ആയുർവേദത്തിനും ഹോമിയോപ്പതിക്കും വേണ്ടി വാദിക്കുന്നവർ പെട്ടെന്നൊരു നെഞ്ചുവേദന വന്നാൽ മോഡേൺ മെഡിസിൻ കാർഡിയോളജിസ്റ്റിനെ തന്നെയാകും കാണുക

76
Saradakutty Bharathikutty

.

25 വർഷം മുൻപ് മഞ്ഞപ്പിത്തം ബാധിച്ച് കോട്ടയം ഭാരത് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന കാലത്ത്, ദിവസവും രാവിലെ അച്ഛൻ കീഴാർനെല്ലി അരച്ച് കുഞ്ഞിനെല്ലിക്കാ വലുപ്പത്തിൽ ഉരുട്ടി ,അര ഗ്ലാസ് പാലുമായി ആശുപത്രിയിൽ വരുമായിരുന്നു. അതു വെറും വയറ്റിൽ കഴിക്കണം. പിന്നീട് അലോപ്പതി ചികിത്സകൾ മുറയ്ക്ക്. ഡോക്ടർ ഇത് കാണുന്നുണ്ടായിരുന്നു. അച്ഛന്റെ വാത്സല്യ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്ന മട്ടിൽ ചിരിച്ചു കൊണ്ട് മാറി നിൽക്കുമായിരുന്നു. ആശുപത്രിയിൽ കഴിഞ്ഞ 15 ദിവസവും രണ്ടാളും സ്നേഹവിശ്വാസങ്ങളോടെ എന്നെ ചികിത്സിച്ചു. കീഴാർനെല്ലിയുടെ ഗുണം ഡോക്ടർക്കും, അലോപ്പതി മരുന്നുകളുടെ ശക്തി അച്ഛനും അറിയാമായിരുന്നു.
പ്രസവത്തിനു മുൻപു് പ്രസവം എളുപ്പമാകാനും അതിനു ശേഷം ശരീരപുഷ്ടി വീണ്ടെടുക്കുവാനും ശാസ്ത്രാധ്യാപകൻ കൂടിയായ അച്ഛൻ തനിയെയിരുന്ന്, കുറുന്തോട്ടിവേരുൾപ്പെടെ പലതരം പച്ചമരുന്നുകൾ അരച്ചും പൊടിച്ചും കുറുക്കിയും തന്നിരുന്നു. ഒപ്പം ഗൈനക്കോളജിസ്റ്റ് ഡോ.വി.കെ.അന്നമ്മയെ പൂർണ്ണമായും അനുസരിച്ചിരുന്നു. പ്രകൃതി സസ്യങ്ങളുടെ ഔഷധശക്തി ഡോക്ടർക്കും അലോപ്പതി മരുന്നുകളുടെ ആവശ്യകത അച്ഛനും അറിയാമായിരുന്നു.
മരുന്നു കഴിക്കാൻ മടിക്കുന്ന പ്രായത്തിൽകോട്ടയത്തെ വിദഗ്ദ്ധ ഹോമിയോ ഡോക്ടർമാരായ ഡോ.എസ്.കെ. മൂർത്തിയുടെയും ഡോ.ബാലചന്ദ്രന്റെയും ഡോ. ഇന്ദിരാ ബാലചന്ദ്രന്റെയും അടുത്ത് കൊണ്ടുപോവുകയും ഫലപ്രദമായ ചികിത്സകൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
സർക്കാർ ചെലവിൽ അലോപ്പതി മെഡിക്കൽ കോളേജുകൾക്കൊപ്പം തന്നെ ഇവിടെ, ആയുർവേദ കോളേജുകളും ഹോമിയോ കോളേജുകളും നടത്തുന്നുണ്ട്.
ആരോഗ്യമന്ത്രി പറഞ്ഞതിലെന്താണ് തെറ്റ്? ഫലിക്കാത്തതോ പാർശ്വഫലങ്ങളുണ്ടാകുന്നതോ ആയ ഒരു തരം ചികിത്സകളും പരീക്ഷണങ്ങളും വിശ്വസിച്ചിരിക്കരുത് എന്നു മാത്രം. പ്രതിരോധത്തിന് സ്വീകരിക്കുന്ന മരുന്നുകൾ മാത്രം കൊണ്ട് രോഗാവസ്ഥയുടെ തീക്ഷ്ണകാലങ്ങളിൽ ചികിത്സ സാധ്യമായെന്നു വരില്ല. പെട്ടെന്നൊരു നെഞ്ചുവേദന വന്നാൽ കാർഡിയോളജിസ്റ്റിനെ തന്നെയാകും കാണുക.
ഇന്നും വിവിധ തരം എണ്ണകളും കുഴമ്പുകളും രാമച്ചവും കർപ്പൂര തൈലവും നാൽപാമരാദി വെളിച്ചെണ്ണയും ഒക്കെ മാറി മാറി ഉപയോഗിച്ച് കുളിക്കുന്നതിന്റെ സുഖവും ആരോഗ്യവും അനുഭവിക്കുന്ന ഞാൻ പക്ഷേ, ഉരുണ്ടു വീണാൽ അസ്ഥി വിഭാഗത്തിൽ ഉപരിപഠനം നടത്തുന്ന മകന്റെ ഉപദേശം തന്നെയാണ് സ്വീകരിക്കുക.
എസ്.ശാരദക്കുട്ടി
14.3.2020