GDPR ഉം “സ്വകാര്യ” വിവരങ്ങളും

35

Sprinklr വിവാദവുമായി ബന്ധപ്പെട്ട മറ്റൊരു പോസ്റ്റ്. ഇത് സർക്കാർ പറയുന്നതിന് വിപരീതം എങ്കിലും വായിച്ചിരിക്കേണ്ട ഒന്നുതന്നെ.

Sanuj Suseelan എഴുതുന്നു

ഇന്നാണ് sprinklr വിവാദത്തെക്കുറിച്ചുള്ള ന്യൂസ് കവറേജ് കുറച്ചൊക്കെ കാണാൻ സമയം കിട്ടിയത്. സർക്കാർ ഇത് കൈകാര്യം ചെയ്ത രീതിയിൽ നിന്ന് മനസ്സിലാവുന്നത് രണ്ടു കാര്യങ്ങളാണ്. 1. പെട്ടെന്ന് ഒരു സൊല്യൂഷൻ നടപ്പിലാക്കാൻ വേണ്ടി റെഡിമേഡ് ആയ ഒരു സർവീസ് വാങ്ങി.

2. ഡേറ്റ സെക്യൂരിറ്റിയെക്കുറിച്ച് ഒന്നും ചിന്തിക്കാതെയായിരുന്നു തിരക്ക് പിടിച്ചുള്ള ഈ നീക്കം. ആധാർ ഡേറ്റ മോഷണം എന്നും മോംഗോ ഡി ബി ഉപയോഗിച്ചതിനെ ഡേറ്റ അടിച്ചു മാറ്റാനുള്ള അമേരിക്കൻ കുത്സിത ശ്രമം എന്നൊക്കെ പറഞ്ഞു ബഹളം സൃഷ്ടിച്ചിട്ടുള്ള ഇടതുപക്ഷം ഇതൊന്നുമറിയാതെയാണ് ഈ കരാർ ഒപ്പു വച്ചത് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഈ കമ്പനിയുടെ ഏതു സർവീസാണ് കേരള സർക്കാർ ഉപയോഗിക്കുന്നത് എന്നറിയില്ല.

ഈ കമ്പനിക്കു ബാംഗ്ലൂരിൽ ഓഫിസുണ്ട് എന്നാണ് വെബ്സൈറ്റിൽ നിന്ന് മനസ്സിലായത്. അവർ GDPR compliant ആണെന്ന് അവകാശപ്പെടുന്നുണ്ട്. പക്ഷെ അത് ഇന്ത്യൻ കസ്റ്റമേഴ്‌സിന് ബാധകമാണോ എന്നറിയില്ല. എന്തായാലും എൻ്റെ വിഷയം അതല്ല. വ്യക്തിഗത വിവരങ്ങളുടെ പ്രാധാന്യമാണ്. GDPR നടപ്പിലാക്കുന്നതിന് ഒന്നോ രണ്ടോ മാസമുള്ളപ്പോൾ എഴുതിയ രണ്ടു ഭാഗമുള്ള ഒരു കുറിപ്പ് വീണ്ടും പോസ്റ്റ് ചെയ്യുന്നു. വിവര സ്വകാര്യതയെക്കുറിച്ചും അതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിക്കാനുള്ള ശ്രമമാണ്. എത്രത്തോളം വിജയിച്ചിട്ടുണ്ട് എന്നറിയില്ല.

GDPR ഉം “സ്വകാര്യ” വിവരങ്ങളും

സ്വകാര്യ വിവരങ്ങൾ ചോർന്നു, ആധാർ ലീക്കായി എന്നൊക്കെയുള്ള വാർത്തകൾ കേൾക്കുമ്പോൾ പലയിടത്തും അത് സംബന്ധമായ ചർച്ചകൾ കണ്ടിട്ടുണ്ട്. രാഷ്ട്രീയമായ ലെവലിലേയ്ക്ക് മാറി പിന്നീട് അങ്ങോട്ടുമിങ്ങോട്ടുമുള്ള വാഗ്വാദങ്ങളും തെറിവിളിയും ഒക്കെയായി അതവസാനിക്കാറാണ് പതിവ്. എന്നാൽ സ്വകാര്യ വിവരങ്ങളും പൊതു വിവരങ്ങളും എന്നിങ്ങനെയായി വിവരങ്ങളെ എങ്ങനെ വേർതിരിക്കാം എന്നതിനെപ്പറ്റി കാര്യമായ ചർച്ചകൾ കണ്ടിട്ടില്ല ( ചിലപ്പോൾ ഞാൻ കാണാത്തതാവാം ) . ഈ മാസം ഇരുപത്തിയഞ്ചിന് യൂറോപ്യൻ യൂണിയൻ ഒരു വൻ സംഗതി നടപ്പിലാക്കാൻ പോവുകയാണ്. General Data Protection Regulation അഥവാ GDPR . കഴിഞ്ഞ ഇരുപതു വർഷത്തിനുള്ളിൽ നടപ്പിലാക്കിയിട്ടുള്ള ഏറ്റവും വലിയ വിവര സംരക്ഷണ നിയമങ്ങൾ. രണ്ടു വർഷമായി നടന്നുവരുന്ന തയ്യാറെടുപ്പുകളാണ് വരുന്ന ഇരുപത്തിയഞ്ചിന് നിലവിൽ വരുന്നത്.

ഇപ്പോൾ തന്നെ കർശനമായ വിവര സംരക്ഷണ നിയമങ്ങൾ നിലവിലുള്ള അവിടെ എന്തിനാണ് വീണ്ടും ഇങ്ങനെയൊരു വൻ പരിഷ്‌കാരം നടപ്പിലാക്കുന്നതെന്നു നിങ്ങൾക്ക് സംശയമുണ്ടാകും. യൂറോപ്യൻ കസ്റ്റമർമാരുടെ ജോലികൾ ചെയ്യുന്ന വിവര സാങ്കേതിക കമ്പനികൾ മിക്കതും തിരക്ക് പിടിച്ചു GDPR എന്താണെന്നതിനുള്ള ട്രെയിനിങ്ങുകൾ അവരുടെ ജീവനക്കാർക്ക് കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതെന്താണെന്നും എന്തിനാണെന്നും സാധാരണക്കാർക്ക് മനസ്സിലാവാൻ വേണ്ടിയുള്ള ഒരു എളിയ ശ്രമമാണ് ഈ കുറിപ്പുകൾ. ഒരു ഭാഗത്തിൽ ഒതുങ്ങാത്തതു കൊണ്ട് രണ്ടോ മൂന്നോ ഭാഗമായി തീർക്കാൻ ശ്രമിക്കാം. GDPR ലേയ്ക്ക് കടക്കുന്നതിനു മുമ്പ് വിവര സംരക്ഷണം എന്താണെന്നു അറിഞ്ഞിരിക്കണം. അതിനായി കുറേക്കൊല്ലം മുമ്പ് ഞാൻ ജോലി ചെയ്തിരുന്ന ഒരു പ്രോജക്ടിനെപ്പറ്റി പറയാം.

നോർത്ത് അമേരിക്കയിലുള്ള പ്രശസ്തമായ ഒരു ബാങ്കാണ് കസ്റ്റമർ. അവരുടെ ക്യാപിറ്റൽ മാർക്കറ്റ് ഡിവിഷനു വേണ്ട ടൂളുകളും ഡാറ്റ പ്രോസസ്സ് ചെയ്യാനുള്ള ഫ്രെയിംവർക്കുകളും ഒക്കെ ഉൾപ്പെടുന്ന ഒരു പ്രോജക്ടാണ് നമ്മുടെ കമ്പനി ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി കുറെ ഫോർമാലിറ്റീസും ബാക്ക്ഗ്രൗണ്ട് ചെക്കുമൊക്കെ ഉണ്ടാവുമെന്ന് മാനേജർ അറിയിച്ചു. ആദ്യദിവസം തന്നെ ഒരു പുസ്തകക്കെട്ടു പോലുള്ള കുറെ ഫോമുകൾ ഫിൽ ചെയ്യാൻ തന്നു. കുടുംബ ചരിത്രം കൂടാതെ കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ താമസിച്ചിട്ടുള്ള വീടുകളുടെയൊക്കെ അഡ്രസ്സ്, നാട്ടിലെ വിലാസം തുടങ്ങി നൂറുകണക്കിന് ചോദ്യങ്ങൾ അതിൽ ചോദിച്ചിട്ടുണ്ട്. ഇതൊന്നും പോരാതെ എല്ലാ സർട്ടിഫിക്കറ്റുകളുടെയും കോപ്പികൾ അവരുടെ ഒരു വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും വേണം.
സർട്ടിഫിക്കറ്റുകളുടെ രണ്ടു പുറവും വേണം. അതൊരു ബ്ലാങ്ക് പേജ് ആണെങ്കിൽ പോലും. ഓരോകോപ്പിയും അപ്‌ലോഡ് ചെയ്യുമ്പോൾ ഏതു സർട്ടിഫിക്കറ്റാണെന്നും പേജ് നമ്പർ ഏതാണെന്നും വ്യക്തമായി സൂചിപ്പിക്കണം. എല്ലാം എഴുതിക്കൊടുത്തു. പ്രവേശനം കർശനമായി നിയന്ത്രിച്ചിരിക്കുന്ന ഒരു ഫ്ലോറിലാണ് ആ പ്രോജക്ടിന്റെ ജോലികൾ നടക്കുന്നത്. ബാക്ക്ഗ്രൗണ്ട് ചെക്ക് കഴിയുന്നത് വരെ കാത്തിരിക്കണമെന്നും അതിനു ശേഷമേ ഫ്ലോറിലേയ്ക്ക് കയറാൻ പറ്റൂ എന്നും മാനേജർ പറഞ്ഞു. അതുവരെ ഇവിടെയിരുന്നോ എന്നും പറഞ്ഞു എന്നെ ഒരു ക്യൂബിൽ കൊണ്ടിരുത്തി. എന്നെപ്പോലെ പുതുതായി വന്നവരെ തൽക്കാലം പാർപ്പിക്കുന്ന ഒരു സ്ഥലമാണതെന്നു അടുത്തിരിക്കുന്നവർ പറഞ്ഞു.

ഞാൻ എഴുതിക്കൊടുത്ത വിവരങ്ങൾ എങ്ങനെയാണു വെരിഫൈ ചെയ്യുന്നതെന്ന് ഒരു ധാരണയുമില്ലായിരുന്നു. പക്ഷെ അടുത്ത ആഴ്ചകളിൽ അത് വ്യക്തമായി പിടികിട്ടി. ആ ഏഴു വർഷം ഞാൻ മൂന്നുവീടുകളിൽ താമസിച്ചിട്ടുണ്ടായിരുന്നു. അവിടെയെല്ലാം ഓരോരുത്തർ ചെന്ന് അങ്ങനെയൊരാൾ അവിടെ താമസിച്ചിട്ടുണ്ടായിരുന്നോ എന്ന് അന്വേഷിച്ചതായി പഴയ ഹൌസ് ഓണർമാർ വിളിച്ചു പറഞ്ഞു. ഞാനും അവരുമായി നല്ല ബന്ധത്തിലായിരുന്നതുകൊണ്ടു അവരെല്ലാം അത് സാക്ഷ്യപ്പെടുത്തി എന്ന് മാത്രമല്ല ഇനി ഇത് വല്ല കല്യാണ ആലോചനയുമാണോ എന്ന് സംശയിച്ചു ഒരു ഹൌസ് ഓണർ എന്റെ സ്വഭാവവും വളരെ നല്ലതാണെന്നു കൂടി പൊക്കിപ്പറഞ്ഞു. ഇതേ സമയം തന്നെ നാട്ടിലുള്ള വീട്ടിൽ ഒരാൾ ഫോൺ ചെയ്തു ഈ അഡ്രസ്സ് എന്റെ തന്നെയാണോ എന്ന് അന്വേഷിച്ചതായും അറിഞ്ഞു. പോലീസ് സ്റ്റേഷനിൽ നിന്നും യൂണിവേഴ്‌സിറ്റിയിൽ നിന്നും ക്ലിയറൻസ് കിട്ടി എന്ന് മാനേജർ പിന്നീട് പറഞ്ഞു. മുമ്പ് ജോലി ചെയ്ത കമ്പനികളിലും അന്വേഷണം നടന്നിരുന്നു. ഫേക്ക് സർട്ടിഫിക്കറ്റ് കൊടുത്ത ഒരു തെലുങ്കൻ ഈ അന്വേഷണത്തിൽ പിടിക്കപ്പെടുകയും പുറത്താക്കപ്പെടുകയും ചെയ്തു എന്ന വാർത്തയും കേട്ടു. ഇതെല്ലാം കൂടി കണ്ടു എനിക്ക് വട്ടായി. ഇനി വല്ല റോക്കറ്റുമാണോ അതിനുള്ളിൽ ഉണ്ടാക്കുന്നതെന്നും തോന്നാതിരുന്നില്ല.

അങ്ങനെ എന്റെ ബാക്ക്ഗ്രൗണ്ട് ചെക്ക് ക്ലിയറായി. ആ ഫ്ലോറിൽ ആക്സസ് കിട്ടി. ഒരു തരത്തിലുമുള്ള മെമ്മറി ഡിവൈസുകൾ, ക്യാമറ, ക്യാമറയുള്ള മൊബൈൽ ഫോൺ തുടങ്ങി അകത്തു കൊണ്ട് കയറാൻ പാടില്ലാത്ത കുറെ സാധനങ്ങളുടെ നീണ്ട ലിസ്റ്റ് കിട്ടി. മൊബൈൽ ഫോൺ, പെൻ ഡ്രൈവ് തുടങ്ങിയവയൊക്കെ പുറത്തുള്ള ലോക്കറിൽ വയ്ക്കണം. സാധാരണ എല്ലായിടത്തും ഉള്ളതുപോലെ ഒരാളെ മാത്രം ഒരു സമയം അകത്തേയ്ക്കു കയറ്റിവിടാൻ വേണ്ടി ഒരു ടേൺസ്റ്റൈൽ (Turnstile) ഇവിടെയുമുണ്ട്. ഒരു വ്യത്യാസം മാത്രം. നമ്മൾ ആക്സസ് കാർഡ് കാണിക്കുമ്പോൾ നമുക്ക് അഭിമുഖമായി ഉറപ്പിച്ചിരിക്കുന്ന ക്യാമറ നിങ്ങളുടെ ഒരു ഫോട്ടോയും എടുക്കും. സി സി ടി വി കൂടാതെയാണ് ഇത് എന്നോർക്കണം. ആക്സസ് ഗേറ്റിൽ നിൽക്കുന്ന സെക്യൂരിറ്റിയെ പോക്കറ്റിലുള്ള പഴ്‌സ് , ഫോൺ എന്നിവയൊക്കെ കാണിച്ചിട്ട് വേണം അകത്തു കയറാൻ.

നിങ്ങളുടെ വർക്ക്സ്റ്റേഷനുകൾ എങ്ങനെ വൃത്തിയായി സൂക്ഷിക്കണം എന്നതിനെപ്പറ്റി വളരെ വിശദമായ നിർദേശങ്ങൾ കിട്ടി. നിങ്ങളുടെ കമ്പ്യൂട്ടറുകൾ എല്ലാം കസ്റ്റമറുടെ ഓഫീസിലാണുള്ളത്. അത് ഉപയോഗിക്കാൻ വേണ്ടി നിങ്ങൾക്ക് വിർച്വൽ മെഷീനുകളാണ് ഉള്ളത്. അതായത് ഒരു മോണിറ്ററും കീബോർഡും ചെറിയ ഒരു ബോക്‌സും. സാങ്കേതികമായി ഇതിനെ ഒരു thin client എന്ന് വിളിക്കും. നിങ്ങൾ സ്‌ക്രീനിൽ കാണുന്ന ഡെസ്ക്ടോപ്പ് സത്യത്തിൽ അമേരിക്കയിൽ കസ്റ്റമറുടെ ഡാറ്റ സെന്ററിലുള്ള കംപ്യൂട്ടറിന്റെ ഡെസ്‌ക്‌ടോപ്പാണ്. പക്ഷെ നിങ്ങളുടെ മുന്നിലിരിക്കുന്ന ഒരു കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നത് പോലെ അതുപയോഗിക്കാം. യൂ എസ് ബി പോർട്ടുകൾ ഒന്നുമില്ല അതിൽ. ഒരു പെൻ ഡ്രൈവ് ഒളിച്ചു അകത്തു കയറ്റിയാലും ഉപയോഗിക്കാൻ പറ്റില്ലെന്ന് സാരം.
പ്രിന്റ് ഔട്ടുകൾ എടുക്കുമ്പോൾ നിങ്ങളുടെ എംപ്ലോയീ ഐഡിയ്ക്ക് നേരെ അത് ഒരു സെർവറിൽ ലോഗ് ചെയ്യപ്പെടും. എടുക്കുന്ന ഓരോ പ്രിന്റ് ഔട്ടിന്റെയും ഉത്തരവാദി നിങ്ങളാണ്.ആവശ്യം കഴിഞ്ഞാൽ ആ ഫ്ലോറിൽ തന്നെയുള്ള paper shredder ഉപയോഗിച്ച് അത് നശിപ്പിച്ചു കളയണം. ലൂസായി കിടക്കുന്ന കടലാസുകൾ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോയി വരുമ്പോൾ ഒരു കുപ്പി തണുത്ത വെള്ളം വാങ്ങി. അതുമായി ഫ്ലോറിലേയ്ക്ക് കയറാൻ തുടങ്ങിയ എന്നെ സെക്യൂരിറ്റി തടഞ്ഞു. കുപ്പി കയ്യിൽ വാങ്ങി അതിലെ ലേബൽ പൊളിച്ചെടുത്ത് അയാൾ പുറത്തുള്ള വേസ്റ്റ് ബിന്നിൽ ഇട്ടു ( വേസ്റ്റ് ബിന്നിനു ഇതിലെ റോളിനെ പറ്റി കുറിപ്പറയാനുണ്ട്. അടുത്ത ഭാഗത്തിൽ വിശദീകരിക്കാം ) . അകത്തു കൊണ്ടുപോയാൽ ആ ലേബലിനു പുറകിൽ എന്തെങ്കിലും എഴുതിയെടുത്തു ഒട്ടിച്ചുവച്ചു പുറത്തു കടത്താം എന്നതാണ് കാരണം, ഒന്നും തോന്നരുത് എന്ന് സെക്യൂരിറ്റി മാന്യമായ ഭാഷയിൽ പറഞ്ഞു തന്നു.

ഫ്ലോറിൽ പ്രവേശനം കിട്ടിയെങ്കിലും പല സെർവറുകളിലും പ്രൊജക്ടിൽ ഉപയോഗിക്കുന്ന ടൂളുകളിലും ഒക്കെ ആക്സസ് കിട്ടാൻ പിന്നെയും ഒരു മാസമെടുത്തു. അങ്ങനെയിരിക്കെ ഒരു അറിയിപ്പ് വന്നു പുതുതായി ജോയിൻ ചെയ്തവരുടെ വിരലടയാളം എടുക്കാൻ ഒരു ഏജൻസി വരുന്നുണ്ടെന്ന്. ചില്ലറക്കാരൊന്നുമല്ല വന്നത്. അമേരിക്കൻ ഇന്റലിജൻസ് ഏജൻസി ആയ FBI നിയോഗിച്ച ഒരു സെക്യൂരിറ്റി കമ്പനിയുടെ പ്രതിനിധികളാണ് ഒന്ന് രണ്ടു ഫോമുകളുമായി നമ്മളെ കാണാൻ വന്നത്. ഒരു വലിയ ഫോമാണ്. അതിന്റെ അവസാന ഭാഗത്ത് നമ്മളുടെ പത്തു വിരലുകളുടെയും അടയാളം സ്റ്റാമ്പ് പാഡിൽ മുക്കി രേഖപ്പെടുത്തണം. പുതുതായി ജോയിൻ ചെയ്ത പന്ത്രണ്ടു പേരുടെയും വിരലടയാളം അവർ ഇങ്ങനെ കൊണ്ടുപോയി.

എന്തായാലും പിന്നീട് ഒരാഴ്ച കൂടി പോയപ്പോൾ ആക്സസ് അനുവദിച്ചുകൊണ്ടുള്ള ഇമെയിൽ വന്നു. ആദ്യത്തെ ഒരു മാസം മൂന്നു ട്രെയിനിങ്ങുകളിൽ പങ്കെടുക്കണം. അതിന്റെ അവസാനമുള്ള മൂന്നു ടെസ്റ്റുകൾ ക്ലിയർ ചെയ്യുകയും വേണം. ടെക്നോളജി വല്ലതുമായിരിക്കും എന്ന നമ്മളുടെ പ്രതീക്ഷക്കു വിരുദ്ധമായി ഡാറ്റ സെക്യൂരിറ്റി, യൂറോപ്യൻ യൂണിയൻ റെഗുലേഷൻസ് എന്ന് തുടങ്ങി വിവര സംരക്ഷണവുമായി ബന്ധപ്പെട്ടതാണ് ഈ ട്രെയിനിങ്ങുകൾ. വളരെ രസകരമായ അനുഭവമായിരുന്നു അത്. എന്തിനാണ് ഇത്തരം സന്നാഹങ്ങളും തയ്യാറെടുപ്പുകളും എന്നൊക്കെ അത് കഴിഞ്ഞപ്പോൾ പിടികിട്ടി. ഇനി അതേപ്പറ്റി പറയാം

അങ്ങനെ ആ പ്രൊജക്ടിൽ പ്രവേശിച്ചു. ആദ്യത്തെ മാസം തുടരെ തുടരെ ട്രെയിനിങ്ങാണ്. എല്ലാം ഡാറ്റ പ്രൈവസിയെപ്പറ്റിയാണ്. ട്രെയിനിങ് അറ്റൻഡ് ചെയ്താൽ മാത്രം പോരാ, ഒരു ചെറിയ പരീക്ഷയും പാസ്സാവണം. അതിലാണ് ആദ്യമായി പേഴ്‌സണൽ ഡാറ്റ എന്താണെന്നു മനസ്സിലാക്കുന്നത്. അമേരിക്കയിൽ Personally Identifiable Information അഥവാ PII എന്നും യൂറോപ്പിൽ പൊതുവെ Personal Data എന്നും വിളിക്കുന്നത് എന്താണെന്നു വിവരിക്കാം. National Institute of Standards and Technology (NIST) എന്ന ലാബ് ഉണ്ടാക്കിയിട്ടുള്ള ഒരു ലിസ്റ്റ് ഓഫ് ഐറ്റംസ് ആണ് മിക്കവരും പിന്തുടരുന്നത് . ഇതിലുൾപ്പെട്ട പ്രധാനപ്പെട്ട സംഗതികൾ താഴെ :
നിങ്ങളുടെ പൂർണമായ പേര്
ജനന തീയതി
വിലാസം
ഇമെയിൽ ഐഡി
ഫോൺ നമ്പർ
ലോഗിൻ നെയിം
ഇങ്ങനെ നീണ്ടൊരു ലിസ്റ്റാണ്. നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയാൻ സഹായിക്കുന്ന ഒന്നോ ഒരു കൂട്ടമോ വിവരങ്ങളെയാണ് അടിസ്ഥാനപരമായി ഇതിൽപെടുത്തുന്നത്. പലയിടങ്ങളിലായി കിടക്കുന്നഅത്തരം വിവരങ്ങൾ കൂട്ടിച്ചേർത്തു ഒരാളെ കൃത്യമായി കണ്ടുപിടിക്കാൻ സാധിക്കും. ഉദാഹരണം അഹമ്മദ് എന്നാണ് ഒരാളുടെ പേരെന്ന് വയ്ക്കുക. അഹമ്മദ് വളരെ സാധാരണമായ ഒരു പേരാണ്. പക്ഷെ അതോടൊപ്പം ഒരു ഇമെയിൽ ഐഡിയോ ജനന തീയതിയോ ഡ്രൈവിംഗ് ലൈസൻസ് നമ്പറോ ചേരുമ്പോൾ അയാളെ തിരിച്ചറിയാനുള്ള കൃത്യമായ ഒരു വിവരമായി അത് മാറുകയാണ്. പരിഷ്കൃത രാജ്യങ്ങളിൽ ഇത്തരം വിവരങ്ങൾ വളരെയധികം പ്രാധാന്യത്തോടെയാണ് ശേഖരിക്കുകയും സൂക്ഷിക്കപ്പെടുകയും ചെയ്യുന്നത്. അതിനു സഹായകയമായ രീതിയിൽ യൂറോപ്യൻ യൂണിയൻ മുന്നോട്ടു വച്ചിട്ടുള്ള ചില നിർദ്ദേശങ്ങൾ പിൽക്കാലത്തു നിയമമായി മാറ്റപ്പെടുകയാണുണ്ടായത്.
തിരികെ പ്രോജക്ടിലേയ്ക്ക് വരാം. ആ ബാങ്കിന്റെ ക്യാപ്പിറ്റൽ മാർക്കറ്റ് ഡിവിഷന് വേണ്ടിയുള്ള ജോലികളാണ് നമ്മൾ ചെയ്യുന്നത്. അതായത് സ്റ്റോക്ക് ട്രേഡിങ്ങ് ചെയ്യാൻ ഡീമാറ്റ് അക്കൗണ്ട് എടുക്കാറില്ലേ . അത് പോലെ ട്രേഡിങ്ങ് അക്കൗണ്ട് എടുത്തവരുടെ ഡാറ്റാബേസും അതുമായി ബന്ധപ്പെട്ട വെബ് ആപ്ലിക്കേഷനുകളും ഒക്കെയാണ് ഈ പ്രൊജക്റ്റിലുള്ളത്. അവരുടെ യഥാർത്ഥ കസ്ടമർമാരുടെ വിവരങ്ങൾ നമുക്ക് കാണാൻ കഴിയും. പക്ഷെ അവരുടെ യൂസർ നെയിം / പാസ്സ്‌വേർഡ് തുടങ്ങിയവ കിട്ടില്ല. ട്രേഡിങ്ങ് വിവരങ്ങൾ കാണാം. കസ്റ്റമർ ഐഡിയും കിട്ടും. ഒരാൾ ഈ അക്കൗണ്ട് വഴി നടത്തിയിട്ടുള്ള സകല ഇടപാടുകളും അയാൾ ഉണ്ടാക്കിയ ലാഭം, നഷ്‌ടമായ തുക എന്നിവയൊക്കെ അറിയാം. ഇത്രയും സെൻസിറ്റിവ് ആയ വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് കമ്പനിയുടെ റിസ്കിലാണ്. ഇതിൽ എന്തെങ്കിലും വിവരങ്ങൾ പുറത്തു പോയാൽ , അത് ഇവിടെ നിന്നാണ് ചോർന്നതെന്നു തെളിഞ്ഞാൽ കമ്പനി സമാധാനം പറയേണ്ടി വരും. എന്ന് വച്ചാൽ കോടിക്കണക്കിനു രൂപ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് ചുരുക്കം. അതിനാണ് ഈ മുൻകരുതലുകൾ. ഇന്ത്യയിലാണ് ഇരിക്കുന്നതെങ്കിലും കസ്റ്റമർ യൂറോപ്പിൽ ബിസിനസ്സ് ചെയ്യുന്നതുകൊണ്ടും അവിടത്തുകാരുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതുകൊണ്ടും ആ നിയമങ്ങൾ അനുസരിക്കാൻ നമ്മളും ബാധ്യസ്ഥരാണ്. വിവര ശേഖരണത്തിനും സംരക്ഷണത്തിനും മറ്റുമായി പലപല നിർദ്ദേശങ്ങൾ ഇതിലുണ്ട്. പ്രധാനപ്പെട്ട ചിലത് സൂചിപ്പിക്കാം.

  1. ആവശ്യമുള്ള വിവരങ്ങൾ മാത്രം ശേഖരിക്കുക.

അതായത് അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യുന്നതിന്‌ അത്യാവശ്യം വേണ്ട വിവരങ്ങൾ മാത്രമേ കസ്റ്റമറോടു ചോദിയ്ക്കാൻ അനുവാദമുള്ളൂ. പേര്, വിലാസം, ജനന തീയതി പോലത്തേത് മാത്രം. നമ്മുടെ നാട്ടിലെ ചില സർക്കാർ ഫോമുകൾ കണ്ടിട്ടില്ലേ. ഒരു മത്സര പരീക്ഷയുടെ അപേക്ഷയിൽ വിദ്യാഭ്യാസ യോഗ്യതകൾ കൂടാതെ ജാതി, മതം , എന്നിങ്ങനെ പോയി വീട്ടിലെ പുള്ളിപ്പശുവിന്റെ നിറം വരെ ചോദിച്ചിരിക്കുന്നത്. ഒരാവശ്യവുമില്ലാതെ ഇങ്ങനെ ചോദ്യങ്ങൾ ചോദിക്കാനോ വിവരങ്ങൾ ശേഖരിക്കാനോ ഇത്തരം റെഗുലേഷനുകൾ അനുവദിക്കുന്നില്ല.

  1. ആവശ്യമുള്ള കാലം മാത്രം അത് സൂക്ഷിക്കുക

കസ്റ്റമറുടെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ചത് എത്ര കാലം വേണമെങ്കിലും സ്വന്തം ഡാറ്റാബേസിൽ സൂക്ഷിക്കാൻ പാടില്ല. അതായത് ഒരു അക്കൗണ്ട് ഹോൾഡർ അയാളുടെ അക്കൗണ്ട് ക്ളോസ്സ് ചെയ്തു കഴിഞ്ഞാൽ പിന്നെ അയാളുടെ വിവരങ്ങൾ അവിടെ സൂക്ഷിക്കേണ്ട കാര്യമില്ല. അത് നശിപ്പിക്കണം.

3 . സ്വന്തം വിവരത്തിൽ കസ്ടമർക്കും കണ്ട്രോൾ വേണം

തന്റെ പക്കൽ നിന്ന് എന്തൊക്കെ വിവരങ്ങൾ അവർ ശേഖരിച്ചിട്ടുണ്ടോ അതൊക്കെ എപ്പോൾ വേണമെങ്കിലും കാണാനും വേണ്ടാത്ത കാര്യങ്ങൾ നീക്കം ചെയ്യാനുമൊക്കെ കസ്ടമർക്കും ഓപ്‌ഷൻ കൊടുക്കണം. അല്ലാതെ അയാളുടെ പക്കൽ നിന്ന് എഴുതി വാങ്ങിച്ചിട്ടുള്ള കാര്യങ്ങളിൽ ചിലതു മാത്രം അയാൾക്ക്‌ കാണിച്ചു കൊടുക്കാൻ പാടില്ല. ലോൺ എടുക്കുമ്പോളും ബാങ്ക് അക്കൗണ്ട് തുറക്കുമ്പോളുമെല്ലാം ഒരുപാടു കളം കളങ്ങൾ ഉള്ള വലിയ ഫോമുകൾ ഫിൽ ചെയ്തു കൊടുത്തിട്ടുള്ളത് ഓർമയില്ലേ ? അവരുടെ ആൾക്കാർ പറയുന്നിടത്തു ഒപ്പിടുകയെന്നല്ലാതെ പലരും അത് വായിച്ചു നോക്കാറുപോലുമില്ല. അന്നെന്തോക്കെ അതിൽ രേഖപ്പെടുത്തിക്കൊടുത്തു എന്ന് പിന്നീട് പരിശോധിക്കാൻ ഒരു വഴിയുമില്ല. ആ പരിപാടി ഇവിടെ നടക്കില്ലെന്നു ചുരുക്കം.

4 . ആരൊക്കെയാണ് ഈ വിവരങ്ങൾ ഉപയോഗിക്കുന്നതെന്ന് രേഖപ്പെടുത്തുക
ഒരു കസ്റ്റമറുടെ വിവരങ്ങൾ തങ്ങളുടെ ജീവനക്കാർ എപ്പോഴൊക്കെ, എത്ര തവണ എടുത്തു നോക്കി എന്നതിന്റെ സകല വിവരങ്ങളും ലോഗ് ചെയ്തിരിക്കണം. അതായത് ഒരു ബാങ്ക് ഉദ്യോഗസ്ഥന് തങ്ങളുടെ ബാങ്കിൽ അക്കൗണ്ട് ഉള്ള ആരുടെ വേണമെങ്കിലും വിവരങ്ങൾ പരിശോധിക്കാൻ കഴിയും. തന്റെ ജോലിയുമായി ഒരു ബന്ധവുമില്ലാത്ത ഒരു കസ്റ്റമറുടെ അക്കൗണ്ട് വിവരങ്ങൾ അയാൾ പരിശോധിച്ചാൽ അത് തെറ്റാണ്.

ഇങ്ങനെയൊരുപാട് നിയമങ്ങൾ ഇപ്പോൾ തന്നെ നിലവിലുണ്ട്. പക്ഷെ ഇതിന്റെയൊക്കെ ആവശ്യം ശരിക്കുമുണ്ടോ എന്ന് നിങ്ങൾക്ക് സംശയം തോന്നിയേക്കാം. ഈ വിവരമൊക്കെ കിട്ടിയിട്ട് മറ്റുള്ളവർക്കെന്താണ് പ്രയോജനം ? ഒന്ന് രണ്ടു ഉദാഹരണങ്ങളിലൂടെ വിശദീകരിക്കാൻ ശ്രമിക്കാം.

മുമ്പൊക്കെ എ ടി എമ്മിൽ നിന്ന് പണം പിൻവലിച്ച ശേഷം വരുന്ന പ്രിന്റ് ഔട്ടിൽ നിങ്ങളുടെ പൂർണമായ അക്കൗണ്ട് നമ്പറും അക്കൗണ്ടിൽ ബാക്കിയുള്ള പണവും ഒക്കെ കാണിക്കുമായിരുന്നു. ഇത് ചിലരെങ്കിലും വേസ്റ്റ് പിന്നിൽ അതേപടി ഇട്ടിട്ടു പോകും. അങ്ങനെയൊരു പ്രിന്റ് ഔട്ട് നിങ്ങൾക്കു കിട്ടിയെന്നു വയ്ക്കുക. അതിലുള്ള പേര് സനൂജ് എന്നാണെന്നും കരുതുക. ബാംഗ്ലൂരിൽ ഉള്ള ഒരു എ ടി എമ്മിൽ നിന്നാണ് നിങ്ങൾക്കു ഇത് കിട്ടിയത്. ഫേസ്ബുക്ക് എടുത്തു വെറുതെ സെർച്ച് ചെയ്യുക. ബാംഗ്ലൂരിൽ ഉള്ള സനൂജുകൾ എല്ലാം വരും. അതിൽ തന്നെ എ ടി എം ഇരിക്കുന്ന ഭാഗത്തു താമസമുള്ള ഏതെങ്കിലും സനൂജ് ഉണ്ടോ എന്ന് നോക്കുക. ഒരാളെ കിട്ടി. ആ സനൂജ് സ്വന്തം ഫേസ്ബുക്ക് പ്രൊഫൈലിൽ ഡേറ്റ് ഓഫ് ബർത്ത് ആർക്കും കാണാവുന്ന രീതിയിലാണ് വച്ചിരിക്കുന്നതെന്നും കരുതുക. നിങ്ങളുടെ കയ്യിൽ അയാളുടെ പേര്, ജനന തീയതി , ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് എന്നിവ ഇപ്പോൾ തന്നെ കിട്ടിക്കഴിഞ്ഞിരിക്കുന്നു. കസ്റ്റമർ കെയറിൽ വിളിച്ചു അതുപയോഗിച്ചു നിങ്ങൾക്ക് സനൂജിന്റെ ഫോൺ നമ്പർ നിങ്ങളുടേത് വച്ച് അപ്‌ഡേറ്റ് ചെയ്യാൻ പറ്റുമായിരുന്നു. പല പാഠങ്ങളിലൂടെ അത് മനസ്സിലാക്കിയ ശേഷമാണു മൾട്ടി ഫാക്ടർ ഓതെന്റിക്കേഷൻ , അതായത് പാസ്സ്‌വേർഡ്, ഓ ടി പി തുടങ്ങിയവ എല്ലാം ചേർന്നുള്ള പരിപാടികൾ നിലവിൽ വന്നത്.

ഒരിക്കൽ ഒരു സുഹൃത്ത് ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടു. എന്നിട്ടു അതിന് “പ്രായപൂർത്തിയായവർക്കു മാത്രം” എന്നൊരു തലക്കെട്ടുമിട്ടു. കുറെ ലൈക്ക് ഒക്കെ കിട്ടി. അതിനിടയിൽ ആരോ വന്നു തമാശയായി ചോദിച്ചു ഇതൊക്കെ എഴുതിയ നിനക്ക് പ്രായപൂർത്തിയായോടാ എന്ന്. സുഹൃത്ത് ഉടൻ തന്നെ സ്വന്തം ഡ്രൈവിംഗ് ലൈസൻസ് സ്കാൻ ചെയ്തു മറുപടി കമന്റ്റ് ഇട്ടു. “ഞാൻ പ്രായപൂർത്തിയായോ എന്ന് നോക്കടോ” എന്നൊരു വാചകവും ഉണ്ട്. എല്ലാവരും ചിരിച്ചു. പക്ഷെ ഇതിലുള്ള റിസ്ക് നിങ്ങൾക്കറിയാമോ ? പുള്ളിയുടെ ഒഫിഷ്യൽ ആയ പൂർണ നാമം, ജനന തീയതി , അഡ്രസ്സ് തുടങ്ങി ഒരുപിടി വിലപ്പെട്ട വിവരങ്ങളാണ് പബ്ലിക് ആയി ഷെയർ ചെയ്യപ്പെട്ട ആ പോസ്റ്റിലെ ചിത്രത്തിലുള്ളത്. അവന്റെ പേരിൽ ഒരു ക്രെഡിറ്റ് കാർഡ് ഫ്രോഡ് നടത്താൻ ഇത്രയും വിവരങ്ങൾ ധാരാളം മതി.

നമ്മൾ നിസ്സാരമായി കാണുന്ന വേസ്റ്റ് ബിൻ വളരെ രസകരമായ ഒരു വിവര ഖനിയാണ്. പ്രധാനപ്പെട്ട സ്ഥാപനങ്ങൾ, അതായത്‌ ബാങ്ക്, റിസർച് ഇന്സ്ടിടുട്ടുകൾ, സൈനിക സ്ഥാപനങ്ങൾ , നിയമ സംബന്ധമായ ജോലികൾ ചെയ്യുന്ന ഓഫിസുകൾ തുടങ്ങി പലയിടത്തുമുള്ള ചവറുകൾ ശേഖരിക്കുകയും അതിൽ നിന്ന് വിവരങ്ങൾ അരിച്ചെടുക്കുകയും ചെയ്യുന്ന സംഘങ്ങൾ പണ്ടേയുണ്ട്. Dumpster Diving എന്ന് കേട്ടിട്ടില്ലേ ? നിങ്ങൾ എടുക്കുന്ന ഒരു പ്രിന്റ് ഔട്ട്, എന്തെങ്കിലും മീറ്റിംഗിൽ പ്രധാനപ്പെട്ട പോയിന്റുകൾ നോട്ട് ചെയ്ത ഒരു പേപ്പർ കഷണം തുടങ്ങിയവയൊക്കെ ഇത്തരം സംഘങ്ങളുടെ പ്രിയപ്പെട്ട സാധനങ്ങളാണ്. അതുകൊണ്ടുതന്നെ ഇത്തരം സ്ഥാപനങ്ങളിൽ പലതിലും paper shredder ഇപ്പോൾ നിർബന്ധമാക്കിയിട്ടുണ്ട്. എല്ലാ കടലാസുകളും ആവശ്യം കഴിഞ്ഞാൽ അതിലിട്ടു കീറിമുറിച്ചു നശിപ്പിക്കണം. അതുപോലെ തന്നെയാണ് കോൺഫിഡൻഷ്യൽ വേസ്റ്റ് ബിന്നുകളും. അതായത്, അടപ്പുള്ള, അകത്തേയ്ക്കു പേപ്പർ ഇടാൻ ഒരു ചെറിയ വിടവു മാത്രമുള്ള ബിന്നുകൾ. അതിനകത്തു കയ്യിട്ടു ഒന്നും പുറത്തെടുക്കാൻ പറ്റില്ല. ഇത്തരം ബിന്നുകൾ വെറുതെ ഭംഗിക്ക് മാത്രമല്ല, സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാൻ വേണ്ടി കൂടിയാണെന്ന് മനസിലാക്കുക.

സർക്കാർ സംവിധാനങ്ങളും ഇക്കാര്യത്തിൽ കണക്കാണ്. സർക്കാരിന്റെ വെഹിക്കിൾ ഇൻഫർമേഷൻ സിസ്റ്റം കണ്ടിട്ടില്ലേ ? ഏതു വണ്ടിയുടെ നമ്പർ കൊടുത്താലും ഉടമയുടെ വിവരങ്ങൾ കാണിച്ചു തരും. ഉടമയുടെ രേഖാമൂലമുള്ള അനുവാദമില്ലാതെ ഇതൊക്കെ പ്രദർശിപ്പിക്കുന്നത് മറ്റു രാജ്യങ്ങളിൽ വലിയ കുറ്റമാണെന്നറിയാമോ ? ഇത് പോട്ടെ എന്ന് വയ്ക്കാം. പക്ഷെ നമ്മുടെ വ്യക്തിപരമായ സകല വിവരങ്ങളും, വാർഷിക വരുമാനം, നികുതി തുടങ്ങിയവ വരെ കാണിച്ചു തരുന്ന സർക്കാർ വെബ്സൈറ്റുകൾ ഉണ്ടെന്ന വാർത്തകൾ വന്നിരുന്നു. പേരിനു കുറച്ചു പോളിസികൾ ഉണ്ടെന്നല്ലാതെ സ്വന്തം സ്ഥാപനങ്ങളിൽ പോലും അത് നടപ്പാക്കാൻ ഗവണ്മെന്റുകൾക്കു കഴിഞ്ഞിട്ടില്ല.

തിരികെ പ്രോജക്ടിലേയ്ക്ക് വരാം. പൊതു സ്ഥലങ്ങളിൽ കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിനുംനിർദ്ദേശങ്ങളുണ്ടായിരുന്നു. നിങ്ങളുടെ പുറകിൽ ആരെങ്കിലും സ്‌ക്രീനിൽ കാണുന്നത് നിരീക്ഷിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക ( ഷോൾഡർ സർഫിങ് എന്നാണിതിനെ വിളിക്കുക ) . ബസ്സിലോ ട്രെയിനിലോ ഇരുന്നു ലാപ്ടോപ്പ് കൈകാര്യം ചെയ്യുമ്പോൾ ചുറ്റിനും നിൽക്കുന്നവർക്ക് നിങ്ങളുടെ സ്ക്രീൻ കാണാൻ കഴിയും. അത് തടയാൻ ലാപ്ടോപ്പ് സ്‌ക്രീനിൽ പിടിപ്പിക്കാവുന്ന പ്രൈവസി പ്രൊട്ടക്ടർ സ്ക്രീനുകൾ കിട്ടും. അത് ഉപയോഗിച്ചാൽ സ്‌ക്രീനിൽ നേരെ നോക്കുന്നയാളിനല്ലാതെ തൊട്ടടുത്തിരിക്കുന്നവന് പോലും സ്ക്രീനിലെ ഉള്ളടക്കം കാണാൻ കഴിയില്ല. പൊതു വൈ ഫൈ സർവീസുകൾ , ഫ്രീ ഇന്റർനെറ്റ് ഒന്നും ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള കമ്പ്യൂട്ടറിൽ പാടില്ല. ഉപയോഗിച്ചാൽ തന്നെ ഒരു വി പി എൻ വഴി വേണം അതുപയോഗിക്കാൻ. ലാപ്ടോപ്പ് കാറിൽ സൂക്ഷിക്കുകയാണെങ്കിൽ ഡിക്കിയിൽ വേണം അത് ലോക്ക് ചെയ്തു വയ്ക്കേണ്ടത്, ഡിസ്ക് എൻക്രിപ്റ്റ് ചെയ്ത ലാപ്ടോപ്പ് മാത്രമേ ഉപയോഗിക്കാവൂ തുടങ്ങി കുറെ നിബന്ധനകളും ഉണ്ടായിരുന്നു.

ഇവിടെ ബാംഗ്ലൂരിൽ ചില ഐ ടി പാർക്കുകളിൽ ബോർഡ് വയ്ക്കാത്ത കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. പുറമെ നിന്ന് നോക്കിയാൽ ഏതു കമ്പനിയാണെന്നു തിരിച്ചറിയാൻ പറ്റില്ല. അവരുടെ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ആക്സസ് ബാഡ്ജുകളിൽ കമ്പനിയുടെ പേരും ഉണ്ടാവില്ല. അതായത് ആ ബാഡ്ജ് ഒരാൾക്ക് കളഞ്ഞു കിട്ടിയാൽ പോലും ഏതു കമ്പനിയിലാണ് ഇത് ഉപയോഗിക്കുന്നതെന്ന് അറിയാത്തതുകൊണ്ട് അവിടെ പ്രവേശിക്കാൻ കഴിയില്ല. ഒരു ജീവനക്കാരൻ ഓഫിസിൽ കയറുമ്പോൾ ആദ്യത്തെ ഗേറ്റിൽ ബാഡ്ജ് സ്വയ്പ്പ് ചെയ്തു എന്ന് വയ്ക്കുക. അകത്തുള്ള എല്ലാ ഏരിയകളിലും അയാൾക്ക്‌ പ്രവേശനം ഉണ്ടാവണം എന്ന് നിർബന്ധമില്ല . അകത്തുള്ള ചില റൂമുകളിലും ( സെർവർ റൂമുകൾ, ഡാറ്റ സെന്ററുകൾ പോലുള്ളവ ) കയറാൻ വീണ്ടും കാർഡ് ഉപയോഗിക്കേണ്ടി വരും. ചില ഓഫിസുകളിൽ നിങ്ങൾ അകത്തു കയറിയ ശേഷം ഉള്ളിലുള്ള മുറികളിൽ എവിടെയെങ്കിലും കയറാൻ കാർഡ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ പുറത്തേയ്ക്കു വരാനും നിങ്ങളുടെ കാർഡ് തന്നെ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സിസ്റ്റം തനിയെ പരിശോധിക്കും. അകത്തു മൂന്നു എൻട്രി ഗേറ്റുകളിൽ കാർഡ് കാണിച്ചു, പക്ഷെ തിരിച്ചിറങ്ങുമ്പോൾ വേറൊരാൾ തുറന്ന വാതിലിൽ അയാൾക്ക്‌ പുറകെ ഇറങ്ങിപോയി എന്ന് വയ്ക്കുക. നിങ്ങളെ ആ ഫ്ലോറിൽ നിന്നിറങ്ങാൻ സെക്യൂരിറ്റി സിസ്റ്റം അനുവദിക്കില്ല.

അവിടെ പോയി എക്സിറ്റ് ഗേറ്റിൽ വീണ്ടും കാർഡ് കാണിച്ചിട്ട് എല്ലാം ടാലി ആയാൽ മാത്രമേ പുറത്തിറങ്ങാൻ പറ്റൂ എന്ന് ചുരുക്കം. ഇത്തരം കമ്പനികളുടെ ബിൽഡിങ്ങുകൾ മിക്കവാറും ഒറ്റപ്പെട്ട കെട്ടിടങ്ങളായിരിക്കും. അതിൽ വേറെ കമ്പനികളെ അനുവദിക്കില്ല. സാധാരണയിലും കൂടുതൽ സെക്യൂരിറ്റി ഗാർഡുകൾ, സി സി ടി വി ക്യാമറകൾ , എപ്പോഴും ബ്ലൈൻഡ് ഇട്ടു കവർ ചെയ്തിരിക്കുന്ന വിൻഡോകൾ തുടങ്ങി ഒട്ടേറെ പ്രത്യേകതകളുണ്ടാവും ഇത്തരം കെട്ടിടങ്ങൾക്ക്. വൈറ്റ് ഹൗസിലെ വരെ ബാക്ക് ഓഫിസ് ജോലികൾ ചെയ്യുന്ന കമ്പനികൾ ബാംഗ്ലൂരിലുണ്ട് . ഭൂമിയുടെ അങ്ങേയറ്റത്തുള്ള ഒരിടത്ത് തങ്ങളുടെ വിവരങ്ങൾ അയക്കാൻ അവർക്കു ധൈര്യം കൊടുക്കുന്നത് ഇത്തരം സുരക്ഷാ പദ്ധതികളാണ്.
All about GDPR : https://gdpr.eu/what-is-gdpr/

( ഡേറ്റ സംബന്ധമായി വേറെയും കുറെ പോസ്റ്റുകൾ എഴുതിയിട്ടുണ്ട്‌. അതും ഓരോന്നായി ഇടാം. ലോക്ക് ഡൌൺ സമയത്ത് എല്ലാം മാക്സിമം റീസൈക്കിൾ ചെയ്തുപയോഗിക്കണം എന്നാണല്ലോ വിദ്വാന്മാർ പറയുന്നത്)