Share The Article

Saradakutty Bharathikutty എഴുതുന്നു

‘മതമാണ് രാഷ്ട്രീയം’ എന്ന കെട്ട കാലത്ത് , BJP ക്കാർ പാടി നടക്കുന്നതു പോലെ ശബരിമല വിഷയം എത്ര വലിയ ‘വികാര’മായിരുന്നെങ്കിലും ബി ജെ പി യെ കേരളത്തിൽ ഒരിടത്തു പോലും ജയിപ്പിക്കാതിരുന്ന വിവേകത്തിന് കേരളത്തിലെ പ്രബുദ്ധ ജനതയോട് നന്ദിയുണ്ട്.

തിരഞ്ഞെടുപ്പിലെ തോൽവിയോ ജയമോ അല്ല വിഷയമെന്നും അത് താത്കാലികമാണെന്നും വിശ്വാസവളളിയിൽ കെട്ടിയിട്ട് തന്റെ ജനതയെ പിന്നോട്ടു നടത്തില്ല എന്നും ഉറച്ച നിലപാടെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനൊപ്പം വീണ്ടും ഉറച്ചു നിൽക്കുകയാണ്. നാലു വോട്ടോ നാൽപതു സീറ്റോ അല്ല പ്രധാനമെന്നത് എക്കാലത്തേക്കുമുള്ള ഒരു മികച്ച പ്രഖ്യാപനം തന്നെയാണ്.

വിശ്വാസികൾക്കൊപ്പമാണ്, വിശ്വാസമാണ് ജനാധിപത്യത്തെ നിർണ്ണയിക്കുന്നതെന്ന മട്ടിൽ വിജയലഹരിയിൽ മണ്ടത്തരം വിളിച്ചു പറഞ്ഞ ആന്റോ ആന്റണിയുടെ രാഷ്ട്രീയ ബോധത്തോട് സഹതാപമുണ്ട്. ആ വിജയം ആത്യന്തികമായി ഒരു .പരാജയമാണല്ലോ എന്ന സന്തോഷമുണ്ട്.

രാഷ്ട്രീയത്തിനപ്പുറം ചില പരാജയങ്ങൾ സന്തോഷിപ്പിക്കുന്നു. അമ്മ പ്രസിഡന്റായിരുന്ന ഇന്നസെൻറിന്റെ പരാജയമാണതിലൊന്ന്. പി.കെ ബിജുവിനോട് എതിർപ്പില്ലെങ്കിലും ആലത്തൂരിൽ രമ്യ ഹരിദാസിന്റെ വിജയം സന്തോഷിപ്പിക്കുന്നു. ഒരു ദളിത് പെൺകുട്ടി പാർലമെന്റിലേക്ക് എന്നതാണ് കാരണം. വലിയ അഴിമതിക്കെതിരെ ചിറ്റയം ഗോപകുമാർ ജയിക്കേണ്ടത് ആവശ്യമായിരുന്നു എന്ന ബോധ്യമുണ്ട്.

സ്വന്തം കുടുംബ മണ്ഡലത്തിൽ അമ്പേ തകർന്ന രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ വൻ ഭൂരിപക്ഷം, കബളിപ്പിക്കപ്പെട്ട പാവം വയനാട്ടുകാരെ കുറിച്ചോർത്ത് ആശങ്കയുണ്ടാക്കുന്നുണ്ട്.

ഇൻഡ്യയൊട്ടാകെയുള്ള ആ ബി ജെ പി തരംഗത്തിൽ ലവലേശം പെടാതിരുന്ന കേരളം അതുകൊണ്ടു തന്നെ പരാജയപെട്ടിട്ടില്ല എന്ന സന്തോഷമുണ്ട്.

കേന്ദ്രത്തിലെ ഭരണത്തിൽ കേരളത്തിന് ചെറുവിരൽപ്പങ്കു പോലുമില്ല എന്നത് ചെറുതല്ലാത്ത അഭിമാനമാണുണ്ടാക്കുന്നത്.

എസ്.ശാരദക്കുട്ടി
23.5.2019

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.