Sanuj Suseelan
മറിമായത്തിലൂടെ പ്രശസ്തനായ ഉണ്ണിരാജ എന്ന നടൻ ജീവിക്കാനുള്ള ബുദ്ധിമുട്ട് കാരണം ടോയ്ലെറ്റ് ക്ലീനർ തസ്തികയിലേക്കുള്ള അഭിമുഖത്തിന് ഹാജരായെന്നത് ഇന്നലെ മിക്ക പത്രങ്ങളിലും ചാനലുകളിലും വാർത്തയായിരുന്നല്ലോ. പ്രതിഭയുള്ള കലാകാരനാണെങ്കിലും പ്രതിഭ അടുപ്പത്തു വച്ച് പുഴുങ്ങിയാൽ ചോറാവില്ല എന്നതുകൊണ്ട് സ്ഥിര വരുമാനമുള്ള ഒരു ജോലിക്ക് അദ്ദേഹം ശ്രമിക്കുന്നതിനെ കുറ്റം പറയാനാവില്ല. എന്നാൽ ഈ വാർത്തയോടുള്ള മലയാളികളുടെ പ്രതികരണങ്ങൾ കൗതുകകരമായിരുന്നു.
സ്വാഭാവികമായും സവർണ സമുദായത്തിൽ പെട്ട ഒരു കലാകാരന് ഈ ഗതികേട് വന്നല്ലോ എന്നുള്ള ഖേദപ്രകടനങ്ങൾ കൂടാതെ വന്ന ഒരു ഉപദേശമാണ് ഏതൊരു ജോലിക്കും മാന്യതയുണ്ട്, ടോയ്ലറ്റ് ക്ലീൻ ചെയ്യുന്നതിൽ എന്താണിത്ര കുറച്ചിലുള്ളത് എന്നുള്ള നിഷ്കളങ്കമായ ചോദ്യം. സത്യത്തിൽ ഇത് ഈ വാർത്തയുടെ കീഴെ മാത്രമല്ല, ശാരീരിക അദ്ധ്വാനം കൂടുതലുള്ളതും എന്നാൽ അതിനനുസരിച്ചുള്ള ഒരു പ്രയോജനവുമില്ലാത്ത ജോലികളെക്കുറിച്ച് പൊതുവെ നമ്മൾ പറയാറുള്ള റൊമാന്റിക് ആയ ഡയലോഗാണ്. ഗ്രാമം നഗരങ്ങളെക്കാൾ നന്മകളാൽ സമൃദ്ധം, കൊട്ടാരത്തേക്കാൾ സന്തോഷം കുടിലിലെ ജീവിതത്തിനാണ് എന്നൊക്കെയുള്ള കൾട്ട് ഡയലോഗുകൾ പോലെ ഒരെണ്ണം.
സ്കൂളിൽ പഠിക്കുന്ന പ്രായത്തിൽ ഇതൊക്കെ ഞാനും വിശ്വസിച്ചിരുന്നതാണ്. പക്ഷെ ഉള്ളത് പറയാമല്ലോ. എല്ലാ ജോലികളും ഒരുപോലെയല്ല. Dirty jobs എന്ന് പറയുന്നത് ഒരു യാഥാർഥ്യമാണ്. സ്വന്തം വീട്ടിലെ ടോയ്ലറ്റ് കഴുകുന്നത് പോലെയല്ല പണത്തിനു വേണ്ടി പബ്ലിക് ടോയ്ലറ്റ് കഴുകേണ്ടി വരുന്നത്. പ്രത്യേകിച്ച് വ്യക്തിശുചിത്വം തീരെയില്ലാത്ത ഇന്ത്യ പോലൊരു രാജ്യത്തിൽ. ഇത് മാത്രമല്ല, കാന കോരുക, മാലിന്യം നീക്കം ചെയ്യുക, മോർച്ചറിയിൽ ശവശരീരങ്ങൾ കൈകാര്യം ചെയ്യുന്ന പണി തുടങ്ങി ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുള്ള ജോലികൾ വേറെയും ഒരുപാടുണ്ട്. അതൊക്കെ ചെയ്യുന്നവർ വിശാലമായി ചിന്തിക്കുകയും ആ തൊഴിലിനും ഒരു മാന്യതയുള്ളതുകൊണ്ടുമാണ് അതിൽ തുടരുന്നതുമെന്നുമൊക്കെയുള്ള ന്യായീകരണങ്ങൾ സത്യത്തിൽ ചാതുർവർണ്യത്തിന്റെ ഒരു എൻഡോഴ്സ്മെന്റ് മാത്രമാണ്. പരിഷ്കൃത ലോകം ഇത്തരം നിലപാടുകളിൽ നിന്ന് മാറി ചിന്തിക്കുന്നതുകൊണ്ടാണ് ഗുജറാത്തിൽ വെറും കൈ കൊണ്ട് കക്കൂസ് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ജോലി ചെയ്യുന്നവരുണ്ടായിരുന്നു എന്ന വാർത്ത സമൂഹത്തിൽ ഞെട്ടലുണ്ടാക്കിയത്.
ഗതികേട് കൊണ്ട് മാത്രമാണ് പലർക്കും ഈ ജോലി ചെയ്തു ജീവിക്കേണ്ടി വരുന്നത്. മുകളിൽ പറഞ്ഞത് പോലെ ജാതി വ്യവസ്ഥയുടെ ഭാഗമായി സമൂഹം അടിച്ചേൽപ്പിക്കുന്നത് കൊണ്ടും മനസ്സില്ലാമനസ്സോടെ ഇങ്ങനെ ചെയ്യേണ്ടിവരുന്നവരുണ്ട്. എന്നാൽ ഇത്തരം പണി ചെയ്യുന്നതിൽ ഒരാൾ പോലും എന്തുകൊണ്ടാണ് സ്വന്തം മക്കളെ അതേ ജോലിയിലേക്ക് വരാൻ പ്രോത്സാഹിപ്പിക്കാത്തത് എന്നാലോചിച്ചാൽ ഇത്തരം ന്യായീകരണങ്ങളുടെ പൊട്ടത്തരം മനസ്സിലാവും. അതുകൊണ്ടു ദയവു ചെയ്ത് അങ്ങനെയൊരാൾ അവന്റെ കഷ്ടപ്പാടുകൾ പറയുമ്പോൾ റൊമാന്റിക് ആയ ഡയലോഗുകൾ അടിച്ച് അവനെ സമാധാനിപ്പിക്കരുത്. ഒന്നുകിൽ ആ ജോലി കുറച്ചുകൂടി സുരക്ഷിതമായും എളുപ്പത്തിലും ചെയ്യാനുള്ള ഒരു മാർഗമുണ്ടാക്കിക്കൊടുക്കുക. അല്ലെങ്കിൽ അതിനേക്കാൾ ഭേദമായ മറ്റൊരു ജോലി കണ്ടെത്താൻ അയാളെ സഹായിക്കുക. ഓരോ വ്യക്തിക്കും അതിൽ എന്തെങ്കിലും ചെയ്യാൻ പറ്റും.
ഒരു ചെറിയ ഉദാഹരണം പറയാം. ഞങ്ങളുടെ താമസ സ്ഥലത്ത് ഓരോ ഫ്ലാറ്റിലും വന്നു വേസ്റ്റ് ശേഖരിക്കുന്നതിന് ഒരു മെയ്ഡ് വരും. വെറ്റ്, ഡ്രൈ വേസ്റ്റ് കൃത്യമായി വേർതിരിക്കാനുള്ള ഒരു ശ്രമമാണിത്. വെറും കൈ കൊണ്ടാണ് അവർ ബിന്നിലെ മാലിന്യം അവരുടെ ബക്കറ്റിലേക്ക് മാറ്റിയിരുന്നത്. ഞങ്ങൾ അത് നിർത്തിച്ചു. ഗ്ലൗസ് , വൈപ്പ് എന്നിവയൊക്കെ വാങ്ങിക്കൊടുത്തു. അവരുടെ ദേഹത്ത് അഴുക്കു പറ്റാതെ, രോഗാണുക്കൾ പകരാതെ ആ ജോലി ചെയ്യാനുള്ള സഹായം ചെയ്തുകൊടുത്തു. എല്ലാ ഫ്ലാറ്റ് ഉടമകളും കൂടി ചേരുമ്പോൾ വളരെ നിസ്സാരമായ ഒരു കാര്യമാണ്. പക്ഷെ അവരുടെ ദൈനംദിന ജോലിയിൽ അത് എത്ര മാറ്റം വരുത്തുന്നു എന്നാലോചിക്കുക. മാത്രമല്ല ഇവിടത്തെ സ്റ്റാഫ് അതായത് സെക്യൂരിറ്റി, ഹൌസ് കീപ്പിംഗ് എന്നിവയൊക്കെ ചെയ്യുന്നവരോട് ഏതെങ്കിലും താമസക്കാർ മോശമായി പെരുമാറിയാൽ അതിൽ പരിഹാരമുണ്ടാക്കാനും അസോസിയേഷൻ ശ്രദ്ധിക്കാറുണ്ട്. ഏതു ജോലിയായാലും ഒരു പണിയെടുത്തു ജീവിക്കുന്നയാൾ ബഹുമാനം അർഹിക്കുന്നുണ്ട്. അതിൽ അയാളുടെ ജോലിയുടെ ഗ്രേഡ് ഒരു ഘടകമല്ല എന്നത് മാത്രമാണ് പരമമായ സത്യം. ബാക്കിയൊക്കെ ഒരുതരം അഡ്ജസ്റ്റ്മെന്റാണ്.