പെണ്ണുങ്ങളാണ് ആണുങ്ങളെ സുന്ദരന്മാരാക്കുന്നത്, അതുപോലൊരു നോട്ടം എനിക്കും വേണം

192

Saradakutty Bharathikutty

ശാന്തിനികേതനിൽ രബീന്ദ്രനാഥ ടാഗോറിൻ്റെ മധ്യവയസ്സുകാലത്തെ ചിത്രം നോക്കി നിൽക്കുമ്പോൾ ഞാൻ കൂടെയുണ്ടായിരുന്ന (സുനിൽ പി.ഇളയിടമോ അശോകൻ ചരുവിലോ സുസ്മേഷ് ചന്ദ്ത്തോ ആണ്) സുഹൃത്തിനോടു പറഞ്ഞു, ‘ഈ നോട്ടം നേരിടണമെങ്കിൽ അസാധാരണമായ ആത്മശക്തി വേണം . എനിക്ക് താങ്ങാനാകുന്നില്ല ആ നോട്ടത്തിൻ്റെ തീക്ഷ്ണത’ എന്ന്. അദ്ദേഹം പ്രണയിച്ചതും അദ്ദേഹത്തെ പ്രണയിച്ചതുമായ മുഴുവൻ സ്ത്രീകളുടെയും ചിത്രങ്ങൾ ആ മ്യൂസിയത്തിൽ ഉണ്ട്. അവരെ ഓരോരുത്തരെയായി ഞാനെതിർ നിർത്തി നോക്കി . ടാഗോറിൻ്റെ കണ്ണുകൾ അവരെയൊന്നുമായിരിക്കില്ല തേടിയത്. എൻ്റെ കണ്ണുകൾ അത്തരമൊരു നോട്ടം ആഗ്രഹിക്കുന്നുണ്ട് .

നികേഷ് കുമാറിൻ്റെ കണ്ണുകളിൽ കാണാം, എതിരെയൊരു സ്ത്രീ ഇരുന്നാലുള്ള തിരയിളക്കങ്ങൾ. മറ്റൊരു ചാനലവതാരകൻ്റെ കണ്ണിലും ഞാൻ കണ്ടിട്ടില്ല ആ കുസൃതിയും കൗതുകവും എനർജിയും. മിക്കവർക്കും ആരെ അഭിമുഖീകരിച്ചാലും ഒരേ മട്ടും ഭാവവും. നികേഷ് നോക്കുന്നത് അങ്ങനെയല്ല. എതിരെയിരിക്കുന്നത് കവിയൂർ പൊന്നമ്മയായാലും ശ്വേതാ മേനോനായാലും കെ.ആർ.ഗൗരിയായാലും സി.കെ. ജാനുവായാലും കെ.എസ് ചിത്രയായാലും കെ പി എ സി ലളിതയായാലും നികേഷിൻ്റെ കണ്ണുകൾ മുന്നിലിരിക്കുന്ന സൗന്ദര്യവും സ്നേഹവും തിളക്കവും പ്രതിഫലിപ്പിക്കുന്നത് പ്രത്യേകമായ ഒരു നൈസർഗ്ഗികതയോടെയാണ്. നികേഷിനെ മാത്രം കണ്ടാൽ മതി, എതിർ കസേരയിലാരെന്ന് ഊഹിക്കുവാൻ.

മമ്മൂട്ടിയുടെ പുതിയ ഫോട്ടോയാണ് ഇപ്പോൾ ഇതെഴുതാൻ തോന്നിപ്പിച്ചത്. മാധവി നോക്കുമ്പോഴാണ് മമ്മൂട്ടി ഏറ്റവും സുന്ദരനാകുന്നത് എന്നാണെൻ്റെ അഭിപ്രായം. അവരുടെ ആ നോട്ടത്തെ നേരിടുവാൻ തന്റെ’യുള്ളി’ലെ സൗന്ദര്യം കൂടി മമ്മൂട്ടിക്കു പുറത്തെടുക്കേണ്ടി വരുന്നു എന്നതുകൊണ്ടാണത്. ഓരോ സൗന്ദര്യത്തിനു മുന്നിലും ഓരോ നല്ല നോട്ടമുണ്ടാകണം. മമ്മൂട്ടിയുടെ പുതിയ ചിത്രത്തിനു മുന്നിൽ ചുഴിഞ്ഞുനോട്ടമറിയാവുന്ന ഒരു പെണ്ണുണ്ടായിരുന്നെങ്കിൽ എന്താകുമായിരുന്നു ഈശ്വരാ..
എന്ന് ആണുങ്ങൾ ഇനിയുമിനിയും സുന്ദരന്മാരായിക്കാണാൻ ആഗ്രഹിക്കുന്ന ഒരുവൾ.