പിഴ ഏതെന്ന നിർദ്ദേശത്തിലും വലിയ പിഴയാണവർ രസീതായി അടിച്ചു നൽകിയതെങ്കിൽ ആ ഉദ്യോഗസ്ഥയെ ശിക്ഷിക്കണം

0
91
Saradakutty Bharathikutty
നാടകവണ്ടിക്കു പിഴയിട്ടതല്ല തെറ്റിയത്, അന്യായം കാണിക്കുന്ന വൻ സ്രാവുകൾക്ക് നേരെ നിരന്തരം കണ്ണടക്കുന്നതാണ്. നിയമം നടപ്പാക്കിയ ആ ഉദ്യോഗസ്ഥയെയല്ല, നിയമം നടപ്പാക്കാത്ത അനേകം ഉദ്യോഗസ്ഥരെയാണ്, ഉദ്യോഗസ്ഥ സംവിധാനത്തെയാണ് പഴിക്കേണ്ടത്. ഈ ഉദ്യോഗസ്ഥയെ അഭിനന്ദിച്ചു കൊണ്ടു തന്നെ അന്യായങ്ങൾക്കെതിരെ പ്രതികരിക്കാൻ നമുക്കു കഴിയേണ്ടതാണ്. പരാക്രമം സാധുക്കളിലല്ല വേണ്ടൂ എന്ന് ഭരണസംവിധാനങ്ങളെ ഓർമ്മിപ്പിക്കാനും കഴിയണം.
കഷ്ടപ്പാടുള്ള കലാ പ്രവർത്തകർക്ക് 24,000 രൂപ ചെറുതല്ല. എങ്കിലും ആ പോലീസുദ്യോഗസ്ഥയെ നാടകത്തിലാണെങ്കിൽ നമ്മൾ അഭിനന്ദിക്കുകയേയുള്ളു. സ്റ്റേജിലല്ല, തെരുവിൽത്തന്നെ ആ നീതിനിർവ്വഹണ സന്ദേശം നൽകാൻ നമുക്കു കഴിയുന്ന അവസരമായിരുന്നു അത്. നാടകക്കാർക്ക് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച വേദി കൂടിയായിരുന്നു അത്.തെരുവുകൾ തോന്ന്യാസത്തിന് കയ്യേറുന്ന രാഷ്ട്രീയക്കാരുടെയും മത സംഘടനകളുടെയും ഒക്കെ പത്തിക്ക് അടി കൊടുക്കാനുള്ള ഒരു സ്റ്റേജായിരുന്നു അത്. വാക്കും ശരീരവും കയ്യിലുള്ളവർക്കല്ലേ ഏറ്റവും സമർഥമായി ഇത്തരം സന്ദർഭങ്ങളെ സാർഥകമാക്കാൻ കഴിയൂ.
”രാഷ്ട്രീയക്കാരുടെയും മതസംഘടനകളുടെയും ജാഥകൾ കടന്നു പോയില്ലേ, നിങ്ങളാരും അതു കണ്ടില്ലേ “എന്നു ചോദിക്കുന്നതിനൊപ്പം ‘ഞങ്ങൾ കടന്നു പോകാൻ പാടില്ലായിരുന്നു, കാരണം ഞങ്ങൾ നാടകക്കാരാണ്’ എന്നു പറയാൻകൂടി അവർക്കു കഴിയണമെന്ന് ഞാൻ വിചാരിക്കുന്നു. കാരണം, നാടകമതാണ്.
പിഴ ഏതെന്ന നിർദ്ദേശത്തിലും വലിയ പിഴയാണവർ രസീതായി അടിച്ചു നൽകിയതെങ്കിൽ ആ ഉദ്യോഗസ്ഥയെ ശിക്ഷിക്കണം
(Ref:ആലുവ അശ്വതി തിയേറ്റേഴ്സിന്റെ നാടക വണ്ടി ഇന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി 24000 രൂപ പിഴയിട്ടു. കുറ്റം വാഹനത്തിനു മുകളിൽ സമിതിയുടെ പേരെഴുതിയ വലുപ്പം കൂടിയ ബോർഡ് വെച്ചിട്ടുണ്ടായിരുന്നുവെന്നതാണ്. ഒരു ദിവസത്തെ കളിയുടെ കാശാണ് അവർ പിഴയായി നൽകിയത്).