ലാൽ ബഹദൂർശാസ്ത്രിയുടെ മരണം – ദി താഷ്കന്റ് ഫയൽസ് – ചില നിഗൂഢ അജണ്ടകൾ

962

Sanuj Suseelan എഴുതുന്നു 

THE TASHKENT FILES
******************

ലാൽ ബഹദൂർശാസ്ത്രിയുടെ മരണം – ദി താഷ്കന്റ് ഫയൽസ് – ചില നിഗൂഢ അജണ്ടകൾ

Sanuj Suseelan
Sanuj Suseelan

ഭാരതത്തിന്റെ രണ്ടാമത്തെ പ്രധാനമന്ത്രിയായ ലാൽ ബഹാദൂർ ശാസ്ത്രിയുടെ ദുരൂഹ മരണത്തെക്കുറിച്ച് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രമാണ് The Thashkent Files. ശാസ്ത്രിയുടെ മരണത്തിനു പുറകിലെ രഹസ്യങ്ങൾ ആദ്യമായി തുറന്നു കാണിക്കുന്നു എന്നായിരുന്നു അണിയറക്കാരുടെ അവകാശവാദമെങ്കിലും ഗൂഗിളിൽ അരമണിക്കൂർ തപ്പിയാൽ കിട്ടുന്നതിൽ കൂടുതൽ ഒരു രഹസ്യവും ഈ ചിത്രത്തിലില്ല. എന്ന് മാത്രമല്ല ചില ഗൂഢ അജണ്ടകൾ സ്ഥാപിച്ചെടുക്കുക എന്ന ലക്‌ഷ്യം മാത്രമാണ് ഈ സിനിമയുടെ പിന്നിലെന്നു പകൽ പോലെ വ്യക്തവുമാണ്. തെരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെയൊരു സിനിമ അല്ലാതെ വേറെന്തിനാണ് എന്ന് ഇത് കണ്ടു കഴിയുമ്പോൾ നിങ്ങൾക്കും തീർച്ചയായും തോന്നും. അതെന്തായാലും ഈ സിനിമയേക്കുറിച്ചു പറയുന്നതിന് മുമ്പ് അല്പം ചരിത്രവും രാഷ്ട്രീയവും കൂടി വിശദീകരിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു . ദഹിക്കാൻ അല്പം പ്രയാസമുള്ള വസ്തുതകളും ഇതിലുണ്ട്. മിത്രോഖിൻ ആർക്കൈവ് പോലുള്ള രേഖകളിലും പഠനങ്ങളിലും പരാമർശിച്ചിട്ടുള്ള വസ്തുതകളാണ് ഇതിൽ സൂചിപ്പിച്ചിരിക്കുന്നത്. അല്ലാതെ എൻ്റെ ഭാവനയല്ല. സംശയമുള്ള കാര്യങ്ങൾ സ്വയം പരിശോധിക്കാവുന്നതാണ്. രാഷ്ട്രീയമായി ഇതിനെ കാണരുത് എന്നും അപേക്ഷിക്കുന്നു. ഇപ്പോഴത്തെ ഭാരതത്തിന്റെ പശ്ചാത്തലത്തിലല്ല , സ്വാതന്ത്രാനന്തര ഭാരതത്തിലെ കുഴഞ്ഞു മറിഞ്ഞ അവസ്ഥയിൽ നടന്ന സംഭവങ്ങളാണ് എന്ന് കൂടി മനസ്സിൽ വച്ച് വേണം ഇതൊക്കെ വായിക്കേണ്ടത് എന്ന് കൂടി അഭ്യർത്ഥിക്കുന്നു. ( ഇതൊരു രാഷ്ട്രീയ പോസ്റ്റാണോ സിനിമാ പോസ്റ്റാണോ എന്നൊക്കെയുള്ള സംശയങ്ങൾ എനിക്കുമുണ്ട് . പക്ഷെ വേറെ വഴിയില്ല )

ആരായിരുന്നു ലാൽ ബഹാദൂർ ശാസ്ത്രി ?
…………………………………………………………………………

ഇന്ത്യയുടെ രണ്ടാമത്തെ വെറുമൊരു പ്രധാനമന്ത്രി മാത്രമായിരുന്നില്ല ലാൽ ബഹാദൂർ ശാസ്ത്രി. മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിന് തന്നെ ജനിച്ച ഒരാളായ അദ്ദേഹം ജീവിതത്തിലും ഗാന്ധിജിയുടെ യഥാർത്ഥ പിന്തുടർച്ചക്കാരനായിരുന്നു. സ്വന്തന്ത്ര്യ സമരത്തിലും ഉപ്പു സത്യാഗ്രഹത്തിലും ഒക്കെ ഗാന്ധിജിയോടൊപ്പം നിന്നയാൾ. രണ്ടാം ലോക മഹായുദ്ധം അവസാനിച്ച സമയത്താണ് ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായി മാറിയത്. നെഹ്‌റുവിന്റെ വിയോഗത്തെത്തുടർന്ന് ഗുൽസാരിലാൽ നന്ദ ഇടക്കാല പ്രധാനമന്ത്രിയാവുകയും നന്ദയെത്തുടർന്ന് ശാസ്ത്രി ആ സ്ഥാനം ഏറ്റെടുക്കുകയുമായിരുന്നു.ഒട്ടും Image result for the tashkent filesസുഖകരമല്ലായിരുന്നു അന്നത്തെ ഇന്ത്യയുടെ അവസ്ഥ. ലോകം തന്നെ ഒരു മഹായുദ്ധത്തിന്റെ കെടുതികളിൽ നിന്ന് പുറത്തു വരാൻ കിണഞ്ഞു ശ്രമിക്കുന്ന സമയം. ദാരിദ്ര്യത്തേക്കാൾ അന്ന് നമ്മുടെ മുന്നിൽ വെല്ലുവിളിയായി നിന്നത് ഭക്ഷ്യ ക്ഷാമവും പട്ടിണിയും ആയിരുന്നു. ഏതൊരു ഭരണാധികാരിയും പകച്ചു പോകുന്ന സാഹചര്യം . എന്നാൽ ശാസ്ത്രി അതിനെ വിജയകരമായി തരണം ചെയ്തു. നെഹ്രുവിയൻ സാമ്പത്തിക നയങ്ങൾ വഴിയിൽ ഉപേക്ഷിച്ച അദ്ദേഹം ഈ പ്രശ്നങ്ങൾക്കൊക്കെ പ്രായോഗികമായ പരിഹാരമാർഗങ്ങൾ കണ്ടുപിടിച്ചു. മറ്റു രാജ്യങ്ങൾക്കു വരെ മാതൃകയായ ഹരിത വിപ്ലവവും ധവള വിപ്ലവവും അങ്ങനെയാണുണ്ടായത്. രാജ്യത്തിൻറെ പട്ടിണി അക്ഷരാർത്ഥത്തിൽ മാറ്റുകയായിരുന്നു അദ്ദേഹം. Food Corporation of India, National Dairy Development Board തുടങ്ങി പിന്നീട് രാജ്യത്തിൻറെ ആണിക്കല്ലുകളായി മാറിയ സ്ഥാപങ്ങൾ അങ്ങനെയാണുണ്ടായത്. ഭരണമികവ് നോക്കുമ്പോൾ നെഹ്‌റുവിനെ വെല്ലുന്ന പ്രകടനമായിരുന്നു ശാസ്ത്രി കാഴ്ചവച്ചത്. പക്ഷെ ഒരിക്കലും ഗാന്ധിജിയ്‌ക്കോ നെഹ്രുവിനോ ഭാരത ചരിത്രത്തിൽ കിട്ടിയ സ്ഥാനം അദ്ദേഹത്തിന് കിട്ടിയിട്ടില്ല. അതിന് പല കാരണങ്ങളുണ്ടായിരുന്നു.

പാകിസ്താനുമായുള്ള യുദ്ധവും താഷ്കെന്റ് കരാറും
………………………………………………………………………………………..

വിഭജനത്തെത്തുടർന്ന് കശ്മീർ ഒരു വിവാദഭൂമിയായി തീർന്നിരുന്നു. കശ്മീർ തിരിച്ചു പിടിക്കാൻ ഇന്നത്തെപ്പോലെ അന്നും നുഴഞ്ഞു കയറ്റക്കാരെ ഉപയോഗിച്ച് പാകിസ്ഥാൻ തുടരെത്തുടരെ നടത്തിക്കൊണ്ടിരുന്ന നീക്കങ്ങളാണ് ഒടുവിൽ രണ്ടു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിൽ കലാശിച്ചത്. അമേരിക്കയുടെ പിന്തുണയോടെ, അവർ നൽകിയ അത്യന്താധുനിക പാറ്റൺ ടാങ്കുകൾ ഉപയോഗിച്ച് യുദ്ധമാരംഭിച്ച പാകിസ്താന് ആദ്യ ഘട്ടത്തിൽ ഇന്ത്യയുടെ മേൽ വ്യക്തമായ മേൽക്കൈ ഉണ്ടായിരുന്നു . ഇന്ത്യ തോറ്റു തുന്നം പാടുമെന്ന് തന്നെ ലോകം കരുതി.പക്ഷെ ഇതിനിടയിൽ ഒരു ദിവസം ശാസ്ത്രി വിളിച്ചു കൂട്ടിയ സൈന്യാധിപന്മാരുടെ ഒരു അടിയന്തിര യോഗം യുദ്ധത്തിന്റെ ഗതി തന്നെ മാറ്റി മറിക്കുകയായിരുന്നു. അതുവരെ ഭരണത്തലവന്മാർ പിന്തുടർന്ന് പോന്നിരുന്ന നയതന്ത്രപരമായ അഴകൊഴമ്പൻ സംഭാഷണങ്ങൾ മാറ്റി വച്ചിട്ട് എന്ത് വില കൊടുത്തായാലും തനിക്ക് ലാഹോർ തിരികെ തരണമെന്ന് വ്യക്തമായി തന്നെ അദ്ദേഹം സ്വന്തം സൈന്യത്തോട് ആവശ്യപ്പെട്ടു. ഒരു ഭരണാധികാരി മുന്നിൽ നിന്ന് നടത്തിയ ആ പ്രസ്താവന സൈന്യത്തിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു. അതിർത്തി കടന്നു കയറി നമ്മൾ ആക്രമിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ലാതിരുന്ന പാകിസ്താനെയും അമേരിക്കയെയും അമ്പരപ്പിച്ചുകൊണ്ട് ഇന്ത്യൻ ആർമി മാരകമായ ആക്രമണം അഴിച്ചുവിട്ടു. ഇന്ത്യ ആ യുദ്ധം ജയിച്ചു. “ജയ് ജവാൻ , ജയ് കിസാൻ” എന്ന ശാസ്ത്രിയുടെ മുദ്രാവാക്യം ഇന്ത്യൻ ജനത ഏറ്റു വിളിച്ചു.

സമാധാന കരാറും ശാസ്ത്രിയുടെ മരണവും
…………………………………………………………………………….

പക്ഷെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സംഘർഷം നിലനിൽക്കുന്നത് മറ്റു ലോകശക്തികളെ അസ്വസ്ഥരാക്കി. വീണ്ടുമൊരു ലോക മഹാ യുദ്ധത്തിലേക്ക് ഇത് വഴി തിരിക്കുമോ എന്ന ഭയം അവർക്കുണ്ടായിരുന്നു. ഇന്ത്യയും പാകിസ്ഥാനുമാണ് പ്രത്യക്ഷത്തിൽ കക്ഷികളെങ്കിലും പിന്നിൽ അമേരിക്കയും സോവിയറ്റ് യൂണിയനുമാണല്ലോ ഉള്ളത്. അങ്ങനെയാണ് രണ്ടു രാജ്യങ്ങളും തമ്മിൽ റഷ്യയുടെ മധ്യസ്ഥതയിൽ ഒരു സമാധാന ചർച്ചയ്ക്കു വഴി തെളിയുന്നത്. ഉസ്ബക്കിസ്ഥാനിലെ താഷ്‌ക്കന്റിൽ വച്ച് നടന്ന ചർച്ചയിൽ ആറു ദിവസം നീണ്ടു നിന്ന കടുത്ത വിലപേശലുകൾക്കൊടുവിൽ ലാൽ ബഹാദൂർ ശാസ്ത്രിയും അന്നത്തെ പാകിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാനും ഒരു സമാധാന ഉടമ്പടിയിൽ ഒപ്പു വച്ചു. തർക്കം നില നിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് രണ്ടു രാജ്യങ്ങളും അവരുടെ സൈന്യത്തെ പിൻവലിക്കും എന്നായിരുന്നു ഇതിലെ പ്രധാന നിബന്ധന. എന്നാൽ ഉടമ്പടി ഒപ്പു വച്ചതിനു ശേഷം വില്ലയിൽ എത്തിയ ശാസ്ത്രിയെ മണിക്കൂറുകൾ കഴിയുന്നതിനു മുമ്പേ തന്നെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

ദുരൂഹതകൾ ചൂഴ്ന്നു നിൽക്കുന്ന ഒരു മരണം
……………………………………………………………………………..

പറയത്തക്ക രോഗങ്ങളോ ശാരീരിക അവശതകളോ ഇല്ലാത്ത ഒരാളായിരുന്നു ശാസ്ത്രി. സ്വാഭാവികമായും അങ്ങനെയൊരാൾ പെട്ടെന്ന് ഹൃദയ സ്തംഭനം വന്ന് എങ്ങനെ മരിച്ചു എന്ന ചോദ്യമുയർന്നു. സംശയം ജനിക്കാൻ വേറെയുമുണ്ടായിരുന്നു കാരണങ്ങൾ. ചർച്ചയ്ക്കു വരുമ്പോൾ അദ്ദേഹത്തിന് താമസ സൗകര്യം ഒരുക്കിയിരുന്നത് കാർഡിയാക് ICU സൗകര്യം വരെ ലഭ്യമായ ഒരു ഹോട്ടലിലായിരുന്നുവെങ്കിലും അവസാന നിമിഷം അധികൃതർ പുറത്തുള്ള ഒരു വില്ല അതിനു വേണ്ടി തെരഞ്ഞെടുക്കുകയായിരുന്നു. അന്നവിടെ ഉണ്ടായിരുന്നത് അദ്ദേഹത്തിൻ്റെ സ്ഥിരം പാചകക്കാരന് പകരം ഒരു പാകിസ്ഥാനി ജോലിക്കാരനായിരുന്നു. KGB അയാളെ ചോദ്യം ചെയ്‌തെങ്കിലും പിന്നീട് വെറുതെ വിട്ടു. അദ്ദേഹം മരിക്കുന്നതിന് തൊട്ടു മുമ്പ് കുടിച്ച പാൽ സൂക്ഷിച്ചിരുന്ന ഫ്ലാസ്കും അപ്രത്യക്ഷമായിരുന്നു. മൃതദേഹം നീല നിറം പ്രാപിച്ചിരുന്നു. ഹൃദയാഘാതം വന്നു മരിക്കുന്ന ഒരാളുടെ ദേഹത്തും നീല നിറം വരാമെങ്കിലും ശരീരത്തിൽ കാണപ്പെട്ട മുറിവുകൾ എവിടെ നിന്ന് വന്നു എന്ന ചോദ്യം അദ്ദേഹത്തിന്റെ ബന്ധുക്കൾ ഉന്നയിച്ചിരുന്നു. അദ്ദേഹത്തെ വിഷം കൊടുത്തു കൊന്നതാണോ എന്ന സംശയം അങ്ങനെ ഉണ്ടായതാണ്. വിഷം നൽകി കൊലപ്പെടുത്തിയ ശേഷം പോസ്റ്റ് മോർട്ടത്തിൽ അത് തെളിയപ്പെടാതിരിക്കാനായി ആന്തരാവയവങ്ങൾ നീക്കിയതാവാമെന്നും അങ്ങനെയുണ്ടായ മുറിവുകളാണ് അതെന്നുമായിരുന്നു ബന്ധുക്കൾ വാദിച്ചത് ( സാന്ദർഭികമായി പറയട്ടെ, അന്നത്തെ പ്രമുഖ ചാര സംഘടനകളുടെ സാധാരണ രീതിയായിരുന്നു അത്). വിഷമാണോ മരണ കാരണം എന്ന് ശാസ്ത്രീയ പരിശോധനയിൽ കണ്ടുപിടിക്കാൻ സഹായകമായേക്കാവുന്ന എല്ലാ വസ്തുക്കളും ഇങ്ങനെ കാണാതായിരുന്നു.

പോസ്റ്റ് മോർട്ടമായിരുന്നു മറ്റൊരു വിവാദ വിഷയം. സോവിയറ്റ് ഡോക്ടർമാരുടെ ഒരു സംഘമാണ് മൃതശരീരം പോസ്റ്റ് മോർട്ടം ചെയ്തത്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് സംശയനിവാരണത്തിന് വേണ്ടിയെങ്കിലും സ്വന്തം നിലയ്ക്ക് പോസ്റ്റ് മോർട്ടം ചെയ്യാൻ ആവശ്യമുണർന്നില്ല. ആ റിപ്പോർട്ട് നിശബ്ദരായി നമ്മൾ സ്വീകരിക്കുകയായിരുന്നു. ലോകത്ത് മറ്റൊരു രാജ്യവും ചെയ്യാത്ത വിചിത്രമായ ഒരു സംഗതിയായിരുന്നു അത്. ഇത്രയും പ്രധാനപ്പെട്ട ഒരു നേതാവ്, അതും രാജ്യത്തിൻറെ പ്രധാനമന്ത്രി അപ്രതീക്ഷിതമായി, സംശയകരമായ സാഹചര്യത്തിൽ അന്യ രാജ്യത്ത് വച്ചു മരിച്ചിട്ടും നമ്മൾ ഒരന്വേഷണവും നടത്തിയില്ല. മാത്രമല്ല, സോവിയറ്റ് സംഘത്തിലെ ഒരു ഡോക്ടർ സ്വാഭാവിക മരണം എന്ന രീതിയിലുള്ള റിപ്പോർട്ടിൽ ഒപ്പിടാൻ വിസമ്മതിച്ചു എന്നതും കണക്കിലെടുക്കുമ്പോൾ ഇത് കൂടുതൽ ദുരൂഹമാവുകയായിരുന്നു. .

നിഗൂഢമായ മറ്റു രണ്ടു മരണങ്ങൾ കൂടി ഇതുമായി ചേർത്ത് വായിക്കണം. ശാസ്ത്രിയെ താഷ്‌ക്കന്റിൽ അനുഗമിച്ചിരുന്ന രണ്ടുപേരുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭൃത്യനായ രാം നാഥും സ്വന്തം ഡോക്ടറായിരുന്ന ചോഗേയും. ശാസ്ത്രിയുടെ മരണം അന്വേഷിക്കാൻ 1977 -ൽ ഉണ്ടാക്കിയ പാർലിമെന്ററികാര്യ സമിതിയിൽ തെളിവ് കൊടുക്കാൻ അവർ തയ്യാറായിരുന്നു. എന്നാൽ സമിതിയുടെ മുന്നിൽ തെളിവ് നല്കാൻ പോകുന്ന വഴി തന്നെ സംശയകരമായി അപകടങ്ങളിൽ അവർ രണ്ടുപേരും കൊല്ലപ്പെട്ടു. ഡോക്ടർ ചൊഗേ യാത്ര ചെയ്തിരുന്ന കാറിൽ ഒരു ട്രക്ക് വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ഡോക്ടറും ഭാര്യയും അവരുടെ രണ്ട് ആൺമക്കളും കൊല്ലപ്പെട്ടു. ജീവനോടെ രക്ഷപ്പെട്ട മകൾ ശരീരം തളർന്നു കിടപ്പിലാവുകയും ചെയ്തു. അതുപോലെ തന്നെ സമിതിയുടെ മുന്നിൽ പോകുന്ന ദിവസം രാം നാഥ്‌ ശാസ്ത്രിയുടെ വീട്ടിൽ പോയി അദ്ദേഹത്തിന്റെ സഹധർമിണിയെ കണ്ടിരുന്നു. വർഷങ്ങളോളം താൻ മനസ്സിൽ സൂക്ഷിച്ചിരുന്ന, തൻ്റെ ഉറക്കം കെടുത്തിയിരുന്ന ചില സത്യങ്ങൾ ഇന്ന് തുറന്നു പറയുമെന്ന് അവരോടു വെളിപ്പെടുത്തിയ ശേഷം സമിതിയുടെ മുന്നിലേയ്ക്ക് പോയ രാം നാഥിനെ ഒരു കാർ അതിവേഗത്തിൽ വന്നിടിച്ചു. കാലൊടിഞ്ഞു കിടപ്പിലായ അദ്ദേഹത്തിന്റെ ഓർമശക്തിയും ആ അപകടത്തിൽ നശിച്ചു.

ഈ മരണത്തെക്കുറിച്ച് ഭാരതത്തിന്റെ പക്കലുള്ള രേഖകൾ ഇപ്പോളും പൊതുജനത്തിന് ലഭ്യമല്ല. RTI ആക്ടിവിസ്റ്റും ശാസ്ത്രിയുടെ മരണത്തിനു പുറകിലെ രഹസ്യങ്ങൾ വർഷങ്ങളോളം പിന്തുടരുകയും ചെയ്ത അനുജ് ധറിന് സർക്കാർ നൽകിയ മറുപടി ഞെട്ടിപ്പിക്കുന്നതാണ്. അന്യരാജ്യത്ത് വച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ച ഒരു പ്രധാനമന്ത്രിയുടെ മരണത്തെക്കുറിച്ച് സർക്കാരിന്റെ പക്കൽ ആകെയുള്ളത് ഒരേയൊരു രേഖ മാത്രമാണത്രെ. അതും രഹസ്യസ്വഭാവമുള്ളത്. നമ്മുടെ അയൽ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ വഷളാക്കും എന്ന കാരണത്താൽ അതിലെ ഉള്ളടക്കം പരസ്യമാക്കാൻ നിർവാഹമില്ല എന്നാണ് സർക്കാർ അറിയിച്ചത്. നേതാജിയുടെ തോരോധനവുമായി ബന്ധപ്പെട്ടുള്ള രേഖകൾക്കും ഇതേ സ്വഭാവമാണുള്ളത്‌ എന്നുമോർക്കുക. പിന്നീട് ഈ വിഷയത്തിൽ ജനതാ പാർട്ടി സർക്കാർ കൊണ്ടുവന്ന അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകളും ശാസ്ത്രിയുടെ മരണത്തെക്കുറിച്ചുള്ള മറ്റു സകല വിവരങ്ങളും കാലം ചെല്ലുംതോറും പൊടിയായി വായുവിലേക്ക് മാഞ്ഞു പോയിരിക്കുന്നു.

ദുരൂഹമായ ഒരുപാടു മരണങ്ങളുടെ
ചരിത്രം പേറുന്ന രാജ്യം
…………………………………………………………………………………………

ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ ? ദുരൂഹമായ സാഹചര്യങ്ങളിൽ പ്രധാനപ്പെട്ട ഒരുപാടു നേതാക്കൾ കൊല്ലപ്പെട്ട ചരിത്രമുള്ള ഒരു രാജ്യമാണ് ഇന്ത്യ. ഭൂമിയുടെ അപ്പുറത്തുള്ള രാജ്യങ്ങളിലെ സംശയമുണർത്തുന്ന മരണങ്ങൾ കൗതുകത്തോടെ ചർച്ച ചെയ്യുന്ന നമ്മൾ സ്വന്തം നാട്ടിലെ അത്തരം മരണങ്ങളെ അതേ പ്രാധാന്യത്തോടെ കണ്ടിട്ടില്ല എന്ന് തോന്നുന്നു. മഹാത്മാ ഗാന്ധി, ലാൽ ബഹാദൂർ ശാസ്ത്രി, നേതാജി സുഭാസ് ചന്ദ്രബോസ്, സഞ്ജയ് ഗാന്ധി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, ജനസംഘ് സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജി, ഗ്യാനി സെയിൽ സിങ് , ഹോമി ജഹാംഗീർ ഭാഭാ, വിക്രം സാരാഭായ് തുടങ്ങി ജയലളിതയുടെയും സുനന്ദാ പുഷ്കറിന്റെയും വരെ മരണങ്ങളിലെ വിട്ടുപോയ കണ്ണികൾ പൂരിപ്പിക്കാൻ രാജ്യം ഭരിച്ചിരുന്നവരോ നമ്മുടെ ജനങ്ങളോ അധികമൊന്നും ശ്രമിച്ചു കണ്ടിട്ടില്ല. എന്തായാലും ഇതിൽ ചില കണക്ഷനുകളുള്ള മരണങ്ങളാണ് ശാസ്ത്രി, നേതാജി എന്നിവരുടേത്. ഗ്യാനി സെയിൽ സിംഗിന്റെ മരണത്തെക്കുറിച്ച് അങ്ങനെ അധികം സംശയങ്ങൾ കണ്ടിട്ടില്ലെങ്കിലും വേണമെങ്കിൽ അതും ഇതുമായി ബന്ധപ്പെടുത്താവുന്നതാണ്. എങ്ങനെയെന്ന് വിശദീകരിക്കാം. അതിനു മുമ്പ് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷമുള്ള ആദ്യകാല ഭാരതത്തിലേക്ക് തിരിച്ചു പോകേണ്ടതുണ്ട്.

KGB യുടെയും CIAയുടെയും കൂടിയായിരുന്ന ഇന്ത്യ
……………………………………………………………………………………..

സ്വാതന്ത്ര്യാനന്തര ഇന്ത്യ വളരെ കൗതുകകരമായ പ്രത്യേകതകൾ ഉണ്ടായിരുന്ന, വിചിത്ര സ്വഭാവം കാണിച്ചിരുന്ന, ആശയക്കുഴപ്പങ്ങൾ നിറഞ്ഞ ഒരു തട്ടിക്കൂട്ട് രൂപത്തിലായിരുന്നു. ബ്രിട്ടീഷുകാർ വരുന്നതിനു മുമ്പുണ്ടായിരുന്ന നാട്ടു രാജ്യങ്ങളുടെ ശേഷിപ്പുകൾ ബലമായും അല്ലാതെയും ഒരുമിച്ചു ചേർത്ത് വച്ചുകൊണ്ടുള്ള ഒറ്റ രാജ്യം എന്നായിരുന്നു നമ്മൾ ഭാവിച്ചിരുന്നത്. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോയെങ്കിലും അവർ കൊള്ളയടിച്ചതിന്റെ ബാക്കിയിൽ കണ്ണ് വച്ചിരുന്നവർ പുറത്ത് പലരുമുണ്ടായിരുന്നു. രാജ്യത്തെ വീണ്ടും കോളനൈസ് ചെയ്ത് തങ്ങളുടേതാക്കി മാറ്റിയെടുക്കാൻ അന്നത്തെ വൻ ശക്തികളായ അമേരിക്കയും റഷ്യയും ഒരുപോലെ ശ്രമിച്ചു എന്നതൊരു വാസ്തവമാണ്. സ്വാഭാവികമായും അവരുടെ ചാര സംഘടനകളായ CIAയുടേതും KGBയുടേതും കൂടിയായിരുന്നു അന്നത്തെ ഇന്ത്യയും ഇന്ത്യയിലെ ഭരണവർഗ്ഗത്തിലെ ചില പ്രധാനികളും.

അന്നത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസ്സ് പോലും പ്രവർത്തനങ്ങൾക്കും രാഷ്ട്രീയ നീക്കങ്ങൾക്കും ഫണ്ടില്ലാതെ മുടന്തുന്ന സമയം. അമേരിക്കൻ ചാര ഏജൻസിയായ CIAയുടെ കണ്ണ് അന്നത്തെ തമിഴ് നേതാവ് കാമരാജിലായിരുന്നു. അതിനു പ്രധാന കാരണം അദ്ദേഹം നെഹ്‌റു പരമ്പരയിൽ നിന്നല്ലാതെയുള്ള ഏറ്റവും ശക്തനും ജനപ്രീതിയുള്ളവനുമായ കോൺഗ്രസ്സ് നേതാവായിരുന്നു എന്നതാണ്. കാമരാജിനെ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ അവർ പഠിച്ച പണി പതിനെട്ടും പയറ്റി. പക്ഷെ ഇംഗ്ലീഷോ ഹിന്ദിയോ അറിയാത്തത് അദ്ദേഹത്തിൻ്റെ ഒരു ദൗര്ബല്യമായിരുന്നു. ദേശീയ നേതാവായി ഉയരാൻ അതൊരു വിഘാതമായി. ഇന്ദിരയുടെ മുടിയനായ പുത്രൻ സഞ്ജയ് ഗാന്ധിയിലും അവർക്കൊരു കണ്ണുണ്ടായിരുന്നുവെങ്കിലും എന്നെങ്കിലും ഇന്ദിരാഗാന്ധിയുടെ പുത്രൻ പ്രധാനമന്ത്രിയാവുമെങ്കിൽ അത് സഞ്ജയ് ആവില്ല, മറിച്ച് രാജീവായിരിക്കുമെന്നും അവർക്കു പിടികിട്ടാൻ സമയമെടുത്തു. CIA ഇങ്ങനെ നടത്തിയ പല കണക്കുകൂട്ടലുകളും നീക്കങ്ങളും തുടക്കത്തിലേ തന്നെ പാളിപ്പോയി. അമേരിക്കയെ എല്ലാ അർത്ഥത്തിലും രണ്ടാമതാക്കിക്കൊണ്ടു സോവിയറ്റ് റഷ്യ കൊടി പാറിക്കുന്ന സമയമാണ്. സ്വാഭാവികമായും KGB തന്നെ വിജയിച്ചു. CIA യുടെ പദ്ധതികൾ അവർ അട്ടിമറിച്ചു എന്ന് മാത്രമല്ല, ഇന്ത്യയിലെ ഭരണ, പ്രതിപക്ഷ പാർട്ടികളും അതിലെ പ്രമുഖ നേതാക്കളിൽ ചിലരും വിദഗ്ധമായി വിരിച്ച അവരുടെ വലയിൽ വീണു. മദ്യവും പണവും മദിരാക്ഷിയും ഉപയോഗിച്ച് KGB കാര്യങ്ങൾ അവർക്കനുകൂലമാക്കിത്തീർത്തു

മിത്രോഖിൻ ആർക്കൈവ്
…………………………………………………

KGBയിലെ ഒരു ആർക്കൈവിസ്റ്റ് ആയിരുന്നു വസീലി നിഖിഷ് മിത്രോഖിൻ. ക്രൂഷ്‌ചേവിന്റെ ഭരണകാലത്ത്, മുപ്പതു വർഷത്തോളം ജോലി ചെയ്ത ചാര സംഘടനയിലെ രഹസ്യങ്ങൾ അടങ്ങിയ രേഖകളുമായി ലണ്ടനിലേക്ക് അയാൾ രക്ഷപ്പെടുകയായിരുന്നു. ആയിരക്കണക്കിന് രേഖകൾ അടങ്ങിയ ഒരു വലിയ പെട്ടിയുമായി അവിടെത്തിയ മിത്രോഖിൻ തുറന്നു വിട്ടത് ലോകത്തെ ഞെട്ടിച്ച കഥകളായിരുന്നു. ലോകം മുഴുവൻ KGB നടത്തിയ നിഗൂഢ ഓപ്പറേഷനുകളുടെ വിജ്രംഭിപ്പിക്കുന്ന വിവരണങ്ങളായിരുന്നു അതിൽ. കൈകൊണ്ടെഴുതിയ നൂറു കണക്കിന് നോട്ടുകളിലെ പ്രധാന ഭാഗങ്ങൾ പിന്നീട് The Sword and the Shield , The World Was Going Our Way: The KGB and the Battle for the Third World എന്നീ പുസ്തകങ്ങളിൽ പ്രത്യക്ഷപ്പെട്ടു. മിത്രോഖിൻ രേഖകൾ എഡിറ്റ് ചെയ്തു ചർച്ചിൽ കോളജ് പൊതു ജനത്തിന് വേണ്ടി തുറന്നു കൊടുത്തിരുന്നു. പക്ഷെ ഒറിജിനൽ കയ്യെഴുത്തു രേഖകൾ ഇപ്പോളും രഹസ്യമായിത്തന്നെ തുടരുന്നു. എന്തായാലും അന്നത്തെ കെജിബിയുടെ രഹസ്യ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഏറ്റവും ആധികാരിക രേഖകളിലൊന്നായാണ് ഈ രേഖകളെ ലോകം കാണുന്നത്.

പെട്ടെന്ന് പൊട്ടിമുളച്ച ഇന്ത്യയുടെ സോവിയറ്റ് പ്രേമം
………………………………………………………………………………………….

മിത്രോഖിൻ രേഖകളിൽ നമ്മുടെ രാജ്യത്തു നടന്ന രാഷ്ട്രീയ അന്തർ നാടകങ്ങളെക്കുറിച്ചുള്ള ഏറ്റവും യാഥാർഥ്യബോധത്തോടെയും വസ്തുതകൾക്ക് നിരക്കുന്നതുമായ വിവരങ്ങൾ അതിലൊരു അദ്ധ്യായമായിത്തന്നെയുണ്ടായിരുന്നു. അതനുസരിച്ച് ഇന്ത്യയിൽ അന്നുണ്ടായിരുന്നത് മുപ്പതോളം കെ ജി ബി ചാരന്മാരായിരുന്നു. അതിൽ തന്നെ പത്തു പേരോളം ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളിൽ ജോലി ചെയ്യുന്നവരും. കോൺഗ്രസ്സിനെ വളച്ചെടുക്കാനുള്ള പദ്ധതികൾ അവർ പണ്ടേ തുടങ്ങിയിരുന്നു. കൗമാരക്കാരിയായിരുന്ന ഇന്ദിരാ ഗാന്ധി റഷ്യ സന്ദർശിച്ചപ്പോൾ അവരുടെ സ്വീകരണം കെ ജി ബി എങ്ങനെയാണു ഒരു നാടകം പോലെ നടത്തിയെടുത്തതെന്നും അതിൽ ഇന്ദിരയെപോലെ ബുദ്ധിമതിയായ ഒരു കുട്ടി വീണുപോയെന്നും ഇതിലുണ്ട്. ഗൂഗിൾ ചെയ്താൽ നിങ്ങൾക്ക് ആ രസകരമായ കഥകൾ കിട്ടും. ഇന്ത്യയുടെ അടുത്ത ഭരണാധികാരികൾ അരാവുമെന്നോ അല്ലെങ്കിൽ ആരാവണമെന്നോ നമ്മൾക്കുള്ളതിനേക്കാൾ വളരെ വ്യക്തമായ ഒരു ധാരണ അവർക്കുണ്ടായിരുന്നു.

ശാസ്ത്രിയുടെ മരണത്തിലേക്ക് ഇതെങ്ങനെയാണ് വരുന്നതെന്ന് നോക്കാം. മുകളിൽ വിശദീകരിച്ചത് പോലെ ഒരു അഴിമതിക്കും വളഞ്ഞു കൊടുക്കുന്നയാളല്ലായിരുന്നു ശാസ്ത്രി. നെഹ്രുവിയൻ നയങ്ങൾ ദൂരെക്കളഞ്ഞ ശാസ്ത്രി ഇന്ത്യയെ ഒരു സ്വയംപര്യാപ്ത രാജ്യമായി മാറ്റിയെടുക്കുന്നത് ഇഷ്ടമാകാതിരുന്ന പലരുമുണ്ടായിരുന്നു. ഇന്ത്യക്കുള്ളിൽ മാത്രമല്ല, പുറത്തും. പലരുടെയും കണ്ണിലെ കരടായിരുന്നു അദ്ദേഹം. ശാസ്ത്രിയുടെ “അപ്രതീക്ഷിതമായ” മരണത്തിനു ശേഷം ഗുൽസാരിലാൽ നന്ദ ഇടക്കാല പ്രധാനമന്ത്രിയായി ( അറുപത്തി നാലിൽ നെഹ്‌റു അന്തരിക്കുമ്പോളും നന്ദ തന്നെയായിരുന്നു ഇടക്കാല പ്രധാനമന്ത്രി ) . നന്ദയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പ് സത്യത്തിൽ KGBയും CIAയും തമ്മിലുള്ള ഒരു ശക്തി പരീക്ഷണമായിരുന്നു. ലക്ഷക്കണക്കിന് റൂബിൾ ചെലവാക്കി സോവിയറ്റ് യൂണിയൻ ഇന്ത്യയെ വിലയ്‌ക്കെടുത്തു. പുതുതായി അധികാരത്തിൽ വന്ന മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർ അവരുടെ സ്വന്തം ആളുകളായിരുന്നു. പ്രതിരോധ മന്ത്രിയായിരുന്ന വി കെ കൃഷ്ണമേനോന്റെ ( അദ്ദേഹവും നെഹ്രുവുമായി ചേർന്ന് നടത്തിയെന്ന് കരുതപ്പെടുന്ന ആർമി ജീപ്പ് ഇടപാടാണ് സൈനിക തലത്തിലെ ആദ്യ അഴിമതിക്കഥകളിലൊന്ന് എന്ന് കേട്ടിട്ടുണ്ട് ) തെരഞ്ഞെടുപ്പ് ആദ്യാവസാനം പ്ലാൻ ചെയ്തതും ഫണ്ട് ചെയ്തതും നടപ്പിലാക്കിയതും KGB ആയിരുന്നു.

പിന്നീട് ലോകം കണ്ടത് സോവിയറ്റ് യൂണിയൻ ഇന്ത്യയിൽ അവരുടെ അപ്രമാദിത്വം സ്ഥാപിക്കുന്നതാണ്. സൗജന്യമായി ഉപ്പുമാവും മൈദയും ഗോതമ്പ്മാവുമൊക്കെ തന്നു വളയ്ക്കാൻ നോക്കിയെങ്കിലും അമേരിക്കയുടെ പിടി പൂർണമായും ഇല്ലാതായി. ആയുധങ്ങൾ , സൈനിക പരിശീലനം, വിമാനങ്ങൾ, തുടങ്ങി എന്തിലും ഇതിലും റഷ്യ നമ്മുടെ പ്രഖ്യാപിത പങ്കാളിയായി മാറി. സാംസ്കാരികമായും കലാപരമായും സാഹിത്യപരമായും ഒക്കെയുള്ള കൊടുക്കൽ വാങ്ങലുകൾ നടന്നു. എൻ്റെ കുട്ടിക്കാലത്ത് ഇന്ത്യയിൽ മറ്റൊരു പ്രസിദ്ധീകരണത്തിനും അവകാശപ്പെടാനാവാത്ത വിധത്തിൽ മേനിക്കടലാസ്സിൽ അച്ചടിച്ച “സോവിയറ്റ് യൂണിയൻ” എന്ന മാസിക നാട്ടിൽ സൗജന്യമായി ലഭിക്കുമായിരുന്നു. ഡൽഹിയിലെ റഷ്യൻ എംബസിയിലേക്കു പതിനഞ്ചു പൈസയുടെ ഒരു കാർഡിൽ വിലാസമെഴുതി അയച്ചാൽ കൃത്യമായി ഓരോ മാസവും ഇത് നിങ്ങളുടെ വീട്ടിലെത്തും. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിലെയും ഔദ്യോഗിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ വിവാ റഷ്യാ സാഹിത്യം ഏതു പെട്ടിക്കടകളിലും ലഭിക്കുന്നതുവരെയെത്തി അവരുടെ സ്വാധീനം. എന്ത് പ്രശ്നമുണ്ടായാലും നമ്മുടെയൊപ്പം റഷ്യയുണ്ടല്ലോ എന്ന് സാധാരണക്കാർ വരെ പറഞ്ഞു തുടങ്ങി. ഇതെല്ലാം ശാസ്ത്രി മരിച്ചു ഇന്ദിര അധികാരത്തിൽ വന്നതിനു ശേഷം സ്വിച്ച് ഇട്ടതുപോലെ ഉണ്ടായ മാറ്റങ്ങൾ ആണെന്നോർക്കുക. അതേ സമയം ഇന്ത്യൻ ചരിത്രം ( സത്യത്തിൽ അങ്ങനെയൊരെണ്ണമില്ല. സാങ്കേതികമായി രേഖപ്പെടുത്ത ചരിത്ര പുസ്തകങ്ങൾ ഇന്ത്യയെപ്പറ്റിയുള്ളത് ഒന്നുമില്ല. ) എന്നത് ആരും എഴുതാതെയും പോയി.

ആരൊക്കെ പണം വാങ്ങി ?
അഥവാ അമ്പ് കൊള്ളാത്തവരില്ല കുരുക്കളിൽ
………………………………………………………………………………….

അന്ന് സോവിയറ്റ് യൂണിയന്റെ പണം കൈപ്പറ്റാത്തവരായി ഇന്ത്യയിൽ ആരുമില്ലായിരുന്നു എന്നാണ് മിത്രോഖിൻ രേഖകൾ വെളിവാക്കുന്നത്. ഏറ്റവും വലിയ പാർട്ടിയായ കോൺഗ്രസ്സ് തന്നെയായിരുന്നു ഇക്കാര്യത്തിലും ഏറ്റവും മുന്നിൽ. പ്രധാനമന്ത്രിയുടെ ഓഫിസിലേക്കു പെട്ടിക്കണക്കിനു രൂപയാണ് KGB എത്തിച്ചിരുന്നത്. ഇന്ദിരാ ഗാന്ധി അത് നേരിട്ട് കൈപ്പറ്റിയിരുന്നോ എന്ന് പറയുന്നില്ലെങ്കിലും അവരുടെ മൗനാനുവാദത്തോടെ പാർട്ടിയിലെ വലിയ നേതാക്കൾ അത് കൈകാര്യം ചെയ്തിരുന്നു എന്നത് സ്പഷ്ടമാണ്. ഫണ്ടിന് കുഴങ്ങുന്ന പാർട്ടിയും വിചിത്രമായ പലതരം പ്രശ്നങ്ങളിൽ പെട്ട് കലങ്ങി മറിഞ്ഞു കിടക്കുന്ന ഇന്ത്യയുടെ ഭരണവും ഒരുമിച്ചു കൊണ്ടുപോകാൻ ഇന്ദിര സ്വീകരിച്ച ഒരു ഞാണിന്മേൽക്കളിയായിട്ടാണ് ഈ വിഷയത്തിലുള്ള കുറെ ലേഖനങ്ങൾ വായിച്ചപ്പോൾ എനിക്ക് തോന്നിയത്. എന്തായാലും രാജ്യത്തിൻറെ ആഭ്യന്തര നയങ്ങൾ തങ്ങൾക്കനുകൂലമായി വളച്ചൊടിക്കാൻ ആദ്യകാലത്ത് സോവിയറ്റ് യൂണിയന് സാധിച്ചിരുന്നു എന്നതൊരു സത്യമാണ്. ഇന്ത്യയുടെ ഭരണത്തിൽ ഏറ്റവും സ്വാധീനമുണ്ടായിരുന്ന നെഹ്‌റു കുടുംബത്തിനെ ടാർഗറ്റ് ചെയ്തുകൊണ്ട് തന്നെയായിരുന്നു അവർ കളിച്ചതും.

പക്ഷെ ഇവരുടെ ഈ ദൂഷിത വലയത്തിൽ നിന്ന് ഇന്ദിരാ ഗാന്ധി പിന്നീട് പുറത്തു വരികയും അവർക്കിട്ടു തന്നെ നല്ല പണി കൊടുക്കുകയും ചെയ്തു എന്നതും ചരിത്രമാണ്. തങ്ങളുടെ ഒപ്പമുള്ളവരിൽ കെ ജി ബിയെ എതിർത്തവരെയോ അവരുമായി തെറ്റിയവരെയോ ഒക്കെ കൊല്ലാൻ പോലും മടിക്കാത്തവരാണ് പങ്കാളികൾ എന്ന തിരിച്ചറിയലിൽ നിന്നുണ്ടായ മാറ്റമായിരുന്നു അതെന്നതും സത്യം. അധികാര ഭ്രമമുള്ള ഒരു സ്ത്രീയായി ഞാനും ഇന്ദിരയെ പറ്റി വായിച്ചിട്ടുണ്ട്. പക്ഷെ പല ബുദ്ധികേന്ദ്രങ്ങൾ പല കളികൾ കളിച്ചിട്ടും അതിൽ ചിലതിലൊക്കെ അവർ വീണു പോയിട്ടും രാജ്യത്തെ പിടിച്ചു നിർത്തി എന്നതാണ് അവരുടെ ഏറ്റവും വലിയ നേട്ടമായി കാണുന്നത്.വേണ്ടയിടത്ത് വേണ്ടത് പോലെ സംസാരിക്കാനും പ്രവർത്തിക്കാനും അവർക്കു സാധിച്ചിരുന്നു. ഒരുപക്ഷെ ഇന്ത്യ ഭരിച്ച പല നേതാക്കൾക്കും ഇല്ലാതിരുന്ന ഒരു ക്വാളിറ്റി. മാത്രമല്ല, ഇന്ത്യയുടെ വിചിത്രമായ സ്വഭാവത്തെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്ന ഒരാളായിരുന്നു അവർ. തൻ്റെ ചുറ്റിനുമുള്ള ഉപജാപകവൃന്ദം കൊടുക്കുന്ന ചിത്രങ്ങളല്ല യഥാർത്ഥ ഇന്ത്യയുടേത് എന്നവർക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. പിതാവായ നെഹ്‌റു പകർന്നു കൊടുത്ത അറിവ്.

ഇന്ത്യയിലെ അന്നത്തെ കമ്യൂണിസ്റ്റുകളും മോശമായിരുന്നില്ല. പണത്തിന്റെ കാര്യത്തിൽ ഒരു തൊട്ടുകൂടായ്മയും അവരും കെജിബിയോട് കാണിച്ചില്ല. ഭാരതത്തിലെ അക്കാലത്തെ പ്രമുഖ കമ്യൂണിസ്റ്റു പാർട്ടികളായ CPM / CPI എന്നിവരും സോവിയറ്റ് യൂണിയനിൽ നിന്നും ഒരു മടിയും കൂടാതെ പണം സ്വീകരിച്ചിരുന്നു. കറൻസികളായും ഇന്ത്യ-സോവിയറ്റ് സംയുക്ത വ്യവസായ സംരംഭങ്ങളെ എതിർക്കാതിരിക്കാൻ വേണ്ടിയുള്ള കമ്മീഷനുകളായും പദ്ധതി വിഹിതങ്ങളായും ഒക്കെ പല രൂപത്തിലാണ് അവർ ഇത്തരം സുഖ സൗകര്യങ്ങൾ അനുഭവിച്ചത്. എന്തൊക്കെയായാലും കമ്യൂണിസ്റ്റ് റഷ്യയിൽ നിന്നാണല്ലോ ഇതൊക്കെ സ്വീകരിക്കുന്നത് എന്ന വിശ്വാസത്തിൽ അതിലെ കുറ്റബോധം അവർ കുഴിച്ചു മൂടി. തരം കിട്ടിയപ്പോളൊക്കെ ഇന്ത്യയ്ക്കുള്ളിൽ നിന്ന് കൊണ്ട് ചൈനയോടും സോവിയറ്റ് യൂണിയനോടുമുള്ള ആഭിമുഖ്യം അവർ മറയില്ലാതെ പ്രകടിപ്പിക്കുകയും ചെയ്തു. അമ്പു കൊള്ളാത്തവരില്ല കുരുക്കളിൽ എന്നുള്ളതുകൊണ്ട് പ്രതിപക്ഷം അത് കണ്ടില്ലെന്നു നടിക്കുകയും ചെയ്തു. മാത്രമല്ല, ഇതൊക്കെ ചെയ്തിട്ട് കോൺഗ്രസ്സിനെ CIA യുടെ കയ്യിൽ നിന്ന് പണം വാങ്ങി അഴിമതി നടത്തുന്നു എന്ന് ആരോപണമുയർത്താനും അവർ മടിച്ചില്ല. പാർട്ടി ഫണ്ടുകൾ മാത്രമല്ല അന്നത്തെ ശക്തരായിരുന്ന മിക്ക നേതാക്കളും വ്യക്തിപരമായും സോവിയറ്റ് പണം കൈപ്പറ്റിയിരുന്നു എന്നത് പരസ്യമായ ഒരു രഹസ്യമാണ്. അന്നത്തെ ഇന്ദ്രപ്രസ്ഥം അഴിമതിയിൽ കുളിച്ചു നിൽക്കുകയായിരുന്നു. ഇന്ത്യയിലെ വലിയ സ്വാധീന ശക്തികൾ ഒന്നുമല്ലാതിരുന്നതു കൊണ്ട് മാത്രം ജനസംഘം പോലെയുള്ള മറ്റു പാർട്ടികൾക്ക് ഇത്തരം സൗകര്യങ്ങൾ ലഭിച്ചിരുന്നില്ല. അല്ലാതെ അത്തരം പ്രലോഭനങ്ങൾ നിരാകരിക്കാൻ അന്നത്തെ പ്രസ്ഥാനങ്ങൾ തയ്യാറാവുമായിരുന്നു എന്ന് തോന്നുന്നില്ല.

ശാസ്ത്രിയിലേക്കു തിരികെ വരാം
……………………………………………………………

നേതാജി സുഭാസ് ബോസിന്റെ മരണം ഇന്നും ഒരു കടങ്കഥയാണ്. അദ്ദേഹം മരിച്ചു എന്നുറപ്പിക്കുന്ന ശാസ്ത്രീയമായ തെളിവുകൾ ഇപ്പോളും ലഭ്യമല്ല. പക്ഷെ നേതാജി ജീവിച്ചിരുന്നു എന്ന് ശാസ്ത്രിക്ക് അറിയാമായിരുന്നു എന്ന് ചാരന്മാർ സംശയിച്ചിരുന്നു. താഷ്കന്റ്റിൽ വച്ച് അവർ സന്ധിക്കാൻ പ്ലാൻ ചെയ്തിരുന്നു എന്നും കഥകളുണ്ട്. ജെർമനിയുമായി ബന്ധമുണ്ടായിരുന്ന നേതാജി ഇന്ത്യയുടേയും റഷ്യയുടെയും കണ്ണിലെ കരടായിരുന്നു എന്നും ഓർക്കണം. എന്തായാലും ശാസ്ത്രി മരിച്ചതോടെയാണ് ഇന്ത്യ സ്വയംപര്യാപ്തത എന്ന ആശയത്തിൽ നിന്ന് വീണ്ടും പുറകിലേക്ക് പോയത്. ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ് ഹോമി ഭാഭയുടെ ദുരൂഹ മരണം. സ്വിസ്സ് ആൽപ്സ് മലനിരകളിൽ തകർന്നു വീണ വിമാനത്തിലാണ് അദ്ദേഹമുണ്ടായിരുന്നത്. പക്ഷെ സംഭവം നടന്നിടത്ത് വേറൊരു വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിരുന്നത് എന്നത് ആരും അന്വേഷണത്തിന് വിധേയമാക്കുകയുണ്ടായില്ല. വിക്രം സാരാഭായ് തുമ്പയിലെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിന് ( റഷ്യൻ റോക്കറ്റാണ് അന്ന് ഉപയോഗിച്ചത് ) ശേഷം കോവളത്തെ ഹോട്ടൽ മുറിയിൽ സംശയകരമായ സാഹചര്യത്തിൽ മരിച്ചു കിടന്നതും അന്വേഷിച്ചിട്ടില്ല. ഇതൊക്കെ യാദൃശ്ചികതയാണെന്നു മിത്രോഖിൻ രേഖകൾ വായിച്ചാൽ നമ്മൾ വിശ്വസിക്കില്ല. ഈയിടെ ശ്രീ നമ്പി നാരായണൻ എഴുതിയ പുസ്തകത്തിലും സാരാഭായിയുടെ മരണത്തിലുളള അദ്ദേഹത്തിൻ്റെ സംശയങ്ങൾ പങ്കു വച്ചിരുന്നത് ഓർക്കുന്നു.

ശാസ്ത്ര സാങ്കേതിക വിദ്യയിലും പ്രതിരോധ മേഘലയിലും സ്വയം പര്യാപ്തമാകാൻ ഇന്ത്യ നടത്തിയ ശ്രമങ്ങളെ നമ്മുടെ അയൽക്കാർ ഭയന്നിരുന്നു എന്നത് പകൽ പോലെ വ്യക്തമാണ്. സ്വാഭാവികമായും അതിനു വിഘാതമായിരുന്ന ഒരു വന്മരത്തെ അദ്ദേഹത്തോടൊപ്പമുള്ളവരെ തന്നെ കൂട്ട് പിടിച്ചു കൊന്നു കളയുകയായിരുന്നോ എന്ന് ന്യായമായും സംശയിക്കാം. പിന്നീടും കുറെ വർഷങ്ങൾ ഇത്തരം സംഭവങ്ങൾ തുടർന്നിരുന്നു. ISRO പോലുള്ള സ്ഥാപങ്ങളിലെ മിഷൻ ക്രിട്ടിക്കൽ പ്രോജക്ടുകളിൽ ജോലി ചെയ്തിരുന്ന പല ശാസ്ത്രജ്ഞന്മാരും ഇതുപോലെ കാണാതാവുകയോ മരണമടയുകയോ ചെയ്തിട്ടുണ്ട്. ഒരന്വേഷണവും നടന്നിട്ടില്ല. ഓപ്പറേഷൻ ബ്ലൂ സ്റ്റാർ വരെ നടന്നിട്ടും കോൺഗ്രസ്സിനോടൊപ്പം നിന്ന ഗ്യാനി സെയിൽ സിങ് മരിച്ചത് ദുരൂഹമായ ഒരു കാർ അപകടത്തിലായിരുന്നു. അതിനു മുമ്പ് അദ്ദേഹവും രാജീവ് ഗാന്ധിയും തമ്മിലുള്ള ബന്ധങ്ങൾ എങ്ങനെയായിരുന്നു എന്ന് വായിക്കുക. മിത്രോഖിൻ രേഖകൾ വായിച്ചിട്ടുള്ള ഒരാൾക്ക് പോലും ലാഘവത്തോടെ ഇത്തരം സംഭവങ്ങളെ കാണാൻ കഴിയില്ല.

The Thashkent Files എന്ന സിനിമ പറയുന്നത്
………………………………………………………………………….

ബ്രിട്ടീഷ് എംബസ്സിയിൽ ഒരു വലിയ പെട്ടിയുമായി വന്നു നിൽക്കുന്ന മിത്രോഖിനെ കാണിച്ചുകൊണ്ടാണ് ഈ സിനിമ തുടങ്ങുന്നത്. ഉദ്വെഗമുണർത്തുന്ന തുടക്കമാണെന്നു നമുക്ക് തോന്നും. പക്ഷെ അതൊരു വെറും തോന്നലാണെന്നു മനസ്സിലാവണമെങ്കിൽ പിന്നീടുള്ള ഭാഗങ്ങൾ കാണണം. ഒരു കോർട്ട് റൂം ഡ്രാമയുടെ ഫോർമാറ്റിൽ ആണ് കഥ പറയുന്നത്.
( 12 Angry Men എന്ന വിഖ്യാത ചിത്രത്തിന്റെ ഫോർമാറ്റ് ആണ് അവർ ഉപയോഗിച്ചത് എന്ന് ചിലർ പറഞ്ഞു കേട്ടിരുന്നു. ഞാൻ ആ സിനിമ കണ്ടിട്ടില്ല ) . ശാസ്ത്രിയുടെ മരണം അന്വേഷിക്കാൻ ഒരു കമ്മീഷൻ. വിചിത്ര സ്വഭാവക്കാരായ, സമൂഹത്തിന്റെ പല മേഖലകളിൽ നിന്നുള്ള കുറെ അംഗങ്ങൾ. ഞാൻ മുകളിൽ പറഞ്ഞത് പോലെ ഗൂഗിളിൽ നിന്ന് കിട്ടുന്ന ഈ വിവരങ്ങളൊക്കെ ഇവരെല്ലാവരും കൂടി അടുത്ത ഒന്നര മണിക്കൂർ നിർത്താതെ ചർച്ച ചെയ്യുന്നതാണ് സിനിമയിലുള്ളത്. ശാസ്ത്രി മരിച്ച ആ ദിവസത്തെ ഒരു സംഭവങ്ങളുടെയും പുനരാവിഷ്കരണമോ കെ ജി ബി ചാരന്മാരുടെ രീതികൾ മനസ്സിലാക്കി തരുന്ന രംഗങ്ങളോ ഒന്നും ചിത്രത്തിലില്ല. കടുത്ത മെലോ ഡ്രാമ, അസഹ്യമായ വികാര പ്രകടനങ്ങൾ, ക്ളീഷേ എന്ന് വിളിച്ചാൽ ആ വാക്കിന് പോലും ലജ്ജ തോന്നുന്ന പഴകിയ സംഭാഷണങ്ങളും പ്രതികരണങ്ങളും തുടങ്ങി പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന ചിത്രം അവസാനിക്കുന്നിടത്ത് മിക്കവർക്കും അണിയറക്കാരുടെ ഉദ്ദേശശുദ്ധിയിൽ സംശയം തോന്നാതിരിക്കില്ല.

ഇന്ദിര ഗാന്ധി പണം വാങ്ങിയിരുന്നോ എന്നും ശാസ്ത്രിയുടെ കൊലയ്ക്കു പിന്നിൽ അവരാണോ എന്നുമുള്ള സംശയം വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിക്കാണിച്ചുകൊണ്ടാണ് ഈ ചിത്രം അവസാനിക്കുന്നത്. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണോ തെരഞ്ഞെടുപ്പ് കാലത്ത് ഈ സിനിമ ഇറങ്ങിയത് എന്ന് ഏതൊരാൾക്കും തോന്നാവുന്ന രീതിയിൽ വളച്ചൊടിക്കപ്പെട്ട സംഭാഷണങ്ങൾ ചിത്രത്തിലുണ്ട്. സംവിധായകനായ വിവേക് അഗ്നിഹോത്രിയുടെ ചരിത്രം അറിയാവുന്ന ഒരാൾക്ക് അങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ . ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ കേസിൽ ഉൾപ്പെട്ട കന്യാസ്ത്രീയെ തെറി വിളിച്ച പി സി ജോർജിനെതിരെ അന്ന് സ്വരാ ഭാസ്കർ ട്വീറ്റ് ചെയ്തിരുന്നു. ആ ട്വീറ്റ് എടുത്ത് സ്വരയെയും കന്യാസ്ത്രീയെയും അപമാനിക്കുന്ന വിധം അസഭ്യം പറഞ്ഞു റീ ട്വീറ്റ് ചെയ്തയാളാണ് വിവേക്. ജനങ്ങളിൽ നിന്നുള്ള പ്രതിഷേധം ശക്തമായപ്പോൾ ട്വിറ്റർ അദ്ദേഹത്തിന്റെ ഹാൻഡിൽ ബ്ലോക്ക് ചെയ്യുകയും ബലമായി ആ ട്വീറ്റുകൾ നീക്കം ചെയ്യിക്കുകയുമായിരുന്നു. താനൊരു ഹിന്ദുവായതുകൊണ്ടാണ് ഇങ്ങനെ പീഡിപ്പിക്കപ്പെടുന്നത് എന്നായിരുന്നു രക്ഷപ്പെടാൻവേണ്ടിയുള്ള വിവേകിന്റെ വിചിത്രമായ വാദം

സംവിധായകന്റെ പത്നിയായ ശ്രീമതി പല്ലവി ജോഷി, മിഥുൻ ചക്രവർത്തി, രാജേഷ് ശർമ്മ, വിജയ് പഥക്, പങ്കജ് ത്രിപാഠി തുടങ്ങി പ്രതിഭാശാലികളായ അഭിനേതാക്കൾ പലരും ഉണ്ടെങ്കിലും ഇവരുടെയൊക്കെ ഏറ്റവും മോശം പ്രകടനമാണ് ഈ സിനിമയിലേത്. അവർക്കൊന്നും ചെയ്യാനില്ലാത്ത ചതഞ്ഞ തിരക്കഥയും സംഭാഷണങ്ങളുമാണ് കാരണം എന്ന് നിസ്സംശയം പറയാം. പങ്കജ് ഒക്കെ ഇത്രയും മോശമായി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മറ്റൊരു സിനിമയിലും കണ്ടിട്ടില്ല. ഇഖ്ബാൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ശ്വേതാ ബസു പ്രസാദ് ആണ് ഏക ആശ്വാസം. രാഗിണി ഫുലെ എന്ന പ്രധാന കഥാപാത്രത്തെ ശ്വേത മനോഹരമായി അവതരിപ്പിച്ചു.

സാങ്കേതികമായും ഒരുപാടു പാളിച്ചകൾ ചിത്രത്തിലുണ്ട്. സിങ്ക് സൗണ്ട് ആണോ ഉപയോഗിച്ചത് എന്നറിയില്ല. പല സംഭാഷണങ്ങളും വ്യക്തമല്ല. മാത്രമല്ല പശ്ചാത്തലത്തിലുള്ള ഒച്ച ചിലയിടങ്ങളിലെങ്കിലും അരോചകമാവുന്നുണ്ട്. അടച്ചിട്ട മുറിയിൽ നടക്കുന്ന നീണ്ട സംഭാഷണങ്ങൾക്കിടയ്ക്ക് അത്തരം ശബ്ദങ്ങൾ കല്ലുകടിയാണ്. അധികമൊന്നും അനങ്ങാതെയിരിക്കുന്ന ക്യാമറയും കുറേക്കഴിയുമ്പോൾ മടുപ്പുണ്ടാക്കും. ഒരു വലിയ ഹാളിനുള്ളിൽ നടക്കുന്ന രംഗങ്ങളിൽ, അരണ്ട വെളിച്ചത്തിൽ നിശ്ചലമായി നിൽക്കുന്ന ദൃശ്യങ്ങൾ നന്നായി മുഷിപ്പിക്കും. തീയറ്ററിൽ പോയി കണ്ടില്ലെങ്കിലും ഒരു കുഴപ്പവുമില്ലാത്ത സിനിമയാണിത്. ഗൂഗിളിൽ തപ്പിയാൽ കിട്ടുന്നതിൽ കൂടുതൽ ഒരു രഹസ്യവും ഈ ചിത്രത്തിലില്ല താനും. ഈ വിഷയത്തെക്കുറിച്ച് കുറേക്കാലമായി ഗവേഷണം നടത്തുന്ന അനുജ് ധറിനെയോ അദ്ദേഹത്തിന്റെ കണ്ടെത്തലുകളെയോ വിശദമായി കാണിച്ചിട്ടുമില്ല, അങ്ങനെ അവർ അവകാശപ്പെട്ടിരുന്നുവെങ്കിലും. അധികാരികതയ്ക്കു വേണ്ടി മാത്രം ഏച്ചു കെട്ടിയ രീതിയിൽ ശാസ്ത്രിയുടെ മകനായ അനിൽ ശാസ്ത്രിയുടെയും അനുജിന്റെയും ചില സീനുകൾ ചേർത്തിട്ടുണ്ട്. പക്ഷെ മൊത്തത്തിൽ നിരാശപ്പെടുത്തുന്ന അനുഭവത്തെ മറച്ചു പിടിക്കാൻ ഇതിനൊന്നും കഴിഞ്ഞിട്ടില്ല.

വാൽക്കഷ്ണം :
ജീവിതത്തിലാദ്യമായി കേട്ട ഗൂഢാലോചനാ തിയറി
************************************************************************

അഞ്ചാം ക്ലാസ്സിലോ മറ്റോ ആണ്. അച്ഛനോടും അമ്മയോടുമൊപ്പം തിരുവനന്തപുരത്തേയ്ക്ക് ട്രെയിനിൽ പൊയ്‌ക്കൊണ്ടിരിക്കുമ്പോൾ അതിനുള്ളിൽ നടന്നു പുസ്തകം വിൽക്കുന്ന ഒരു കച്ചവടക്കാരന്റെ കയ്യിലാണ് അതാദ്യം കണ്ടത്. അന്നത്തെ സിനിമാ നോട്ടീസൊക്കെ അച്ചടിക്കുന്ന പിങ്ക് നിറമുള്ള കടലാസ്സിൽ അടിച്ചു സ്റ്റേപ്പിൾ ചെയ്ത, പുസ്തകമെന്നു വേണമെങ്കിൽ വിളിക്കാവുന്ന ഒരു സാധനം. “ജയൻ മരിച്ചിട്ടില്ല” എന്ന് വെണ്ടയ്ക്ക അക്ഷരത്തിലുളള തലക്കെട്ടും ഹെലികോപ്ടറിൽ തൂങ്ങി കിടന്നാടുന്ന ജയന്റെ ചിത്രവുമുള്ള ചെറിയൊരു പുസ്തകം. കഷ്ടി അമ്പതു പുറങ്ങൾ വരും. അമ്മയെ സോപ്പിട്ട് അത് വാങ്ങിക്കാൻ നോക്കിയെങ്കിലും അതൊന്നും വായിക്കേണ്ട എന്ന് പറഞ്ഞു അമ്മ അത് വാങ്ങി തന്നില്ല. തിരുവനന്തപുരത്തു പോയി തിരിച്ചു വന്നിട്ടും ഒന്ന് രണ്ടു ദിവസം അതിലെ ഉള്ളടക്കം എന്തായിരുന്നിരിക്കും എന്നുള്ള ചിന്തയിലായിരുന്നു ഞാൻ. ഒടുവിൽ ക്ലാസ്സിലെ സുഹൃത്തുക്കളോട് ആ ആശങ്ക പങ്കു വച്ചപ്പോൾ അതിലൊരുത്തൻ എനിക്കത് വിശദീകരിച്ചു തന്നു. അങ്ങനെയാണ് ജയനോടുള്ള അസൂയ സഹിക്കാൻ വയ്യാതെ പ്രേംനസീർ ബാലൻ കെ നായരെ ഉപയോഗിച്ച് ജയനെ അപകടപ്പെടുത്താൻ നടത്തിയ പ്ലാനിങ് ഞാൻ അറിയുന്നത്. പക്ഷെ നസീറിന്റെയും ബാലൻ കെ നായരുടെയും പദ്ധതി പൊളിഞ്ഞെന്നും അന്ന് മരിച്ചത് യഥാർത്ഥ ജയനായിരുന്നില്ല അദ്ദേഹത്തിന്റെ ഡ്യൂപ്പ് ആയിരുന്നുവെന്നും അവൻ വിശദീകരിച്ചു. മാത്രമല്ല സിംഗപ്പൂരിലേക്ക് രക്ഷപെട്ട ജയൻ കുറച്ചു മാസം കഴിയുമ്പോൾ തിരികെ വരുമെന്നും ബാലൻ കെ നായരോടും പ്രേം നസീറിനോടും പകരം ചോദിക്കുമെന്നുമൊക്കെ അവൻ പറഞ്ഞു. ഹൈ സ്കൂളിൽ പഠിക്കുന്ന ചേട്ടൻ വാങ്ങിയ ആ പുസ്തകത്തിൽ നിന്ന് അവൻ മനസ്സിലാക്കിയതാണ് ഈ കഥകളൊക്കെ. ജീവിതത്തിലാദ്യമായി കേട്ട ഗൂഢാലോചനാ തിയറിയായിരുന്നു അത്.