വിപിൻ ദാസ് സംവിധാനം ചെയ്ത 2022-ലെ ഇന്ത്യൻ മലയാളം കുടുംബഹാസ്യ ചിത്രമാണ് ജയ ജയ ജയ ജയ ഹേ . ബേസിൽ ജോസഫും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ അഭിനേതാക്കൾ. ജയ ജയ ജയ ജയ ഹേ 2022 ഒക്ടോബറിൽ തിയേറ്ററുകളിൽ റിലീസ് ചെയ്തു. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും വളരെ നല്ല നിരൂപണങ്ങളും അഭിപ്രായങ്ങളും ആണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോൾ ചിത്രത്തെ കുറിച്ച് എസ്. ശാരദക്കുട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
എസ്. ശാരദക്കുട്ടി
കടുത്ത തലവേദനയും പനിയും കാരണം ഒരു തരം ആലോചനയും സാധ്യമാകാതെ വന്നതു കൊണ്ട് വർഷാന്താവലോകനങ്ങൾ ഒന്നും പറഞ്ഞ സമയത്ത് ചെയ്തു കൊടുക്കാനായില്ല. മരുന്നു കഴിച്ചു കിടന്നാലും ചുമ ഉറങ്ങാൻ വിടുകയുമില്ല. അങ്ങനെ രാത്രി ജയ ജയ ജയ ഹേ കണ്ട് കിടന്നു.വീടുകളിലെ അതിക്രൂരമായ നിത്യസംഭവങ്ങൾക്ക് പരിഹാരമെന്ന മട്ടിൽ ഭാവനാപരം മാത്രമായ ചില സാധ്യതകൾ കൂടിച്ചേർത്ത് തിരക്കഥ ഒരുക്കിയിരിക്കുന്നു. തിരിച്ചു കിട്ടുന്ന ആദ്യത്തെ ഇടിയിൽ പെണ്ണിനെ കത്തിക്കുകയോ കുത്തിക്കൊല്ലുകയോ തൊഴിച്ചു കൊല്ലുകയോ ആകും യഥാർഥ ജീവിതത്തിൽ സംഭവിക്കുക . ഇത്തരം ഘട്ടങ്ങളിൽ പുരുഷു അതിനപ്പുറം ക്ഷമിക്കില്ല.
ദർശന രാമചന്ദ്രൻ അവതരിപ്പിച്ച ജയഭാരതി എന്ന നായികാ കഥാപാത്രത്തിന്റെ അർഥ ഗർഭവും ഗൗരവം നിറഞ്ഞതുമായ മൗനം വളരെ ആകർഷണീയമായി തോന്നി. വികാരനിർഭരമായ രംഗങ്ങളിലെ കൈ കെട്ടിയുള്ള ആ നിൽപ്, കൂസലില്ലാത്ത ഭാവം അതൊക്കെ അടി പിടി ഇടി സംഭവങ്ങളേക്കാൾ ശക്തിയുണ്ടായിരുന്നു.ചുമ്മാതെ പ്രകോപിപ്പിക്കാൻ വരുന്നുവരുടെ നേർക്കുള്ള അവഗണനക്ക് ഒരായിരം വെടിയുണ്ടയുടെ ശക്തിയുണ്ട്. അധികാരം നഷ്ടപ്പെടുന്നുവെന്നു തോന്നുന്ന ഭീരുവിന്റെ വെപ്രാളങ്ങൾ കണ്ടിരിക്കുക നല്ല തമാശയാണ്. ജയ അത് നോക്കി നിന്നിട്ട് കടന്നു പോകുന്ന പോക്ക് ഗംഭീരമായി. തീരെ കുറച്ചു ഡയലോഗുകളാണ് സിനിമയിൽ ജയക്ക് .
പറഞ്ഞിട്ടും ഒച്ച വെച്ചിട്ടും കാര്യമില്ലാത്തിടത്ത് ആ മൗനം വളരെ പ്രകോപിപ്പിക്കുന്നതാണെന്നും ‘നിന്റെ വായിലെ നാക്കെന്താ ഇറങ്ങിപ്പോയോ ‘ എന്നത് ഇത്തരം സന്ദർഭങ്ങളിൽ വീടുകളിൽ സ്ഥിരമായുണ്ടാകുന്നതാണെന്നും നമുക്കാർക്കാണറിയാത്തത് !!
എനിക്കൊരിടത്തും ചിരിയല്ല വന്നത്. ജയ യുടെ ആ തനിച്ചിരിപ്പും തേങ്ങിക്കരച്ചിലും വീട്ടുകാരുടെ നിർദ്ദയമായ ഒഴിഞ്ഞു മാറലും ഭർതൃ സഹോദരിയുടെ നിസ്സഹായതകളും അമ്മായിയമ്മയുടെ പരിചിതശീലങ്ങളും ഒക്കെ വല്ലാത്ത ഭയവും സങ്കടവുമുണ്ടാക്കുമ്പോൾ ഇപ്പുറത്ത് നായകന്റെയും അണ്ണന്റെയും സദാചാര കുടുംബ ശാഠൃങ്ങൾക്കോ കോമാളി പുരുഷു ചമയലിനോ ഒന്നിനും ചിരി വരുത്താനുള്ള ശേഷി ഉണ്ടായില്ല.
ആണിനെ, അവനിലെ അവനെ മാത്രം കേൾക്കുന്ന ആ വക്താവിനെ , വീടിനുള്ളിൽ നിങ്ങൾ എത്ര പരിഹാസ്യനാണ്, വിഡ്ഢിയും കോമാളിയുമാണ് എന്ന് ബോധ്യപ്പെടുത്താൻ, ഒരു തിരിച്ചറിവുണ്ടാക്കാൻ ഇത്തരം എത്ര സിനിമകൾ കൂടി ഇറങ്ങേണ്ടി വരും !!!