ഒരു ആകർഷണം. അനാവശ്യമായ ഒരു സീനോ ഡയലോഗോ ഒന്നും തന്നെ ഈ സിനിമയിലില്ല. ഏറ്റവും മികച്ചു നിൽക്കുന്നത് ഇതിലെ കാസ്റ്റിംഗാണ്. കാസ്റ്റിംഗ് ശരിയായാൽ തന്നെ ഒരു സിനിമയുടെ അമ്പതു ശതമാനം വിജയിച്ചു എന്നാണ് വിവരമുള്ള സംവിധായകർ പറഞ്ഞിട്ടുള്ളത്. അസാമാന്യമായ ഡീറ്റൈലിംഗ്, വളരെ സൂക്ഷ്മമായി വിഭജിച്ചിരിക്കുന്ന ഷോട്ടുകൾ തുടങ്ങി മറ്റൊരു സംവിധായകൻ കൈകാര്യം ചെയ്തിരുന്നുവെങ്കിൽ അമ്പേ പാളിപ്പോകാമായിരുന്ന ഒരു കഥയെ അദ്ദേഹം നല്ലൊരു സിനിമാനുഭവമായി മാറ്റി. മലയാള സിനിമയിൽ വിജയകരമായി ഹാട്രിക് തികച്ച ദിലീഷ് പോത്തന്റെ അടുത്ത ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

അഭിനേതാക്കളിലേക്കു വന്നാൽ എല്ലാവരും ഒന്നാംതരം പ്രകടനമായിരുന്നു. പനച്ചേൽ കുട്ടപ്പനെ അവതരിപ്പിച്ച പി എൻ സണ്ണി , ജോമോനെ അവതരിപ്പിച്ച ബാബുരാജ്, ബിൻസിയെ അവതരിപ്പിച്ച ഉണ്ണിമായ, അച്ചനെ അവതരിപ്പിച്ച ബേസിൽ തുടങ്ങി ഒരു ഫോൺ കോളിൽ ശബ്ദ സാന്നിധ്യമായി വന്നു പോകുന്ന ജോണി ആന്റണി വരെ സിനിമയുടെ കെട്ടുറപ്പിന് ഓരോ കല്ലും കയറ്റി സഹായിച്ചിട്ടുണ്ട്. എന്നാലും ഒരു പൊടിക്ക് കൂടുതൽ ഇഷ്ടമായത് ജെയ്സൺ പനച്ചേൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജോജി മുണ്ടക്കയത്തെയാണ്. ഒരുപക്ഷെ ഈ സിനിമയിലെ ഏറ്റവും കൺസിസ്റ്റൻസിയുള്ള കഥാപാത്രം കൂടിയാണ് ജെയ്‌സൺ. അയാളുടെ സ്ഥായിയായ ഭാവം ഭയമാണ്. അപ്പന്റെ മുന്നിലും ചേട്ടന്റെ മുന്നിലും പള്ളിക്കാരുടെ മുന്നിലും എന്തിന് ഭാര്യയുടെ മുന്നിൽ പോലും അയാളുടെ ഭാവം ഒരു വിധേയന്റെതാണ്. മുതുകത്ത് ഒരു ചെറിയ വളവോടെയല്ലാതെ അയാളെ ഒരു സീനിലും കാണാൻ കഴിയില്ല. ജോജിയെ കയ്യോടെ പിടിച്ചതിനു ശേഷം അയാളെ തടയുന്ന സീനിൽ പോലും ആ തല താഴ്ന്നു തന്നെയാണിരിക്കുന്നത്. ജോജിയ്ക്ക് അഭിനന്ദനങ്ങൾ. ഇനിയും കൂടുതൽ ചിത്രങ്ങൾ ലഭിക്കട്ടെ എന്നാശംസിക്കുന്നു. പലരും പറഞ്ഞത് പോലെ ഫഹദ് അവതരിപ്പിച്ച ജോജി എന്ന നായക കഥാപാത്രം ഒരു സൈക്കോ ആയി തോന്നിയില്ല. എന്നാലും ഫഹദ് ഇത്തരം വേഷങ്ങൾ സ്ഥിരമായി ചെയ്താൽ ഒടുവിൽ ടൈപ്പ് കാസ്റ്റ് ആവുമോ എന്നൊരു സംശയം ഇല്ലാതില്ല.

സാങ്കേതികമായി മികച്ച നിലവാരം പുലർത്തുന്ന സിനിമയാണ് ജോജി. ചെറിയ സ്ക്രീന് യോജിച്ച ലെൻസിങ്ങും ഷോട്ടുകളും ഒക്കെ ചേർന്ന് കണ്ടിരിക്കാൻ നല്ല സുഖമുണ്ടായിരുന്നു. ജസ്റ്റിൻ വർഗീസിൻ്റെ പശ്ചാത്തല സംഗീതം, ഷൈജു ഖാലിദിൻ്റെ ഛായാഗ്രഹണം , കിരൺ ദാസിൻ്റെ എഡിറ്റിംഗ് എന്നിവ അതിമനോഹരമായിട്ടുണ്ട് എന്ന് കൂടി പറഞ്ഞില്ലെങ്കിൽ ഈ കുറിപ്പ് പൂർണമാവില്ല. പ്രത്യേകിച്ച് പശ്ചാത്തല സംഗീതം. പല സീനുകളെയും നല്ല രീതിയിൽ എലിവേറ്റ് ചെയ്യുന്നതിൽ ആ സംഗീതത്തിന് പങ്കുണ്ട്. സംഭാഷണങ്ങൾ പലതും വ്യക്തമായില്ല എന്ന് പലരും പരാതി പറയുന്നത് കണ്ടിരുന്നു. ഇയർ ഫോൺ ഉപയോഗിച്ചത് കൊണ്ടാണോ, എനിക്കങ്ങനെ ഒരു പ്രശ്നം തോന്നിയില്ല. തീർച്ചയായും കാണേണ്ട ചിത്രം തന്നെയാണ് ജോജി. തെറി വാക്കുകൾ മറയില്ലാതെ ഉപയോഗിച്ചിട്ടുണ്ട്. പതിനാറു വയസ്സിനു മുകളിലുള്ളവർക്ക് കാണാം എന്നാണ് ആമസോൺ ഇതിനെ റേറ്റ് ചെയ്തിരിക്കുന്നത്. അത് കൂടി ഒന്ന് ശ്രദ്ധിക്കുക.

***

മികച്ച ശബ്ദമിശ്രണം: ജസ്റ്റിന്‍ ജോസ് (മിന്നൽ മുരളി)

മികച്ച വിഎഫ്എക്സ്: ആൻഡ്രൂ ഡിക്രൂസ് (മിന്നൽ മുരളി)

4 മിന്നൽ മുരളി

ബാറ്റ്മാൻ, സൂപ്പർമാൻ തുടങ്ങി ലോകപ്രശസ്തമായ ഹോളിവുഡ് സൂപ്പർ ഹീറോ സിനിമകളിൽ നിന്ന് പ്രചോദനം ( no pun intended ) കൊണ്ടാണ് ഈ സിനിമ ഉണ്ടാക്കിയിരിക്കുന്നത് എന്ന് നിസ്സംശയം പറയാവുന്ന രീതിയിൽ ചില കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും ടെംപ്ലേറ്റ് സീനുകളും മിന്നൽ മുരളിയിലുണ്ട്. എന്നാൽ അതെല്ലാം വെറുതെ കോപ്പി പേസ്റ്റ് ചെയ്യാതെ നമ്മുടെ നാട്ടിലെ ജീവിതത്തിനനുസൃതമായി പൊളിച്ചെഴുതി എന്നതിൽ മിന്നൽ മുരളി നൂറ്റൊന്നു ശതമാനം വിജയിച്ചിട്ടുണ്ട്. വളരെ മികച്ച കഥാ പശ്ചാത്തലം, രസികന്മാരായ കഥാപാത്രങ്ങൾ, സംഭാഷണം, ഹീറോയെ പോലെ തന്നെ സാധാരണക്കാരനായ വില്ലൻ എന്നിങ്ങനെ രുചികരമായ ചേരുവകൾ എല്ലാം മേശപ്പുറത്ത് നിരത്തി വച്ചുകൊണ്ടാണ് സിനിമയുടെ ആദ്യപകുതി അവസാനിക്കുന്നത്. പക്ഷെ ക്ലിഷേ ക്‌ളൈമാക്‌സിൽ അവസാനിക്കുന്ന സിനിമയുടെ രണ്ടാം പകുതി ശരിക്കും നിരാശപ്പെടുത്തി എന്ന് മാത്രമല്ല അത്യാവശ്യം ബോറടിപ്പിക്കുകയും ചെയ്തു.

 

ഒരു സാധാരണ പയ്യനായ ജെയ്‌സൺ മിന്നലടിച്ചു അഭൗമ ശക്തികൾ കൈവരിക്കുന്നിടത്താണ് കഥയുടെ വഴിത്തിരിവ്. എന്നാൽ അന്നത്തെ ദിവസം ആ മാറ്റം കൈവരുന്നത് അയാൾക്ക്‌ മാത്രമല്ല. ഒപ്പത്തിനൊപ്പം നിൽക്കുന്ന ഒരു വില്ലൻ കൂടി അവിടെ അന്ന് ജനിക്കുകയാണ്. അവരുടെ കോൺഫ്ലിക്റ്റ് ആണ് ചിത്രത്തിന്റെ പ്രമേയം. എന്നാൽ ഇവരുടെ ഈ ശക്തി പ്രകടനം കഥാപാത്രങ്ങൾക്കൊത്തുയർന്നോ എന്നിടത്താണ് സംശയം.
അമാനുഷിക ശക്തികളുടെ കാര്യത്തിൽ നായകനൊപ്പമോ അല്പം മുകളിലോ നിൽക്കുന്ന രീതിയിലാണ് വില്ലനായ ഷിബുവിനെ രൂപപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഒടുവിൽ എല്ലാം നഷ്ടപ്പെട്ട അയാൾ എങ്ങനെയാണു പ്രതികാരം തീർക്കുന്നത് എന്ന് നോക്കൂ. പള്ളിപ്പെരുന്നാളിനിടയിൽ അവിടവിടെ ഗുണ്ട് പൊട്ടിക്കുക. നായകന്റെ സ്വന്തക്കാരെയും നാട്ടുകാരെയും അമിട്ടുപുരയിൽ കെട്ടിയിടുക തുടങ്ങി ഒരു ശക്തിയും ബുദ്ധിയുമില്ലാത്ത വില്ലന്മാർ നമ്മുടെ സിനിമകളിൽ കാണിച്ചിട്ടുള്ള മൂന്നാംതരം റിവഞ്ച് ആണ് അയാളുടേത്. ചോട്ടാ മുംബൈ എന്ന സിനിമയിൽ കൊളുത്താൻ വേണ്ടി വില്ലൻ പാപ്പാനിയുടെ ഉള്ളിൽ സായികുമാറിന്റെ കെട്ടിയിടുന്നത് പോലെ ഒരു പ്രതികാരമല്ല സൂപ്പർഹീറോ വില്ലനായ ഷിബുവിൽ നിന്ന് പ്രതീക്ഷിച്ചത്. ഓർഡിനറി എന്ന സിനിമയിലെ ആസിഫ് അലി അവതരിപ്പിച്ചത് പോലുള്ള ഒരു വട്ടൻ കഥാപാത്രമായ ഷിബുവിൽ നിന്ന് കൂടുതൽ പ്രതീക്ഷിച്ചതാണോ തെറ്റ് എന്നുമറിയില്ല. എന്തായാലും പടിക്കൽ കൊണ്ടിട്ട് കലമുടയ്ക്കുന്നത് പോലുള്ള ഒരു ഏർപ്പാടായിപ്പോയി അത് എന്ന് പറയാതെ വയ്യ. ഷിബു എന്ന കഥാപാത്രത്തിന്റെ സ്നേഹത്തെ വാഴ്ത്തിപ്പാടിക്കൊണ്ടുള്ള കുറിപ്പുകൾ കുറെ കണ്ടിരുന്നു. പ്രേമം നിരസിച്ചതിന് പെൺകുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ചവനും നെഞ്ചിൽ കത്തി കുത്തിയിറക്കിയവനും ഓടിച്ചിട്ട് തല്ലിയവനും ഒക്കെ ഷിബുവിന്റെ മുഖമാണുള്ളത് എന്നിവരൊക്കെ ഓർത്താൽ നന്ന്. ഷിബു ഒന്നാംതരം ഒരു സൈക്കോ കഥാപാത്രമാണ്. ശാസ്ത്രീയമായ ചികിത്സ ആവശ്യമുള്ള ഒരു മാനസിക രോഗി. അല്ലാതെ ഉദാത്ത പ്രേമത്തിന്റെ മനോഹര മാതൃകയൊന്നുമല്ല അയാൾ.

ഹോളിവുഡിലെ സൂപ്പർ ഹീറോ ചിത്രങ്ങൾ അധികം കണ്ടിട്ടില്ലാത്ത ഒരാളാണ് ഞാൻ. തീയറ്ററിൽ പോയി കണ്ടിട്ടുള്ള ഏക സൂപ്പർ ഹീറോ സിനിമ ബാറ്റ്മാൻ ആണ്. അതും വർഷങ്ങൾക്ക് മുമ്പ്. സൂപ്പർമാൻ കാർട്ടൂൺ സീരിസും പണ്ട് DD വണ്ണിൽ കണ്ട ഓർമയുണ്ട്. ഹോളിവുഡ് ഹീറോയ്ക്ക് ഒരെതിരാളി എന്ന മട്ടിൽ ഇറങ്ങിയിരുന്ന ഇന്ത്യൻ ചിത്രങ്ങൾ പലതും ഈ ഇംഗ്ലീഷ് സിനിമകളുടെ കോപ്പിയും ആയിരുന്നു. അതിലെ ആദ്യ കണ്ണി ഒരു പക്ഷെ മുകേഷ് ഖന്ന പ്രധാന റോളിൽ വന്ന ദൂരദർശൻ പരമ്പരയായ ശക്തിമാൻ ആണെന്ന് തോന്നുന്നു. സൂപ്പർമാന്റെ ഒരു വികല അനുകരണം ആയിരുന്നതെങ്കിലും എന്റെ തലമുറയിൽപ്പെട്ട മിക്കവരുടെയും ആരാധനകഥാപാത്രമായിരുന്നു ശക്തിമാൻ. അന്ന് മലയാളത്തിൽ ഡബ്ബ് ചെയ്തു വന്നിരുന്ന സൂപ്പർ ഹീറോ കാർട്ടൂൺ പരമ്പരയായ ഹീ മാനും രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. വിദേശ ചാനലുകളൊക്കെ ഇന്ത്യയിലെത്തിയതിനു ശേഷം ഒരു ഇന്ത്യൻ സൂപ്പർ ഹീറോയെ സൃഷ്ടിക്കാൻ ധൈര്യം കാണിച്ച മറ്റൊരാളാണ് രാകേഷ് റോഷൻ. സ്വന്തം മകനെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത കൃഷ് സീരിസിലെ രണ്ടു ചിത്രങ്ങളും കച്ചവട വിജയമായിരുന്നു. അത്യാവശ്യം മികച്ച സാങ്കേതിക നിലവാരവും അതിനുണ്ടായിരുന്നു. ഈ ശ്രേണിയിലേക്ക് നമ്മുടെ കൊച്ചു മലയാളത്തിൽ നിന്ന് ചേരുന്ന പുതിയ ഹീറോയാണ് മിന്നൽ മുരളി. മുകളിൽ പറഞ്ഞ പോരായ്മകൾ ഉണ്ടെങ്കിലും ഇന്ത്യൻ മേഡ് സൂപ്പർഹീറോകളെ നിരത്തി നിർത്തിയാൽ മുരളി അവരെക്കാളൊക്കെ ബഹുദൂരം മുന്നിലാണ് .

ബേസിൽ ജോസഫ് എനിക്കിഷ്ടമുള്ള ഒരു സംവിധായകനാണ്. പൊന്മുട്ടയിടുന്ന താറാവ് , മഴവിൽക്കാവടി തുടങ്ങിയ സത്യൻ അന്തിക്കാട് സിനിമകളിൽ കണ്ടിട്ടുള്ള മനോഹരമായ ഗ്രാമ പശ്ചാത്തലവും അതിലെ കാരിക്കേച്ചർ കഥാപാത്രങ്ങളും ഒരു പുതിയ തലമുറ സിനിമയിൽ പിന്നീട് ആദ്യമായി കണ്ടത് ബേസിലിന്റെ ആദ്യ ചിത്രമായ കുഞ്ഞി രാമായണത്തിലാണ്. ഗോദ കാണാൻ അവസരം കിട്ടിയതുമില്ല. തങ്ങളെ ആകർഷിച്ച ചിത്രങ്ങളിൽ നിന്നും ഇൻസ്പിരേഷൻ എന്ന പേരിൽ സീൻ ബൈ സീൻ കോപ്പി അടിക്കുന്നവരാണ് പലരും. പക്ഷെ പ്രചോദനം എന്ന വാക്കിന്റെ യഥാർത്ഥ സ്പിരിറ്റ് ഉൾകൊണ്ട് തന്റേതായ രീതിയിൽ കഥ പറയുക എന്നതാണ് ബേസിൽ പിന്തുടരുന്നതെന്നു തോന്നുന്നു. എന്തായാലും രസച്ചരട് പൊട്ടാതെ കഥ പറയാനുള്ള ബേസിലിന്റെ കഴിവ് ഈ ചിത്രത്തിലും കാണാം. നേരത്തെ സൂചിപ്പിച്ചതു പോലെ കഥയുടെ രണ്ടാം പകുതി വർക്ക് ഔട്ട് ചെയ്യുന്നതിൽ ആ ശ്രമം ഉണ്ടായില്ല എന്നും എടുത്തു പറയുന്നു.

സാങ്കേതികമായി നല്ല നിലവാരം പുലർത്തുന്ന ചിത്രമാണ് മിന്നൽ മുരളി. സമീർ താഹിറിന്റെ ഛായാഗ്രഹണം സിനിമയെ നല്ല രീതിയിൽ സഹായിച്ചിട്ടുണ്ട്. തീയറ്ററിൽ കാണാൻ പറ്റിയിരുന്നങ്കിൽ എന്ന് തോന്നിപ്പിക്കുന്ന പല ഷോട്ടുകളും ഈ സിനിമയിലുണ്ട്. VFX ഷോട്ടുകൾ പലതും മനോഹരമാണ് സ്വാഭാവികമായും ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്. സംഘട്ടന രംഗങ്ങളും ഒരു സൂപ്പർ ഹീറോ ചിത്രത്തിന്റെ നിലവാരത്തിനൊപ്പമാണ്. സുഷിൻ ശ്യാമിന്റെ സംഗീതം മുമ്പ് ഏതൊക്കെയോ സിനിമകളിൽ കേട്ടിട്ടുള്ള പശ്ചാത്തല സംഗീതത്തെ ഓർമിപ്പിച്ചു. “കുഗ്രാമമേ” എന്ന പാട്ടു കൊള്ളാം. കലാസംവിധാനവും മികച്ചതാണ്. എൺപതുകളിൽ കുട്ടിക്കാലം ചെലവഴിച്ചിട്ടുള്ളവരുടെ നൊസ്റ്റാൾജിയയെ തൊട്ടുണർത്തുന്ന ചില സംഗതികൾ അവിടവിടെ വാരി വിതറിയിട്ടുണ്ട്. പ്രൊഡക്ഷൻ ഡിസൈനെക്കുറിച്ച് പറയുമ്പോ ഒരു കാര്യം കൂടി പറഞ്ഞോട്ടെ. ഹൈ ഡെഫിനിഷൻ ക്യാമറകൾ വ്യാപകമായതിൽപിന്നെ മേക്കപ്പ് ഇടുന്നവർ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് ഫീൽഡിലുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്. മേക്കപ്പിലെ ചെറിയ പിഴവുകൾ പോലും ഒപ്പിയെടുക്കാൻ ശക്തിയുള്ള ക്യാമറകളാണ് സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്നത്. മാത്രമല്ല ഷൂട്ടിങ്ങിനു ഉപയോഗിക്കുന്ന ലൈറ്റുകൾ, ലെൻസുകൾ, ഷോട്ടിന്റെ സ്വഭാവം ( ക്ലോസ് അപ്പ് / ലോങ്ങ് ) എന്നിവയൊക്കെ മേക്കപ്പ് ചെയ്യുന്നവരും പരിഗണിക്കണം എന്നും പറയാറുണ്ട്. ഇതൊക്കെ ആർട്ട് ജോലികൾ ചെയ്യുന്നവരും ശ്രദ്ധിക്കുന്നത് നല്ലതാണ്. കുറുപ്പിലും മാലിക്കിലും മറ്റും പഴയ കാലത്തെ തിരക്ക് പിടിച്ച തെരുവുകൾ കാണിക്കുമ്പോൾ കടകളുടെ ബോർഡ് ശ്രദ്ധിച്ചിട്ടുണ്ടോ ? കളറും ഫോണ്ടുകളുടെ സ്വഭാവവും എല്ലാം പെർഫെക്ട് ആയിരിക്കും. പക്ഷെ ചിലപ്പോളെങ്കിലും അതിലെ വരികൾ നിരപ്പിൽ നിൽക്കാൻ വേണ്ടി നൂല് പിടിച്ചിരിക്കുന്നത് പെയിന്റിൽ മുങ്ങി ഒട്ടിപ്പോയത് ഒക്കെ ഇത്തരം ക്യാമറകളിൽ പതിയും. ആ ഒറ്റ സംഗതി കാരണം അതിലെടുത്ത പണി മുഴുവൻ വേസ്റ്റ് ആവുകയും ചെയ്യും. ഇത് ആ കലാകാരന്മാരുടെ തെറ്റല്ല. മറ്റു ഇൻഡസ്ട്രികളുമായി തട്ടിച്ചു നോക്കുമ്പോൾ നോക്കുമ്പോൾ ഇത്തരം മേഖലകളിൽ ഏറ്റവും നല്ല കലാകാരൻമാർ നമ്മുടെ കൊച്ചു മലയാളത്തിലാണുള്ളത് എന്നതിൽ സംശയമില്ല. ക്യാമറ ചതിക്കുന്നതാണ്. പണ്ടത്തെ സിനിമാട്ടോഗ്രാഫിക് ഫിലിമുകളുടെയും ലൈറ്റുകളുടെയും പരിമിതികൾ വിദഗ്ധമായി ചൂഷണം ചെയ്തിരുന്ന കാലത്തു നിന്നും വ്യത്യസ്തമായി ആധുനിക ചിത്രീകരണ ഉപകരണങ്ങളുടെ ഇത്തരം ശേഷികളെ കുറച്ചു കാണുന്നത് അബദ്ധമാണ്.

അഭിനേതാക്കളെല്ലാം ഒന്നിനൊന്നു മികച്ച രീതിയിൽ അവരവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ത്യാഗരാജൻ കുമാരരാജെയുടെ ആരണ്യകാണ്ഡത്തിലാണ് ഗുരു സോമസുന്ദരത്തെ ആദ്യമായി കാണുന്നത്. തമിഴിലും മലയാളത്തിലുമായി പിന്നീടും പല സിനിമകളിലും അദ്ദേഹത്തെ കണ്ടിരുന്നു. ഷിബു എന്ന കഥാപാത്രത്തെ മനോഹരമായി അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നതിൽ അത്ഭുതമൊന്നും തോന്നിയില്ല. അത്രയും മികച്ച ഒരു അഭിനേതാവാണ് ഗുരു. ആ കഥാപാത്രത്തെ ഡെവലപ്പ് ചെയ്തിരിക്കുന്നതിലെ മിഴിവാണ് ഗുരുവിനു ഇത്രയും അഭിനന്ദനങ്ങൾ നേടിക്കൊടുത്തതെന്നു തോന്നുന്നു ( അതിന് അദ്ദേഹം അർഹനല്ല എന്നല്ല പറയുന്നത്. മറിച്ച് അദ്ദേഹത്തെപ്പോലൊരു കലാകാരന് നിസ്സാരമായി അഭിനയിക്കാവുന്ന വേഷമാണ് ഷിബു എന്നതുകൊണ്ടാണ് ). എന്നാൽ ഗുരുവിനൊപ്പം തന്നെ നിൽക്കുന്ന പ്രകടനമാണ് ടോവിനോയുടേത്. തന്റെ അച്ഛൻ, നാട്ടിൻപുറത്തെ ഒരു സാധാരണ തുന്നൽക്കാരൻ, സൂപ്പർ ഹീറോ എന്നിങ്ങനെ ഈ കഥയിലെ വേഷപ്പകർച്ചകൾ ടോവിനോ തോമസ് വളരെ നന്നായി അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്. സ്വാഭാവികമായി പെരുമാറുകയാണെന്നു തോന്നിപ്പിക്കാൻ വേണ്ടിടത്തും വേണ്ടാത്തിടത്തും ശ്രമിക്കുന്നതാണ് പല സിനിമകളിലും പുള്ളിയുടെ ഏറ്റവും വലിയ ബലഹീനതയായി തോന്നിയിട്ടുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഈ സിനിമയിൽ ശരീരഭാഷയിലും വോയ്‌സ് മോഡുലേഷനിലുമെല്ലാം വിശ്വാസ്യത കൊണ്ടുവരാൻ അദ്ദേഹം ആത്മാർഥമായി ശ്രമിച്ചിട്ടുണ്ട്. വിജയിച്ചിട്ടുമുണ്ട്. ടോവിനോയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നും ഏറ്റവും മികച്ച പ്രകടനവും ഒരുപക്ഷെ മിന്നൽ മുരളിയുടേതാവും. ബൈജു, ഷെല്ലി, ഹരിശ്രീ അശോകൻ, രാജേഷ് മാധവൻ എന്നിവരും ഉഗ്രനായിട്ടുണ്ട്. ഇവരുടെയൊപ്പമെല്ലാം പിടിച്ചു നിൽക്കുന്ന ഒരു കൊച്ചു മിടുക്കൻ കൂടി മിന്നൽ മുരളിയിലുണ്ട്. ജോസ് മോനെ അവതരിപ്പിച്ച വസിഷ്ട് ഉന്മേഷ് എന്ന ആറാംക്ലാസ്സുകാരൻ. ചെക്കൻ ഒരു രക്ഷയുമില്ല. അത്രയ്ക്കും ക്യൂട്ട്.

വളരെ രസകരമായി ഡെവലപ്പ് ചെയ്തു പോകാമായിരുന്നു പല കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും സിനിമയിലുണ്ടായിട്ടും അതൊക്കെ വേണ്ടെന്നു വച്ച് ഒരു സാധാരണ ക്ലൈമാക്സിലേക്ക് പോയതാണ് സിനിമയുടെ പ്രധാന ന്യൂനത എന്ന് പറഞ്ഞല്ലോ. ഒരുദാഹരണം പറയാം.
ജയ്സണുമായി കയ്യേറ്റം നടന്ന ശേഷം രാത്രി വിഷണ്ണനായി ഒറ്റയ്ക്കിരിക്കുന്ന ദാസന്റെ അടുത്തേയ്ക്ക് ഷിബു പണവുമായി വരുമ്പോൾ ഞാൻ കരുതിയത് അയാൾ അത് വാങ്ങുമെന്നാണ്. ദാസൻ അത് വാങ്ങിയിരുന്നെങ്കിൽ ഉറപ്പായും അയാൾ ആ പണം ജയ്സണ് തിരിച്ചു കൊടുത്തേനെ. സ്വാഭാവികമായും അവനെ സംശയമുള്ള അളിയൻ പോത്തൻ പണം കണ്ടെടുക്കുകയും സീരിയൽ നമ്പർ നോക്കി ബാങ്ക് കൊള്ളയ്ക്ക് പുറകിൽ അവനാണെന്നു തെളിയിച്ചു ജയിലിൽ ഇടുകയും ചെയ്തിരുന്നു എന്ന് വയ്ക്കുക. ഷിബുവും അവനും തമ്മിലുള്ള ക്യാറ്റ് ആൻഡ് മൗസ് ഗെയിം കുറച്ചുകൂടി രസകരമായി മുന്നോട്ടു കൊണ്ടുപോകാമായിരുന്നു. എന്നാൽ വെറുമൊരു വില്ലനെ പോലെ ദാസനെ ചുട്ടുകൊല്ലുന്നിടത്ത് ആ സാധ്യത അവസാനിച്ചു. എല്ലാവരും അഭിപ്രായപ്പെട്ടത് പോലെ മലയാളത്തിൽ ഒരു സൂപ്പർ ഹീറോ ചിത്രം എടുക്കാൻ കാണിച്ച ധൈര്യത്തിന് സോഫിയ പോളിനെ അഭിനന്ദിക്കുന്നു. കഥയിൽ ഒരൽപം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരു കൾട്ട് മൂവി ആയി മാറാനുള്ള മരുന്ന് മുരളിയിൽ ഉണ്ടായിരുന്നു. എന്നാലും ബേസിൽ ജോസഫിന്റെ കഥപറച്ചിലിലെ കയ്യടക്കം കാരണം പരിക്കുകൾ ഒരുപാടു കുറഞ്ഞിട്ടുണ്ട്. ബേസിലിനും അഭിനന്ദനങ്ങൾ. അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നു.

**

 

മികച്ച ഗായിക: സിത്താര കൃഷ്ണകുമാർ (ചിത്രം: കാണാ കാണെ)

5 കാണെക്കാണെ

തങ്ങളുടെ സ്ഥിരം ശൈലിയിൽ നിന്ന് മാറി ചെയ്ത രണ്ടു ചിത്രങ്ങൾക്ക് ശേഷം ബോബിയും സഞ്ജയും അവരുടെ സ്ട്രോങ്ങ് ഏരിയയിലേക്ക് തിരികെ പോകാൻ ശ്രമിക്കുന്നത് പോലെയാണ് “കാണെക്കാണെ” കണ്ടുകൊണ്ടിരുന്നപ്പോൾ തോന്നിയത്. പക, പ്രതികാരം, ഭയം തുടങ്ങിയ വികാരങ്ങളെയെല്ലാം ഒരു നിമിഷം കൊണ്ട് അപ്രസക്തമാക്കാൻ സ്നേഹത്തിനു കഴിയുമെന്ന മനോഹരമായ ആശയമാണ് സിനിമ പറയാൻ ശ്രമിക്കുന്നതെങ്കിലും ഒരാവശ്യവുമില്ലാതെ നാടകീയത കുത്തി നിറച്ച് അതിനെ നശിപ്പിച്ചു കയ്യിൽ തരുന്ന അനുഭവമാണ് സിനിമ കണ്ടുകഴിഞ്ഞപ്പോൾ കിട്ടിയത്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച പോൾ മത്തായിയും ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ച സ്നേഹയും കൂടി ഇല്ലാതിരുന്നെങ്കിൽ ഒരു സമ്പൂർണ ദുരന്തമായി ഈ ചിത്രം അവസാനിച്ചേനെ.

“ഉയരെ” കണ്ടപ്പോൾ ഒരുപാടു പ്രതീക്ഷകൾ നൽകിയ സംവിധായകനാണ് മനു അശോകൻ. ഉയരെയിലെ ക്ലൈമാക്സ് രംഗങ്ങളിൽ സംഭവിച്ചത് പോലെ ഒരു അസ്വാഭാവികത ഇതിലെ ചില സീനുകളിലുമുണ്ട്. ഉദാഹരണം, മത്തായി രാത്രി വണ്ടിയും വാടകയ്‌ക്കെടുത്ത് ആ സ്ഥലം പരിശോധിക്കാൻ പോകുന്ന ഭാഗങ്ങൾ. രാത്രി ഈ സമയത്ത് മത്തായി റോഡിൽ എന്താണ് ചെയ്യുന്നതെന്ന് ആ പോലീസുകാരൻ ചോദിക്കുന്ന സംശയം എനിക്കും തോന്നിയിരുന്നു, കാരണം അറിയാമെങ്കിൽ പോലും.

 

ബോബി-സഞ്ജയ് അവരുടെ രചനകളിൽ പലയിടത്തും ഉപയോഗിക്കുന്ന ഒരു ടെക്നിക് ( അങ്ങനെ വിളിക്കാമോ എന്നറിയില്ല) ശ്രദ്ധിച്ചിട്ടുണ്ട്. പ്രധാന കഥാപാത്രങ്ങളെ കഥയിലേക്ക് ഇറങ്ങി വിടുമ്പോൾ അവർ ആരാണെന്നോ മറ്റു കഥാപാത്രങ്ങളുമായി അവർക്കുള്ള ബന്ധം എന്താണെന്നോ ഒന്നും ആദ്യമേ തന്നെ വ്യക്തമാക്കില്ല. പകരം വളരെ പാസ്സീവായ ഡയലോഗുകളിലൂടെയും മറ്റും അത് പതിയെ വെളിച്ചത്തുകൊണ്ടു വരിക എന്നതാണ് ആ രീതി. ഈ സിനിമയിലും അതുണ്ട്. ആദ്യ അരമണിക്കൂറിൽ. മത്തായി ചുവരിലെ ആ ചിത്രത്തിലേക്ക് നോക്കി തരിച്ചു നിൽക്കുന്നത് വരെയും അതുണ്ട്. പക്ഷെ അതുവരെ ഉണ്ടായിരുന്ന ആ കയ്യടക്കം സിനിമയുടെ ബാക്കി പകുതിയിൽ ഇല്ല. അതിനു കഴിവില്ലാത്ത രചയിതാക്കളായിരുന്നുവെങ്കിൽ സാരമില്ലായിരുന്നു. പക്ഷെ ഇവർക്ക് രണ്ടു പേർക്കും അത് ചെയ്യാനുള്ള പ്രതിഭയില്ല എന്ന് പറഞ്ഞാൽ യോജിക്കാനാവില്ല. എന്തായാലും മോഹൻ കുമാർ ഫാൻസും വണ്ണും പോലെയുള്ള കഥകൾ ഒഴിവാക്കി പഴയ ട്രാക്കിൽ തന്നെ അവർ വീണ്ടും തുടർന്നിരുന്നുവെങ്കിൽ എന്നാശിക്കുന്നു.

സിനിമയിലേക്ക് തിരിച്ചു വരാം. കഥയുടെ അവസാനം മത്തായിയെ പുണരുന്ന ജോർജിനെ കാണുമ്പോൾ ഉണ്ടാവുന്ന ഒരു സന്തോഷം ആ ഒരു സീനിൽ മാത്രമായി ഒതുങ്ങിപ്പോയി എന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന ന്യൂനത. മത്തായി ഒഴികെ ഇതിലെ ഒരുവിധമുള്ള കഥാപാത്രങ്ങളെല്ലാം, ആ കുട്ടി ഉൾപ്പെടെ, ചിന്തിക്കുന്നത് അവരവരുടെ ജീവിതത്തെക്കുറിച്ചു മാത്രമാണ്. അലന് മാപ്പു കൊടുക്കാൻ മത്തായിക്ക് എങ്ങനെ കഴിഞ്ഞുവെന്ന് ചിലരൊക്കെ ചോദിക്കുന്നത് കണ്ടിരുന്നു. ജീവിതം വളരെ വിചിത്രമായ ഒന്നാണ്. അങ്ങനെ സംഭവിക്കാം. ഭാവിയെക്കുറിച്ച് നല്ല ഉൾക്കാഴ്ചയോടെ ചിന്തിക്കുന്ന മത്തായിയ്ക്ക് അതിന് പല കാരണങ്ങളും ഉണ്ടാവാം. അതൊന്നും വലിയ കുറ്റമായി പറയേണ്ടതില്ല. Sony Liv ലാണ് സിനിമ ഓടിക്കൊണ്ടിരിക്കുന്നത്. ഒരു തവണ കാണാൻ പറ്റിയ ചിത്രം.

***

മികച്ച നടി – രേവതി (ഭൂതകാലത്തിലെ അഭിനയത്തിന്)

6 ഭൂതകാലം

കഴുത്തറ്റം എത്തുന്ന മുടിയും കൊമ്പല്ലും രക്തം മണക്കുന്ന ചുണ്ടുകളുമായി വികൃത രൂപങ്ങളിൽ വരുന്ന പ്രേതങ്ങളെ സ്റ്റേജ് നാടകങ്ങൾ തോറ്റു പോകുന്ന കളർ ലൈറ്റുകളുടെ അകമ്പടിയോടെ കാണിച്ചു പ്രേക്ഷകരെ പേടിപ്പിച്ചിരുന്ന തരം ഹൊറർ സിനിമകളിൽ നിന്ന് ഒരുപരിധി വരെ മോചനമുണ്ടായത് രാം ഗോപാൽ വർമ്മ ഹൊറർ സിനിമകൾ എടുക്കാൻ തുടങ്ങിയതോടെയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നമുക്ക് സുപരിചിതമായ ഗൃഹാന്തരീക്ഷങ്ങളിൽ വളരെ സൂക്ഷ്മമായി ഭീതി കലർത്തുന്ന ഒരു തരം ആഖ്യാന രീതിയായിരുന്നു അദ്ദേഹത്തിന്റെത്. നാച്ചുറൽ ആണോ സൂപ്പർ നാച്ചുറൽ ആണോ എന്ന് അവസാന സീൻ വരെയും ആശയക്കുഴപ്പമുണ്ടാക്കുന്ന, എന്നാൽ അതേ സമയം തന്നെ പ്രേക്ഷകനെ കിടുകിടാ വിറപ്പിക്കുന്ന ഷോട്ടുകളും ഇഫക്ടുകളും ഒക്കെ അത്തരം സിനിമകളിലുണ്ടായിരുന്നു. അതിൽ ഏറ്റവും ഇഷ്ടമായ സിനിമകളിലൊന്നാണ് “ഭൂത്”. മുംബൈ പോലുള്ള ഒരു മഹാനഗരത്തിനു നടുവിലെ, നിറയെ

ആൾതാമസമുള്ള ഒരു അംബരചുംബിയിലെ ഫ്ലാറ്റാണ് പശ്ചാത്തലമെങ്കിലും സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ അതൊന്നും ഓർക്കാത്ത വിധം കാഴ്ചക്കാരനെ പിടിച്ചിരുത്തുന്ന രീതിയിലാണ് അദ്ദേഹം കഥ പറഞ്ഞു പോകുന്നത്. വർമയുടെ ഭൂത് , വാസ്തുശാസ്ത്ര എന്നീ സിനിമകളെ ഓർമിപ്പിക്കുന്നതാണ് സോണി ലൈവിൽ ഇന്നലെ പുറത്തിറങ്ങിയ ഭൂതകാലം എന്ന മലയാള സിനിമ. വിരലിലെണ്ണാവുന്ന കഥാപാത്രങ്ങൾ മാത്രമാണ് ചിത്രത്തിൽ. ലൊക്കേഷനുകളും അധികമില്ല. രാത്രി ഒറ്റയ്ക്കിരുന്നു കണ്ടാൽ പേടിച്ചു കിളി പറക്കുന്ന തരമുള്ള ക്ലൈമാക്സ് ആണ് ഈ സിനിമയുടെ ഏറ്റവും വലിയ ആകർഷണം. ഒരു തുള്ളി രക്തമോ മൃതശരീരങ്ങളോ അത്തരം മറ്റു ഗിമ്മിക്കുകളോ ഒന്നുമില്ലാതെയാണ് ഈ സിനിമ കാഴ്ചക്കാരനിൽ ഭീതി ജനിപ്പിക്കുന്നത്. രാഹുൽ സദാശിവന് അഭിനന്ദനങ്ങൾ ഷെയ്ൻ നിഗവും രേവതിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷെയ്ൻ മനോഹരമായി തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഒരു നിർമാതാവും ഗാന രചയിതാവും കൂടിയാണ് ഷെയ്ൻ. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ജെയിംസ് എലിയാ, സൈജു കുറുപ്പ്, ആതിര പട്ടേൽ എന്നിവരും നന്നായിട്ടുണ്ട്. തീർച്ചയായും കാണുക.

**

ജിയോ ബേബി–ഫ്രീഡം ഫൈറ്റ് (പ്രത്യേക ജൂറി പരാമർശം)

6. ഫ്രീഡം ഫൈറ്റ്

ജിയോ ബേബി, കുഞ്ഞിലാ മാസിലാമണി, ജിതിൻ ഐസക് തോമസ്, അഖിൽ അനിൽകുമാർ, ഫ്രാൻസിസ് ലൂയിസ് എന്നിവർ സംവിധാനം ചെയ്ത അഞ്ചു ചിത്രങ്ങളുടെ ഒരു ആന്തോളജിയാണ് “Freedom Fight “. അടിച്ചമർത്തപ്പെട്ടതും നിസ്സഹായരായതുമായ മനുഷ്യരുടെ സ്വാതന്ത്ര്യ സമരമാണ് ഇതിലെ ചിത്രങ്ങൾ പറയാൻ ശ്രമിക്കുന്നത്. സാങ്കേതികമായി ഈ തീമുമായി ഒത്തു പോകുന്നതാണ് ഈ അഞ്ചു ചെറു സിനിമകളെങ്കിലും ഓരോ ചിത്രവും ഓരോ രീതിയിലാണ് ഈ വിഷയത്തെ സമീപിച്ചിരിക്കുന്നത്. നല്ലൊരു ഉദ്യമമാണെങ്കിലും ആരും പ്രതീക്ഷിക്കാത്ത ഷോട്ടുകൾ മനഃപൂർവം കുത്തിക്കയറ്റി ഡ്രാമ ഉണ്ടാക്കാനും അതുവഴി ഒരു കൾച്ചറൽ ഷോക്ക് കൊടുത്ത് പ്രേക്ഷകനെ അമ്പരപ്പിക്കാനുമുള്ള ശ്രമങ്ങൾ ഇടയ്ക്കൊക്കെ കല്ലുകടിയാവുന്നുണ്ട് . ഇതൊന്നുമില്ലാതെ തന്നെ ഇത്തരം സബ്ജക്ടുകൾ അവതരിപ്പിക്കാൻ പറ്റുമെന്നതിന് ഉദാഹരണമാണ് വസന്ത് സംവിധാനം ചെയ്ത തമിഴ് സിനിമയായ “ശിവരഞ്ജിനിയും ഇന്നും സില പെൺഗളും” പോലുള്ള ചിത്രങ്ങൾ. എന്തായാലും മലയാളത്തിൽ ഇതുപോലൊരു വിഷയത്തെ അടിസ്ഥാനമാക്കി ഒരു ആന്തോളജി ആദ്യത്തെ സംരംഭമാണ്. അണിയറക്കാർക്ക് അഭിനന്ദനങ്ങൾ. നമുക്ക് സിനിമകളിലേക്ക് വരാം

*** ഗീതു – അൺ ചെയിൻഡ്

രജിഷ വിജയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗീതു – അൺ ചെയിൻഡ് ആണ് ഇതിലെ ആദ്യ ചിത്രം. സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒക്കെയുള്ള ഒരു വർക്കിംഗ് വുമൺ ആണ് ഗീതു. വിവാഹത്തോളമെത്തിയ ആദ്യ പ്രണയം പൊടുന്നനെ അവസാനിച്ച അനുഭവത്തിൽ നിന്നുണ്ടായ ഭീതി പുതിയൊരു ബന്ധത്തിലേക്ക് കടക്കുന്നതിൽ നിന്നവളെ പിന്നോട്ട് വലിക്കുന്നുണ്ട്. ഈ അവസ്ഥയിലാണ് ഒപ്പം ജോലി ചെയുന്ന ഒരു പയ്യൻ അവളോട് പ്രണയാഭ്യർത്ഥന നടത്തുന്നത്. ചൂടുവെള്ളത്തിൽ വീണ അനുഭവം കാരണം ഒരു തീരുമാനമെടുക്കാൻ അവളൊന്നു ശങ്കിക്കുന്നുണ്ടെങ്കിലും അവന്റെ തുടർച്ചയായ അപേക്ഷകൾക്കൊടുവിൽ അവൾക്കും അവനോട് ഇഷ്ടം തോന്നുന്നു. എന്നാൽ അവനോട് അവൾ സമ്മതമറിയിക്കുന്നത് ഓഫീസിൽ, മറ്റു സഹപ്രവർത്തകർ നോക്കി നിൽക്കുമ്പോളാണ്. വിക്കലും വിറയലുമുള്ള ഇംഗ്ലീഷിൽ കാര്യം അവതരിപ്പിച്ച അവളോട് അവന്റെ പ്രതികരണം അത്ര സുഖകരമായിരുന്നില്ല. എല്ലാവരും നോക്കി നിൽക്കുമ്പോൾ ഇങ്ങനെ ഒരു “ഷോ” നടത്തിയതിന് അവളുടെ നേരെ അയാൾ പൊട്ടിത്തെറിക്കുന്നു. കുറച്ചു നേരം അത് കേട്ടുകൊണ്ട് നിന്നതിനു ശേഷം അവളും സ്വരം മാറ്റുന്നു. അവന്റെ മുഖത്ത് നോക്കി ഒരു തെറിയും വിളിച്ചവൾ തിരിഞ്ഞു നടക്കുന്നു. അവരുടെ വാഗ്വാദം മൊബൈലിലോ മറ്റോ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്ന ഒരാളുടെ ക്യാമറയും തട്ടിത്തെറിപ്പിച്ചാണ് അവളുടെ ആ പോക്ക്. ആദാമിന്റെ വാരിയെല്ലിലെ ക്ലൈമാക്സിലെ ഫോർത്ത് വോൾ ബ്രേക്കിംഗ് പോലെ.

 

സാധാരണ മലയാള സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഒരു യുവ നായിക നായകനെ നോക്കി തെറി വിളിക്കുന്നു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയായി പറഞ്ഞു കേട്ടത്. സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇതൊരു പുതുമ തന്നെയായിരിക്കും. പരസ്യമായി ആക്ഷേപിക്കാൻ വന്നാൽ പരസ്യമായി അവന്റെ പല്ലടിച്ചു കൊഴിക്കാൻ ധൈര്യമുള്ള ഹരിയാൻവി, പഞ്ചാബി പെൺകുട്ടികളെപ്പോലെയൊന്നുമല്ല പൊതുവെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കുട്ടികൾ. എന്നാൽ ഒരു ഗിമ്മിക്ക് എന്നതിലുപരി ഈ തെറിവിളിയിൽ അവൾ അതുവരെ ഭയന്നിരുന്നതായി കാണിക്കുന്ന ആശങ്കകളൊക്കെ ഇല്ലാതാവുമോ ? ആ തെറിയും വിളിച്ചു തിരിഞ്ഞു നടക്കുന്നിടത്ത് അവൾ അതുവരെ അഭിമുഖീകരിച്ചിരുന്ന പാട്രിയാർക്കൽ ആയ വിലക്കുകളെല്ലാം അവസാനിക്കുമോ ? അത്തരം എത്ര സിറ്റുവേഷനുകളിൽ നിങ്ങൾക്ക് തെറി വിളിച്ചു രക്ഷപ്പെടാനാവും ? ഇന്ത്യൻ കുടുംബാന്തരീക്ഷത്തിൽ ഒരു സ്ത്രീയുടെ ഏറ്റവും വലിയ പേടിസ്വപ്നമാണ് വിവാഹാനന്തര ജീവിതം. വെറും ഭാഗ്യമാണ് അവരുടെ പിന്നീടുള്ള ജീവിതത്തെ തീരുമാനിക്കുന്നത്. ഏതു മതമായാലും പ്രദേശമായാലും ഭാരതത്തിലെമ്പാടും ഇത് ഏകദേശം ഒരുപോലെ തന്നെയാണ്. സ്വന്തം സ്വാതന്ത്ര്യം അടിയറവു വച്ച് അയാളെ സ്വീകരിക്കേണ്ടതില്ല എന്ന തീരുമാനം എടുക്കുന്ന ഗീതു തീർച്ചയായും ഉഗ്രനൊരു നായികയാണ്. എന്നാൽ ഇപ്പോൾ ചെയ്തുവച്ചിരിക്കുന്ന എളുപ്പപ്പണിയെക്കാൾ കുറച്ചുകൂടി ആഴത്തിൽ ആലോചിക്കേണ്ട ഒന്നായിരുന്നു ഇതിലെ ക്ലൈമാക്സ് എന്നാണ് എന്റെ അഭിപ്രായം. എന്തായാലും നല്ല കളർഫുൾ ആയിട്ടാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. രജിഷയും രഞ്ജിത്ത് ശേഖറും നന്നായി അഭിനയിച്ചിട്ടുണ്ട്. സ്മിനു സിജോയും നന്നായിട്ടുണ്ട്.

*** അസംഘടിതർ

കോഴിക്കോട് മിഠായി തെരുവിലെ വ്യാപാരസ്ഥാപങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ സമയം അനുവദിച്ചു കിട്ടാൻ നടത്തിയ സമരമാണ് “അസംഘടിതർ” എന്ന ചിത്രത്തിന്റെ പ്രമേയം. ഒരു പക്ഷെ ഈ ആന്തോളജിയിലെ ഏറ്റവും raw and റിയലിസ്റ്റിക് ആയ മേക്കിങ്, മികച്ച കാസ്റ്റിംഗ്, അഭിനയം, ഛായാഗ്രഹണം എല്ലാം ഈ സിനിമയുടേതാവും എന്നാണ് തോന്നുന്നത്. ഡോക്യൂഫിക്ഷൻ ഫോർമാറ്റിലാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ടോയിലറ്റിൽ പോകാൻ കഴിയാതെ മൂത്രം പിടിച്ചു വയ്ക്കുമ്പോളുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ, തിരക്ക് പിടിച്ച ഒരു സ്ട്രീറ്റിൽ മൂത്രപ്പുര കിട്ടാതെ അലയേണ്ടി വരുന്ന അവസ്ഥ, അതിന്റെ മേലുള്ള കച്ചവടക്കാരുടെ അശ്ലീലം കലർന്ന തമാശകളും കുറ്റപ്പെടുത്തലുകളും തുടങ്ങി അവർ അനുഭവിക്കുന്ന ദുരിതങ്ങൾ മറയില്ലാതെ കാണിക്കാൻ ചിത്രം ശ്രമിക്കുന്നുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ ഗതികേട് കാരണം മറ്റു വഴികൾ തേടേണ്ടി വരുന്ന അവരുടെ കഷ്ടപ്പാടും വിശദമായി കാണിക്കുന്നുണ്ട്. പബ്ലിക് ടോയിലറ്റുകൾ ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേരളത്തിലെ റോഡുകളിലൂടെ ദീർഘയാത്രകൾ ചെയ്തിട്ടുള്ള സ്ത്രീകളോട് ചോദിച്ചാലറിയാം അത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നമ്മുടെ നാട്ടിൽ പുരുഷന്മാർക്ക് പോലും വഴിയരികിൽ മൂത്രമൊഴിക്കാൻ ഒഴിഞ്ഞ സ്ഥലം കിട്ടാത്ത അവസ്ഥയുണ്ട്. എന്തായാലും ഇതുമായി ബന്ധപ്പെട്ട ഒരു യഥാർത്ഥ സംഭവത്തെ ഏറ്റവും സത്യസന്ധമായി പറയാൻ ശ്രമിച്ചു എന്ന മെറിറ്റ് ഒരു വശത്തുള്ളപ്പോൾ തന്നെ ക്രിയേറ്റീവ് ആയി ഈ വിഷയത്തെ കൈകാര്യം ചെയ്യാനുള്ള ഒരു ശ്രമം സിനിമയിലില്ല എന്നതൊരു കുറവ് തന്നെയായിട്ടാണ് എനിക്ക് തോന്നിയത്.

തുടക്കത്തിൽ സൂചിപ്പിച്ചതു പോലെ ഒരാവശ്യവുമില്ലാത്ത ചില സീനുകൾ ഈ സിനിമയിലുണ്ട്. പല രീതിയിൽ മൂത്രശങ്കയ്ക്ക് ആശ്വാസം കണ്ടെത്താനുള്ള അവരുടെ കഷ്ടപ്പാടുകൾ പ്രേക്ഷകനെക്കൂടി അനുഭവിപ്പിക്കാൻ വേണ്ടി ചേർത്തിട്ടുള്ള സീനുകളുടെ പ്രസക്തി നമുക്ക് മനസിലാക്കാം. എന്നാൽ സമരം വിജയിച്ചതിനു ശേഷം അവർക്കു ലഭിക്കുന്ന പുതിയ ടോയ്‌ലറ്റിൽ ഒരു സ്ത്രീ അതുപയോഗിക്കാൻ കയറുമ്പോൾ വിശദമായി തന്നെ അതിന്റെ ഒരു ഇൻഡോർ സീൻ ചേർക്കേണ്ട ആവശ്യമെന്തായിരുന്നു ? ഈ സ്ത്രീകളെല്ലാം കൂടി ബീച്ചിലിരുന്നു അടുത്ത സമരത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ പാറപ്പുറത്ത് കുട ചൂടിയിരിക്കുന്നവരുടെ മേലേയ്ക്ക് അശ്വതി തമാശയായി ഒരു കല്ലെടുത്തെറിയുന്നുണ്ട്. നമ്മൾ പ്രതീക്ഷിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി കുട താഴ്ത്തി തിരിഞ്ഞു നോക്കുന്നത് രണ്ടു പുരുഷന്മാരാണ്. അത് പോട്ടെ. ഈ സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ ഗൗരവം വച്ചുനോക്കുമ്പോൾ ഇതൊന്നും ഒരു വലിയ കുറവായി എടുത്തു പറയാനില്ല. അഭിനേതാക്കളിലേക്കു വരുമ്പോൾ ശ്രിന്ദ അവതരിപ്പിച്ച അശ്വതിയും പൂജ മോഹൻരാജ് അവതരിപ്പിച്ച സജ്നയും ആണ് ഏറ്റവും നന്നായത് എന്ന് തോന്നുന്നു. യഥാർത്ഥ ജീവിതത്തിലെ പോരാളികളായ അജിതയും വിജി പെൺകൂട്ടും സ്വന്തം പേരിലുള്ള വേഷങ്ങൾ തരക്കേടില്ലാതെ അഭിനയിച്ചിട്ടുണ്ട്. കുഞ്ഞില മാസിലാമണി പ്രതിഭയുള്ള സംവിധായികയാണ്. പ്രൊപ്പഗാണ്ട ചിത്രങ്ങൾ ( ഇതിനെ അങ്ങനെ വിളിക്കാമോ എന്നുറപ്പില്ല ) അല്ലാതുള്ള ഒരു സിനിമ കുഞ്ഞിലയിൽ നിന്ന് പ്രതീക്ഷിക്കുന്നു.

*** റേഷൻ

ഒരു മതിലിനപ്പുറവും ഇപ്പുറവും വിരുദ്ധ ധ്രുവങ്ങളിലുള്ള ജീവിത നിലവാരത്തിൽ ജീവിക്കുന്ന രണ്ടു കുടുംബങ്ങൾ. ഒരു ദിവസം അവിചാരിതമായി പിണയുന്ന ഒരക്കിടി കാരണം നെട്ടോട്ടമോടുന്ന ഒരു വീട്ടമ്മയും അവളുടെ ഭർത്താവുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. ആ കുടുംബങ്ങൾ തമ്മിൽ വളരെ നല്ല അടുപ്പമുള്ളതായി കാണിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. ഇങ്ങനെ വെപ്രാളപ്പെടുന്നതിനു പകരം എന്തുകൊണ്ട് ആ സ്ത്രീയ്ക്കതു തുറന്നു പറഞ്ഞുകൂടാ എന്നുള്ള സംശയം സ്വാഭാവികമായും പ്രേക്ഷകർക്ക് ഉണ്ടാവാം. പക്ഷെ അങ്ങനെയുള്ള സ്ത്രീകളും നാട്ടിലുണ്ട് എന്നതാണ് യാഥാർഥ്യം. താൻ കാരണം മറ്റുള്ളവർക്ക് ഒരു പ്രശ്നമുണ്ടാവരുത് എന്നുള്ള ആഗ്രഹവും വാശിയും കൊണ്ടാണ് അവരത് മറച്ചു വയ്ക്കുന്നത്. എത്ര കഷ്ടപ്പാടിലും ഒരുതരം ദുരഭിമാനം പോലെ അവരതു പരിപാലിക്കും. അതുകൊണ്ടു തന്നെ സുമിയുടെ ആ മരണപ്പാച്ചിലിൽ അസ്വാഭാവികമായൊന്നും തോന്നിയില്ല. എന്നാൽ എന്തിനായിരുന്നു ഈ കഷ്ടപ്പാടെന്നു ശരിക്കും ചോദിയ്ക്കാൻ തോന്നിയത് ഇതിന്റെ ക്ലൈമാക്സ് കണ്ടപ്പോളാണ്. പണ്ടത്തെ ഗുണപാഠ കഥകളിലേത് പോലെ ഒരു ക്ലിഷേ എന്നല്ലാതെ അതിനെ വിശേഷിപ്പിക്കാൻ കഴിയില്ല. നോക്കൂ, ഒരു ദിവസത്തെ ഓട്ടത്തിനും അലച്ചിലിനും ഒടുവിൽ നഷ്ടം സംഭവിക്കുന്നത് സുമിക്ക് മാത്രമാണല്ലോ. എന്താണോ മറച്ചു പിടിക്കാൻ ശ്രമിച്ചത്, അതൊടുവിൽ കറങ്ങിത്തിരിഞ്ഞ് അവളുടെ അടുക്കളയിൽ തന്നെ തിരിച്ചെത്തുകയും ചെയ്തു. എന്നാൽ സമ്പന്നരായ ഒരു കുടുംബത്തിന്റെ ധൂർത്തിൽ അന്ന് നഷ്ടമാകുന്നതോ ആ പാവത്തിന്റെ മോതിരവും. അതായത്, ഈ സംഭവത്തിൽ നഷ്ടം സംഭവിക്കുന്ന ഒരേയൊരാൾ സുമിയാണ്. കുപ്പയിൽ കളയുന്നതിനു പകരം ആ സ്ത്രീ ആ മീൻ കറി നിങ്ങൾ കഴിച്ചോ എന്ന് പറഞ്ഞു അവളെ തന്നെ ഏൽപ്പിക്കുന്നതായിരുന്നു ക്ലൈമാക്സ് എന്ന് വയ്ക്കുക. സമൂഹത്തിൽ നിലനിൽക്കുന്ന സാമ്പത്തികമായ അസമത്വം വലവീശുമ്പോൾ അതിൽ കുടുങ്ങി കൂടുതൽ ദരിദ്രരായി മാറുന്നതും ഈ പാവങ്ങൾ തന്നെയാണ് എന്ന് സ്ഥാപിക്കാൻ കഴിയുമായിരുന്നു. അത്തരം സാദ്ധ്യതകൾ പാടെ ഉപേക്ഷിച്ചു ഒരു മോറൽ സ്റ്റോറി പോലെ സിനിമ അവസാനിപ്പിച്ചു കളഞ്ഞു. കുറ്റം മാത്രം പറയരുതല്ലോ. ഇതിൽ ആ ഭർത്താവും ഭാര്യയും തമ്മിലുള്ള കെമിസ്ട്രി വളരെ ഇഷ്ടമായി. അയാളുടെ നിസ്സഹായാവസ്ഥയിലും അവൾ ചെന്ന് പെട്ടിരിക്കുന്ന കുടുക്കിൽ നിന്നവളെ രക്ഷപ്പെടുത്താൻ അയാൾ ആഗ്രഹിക്കുന്നുണ്ട്. ജിയോ ബേബി അതിമനോഹരമായി ആ വേഷം അവതരിപ്പിച്ചിട്ടുണ്ട്. പലചരക്കുകടയിൽ സാധനങ്ങൾ എടുത്തുകൊടുക്കുന്ന ജോലി ചെയ്യുന്ന ഒരു സാധാരണക്കാരന്റെ ജീവിതത്തിന്റെ എല്ലാ പ്രതിസന്ധിയും അദ്ദേഹത്തിന്റെ ശരീര ഭാഷയിലും ഭാവങ്ങളിലും സംഭാഷണത്തിലും ഉണ്ടായിരുന്നു. മറ്റഭിനേതാക്കളും, പ്രത്യേകിച്ച് സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും നന്നായിട്ടുണ്ട്.

*** ഓൾഡ് ഏജ് ഹോം

കേരളം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൂറ്റൻ വീടുകളിൽ ഒറ്റപ്പെട്ടു പോകുന്ന അച്ഛനമ്മമാർ. അതുപോലുള്ള ഒരു കുടുംബമാണ് ബേബിയുടേത്. ബേബിയും അയാളുടെ ഭാര്യ ലാലിയും അവർക്കു സഹായത്തിനായി ഒപ്പം താമസിക്കുന്ന ധനലക്ഷ്മിയും മാത്രമാണ് ആ വലിയ വീട്ടിലെ താമസക്കാർ. ബേബിയുടെയും ലാളിയുടെയും മക്കളെല്ലാം നല്ല നിലയിൽ വിദേശത്തും. വീടിനോടു ചേർന്ന് തന്നെ ഒരു പലഹാരം നിർമാണ യൂണിറ്റുമായി തിരക്കിലാണ് ലാലി. ഇതിനിടയിൽ ബേബിയുടെ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ പോലുമാകാത്ത തിരക്കാണവർക്ക് എന്നൊരു പരിഭവം ബേബിക്കുണ്ട്. ബേബിക്ക് മാത്രമല്ല ധനലക്ഷ്മിക്കും അതേ അഭിപ്രായമാണ്. ഓർമ്മക്കുറവും അനാരോഗ്യവും കാരണം അവശതയിലായ അയാളുടെ ആഗ്രഹങ്ങൾ ലാലി അറിയുന്നില്ല. എന്നാൽ ധനലക്ഷ്മി അതൊക്കെ ശ്രദ്ധിക്കുന്നു എന്ന് മാത്രമല്ല അത് സാധിച്ചു കൊടുക്കാൻ അവൾ ശ്രമിക്കുകയും ചെയ്യുന്നു. അവിചാരിതമായ സംഭവങ്ങളുടെ അവസാനം ലാലിയ്ക്ക് സ്വന്തം ധനലക്ഷ്മിക്കു വീട് വിട്ടു പോകേണ്ടി വരുന്നു. ഒരു വീടും വൃദ്ധഭവനവും തമ്മിലുള്ള വ്യത്യാസം അവിടെ താമസിക്കുന്നവർ തമ്മിലുള്ള ആത്മബന്ധവും അങ്ങോട്ടുമിങ്ങോട്ടുമുള്ള തിരിച്ചറിവുമാണ്. ഡിമെൻഷ്യയിലേക്ക് മുങ്ങി വീണുകൊണ്ടിരിക്കുന്ന ബേബിയുടെ ആവശ്യങ്ങൾ എത്രത്തോളം പ്രധാനപ്പെട്ടതാണെന്നു മനസ്സിലാക്കാൻ ലാലിക്കോ അവരുടെ മക്കൾക്കോ കഴിയുന്നില്ല. പൂർണമായും രോഗത്തിന്റെ പിടിയിലേക്ക് വീണുപോകുന്നതിനു മുമ്പ് സ്വന്തം ബക്കറ്റ് ലിസ്റ്റിലെ ആഗ്രഹം ഓരോന്നോയി പൂർത്തീകരിക്കാൻ ശ്രമിക്കുകയാണ് ബേബി എന്ന കാര്യം മനസ്സിലാക്കുന്ന ഒരേയൊരാൾ ധനലക്ഷ്മിയാണ്. വീട് വിട്ടു പോകുന്നതിനു മുമ്പ് അവൾ ലാലിയോട് ആവശ്യപ്പെടുന്നതും അത് മാത്രമാണ്. ജീവിതത്തിൽ ഇതിനോട് ഏകദേശം സാമ്യമുള്ള ഒരു സന്ദർഭം നേരിട്ട് കണ്ടിട്ടുള്ളതുകൊണ്ട് ഇതിലെ ക്ലൈമാക്സ് ഒരല്പം മനസ്സ് വിഷമിപ്പിച്ചു. വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളേയുള്ളൂ ഈ ചിത്രത്തിൽ. ജോജുവിന്റെ ഒന്നാംതരം അഭിനയത്തിനൊപ്പം തന്നെ നിൽക്കുന്നുണ്ട് രോഹിണിയുടെയും ലാലിയുടെയും പ്രകടനങ്ങളും.

*** പ്ര. തൂ, മു.

“പ്രജാപതിക്ക് തൂറാൻ മുട്ടി” – അതുല്യ സാഹിത്യകാരനും ഒരു യഥാർത്ഥ ബുദ്ധിജീവിയുമായിരുന്ന ശ്രീ. ഓ വി വിജയൻ രചിച്ച ധർമപുരാണം എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ നോവൽ തുടങ്ങുന്നത് ഈ വാചകത്തിൽനിന്നാണ്. സ്‌കൂളിൽ പഠിക്കുമ്പോളാണ് ആ പുസ്തകം ആദ്യമായി വായിക്കുന്നത്. അതിലെ ആദ്യ അദ്ധ്യായം മുഴുവൻ പ്രജാപതിയുടെ വിസർജ്ജനത്തിന്റെ വിശദമായ വർണനയാണ്. അതൊക്കെ വായിക്കുമ്പോൾ അറപ്പു തോന്നിയിരുന്നു എന്നത് വാസ്തവമാണ്. എന്നാൽ പ്രത്യക്ഷത്തിൽ കാണുന്നതല്ല ആ വാചകങ്ങളുടെ അർത്ഥമെന്നും ഭരണാധികാരികളുടെ വാചാടോപങ്ങൾ തൊള്ള തൊടാതെ വിഴുങ്ങുകയും അത് അതേപടി പ്രജകളുടെ മേൽ തള്ളുകയും ചെയ്യുന്ന മാദ്ധ്യമങ്ങളെയും ഉപജാപകരെയും ഒക്കെയാണ് കടുത്ത ഭാഷയിൽ അദ്ദേഹം ലക്‌ഷ്യം വച്ചിരിക്കുന്നതെന്നുമൊക്കെ മനസ്സിലാവാൻ വർഷങ്ങൾക്കു ശേഷം ഒരു രണ്ടാം വായന വേണ്ടി വന്നു. വരുന്ന പല നൂറ്റാണ്ടുകളിലേക്കു ഒരു ടൈം ട്രാവൽ നടത്തിയാണ് വിജയൻ അതെഴുതിയതെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. കാലത്തെ അതിജീവിക്കുന്ന രചനയായി ധർമപുരാണം മാറിയതിന് വേറെന്തു കാരണമാണുള്ളത്?. എന്തായാലും നോവലുമായുള്ള സിനിമയുടെ ബന്ധം ഈ പേരിലൊതുങ്ങുന്നു. ഇതിലെ വിഷയം വേറെയാണ്. മന്ത്രി തോമസ്സിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനെത്തുന്ന തമിഴന്മാരുടെ സംഘത്തിലെ ഒരാൾക്ക് അവിചാരിതമായി മന്ത്രിയുമായി ഇടയേണ്ടി വരുന്നതും കണ്ണിൽ ചോരയില്ലാത്ത രീതിയിൽ മന്ത്രി അവരോടു പ്രതികാരം ചെയ്യുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ഏറ്റവും മോശപ്പെട്ട പണികളുടെ ലിസ്റ്റിൽ ഒന്നാമതായി നമ്മുടെ സമൂഹം കാണുന്ന തോട്ടിപ്പണി ചെയ്യുന്ന പാവങ്ങൾ ദന്തഗോപുരങ്ങളിൽ ശുഭ്രവസ്ത്രം ധരിച്ചു വിരാജിക്കുന്ന കോമരങ്ങളെക്കാൾ എത്രയോ വലിയവരാണെന്നു പറയാതെ പറയുന്നു ഈ സിനിമ. അനാവശ്യമായ ചില സീനുകൾ ഒഴിച്ച് നിർത്തിയാൽ ഈ ആന്തോളജിയുടെ പ്രഖ്യാപിത നയത്തോടു നീതി പുലർത്തുന്നുമുണ്ട് ഈ ചിത്രം. ഇതിലെ ഏറ്റവും നല്ല പ്രകടനം ലക്ഷ്മണനെ അവതരിപ്പിച്ച ഉണ്ണി ലാലുവിന്റെതാണെന്നു നിസ്സംശയം പറയാം. തീ കത്തുന്ന കണ്ണുകൾ, രക്തം തെറിക്കുന്ന ശരീര ഭാഷ എന്നിവയൊക്കെ അയാളിലുണ്ട്. ഉണ്ണി കഴിഞ്ഞാൽ ഏറ്റവും ഇഷ്ടമായത് തീർച്ചയായും സിദ്ധാർഥ് ശിവ അവതരിപ്പിച്ച തോമസിനെയാണ്. അസ്സലൊരു കുറുക്കനായ വഷളൻ മന്ത്രി. ക്ലൈമാക്സ് മാറ്റി നിർത്തിയാൽ ഒന്നാംതരം ഒരു തുടക്കവും വളർച്ചയും ഈ കഥയ്ക്കുണ്ട്. മറ്റുള്ളവരും അവരവരുടെ വേഷം വളരെ നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമയിൽ കാണിക്കുന്നതൊക്കെ ഒരുപൊടിക്ക് കൂടുതലാണോ എന്ന് സംശയമുള്ളവർ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടിലും കർണ്ണാടകയിലുമൊക്കെയുള്ള കുഗ്രാമങ്ങളിൽ പാവങ്ങളായ കൂലിവേലക്കാരെ എങ്ങനെയാണു പ്രബലർ കൈകാര്യം ചെയ്യുന്നതെന്ന് അന്വേഷിച്ചു നോക്കിയാൽ അറിയാം. അതിന്റെ പത്തിലൊന്നു മാത്രമേ ഈ ചിത്രത്തിലുള്ളൂ. അത്രയും ദയനീയമാണ് അവരുടെ ജീവിത സമരങ്ങൾ.

***

മികച്ച സ്വഭാവ നടൻ: സുമേഷ് മൂർ (കള)

7 കള

മരിക്കുന്നതിന് മുമ്പ് ഭാര്യ അയാൾക്കയച്ച ഒരു സമ്മാനമായിരുന്നു ആ നായ. ഒരുപക്ഷെ അയാൾക്ക് ഈ ലോകത്ത് അവശേഷിച്ച ഏക ബന്ധു. അവിചാരിതമായി അയാളുടെ ജീവിതത്തിൽ കടന്നു കയറുന്ന ചിലർ ആ പാവത്തിനെയും കൊന്നു കളയുമ്പോൾ ഒരു രക്തരക്ഷസ്സായി ഉയർത്തെഴുനേറ്റ് അവർക്കൊക്കെ ചോര കൊണ്ട് മറുപടി കൊടുക്കുകയാണ് ജോൺ വിക്ക്. ലോകമെമ്പാടുമുള്ള കോടിക്കണക്കിനു സിനിമാസ്വാദകരെ ആകർഷിച്ച ആ തട്ടുപൊളിപ്പൻ ആക്ഷൻ ചിത്രത്തിലെ കഥ മറിച്ചിട്ട് അതിലൊരു കുരുമുളക് മോഷണവും ചുറ്റിക്കളികളും മേമ്പൊടിക്ക് അല്പം പൊളിറ്റിക്‌സും കയറ്റിയുണ്ടാക്കിയതാണോ ഈ സിനിമയെന്ന് “കള” കണ്ടുകൊണ്ടിരുന്നപ്പോൾ തോന്നാതിരുന്നില്ല. ഒരു സാധാരണ ഹോളിവുഡ് ആക്ഷൻ സിനിമയാണെങ്കിലും ജോൺ വിക്ക് പറയുന്നത് നേരെ ചൊവ്വേയുള്ള ഒരു കഥയാണ്. തന്റെ ജീവിതത്തിലുണ്ടായ വലിയ നഷ്ടങ്ങൾക്ക് ഉത്തരവാദികളായവരോട് ജോൺ നടത്തുന്ന ഒറ്റയാൾ യുദ്ധത്തിൽ കവിഞ്ഞു മറ്റവകാശവാദങ്ങളൊന്നും അതിന്റെ അണിയറക്കാർക്കുണ്ടായിരുന്നില്ല. എന്നാൽ പ്രധാന ആശയം ഇതായിരിക്കുമ്പോൾ തന്നെ വേണ്ടാത്ത തൊങ്ങലുകൾ തുന്നി ചേർത്ത് അവിയൽ പരുവമാക്കിയ ഒരു കഥയായാണ് കളയെന്നു പറയാതെ വയ്യ.

അഡ്‌വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എനിക്കിഷ്ടമായ ഒരു സിനിമയാണ്. ഒരല്പം വലിച്ചു നീട്ടലുണ്ടെങ്കിലും വളരെ വ്യത്യസ്തമായ ഒരു ചിത്രമായിരുന്നു അത്. നല്ലൊരു കഥയും പരിചരണവും അതിലുണ്ടായിരുന്നു. ആ സിനിമയുടെ സംവിധായകന്റെ മൂന്നാമത് ചിത്രം എന്നതായിരുന്നു കള കാണാനുള്ള പ്രധാന ആകർഷണം. നിർഭാഗ്യവശാൽ മുഷിപ്പിക്കുന്ന ഒരനുഭവമായി മാറി ഈ സിനിമ എന്ന് പറയാതെ വയ്യ. ആദ്യത്തെ സിനിമയിൽ സംഭവിച്ച അതേ വലിച്ചു നീട്ടൽ ഇതിലുമുണ്ട്. കഥാ പരിസരം സെറ്റ് ചെയ്യാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാനും മാത്രം മുക്കാൽ മണിക്കൂറോളം എടുക്കുന്നുണ്ട്. അത് കഴിഞ്ഞാൽ പൊരിഞ്ഞ തല്ലും മേമ്പൊടിക്ക് നല്ല തെറി വിളിയും. ഇതോടൊപ്പം തന്നെ മികച്ച രീതിയിൽ ചിത്രീകരിച്ച Hand-to-hand combat സീനുകൾ, കൈമെയ് മറന്നുള്ള ടോവിനോയുടെയും മൂറിന്റെയും പ്രകടനം, മികച്ച ഛായാഗ്രഹണവും സൗണ്ട് ഇഫക്ടുകളും എല്ലാമുണ്ട് ഈ സിനിമയിൽ. മാത്രമല്ല പ്രതിനായകൻ നായകനായി മാറുന്നു എന്ന പതിവില്ലാത്ത പരിസമാപ്തിയും.

 

സ്വന്തം വളർത്തു നായയെ കൊന്നവനോട് പ്രതികാരം ചെയ്യാനാണ് ഇതിലെ പേരില്ലാത്ത നായകൻ ഷാജി നിവാസിലെത്തുന്നത്. കുടുംബത്തിലെ കറുത്ത മുട്ടനാടായ ഷാജി സ്വന്തം വീട്ടിൽ തന്നെ ഒരു മോഷണം നടത്താൻ പ്ലാനിടുന്ന അതേ ദിവസമാണ് അവനും അവിടെയെത്തുന്നത്. ആശാൻ പറഞ്ഞ് ഷാജി ആളെ തിരിച്ചറിയുന്നതോടെ അവർ തമ്മിലുള്ള സംസാരങ്ങൾ വാക്ക് തർക്കത്തിലേക്കും പിന്നീട് പൊരിഞ്ഞ അടിയിലേക്കും നീളുകയാണ്. ഒരുപാടു രക്തം വീണ മല്ലയുദ്ധത്തിൽ ഷാജിയെ ജയിക്കുന്ന നായകൻ അയാളുടെ വളർത്തു നായയുമായി നടന്നു മറയുന്നിടത്താണ് കഥ അവസാനിക്കുന്നത്. ഈ സിനിമയെക്കുറിച്ച് വന്ന ചില കുറിപ്പുകൾ വായിച്ചപ്പോളാണ് വെറും സംഘട്ടനം മാത്രമല്ല ഇതിലെന്തോ രാഷ്ട്രീയം കൂടി അണിയറക്കാർ ഉദ്ദേശിച്ചിട്ടുണ്ട് എന്ന് ആദ്യമായി കേട്ടത്. അതുവരെ ഞാൻ കരുതിയത് കടുത്ത ഡോസിൽ വയലൻസുള്ള ചില പ്രശസ്ത സിനിമകളുടെ ദൃശ്യഭാഷയിൽ രൂപപ്പെടുത്തിയ ഏതോ മലയാളം സിനിമയാണെന്നാണ്. കഴിഞ്ഞ ദിവസം ക്യൂവിൽ സംവിധായകനും മൂറുമായി ശ്രീ. മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിലും അവർ രണ്ടും ഇതെടുത്തു പറഞ്ഞിരുന്നു.

വെളുത്ത നായകനെ അടിച്ചു ശരിപ്പെടുത്തുന്ന കറുത്ത നായകനാണ് സിനിമയിലെ താരം. സ്വാഭാവികമായും പണിയാളൻ മുതലാളിയെ കീഴ്പ്പെടുത്തുന്ന രാഷ്ട്രീയമാവണം അവർ ഉദ്ദേശിച്ചത്. ഇതിലെ ജന്മി സ്ഥാനത്തുള്ളത് രവീന്ദ്രനാണ്. അയാൾ ഏതു ജാതിയാണെന്നു വ്യക്തമായി സിനിമയിൽ കാണിക്കുന്നില്ല. എന്തായാലും സാധാരണ മാടമ്പി സിനിമകളിൽ കാണുന്നത് പോലെ നെറ്റിപ്പട്ടവും ചുവർചിത്രവും പോലുള്ള തൊങ്ങലുകൾ ചാർത്തിയ ആഢ്യത്വമുള്ള ഒരു ജന്മിഗൃഹമല്ല ഷാജി നിവാസ്. പഴയൊരു കൃഷിക്കാരന്റെ വീട്ടിലുള്ള സൗകര്യങ്ങളിൽ കവിഞ്ഞു കൂടുതലൊന്നും അതിലില്ല. രവീന്ദ്രൻ ഒരു സൈനിക ഓഫീസറായിരുന്നുവെന്നു ക്ലൈമാക്സിൽ കാണിക്കുന്ന അയാളുടെ ചില്ലിട്ട ചിത്രത്തിൽ നിന്ന് മനസിലാക്കാം. രവീന്ദ്രന്റെ പണം തുലച്ചു ജീവിക്കുന്ന ഷാജി പണത്തിനു വേണ്ടി മാത്രമാണ് രവീന്ദ്രനെ സോപ്പിട്ടു നിൽക്കുന്നത്. പണ്ട് തങ്ങളുടേതായിരുന്ന സ്ഥലമൊക്കെ കയ്യേറിയയാളാണ് രവിയെന്നു അറപ്പോടെ കൂട്ടുകാരോട് പറയുന്ന മണിയാശാനും രവീന്ദ്രനോട് അത് പ്രകടിപ്പിക്കുന്നില്ല.

അയാൾ കൊണ്ടുവരുന്ന പണിക്കാരായ “പാണ്ടികളുടെ” ( ഷാജി മാത്രമല്ല ആശാനും അവരെ ഇത് തന്നെയാണ് വിളിക്കുന്നത്. ആശാന്റെയൊപ്പം നിൽക്കുന്നവരോട് ആശാനും വിവേചനമുണ്ട് ) കൂട്ടത്തിലാണ് ഷാജിയോട് ഏറ്റവും ശത്രുതയുള്ള അവനും എത്തുന്നത്. കാഴ്ച്ചയിൽ അധസ്ഥിതനായ ജന്മിയുടെ മകനായ , വെളുത്തു സൗന്ദര്യമുള്ള ഷാജിയെ അടിച്ചു പറത്തുമ്പോഴാണ് ഇതിലെ രാഷ്ട്രീയം വെളിവാകുന്നത് എന്നാണ് സിനിമ ഭാവിക്കുന്നത്. എന്നാൽ ഇതൊരു തട്ടിപ്പാണെന്നാണ് എന്റെ അഭിപ്രായം. കാലാകാലങ്ങളായി സമൂഹം കൊണ്ടുനടക്കുന്ന ( നടന്നിരുന്ന എന്ന് വേണമെങ്കിലും പറയാം ) അവർണ – സവർണ ധാരണകളെ ഒന്ന് കൂടി ശരിവയ്ക്കുകയാണ് ഇവിടെ. കറുത്തവൻ വെളുത്തവന്റെ അടിമയാവുന്നത് സ്വാഭാവികമാണെന്നും തൊലിക്കറുപ്പ് കൂടിയയാൾ അടിച്ചും കൊന്നും ചോരയൊഴുക്കിയും ജയിക്കണം എന്നുമല്ലേ ഈ ചിത്രം പറഞ്ഞു വയ്ക്കുന്നത് ? നിറം കൊണ്ട് അടയാളപ്പെടുത്തേണ്ട ഒന്നല്ല അത്. വെളുത്ത തൊലിയുള്ള എത്രയോ ആദിവാസി സമൂഹങ്ങൾ ലോകത്തുണ്ട്. ഇന്ത്യയിൽ തന്നെയുണ്ട്. ഇത്തരം ലക്ഷണങ്ങളെ ഒന്നുകൂടി സ്ഥാപിക്കേണ്ട കാര്യം സിനിമയ്ക്കുണ്ടോ ? മേൽപ്പറഞ്ഞ മസിൽ പവറിന്റെ കാര്യം മണിയാശാനും പ്രകടിപ്പിക്കുന്നുണ്ട്. ആശാന്റെ അച്ഛൻ രവീന്ദ്രന് പണ്ട് കൊടുത്ത ഒടിയുടെ അടയാളം ഇപ്പോളും രവിയുടെ മുഖത്തുണ്ടെന്നു പല്ലിറുമ്മിക്കൊണ്ട് അയാൾ കൂട്ടുകാരോട് പറയുന്നത് ശ്രദ്ധിക്കുക. മല്ലയുദ്ധത്തിലൂടെ ജയിക്കുന്നത് ഒരുതരം ഗോത്ര വർഗ സംസ്കാരമാണ്. അതിൽ നിന്നൊക്കെ പാഠങ്ങൾ പഠിച്ച മനുഷ്യൻ ഇത്തരം സ്വഭാവം വഴിയിലുപേക്ഷിച്ച് സ്വയം പരിഷ്കരിച്ചാണ് ഇപ്പോളത്തെ അവസ്ഥയിലെത്തിയത്. ശാരീരികമായ കരുത്ത് മാത്രമാണ് ഉച്ചനീചത്വത്തിനെതിരെ പ്രതികരിക്കാനുള്ള ആയുധമെങ്കിൽ ലോകത്തു തന്നെ ഏറ്റവും കൂടുതൽ ശാരീരിക ക്ഷമയുള്ള ആഫ്രിക്കൻ വംശജർ ഈ ലോകം ഭരിക്കുമായിരുന്നു. എന്നാൽ അതല്ല സ്ഥിതി. ഒരു വാദത്തിനു വേണ്ടി ഇപ്പോളും ഇതൊക്കെ നടക്കുന്നുണ്ടല്ലോ എന്ന് സ്ഥാപിച്ചാൽ പോലും ഒരു നൂറു വർഷം മുമ്പുണ്ടായിരുന്ന അത്തരം വിവേചനങ്ങളിൽ നിന്ന് നമ്മൾ എത്രയോ മുന്നോട്ടു വന്നിരിക്കുന്നു. രണ്ടു വർഷം മുമ്പ് അമേരിക്കയിൽ വെള്ളക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഒരു കറുത്ത വംശജനെ കഴുത്തു ഞെരിച്ചു കൊന്നപ്പോൾ ലോകം എങ്ങനെയാണു അതിനോട് പ്രതികരിച്ചതെന്നും അയാൾക്ക്‌ ഈയടുത്ത കാലത്ത് ശിക്ഷ കിട്ടിയതെന്നും ഓർക്കുക.

ഇത്തരം “രാഷ്ട്രീയം” തിരുകി കയറ്റുന്നതിനേക്കാൾ എത്രയോ മനോഹരമാവുമായിരുന്നു ആ നായയ്ക്ക് വേണ്ടി ജീവൻ കൊടുത്തും പ്രതികാരം ചെയ്യാനായി അയാൾ വരുന്നതിനെ ഹൈലൈറ്റ് ചെയ്തിരുന്നുവെങ്കിൽ. ആ മിണ്ടാപ്രാണിയോട് അവനുണ്ടായിരുന്നു സ്നേഹത്തിന്റെ ആഴം അനുഭവിപ്പിക്കുന്ന ഒരു ചിത്രമായി ഇത് മാറുമായിരുന്നു. എന്നാൽ തന്റെ നായയെ കൊന്നതിനു പകരം ഷാജിയുടെ നായയെ കൊല്ലുമെന്ന് വെല്ലുവിളിയുയർത്തുന്ന അവൻ ഒരു ജീവന് പകരം മറ്റൊരു ജീവൻ എന്നുള്ള വാശിയിൽ കവിഞ്ഞു മറ്റൊന്നും പ്രകടിപ്പിക്കുന്നില്ല. പറമ്പിലും വീട്ടിലുമെല്ലാമിട്ട് അവൻ ഷാജിയെ പൊതിരെ തല്ലുമ്പോൾ ആ നായ ഷാജി തന്നെയാണ് എന്ന് തോന്നിപ്പോകും. ഒടുവിൽ ഷാജിയുടെ നായയെ അവൻ കൊണ്ടുപോകുന്നത് കൊല്ലാനാണോ വളർത്താനാണോ എന്നു വ്യക്തമല്ലെങ്കിലും മല കയറുന്ന അവരുടെ രണ്ടുപേരുടെയും രൂപങ്ങളിൽ നിന്ന് നഷ്ടപ്പെട്ട വളർത്തു നായക്ക് പകരം വളർത്താൻ തന്നെയാവും എന്നൂഹിക്കുന്നു. ഇതിൽ ഒരു കൗതുകമുണ്ട്. സംഘട്ടനത്തിനിടയ്ക്കു ഷാജി അയാളെ നായാടിയുടെ മകനേ എന്ന് വിളിക്കുന്നതിൽ നിന്ന് അയാളുടെ സമുദായം അതാണെന്നൂഹിക്കാം. നായാടി എന്ന സമുദായത്തിന് ആ പേര് വന്നത് ഭൂതകാലത്ത് അവർ നടത്തിയിരുന്ന നായാട്ടുകളുടെ അനുബന്ധമായാണ്. വേട്ടയ്ക്കിറങ്ങുമ്പോൾ സഹായത്തിനു വേണ്ടി വേട്ടപ്പട്ടികളെയും അവർ ഉപയോഗിച്ചിരുന്നു. ഇതിലെ നായകൻ വളർത്തിയിരുന്നത് നാടൻ ഇനത്തിൽപ്പെട്ട ഏതോ ഒരു നായയെയാണ്. എന്നാൽ ഷാജിയുടേത് Mastiff ഇനത്തിൽപ്പെട്ട Cane Corso എന്ന ബ്രീഡിൽ പെട്ട ആഢ്യൻ വേട്ടനായയാണ്. ഈ ബ്രീഡിൽപ്പെട്ട നായകൾ ഏതാണ്ട് മൂവായിരത്തോളം വർഷം മുമ്പേ തന്നെ മനുഷ്യനോടൊപ്പം ജീവിച്ചു വരുന്നതാണ്. ഈ നായയെ ഷാജി സ്നേഹത്തോടെയും അഭിമാനത്തോടെയുമാണ് കൊണ്ട് നടക്കുന്നത്. സ്നേഹം കൊടുത്താൽ അത് പത്തിരട്ടിയായി തിരികെ തരുന്ന മറ്റൊരു ജീവിയില്ലെന്നു ഒരു മണിയാശാനെക്കൊണ്ട് പറയിച്ചിട്ട് കുറച്ചു കഴിയുമ്പോൾ കാണിക്കുന്നതോ , ഇതേ ജീവി തന്നെ സ്നേഹത്തോടെ വളർത്തുന്ന ഷാജിയേയും വിട്ട് മറ്റേയാൾക്കൊപ്പം കൂളായി ഇറങ്ങിപ്പോകുന്നതും.

ഷാജിയുടെ നായയുടെ കാര്യം പറഞ്ഞത് പോലെയാണ് രവീന്ദ്രന്റെയും സ്ഥിതി. ഒരിക്കൽ ഈ സ്ഥലമൊക്കെ ബലമായി വെട്ടിപ്പിടിച്ചയാളാണ് അയാൾ എന്ന് നമുക്ക് വിശ്വാസം വരുന്ന രീതിയിൽ ഒരു കരുത്തനായല്ല രവിയെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. തളർന്ന മുഖമാണയാൾക്ക്. അവസാനം കണ്മുന്നിൽ മകൻ അടി വാങ്ങുമ്പോളും ശക്തമായ ഒരു ചെറുത്തു നിൽപ്പ് അയാളുടെ ഭാഗത്തു നിന്നുണ്ടാവുന്നില്ല. ഒരു പട്ടാളക്കാരനായിരുന്നു അയാളെന്നും ഓർക്കണം. ഇനി മകൻ കാണിച്ച തെമ്മാടിത്തരത്തിന് രണ്ടെണ്ണം കിട്ടിക്കോട്ടെ എന്ന വിചാരത്തിലാണോ അയാൾ നിസ്സംഗനായി നിൽക്കുന്നത് ? എന്തായാലും അത്തരമൊരു സാഹചര്യത്തിൽ ഒരിക്കൽ സൈനികനായിരുന്ന മനുഷ്യൻ സഹായത്തിനു പോലും ആരെയും വിളിക്കുന്നില്ല എന്നത് അത്ര വിശ്വസനീയമായി തോന്നിയില്ല.

ശാരീരികമായി നല്ല അദ്ധ്വാനം ഈ സിനിമയുടെ പുറകിലുണ്ട്. വളരെ അപകടം പിടിച്ച സീനുകൾ പലതും ടോവിനോയും മൂറും ഈ സിനിമയിൽ ചെയ്തിട്ടുണ്ട്. മൂർ നല്ല നടനാണ്. സിനിമയ്ക്ക് പുറത്ത് പുള്ളി നടത്തിയ ചില പ്രസ്താവനകൾ പ്രായത്തിന്റെ പക്വത കുറവ് കൊണ്ടുള്ളതാണെന്നു വിശ്വസിക്കുന്നു. നല്ല ഭാവിയുള്ള അഭിനേതാവാണ്. പക്ഷെ ചുമരുണ്ടെങ്കിലേ ചിത്രമെഴുതാനാവൂ എന്നോർത്താൽ നന്ന്. ഇത്തരമൊരു സിനിമ നിർമിക്കാൻ കാണിച്ച ധൈര്യത്തിന് ടോവിനോ തോമസിനെ അഭിനന്ദിക്കുന്നു. പ്രത്യേകിച്ച് രോഹിത് സംവിധാനം ചെയ്ത ആദ്യ രണ്ടു സിനിമകളും വലിയ കച്ചവട വിജയം നേടിയതായിരുന്നില്ലെന്നും ഇതുമൊരു പരീക്ഷണ ചിത്രമാണെന്നതും ഓർക്കുമ്പോൾ. ഈ സിനിമ ഇഷ്ടമായില്ലെങ്കിലും രോഹിതിൽ പ്രതീക്ഷയുണ്ട്. ഒരു സിനിമയ്ക്ക് പൊളിറ്റിക്കൽ ആയ ആംഗിൾ കൂടിയുണ്ടെങ്കിലേ അതൊരു വേറിട്ട സിനിമയാവൂ എന്ന ധാരണ പലർക്കുമുണ്ട്. അതിന്റെ ആവശ്യമില്ല എന്നാണ് എന്റെ തോന്നൽ. മലയാളി സമൂഹത്തിൽ സിനിമയേക്കാൾ സ്വാധീനം രാഷ്ട്രീയത്തിനുണ്ട്. ആ രാഷ്ട്രീയ ബോധത്തെ തിരുത്താൻ ശക്തിയുള്ള സിനിമകൾ ഇതുവരെ വിരലിലെണ്ണാവുന്നത് മാത്രമേ വന്നിട്ടുള്ളൂ താനും. അതൊരു വിവാദ വിഷയമാണ്. കൂടുതൽ ചർച്ചയ്ക്കില്ല. എഴുതി എഴുതി കാട് കയറിപ്പോയി. മാഫി മുഷ്കിൽ. വല്ലാത്ത മുഷ്ക്കു മണം. ആ “കള”..

**

2021ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, എല്ലാ ജേതാക്കൾക്കും അഭിനന്ദനങ്ങൾ

മികച്ച ചിത്രം – ആവാസവ്യൂഹം
സംവിധായകന്‍ – കൃഷാന്ദ് ആര്‍.കെ
മികച്ച രണ്ടാമത്തെ ചിത്രം –
1. ചവിട്ട്
സംവിധായകര്‍ – 1. സജാസ് റഹ്മാന്‍, ഷിനോസ് റഹ്മാന്‍
2. നിഷിദ്ധോ
സംവിധാനം – താര രാമാനുജന്‍
മികച്ച സംവിധായകന്‍ – ദിലീഷ് പോത്തന്‍
ചിത്രം – ജോജി

മികച്ച നടന്‍ –
1. ബിജു മേനോന്‍
(ആര്‍ക്കറിയാം)
2. ജോജു ജോര്‍ജ്
ചിത്രങ്ങള്‍ –
നായാട്ട്, മധുരം,
തുറമുഖം, ഫ്രീഡം ഫൈറ്റ്
മികച്ച നടി – രേവതി
ചിത്രം – ഭൂതകാലം
മികച്ച സ്വഭാവനടന്‍ – സുമേഷ് മൂര്‍
ചിത്രം – കള
മികച്ച സ്വഭാവനടി – ഉണ്ണിമായ പ്രസാദ്
ചിത്രം – ജോജി

മികച്ച ബാലതാരം (ആണ്‍) – മാസ്റ്റര്‍ ആദിത്യന്‍
ചിത്രം – നിറയെ തത്തകള്‍ ഉള്ള മരം
മികച്ച ബാലതാരം (പെണ്‍) – സ്‌നേഹ അനു
ചിത്രം – തല
മികച്ച കഥാകൃത്ത് – ഷാഹി കബീര്‍
ചിത്രം – നായാട്ട്
മികച്ച ഛായാഗ്രാഹകന്‍ – മധു നീലകണ്ഠന്‍
ചിത്രം – ചുരുളി
മികച്ച തിരക്കഥാകൃത്ത് – കൃഷാന്ദ്.ആര്‍.കെ
ചിത്രം – ആവാസവ്യൂഹം
മികച്ച തിരക്കഥ (അഡാപ്‌റ്റേഷന്‍) – ശ്യാം പുഷ്‌കരന്‍
ചിത്രം – ജോജി
മികച്ച ഗാനരചയിതാവ് – ബി.കെ.ഹരിനാരായണന്‍
ഗാനം – ‘കണ്ണീരു കടഞ്ഞു കടിഞ്ഞൂല്‍
പെറ്റുണ്ടായ…’
ചിത്രം – കാടകലം
മികച്ച സംഗീത സംവിധായകന്‍ (ഗാനങ്ങള്‍) – ഹിഷാം അബ്ദുല്‍ വഹാബ്
ഗാനം – എല്ലാ ഗാനങ്ങളും
ചിത്രം – ഹൃദയം
മികച്ച സംഗീത സംവിധായകന്‍ – ജസ്റ്റിന്‍ വര്‍ഗീസ്
(പശ്ചാത്തല സംഗീതം)
ചിത്രം – ജോജി

മികച്ച പിന്നണി ഗായകന്‍ – പ്രദീപ് കുമാര്‍
ഗാനം – ‘രാവില്‍ മയങ്ങുമീ പൂമടിയില്‍…’
ചിത്രം – മിന്നല്‍ മുരളി
മികച്ച പിന്നണി ഗായിക – സിതാര കൃഷ്ണകുമാര്‍
ഗാനം – ‘പാല്‍നിലാവിന്‍ പൊയ്കയില്‍…’
ചിത്രം – കാണെക്കാണെ
മികച്ച ചിത്രസംയോജകന്‍ –
1. മഹേഷ് നാരായണന്‍
2. രാജേഷ് രാജേന്ദ്രന്‍
ചിത്രം – നായാട്ട്
മികച്ച കലാസംവിധായകന്‍ – ഗോകുല്‍ദാസ് എ.വി
ചിത്രം – തുറമുഖം
മികച്ച സിങ്ക്് സൗണ്ട് –
1. അരുണ്‍ അശോക്
2. സോനു.കെ.പി
ചിത്രം – ചവിട്ട്

മികച്ച ശബ്ദമിശ്രണം – ജസ്റ്റിന്‍ ജോസ്
ചിത്രം – മിന്നല്‍ മുരളി
മികച്ച ശബ്ദരൂപകല്‍പ്പന – രംഗനാഥ് രവി
ചിത്രം – ചുരുളി
മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് – രഞ്ജിത് അമ്പാടി
ചിത്രം – ആര്‍ക്കറിയാം
മികച്ച വസ്ത്രാലങ്കാരം – മെല്‍വി.ജെ
ചിത്രം – മിന്നല്‍ മുരളി
മികച്ച നൃത്തസംവിധാനം – അരുണ്‍ലാല്‍
ചിത്രം – ചവിട്ട്

ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ് – ഹൃദയം
നിര്‍മ്മാതാവ് – വിശാഖ് സുബ്രഹ്മണ്യം
സംവിധായകന്‍ – വിനീത് ശ്രീനിവാസന്‍
മികച്ച കുട്ടികളുടെ ചിത്രം – കാടകലം
നിര്‍മ്മാതാവ് – സുബിന്‍ ജോസഫ്
സംവിധായകന്‍ – സഖില്‍ രവീന്ദ്രന്‍

Leave a Reply
You May Also Like

ഷാരൂഖാൻ, അനിരുദ്ധ് വീണ്ടും ഒന്നിക്കുന്ന ‘കിംഗ്’

ചിത്രം സംവിധാനം ചെയ്യുന്നത് സുജയ് ഘോഷാണ്. ഇത് ഷാരൂഖാൻ്റെ മകൾ സുഹാന ഖാൻ നായകിയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ്

ഈ അടുത്ത് കാലത്തു കുഞ്ചാക്കോ ബോബനോളം ക്വാളിറ്റി സിനിമകൾ ചെയ്യുന്ന നായകൻ ഉണ്ടോ എന്ന് സംശയം ആണ്

AB HI ഈ അടുത്ത് കാലത്തു കുഞ്ചാക്കോ ബോബനോളം ക്വാളിറ്റി സിനിമകൾ ചെയ്യുന്ന നായകൻ ഉണ്ടോ…

സൂര്യയെ നായകനാക്കി ശങ്കറിന്റെ 1000 കോടിയുടെ വമ്പൻ പ്രോജക്ട്

തമിഴകത്തിന്റെ ഷോമാൻ ഷങ്കർ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ്. അദ്ദേഹം ഒരുക്കാൻ…

മൈക്കിളപ്പാന്റെ ആലീസിന്റെ സൂപ്പർ ഗ്ലാമർ ഡാൻസ് കണ്ടോ

അനസൂയ ഭരദ്വാജിനെ ഇപ്പോൾ മലയാളികൾക്ക് നന്നായറിയും. അഞ്ഞൂറ്റി കുടുംബത്തിലെ മൈക്കിളപ്പന്റെ ആലീസ്. എന്നാൽ അനസൂയ തെലുങ്ക്…