പുതിയ തലമുറയ്ക്ക് ഇതൊക്കെ അവിശ്വസനീയമായിരിക്കും

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
29 SHARES
350 VIEWS

തീയറ്റർ എക്സ്പീരിയൻസ് ആണല്ലോ പുതിയ ട്രെൻഡ് . എന്റെ വകയും ഇരുന്നോട്ടെ ഒരെണ്ണം. നേരത്തെ വായിച്ചവർ മാപ്പാക്കുക
( Disclaimer : ഇത് തീയറ്ററിൽ പോയി ഒരിക്കലെങ്കിലും ഒരു അഡൾട്സ് ഒൺലി പടം കണ്ടവർക്ക് ഓർമ്മകൾ പങ്കു വക്കാൻ വേണ്ടി എഴുതിയ ഒരു പോസ്റ്റ്‌ ആണ്. ഏതു ക്ലിപ്പും വിരൽത്തുമ്പിൽ ലഭിക്കുന്ന ഇക്കാലത്ത് , പുതിയ തലമുറയ്ക്ക് ഇതൊക്കെ അവിശ്വസനീയമായിരിക്കും. അതൊക്കെ ഒരു കാലം )

സഞ്ജു സുശീലന്റെ പോസ്റ്റ്

Sanuj Suseelan
Sanuj Suseelan

കോളേജിൽ പഠിക്കുമ്പോഴാണ് ആദ്യമായി എ പടം കാണാൻ ഒരു മോഹമുദിച്ചത്. റ്റ്യുഷൻ ഫീക്ക് തന്ന പൈസ അടിച്ചു മാറ്റി ഒടുവിൽ അത് കാണാൻ തന്നെ തീരുമാനിച്ചു. സിറ്റിയിൽ സ്ഥിരമായി ഇത്തരം പടങ്ങൾ കാണിക്കുന്ന ഒരു സ്ഥലം ഉണ്ട്. അവിടെ പോയി ഒരെണ്ണം കണ്ടിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചു. എൽ പി സ്കൂളിൽ പഠിക്കുമ്പോ തന്നെ ഇങ്ങനത്തെ പടങ്ങൾ കണ്ടു തുടങ്ങിയ കൂട്ടുകാരുടെ വായിലിരിക്കുന്നത് കേട്ട് മടുത്തു. ഇത് വരെ അച്ഛനമ്മമാരുടെ കടുത്ത നിയന്ത്രണത്തിൽ ആണ് വളർന്നത്‌. അത് മാത്രമല്ല നാട്ടിലുള്ള എല്ലാവരും നമ്മുടെ കുടുംബത്തിൻറെ അഭ്യുദയ കാംക്ഷികൾ ആണ്. അത് കാരണം പുറത്തൊന്നും ഒന്ന് സമാധാനമായി ഇറങ്ങി നടക്കാൻ പോലും പറ്റില്ല. പതിനേഴു തികഞ്ഞു പുര നിറഞ്ഞു നിക്കുന്ന ഒരു പെൺകുട്ടിയെ കാണുന്ന പോലെ ആണ് ആൾക്കാർ നമ്മളെ കണ്ടിരുന്നത്‌. അവസാനം സിറ്റിയിലെ കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോ ആദ്യം മനസ്സിലേക്ക് വന്നത് കിട്ടാൻ പോവുന്ന പുതിയ ലോകത്തെ പറ്റിയുള്ള പ്രതീക്ഷകൾ ആയിരുന്നു. പറ്റിയ കൂട്ടുകാരെ തന്നെ കിട്ടി. എന്നാലും ഈ പടം കാണാൻ പോകുന്ന വിവരം ആരോടും പറഞ്ഞില്ല. വെറുതെ ചെന്ന പാടെ ഇമേജ് കളയണ്ട എന്ന് കരുതി.

ഒടുവിൽ ആ സുദിനം വന്നെത്തി. രാവിലെ തന്നെ എഴുനേറ്റു കുളിച്ചു. ഒരു അടഞ്ഞ കളറിലുള്ള ഷർട്ട്‌ ഒക്കെ ഇട്ടു. പട്ടാള ഓപറേഷൻ ഒക്കെ നടക്കുമ്പോ ആളിനെ തിരിച്ചറിയാതിരിക്കാൻ ഇടുന്ന പോലെ. ക്ലാസ്സിലെത്തി. 11.30 നാണ് ഷോ. ചെന്ന പാടെ ഒരു ചെറിയ വയറു വേദന പ്രകടിപ്പിച്ചു. 10 മണി ഒക്കെ ആയപ്പോ അതിൻറെ ഡോസ് കുറച്ചു കൂട്ടി. എന്താ ഒരു വേദന. എനിക്ക് വീട്ടിൽ പോണം എന്നൊക്കെ ആരോടെന്നില്ലാതെ പറഞ്ഞു. പതുക്കെ ക്ലാസ്സിൽ നിന്നിറങ്ങി. അടുത്തിരിക്കുന്ന പ്രദീപ്‌ എന്തൊക്കെയോ ഗുളികയുടെ ഒക്കെ പേര് പറഞ്ഞു. പാവം. അവനറിയാമോ ഇത് ഗുളിക കഴിച്ചാൽ തീരുന്നതല്ല എന്ന്. അങ്ങനെ പതുക്കെ ക്ലാസ്സിൽ നിന്നിറങ്ങി.

കോളർ കൊണ്ട് മുഖം ഒക്കെ മറച്ചു ബസിൽ കയറി. ഭഗവാനെ . ആരും കാണല്ലേ. ബസിൽ കയറി മുഖം കുനിച്ചു ഇരുന്നു. കണ്ടക്ടർ വന്നു ചോദിച്ചപ്പോ ഒരു തമ്പാനൂർ എന്ന് പറഞ്ഞു പത്തു രൂപ എടുത്തു നീട്ടി. ‘എസ് ടി ആണെങ്കിൽ ചില്ലറ താടോ’ എന്ന് കണ്ടക്ടർ പറഞ്ഞു. തിരികെ ഒന്നും മിണ്ടാത്തത് കാരണം ദേഷ്യം കയറി അയാൾ ഫുൾ ടിക്കറ്റ്‌ തന്നു. മറ്റൊരു സന്ദർഭത്തിൽ ആയിരുന്നെങ്കിൽ അവൻറെ പരിപ്പെടുത്തേനേ. തൽക്കാലം നിൻറെ കാര്യം ഇന്ദുചൂഡൻ അവധിക്കു വച്ചിരിക്കുന്നു എന്നൊക്കെ മനസ്സിൽ പറഞ്ഞു.’ മിണ്ടാതിരുന്നു. ടെൻഷൻ കാരണം ആണോ എന്തോ.. ഈ പണ്ടാര ബസ്‌ നീങ്ങാത്ത പോലെ.

ഒടുവിൽ ഇഴഞ്ഞു നീങ്ങി അത് തമ്പാനൂർ എത്തി. തല കുനിച്ചു നടന്നു തന്നെ തീയറ്ററിനു മുമ്പിൽ എത്തി. ആരും കണ്ടിട്ടില്ല എന്ന് തോന്നുന്നു. ദൈവാധീനം. തല എങ്ങും പോയി ഇടിച്ചില്ല. അല്ലെങ്കിൽ എ പടം കാണാൻ പോയി തല പൊട്ടി ആശുപത്രിയിൽ ആയി എന്ന് പേപ്പറിൽ വന്നേനെ. തീയറ്ററിന്റെ മുമ്പിൽ എത്തി. ആകെ ഒരു പൊട്ടി പൊളിഞ്ഞ തീയറ്റർ ആണ്. ഈ തുണ്ട് പടം ഒക്കെ കാണിച്ചാണ് ഇവന്മാർ പിടിച്ചു നിക്കുന്നത്. അത് കൊണ്ട് മലയാള സിനിമ വ്യവസായത്തിൽ വന്ന തകർച്ച ഒന്നും ഇവരെ ബാധിച്ചിട്ടില്ല. ടിക്കറ്റ്‌ എടുക്കാൻ പോയി നിന്നു. ഒരു മാതിരി ക്യൂ ആണ്. നാട്ടിലെ സകല തറകളും അവിടെ ഉണ്ട്. പകുതിയും അമ്പത് കഴിഞ്ഞ അമ്മാവന്മാർ ആണ്. അണ്ണൻ മൂത്താലും മരം കയറ്റം മറക്കുമോ .പിന്നെ ഉള്ളത് നമ്മളെ പോലുള്ള പയ്യന്മാരും. എല്ലാവരെയും കൂടി കണ്ടിട്ട് പേടി തോന്നുന്നുണ്ടെങ്കിലും പുറത്തെ പോസ്റ്ററിൽ പതിപ്പിച്ചിട്ടുള്ള ചേച്ചിമാരുടെ പടം ഒക്കെ നോക്കി റിലാക്സ് ചെയ്തു. ടിക്കറ്റ്‌ കിട്ടി. കമ്മി ബജറ്റ് ആയതു കാരണം സെക്കന്റ്‌ ക്ലാസ്സ്‌ ടിക്കറ്റ്‌ ആണെടുത്തത് . സാരമില്ല. തൽക്കാലം ഇത് മതി.

അകത്തു കയറി. ആകെ ഒരു സിഗരറ്റ് മണം. സിഗരറ്റ് മാത്രമല്ല. നല്ല പട്ട ചാരായത്തിന്റെ മണവും ഉണ്ട്. അവിടവിടെ ആയി ചെറിയ സീറോ വാട്ട് ബൾബ്‌ ഒക്കെ കത്തിച്ചു വച്ചിട്ടുണ്ട്. പഴയ പടത്തിൽ ഒക്കെ ജോസ് പ്രകാശിൻറെ കൊള്ള സങ്കേതം കാണിക്കുന്ന പോലുള്ള ഒരു സെറ്റപ്പ്. ഏതോ ഒരു ഉണക്ക പാട്ട് ഭീകര ശബ്ദത്തിൽ വച്ചിട്ടുണ്ട്. കോളാമ്പി നിരോധിച്ചപ്പോ പണ്ട് നമ്മുടെ നാട്ടിലെ മാഷ് സൌണ്ട്സ് പ്രൊപ്രൈറ്റർ അബ്ദു റഹ്മാൻ കാക്ക ചെയ്ത പോലെ തേയില വരുന്ന തടി പെട്ടി വാങ്ങി കോളാമ്പി അതിലാക്കി കറുത്ത പെയിന്റ് അടിച്ചു വച്ചിട്ടുണ്ട്. ചുമ്മാതല്ല. കണ്ടാൽ ബോക്സ്‌ തന്നെ. ബട്ട്‌ ഉള്ളിൽ കോളാമ്പി ആണ് അലറി കൊണ്ടിരിക്കുന്നത് .ഇതിൽ കൂടി ഷക്കുവിന്റെയും രേഷ്മയുടെയും മറ്റും ശീൽക്കാരം കേട്ടാൽ എങ്ങനിരിക്കുമോ ആവോ. ചുമ്മാതല്ല റസൂൽ പൂക്കുട്ടി കേരളത്തിലെ തീയറ്റരുകളെ പറ്റി രോഷം കൊണ്ടത്‌. കൺട്രി ഫെല്ലോസ്. മറന്നു പോയതൊക്കെ ഓർമിപ്പിക്കാൻ ‘സിഗരറ്റ് വലിക്കരുത് ‘, ‘സീറ്റിൽ ചവിട്ടരുത്’ മുതലായ സ്ലൈഡുകൾ ഒക്കെ വന്നു തുടങ്ങി. ഒരു അപ്പൂപ്പൻ അടുത്ത് വന്നിരുന്നു. വന്ന പാടെ കയ്യിലിരുന്ന പൊതി തുറന്നു. ആഹാ. നല്ല പോറോട്ടയുടെയും ബീഫിൻറെയും കൊതിപ്പിക്കുന്ന മണം. കഴിച്ചോ കഴിച്ചോ. പടം ഒന്ന് തുടങ്ങിയാൽ ആ ആന്തൽ ഒന്ന് അടങ്ങിയേനെ.

ഒടുവിൽ ഒരു ബെൽ ശബ്ദം കേട്ടു. പടം തുടങ്ങാൻ പോവുകയാണ്. വിളക്കുകൾ ഓരോന്നായി അണഞ്ഞു. ആകെ ഒരു വൃത്തികെട്ട മണം.കുറ്റാ കുറ്റിരുട്ട്. എല്ലാവനും കിടന്നു കൂവുകയാണ് . അല്ലെങ്കിലും മലയാളിയുടെ ജന്മനാ ഉള്ള ഒരു ഗുണമാണല്ലോ ഈ കൂവൽ. പടം തുടങ്ങി. സർട്ടിഫിക്കറ്റ് കാണിച്ചു. സ്ക്രീനിൽ ആകെ ഒരു മങ്ങൽ. A തന്നെ. എല്ലാവരും വീണ്ടും ഒന്ന് ചേർന്ന് ഒരു കയ്യടി നടത്തി അതിനെ സ്വാഗതം ചെയ്തു. പേരെല്ലാം ഇംഗ്ലീഷിൽ ആണ് എഴുതി കാണിക്കുന്നത്. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. ഈ പടത്തിൽ അഭിനയിക്കുന്നവരും പിന്നണി പ്രവർത്തകരും എല്ലാം മലയാളികൾ ആണെങ്കിലും പടം ഇംഗ്ലീഷ് ആണ്. എന്തോ ടാക്സ് വെട്ടിപ്പിനു വേണ്ടി ആണ് ഈ പരിപാടി എന്ന് പണ്ടാരോ പറഞ്ഞത് ഓർമ വന്നു. തിലകൻ ഹോളിവുഡ് പടത്തിൽ അഭിനയിക്കാൻ പോയ കഥ പോലെ ആയിപ്പോയി. ഉള്ളിൽ ചിരി വന്നു. അടുത്തിരിക്കുന്ന അപ്പൂപ്പൻ കഴിച്ചു കഴിഞ്ഞു ആ ഇല ഒക്കെ ഒരു വശത്തേക്ക് വലിച്ചെറിഞ്ഞു. ഒരു ബീഡി കത്തിച്ചു. അന്യായ നാറ്റം. ഒന്നും പറയണ്ട. ഇവിടെ വച്ച് ഉടക്കിയാൽ അത് മതി ചീത്തപ്പേരാകാൻ .

കഥ തുടങ്ങി. പതിവ് പോലെ ഏതോ ഒരു കാട്ടിലെ ബംഗ്ളാവിൽ താമസിക്കാൻ വരുന്ന കുറച്ചു കോളേജ് വിദ്യാർത്ഥികളുടെ കഥ ആണ്. കൊള്ളാം. പെണ്ണുങ്ങളെ ഒക്കെ കണ്ടാൽ ചെറിയ ടാറ്റാ ലോറി പോലുണ്ട്. റേഷനരി ഫ്രീ ആയി കിട്ടുന്ന എവിടോ ഉള്ള ഏതോ ഒരു സ്ഥലത്ത് ജനിച്ചു വളർന്നതാണെന്നു തോന്നുന്നു. പയ്യന്മാരെ കണ്ടാൽ കോളേജ് പോയിട്ട് പള്ളിക്കൂടത്തിന്റെ പടി കണ്ടിട്ടുള്ളവർ ആണെന്ന് തോന്നുന്നില്ല. ടയലോഗ്സ് ഒക്കെ സ്പോക്കൺ ഇംഗ്ലീഷിൽ ആണ്. അവർ വീട്ടിൽ താമസം തുടങ്ങി. ഒരുത്തനെയും ഒരു പെണ്ണിനേയും കാണിച്ചു. രണ്ടും കൂടി സ്വിമ്മിംഗ് പൂളിന്റെ അടുത്ത് വന്നിരുന്നു ഭയങ്കര സംസാരം. കളിയും ചിരിയും ഒക്കെ. ഇപ്പൊ അവൾ നീന്താനായി ഇറങ്ങുമായിരിക്കും. പണ്ടാരം. സംസാരം നിർത്തിയിട്ടു വേണ്ടേ നീന്താൻ. ഒടുക്കലത്തെ സംസാരം. അടുത്തിരിക്കുന്ന അപ്പൂപൻ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. ഷിറ്റ്. അവർ സംസാരം നിർത്തി ഉള്ളിലേക്ക് പോയി. പുറകിൽ നിന്നും ഉച്ചത്തിൽ ഉയർന്ന കൂവൽ കേട്ടപോഴാണ് എല്ലാവരും അത് പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു എന്ന് മനസ്സിലായത്.

രാത്രിയായി . വേറൊരു പെണ്ണും ഒരുത്തനും എന്തൊക്കെയോ സംസാരിച്ചു കൊണ്ട് ആ വീട്ടിനു പുറത്തേക്കു പോവുകയാണ്. നല്ല അന്തരീക്ഷം. എന്തെങ്കിലും ഒക്കെ ഇപ്പ നടക്കും. ഒന്ന് കൂടി ഒതുങ്ങി ഇരുന്നു. അവർ ഒരു അരുവിയുടെ അടുത്തെത്തി. നിലാവുണ്ട്. രാത്രിയുടെ ഭീകരത ശരിക്കും അറിയാം. സലിം കുമാർ പറയുന്ന പോലെ സ്മോക്ക്‌ കാരണം ഒരു വസ്തു കാണാൻ വയ്യ. പ്രോജെക്ടർ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുള്ളതാ. ചീവീട് കരയുന്ന ശബ്ദം ഒക്കെ നല്ല എഫക്ട് . ആ സ്പീക്കർ ഇപ്പ കീറും. ഒടുക്കലത്തെ ശബ്ദം. ആ അപ്പൂപ്പൻ തീയറ്റർ ഓണർ ൻറെ തന്തക്കു വിളിക്കുന്നുണ്ട് അവിടെ എന്തായി ? നോക്കട്ടെ. അവൾ തോളിൽ കിടന്ന ഷാൾ എടുത്തു പാറയുടെ പുറത്തിട്ടു. ഇപ്പൊ എല്ലാം അഴിക്കും. പ്രതീക്ഷ അസ്ഥാനത്തായില്ല. അഴിക്കാൻ തുടങ്ങി. അവളല്ല. അവൻ. ആ വൃത്തികെട്ടവൻ ഒരു ബർമൂടയും ഇട്ടു കുട വയറും തള്ളിപ്പിടിച്ചു അവളോട്‌ ഓരോ തമാശ ആയി അടിക്കുകയാണ്. ക്ഷമ നശിച്ച പ്രേക്ഷകർ ‘അഴിക്കെടീ … ഞാൻ അങ്ങോട്ട്‌ വരണോ ? ‘ എന്നൊക്കെ ചോദിക്കുന്നത് കേൾക്കാം. എന്ത് ചെയ്യുമെന്ന് പറ. അതാ അവൾ ഷർട്ട്‌ ൻറെ ബട്ടൺ അഴിക്കാൻ പോണു. ആദ്യത്തെ ബട്ടണിൽ അവൾ കൈ വച്ചു. ശ്വാസം അടക്കി പിടിച്ചിരുന്നു നോക്കുകയാണ്. “ഠിം”.. ഒരു വല്ലാത്ത ശബ്ദം. ആ പാറക്കു പുറകിൽ നിന്ന് അതാ ഒരു ആദിവാസി. അവൻ വന്ന പാടെ അമ്പും വില്ലും കൊണ്ട് നിക്കുക. അവൾ ബട്ടണിൽ നിന്ന് കയ്യെടുത്തു. അടുത്തിരുന്ന അപൂപ്പൻ എണീറ്റ്‌ നിന്ന് ഒരു പുളിച്ച തെറി…”പ്ഭാ .. നായിൻറെ മോനെ ” അയ്യോ. ആൾകൂട്ടം അക്രമാസക്തമാവുമെന്നാണ് തോന്നുന്നത്. ഇന്റർവെൽ ആയി. എന്തായാലും പുറത്തിറങ്ങുന്നില്ല . ഇവിടെ തന്നെയിരിക്കാം.

ഇടവേള കഴിഞ്ഞു. ഇനിയെങ്കിലും വല്ലതും കാണിക്കണേ ഭഗവാനേ.. പടം തുടങ്ങി. വീണ്ടും രണ്ടുപേരെ കാണിച്ചു. സംസാരം തുടങ്ങി. ‘വയ്യെങ്കിൽ കളഞ്ഞിട്ടു പോടാ … ‘ എന്നൊരുത്തൻ പുറകിൽ ഇരുന്നു വിളിച്ചു കൂവി. ആൾക്കാർ നിർത്താതെ കൂവുന്നത് കാരണം ഒരു വസ്തു പിടി കിട്ടുന്നില്ല. അല്ലെങ്കിൽ കുറച്ചു ഇംഗ്ലീഷ് എങ്കിലും പഠിക്കാമായിരുന്നു. പടം അങ്ങനെ ഇഴഞ്ഞു നീങ്ങുകയാണ്. ഒരുത്തി വന്നു കുളിക്കാൻ ബാത്ത് റൂമിൽ കയറി. ഹോ. ഇതാണല്ലേ ഈ കുളി സീൻ കുളി സീൻ എന്ന് പറയുന്നത്. തോർത്ത്‌ എടുത്തു അവൾ അയയിൽ ഇട്ടു. കുളിച്ചിട്ടു ധരിക്കാനുള്ള വസ്ത്രങ്ങൾ അയയിൽ തൂക്കി. ഇപ്പൊ തുടങ്ങും അണ്ണാ.. ഇപ്പ കാണാം. അവൾ ഷവർ തുറന്നു. വെള്ളം വരുന്നില്ല. അതാ അവൾ പുറത്തിറങ്ങുന്നു. ‘ ഇതാണ് വാട്ടർ അതോറിറ്റിക്കാരുടെ ഒരു കാര്യം. ആവശ്യമുള്ളപ്പോ കഴുവേറികൾ വെള്ളം തരില്ല’ അപ്പൂപ്പൻ രോഷം കൊണ്ടു. പുറത്തിറങ്ങിയ അവൾ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന വേറൊരുത്തിയെ ആണ്. പണ്ടാരം. അതാ പോലീസ് വരുന്നു. ഒടുക്കലത്തെ അന്വേഷണം. നിറയെ പോലീസ്. അപ്പൂപ്പൻ തോളത്തിട്ടിരുന്ന തോർത്ത്‌ ഒക്കെ ഒന്ന് കുടഞ്ഞു പ്രോജെക്ടർ റൂമിന് നേരെ നോക്കി വെറുപ്പിക്കുന്ന ഒരു തെറി കൂടി വിളിച്ചിട്ട് പുറത്തേക്കു പോയി. എന്തായാലും ഞാൻ ഇറങ്ങുന്നില്ല. രണ്ടിലൊന്ന് അറിഞ്ഞിട്ടേ ഉള്ളു. എന്നാലും ഇവിടെ പീസ്‌ കാണിക്കും എന്ന് പറഞ്ഞ ആ രമേശനെ ഒന്ന് കാണണം. ഇതാണാടാ നീ പറഞ്ഞ പീസ്‌ എന്ന് ആ ഡാഷ് മോനോട് ചോദിച്ചിട്ടേ ഉള്ളൂ. അതാ ഒരുത്തനെ പോലീസ് പിടിച്ചു കൊണ്ടു വരുന്നു. അവൻ ഭയങ്കര കരച്ചിൽ. അവൻ ആണ് പ്രതി പോലും. അതാ കഥ തീർന്നു. ‘Directed by sa ja jan’ എന്ന് എഴുതി കാണിക്കുന്നു. അപ്പ ഒരു ജപ്പാൻ കാരൻ സംവിധാനം ചെയ്ത പടമായിരുന്നോ ഇത് ? മലയാളം സിനിമ ഇത്രയ്ക്കു മുന്നേറിയോ ഈശ്വരാ…
അങ്ങനെ ആദ്യ A പടം അവസാനിച്ചു. തീർത്താൽ തീരാത്ത നിരാശയോടെ പുറത്തിറങ്ങി. അപ്പൊ ഈ എ പടത്തിൽ ഇത്രയും ഒക്കെയേ കാണിക്കൂ അല്ലേ .. ഇതാണ് വഞ്ചന വഞ്ചന എന്ന് പറയുന്നത്. ചിലപ്പോ ഈ പടം മാത്രമേ ഇങ്ങനെ കാണൂ. വേറെ പടത്തിൽ ഒക്കെ കാണുമായിരിക്കും. വന്ദനത്തിൽ മോഹൻ ലാൽ പറയുന്ന പോലെ ഫസ്റ്റ് ഡേ തന്നെ നേക്കഡ് ഒന്നും കാണാൻ പറ്റില്ലായിരിക്കും . ശരി. പിന്നെ എടുത്തോളാം. ഇനി ഹോസ്റ്റലിൽ പോയി അവന്മാരോടൊക്കെ എന്ത് പറയും ?

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ