ബുദ്ധനും സൈക്കോയും

222
Sanuj Suseelan
ബുദ്ധനും സൈക്കോയും
ശ്രീബുദ്ധനുമായി ബന്ധപ്പെട്ട കഥകളിൽ ഏറ്റവും മനോഹരമായ ഒരെണ്ണമാണ് അംഗുലീമാലയുടേത്. വാത്മീകിയുടെ ജീവിതവുമായി സാമ്യമുള്ള ഈ കഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മിഷ്‌കിൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് സൈക്കോ. ആൽഫ്രെഡ് ഹിച്ച്കോക്കിൻ്റെ പ്രശസ്ത ഹോളിവുഡ് ചിത്രമായ സൈക്കോയുമായി പേരിൽ മാത്രമേ ഇതിനു ബന്ധമുള്ളൂ. കൊലയാളിയുടെ പശ്ചാത്തലവുമായി വേണമെങ്കിൽ ഒരു വിദൂര സാമ്യം ആരോപിക്കാമെന്നു മാത്രം. അംഗുലീമാല നൽകുന്ന സന്ദേശമാണ് സംവിധായകൻ ഇതിൽ പ്രധാനമായും പറയാൻ ശ്രമിക്കുന്നത്. ആ കഥ അറിയാത്തവർക്ക് ചിത്രത്തിലെ ക്ലൈമാക്സ് അത്രയ്ക്ക് ഇഷ്ടമാകാൻ സാധ്യതയില്ല. എന്നാൽ അംഗുലീമാലയുടെ കഥ കേട്ടിട്ടുള്ളവർക്ക് അതിന്റെ മനോഹാരിത ആസ്വദിക്കാനുമാകും. സൈക്കോയിലെ ബുദ്ധ സങ്കല്പങ്ങളെക്കുറിച്ചാണ് ഈ കുറിപ്പ്. ചിത്രം കണ്ടിട്ടുള്ളവർക്കാണ് ഇത് കൂടുതൽ യോജിക്കുക. കാണാത്തവർക്കും വായിക്കാം. കഥാതന്തു ഇതാണെങ്കിലും അതിൻ്റെ ആവിഷ്കരണം തികച്ചും വ്യത്യസ്തമായാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. അതുകൊണ്ട് സിനിമ ആസ്വദിക്കാൻ ഇതൊരു തടസ്സമാവില്ല എന്ന് തോന്നുന്നു
⦿ അഹിംസകൻ എന്ന അംഗുലീമാലയുടെ ജനനം :
കോസല സാമ്രാജ്യത്തിലെ രാജാവായ പസേനാദിയുടെ സദസ്സിലെ രാജപുരോഹിതനായ ഭഗവഗാഗയ്ക്കും ഭാര്യയായ മന്ഥാനിക്കും ഒരു കുട്ടി ജനിച്ചു. എന്നാൽ അവൻ ജനിച്ച സമയത്തെ നിമിത്തങ്ങൾ ശുഭസൂചകമായിരുന്നില്ല. ബ്രാഹ്മണ ദമ്പതികൾക്ക് ജനിച്ച കുട്ടിയാണെങ്കിലും നിമിത്തങ്ങളും ഗ്രഹനിലയും സൂചിപ്പിച്ചത് ഈ കുട്ടി വളർന്നു വലുതാകുമ്പോൾ ലോകം ഭയക്കുന്ന ഒരു കൊള്ളക്കാരനായി മാറുമെന്നാണ്. അവൻ്റെ ജനനസമയത്ത് സവതി നഗരത്തിലെ എല്ലാ ആയുധങ്ങളും ഒരിട മിന്നിത്തിളങ്ങിയത് രാജാവിൻ്റെ ശ്രദ്ധയിലും പെട്ടു. എന്നാൽ ഒന്നും ഭയപ്പെടാനില്ല, തങ്ങളുടെ മകൻ ഒരിക്കലും തെറ്റായ വഴി തെരഞ്ഞെടുക്കാതെ താൻ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു ഭഗവഗാവ രാജാവിനെ സമാധാനിപ്പിച്ചു. മകന് അവർ അഹിംസകൻ എന്ന് പേരിട്ടു . സൽസ്വഭാവിയും ബുദ്ധിശാലിയുമായ ഒരു ബാലനായി അവൻ വളർന്നു വന്നു. ഏതെങ്കിലും രീതിയിൽ അവനിൽ കടന്നു കൂടാൻ സാദ്ധ്യതയുള്ള എല്ലാ മോശം സ്വഭാവങ്ങളും കൂടുതൽ വിദ്യാഭ്യാസം നേടുന്നതോടെ പൂർണമായും ഇല്ലാതായിക്കോളുമെന്ന് മാതാപിതാക്കൾ ആശ്വസിച്ചു. പൗരാണിക ഭാരതത്തിലെ ഏറ്റവും മികച്ച വിദ്യാ കേന്ദ്രമായിരുന്ന തക്ഷശിലയിൽ അവൻ പഠനത്തിന് ചേർന്നു.
⦿ ശത്രുക്കൾ രൂപമെടുക്കുന്നു :
കഠിനാദ്ധ്വാനിയായ ഒരു വിദ്യാർത്ഥിയായിരുന്നു അഹിംസകൻ. ആകർഷകമായ പെരുമാറ്റവും വിനയവും കൊണ്ടയാൾ എല്ലാവരുടെയും മനം കവർന്നു. ഗുരുവിന് ഏറ്റവും ഇഷ്ടമുള്ള വിദ്യാർത്ഥിയായി വളരെപ്പെട്ടെന്നു തന്നെ അഹിംസകൻ മാറി. സ്വാഭാവികമായും ചില സഹപാഠികളിൽ ഇത് അവനോടു അസൂയ ജനിക്കാൻ കാരണമായി. അഹിംസകനെ ഗുരു വെറുക്കാൻ എന്ത് ചെയ്യണമെന്ന് അവർ തലപുകഞ്ഞാലോചിച്ചു. ഒരു പദ്ധതിയുണ്ടാക്കി. ഓരോരോ സംഘമായി മാറി മാറി ചെന്ന് ഗുരുവിനോട് അഹിംസകനെക്കുറിച്ച് ഇല്ലാക്കഥകളും പരാതികളുമൊക്കെ ഓതിക്കൊടുക്കുക എന്നതായിരുന്നു ആ തന്ത്രം. ആദ്യമൊക്കെ ഗുരു അത് വിശ്വസിച്ചില്ലെങ്കിലും ഒരുപാടുപേർ തുടർച്ചയായി വന്ന് ഇത് പോലെ സംസാരിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിൻ്റെ മനസ്സിലും ഒരു ചാഞ്ചല്യമുണ്ടായി. ഗുരുവിനേക്കാൾ മിടുക്കനായ അഹിംസകൻ ഒരുപക്ഷെ അദ്ദേഹത്തെ ആ സ്ഥാനത്തു നിന്ന് തെറിപ്പിക്കാൻ വരെ സാദ്ധ്യതയുണ്ടെന്നു പറഞ്ഞു അവരെല്ലാം കൂടി അദ്ദേഹത്തിൽ വിഷം നിറച്ചു. എന്തിനേറെ, ഗുരുപത്നിയെ വശീകരിക്കാൻ പോലും അവൻ ശ്രമിക്കുന്നു എന്ന നുണക്കഥ കൂടി കേട്ടതോടെ ഗുരുവിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തനിക്കേറ്റവും ഇഷ്ടപ്പെട്ട വിദ്യാർത്ഥിയിൽ നിന്ന് തൻ്റെ ഏറ്റവും വലിയ ശത്രുവായി അഹിംസകനെ അദ്ദേഹം കാണാൻ തുടങ്ങി.
⦿ വിചിത്രമായ ഒരു ഗുരുദക്ഷിണ :
അങ്ങനെ തക്ഷശിലയിലെ അവൻ്റെ പഠനം അവസാനിക്കുന്ന സമയമായി. എല്ലാ വിദ്യാർത്ഥികളും തങ്ങളുടെ ഗുരുക്കന്മാർക്ക് ഗുരുദക്ഷിണ നൽകണം. അപ്പോൾ മാത്രമേ അവർ പഠനം പൂർത്തിയാക്കിയതായി കണക്കാക്കുകയുള്ളൂ. അപ്പോളാണ് അവനെ ഞെട്ടിച്ച ആ സംഭവമുണ്ടായത്. ആയിരം മനുഷ്യരുടെ വിരലുകളാണ് ദക്ഷിണയായി ഗുരു അവനോടു ആവശ്യപ്പെട്ടത്. സാത്വികനും വിവേകിയുമായ അഹിംസകന് അതൊരിക്കലും കഴിയില്ലെന്ന് ഗുരുവിന് ഉറപ്പായിരുന്നു. ഗുരുവിന്റെ ആവശ്യം കേട്ട് അഹിംസകൻ അക്ഷരാർത്ഥത്തിൽ ഞെട്ടി. ഭയവും ആശങ്കയും കൊണ്ടുണ്ടായ പരിഭ്രമം താങ്ങാൻ വയ്യാതെ അവൻ അവിടെ നിന്ന് ഒളിച്ചോടി. ഒരു കാട്ടിൽ അഭയം പ്രാപിച്ചു. നാളുകൾ കടന്നു പോയി. ഗുരു ആവശ്യപ്പെട്ടത് കൊടുത്തേ പറ്റൂ, വേറെ വഴിയൊന്നുമില്ല എന്ന തിരിച്ചറിവിൽ അവൻ്റെ സമനില നശിച്ചു.തൻ്റെ വിധിയിൽ നിരാശനും നിസ്സഹായനുമായ അഹിംസകൻ ഗുരുവിൻ്റെ ആവശ്യം സാധിച്ചു കൊടുക്കാൻ തന്നെ തീരുമാനിച്ചു. ആ കാട്ടിൽ കൂടി കടന്നു പോകുന്ന മനുഷ്യരെ അവൻ പതിയിരുന്ന് ആക്രമിക്കാൻ തുടങ്ങി. അവരെ കൊന്നതിന് ശേഷം വിരൽ മുറിച്ചെടുത്തു സൂക്ഷിച്ചെങ്കിലും കാട്ടിലുള്ള മറ്റു മൃഗങ്ങൾ തക്കം കിട്ടിയാൽ അത് കടിച്ചെടുത്തു കൊണ്ട് പോകുന്നത് പതിവായപ്പോൾ ആ വിരലുകൾ ഒരു മാല പോലെ കോർത്ത് സ്വന്തം കഴുത്തിലണിയാൻ തുടങ്ങി അവൻ. അംഗുലികൾ കൊണ്ട് മാല തീർത്ത അവനു അംഗുലീമാല എന്ന് പേരും വന്നു. അവൻ്റെ കുപ്രസിദ്ധി നാട് മുഴുവൻ പരന്നു. എങ്ങനെയും ആയിരം വിരലുകൾ തികയ്ക്കുക എന്ന നിശ്ചയ ദാർഢ്യത്തിൽ അംഗുലീമാല കൊലപാതകങ്ങൾ തുടർന്നുകൊണ്ടിരുന്നു. ആയിരമെത്താൻ ഇനി ഒരേയൊരു വിരൽ കൂടി മതി എന്ന നിലയിലെത്തി. ആരാവും അതിനു വേണ്ടി കാട്ടിലെത്തുക എന്നോർത്ത് അവൻ കാത്തിരുന്നു.
കാട്ടിൽ പതിയിരുന്നാക്രമിക്കുന്ന ഭീകരൻ്റെ കഥകൾ കേട്ടറിഞ്ഞ ജനങ്ങൾ ആ കാട്ടിൽ കൂടി യാത്ര ചെയ്യുന്നത് ഒഴിവാക്കിയിരുന്നു. ഒരു മനുഷ്യനെ തേടി വഴിയിലേക്ക് കണ്ണ് കൂർപ്പിച്ചു മറഞ്ഞിരുന്ന അംഗുലീമാല ആ കാഴ്ച കണ്ടു. ദൂരെ നിന്ന് ഒരു സ്ത്രീ നടന്നു വരുന്നു. അടുത്തെത്താറായപ്പോളാണ് അത് മറ്റാരുമല്ല, സ്വന്തം ‘അമ്മ തന്നെയാണ് എന്നവൻ തിരിച്ചറിഞ്ഞത്. കാട്ടിലേക്ക് ഒളിച്ചോടിയ തങ്ങളുടെ മകൻ അഹിംസകനാണോ അംഗുലീമാലയെന്ന പേരിൽ ഭയം വിതയ്ക്കുന്ന ആ കാട്ടാളനെന്ന് അമ്മയ്ക്ക് എന്തോ ഒരു സംശയം തോന്നിയിരുന്നു. ജാതകപ്രകാരവും അവൻ അങ്ങനെയായി തീരണമല്ലോ. ആ സംശയം തീർക്കാൻ നേരിട്ടിറങ്ങിപ്പുറപ്പെട്ടതായിരുന്നു അവർ. ഒരുപക്ഷെ അവനാണ് അഹിംസകനെങ്കിൽ തിരികെ വിളിച്ചു കൊണ്ട് വന്നു ഉപദേശിച്ച് അവനെ നന്നാക്കിയെടുക്കുകയായിരുന്നു അവരുടെ ലക്‌ഷ്യം. പക്ഷെ സ്വന്തം അമ്മയെ കൊന്നായാലും സാരമില്ല ഗുരുവിനു കൊടുക്കാൻ ആയിരം വിരലുകൾ തികച്ചാൽ മതി എന്ന ഭ്രാന്തമായ അവസ്ഥയിലെത്തിയിരുന്ന അവൻ അമ്മയെ ആക്രമിക്കാൻ ഒരു ചുവട് മുന്നോട്ടു വച്ചു. എന്നാൽ അതിനിടെ അവൻ വേറൊരു കാഴ്ച കൂടി കണ്ടു.
⦿ പ്രകാശം പരത്തുന്ന ഒരു മനുഷ്യൻ :
അതാ സന്യാസിയെപ്പോലെ തോന്നിക്കുന്ന ഒരാൾ അതേ വഴിയിലൂടെ അമ്മയ്ക്ക് മുന്നിലായി നടന്നു പോകുന്നു. ഇയാളുള്ളപ്പോൾ അമ്മയെ എന്തിനുപദ്രവിക്കണം എന്ന ചിന്തയിൽ അവൻ അയാളുടെ പുറകെ പാഞ്ഞു. എന്നാൽ ഇവിടെ അവന് വിചിത്രമായ ഒരു അനുഭവമുണ്ടായ. സാവധാനം നടന്നുകൊണ്ടിരിക്കുന്ന ആ യുവാവിന് പുറകെ എത്ര വേഗത്തിലോടിയിട്ടും അയാളുടെ അടുത്തെത്താനാവുന്നില്ല. ശക്തി മുഴുവൻ സംഭരിച്ചു ഓടിയിട്ടും ആ യുവാവ് തനിക്കൊരു മുഴം മുന്നിലാണെന്നത് അയാളെ അമ്പരപ്പിച്ചു. നിരാശനും കോപാകുലനുമായ അവൻ ആർത്തു വിളിച്ചു അയാളെ നിർത്തിച്ചു. താൻ പുറകെ ഓടിയിട്ടും അട്ടഹസിച്ചിട്ടും എന്തുകൊണ്ടാണ് നിങ്ങൾ നിൽക്കാതിരുന്നത് എന്നവൻ അയാളോട് ചോദിച്ചു. അയാളെ കാണുമ്പോൾ ഭയന്ന് വിറയ്ക്കുന്ന മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി സുമുഖനും ശാന്തനും തേജസ്വിയുമായ ആ യുവാവിന്റെ മുഖത്ത് വിരിഞ്ഞത് ഒരു പുഞ്ചിരിയായിരുന്നു. ഒരു മന്ദഹാസത്തോടെ അയാൾ ഇങ്ങനെ പറഞ്ഞു. “അല്ലയോ മനുഷ്യാ, ഞാൻ എന്നെ നിർത്തി, നീ എന്തുകൊണ്ടാണ് നിർത്താത്തത് ? “. ചൊടിപ്പിക്കുന്ന ഈ മറുപടിയിൽ ശരിക്കും അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് ബുദ്ധിമാനായ അംഗുലീ മാലയ്ക്കു മനസ്സിലായി. ഈ കൊലയും അക്രമങ്ങളും ഒക്കെ ഞാൻ എന്നേ നിർത്തി, നീ എന്തുകൊണ്ടാണ് ഇപ്പോളും അത് തുടരുന്നത് എന്നായിരുന്നു ആ യുവാവ് ചോദിക്കുന്നതെന്ന് മനസ്സിലായ അംഗുലീമാല പെട്ടെന്നുണ്ടായ ആ തിരിച്ചറിവിൽ ആ യുവാവിൻ്റെ കാൽക്കൽ വീണു. ആത്മജ്ഞാനത്തിൻ്റെ പ്രകാശം സ്ഫുരിക്കുന്ന മുഖത്തോടു കൂടി അവൻ്റെ മുന്നിൽ നിന്ന ആ യുവാവ് മറ്റാരുമായിരുന്നില്ല , കപിലവസ്തുവിൽ ജനിച്ച് ഒടുവിൽ ലോകത്തിനു തന്നെ സമാധാനത്തിന്റെ മതം സംഭാവന ചെയ്ത സാക്ഷാൽ ശ്രീബുദ്ധനായിരുന്നു അത്. സൗമ്യമായ ആ വാക്കുകളിൽ അതുവരെയുള്ള പാപമെല്ലാം അംഗുലീമാലയിൽ നിന്നൊഴുകിപ്പോയി. താൻ നടന്നുകൊണ്ടിരിക്കുന്ന പാതയുടെ കറുപ്പ് നിറം അവൻ തിരിച്ചറിഞ്ഞു. കണ്ണീരിൽ നനഞ്ഞ മുഖവുമായി അവൻ അദ്ദേഹത്തിന് മുന്നിൽ സ്വയം അർപ്പിച്ചു. അതുവരെ എല്ലാവർക്കും ഒരു പേടിസ്വപ്നമായിരുന്ന അംഗുലീമാല ബുദ്ധശിഷ്യനായി മാറി. പിൽകാലത്ത് എല്ലാവർക്കും മാതൃകയായ ഒരു ബുദ്ധസന്യാസിയായി അയാൾ അറിയപ്പെട്ടു.
⦿ സൈക്കോ എന്ന സിനിമയിലെ ബുദ്ധാ കണക്ഷൻ
മുകളിൽ പറഞ്ഞ കഥയിലെ കഥാപാത്രങ്ങളിൽ പലരും അതേ പേരിൽ തന്നെ ഈ സിനിമയിലുണ്ട്. അംഗുലീമാല എന്ന കഥാപാത്രം തന്നെയാണ് ഈ ചിത്രത്തിലെ സീരിയൽ കില്ലർ ( രാജ്‌കുമാർ പിച്ചാമണി ). സിനിമയിൽ അയാളുടെ പേരും അത് തന്നെയാണ് . ഇരകളെ പതിയിരുന്നു തട്ടിയെടുത്തു സ്വന്തം സങ്കേതത്തിൽ കൊണ്ടുവരുന്ന അയാൾ അവരെ കൊലപ്പെടുത്തുന്നത് ശ്രദ്ധിക്കുക. ഒരു വഴിപാട് കഴിക്കുന്നത് പോലെ നിർവികാരമായി ആ ബഞ്ചിൽ കിടത്തുന്നു, കയ്യും കാലും ക്ലിപ്പ് ചെയ്യുന്നു. അറവുകാരൻ ചെയ്യുന്നത് പോലെ യാന്ത്രികമായി ട്രേയിൽ നിന്നൊരു കത്തിയെടുത്ത് തല വെട്ടുന്നു. അംഗുലീമാല വിരലുകൾ സൂക്ഷിക്കുന്നത് പോലെ വെട്ടിയെടുക്കുന്ന തലകൾ ഒരു ഫ്രീസറിലേയ്ക്ക് അലക്ഷ്യമായി ഇടുകയാണയാൾ. സാധാരണ സീരിയൽ കൊലയാളികളിൽ നിന്ന് വ്യത്യസ്തമായി ഓരോ കൊലയിലും എന്തെങ്കിലും തരത്തിലുള്ള ആനന്ദം അയാൾ അനുഭവിക്കുന്നതായി ചിത്രത്തിൽ കാണിക്കുന്നില്ല.
Image result for psycho tamilസിനിമയിലെ നായകനായ അന്ധ കഥാപാത്രത്തിൻ്റെ പേര് ഗൗതം എന്നാണ്. അതാരാണ് എന്ന് വിശദീകരിക്കേണ്ട കാര്യമില്ലല്ലോ. ക്ലൈമാക്സിൽ അയാളെ വകവരുത്താനുള്ള അവസരം കിട്ടിയിട്ടും ഗൗതം എന്തുകൊണ്ടാണ് അങ്ങനെ ചെയ്യാതെ വിടുന്നത് എന്നതും നിങ്ങൾക്ക് പിടികിട്ടിയിട്ടുണ്ടാവും. അന്ധനാണെങ്കിലും നല്ല ഉൾക്കാഴ്ചയുള്ള ഒരാളായിട്ടാണ് അയാളെ അവതരിപ്പിച്ചിരിക്കുന്നത്. മറ്റുള്ളവർ പറയുന്നത് കേട്ടു കൊണ്ട് വാഹനം നിയന്ത്രിക്കാനും ഗന്ധവും ശബ്ദവും ഉപയോഗിച്ച് എല്ലാവരെയും തിരിച്ചറിയാനുമെല്ലാം അയാൾക്ക്‌ കഴിയുന്നുണ്ട്. ഒരു വലിയ പോലീസ് സംഘം അന്വേഷിച്ചിട്ടും കാണാൻ കഴിയാത്ത തെളിവുകളും സൂചനകളും അന്ധനായ അയാൾ കണ്ടുപിടിക്കുന്നതും നൂല് പിടിക്കുന്നത് പോലെ ലക്ഷ്യത്തിലെത്തിച്ചേരുന്നതും ഒരുതരം ആത്മജ്ഞാനം കൊണ്ടാണെന്നു വേണമെങ്കിൽ പറയാം.
അദിതി റാവു ഹൈദരി അവതരിപ്പിച്ച നായികാ കഥാപാത്രത്തിന് നൽകിയിരിക്കുന്ന പേര് ഡാഹിനി എന്നാണ്. ബാലരമയിലെ മായാവിയിലെ ദുഷ്ട കഥാപാത്രത്തിൻ്റെ പേരായി മാത്രമേ നിങ്ങൾ ഇത് കേട്ടിട്ടുണ്ടാവൂ. എന്നാൽ നിങ്ങൾക്കറിയാമോ, തിബത്തൻ ബുദ്ധിസത്തിലെ സ്ത്രീ ബിംബ കല്പനയാണ് ഡാകിനികൾ. വജ്രയാന ബുദ്ധിസത്തിൽ രണ്ടു തരം ഡാകിനികളെക്കുറിച്ച് പറയുന്നുണ്ട്. ബോധോദയത്തിലേക്കു നിങ്ങളെ കൂട്ടികൊണ്ടു പോകാൻ കഴിവുള്ള മനോഹരമായ സ്ത്രീ സങ്കല്പമാണ് ഒരെണ്ണമെങ്കിൽ തലയോട്ടികൾ കൊണ്ട് സ്വയം അലങ്കരിച്ച, ദുഷ്ടയായ നീച കഥാപാത്രമാണ് മറ്റേത്. ക്ഷമയും ബുദ്ധിയും ഉപയോഗിച്ച് ഒരു സാധാരണ മനുഷ്യനെ ആത്മജ്ഞാനത്തിലേയ്ക്ക് കൈപിടിച്ചു കൊണ്ട് പോകാൻ സുന്ദരിയായ, ബുദ്ധിശാലിയായ ഡാകിനിക്കു കഴിയുമെന്നാണ് തിബത്തൻ വജ്രയാന ബുദ്ധിസത്തിലെ വിശ്വാസം. ഈ സിനിമയിലെ നായികയായ ഡാകിനി എന്ന റേഡിയോ ജോക്കിയും ആ ഡാകിനിയെ തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. തൻ്റെ കഴുത്തിൽ കൊലയാളിയുടെ കത്തി സ്പർശിക്കുമ്പോളും അറവു മേശയിൽ കിടന്നുകൊണ്ട് അയാളുടെ മുഖത്ത് നോക്കി സംസാരിക്കാൻ അവൾക്ക് കഴിയുന്നു. അവളുടെ മുന്നിലിട്ട് വേറെയും യുവതികളെ നിർദയം കൊന്നു തള്ളുന്ന അയാളുടെ മനസ്സിൽ ചെയ്യുന്നത് തെറ്റാണ് എന്ന ബോധം ജനിപ്പിക്കാൻ അവൾ ശ്രമിക്കുന്നുണ്ട്. തൻ്റെ ഉപദേശം അയാളെ കോപാകുലനാക്കിയേക്കാം എന്നതോ ആ വികാരത്തള്ളിച്ചയിൽ ഒരുപക്ഷെ തൻ്റെ മരണം നേരത്തേയാവുമോ എന്ന ഭയമൊന്നും അവളെ ബാധിക്കുന്നില്ല. കൃത്യ സമയത്തുള്ള അവളുടെ സംഭാഷണങ്ങൾ വികാരരഹിതനായ ആ കൊലയാളിയിൽ പോലും മാറ്റങ്ങൾ സൃഷ്ടിക്കുന്നു. അയാളുടെ പിടിയിൽ നിന്ന് രക്ഷപെട്ടിട്ടും ഒരു കുഞ്ഞിനെ പോലെ ആ കൊലയാളിയോട് വാത്സല്യം തോന്നാൻ ഡാകിനിയെ പ്രേരിപ്പിക്കുന്നതും അയാളുടെ ആ പ്രവർത്തികൾക്ക് പുറകിലുള്ള യഥാർത്ഥ കാരണം അവൾക്കു മനസ്സിലായതുകൊണ്ടാണ്.
നിത്യാ മേനോൻ അവതരിപ്പിച്ച കമല എന്ന കഥാപാത്രവും ഇതുപോലെ തന്നെയാണെന്ന് തോന്നുന്നു. തൻ്റെ കാമുകിയായ ഡാഹിനിയെ കണ്ടുപിടിക്കാൻ ഗൗതമിനെ സഹായിക്കുന്ന പോലീസ് ഓഫീസറാണ് കമലാ ദാസ് എന്ന കമല. പ്രശസ്ത ജർമൻ സാഹിത്യകാരനായ ഹെർമൻ ഹെസ്സെ ശ്രീബുദ്ധൻ്റെ കഥ പ്രമേയമാക്കി രചിച്ച വിഖ്യാത നോവലാണ് “സിദ്ധാർത്ഥ”. ഈ നോവലിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് കമല എന്ന ഗണിക സ്ത്രീ. എല്ലാ സുഖസ്വകാര്യങ്ങളും വിട്ട് സ്വത്വം അന്വേഷിച്ചിറങ്ങിപ്പുറപ്പെടുന്ന സിദ്ധാർത്ഥൻ യാത്രാമദ്ധ്യേ കണ്ടുമുട്ടുന്ന കമലയ്ക്ക് ആ രാജകുമാരനെ വല്ലാതെ ഇഷ്ടമാകുന്നു. എന്നാൽ ഒരു അഭിസാരികയായ താൻ അയാൾക്ക്‌ കീഴ്പ്പെടണമെങ്കിൽ സിദ്ധാർത്ഥൻ ഒരു ധനികനാവണം എന്നവൾ ആവശ്യപ്പെടുന്നു. അതിനുള്ള വഴിയും അവൾ തന്നെ കാണിച്ചുകൊടുക്കുന്നു. അവളെ നേടാൻ വേണ്ടി അതെല്ലാം അനുസരിക്കുന്ന അയാൾ വീണ്ടും പണക്കാരനാവുകയും അതുവഴി അവളുടെ കാമുകനാവുന്നതും കമലയിൽ സിദ്ധാർത്ഥന് ഒരു മകൻ ജനിക്കുന്നതുമൊക്കെയാണ് ഹെസ്സെ ഈ നോവലിൽ പറയുന്ന കഥ. നോവലിൽ നിന്ന് കുറച്ചൊക്കെ വ്യത്യാസം വരുത്തിയിട്ടുണ്ടെങ്കിലും സിനിമയിലും കമലയാണ് ഡാഹിനിയെ കണ്ടെത്താൻ ഗൗതമിനെ സഹായിക്കുന്നത്. ഒരു അപകടത്തിൽ ശരീരം തളർന്ന് വീൽ ചെയറിൽ സഞ്ചരിക്കുന്ന കമലയെ ഒരു ഉത്തമ സ്ത്രീയായല്ല സംവിധായകൻ അവതരിപ്പിക്കുന്നത്. അസഭ്യ വാക്കുകൾ ഉപയോഗിച്ച് സ്വന്തം വിധിയെ പഴിക്കുകയും സഹായമഭ്യർത്ഥിച്ചു വരുന്ന ഗൗതം സ്വന്തം അന്ധതയെക്കുറിച്ച് പറഞ്ഞു ദുഃഖിതനാവുമ്പോൾ അയാളെ തെറി പറയുകയും കാഴ്ചയില്ലാത്തത് ഒരു കുറവൊന്നുമല്ല, ആദ്യം നിങ്ങൾ എൻ്റെ അവസ്ഥ നോക്കൂ എന്നൊക്കെ പറഞ്ഞ് അയാളെ ഒഴിവാക്കാൻ നോക്കുന്നുണ്ടെങ്കിലും ഒടുവിൽ കമലയാണ് ഗൗതമിനെ ശരിക്കും സഹായിക്കുന്നത്. ഒരു ജോഡി കണ്ണുകളും ഒരു ജോഡി ചെവികളും ഒരു ശരീരം പോലെ പ്രവർത്തിച്ചാണ് അവർ ലക്ഷ്യത്തിലെത്തുന്നത്. കമല എന്ന ഈ കഥാപാത്രത്തെ സൃഷ്ടിക്കാൻ ഹെസ്സെയുടെ നോവലാണോ മിഷ്‌കിന് പ്രേരണയായത് എന്നറിയില്ല.
⦿ ബുദ്ധനും സൈക്കോയും നൽകുന്ന സന്ദേശം
അംഗുലീ മാലയുടെ കഥ നൽകുന്ന സന്ദേശം വളരെ ലളിതവും മനോഹരവുമാണ്. കർമ്മമാണ് ഒരു മനുഷ്യനെ മഹാനും പിശാചുമാക്കി മാറ്റുന്നത്. അപഥ സഞ്ചാരിയായ ഒരാൾ മരണം വരെ അങ്ങനെ തുടരണമെന്നില്ല. അങ്ങനെ വിശ്വസിക്കുന്നത് മൗഢ്യമാണ്. ഉത്തമനായ ഒരു ഗുരുവിന് അങ്ങനെയുള്ള ഒരാളെ പോലും മാറ്റിമറിക്കാൻ കഴിയുമെന്നതിൻ്റെ ഉത്തമ ഉദാഹരണമായാണ് ബുദ്ധമതക്കാർ അംഗുലീമാലയുടെ കഥയെ കാണുന്നത്. കാട്ടാളന് തുല്യമായ ജീവിതം നയിച്ചിരുന്ന ഒരാളെ കരുണ കൊണ്ടും അഭൗമ ശക്തി കൊണ്ടും ഉപദേശങ്ങൾ കൊണ്ടും ശ്രീബുദ്ധൻ മാറ്റിമറിക്കുകയാണിവിടെ. തന്നെ കൊല്ലാൻ കലി പൂണ്ടു നിൽക്കുന്ന അയാളുടെ ശാരീരികമായി ഉപദ്രവിക്കാൻ അദ്ദേഹം ശ്രമിക്കുന്നില്ല. താൻ ജീവിതത്തിൽ എവിടെയാണ് നില്കുന്നത് എന്ന് ഒറ്റ വാചകത്തിലൂടെ അദ്ദേഹം അയാളെ മനസ്സിലാക്കിക്കൊടുക്കുകയാണ്. അതുവരെ ആരും പറഞ്ഞു കൊടുക്കാത്ത ആ കാര്യം ആദ്യമായി ഒരാൾ പറയുന്നത് കേട്ടാണ് എത്ര വലിയ പാപങ്ങളിലാണ് താൻ അഭിരമിക്കുന്നത് എന്ന സത്യം അംഗുലീമാല തിരിച്ചറിയുന്നത്. ഒരു തരത്തിൽ അവിടെ, ആ നിമിഷത്തിൽ അയാൾക്ക്‌ ബോധോദയമുണ്ടാവുകയാണ്. ഈ സിനിമയിലും അതുപോലെ തന്നെ. ക്ലൈമാക്സിലെ കൊലയാളിയുടെ ഭാവമാറ്റത്തിന് പിന്നിലെ രഹസ്യം ഇപ്പോൾ നിങ്ങൾക്കു മനസ്സിലായിട്ടുണ്ടാവും.
⦿ സൈക്കോ എന്ന സിനിമ
മിഷ്കിൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ വയലൻസുള്ള ചിത്രം ഇതാണെന്നു തോന്നുന്നു. മനം മടുപ്പിക്കുന്ന കൊലപാതകങ്ങളുടെ മറയില്ലാത്ത ആവിഷ്കാരമാണ് ഇതിലെ പല സീനുകളും. ഉദയനിധിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ഇതിലെ ഗൗതം. തന്നെക്കൊണ്ടാവുന്ന പോലെയൊക്കെ അദ്ദേഹം അത് ചെയ്തിട്ടുണ്ട്. അദിതിയും നിത്യാ മേനോനും വളരെ നന്നായി തങ്ങളുടെ വേഷങ്ങൾ അവതരിപ്പിച്ചു. ചെറുതെങ്കിലും പ്രധാനപ്പെട്ട വേഷങ്ങളിൽ വരുന്ന ഷാജി ചെന്നൈ ( ഡാഹിനിയുടെ അച്ഛൻ ) , രാം, സിംഗം പുലി, രാജ നായകം എന്നിവരും നന്നായിട്ടുണ്ട്. സാങ്കേതികമായി നല്ല നിലവാരം പുലർത്തുന്ന ചിത്രമാണ്. ഇളയരാജയുടെ മനോഹരമായ സംഗീതം ചിത്രത്തെ നല്ല രീതിയിൽ സഹായിച്ചിട്ടുണ്ട്. ദുർബല മനസ്കർക്ക് യോജിച്ച ചിത്രമല്ല ഇത്. കണ്ടുകൊണ്ടിരിക്കാൻ അത്യാവശ്യം മനസ്സുറപ്പ് വേണം. രണ്ടാം പകുതിയിലെ അപൂർവം ചില നാടകീയ പ്രകടനങ്ങൾ ഒഴിച്ച് നിർത്തിയാൽ മികച്ച ഒരു സിനിമയാണ് സൈക്കോ. തീയറ്ററിൽ തന്നെ കണ്ടാൽ കൂടുതൽ നല്ലത്. ലോ ആംഗിൾ ഷോട്ടുകൾ, വിചിത്രമായ ക്യാമറ ചലനങ്ങൾ എന്നിങ്ങനെയുള്ള സ്ഥിരം ചേരുവകൾ മനഃപൂർവമാകണം, അദ്ദേഹം ഇതിൽ ഒഴിവാക്കിയിട്ടുണ്ട്. ആരാധകരെപോലെ തന്നെ ഹേറ്റേഴ്‌സിനും ഒരു കുറവുമില്ലാത്ത അദ്ദേഹം ഈ ചിത്രത്തിനെ പറ്റിയുള്ള വിമർശനങ്ങൾക്കു ചുട്ട മറുപടി കൊടുക്കുന്ന ചില വിഡിയോകൾ യൂട്യൂബിൽ ഉണ്ട്. ഒരു അന്തവും കുന്തവുമില്ലാതെ ഓരോന്ന് എഴുതി വിടുന്ന ഓൺലൈൻ വിമർശകർ അത് ഒരു തവണയെങ്കിലും കാണുന്നത് നല്ലതാണ്.