Sanuj Suseelan
യൂട്യൂബിലെ ഇന്ത്യൻ കുക്കിംഗ് ചാനലുകളിൽ വരുന്ന വിഡിയോകൾ ശ്രദ്ധിച്ചിട്ടില്ലേ ? ലോകത്തെ എന്ത് ഡിഷും അവർ ഉണ്ടാക്കും. പക്ഷെ ബർഗർ, സാൻഡ്‌വിച്, പീറ്റ്‌സ തുടങ്ങി എന്തുണ്ടാക്കിയാലും ഒടുവിലത്തെ നാലഞ്ച് സ്റ്റെപ്പുകൾ ഒന്ന് തന്നെയായിരിക്കും എന്ന് മാത്രം. ശങ്കരാടി പറയുന്നത് പോലെ ശ്ശി പനീർ, ശ്ശി ഗരം മസാല, ഇത്തിരി ചന്നാ മസാല, ഇത്തിരി മല്ലിയില ഒക്കെ അതിനു മീതെ തൂവിയില്ലെങ്കിൽ അവർക്ക് തൃപ്തിയാവില്ല. കുക്ക് ചെയ്യുന്നത് സാൽമൺ ആയാലും മത്തി ആയാലും അത് തന്നെ അവസ്ഥ. ഈ റെസിപ്പിയിൽ ഏതു ഡിഷ് ഉണ്ടാക്കിയാലും ഏറ്റവും മുകളിൽ നിൽക്കും മസാലയുടെ രുചി. ഏകദേശം ഇതുപോലെയാണ് അജയ് വാസുദേവ് സിനിമാ പിടിക്കുന്നതും. ഏതു കഥ കിട്ടിയാലും പോലീസ് വണ്ടി നിര നിരയായി പോകുന്ന അഞ്ചു ഷോട്ട്, മൊത്തം കൂട്ടിയെടുത്താൽ അരമണിക്കൂറെങ്കിലും നീണ്ടു നിൽക്കുന്ന സ്ലോ മോഷൻ രംഗങ്ങൾ, കാതടപ്പിക്കുന്ന സംഗീതം ( സംഗീതമെന്നു അതിനെ വിളിക്കാമോ എന്തോ. ഒച്ച എന്ന് പറയുന്നതാവും ശരി ), നായകൻ തുടങ്ങി സഹ താരങ്ങൾക്കും വില്ലനും പട്ടിക്കും പൂച്ചയ്ക്കും വരെയുള്ള ബിൽഡ് അപ്പ് ഷോട്ടുകൾ തുടങ്ങി ഒരു ടെംപ്ളേറ്റിൽ നിന്ന് ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറാതെയുള്ള സ്ഥിരം അഭ്യാസമാണ് പുള്ളി ഈ സിനിമയിലും പുറത്തെടുത്തിരിക്കുന്നത്. ഇതുവരെ ചെയ്ത “മാസ്സ്” സിനിമകളിൽ നിന്ന് വ്യത്യസ്തമായിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ശരിയാണ്. അതിൽ നിന്നും വ്യത്യസ്തമായ കഥയാണ്. പക്ഷെ മേൽപ്പറഞ്ഞ മസാല കയറിക്കഴിഞ്ഞപ്പോൾ കരിഞ്ഞ ഒരു ത്രില്ലറായി അത് മാറി എന്ന് മാത്രം.
രണ്ടായിരത്തി പതിനെട്ടിൽ ദയാൽ പദ്മനാഭൻ സംവിധാനം ചെയ്ത “ആ കരാള രാത്രി” എന്ന കന്നഡ ചിത്രത്തെ ആസ്പദമാക്കിയാണ് നിഷാദ് കോയ ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. Rupert Brooke എന്ന ഇംഗ്ലീഷ് കവിയുടെ Lithuania എന്ന ഒരു ഏകാങ്ക നാടകത്തെ അടിസ്ഥാനമാക്കി മോഹൻ ഹബ്ബു് എഴുതിയ ഒരു കന്നഡ നാടകത്തെ ഉപജീവിച്ചാണ് ദയാൽ പദ്മനാഭൻ ആ ചിത്രമൊരുക്കിയത്. ഏറ്റവും നല്ല ചിത്രത്തിനും സഹനടിക്കും സംവിധായകനുമുള്ള അക്കൊല്ലത്തെ കർണാടക സ്റ്റേറ്റ് അവാർഡുകൾ ഈ ചിത്രത്തിനായിരുന്നു ലഭിച്ചത്. നിഷാദ് കോയ എഴുതിയ തിരക്കഥയിൽ സ്വാഭാവികമായും തെളിഞ്ഞു നിൽക്കുന്നത് നാടകീയതയാണ്. വിരലിലെണ്ണാവുന്ന കഥാപാത്രങ്ങൾ മാത്രമേ ചിത്രത്തിലുള്ളൂ. അവരുടെ സംഭാഷണങ്ങളും ഇതുപോലെ തന്നെ നാടകീയമാണ്. കൊച്ചിയിൽ നിന്ന് മൈസൂരിലേക്കുള്ള യാത്രാമധ്യേ ഒരു സഞ്ചാരിക്ക് നേരിടേണ്ടി വരുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ ഉള്ളടക്കമെന്നാണ് സംവിധായകൻ അവകാശപ്പെട്ടിരുന്നത്. അത്തരമൊരു കഥ അവതരിപ്പിക്കുമ്പോൾ കഥയിലേക്ക് കാഴ്ചക്കാരെ ലാൻഡ് ചെയ്യിക്കേണ്ടത് വളരെ സ്വാഭാവികമായാണ്. സിനിമയുടെ തൊണ്ണൂറു ശതമാനവും ചിത്രീകരിച്ചിരിക്കുന്നത് ഒരു വീട്ടിലാണ്. ആ പ്രദേശത്തെപ്പറ്റിയും വീടിനെപ്പറ്റിയുമൊക്കെ സാവകാശം ദുരൂഹത ബിൽഡ് ചെയ്തെടുത്ത് ഒടുവിൽ മറ്റു വഴിത്തിരുവുകളിലേക്ക് ലാൻഡ് ചെയ്യിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ സംവിധായകന് സ്ലോ മോഷനോടും നേരത്തെ പറഞ്ഞ സൗണ്ട് ഇഫക്ടുകളോടുമുള്ള ഒബ്‌സഷൻ കാരണം വേണ്ടിടത്തും വേണ്ടാത്തിടത്തുമൊക്കെ അത് തിരുകി കയറ്റിയിട്ടുണ്ട്. ആ ചവറൊക്കെ ചിത്രത്തിൽ നിന്നൊഴിവാക്കിയിരുന്നെങ്കിൽത്തന്നെ അദ്ദേഹം അവകാശപ്പെട്ടത് പോലെ അല്പമെങ്കിലും വ്യത്യസ്തമായ ഒരു സിനിമയായി ഇത് മാറുമായിരുന്നു.
അഭിനേതാക്കളുടെ കാര്യമൊന്നും പറയാതിരിക്കുകയാണ് ഭേദം. സീതയാണ് രജിഷയുടെ അമ്മ വേഷം ചെയ്തിരിക്കുന്നത്. രണ്ടുപേരുടെയും മേക്കപ്പ് ഒക്കെ ബെസ്റ്റാണ്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത, കാടിന്റെ അതിർത്തിയിലെ ഒരു വീട്ടിൽ താമസിക്കുന്ന ഈ രണ്ടുപേരുടെയും ഹെയർ സ്റ്റൈൽ വളരെ മോഡേണാണ്. കളർ ഒക്കെ ചെയ്തിട്ടുമുണ്ട്. അഭിനയവും അതുപോലെ ത്തന്നെ. പ്രത്യേകിച്ച് രജിഷ. പുള്ളിക്കാരി ഇതുവരെ അഭിനയിച്ചതിൽ നിന്നും വ്യത്യസ്തമായി ഒന്നും ഇതിൽ ചെയ്തിട്ടില്ല എന്നാണ് എനിക്ക് തോന്നിയത്. സാങ്കേതികമായ പിഴവാണോ എന്തോ, ചില ഷോട്ടുകളിൽ അവരുടെ അഭിനയത്തിൽ ഒരു ഇൻകൺസിസ്റ്റൻസിയുമുണ്ട്. ഒരുദാഹരണം പറയാം. ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന പള്ളീലച്ചനും കപ്യാരുമൊക്കെ വരുമ്പോൾ മുഖം കടുപ്പിച്ചു നിൽക്കുന്ന നായികയായെന്നു കാണിക്കുന്നത്. തൊട്ടടുത്ത ഷോട്ട് ഒരു സൈഡിൽ നിന്നുള്ളതാണ്. അതിൽ രജിഷ നല്ലതുപോലെ പുഞ്ചിരിക്കുന്നു. വീണ്ടും അടുത്ത ഷോട്ടിൽ പഴയ കടുംവെട്ടു ഭാഗം. ചിലപ്പോൾ സാങ്കേതികമായ പിഴവാവാം. ഗുരു സോമസുന്ദരം ആണ് ഏറ്റവും വലിയ ദുരന്തം. പുള്ളി എന്തിനാണ് ഇങ്ങനെ മലയാള ഭാഷയെ കൊല്ലുന്നത് എന്ന് പിടികിട്ടുന്നില്ല.
നാലാം മുറ കണ്ടപ്പോളും തോന്നിയതാണിത്. ഒന്നുകിൽ തമിഴ് പറയണം അല്ലെങ്കിൽ മര്യാദക്ക് മലയാളം അറിയാവുന്നവരെക്കൊണ്ട് ഡബ്ബ് ചെയ്യിക്കണം. മനോജ് കെ യു കൊള്ളാം. ഗോകുലം ഗോപാലൻ അവതരിപ്പിച്ച അച്ചൻ കഥാപാത്രം സ്വാഭാവികമായി എന്തെങ്കിലും പറയുന്നതായി തോന്നിയത് അവർ അപ്പത്തിനും വീഞ്ഞിനുമുള്ള പണം ഏൽപ്പിക്കാൻ വീട്ടിൽ വരുന്ന സീനിൽ മാത്രമാണ്. കുഞ്ചാക്കോ ബോബന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത ഒരു കഥാപാത്രമാണ്. അദ്ദേഹം തരക്കേടില്ലാതെ ചെയ്തിട്ടുമുണ്ട്. സ്ഥാനത്തും അസ്ഥാനത്തുള്ള സ്ലോ മോഷൻ പ്രയോഗങ്ങൾ കൊണ്ട് ഒരു സിനിമയെ എത്രത്തോളം നശിപ്പിക്കാം എന്നതിന്റെ ക്ലാസ്സിക് ഉദാഹരണമാണ് ഈ സിനിമ.
ഇഫക്ട് ആഡ് ചെയ്ത് ഒരു ശരാശരി കഥയെ ഇങ്ങനെ ചിലപ്പോൾ രക്ഷിച്ചെടുക്കാൻ പറ്റിയേക്കുമെങ്കിലും നല്ലൊരു കഥയെ നശിപ്പിക്കാനും ഇത് തന്നെ മതി എന്ന് അദ്ദേഹം മനസ്സിലാക്കിയാൽ നന്ന്. സിനിമയിലെത്തിയതിന് ഒരു കിലോമീറ്റർ നീളമുള്ള ഒരു നന്ദി കാർഡ് സിനിമയുടെ തുടക്കത്തിൽ കാണിക്കുന്നുണ്ട്. ആ ലിസ്റ്റിൽ ഉള്ളവരോട് ശരിക്കും സ്നേഹവും നന്ദിയുമുണ്ടെങ്കിൽ അവർക്ക് കൂടി അഭിമാനം തോന്നുന്ന രീതിയിലൊരു സിനിമയെടുത്തു കാണിക്കാനാണ് ശ്രമിക്കേണ്ടത്. അതിനുള്ള കഴിവില്ലാത്ത ഒരാളാണ് അദ്ദേഹമെന്ന് തോന്നുന്നില്ല. മസാല സിനിമകളിൽ നിന്ന് വേറിട്ട ഒരു പടമെടുക്കുമ്പോൾ അതിലും മസാല ചേർക്കാതിരുന്നാൽ മാത്രം മതി. സിനിമയിലെ കഥാപാത്രങ്ങൾ ആദ്യ പകുതിയിൽ ആവർത്തിച്ച് പറയുന്ന ഒരു ഡയലോഗ് പോലെ “എല്ലാം ശരിയാകും”.