പലരും പറയുന്നത് പോലെ പി എസ് സി ജോലി കിട്ടാൻ വേണ്ടി മറ്റൊരു പണിയുമെടുക്കാതെ കറങ്ങി നടന്നിരുന്ന ഒരാളല്ലായിരുന്നു അനു

130

Sanuj Suseelan

ജോലി ലഭിക്കാത്ത വിഷമത്തിൽ ആത്മഹത്യ ചെയ്ത അനുവിനെക്കുറിച്ച് താത്വികമായും ബൗദ്ധികമായും പലരും വിശകലനങ്ങൾ നടത്തുന്നത് കണ്ടു. അവരൊക്കെ പറയുന്നത് പോലെ പി എസ് സി ജോലി കിട്ടാൻ വേണ്ടി മറ്റൊരു പണിയുമെടുക്കാതെ കറങ്ങി നടന്നിരുന്ന ഒരാളല്ല അനു. കൂലിപ്പണിയെടുത്താണ് അയാൾ ഡിഗ്രി വരെ പഠിച്ചത്. ജീവിക്കാനായി ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. അതിനിടയിലാണ് ടെസ്റ്റിന് വേണ്ടി പഠിച്ചതും റാങ്ക് ലിസ്റ്റിൽ ഇടം നേടിയതും. പാവപ്പെട്ട കുടുംബത്തിൽ ജനിച്ച ഒരു സാധാരണക്കാരന് സർക്കാർ ജോലി ചെയ്യാതെയും ജീവിക്കാം. സാങ്കേതികമായി ശരിയാണ്. പക്ഷെ എന്തുകൊണ്ടാണ് അത് പലർക്കും ഒരു ജീവന്മരണ പ്രശ്നമായി മാറുന്നതെന്നറിയണമെങ്കിൽ അവരുടെ ജീവിത സാഹചര്യങ്ങളിലേക്കു കൂടി ഒന്ന് നോക്കണം. ദാരിദ്ര്യം നൽകുന്ന വിവേചനവും വേദനയും അനിശിചിതത്വവും നിറഞ്ഞ ലോകത്തു നിന്ന് രക്ഷപ്പെടാനുള്ള ഒരു വഴിയായാണ് അവർ അതിനെ കാണുന്നത്. സ്വാഭാവികമായും റാങ്ക് ലിസ്റ്റിൽ വരുന്നത് അവരിൽ പ്രതീക്ഷ വളർത്തും. ഒരു പരീക്ഷയിൽ വിജയിച്ചാലും ഒടുവിൽ ജോലി കയ്യിലെത്തണമെങ്കിൽ എത്ര കടമ്പകൾ കടക്കണമെന്നു ഒരു തവണയെങ്കിലും റാങ്ക് ലിസ്റ്റിൽ പേര് വന്നിട്ടുള്ളവർക്കു മാത്രമേ പിടികിട്ടൂ. എം പാനൽ ജീവനക്കാരെ പണ്ട് കെ എസ് ആർ ടി സി പിരിച്ചു വിട്ടപ്പോൾ എഴുതിയ ഒരു പോസ്റ്റ് താഴെ ചേർക്കുന്നു. അതിൽ കൂടുതലൊന്നും ഇപ്പോളും പറയാനില്ല

.
എം പാനലും പിരിച്ചുവിടലും
**********

ജീവിക്കാൻ വേണ്ടി ചെയ്യുന്ന ജോലി ഒരു സുപ്രഭാതത്തിൽ നഷ്ടപ്പെടുന്നതിന്റെ ദുരന്തം പല തവണ നേരിട്ട് കണ്ടിട്ടുണ്ട്. അറിയാതെയാണെങ്കിലും ഒന്ന് രണ്ടു പേരുടെ ജോലി കളയുന്നതിൽ ഭാഗമാകേണ്ടി വന്നിട്ടുമുണ്ട്. രാവിലെ ജോലിക്കു വന്നിട്ടു ബാഗുമെടുത്തു കരഞ്ഞുകൊണ്ട് ഇറങ്ങിപോകേണ്ടി വന്നവരുടെ മുഖം പല തവണ ഉറക്കം കെടുത്തിയിട്ടുണ്ട്. ഐ ടി യിൽ അതൊരു പുതിയ സംഭവമല്ല. പക്ഷെ ഇന്നലെ എം പാനൽ ജീവനക്കാരെ പിരിച്ചു വിട്ട വാർത്തയോടുള്ള കൂടുതൽ പേരുടെയും പ്രതികരണങ്ങൾ കണ്ടപ്പോൾ ഇത്രയും എഴുതണമെന്നു തോന്നി.

നിങ്ങൾ ഒരിക്കലെങ്കിലും ഒരു പി എസ്സ് സി ടെസ്റ്റ് എഴുതി നോക്കിയിട്ടുണ്ടോ ? നല്ല രസമാണ്. വർഷങ്ങൾ നീണ്ടു നിൽക്കുന്ന ഒരു സൈക്കിൾ അഭ്യാസമാണ് ഈ പരീക്ഷയെഴുതൽ. സൈക്കിൾ എങ്ങോട്ടാണ് മറിയുന്നതെന്നോ നേരെയാണോ പൊയ്ക്കൊണ്ടിരിക്കുന്നതെന്നോ ഒന്നും ആർക്കും പ്രവചിക്കാനാവാത്ത യഥാർത്ഥ സർക്കസ്സ്. എന്റെ ഒരു സുഹൃത്തുണ്ട്. യഥാർത്ഥ പേര് പറയുന്നില്ല. തൽക്കാലം നാരായണൻ എന്ന് വിളിക്കാം. സിനിമയിലൊക്കെ കാണിക്കുന്നത് പോലുള്ള ഒരു പൊളിഞ്ഞ നായർ തറവാട്ടിലെ അംഗമാണ് പുള്ളി ( നായർ എന്നെഴുതിയത് കണ്ടു നെറ്റി ചുളിക്കണ്ട, മറ്റുള്ളവരുടെ കാര്യം താഴെ വേറെ വരുന്നുണ്ട് ) . പി എസ്സ് സി ടെസ്റ്റ് എഴുതാനുള്ള മിനിമം വയസ്സറിയിച്ചതു മുതൽ തുടങ്ങിയതാണ് പുള്ളിയുടെ അങ്കം വെട്ടൽ. ആദ്യത്തെ രണ്ടു മൂന്നു വർഷങ്ങൾ ഒറ്റ റാങ്ക് ലിസ്റ്റിലും പുള്ളിക്ക് കയറിക്കൂടാൻ കഴിഞ്ഞില്ല. പിന്നെപ്പിന്നെ ചില ടെസ്റ്റുകൾ പാസ്സായി ഇന്റർവ്യൂവിനു വിളിക്കുന്ന അവസ്ഥയിലെത്തി . സവർണനായത് കാരണം ഏറ്റവും അവസാനമാണ് പുള്ളിയുടെ റാങ്ക് പരിഗണിക്കപ്പെടുന്നത്. ഒറ്റയക്കം റാങ്കില്ലെങ്കിൽ പുറത്താക്കപ്പെടും എന്ന കാരണം കൊണ്ട് രാത്രിയും പകലെന്നുമില്ലാതെ പഠിത്തം തന്നെ പഠിത്തം.

എല്ലാ വർഷവും നടന്നു വരുന്ന എൽ ഡി സി , സെക്രെട്ടറിയേറ്റ് അസിസ്റ്റന്റ്, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ടെസ്റ്റ് തുടങ്ങിയവയൊക്കെ നാരായണൻ അതീവ ഭക്തിയോടും ശ്രദ്ധയോടും കൂടി എഴുതിപ്പോന്നു. വയസ്സ് മുപ്പതു കഴിഞ്ഞു. തലയിലെ മുടിയൊക്കെ കുറഞ്ഞു തുടങ്ങി. കല്യാണം കഴിക്കാതെ കളിച്ചു നടക്കുകയാണല്ലേടാ എന്നുള്ള നാട്ടുകാരുടെ പരിഹാസവും ഇത്രയും ടെസ്റ്റ് ഒക്കെ എഴുതിയിട്ടും തനിക്കെന്താടോ ഒരു ജോലിയും കിട്ടാത്തതെന്നു ഒരു പണിയുമെടുക്കാതെ നാട്ടിൽ കാനാ പൂനാ നടക്കുന്നവരുടെ വരെ പരിഹാസവും പെങ്ങമ്മാരെ കല്യാണം കഴിച്ച കടം വീട്ടാൻ കഴിയാതെ കഷ്ടപ്പെടുന്ന വീട്ടുകാരുടെ ദുഖവും എല്ലാം കണ്ട് ഭ്രാന്തിന്റെ വക്കത്തെത്തിയ നാരായണനെ ആശ്വസിപ്പിച്ചുകൊണ്ടു അയാൾക്കൊരു ജോലി കിട്ടി.

“ജോലി കിട്ടി” എന്ന് പറഞ്ഞാൽ പി എസ് സി യുടെ റാങ്ക് ലിസ്റ്റിൽ പേര് വന്നു. ജോലി കിട്ടാൻ എല്ലാ സാധ്യതയുമുണ്ട്. പോസ്റ്റിങ്ങ് കുറച്ചു ദൂരെയായിരിക്കും എന്ന് മാത്രം. ചൊവ്വാ ഗ്രഹത്തിൽ കിട്ടിയാലും പോകുമെന്ന സ്റ്റേജിലിരിക്കുന്ന നാരായണന് അതൊന്നും ഒരു പ്രശ്നമായിരുന്നില്ല. ഒരു വർഷം കടന്നു പോയി. അഡ്വൈസ് മെമ്മോ വന്നില്ല. അന്വേഷിച്ചപ്പോളാണറിഞ്ഞത് ആ വേക്കൻസിയിൽ ഇപ്പോൾ താൽക്കാലിക ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. അതിൽ ആരൊക്കെയോ യൂണിയൻ വഴി സമ്മർദ്ദം ചെലുത്തിയത് കാരണം നേരത്തെ റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ എണ്ണത്തിൽ എന്തോ ആശയക്കുഴപ്പമുണ്ട്, അതുകൊണ്ടു അത് പരിഷ്കരിക്കണം എന്ന നിലപാടിലാണ് ഡിപ്പാർട്ട്മെന്റ്. അതിനിടയിൽ പുള്ളിക്ക് മുപ്പത്തിയൊന്നു വയസ്സായി. എന്തായാലും റാങ്ക് ഉണ്ടെന്ന സമാധാനത്തിൽ പുള്ളി കല്യാണം കഴിച്ചു, അഥവാ കഴിക്കേണ്ടി വന്നു.

അതുവരെ ചെയ്തത് പോലെ ട്യൂഷനെടുത്തും കടം വാങ്ങിച്ചുമൊക്കെ പുള്ളി ജീവിതം മുന്നോട്ടു കൊണ്ട് പോയി. ഒരു വർഷം കൂടി കഴിഞ്ഞപ്പോൾ കാര്യങ്ങൾ ഏകദേശം ധാരണയായി. അഡ്വൈസ് മെമ്മോ വന്നു. പക്ഷെ അപ്പോഴാണ് കഥയിലെ യഥാർത്ഥ ട്വിസ്റ്റ്. ആ താൽക്കാലിക ജീവനക്കാരിൽ ആരോ കോടതിയിൽ ഒരു ഹർജി നൽകി.ഇത്രയും വർഷമായി വകുപ്പിൽ ജോലി ചെയ്യുന്ന തങ്ങളെ പിരിച്ചു വിട്ടിട്ടു പുതിയ ആൾക്കാരെ എടുക്കുന്നത് അനീതിയാണെന്ന് കാരണം പറഞ്ഞായിരുന്നു കേസ്. കോടതി ആ റാങ്ക് ലിസ്റ്റ് സ്റ്റേ ചെയ്തു. ഇതിനിടയിൽ വർഷം ഒന്ന് കൂടി കടന്നു പോയി. മൂന്നു വർഷമാണ് ആ റാങ്ക് ലിസ്റ്റിന്റെ കാലാവധി. അത് കഴിഞ്ഞാൽ വീണ്ടും ടെസ്റ്റ് നടത്തി പുതിയ റാങ്ക് ലിസ്റ്റ് ഉണ്ടാക്കണമെന്നാണ് നിയമം. പ്രായപരിധി കടക്കാറായ പുള്ളിക്കാരൻ പിന്നീട് എല്ലാം ശരിയായി അപ്പോയ്ന്റ്മെന്റ് ഓർഡർ കിട്ടുന്നത് വരെ എത്ര സമ്മർദ്ദത്തിലാണ് ജീവിച്ചതെന്ന് എഴുതി ഫലിപ്പിക്കാനുള്ള കഴിവ് എനിക്കില്ല. ജോലിയെപ്പറ്റിയുള്ള ഊഹാപോഹങ്ങൾ കേട്ട് ഭയന്ന് ആത്മഹത്യ ചെയ്താലോ എന്നുവരെ നാരായണൻ ചിന്തിച്ചിരുന്നു എന്നെനിക്കറിയാം.

സംവരണം കാരണം “താഴ്ന്ന” ജാതിക്കാർ ജോലിയെല്ലാം ഒന്നോടെ കൊണ്ട് പോകുന്നു എന്നാണല്ലോ സംവരണ വിരുദ്ധരുടെ പ്രധാന ആരോപണം. കേരളത്തിൽ ഒരുപക്ഷെ സംവരണം ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന ഒരു വിഭാഗം ഓ ബി സി കാറ്റഗറിയിൽ പെട്ടവരാവും. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു വളരെ ഉയർന്ന ജീവിത സാഹചര്യങ്ങളുള്ള കേരളത്തിൽ ഒബിസി കാറ്റഗറിയിൽ നിന്ന് ജോലി നേടുന്നതിൽ പകുതിപ്പേരെങ്കിലും അത്യാവശ്യം നന്നായി ജീവിക്കാൻ കഴിവുള്ള കുടുംബങ്ങളിൽ നിന്ന് വരുന്നവരാണെന്നു എല്ലാവർക്കും അറിയാം ( അത് മനസ്സിലാവണമെങ്കിൽ കേരളത്തിന് പുറത്തുള്ള അത്തരം വിഭാഗത്തിലുള്ളവർ എങ്ങനെയാണു കഴിയുന്നതെന്ന് അന്വേഷിച്ചാൽ മതി )
ഇതിലെ വേറൊരു തമാശ എന്താണെന്നു വച്ചാൽ ഓ ബി സിയിൽ ഉള്ളവരെ ജനറൽ കാറ്റഗറിയിലും പരിഗണിക്കും. ചില മൂലകങ്ങളുടെ മോളികുലാർ ഫോർമുലയെക്കാൾ സങ്കീർണമായ ഒരു നിയമാവലിയാണ് ഈ റാങ്ക് ലിസ്റ്റിൽ നിന്ന് ആളെ നിയമിക്കുമ്പോൾ PSC ഫോളോ ചെയ്യുന്നത് . ഒരാൾ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ചിലപ്പോൾ ജോലി സാദ്ധ്യതയുള്ള ഒരു ഉദ്യോഗാർത്ഥി ഈ ലിസ്റ്റിൽ നിന്നു തന്നെ പുറത്തായിപ്പോകും

ഷെഡ്യൂൾഡ് കാസ്റ്റ് വിഭാഗത്തിൽ നിന്ന് കുറേപ്പേരെങ്കിലും തൊഴിൽ നേടുമെങ്കിലും ഷെഡ്യൂൾഡ് ട്രൈബ് വിഭാഗത്തിൽ നിന്ന് വിരലിലെണ്ണാവുന്നവർ മാത്രമാണ് ഇത്രയും വർഷമായിട്ടും സംവരണം വഴിയോ അല്ലാതെയോ ജോലി നേടിയിട്ടുണ്ടാവുക. ആദിവാസി സംരക്ഷണം എന്നൊക്കെ വീമ്പിളക്കുമെങ്കിലും അട്ടപ്പാടി പോലെ ഒറ്റപ്പെട്ട കേന്ദ്രങ്ങൾ ഒഴികെ ബാക്കിയെല്ലായിടത്തും ആദിവാസി എന്നും ആദിവാസി അയിത്തന്നെയാണ് തുടരുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിലും സംവരണം പൂർണമായും നിർത്തേണ്ട അവസ്ഥയിൽ എത്തിയിട്ടില്ല എന്ന് സംവരണ അനുകൂലികളുടെ ചില വാദങ്ങളിൽ നിന്ന് തോന്നിയിട്ടുണ്ട്. അതിനു കൊടുക്കേണ്ടി വരുന്ന വില വലുതാണെങ്കിലും

ഇനി ജോലി കിട്ടുന്നവരുടെ കാര്യം നോക്കാം. അവരിൽ വേറൊരു വിഭാഗമുണ്ട്. റാങ്ക് ലിസ്റ്റിൽ എങ്ങനെയെങ്കിലും കയറിക്കഴിഞ്ഞാൽ ലോങ്ങ് ലീവെടുത്തു വിദേശ രാജ്യങ്ങളിൽ ചില്ലറ ഒപ്പിക്കാൻ പോവുന്നവർ. അവിടെ ഒന്നും ശരിയായില്ലെങ്കിലും ഇവിടെ ഒരു ജോലി കിടപ്പുണ്ടല്ലോ എന്ന യുക്തിയാണ് അതിനു പിന്നിൽ. രക്ഷാധികാരി ബൈജുവിലെ പോലെ അധികം പണിയൊന്നുമില്ലാതെ വകുപ്പുകളിൽ സുഖജീവിതം നയിക്കുന്നവരുമുണ്ട്. ഒന്നിലധികം റാങ്ക് ലിസ്റ്റുകളിൽ ഇടം പിടിച്ചിട്ടു താല്പര്യമില്ലാത്ത ജോലിയ്ക്കു പി എസ് സി willingness ചോദിക്കുമ്പോൾ വ്യക്തമായ മറുപടി നൽകാതെ ആ ലിസ്റ്റിൽ തനിക്കു താഴെയുള്ളവരുടെ അവസരം തടയുന്നവരുമുണ്ട് . ഇതൊരു വൻ ദൂഷിത വലയമാണ്. എല്ലാത്തിനും പഴി വാങ്ങുന്നത് പാവം പി എസ്സ് സി ആണെന്ന് മാത്രം. കോടതിയെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മറുവശത്തുള്ളവരുടെ ഇതിലും സങ്കീർണമായ പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കാൻ അവർക്കും കഴിയില്ല.

ഇപ്പോൾ കെ എസ്സ് ആർ ടി സി അഭിമുഖീകരിക്കുന്ന ദുരന്തം ഒറ്റ ദിവസം കൊണ്ടുണ്ടായതല്ല. എന്തുകൊണ്ട് ഇത്രയും താൽക്കാലിക ജീവനക്കാർ നിയമിക്കപ്പെട്ടു, എന്തുകൊണ്ട് ഈ ഒഴിവുകൾ പി എസ്സ് സിയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടില്ല , എന്തുകൊണ്ട് സ്ഥിരമാക്കപ്പെടും എന്ന ഒരു പ്രതീക്ഷ ഈ പാവം മനുഷ്യർക്ക് നൽകി എന്നതൊക്കെ അന്വേഷിച്ചാൽ നിങ്ങൾക്കൊരു കാര്യം മനസ്സിലാവും. വർഷങ്ങളായി ഈ വകുപ്പ് ഭരിച്ചിരുന്നവരാണ് ഇതിൽ പ്രതികൾ. താൽക്കാലിക ജീവനക്കാരാണെന്നു പറഞ്ഞു തന്നെയല്ലേ അവരെ ജോലിക്കെടുത്തത് ? ഇന്നല്ലെങ്കിൽ നാളെ ഇത് സംഭവിക്കുമെന്ന് അവരും മനസ്സിലാക്കണമല്ലോ. പക്ഷെ ഇത്രയും വർഷം ഒരു താൽക്കാലിക ജീവനക്കാരനെ ഉപയോഗിക്കുമ്പോൾ അവന്റെ ജീവിതം വച്ചാണ് കളിക്കുന്നതെന്ന് തൊഴിൽ ദാതാവും ചിന്തിക്കേണ്ടത് ഇവിടെ ഉണ്ടായില്ല എന്നത് വ്യക്തം.

ഇന്നലെ ഒരു എം പാനൽ കണ്ടക്ടർ അഭിപ്രായപ്പെട്ട പോലെ കണ്ടക്ടർ ലൈസൻസ് നേടിയ , പ്രവർത്തി പരിചയമുള്ളവരെയാണ് KSRTC എം പാനലിലേയ്ക്ക് തെരഞ്ഞെടുത്തത്. അതേ സമയം ടെസ്റ്റ് എഴുതി വരുന്നവർക്ക് അത് ബാധകമല്ല. പിന്നീട് ലൈസൻസ് എടുത്താൽ മതിയത്രെ. ഇത്രയും തൊഴിൽ പരിചയമുള്ള വലിയൊരു സംഖ്യ ആൾക്കാരെ ഒഴിവാക്കിയിട്ട് പുതിയവരെ എടുക്കുമ്പോൾ ഏതൊരു സ്ഥാപനത്തിനും ഉണ്ടാവുന്ന മുടന്തൽ ഇപ്പോൾ തന്നെ വീണു കിടക്കുന്ന KSRTCയ്ക്ക് ഗുണമാണോ ദോഷമാണോ ഉണ്ടാക്കുക എന്ന് ചിന്തിക്കണം.

ബിസിനസ്സും ചാരിറ്റിയും ഒരേ സ്ഥാപനം ഉപയോഗിച്ച് ഒരുമിച്ചു ചെയ്യുമ്പോളുള്ള ഇന്ത്യൻ മോഡൽ ദുരന്തങ്ങളുടെ ഉദാഹരണമാണ് KSRTC യും. മാനേജ്‌മന്റ് വിദഗ്ദ്ധന്മാരായ ആരെയും ഇത്തരം വകുപ്പുകളിൽ എന്ത്കൊണ്ട് നേതൃസ്ഥാനം ഏൽപ്പിക്കുന്നില്ല എന്നത് ചിന്തിക്കേണ്ട കാര്യമാണ്. സിവിൽ സർവീസിലുള്ള ഒരാൾക്കു കാര്യക്ഷമമായി ഇത് മാനേജ് ചെയ്യാൻ കഴിയണമെന്നില്ല. അപ്പോൾ നിങ്ങൾക്ക് തോന്നും സർക്കാർ ബിസിനസ്സ് ചെയ്തു ലാഭമുണ്ടാക്കിയാൽ മാത്രം മതിയോ എന്ന്. തീർച്ചയായും അതേ എന്നാണുത്തരം . ആ ലാഭത്തിൽ നിന്ന് പണമെടുത്ത് അർഹിക്കുന്നവരെ സർക്കാരിന് സഹായിക്കാമല്ലോ. അല്ലാതെ തങ്ങളുടെ സ്ഥാപനങ്ങളിൽ ജനപ്രതിനിധികൾക്കും അവരുടെ ബന്ധുക്കൾക്കും വരെ സൗജന്യങ്ങൾ വാരിക്കോരി കൊടുക്കുന്നത് ?

എം പാനലിലുള്ളവർക്കു സംഭവിച്ചത് ദുഃഖകരമായ സംഗതി തന്നെയാണ്. അതോടൊപ്പം മനസ്സിലാക്കേണ്ട മറ്റൊന്നാണ് റാങ്ക് ലിസ്റ്റിലുള്ളവരുടെ അവസ്ഥയും. KSRTC മാത്രമല്ല, ഇതുപോലെ നൂറു കണക്കിന് റാങ്ക് ലിസ്റ്റുകളിൽ നിന്ന് ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളുമായി ജീവിക്കുന്ന ആയിരങ്ങളുള്ള നാടാണ് നമ്മുടേത്. ഇപ്പോളത്തെ വികാരപരമായ പ്രതികരണം മാത്രമല്ല വേണ്ടത്. ഭാവി തലമുറയ്ക്കും ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ള കരുതലാണ്. പ്രത്യേകിച്ച് ലോകത്തെ തൊഴിൽ രീതികൾ മാറിവരുന്ന ഇക്കാലത്ത് വളരെ ഗൗരവത്തോടെ കാണേണ്ട വിഷയമാണ് .