ക്ഷൗരത്തിന്റെ പരിണാമം 

0
1220

Sanuj Suseelan

ക്ഷൗരത്തിന്റെ പരിണാമം 

ഒന്ന് രണ്ടു മാസം മുമ്പ് ഗുരുവായൂർ ക്ഷേത്രത്തിൽ പോയിരുന്നു. മുടി ഒരുപാടു വളർന്നിരുന്നത്‌ കൊണ്ട് അവിടെ അടുത്തുള്ള ഒരു സലൂണിൽ പോയി മുടി വെട്ടിക്കാമെന്നു കരുതി. ഇവിടെ പണ്ട് മുടി വെട്ടിച്ചിരുന്നത് ഒരു കന്നഡക്കാരൻ ബാർബറുടെ ഷോപ്പിലായിരുന്നു. അവന്റെ വൃത്തിയും വെടിപ്പും ഒക്കെ കണ്ടു മടുത്തതുകൊണ്ടു പിന്നീട് കൊള്ളാവുന്ന ഒരു സ്ഥലത്തേയ്ക്ക് അപ്ഗ്രേഡ് ചെയ്തു. നോർത്ത് ഈസ്റ്റുകാരായ പിള്ളേരാണ് അവിടെ പണിയെടുക്കുന്നത്. രണ്ടിടത്തും നല്ല കമ്യൂണിക്കേഷൻ ഗ്യാപ് വന്നിരുന്നതുകൊണ്ടു പലപ്പോഴും എലി കടിച്ച ഷേപ്പിലാണ് ഞാൻ പുറത്തിറങ്ങിയിരുന്നത്. ഇതൊക്കെ കാരണം നാട്ടിൽ പോക്കുണ്ടെങ്കിൽ അവിടെ പോയി മാത്രമേ തല പണിയാൻ കൊടുക്കാറുള്ളൂ. മാൻ പ്രൊപ്പോസസ്, ഗോഡ് ഡിസ്പോസസ്സ് എന്നാണല്ലോ. ആ സലൂണിൽ ചെന്നപ്പോ പണിയെടുക്കുന്ന രണ്ടുപേരും ബംഗാളികൾ. പിടിച്ചതിലും വലുതാണല്ലോ അളയിൽ എന്ന് മനസ്സിലോർത്തുകൊണ്ടു തല അവനു സമർപ്പിച്ചു. ഹിന്ദി സംസാരിക്കാൻ ഒരാളെ കിട്ടിയതുകൊണ്ട് അവനും ഹാപ്പി.

പണ്ട് ഇവിടെ ബാംഗ്ലൂരിൽ തന്നെ ഒരു ചെറിയ കടയിൽ മുടിവെട്ടിക്കാൻ പോയത് ഓർമവന്നു. ടി വിയില്‍ കാണിച്ചു കൊണ്ടിരിക്കുന്ന ഹിന്ദി സിനിമയില്‍ ഇടയ്ക്ക്നോക്കിയാണ് അവന്റെ മുടിവെട്ട്. തമാശ വരുമ്പോ ചിരിക്കും. അടി നടക്കുമ്പോള്‍ വെട്ടു നിര്‍ത്തിയിട്ടു അതിലേക്കു കണ്ണ് തള്ളി നോക്കും. ഞാന്‍ നോക്കിയപ്പോ ദേ ദനാ ദന്‍ ആണ് പടം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം. നമ്മുടെ മുടി വെട്ടുകാരന്‍ അങ്കലാപ്പിലായി. കാരണം, അവന്‍ ഒരു വെട്ടു വെട്ടാന്‍ വേണ്ടി തിരിയുമ്പോഴേയ്ക്കും കഥ കൈവിട്ടു പോകും. അങ്ങനെ മുക്കിയും മൂളിയും നിരങ്ങിയുമൊക്കെയാണ് അന്നത്തെ മുടിവെട്ട് അവസാനിച്ചത്. എന്തായാലും മുടിവെട്ടിന്റെ ചരിത്രം നല്ല കൗതുകമുള്ളതാണ്. അക്ഷരാർത്ഥത്തിൽ “ചരിത്ര” പ്രാധാന്യമുള്ള കഥ.

പണ്ടത്തെ സലൂണുകൾ 
……………………………………………

ഓര്‍മ വയ്ച്ചതിനു ശേഷം ഞാന്‍ ആദ്യമായി കാണുന്ന ബാര്‍ബര്‍ നാട്ടിലെ ഭാര്‍ഗവന്‍ മൂത്താന്‍ ആണ്. മൂത്താന്‍ വീട്ടില്‍ വന്നു നമ്മള്‍ പിള്ളേരുടെ ഒക്കെ മുടി വെട്ടും. അതാണ്‌ നാട്ടിലെ പതിവ്. കൊച്ചു കുട്ടികള്‍ ഉള്ള വീട്ടില്‍ മൂത്താന്‍ വന്നു മുടി വെട്ടി കൊടുക്കും. ഇന്ന് നാട്ടിലുള്ള മുതിര്‍ന്ന പലരും ഭാര്‍ഗവന്‍ മൂത്താന്റെ കത്രികയുടെ സുഖം അറിഞ്ഞവരാണ്. ഭാര്‍ഗവന്‍ മൂത്താന് കവലയില്‍ ഒരു ചെറിയ പീടികയും ഉണ്ട്. സ്റ്റാര്‍ സലൂണ്‍ എന്ന് അവിടെ എഴുതി വച്ചിട്ടുണ്ട്. കടയിലേക്ക് കയറാന്‍ വേണ്ടി ചില്ലിട്ട ഒരു ഹാഫ് ഡോര്‍ ഉണ്ട്. അതില്‍ മുന്തിരിവള്ളികളുടെ ഡിസൈൻ ഒക്കെയായി Welcome എന്ന് വരച്ചു വച്ചിട്ടുണ്ട്. അന്നൊക്കെ ഹാഫ് ഡോറുകള്‍ സിനിമയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. അതുകൊണ്ട് അന്ന് ആ ഡോര്‍ തുറന്നു അകത്തു കയറാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഞങ്ങൾ കുട്ടികളല്ലേ, പൊക്കം കുറവായത് കാരണം ആ ഡോറിന്റെ അടിയില്‍ കൂടി തന്നെ ഞങ്ങള്‍ അകത്തു കടന്നിരുന്നു. കടയുടെ അകം അലങ്കരിക്കാന്‍ വേണ്ടിചുമരുകൾ നിറയെ അന്നത്തെ പ്രശസ്ത നാടക പോസ്റ്ററുകൾ ഒട്ടിച്ചു വച്ചിട്ടുണ്ട്. നികുംഭില, ശകുന്തള അങ്ങനെ അന്നത്തെ പ്രശസ്ത ബാലെകള്‍, നൃത്ത നാടകങ്ങള്‍ മുതലായവയുടെ പരസ്യങ്ങള്‍. കറക്കമൊന്നുമില്ലാത്ത സാധാരണ കസേര. ഫാന്‍ ഒന്നുമില്ല. ഒരു വശത്തായി വെട്ടിയ മുടി തൂത്തു വാരിയിട്ടിട്ടുണ്ട്. ഉപയോഗിച്ച് തേഞ്ഞ ഒന്ന് രണ്ടു കത്രികകള്‍ , ചീപ്പുകള്‍ , അന്നത്തെ പ്രശസ്തമായ കുട്ടിക്കൂറ പൌഡര്‍ , ഷേവ് ചെയ്തിട്ട് മുഖത്ത് ചെറിയ മുറിവുകളോ പോറലുകളോ ഉണ്ടായാല്‍ തടയുവാനുള്ള ആലത്തിന്റെ ചെറിയ കട്ട – തീര്‍ന്നു. ഇത്രയുമാണ് ആ കടയിലെ പണിയായുധങ്ങള്‍. അന്നത്തെ പ്രശസ്ത സിനിമാ മാസികയായ നാനയുടെ ചില കോപ്പികള്‍ , ശിവകാശിയില്‍ അടിച്ചു വിതരണം ചെയ്തിരുന്ന മലയാള സിനിമ നോട്ടീസുകള്‍ മുതലായവ ഉണ്ടാവും. കസ്റ്റമെഴ്‌സിന് വായിക്കാന്‍. കത്തിക്ക് മൂര്‍ച്ച കൂട്ടാന്‍ വേണ്ടി മൂത്താന്‍ ഒരു ചെറിയ കല്ലില്‍ കത്തി ഉരച്ചു മിനുസപ്പെടുത്തുന്നതും ആ കത്രികയുടെ പ്രയോഗവും ഒക്കെ ഞങ്ങള്‍ കുട്ടികള്‍ക്ക് ഒരു കൌതുകം ആയിരുന്നു.

ഹൈ സ്കൂളില്‍ എത്തിയപ്പോഴേയ്ക്കും മൂത്താന്റെ കടയെ വെല്ലുന്ന രീതിയില്‍ പുതിയ ഒരു ബാര്‍ബര്‍ ഷോപ്പ് നാട്ടില്‍ തുടങ്ങി. സലൂണ്‍ എന്നോ ബാര്‍ബര്‍ ഷോപ്പ് എന്നോ വിളിക്കുന്നതിനു പകരം ആദ്യമായി നമ്മുടെ നാട്ടില്‍ ഒരു ‘ഹെയര്‍ ഡ്രസ്സിങ് സലൂൺ ‘ വന്നു. ചുവന്ന നിറത്തിലുള്ള കറങ്ങുന്ന കസേര, ഫാന്‍, നെടു നീളന്‍ നിലക്കണ്ണാടികൾ , കുട്ടിക്കൂറയ്ക്കും ലോഷനും പകരം പല നിറത്തിലും പേരിലും ഉള്ള സൌന്ദര്യ വര്‍ദ്ധക വസ്തുകള്‍, ഓള്‍ഡ്‌ സ്പൈസ് മുതലായവ. ഗള്‍ഫില്‍ ജോലിയെടുത്തിരുന്ന രണ്ടു സഹോദരങ്ങള്‍ നാട്ടില്‍ വന്നു അവിടത്തെ അതേ മോഡലില്‍ തുടങ്ങിയ കടയാണ്. ഇത് വന്നതോടെ മൂത്താനെ പോലുള്ളവരുടെ കച്ചവടം കുത്തനെ ഇടിഞ്ഞു. പിന്നെ പിന്നെ ഈ ഷോപ്പ് വളര്‍ന്നു ജെന്റ്സ് ബ്യൂട്ടി പാര്‍ലര്‍ ആയി. അതോടൊപ്പം കടയുടെ ചിത്രം തന്നെ ആകെ മാറി. വന്‍ ലൈറ്റുകളും എയര്‍ കണ്ടീഷണറും ഒക്കെയായി ബാര്‍ബര്‍ ഷോപ്പിന്റെ ചരിത്രം തന്നെ അവര്‍ മാറ്റിയെഴുതി.

കാലം നടത്തിയ മാറ്റങ്ങള്‍
……………………………………………

മുകളില്‍ പറഞ്ഞ പോലെ ബാര്‍ബര്‍ ഷോപ്പ് എന്ന സങ്കല്‍പം തന്നെ ഇന്ന് കേരളത്തില്‍ ഒരുപാടു തവണ മാറ്റിയെഴുതപ്പെട്ടിരിക്കുന്നു. ഒപ്പം ക്ഷുരകന്‍മാരുടെ സാമൂഹ്യ സ്ഥിതിയും. പണ്ട് ഒരുപാടു അവഗണനകളും അധിക്ഷേപങ്ങളും ഏറ്റു വാങ്ങി കിടന്ന ഒരു സമൂഹം ഇന്ന് ആ കെട്ടുപാടുകള്‍ വിട്ടു അഭിമാനത്തോടെ അവരുടെ ജോലി ചെയ്യുന്നത് ആണ് കാണാന്‍ കഴിയുന്നത്‌. എനിക്കിപ്പോഴും ഓര്‍മയുണ്ട് … ഒരിക്കല്‍ ഒരു അപ്പൂപ്പന്‍ ബാര്‍ബറെ കൊണ്ട് സ്വന്തം കക്ഷം ഷേവ് ചെയ്യിക്കുന്നത്. എന്നാല്‍ അതേ ബാര്‍ബര്‍ തന്നെ കുറച്ചു വര്‍ഷത്തിനു ശേഷം എന്റെ തന്നെ മുന്നിലിരുന്നു വേറൊരാളോട് അതൊന്നും ചെയ്യാന്‍ പറ്റില്ല എന്ന് തറപ്പിച്ചു പറയുന്നതും കണ്ടു. ഒരു കണക്കിന് കേരളത്തിന്റെ മാറിയ സാമൂഹ്യ ജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ച ആണ് ഓരോ ബാര്‍ബര്‍ ഷോപ്പും ഓരോ ബാര്‍ബറും എന്ന് പറയാം. സ്വന്തം ജോലി എന്താണ് എന്ന് സ്വയം നിര്‍വചിക്കാനും അതിനനുസരിച്ച് സ്വന്തം വില നിശ്ചയിക്കാനും ഒരു തൊഴില്‍ സമൂഹം സ്വയം പഠിച്ചു എന്നത് ഒരു ചില്ലറ കാര്യമല്ല. അതറിയണമെങ്കില്‍ നിങ്ങള്‍ കേരളം വിട്ടുള്ള സംസ്ഥാനങ്ങളിലെ ബാര്‍ബര്‍മാരെ നോക്കണം. വീട്ടില്‍ പോയി പ്രമാണിമാര്‍ക്ക് ക്ഷൌരം ചെയ്തു കൊടുക്കുന്ന ഒരാളെ പോലും ഇന്ന് കേരളത്തില്‍ കാണാന്‍ കിട്ടില്ല എന്നാണു എന്റെ വിശ്വാസം. ബാര്‍ബര്‍ ഷോപ്പില്‍ പൊയ്ക്കൊണ്ടിരുന്ന മലയാളിയുടെ ശീലങ്ങളും മാറിയിരിക്കുന്നു. ഏതെങ്കിലും ഷോപ്പില്‍ പോയി ബാര്‍ബറുടെ മുന്നില്‍ തലയും കുനിച്ചിരുന്നു മുടി വെട്ടി തിരിച്ചു വന്നിരുന്ന പഴയ മലയാളി അല്ല ഇന്നത്തെ മലയാളി. ബ്യൂട്ടി പാര്‍ലറില്‍ പോയിരുന്ന സ്ത്രീകളെ പരിഹാസത്തോടെ കണ്ടിരുന്ന പണ്ടത്തെ പുരുഷന്മാര്‍ ഇന്ന് പരസ്യമായി ജെന്റ്സ് പാര്‍ലറുകളിലും സ്പാകളിലും പോകുന്നു. സ്വന്തം സൌന്ദര്യത്തെ പറ്റി വ്യാകുലപ്പെടുന്നു. മുടി ഇല്ലാത്തവര്‍ ഗള്‍ഫ്‌ ഗേറ്റ് പോലുള്ള കമ്പനികളുടെ വിഗ്ഗുകള്‍ വച്ച് പിടിപ്പിക്കുന്നു. സുന്ദരനാകുന്നു. ഇതെല്ലാം മാറുന്ന മലയാളിയുടെ പരിശ്ചേദം ആണ്. സ്വന്തം കപട വ്യക്തിത്വം വിട്ടു പുറത്തു വരാന്‍ തയ്യാറുള്ള പുതിയ മലയാളി സമൂഹത്തെ വേണം ഇത്തരം ബ്യൂട്ടി പാർലറുകളിൽ നാം കാണേണ്ടത്.

കുലത്തൊഴില്‍ കുലത്തൊഴില്‍ അല്ലാതാകുമ്പോള്‍ 
………………………………………………………………………………………

ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്. നശിച്ച ജാതി വ്യവസ്ഥ കാരണം സ്വാമി വിവേകാനന്ദന്‍ ഒരു കാലത്ത് കേരളത്തെ വിശേഷിപ്പിച്ചത്‌ ഭ്രാന്താലയം എന്നാണ്. അങ്ങനെ ഒരു സ്ഥലത്ത് ഏറ്റവും കൂടുതല്‍ കുത്തുവാക്കുകള്‍ കേട്ട് കിടന്ന ഒരു ജാതിയാണ് ക്ഷുരകന്മാരുടെത്. ഉയര്‍ന്ന ജാതിയില്‍ പോലുമുള്ള ആള്‍ക്കാര്‍ അവരുടെ ഇടയില്‍ തന്നെയുള്ള ബാര്‍ബര്‍മാരെ വേറെ പേരിട്ടു മാറ്റി നിര്‍ത്തി. അന്യ സമുദായങ്ങളും മോശമല്ല. മുസ്ലീങ്ങള്‍ അവരുടെ ഇടയിലെ ബാര്‍ബറെ ഒസ്സാന്‍ എന്ന് വിളിച്ചു. ഒസ്സാന് മുടി വെട്ടല്‍ മാത്രമല്ല പണി. സുന്നത്ത് കര്‍മം നിര്‍വഹിക്കുന്നതും ഒസ്സാനാണ്. പണ്ടൊക്കെ ഒരു പണിയും ചെയ്യാതെ ഉഴപ്പി നടക്കുന്നവരോട് തനിക്കു പോയി ചെരച്ചു കൂടെടോ എന്നാണ് ആള്‍ക്കാര്‍ ചോദിക്കാറുണ്ടായിരുന്നത് . ഷേവ് ചെയ്യാന്‍ വേണ്ടി സോപ്പ് ഇടുന്നത് കാലക്രമേണ മണിയടിയുടെ പര്യായമായും ആളുകള്‍ വിളിച്ചു. എന്നാല്‍ ഇന്ന് അത് കുറെയേറെ മാറിയിരിക്കുന്നു. ഒരു കുലത്തൊഴില്‍ എന്ന രീതിയില്‍ നിന്ന് എല്ലാ ജാതിയിലും ഉള്ള ആളുകള്‍ ചെയ്യുന്ന ഒരു തൊഴില്‍ ആയി ഇത് മാറിയിരിക്കുന്നു. അതായതു ഒരു തൊഴിലിന്റെയെങ്കിലും തൊട്ടു കൂടായ്മ മാറിയിരിക്കുന്നു എന്ന് ചുരുക്കം. ഇതിനെ വളരെ പോസിറ്റീവ് ആയ ഒരു നേട്ടമായാണ് നമ്മള്‍ കാണേണ്ടത്. പ്രത്യേകിച്ച് നമ്മുടെ അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കര്‍ണാടകയിലും ക്ഷുരകന്മാരെ സമൂഹം എങ്ങനെയാണു കൈകാര്യം ചെയ്യുന്നതെന്ന് കാണുമ്പോൾ.

ബാര്‍ബര്‍ ഷോപ്പിന്റെ രാഷ്ട്രീയം 
………………………………………………………………………………………

ടി വി ചന്ദ്രന്റെ മമ്മൂട്ടി നായകനായ “ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം” എന്ന സിനിമ ഓർക്കുന്നില്ലേ ? ഒരു ബാര്‍ബര്‍ ആയ കമ്യൂണിസ്റ്റാണ് അതിലെ കഥാനായകന്‍. അയാളുടെ വീക്ഷണത്തില്‍ കേരളത്തിന്റെ ചരിത്രത്തിലേയ്ക്ക് തിരിഞ്ഞു നോക്കുകയാണ് ഈ ചിത്രത്തില്‍. ഒരു കണക്കിന് ബാര്‍ബര്‍ ഷോപ്പുകളും ചായക്കടകളും ആണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തിരുന്ന സ്ഥലങ്ങള്‍. ‘രാഷ്ട്രീയം പറയരുത്’ എന്ന ബോര്‍ഡ് വച്ചിരുന്ന രണ്ടേ രണ്ടു സ്ഥലങ്ങള്‍ ഇതായിരുന്നു. ദിന പത്രങ്ങള്‍ വായിക്കുകയും കേരളത്തിന്റെ സമകാലിക രാഷ്ട്രീയത്തെ പറ്റി ആധികാരികമായി സംസാരിക്കാന്‍ കഴിവുള്ള ബാര്‍ബര്‍മാര്‍ സാധാരണ കാഴ്ചയായിരുന്നു കേരളത്തിൽ. ശ്രീനിവാസന്റെ ചില ചിത്രങ്ങളില്‍ കാണിക്കുന്നത് പോലെ അന്താരാഷ്‌ട്ര വിഷയങ്ങളെ പറ്റി വരെ ആഴത്തില്‍ അറിയാമായിരുന്ന ക്ഷുരകന്മാര്‍ നമ്മുടെയിടയില്‍ ജീവിച്ചിരുന്നു. പത്രങ്ങളും ആനുകാലികങ്ങളും വായിക്കാന്‍ വേണ്ടി ഇത്തരം കടകള്‍ സന്ദര്‍ശിക്കുന്ന പലരും ഉണ്ടായിരുന്നു. മുടി വെട്ടുന്നതിനിടയിലുള്ള ഇടവേളയില്‍ ഇടപാടുകാരനുമായി ഇതൊക്കെ സംസാരിച്ചു സമയം പോക്കുന്നവരായിരുന്നു ഈ പഴയ തലമുറയില്‍ പെട്ട ബാര്‍ബര്‍മാര്‍. മാത്രമല്ല നാട്ടിലെ ഒരുവിധമുള്ള എല്ലാവരുടെയും തലയിലും താടിയിലും കൈ വയ്ക്കുന്നവര്‍ എന്ന നിലയില്‍ ജനങ്ങളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നവര്‍ ആയിരുന്നു അവരില്‍ പലരും. പക്ഷെ അതെപ്പോഴോ മുറിഞ്ഞു. ഈ തൊഴില്‍ എങ്ങനെയൊക്കെ ചെയ്താലും സമൂഹത്തില്‍ നിന്ന് അവജ്ഞ മാത്രമേ ഉണ്ടാവു എന്ന് തോന്നിയിട്ടോ എന്തോ പുതിയ തലമുറയെ സ്കൂളില്‍ വിട്ടു പഠിപ്പിക്കാന്‍ ആണ് അവരില്‍ പലരും പിന്നീട് ശ്രമിച്ചത്. ഭാര്‍ഗവന്‍ മൂത്താന്റെ രണ്ടാം തലമുറ ഈ പണിയേ വേണ്ടാ എന്ന് വച്ച് ഗള്‍ഫില്‍ പോയി.

മാതൃകാ അസോസിയേഷൻ 
………………………………………………………………………………………

കേരളത്തിലെ എല്ലാ ബാര്‍ബര്‍ ഷോപ്പിലും കണ്ടിരുന്ന ഒരു ബോര്‍ഡ് ഉണ്ട് .കേരള ബാര്‍ബര്‍ അസോസിയേഷന്‍ എല്ലാ വര്‍ഷവും പുറത്തിറക്കുന്ന റേറ്റ് കാര്‍ഡ്‌. കട്ടിംഗ് – 10 രൂപ , ഷേവിംഗ് – 20 രൂപ എന്നിങ്ങനെ ഓരോ ജോലിക്കുമുള്ള വില വിവര പട്ടിക. ഇത്രയും വര്‍ഷമായിട്ടും വേറൊരു സംഘടനയുടെ ഒരു ബോര്‍ഡ്‌ ഞാന്‍ ആ സ്ഥാനത്ത് കണ്ടിട്ടില്ല. അത്രയ്ക്ക് കെട്ടുറപ്പുള്ള ഒരു സംഘടനയാണ്. രാഷ്ട്രീയപരമായി ഇടപെടാതെ സ്വന്തം അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരേ ഒരു സംഘടന ഒരുപക്ഷെ ഇതാണെന്നു തോന്നുന്നു. കേരളത്തിലെ വര്‍ധിച്ചു വരുന്ന ജീവിത ചിലവിന്റെ ഒരു ട്രെന്‍ഡ് കാണണമെങ്കില്‍ ഈ റേറ്റ് കാര്‍ഡിന്റെ പല വര്‍ഷങ്ങളിലെ പതിപ്പുകള്‍ എടുത്തു നോക്കിയാല്‍ മതിയാവും. വലിയ തത്വങ്ങള്‍ പറഞ്ഞു നടക്കുന്ന പല സംഘടനകള്‍ക്കും ഒരു മാതൃകയാണ് ഇത്.

മലയാളി ജീവിതത്തിൽ ക്ഷൗരക്കത്തിയുടെ പ്രതിഫലനം 
………………………………………………………………………………………

ലോകത്ത് ഏറ്റവും വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഒരു വസ്തുവാണ് മലയാളി. അനുദിനം, അനുനിമിഷം മലയാളി അടിമുടി മാറിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ പ്രകാശ വേഗത്തില്‍ മാറ്റം സംഭവിക്കുന്ന മലയാളിയെ ഏറ്റവും എളുപ്പം ചേര്‍ത്ത് വായിക്കാന്‍ പറ്റുന്ന ഒന്നാണ് ബാര്‍ബര്‍ ഷോപ്പും ക്ഷുരകന്‍മാരുടെ ജീവിതവും. മലയാളി സമൂഹത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന എന്തിന്റെയും ഏതിന്റെയും മാതൃകകള്‍ ഒരു ബാര്‍ബര്‍ ഷോപ്പില്‍ കാണാന്‍ പറ്റും. ഉദാഹരണത്തിന് നമ്മുടെ ജീവിത രീതിയില്‍ വന്ന മാറ്റം. പണ്ടൊക്കെ ഹെയര്‍ ഡൈ എന്ന് പറഞ്ഞാല്‍ ഒന്നുകില്‍ കാലി മെഹന്ദി അല്ലെങ്കില്‍ ഗോദ്റെജ് ഹെയര്‍ ഡൈ. പക്ഷെ ഇപ്പൊ നോക്കൂ. മിക്ക ഷോപ്പുകളിലും Revlon , Garnier തുടങ്ങിയ ആഗോള ബ്രാന്‍ഡുകള്‍ ആണ് ഉപയോഗിക്കുന്നത്. ആലം എന്ന് പറയുന്ന സാധനം അങ്ങാടി കടകളില്‍ മാത്രം കിട്ടുന്ന ഒരു വസ്തുവായി ചുരുങ്ങി. കുട്ടിക്കൂറയ്ക്ക് പകരം യാര്‍ഡ്‌ലിയും അത് പോലുള്ള സാധനങ്ങളും സ്ഥാനം പിടിച്ചിരിക്കുന്നു. എന്തിന് , മലയാളിയുടെ വളര്‍ച്ച പ്രാപിച്ച ലൈംഗികതയ്ക്ക് വരെ ഇവിടെ ഉദാഹരണം കാണാം. പണ്ടൊക്കെ ബാര്‍ബര്‍ ഷോപ്പില്‍ നിങ്ങള്‍ ഇരിക്കുന്ന കസേരയ്ക്കു അഭിമുഖമായി നടിമാരുടെയും മറ്റും അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമായിരുന്നു. മുടി വെട്ടുമ്പോള്‍ തല അനക്കാതെ ഇരിക്കാനുള്ള ഒരു ചെപ്പടി വിദ്യ. ആ ചിത്രങ്ങള്‍ക്ക് കാലാ കാലങ്ങളില്‍ മാറ്റം സംഭവിക്കുകയും ഒടുവില്‍ അത് അപ്രത്യക്ഷമാവുകയും ചെയ്തു. ഇങ്ങനത്തെ ചെറിയ പടങ്ങള്‍ കൊണ്ടൊന്നും മലയാളിയെ പിടിച്ചിരുത്താന്‍ പറ്റില്ല എന്ന തിരിച്ചറിവ് തന്നെയാവണം കാരണം 

ഒരു പിൻകുറിപ്പു കൂടി 
*******************************

ബാര്‍ബര്‍, ക്ഷുരകന്‍ എന്നൊക്കെ ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ഈ തൊഴില്‍ ചെയ്യുന്നവരെയോ അല്ലെങ്കില്‍ ചില സമുദായങ്ങളെ കളിയാക്കാനോ വേണ്ടിയല്ല. അതൊഴിവാക്കി ഈ പോസ്റ്റിനു പൂര്‍ണത ഉണ്ടാവില്ല എന്നത് കൊണ്ട് മാത്രമാണ്. ഈ കുറിപ്പുകളുടെയൊക്കെ സ്ഥിരം വായനക്കാര്‍ ആയ സുഹൃത്തുക്കളെ ഉദ്ദേശിച്ചല്ല ഈ കുറിപ്പ്. അവര്‍ക്ക് ഇത് ഏത് സെന്‍സില്‍ ആണ് എഴുതിയിരിക്കുന്നത് എന്ന് പറയാതെ തന്നെ മനസ്സിലാവും. എന്നാല്‍ എന്തും ഏതും ജാതിയുമായി ബന്ധിപ്പിച്ചു വഷളാക്കുന്ന ചില തല്ലിപ്പൊളികളും ഇവിടെയുണ്ട്. അവരെ ഉദ്ദേശിച്ചു , അവരെ മാത്രം ഉദ്ദേശിച്ചാണ് ഈ കുറിപ്പ്