ഇ-സിഗരറ്റിന്റെ പ്രവർത്തനം എങ്ങനെയാണ് ? എന്തുകൊണ്ട് അതിനെ ഇന്ത്യയിൽ നിരോധിച്ചു ?

488

എഴുതിയത് : Sanuj Suseelan

ഇ-സിഗററ്റിലെ പുക

***************
നിങ്ങൾ വലിക്കുന്ന സിഗരറ്റ് എങ്ങനെയാണു ഉണ്ടാക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ? ഞാൻ പണ്ട് വിചാരിച്ചിരുന്നത് ബീഡിയിൽ പുകയില പൊതിയാൻ ഉപയോഗിക്കുന്നത് പോലെ കടലാസ്സിൽ പുകയില മുറിച്ചിട്ട് പൊതിഞ്ഞെടുത്താൽ സിഗററ്റായില്ലേ എന്നായിരുന്നു. ഈ ബീഡി കമ്പനിക്കാർക്കൊക്കെ കുറച്ചു കടലാസ്സ് വാങ്ങി ഇങ്ങനെ ചെയ്താൽ സിഗരറ്റ് എന്ന പേരിൽ വിൽക്കാമല്ലോ എന്ന് വരെ തോന്നിയിട്ടുണ്ട്. സാധാരണക്കാരനു ലളിതമായി ഉപയോഗിക്കാൻ ഡിസൈൻ ചെയ്തിട്ടുള്ള ഏറ്റവും സങ്കീർണമായ ഒരു യന്ത്രമാണ് മോട്ടോർ കാർ എന്ന് കേട്ടിട്ടില്ലേ ? അതുപോലെയാണ് സിഗരറ്റിന്റെ കാര്യവും. കോടിക്കണക്കിനു രൂപയുടെ ഗവേഷണവും പഠനവും ഒക്കെ ആ വെളുത്ത പുകയ്ക്കു പുറകിലുണ്ട്.
ഏറ്റവും ലളിതമായ ഉദാഹരണമാണ് സിഗരറ്റ് ഉണ്ടാക്കുന്ന കടലാസ്സ്. അതൊരു സാധാരണ കടലാസ്സല്ല. ഒരുപാടു നിബന്ധനകൾക്ക് വിധേയമായാണ് അത് നിർമ്മിക്കപ്പെടുന്നത്. സിഗററ്റിനുള്ളിലെ പുകയിലയും കടലാസ്സും ഒരേ റേറ്റിൽ വേണം കത്താൻ. പുകയില കത്തുന്നതിനേക്കാൾ വേഗം കടലാസ്സ് കത്തി തീരാൻ പാടില്ല. ഓരോ പുകയിലയും ഓരോ റേറ്റിലാവുമല്ലോ കത്തുന്നത്. അതിനനുസരിച്ചു പേപ്പർ മാറ്റാനും പറ്റില്ല. പുകയില കണ്ടീഷൻ ചെയ്തു വേണം അപ്പോൾ അതിൽ നിറയ്ക്കാൻ. ഫാക്ടറിയിൽ നിന്ന് വരുന്ന സിഗരറ്റ് പാക്കറ്റ് കുറച്ചു കാലം സൂക്ഷിച്ചതിനു ശേഷം പുറത്തെടുത്തു വലിച്ചാലും ആ ഫ്രഷ്‌നെസ്സ് അതേപടി ഉണ്ടായിരിക്കണം. അതിലും കടലാസ്സിനു റോളുണ്ട്. വെയിൽ കൊണ്ടാലും തണുപ്പത്തിരുന്നാലും ഒരു പരിധിയിൽ കൂടുതൽ ആ സുഗന്ധം പോകാൻ പാടില്ല, തണുത്ത കാലാവസ്ഥയിലും മഴയത്തുമൊക്കെ സിഗരറ്റ് കത്തുന്ന തോതിൽ മാറ്റമുണ്ടാവരുത് തുടങ്ങി ഒരാളെ സിഗരറ്റ് ഭ്രാന്തനാക്കാൻ ഒരുപാടുപേർ തല പുകയ്ക്കുന്നുണ്ട്. സിഗററ്റിലെ ഫിൽട്ടറിന്റെ കഥയും ഇതുപോലെയാണ്. നിങ്ങളുടെ വിരലുകൾക്കിടയിലിരുന്നു പതുങ്ങി രൂപമാറ്റം വന്നാലും ഫിൽറ്റർ അതിൻ്റെ പ്രവർത്തനം മാറ്റമില്ലാതെ തുടരുന്നത് അത്രയും മികച്ച സാങ്കേതിക വിദ്യ അതിനു പുറകിലുള്ളതുകൊണ്ടാണ്. ഇന്ത്യയിലുള്ള ഒരു കമ്പനിക്കും മികച്ച സിഗരറ്റ് ഫിൽറ്ററുകൾ ഉണ്ടാക്കാനുള്ള കഴിവില്ല എന്ന് കൂടി ഓർക്കുക.
സാധാരണ സിഗററ്റുകളും ഇലക്ട്രോണിക് സിഗററ്റുകളും തമ്മിൽ കാതലായ ഒരു വ്യത്യാസമാണുള്ളത്. പരമ്പരാഗത മാർഗങ്ങളിൽ തീ ഉപയോഗിച്ച് പുകയില കത്തിച്ചു ആ പുക അകത്തേയ്‌ക്കെടുക്കുകയാണ് ചെയ്യുക. എന്നാൽ ഇലക്ട്രോണിക് സിഗരറ്റിൽ നിക്കോട്ടിൻ ബാഷ്പ രൂപത്തിൽ പുറപ്പെടുവിക്കുകയാണ് ചെയ്യുക. ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹീറ്റിങ് എലിമെൻറ് ഉപയോഗിച്ച് അകത്തു നിറച്ചിരിക്കുന്ന ദ്രാവകം ചൂടാക്കി ബാഷ്പ രൂപത്തിൽ നേരിട്ട് കൊടുക്കുന്നു. താരതമ്യേന ഇലക്ട്രോണിക് സിഗററ്റിന് അപകടം കുറവാണെന്നാണ് വയ്പ്പ്. തീ കത്തുമ്പോളുണ്ടാവുന്ന മറ്റു വാതകങ്ങളും മാലിന്യങ്ങളും കുറവാണ് ഇതിൽ എന്നതൊരു കാരണം. പുകവലിയിൽ അകത്തു പോകുന്ന നിക്കോട്ടിൻ അളവ് നിയന്ത്രിക്കാൻ പറ്റും എന്നത് മറ്റൊരു ഗുണമാണ്. പക്ഷെ ഇതൊന്നും അയാളെ പുകവലിയിൽ നിന്ന് മാറ്റി നിർത്താൻ പ്രാപ്തമല്ല. മാത്രമല്ല, ഇത്തരം സിഗരറ്റ് ഉണ്ടാക്കുന്ന കമ്പനികൾ ഉപഭോക്താക്കളെ ആകർഷിക്കാൻ വേണ്ടി പലതരം ഫ്ലേവറുകൾ ചേർക്കാറുണ്ട്. അതൊക്കെ അയാളിൽ അഡിക്ഷൻ സൃഷ്ടിക്കാൻ സഹായിച്ചേക്കാം എന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് മാർക്കറ്റിലെത്തിയിട്ടു പത്തോ പതിനൊന്നോ വർഷമേ ആകുന്നുള്ളൂ. സാധാരണ സിഗരറ്റുകൾ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് നടന്നിട്ടുള്ള പഠനങ്ങൾ പോലെ ഗൗരവമുള്ള പഠനങ്ങൾ ഇ-സിഗരറ്റിന്റെ കാര്യത്തിൽ നടന്നിട്ടില്ല എന്നാണ് മനസ്സിലാവുന്നത്. അതുകൊണ്ടു തന്നെ ഈ വാദങ്ങളിൽ എത്രത്തോളം സത്യമുണ്ടെന്നും അറിയില്ല.
നാട്ടിലെ വലിയന്മാർക്ക് മൂന്നോ നാലോ ഓപ്‌ഷനുകളാണ് ആകെയുള്ളത്. സാധാരണ ബീഡി, പലതരത്തിലുള്ള ആധുനിക സിഗരറ്റുകൾ, ഹുക്ക തുടങ്ങിയവ. ഇന്ത്യയിൽ ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിക്കുന്നവർ ഒരു ന്യൂനപക്ഷമേ ഉണ്ടാവൂ. അതേ സമയം ചൈന കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ പുകയില ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ . ഓരോ വർഷവും ആയിരക്കണക്കിനാളുകളാണ് നമ്മുടെ രാജ്യത്ത് പുകയില ഉപയോഗത്താൽ അസുഖങ്ങൾ ബാധിച്ച് മരണപ്പെടുന്നത്. എന്തായാലും ഇന്നലെ നമ്മുടെ സർക്കാർ ഇ-സിഗരറ്റ് നിരോധിച്ചു എന്ന വാർത്ത കണ്ടപ്പോൾ അതിശയമാണ് തോന്നിയത്. നിർമല സീതാരാമൻ യൂബർ-ഓലയുടെ ഉദാഹരണം പറഞ്ഞത് പോലെ ഇലക്ട്രോണിക് സിഗരറ്റ് നിരോധിച്ചാൽ പൊകല സിഗരറ്റിന്റെ കച്ചോടം കൂടുമോ എന്ന് നോക്കാനാണ് സർക്കാരിന്റെ ഈ നടപടി എന്നാണ് തലക്കെട്ടു കണ്ടപ്പോ തോന്നിയത്. എന്നാൽ അതല്ല ഇ-സിഗററ്റിലെ അപകട സാദ്ധ്യത കണ്ടുകൊണ്ടും പ്രായപൂർത്തിയാവാത്തവർ ഓൺലൈൻ വഴിയും മറ്റും വാങ്ങി യഥേഷ്ടം ഉപയോഗിക്കുന്നത് തടയാനുമാണ് ഈ നിരോധനം എന്നുള്ള വിശദീകരണമാണ് സർക്കാർ നൽകുന്നത്.
പക്ഷെ സത്യത്തിൽ ഇത് തന്നെയാണോ യഥാർത്ഥ കാരണം എന്ന് എനിക്ക് സംശയമുണ്ട് . Juul , Philips Morris എന്നീ കമ്പനികളെക്കുറിച്ച് കേട്ടിട്ടുണ്ടാവുമല്ലോ. വളരെ കുറഞ്ഞ കാലം കൊണ്ട് അമേരിക്കയിലെ ഇലക്ട്രോണിക് സിഗരറ്റ് വ്യവസായം പിടിച്ചടക്കിയ കമ്പനിയാണ് Juul . അവകാശപ്പെടുന്നതിൽ കൂടുതൽ നിക്കോട്ടിൻ കലർന്നിട്ടുണ്ട് എന്ന ആക്ഷേപം പണ്ടേ തന്നെ അവരുടെ പുറകെയുണ്ട്. നിയമ നടപടികളും നടക്കുന്നുണ്ടായിരുന്നു. Philip Morris നെകുറിച്ചും കൂടുതൽ പറയണ്ടല്ലോ. ലോകത്തിലെ തന്നെ ഏറ്റവും വലിയ സിഗരറ്റ് കമ്പനി, മൾബറോ പോലുള്ള ലോകോത്തര ബ്രാൻഡുകളുടെ ഉടമ തുടങ്ങി വിശേഷണങ്ങൾ ഏറെയാണ് അവർക്ക്. ലോകത്തെ നൂറ്റിയെൺപതു രാജ്യങ്ങളിൽ അവരുടെ ഉത്പന്നങ്ങൾ വില്പനയിലുണ്ട്. ഇവർ സ്വന്തമായും രണ്ടുപേരും ചേർന്നും ഇലക്ട്രോണിക് സിഗരറ്റ് വ്യവസായത്തിൽ കളിയ്ക്കാൻ പ്ലാനുണ്ടായിരുന്നു. ദുരൂഹമായ കാരണങ്ങളാൽ ലോകത്തെ പ്രമുഖ രാജ്യങ്ങൾ ഇപ്പോൾ പ്രത്യക്ഷമായും പരോക്ഷമായും ഈ കമ്പനികൾക്കിട്ടു പണിതുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞയാഴ്ചയാണ് Juul ചൈനയിലെ എല്ലാ ഓൺലൈൻ സൈറ്റുകളിലും സർക്കാർ നിർദ്ദേശ പ്രകാരം ഡീ ലിസ്റ്റ് ചെയ്യപ്പെട്ടത്. മിനിഞ്ഞാന്ന് അവർക്കു നല്ല സാന്നിദ്ധ്യമുണ്ടായിരുന്ന ന്യൂയോർക്ക് സ്റ്റേറ്റിലും ഇലക്ട്രോണിക് സിഗരറ്റ് നിരോധിക്കപ്പെട്ടിരുന്നു.
ലോകത്തെ പ്രമുഖ മാർക്കറ്റുകളിൽ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന അവർ അടുത്തതായി ഉന്നം വച്ചിരുന്ന രാജ്യമായിരുന്നു ഇന്ത്യ. സർക്കാർ പ്രഖ്യാപിച്ച ഈ നിരോധനത്തിന്റെ യഥാർത്ഥ രക്തസാക്ഷികൾ ഈ കമ്പനികളാണ്. ബിസിനസ്സ് ചെയ്യുന്ന രാജ്യങ്ങളിലെല്ലാം അവിടത്തെ തദ്ദേശീയ പുകയില വ്യവസായങ്ങളെ തകർത്തെറിഞ്ഞ ചരിത്രമാണ് ഫിലിപ്സ് മോറിസിനുള്ളത്. ഇന്ത്യയിലും അത് നടക്കാവുന്നതാണ്. പക്ഷെ ഈ ബാൻ അവരുടെ പ്ലാനുകൾക്കു തീർച്ചയായും വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുക. അതുകൊണ്ടാണ് ഈ നിരോധനത്തിന് പുറകിലെ ഉദ്ദേശ ശുദ്ധിയെ സംശയിക്കുന്നത്. ഇതിനു പുറകിൽ എന്തെങ്കിലും തരത്തിലുള്ള കോർപ്പറേറ്റ് താല്പര്യങ്ങൾ കളിച്ചിട്ടുണ്ടോ എന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല. എന്തായാലും ഇന്ത്യ പോലെ കോടിക്കണക്കിനു വലിയന്മാരുള്ള ഒരു രാജ്യത്തു കട തുറക്കാനുള്ള അവരുടെ പ്രതീക്ഷയ്‌ക്ക് എന്തായാലും ഷട്ടർ വീണു.
ഞാൻ പുകവലിക്കാത്ത ആളാണ്. പക്ഷെ കടുത്ത ഒരുപാടു പുകവലിയന്മാർ സുഹൃത്തുക്കളായുണ്ട്. എന്താണ് അവരെ ആ വെളുത്ത പുകയ്ക്ക് അടിമയാക്കുന്ന മാജിക് എന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല. എന്നാൽ പുകവലി ശീലം പുതിയ തലമുറയിൽ കുറഞ്ഞു വരുന്നുവെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കടുത്ത ബോധവൽക്കരണത്തിലൂടെയും വലിയ നികുതികൾ അടിച്ചേൽപ്പിച്ചും പുകവലിയിലുള്ള താല്പര്യം കുറപ്പിയ്ക്കാൻ ഇന്ത്യയിൽ സർക്കാർ ശ്രമിക്കുന്നുമുണ്ട്. പക്ഷെ അപ്പോളും വളരെക്കുറച്ചു പേർ മാത്രം ഉപയോഗിക്കുന്ന ഇ-സിഗരറ്റ് മാത്രം നിരോധിച്ചതുകൊണ്ടു എന്ത് നേട്ടമാണ് പ്രത്യേകിച്ച് ഉണ്ടാവുന്നത് എന്ന് മനസ്സിലാകുന്നില്ല. സിഗററ്റിനെക്കാൾ അപകടകാരിയായ പാൻ മസാലകൾ നിയന്ത്രിക്കാനുള്ള ധൈര്യം സർക്കാരിനുണ്ടോ ? ഇല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ് പാൻ മസാലകൾ. വൃത്തികെട്ട ഒരു ശീലം കൂടിയാണ് പാൻ ചവയ്‌ക്കൽ. ആരോഗ്യത്തിന് ദോഷവും പരിസര മലിനീകരണവും സൃഷ്ടിക്കുന്ന പാൻ മസാലകൾ നിരോധിച്ചാൽ വലിയൊരു വിഭാഗം ജനങ്ങളുടെ എതിർപ്പ് നേരിടേണ്ടി വരും എന്ന് ഇന്ത്യയിലെ എല്ലാ രാഷ്ട്രീയപാർട്ടികൾക്കും അറിയാം. പിന്നെ, ഇതൊക്കെ ഒരു വഴിപാടുകൾ. അത്രേയുള്ളൂ. അല്ലാതെ ഉണ്ടിരുന്ന നായർക്കൊരു വിളി തോന്നി എന്ന മട്ടിൽ പെട്ടെന്നൊരു നിരോധനം കൊണ്ട് വരുന്നത് ജനങ്ങളുടെ ആരോഗ്യം കാത്തു സൂക്ഷിക്കാനനാണെന്നൊക്കെ പറഞ്ഞാൽ അത് തൊണ്ട തൊടാതെ വിഴുങ്ങാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്. എന്തായാലും നിരോധനത്തെ അനുകൂലിക്കുന്നു. അപകടകരമായ എല്ലാ ലഹരികളും ആപത്താണ്.