മഹാവീര്യർ കണ്ണീർക്കഥയോട് ചെയ്തത്

Sara Joseph

ചിരപുരാതനമായ നീതിനടത്തിപ്പിനെ ഇംഗ്ലീഷ് മുഖ്യഭാഷയായ വർത്തമാനകാലകോടതിയിലേക്ക് കടത്തിവിട്ട് എബ്രിഡ് ഷൈൻ കെട്ടഴിച്ചു വിട്ട സർക്കാസമാണ് മഹാവീര്യർ.രാജാവിന്റെ രോഗത്തിന് അത് എക്കിട്ടമായാലും അഴിമതിയായാലും ബലാൽസംഗമായാലും പ്രജകളുടെ കണ്ണുനീരാണ് മരുന്ന്. നീതിപാലകരും കോടതിയും ന്യായാസനവും അത് സാധിപ്പിച്ചു കൊടുക്കാൻ ബാധ്യസ്ഥരാണ്. രാജഭരണത്തിലായാലും ജനാധിപത്യത്തിലായാലും അതിന് മാറ്റമില്ല. കണ്ണ്നീർ കുടിക്കാനുള്ള രാജാവിന്റെ മോഹം എം മുകുന്ദന്റെ കഥയിലെ ശക്തമായ പൊളിറ്റിക്കൽ സറ്റയർ ആണ്.

ഒ വി വിജയൻ ധർമ്മപുരാണത്തിലെന്ന പോലെ കണ്ണീർക്കഥയിൽ മുകുന്ദനും അധികാരദുർവിനിയോഗത്തെ ശക്തമായി പരിഹസിക്കുന്നു. മുകുന്ദന്റെ കഥയിൽ ആവർത്തിച്ചു വരുന്ന അടിയന്തിരാവസ്ഥ എന്ന വാക്കും കണ്ണീർക്കഥ എഴുതപ്പെട്ട കാലഘട്ടവും കൂട്ടിച്ചേർത്തു വായിക്കാം.സാഹിത്യകൃതികളെ പ്രമേയമാക്കിയുള്ള നല്ല സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്.ലോക സിനിമയിലാകട്ടെ സാഹിത്യകൃതികളെ വെല്ലുന്ന മികച്ച ചലച്ചിത്രാവിഷ്ക്കാരങ്ങൾ നടന്നിട്ടുണ്ട്. ഇടക്കാലത്ത് കഥ തിരക്കഥാ മേഖലയിൽ സാഹിത്യ കൃതികൾ അനിവാര്യമല്ലാത്ത അവസ്ഥ ഉണ്ടായി. ഇതിന് സാഹിത്യബാഹ്യമായ പല കാരണങ്ങൾ ഉണ്ടെന്നു കാണാം.

ഒരു സാഹിത്യകൃതി സിനിമയാക്കി വിജയിപ്പിക്കുക അത്ര എളുപ്പമല്ല. നോവലിന്റെ അല്ലെങ്കിൽ ചെറുകഥയുടെ വായനക്കാരെ തൃപ്തിപ്പെടുത്തും വിധം സാഹിത്യകൃതിയുടെ മൂല്യം ചോർന്നു പോകാതെ ചലച്ചിത്രാവിഷ്ക്കാരം നടത്തുക എന്ന ഉത്തരവാദിത്തം തിരക്കഥാകൃത്തും സംവിധായകനും ഏറ്റെടുക്കേണ്ടി വരും. ഒരു വിഖ്യാത നോവൽ അല്ലെങ്കിൽ കഥ സിനിമയാവുമ്പോൾ കാണികളുടെ മുന്നിൽ അപരിചിതമായ ഒന്നും ഫിലിം മേക്കർക്കു കാണിക്കാനില്ല. അയാൾക്ക്‌ ചെയ്യാവുന്നത് വാങ്മയ രൂപത്തിൽ നിന്ന് ദൃശ്യശ്രവ്യചലന രൂപത്തിലേക്കു പരിഭാഷപ്പെടുത്തുമ്പോൾ ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന വിസ്മയങ്ങൾ ആണ്.

മുകുന്ദന്റെ കണ്ണീർക്കഥയെ മഹാവീര്യർ എന്ന സിനിമയാക്കിയപ്പോൾ എബ്രിഡ് ഷൈൻ സാഹിത്യകൃതിയിലെ തന്നെ ടൂളുകൾ ഉപയോഗിച്ചുള്ള വിപുലീകരണമാണ് നടത്തിയത്. വീഞ്ഞ് കുടിച്ച് മത്തനായ രാജഗുരുവിൽ നിന്ന് അപൂർണ്ണാനന്ദൻ എന്ന താത്വികാചാര്യനിലേക്ക്, കണ്ണുനീർ കുടിക്കാനുള്ള രാജാവിന്റെ മോഹത്തിൽ നിന്ന് നിലക്കാത്ത എക്കിൾ രോഗത്തിന് മരുന്നും പരിഹാരവും എന്ന നിലയിലേക്ക്, രാജസഭാതലത്തിൽ നിന്നും ആധുനികകോടതിയിലേക്ക്, മർമ്മംവിടാതെ,തിരക്കഥാകൃത്ത് കൂടിയായ എബ്രിഡ് ഷൈൻ ഒരു സുദീർഘ യാത്ര നടത്തിയതായി കാണാം. താത്വികതലത്തിലേക്ക് കഥയെ നയിക്കുന്ന അപൂർണ്ണാനന്ദനെ ചുറ്റിപ്പറ്റി വികസിക്കുന്ന സംഭവവികാസങ്ങൾ പലതലങ്ങളിൽ ആസ്വദിക്കാവുന്നതാണ്. അലോസരം തോന്നാതെ ഭൂതവർത്തമാനഭാവികാലങ്ങളെ അനായാസം കൂട്ടിക്കുഴക്കുന്ന വിഷ്വലുകൾ സിനിമയിൽ ഉണ്ട്.

മുകുന്ദന്റെ കഥയിൽ പണ്ട് പണ്ട് എന്ന് തോന്നിക്കുന്ന രാജാവിന്റെ കാലത്തിലേക്കു ഇംഗ്ലീഷ് ഭാഷയെ കടത്തി വിട്ട് കാലത്തിന്റെ ലീനിയർ ഘടനയെ ഭേദിക്കുന്നുണ്ട്. സിനിമയിൽ അപൂർണ്ണാനന്ദനിലൂടെ അതിരറ്റ സ്വാതന്ത്രം ആണ് സംവിധായകന് ലഭിക്കുന്നത്. ഇംഗ്ലീഷും സംസ്കൃതവും മലയാളവും അതിൽ തന്നെ ഔദ്യോഗിക മലയാളവും മലയാളം സ്ലാങുകളും ഉപയോഗിക്കുന്നുണ്ട്. കോടതിരംഗങ്ങളിൽ ഭാഷകളും കാലത്തിന്റെ ഈ ഷഫ്‌ളിംഗിനെ സഹായിക്കുന്നു.

എബ്രിഡ് ഷൈന്റെ സിനിമകളിൽ നർമം ഒരു മുഖ്യഘടകം ആവാറുണ്ട്. അതിഗഹനമായ താത്വികചിന്തയോടൊപ്പം നർമ്മത്തിന്റെ ലോലമായ തൂവൽ സ്പർശം കൊണ്ട് കാണികളെ ചിരിപ്പിക്കുകയും ചെയ്ത മഹാവീര്യർ കണ്ണീർക്കഥയുടെ ആത്മാവിനോട് നീതി പുലർത്തി എന്ന് പറയാം.

Leave a Reply
You May Also Like

ചിരിയൊരുക്കാന്‍ രോമാഞ്ചം ഏപ്രില്‍ 7ന് ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍

ചിരിയൊരുക്കാന്‍ രോമാഞ്ചം ഏപ്രില്‍ 7ന് ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ പേടിപ്പിച്ച് ചിരിപ്പിക്കാന്‍ രോമാഞ്ചം ഏപ്രില്‍ 7ന് ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു.…

ഭീഷണിപ്പെടുത്തി അശ്‌ളീല ചിത്രത്തിൽ അഭിനയിപ്പിച്ചു, വനിതാ സംവിധായികക്കെതിരെ വെങ്ങാനൂർ സ്വദേശിയായ യുവാവ്

വനിതാ സംവിധായികയ്ക്കും ഒടിടി പ്ലേറ്റ് ഫോമിനും എതിരെ യുവാവ്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് മോഹനവാഗ്ദാനം നല്‍കി തന്നെ…

ക്രോപ് ടോപ്പും വൈറ്റ് പാന്റും ധരിച്ചുകൊണ്ട് കാറിനു മുകളിൽ അനാർക്കലി മരയ്ക്കാർ

ഇപ്പോൾ അറിയപ്പെടുന്ന താരമാണ് അനാർക്കലി മരയ്ക്കാർ. ആനന്ദം എന്ന സിനിമയിലൂടെയാണ് താരം സിനിമയിൽ സജീവമായത്. ഉയരെ…

പുഷ്പയുടെ വിഎഫ്എക്സ് വീഡിയോ പുറത്തിറങ്ങി, ഒറ്റവാക്കിൽ പറഞ്ഞാൽ കിടിലൻ !

തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുൻ നായകനായ പുഷ്പ നേടിയ വിജയം സമാനതകൾ ഇല്ലാത്തതാണ്. സുകുമാർ…