Sanuj Suseelan
വേരുകൾ ഇറാനിലാണെങ്കിലും പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും പർവ്വത പ്രദേശങ്ങളിൽ ജീവിക്കുന്ന ഒരു ഗോത്രമാണ് പഷ്തൂൺസ്. ഇറാനിയൻ ഭാഷയായ പഷ്‌തോ ആണ് അവർ സംസാരിച്ചിരുന്നത്. വിഭജനാനന്തരം പാകിസ്ഥാനിൽ ഉണ്ടായിരുന്ന പഷ്തൂൺസിൽ നല്ലൊരു പങ്ക് ഇന്ത്യയിലേക്കും താമസം മാറ്റിയിരുന്നു. ഇന്ത്യയിൽ അവർ പഠാൻസ് എന്നറിയപ്പെട്ടു. ഹിന്ദിയും ഉറുദുവും സംസാരിക്കുന്ന അവരുടെ എണ്ണം അഫ്‌ഗാനിസ്ഥാനിൽ ഇപ്പോൾ ഉള്ള പഷ്തൂൺസിനെക്കാൾ കൂടുതലുണ്ടാവും എന്നാണ് ചില പണ്ഡിതന്മാർ അവകാശപ്പെടുന്നത്. എന്നാൽ ഔദ്യോഗിക കണക്കുകൾ പ്രകാരം മുപ്പത്തിരണ്ട് ലക്ഷത്തോളമാണ് ഇന്ത്യയിൽ അവരുടെ ജനസംഖ്യ. എന്തായാലും അവരുടെ ചരിത്രത്തിലേക്ക് കടക്കുന്നില്ല.
വളരെ ആഴമുള്ള വിഷയമാണ്. പൊതുവെ പഠാൻസ് വളരെ വയലന്റ് ആയ ഒരു വിഭാഗമാണ് എന്നൊരു തെറ്റിദ്ധാരണ നമ്മുടെയിടയിലുണ്ട്. മരണം വരെ പൊരുതി നിൽക്കുന്ന അവരുടെ ഒരു ആറ്റിട്യൂട് ആയിരിക്കാം അതിനു കാരണം. എന്നാൽ ഒരുപാടു പ്രത്യേകതകളുള്ള ഒരു ഗോത്രമാണിത്. ധൈര്യം, പ്രതികാരം എന്നിവ മാത്രമല്ല പരാജയപ്പെട്ടവരോട് കരുണയോടെ പെരുമാറാനും അവർക്കറിയാം. സ്വാഭിമാനം, സ്വാതന്ത്ര്യം, നീതി, ക്ഷമ , അപരിചിതരോടുള്ള സ്നേഹം, കരുതൽ, ആതിഥ്യ മര്യാദ എന്നിവയിലും അവർ വേറിട്ട് നിൽക്കുന്നു. അങ്ങോട്ട് സ്നേഹിക്കുന്നവർക്ക് ഇരട്ടി സ്നേഹം കൊടുക്കുകയും അവർക്കു വേണ്ടി ജീവൻ കൊടുക്കാൻ പോലും മടിക്കാത്തവരുമായ ഇവരെ പറ്റിക്കാൻ എളുപ്പമാണ്.
സ്വാഭാവികമായും ഇവരുടെ നേരെ വാ നേരെ പോ മനോഭാവം മുതലെടുത്ത ഒട്ടേറെ രാജ്യങ്ങളുണ്ട്. അതിൽ മുമ്പൻ ലോക പൊലീസുകാരനായ അമേരിക്ക തന്നെയാണ്. അമേരിക്ക – റഷ്യ മത്സരം നടന്നിരുന്ന കാലത്ത് റഷ്യക്കെതിരെ ഇവരെ കൗശലപൂർവ്വം ഉപയോഗിച്ചവരാണ് അമേരിക്ക. ശീതസമരാനന്തരം പല വിധത്തിലുള്ള ചൂഷണങ്ങൾക്ക് വിധേയരായ ഈ വംശം കടന്നുപോയ സംഘർഷങ്ങൾ ഏറെയാണ്.
Ek Tha Tiger, Tiger Zinda Hain, War എന്നീ ചിത്രങ്ങൾക്ക് ശേഷം യാഷ് രാജ് ഫിലിംസ് അവതരിപ്പിക്കുന്ന അടുത്ത സ്പൈ മൂവിയായ പഠാണിൽ ഇതുപോലൊരു കഥാപാത്രമാണ് നായകൻ. ബോളിവുഡിലെ കിരീടം വയ്ക്കാത്ത രാജാവായ ഷാഹ്‌റുഖ് ഖാന്റെ ശക്തമായ തിരിച്ചുവരവായിരിക്കും ഈ ചിത്രം എന്നാണ് സിനിമ കണ്ടുതീർന്നപ്പോൾ തോന്നിയത്. പഠാനായി സ്ക്രീൻ നിറഞ്ഞു നിൽക്കുകയാണ് ഷാഹ്‌റുഖ്. തന്റെ അപ്പൂപ്പന്റെ അച്ഛൻ വഴി താനും പകുതി പഠാൻ വംശജനാണ് എന്നുള്ള ചെറിയ ചെറിയ വിടൽസ് പണ്ട് നടത്തിയിട്ടുള്ളയാളാണ് ഷാഹ്‌റുഖ് .
അതുകൊണ്ടാണോ പുള്ളിയ്ക്ക് വേണ്ടി ഇത്തരമൊരു കഥാപാത്രത്തെ സൃഷ്ടിച്ചത് എന്നറിയില്ല. ഷാഹ്‌റൂഖിനൊപ്പം കട്ടയ്ക്ക് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനവുമായി ജോൺ അബ്രഹാമും ചിത്രത്തിലുണ്ട് . ധൂമിന് ശേഷം വന്ന അദ്ദേഹത്തിന്റെ നല്ലൊരു കഥാപാത്രമാണ് ഇതിലെ ജിം. ഇവർ രണ്ടുപേരുമാണ് സത്യത്തിൽ ഈ സിനിമയുടെ ഒരു ബലം. അതൊഴികെ സ്ഥിരം ബോംബ് കഥ, ഐറ്റം ഡാൻസ് , തല്ലിപ്പൊളി ഡയലോഗുകൾ എന്നിവയൊക്കെ തന്നെയേ പഠാനിലുമുള്ളൂ. അക്ഷരാർത്ഥത്തിൽ രണ്ടു രണ്ടര മണിക്കൂർ നീണ്ടു നിൽക്കുന്ന ഒരു വെടിക്കെട്ട് പടം. ദീപിക പദുക്കോൺ, അശുതോഷ് റാണ, ഡിംപിൾ കപാഡിയ തുടങ്ങി സാക്ഷാൽ സൽമാൻ ഖാൻ വരെ ഈ സിനിമയിൽ വന്നുപോകുന്നുണ്ട്.
അഭിനയം ഇപ്പോളും മികച്ചതാണെങ്കിലും ദീപികയുടെ പഴയ ഒരു ഗ്രേസ് ഇപ്പോളില്ല എന്നാണ് എനിക്ക് തോന്നിയത്. അവരുടെ കണ്ണുകളുടെ ആ സൗന്ദര്യമൊക്കെ എങ്ങോ പോയി. തന്റെ അവസാന ചിത്രമായ വാർന്റെ അതേ ടെംപ്ളേറ്റിലാണ് സിദ്ധാർഥ് ആനന്ദ് ഈ സിനിമയും സംവിധാനം ചെയ്തിരിക്കുന്നത്. പ്രശസ്ത സംവിധായകൻ ശ്രീറാം രാഘവന്റെ സഹോദരനും സോണിയിലെ പോപ്പുലർ ക്രൈം സീരിസായ സി ഐ ഡിയുടെ രചയിതാക്കളിൽ ഒരാളുമായ ശ്രീധർ രാഘവനാണ് അബ്ബാസ് ടയർവാലയ്ക്കൊപ്പം രചന നിർവഹിച്ചിരിക്കുന്നത് . സത്ചിത് പൗലോസ് ആണ് സിനിമാട്ടോഗ്രാഫർ. വിശാൽ ശേഖറിന്റെ പത്തുപൈസയ്ക്ക് കൊള്ളാത്ത മൂന്നോ നാലോ പാട്ടുകളും പടത്തിലുണ്ട്. ഖാന്റെ സ്വന്തം കമ്പനിയായ റെഡ് ചില്ലീസ് ആണ് ഇതിലെ VFX ജോലികൾ ചെയ്തിരിക്കുന്നത് എന്നാണോർമ്മ.
വളരെ ചുരുക്കം ചില രംഗങ്ങൾ ഒഴികെ മിക്കതും മനോഹരമായി ചെയ്തിട്ടുണ്ട്. ഒരുപാടു രാജ്യങ്ങളിലെ ഒരുപാടു ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്ത ചിത്രമാണ്. അണിയറക്കാർ നല്ലതുപോലെ പണിയെടുത്തിട്ടുണ്ട്. വളരെ ശ്രദ്ധയോടെയാണ് പടം മാർക്കറ്റ് ചെയ്തിട്ടുള്ളതും. ദീപിക പദുക്കോണിന്റെ ബോഡി ഷോയും അതിനെച്ചുറ്റിപ്പറ്റിയുള്ള വിവാദവുമൊക്കെ ഇതിന്റെ ഭാഗമായിരുന്നോ എന്ന് സംശയമുണ്ട്. ആ വിവാദമില്ലായിരുന്നെങ്കിലും പടം ഓടുമായിരുന്നു. തീപാറുന്ന ആക്ഷൻ സിനിമകൾ ഇഷ്ടമുള്ളവരാണെങ്കിൽ തീർച്ചയായും തീയറ്ററിൽ തന്നെ ആസ്വദിക്കേണ്ട ചിത്രമാണ് പഠാൻ.