Sanuj Suseelan
അത്ര വലിയ വിജയങ്ങളൊന്നുമില്ലാതെ തുടങ്ങിയ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റാറിൽ നിശബ്ദമായി വന്നു വമ്പൻ ഹിറ്റായി മാറിയ ഒരു ചിത്രമാണ് സല്ലാപം. ദാരിദ്ര്യത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ക്ലിഷേ ത്രികോണ പ്രണയകഥ ആയിട്ടുപോലും ലോഹിതദാസിന്റെ മനോഹരമായ തിരക്കഥയും ജോൺസൻ മാഷിന്റെ അതിമനോഹരമായ ഗാനങ്ങളും ചേർന്ന് ആ സിനിമയെ ഒരു വൻ വിജയമാക്കി മാറ്റുകയായിരുന്നു. ബഹളം പിടിച്ച സിനിമകൾ കണ്ടു മടുത്തിരുന്ന പ്രേക്ഷകരുടെ മുന്നിലേക്ക് വളരെ ലളിതമായ ഒരു കഥയ്ക്ക് അതിനൊത്ത ട്രീറ്റ്‌മെന്റ് കൊടുത്തതാണ് ആ ചിത്രം വിജയിക്കാൻ കാരണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
അതുപോലെയുള്ള ഒരു സിനിമയാണ് മാളികപ്പുറം. ഏകദേശം ഇതിനോട് സാമ്യമുള്ള കഥകൾ ശബരിമല വിഷയമായ പല സിനിമകളിലും പല ഭാഷകളിലും വന്നിട്ടുണ്ട്. അതിൽനിന്നൊക്കെ വ്യത്യസ്തമായി സാധാരണക്കാരുടെ ഭാഷയും സാധാരണ കഥാപാത്രങ്ങളുമാണ് ഈ സിനിമയിലേത്. ഒരുവിധമുള്ള എല്ലാവർക്കും കണക്ട് ആവുന്ന ഒരു കഥ. സാങ്കേതികമായ നിലവാരം, കഥ പറഞ്ഞിരിക്കുന്നതിലെ കയ്യടക്കം, മികച്ച പശ്ചാത്തല സംഗീതം എന്നിവയും ചിത്രത്തിന് പിന്തുണ നൽകുന്നുണ്ട്. സംവിധായകൻ കൊള്ളാം. പ്രത്യേകിച്ച് അവസാനത്തെ അരമണിക്കൂർ ഒന്നാംതരമായിട്ടുണ്ട്. അതോടൊപ്പം തന്നെ പ്രധാന വേഷങ്ങൾ ചെയ്ത ദേവനന്ദ, ശ്രീപഥ് എന്നീ കുഞ്ഞുങ്ങളുടെ മികച്ച പ്രകടനവും ഉണ്ണി മുകുന്ദന്റെ കഥാപാത്രവും അദ്ദേഹത്തിന്റെ പ്രകടനവും ഈ ചിത്രം ഒരു വൻവിജയമാക്കിയ ഘടകങ്ങളാണ്.
എന്നാൽപ്പോലും ഇതെല്ലാം ഒഴിച്ച് നിർത്തിയാൽ വളരെ ദുർബലമായ ഒരു തിരക്കഥയാണ് സിനിമയുടേത്. വളരെ shallow ആയ സംഭാഷണങ്ങളും കഥാസന്ദർഭങ്ങളും ചിത്രത്തെ പിന്നോട്ട് വലിക്കുന്നുണ്ട്. പ്രത്യേകിച്ച് കഥാനായകൻ ശക്തിസ്വരൂപനും കാനനവാസനുമായ അയ്യപ്പസ്വാമിയാവുമ്പോൾ. അത്തരമൊരു സിനിമ ഡിമാൻഡ് ചെയ്യുന്ന ഒരു ആഴത്തിലേക്ക് ഈ ചിത്രം പോകുന്നില്ല. പ്രത്യേകിച്ച് ഇതിലെ സംഭാഷണങ്ങൾ. ഒരുദാഹരണം പറയാം. എങ്ങനെയും സ്വാമിയെ കാണണം എന്നതാണല്ലോ കല്ലുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. മാതാപിതാക്കൾക്ക് അയ്യപ്പനെ പ്രാർത്ഥിച്ചു കിട്ടിയതാണ് അവൾ.സ്വാഭാവികമായും ഭക്തിസാന്ദ്രമായ ഒരു അന്തരീക്ഷത്തിലാവും അവൾ വളർന്നതും. എന്നാൽ ആ പ്രായത്തിലുള്ള ഒരു കുട്ടി ഉറക്കത്തിലും ക്ലാസ്സിലുമൊക്കെ അയ്യപ്പനെ മാത്രം ഓർത്തിരിക്കുന്നതിന് കുറച്ചുകൂടി ശക്തമായ ഒരു കാരണം കഥയിൽ ഉണ്ടാവേണ്ടിയിരുന്നു. അയ്യപ്പനെ കാണണം അയ്യപ്പനെ കാണണം എന്ന് ആ കഥാപാത്രത്തെക്കൊണ്ട് ആവർത്തിച്ച് പറയിക്കുന്നതുകൊണ്ടു മാത്രം ആ ആഗ്രഹത്തിന്റെ ഒരു ആഴം എസ്ടാബ്ലിഷ് ആവുന്നില്ല.
കല്ലുവും അച്ഛനും തമ്മിലുള്ള സംഭാഷണങ്ങൾ പോലും നല്ല കൃത്രിമത്വം തോന്നിക്കുന്നതാണ്. പേട്ട തുള്ളി വേണം മല കയറാൻ എന്ന് കല്ലുവിനോട് അച്ഛൻ പറയുന്നത് കാണിക്കുന്നുണ്ട്. അതെന്താണെന്നോ എന്ത് ചെയ്യണമെന്നോ ഒന്നും അപ്പോൾ അവൾ ചോദിക്കുന്നുപോലുമില്ല. പിന്നീട് മല കയറാൻ തുടങ്ങുമ്പോൾ പേട്ട തുള്ളൽ എന്തിനാണെന്ന് അവൾ ഉണ്ണിയുടെ കഥാപാത്രത്തോട് ചോദിക്കുന്നുണ്ട്. പക്ഷെ മഹിഷിയെ കൊന്നതിനു ശേഷം അവർ ആഘോഷിച്ചു എന്ന ഒറ്റ വാചകമാണ് അതിനുള്ള മറുപടിയായി കാണിക്കുന്നത്. അവിടെ മഹിഷിയുടെ പുരാണം മുഴുവൻ വിശദീകരിക്കണമെന്നല്ല പറയുന്നത്. പക്ഷേ അച്ഛൻ അങ്ങനെയൊരാഗ്രഹം പറഞ്ഞ സ്ഥിതിക്കും പേട്ട തുള്ളൽ വച്ചൊരു പാട്ട് തന്നെ എടുത്തിരിക്കുന്നതുകൊണ്ടും ആ പാട്ടിൽകൂടി വേണമെങ്കിലും മഹിഷിയുടെ കഥ അവതരിപ്പിക്കാമായിരുന്നു. സ്‌കൂൾ ബാഗുമായി ശബരിമല ബസ്സിൽ കയറി ടിക്കറ്റ് എടുക്കുന്ന പിയൂഷ് സ്വാമിയെക്കണ്ട് ഒരു സംശയവും തോന്നാത്ത കണ്ടക്ടറും മറ്റു യാത്രക്കാരുമൊക്കെ കേരളത്തിൽ തന്നെയാണോ എന്ന് സംശയമുണ്ട്.
മനോഹരമായ ചില വ്യത്യസ്തതകൾ കൊണ്ട് വേറിട്ട് നിൽക്കുന്ന ഒന്നാണ് സ്വാമി അയ്യപ്പനും ശബരിമലയും എന്ന സങ്കൽപം. കരിമലയും നീലിമലയും കടന്ന് കാട്ടുപാതയിലൂടെയുള്ള ദുർഘടമായ യാത്രയ്ക്ക് ശേഷം സന്നിധാനത്തെത്തി പതിനെട്ടു പടിയും ചവിട്ടി മുകളിലെത്തുമ്പോൾ തത്വമസി എന്നെഴുതിയ ഒരു കോവിലാണ് നിങ്ങളെ വരവേൽക്കുന്നത്. അത് നീയാകുന്നു എന്ന ആപ്തവാക്യം അക്ഷരാർത്ഥത്തിൽ പിന്തുടരുന്ന ഒരു പുണ്യസ്ഥലമാണ് ശബരിമല. നീയും ഞാനും തന്നെയാണ് ഈശ്വരൻ എന്ന സങ്കല്പമാണ് ജാതി, മത,പ്രായ ഭേദമെന്യേ അന്യോന്യം അയ്യപ്പൻ എന്ന് വിളിക്കുന്നതിലൂടെ ഓരോ ഭക്തനും ഉൾക്കൊള്ളുന്നത്. കാമം, ക്രോധം, അത്യാഗ്രഹം, അസൂയ, അഹംഭാവം തുടങ്ങിയ മാനുഷിക ദൗർബല്യങ്ങളെ സൂചിപ്പിക്കുന്ന പതിനെട്ടു പടികൾ കയറുമ്പോൾ അവയെ നിയന്ത്രണത്തിലാക്കാനുള്ള ആദ്യ പടി കൂടിയാണ് നിങ്ങൾ ചവിട്ടുന്നത്. തലയിൽ ചുമന്നുകൊണ്ട് വന്ന നെയ്‌ത്തേങ്ങയുടെ കഥയും വേറെയല്ല. നാൽപത്തിയൊന്ന് ദിവസത്തെ വൃതത്തിൽ ഓരോ ഭക്തനും പിന്തുടരുന്ന “ആചാരങ്ങൾ” ഇപ്പോളത്തേതു പോലുള്ള റോഡും സൗകര്യങ്ങളും ഇല്ലാതിരുന്ന കാലത്തേതാണ്. തണുപ്പിനെ നേരിടാൻ താടി വളർത്തുക, കാട്ടിൽ എളുപ്പം ലഭിക്കുന്ന കായ്കനികൾ ഭക്ഷണമാക്കാൻ വേണ്ടി സസ്യാഹാരം ശീലിക്കുക, ചൂടുവെള്ളം കിട്ടാനിടയില്ലാത്ത കാട്ടിലെ നീരുറവകളിൽ ശരീരശുദ്ധി വരുത്താൻ വേണ്ടി തണുത്ത വെള്ളത്തിൽ രാവിലെ കുളിച്ചു ശീലിക്കുക തുടങ്ങി കഠിനമായ ട്രെക്കിങ്ങിന് നമ്മൾ പ്രാപ്തരാക്കാൻ വേണ്ടിയാണു ഇതൊക്കെ ചെയ്യുന്നത് എന്നാണ് എന്റെ വിശ്വാസം. എന്നാൽ കാനനവാസനും ശക്തിസ്വരൂപനുമായ സ്വാമിയെ മതവും രാഷ്ട്രീയവും ചേർന്ന് വരുതിയിലാക്കാൻ ഈയടുത്ത കാലത്തു നടന്ന ശ്രമങ്ങളാണ് ഇതിനൊക്കെ വേറൊരു നിറം കൊടുത്തത്.
യുക്തിയും ഭക്തിയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഏതു ഭാഗം പിടിക്കണം എന്നുള്ള ആശയക്കുഴപ്പം ഈ ചിത്രത്തിനുണ്ട് എന്ന് മാത്രമല്ല ഈതിൽ അല്പം രാഷ്ട്രീയമില്ലേ എന്നാരെങ്കിലും ചോദിച്ചുപോയാൽ അയാളെ കുറ്റം പറയാനുമാവില്ല. ഒരുദാഹരണം പറയാം. മകരവിളക്ക് തെളിയിക്കുന്ന ഒരാളുടെ ദൃശ്യത്തിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. മകരവിളക്ക് സ്വയം തെളിയുകയല്ല, മറിച്ച് തെളിയിക്കുന്നതാണ് എന്ന് വ്യക്തമായി കാണിച്ചുകൊണ്ട് തുടങ്ങുന്ന സിനിമ മേൽപ്പറഞ്ഞ അയ്യപ്പദർശനങ്ങളെ തൊട്ടു തലോടിയ ശേഷം അവസാനം മലക്കം മറിയുകയാണ്. “നമ്മൾ കുറേപ്പേരെ കഷ്ടപ്പെട്ട് മലയുടെ മുകളിലെത്തിച്ചിട്ട് എന്തായി? ” എന്ന് ചോദിക്കുന്ന അയ്യപ്പദാസ് എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായിക്കാണുമല്ലോ. കുറിയിട്ട് ഗണപതിക്ക് തേങ്ങയടിക്കുന്ന മുസ്ലിം നാമധാരിയായ കഥാപാത്രമൊക്കെ ഇതുപോലെ കയറി വന്നതാണ്. ശബരിമല പിന്തുടരുന്ന ആശയത്തിന്റെ ഗാംഭീര്യം വെളിവാക്കാൻ ഇതുപോലുള്ള അമേച്ചറിഷ് സംഗതികൾ വേണ്ടിയിരുന്നില്ല. അതുകൊണ്ടു തന്നെ ഈ സിനിമയ്ക്ക് നേരെ വന്ന ചില വിമർശനങ്ങളെങ്കിലും വെറുതെയായിരുന്നില്ല എന്ന് തോന്നുന്നു.
അഭിനേതാക്കളിലേക്ക് വന്നാൽ രണ്ടു പിള്ളേരും മിസ്റ്റീരിയസ് ആയ ആ കഥാപാത്രത്തെ അവതരിപ്പിച്ച ഉണ്ണി മുകുന്ദനും ചേർന്ന് സിനിമ മൊത്തം കൊണ്ടുപോയി എന്ന് പറയേണ്ടി വരും. ഈശ്വരനാണോ മനുഷ്യനാണോ എന്ന് സംശയം ജനിപ്പിക്കുന്ന ആ കഥാപാത്രത്തെ മറ്റൊരു നടൻ അവതരിപ്പിച്ചിരുന്നെങ്കിൽ ഇത്രയും നന്നാവില്ലായിരുന്നു. ഉണ്ണിക്ക് നല്ല സ്ക്രീൻ പ്രെസെൻസുണ്ട്. സൈജു കുറുപ്പിനും രമേഷ് പിഷാരടിക്കുമൊക്കെ നല്ല കഥാപാത്രങ്ങൾ കിട്ടിയെങ്കിലും മേൽപ്പറഞ്ഞ പോലെ ഉള്ളു പൊള്ളയായ സംഭാഷണങ്ങളും പൂർണ്ണതയില്ലാത്ത കഥാസന്ദർഭങ്ങളും ചേർന്ന് അവരുടെ പ്രകടനത്തെ പിന്നോട്ടടിപ്പിച്ചിട്ടുണ്ട്. ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തീർച്ചയായും ഒരു തവണ കണ്ടാസ്വദിക്കാവുന്ന സിനിമയാണ് .