ടീച്ചർക്കു ശ്വാസം കിട്ടുന്നില്ല എന്നു വായിച്ചപ്പോഴൊക്കെ എനിക്ക് ശ്വാസം മുട്ടലനുഭവപ്പെട്ടത് ഇതെല്ലാമാലോചിച്ചിട്ടാണ്

66

എസ് ശാരദക്കുട്ടി

ഒരിക്കൽ പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കരുതെന്നു പറഞ്ഞ സുഗതകുമാരി ടീച്ചറുടെ പ്രസ്താവനയോട്, RSS സാംസ്കാരിക സംഘടനയാണെന്നു പറഞ്ഞതിനോട് ഒക്കെ എനിക്ക് ശക്തമായി വിയോജിക്കേണ്ടി വന്നു. ഏതോ ഓൺലൈൻ മാധ്യമം ഞാൻ പറഞ്ഞതിനെ തന്നിഷ്ട പ്രകാരം വികൃതമായ തലക്കെട്ടു നൽകി പ്രസിദ്ധീകരിച്ചു. വാട്സ് ആപ് വഴി എന്റെ ഫോട്ടോ വെച്ച് ടീച്ചറെ ഞാൻ അധിക്ഷേപിക്കുന്നതായി പ്രചരിച്ചത്‌ ടീച്ചർ അറിഞ്ഞിട്ടുണ്ടാകുമെന്ന് ഞാൻ ഊഹിച്ചില്ല.പിന്നീട് തിരുവനന്തപുരത്ത് മലയാളം മിഷൻ ഭരണ സമിതി യോഗത്തിൽ കണ്ടപ്പോൾ മനസ്സിലായിട്ടോ മനസ്സിലാകാതെയോ ടീച്ചർ രൂക്ഷമായൊന്നു നോക്കി. ഞാൻ അടുത്തേക്കു ചെന്നില്ല. ഇറങ്ങാറായപ്പോൾ കൈ കാട്ടി വിളിച്ചിട്ട് ‘ശക്തമാകുന്നുണ്ട് എഴുത്തുകൾ, തുടരണം ‘ എന്നു പറഞ്ഞു. വിരുദ്ധോക്തിയോ, പരിഹാസമോ എന്നറിയാതെ ഞാൻ കൈകൂപ്പി. ഒരക്ഷരം മിണ്ടിയില്ല.

ആകാശവാണിയുടെ കവിയരങ്ങിന്റെ യന്നാണെന്നു തോന്നുന്നു, എന്റെ പെൺകുട്ടികളെ കാണാതെ ശാരദക്കുട്ടി പോകരുതെന്ന് ആജ്ഞാസ്വരത്തിൽ പറഞ്ഞ് ടീച്ചറുടെ കാറിൽ എന്നെ അവരുടെ അടുത്തേക്ക് കൊണ്ടുപോകുകയും എനിക്ക് അവിടെ നിന്ന് രണ്ടു സാരി സമ്മാനിക്കുകയും ചെയ്തു. അവരെയെല്ലാം പരിചയപ്പെടുത്തി. അപ്പോഴും എനിക്കധികം അടുക്കാനോ കവിതകളോടുള്ള ഇഷ്ടം പ്രകടിപ്പിക്കാനോ കഴിഞ്ഞില്ല. തന്നെ വല്ലാതെ വേദനിപ്പിക്കുന്ന ചിലരെക്കുറിച്ചു പോരുന്ന വഴി കാറിൽ വെച്ച് വേദനയോടെ ടീച്ചർ പറഞ്ഞു ഞാനും അക്കൂടെയുണ്ടാകുമെന്ന ചിന്തയിൽ ഞാൻ വീണ്ടും മൗനിയായി.മലയാളം മിഷൻ പരിപാടികളിൽ തുടർച്ചയായി കാണാൻ തുടങ്ങിയതോടെ ടീച്ചർ കൈ പിടിച്ചു സ്നേഹത്തോടെ സംസാരിച്ചു തുടങ്ങിയിരുന്നുവെങ്കിലും ഞാനൽപം അകന്ന് നിന്നത് , ഉള്ളിൽ കവിതയില്ലാത്തവളെന്ന ഭയവും സങ്കോചവും കൊണ്ടാണ്. ചുരുക്കം ചില വലിയ എഴുത്തുകാരുടെ മുന്നിലാണ് എനിക്ക് എന്നെക്കുറിച്ച്, ‘എങ്ങു നിർഗ്ഗന്ധം പുഷ്പം ‘ എന്ന് സങ്കോചം തോന്നാറുള്ളത്. അവരിലൊരാൾ സുഗതകുമാരിയാണ്.ആശയപരമായ പല വിയോജിപ്പുകൾക്കിടയിലും ആ കവിതകളോളം മികച്ചതൊന്നില്ലല്ലോ മലയാളത്തിൽ എന്ന് ഞാനാനന്ദിച്ചിരുന്നത് ടീച്ചർക്കറിയാമായിരുന്നിരിക്കും. ആ വലിയ ആദരവ് അവർ മനസ്സിലാക്കിയിരുന്നിരിക്കും.

“മാമകമനോഗതമവിടന്നറിഞ്ഞെന്നോ;
പോമവളദ്ദേഹത്തിന്‍മുഖവും വിവര്‍ണ്ണമായ് ”

എന്ന് സൂര്യകാന്തിയെപ്പോലെ ഞാനും സ്വയം കഥ മെനഞ്ഞു . ശിരസ്സിൽ മൃദുവായി പതിഞ്ഞ കൈവിരലുകൾ എടുത്തപ്പോൾ, “വളരെപ്പണിപ്പെട്ടാണെന്റെ മേൽ നിന്നും തളരും സുരക്തമാം കൈയ്യെടുത്തത് നൂനം ” എന്ന് ഞാനും മോഹിതയായി. ഇപ്പോഴും ഞാൻ ജീവിച്ച കാലഘട്ടത്തിലെ ഏറ്റവും വലിയ കവി , മഹാകവി എന്ന് ഞാനുരുവിട്ടു കൊണ്ടിരിക്കുന്നു.

അവരുടെ പാരിസ്ഥിതിക പ്രജ്ഞയും കരുണയും ജാഗ്രതയും കരുതലുകളും താക്കീതുകളും ഭരണാധികാരികൾക്ക് കണ്ടില്ല, കേട്ടില്ല എന്നു നടിക്കാനാകുമായിരുന്നില്ല. സുഗതകുമാരിയെ വെറുതെയങ്ങു മറികടന്നുപോകുക ആർക്കും അത്ര എളുപ്പമായിരുന്നില്ല. പരിസ്ഥിതി നാശം ത്വരിതപ്പെടുത്താതെ ഒരളവു വരെ പിടിച്ചു നിർത്തുന്നതിൽ ടീച്ചറുടെ കിതപ്പുകളുണ്ടായിരുന്നു. ടീച്ചർക്കു ശ്വാസം കിട്ടുന്നില്ല എന്നു വായിച്ചപ്പോഴൊക്കെ എനിക്ക് ശ്വാസം മുട്ടലനുഭവപ്പെട്ടത് ഇതെല്ലാമാലോചിച്ചിട്ടാണ്.