ഇപ്പോൾ ‘മീറ്റു’ ആരോപണങ്ങൾ കൂടിവരുന്ന കാലമാണ്. നമ്മൾ പ്രതീക്ഷിക്കാത്ത ആളുകൾ പോലും ലൈംഗികാരോപണങ്ങളിൽ കുരുങ്ങി കിടക്കുകയാണ്. ഇന്ന് വിപ്ലവവും മാനവികതയും മൈത്രിയും മനുഷ്യത്വവും പ്രസംഗിക്കുന്നവർ ഇന്നലെകളിൽ ഇരതേടി അലഞ്ഞിരുന്നു എന്നത് പതുക്കെ പുറത്തുവരികയാണ്. എസ് ശാരദക്കുട്ടിയുടെ ഫേസ് ബുക്ക് കുറിപ്പ് വായിക്കാം
എസ് ശാരദക്കുട്ടി
പരസ്പര സമ്മതത്തോടെ ഇഷ്ടമുള്ള രണ്ടു പേർ തമ്മിൽ പ്രണയവും ലൈംഗികബന്ധവുമൊക്കെ അനുവദനീയമായ ഒരു സമൂഹത്തിൽ, അനുവാദമില്ലാതെ, താൽപര്യമില്ലാത്തവരെ സൗഹൃദത്തിന്റെ മറവിൽ ലൈംഗികമായി ഉപയോഗിക്കുന്നത് എന്തൊരു വൈകൃതമാണ്.
പുരോഗമനമെന്നത് ഒരു വാക്കു മാത്രമല്ല, ഇത്രയെല്ലാം പുരോഗമന പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവർത്തിച്ചാലും ഉള്ളിൽ പ്രാകൃത ജീവികളാണ് പലരും.സ്വന്തം കുടുംബത്തിലെ സ്ത്രീകള്‍ക്ക് മുന്നില്‍ മാന്യത ഭാവിക്കുന്ന കേരളീയപുരുഷന്മാരില്‍ പലരും എന്തുകൊണ്ടാണ്, തരം കിട്ടുമ്പോള്‍ പരിചിതവലയത്തിലെ സ്ത്രീകളോടു പോലും ഇത്തരം നിന്ദ്യമായ കയ്യാങ്കളികള്‍ നടത്തുന്നത്? അന്തസ്സ് കെട്ട ആര്‍ത്തികള്‍ കാണിക്കുന്നത് ?
. സ്ത്രീകൾ ഇത്രയും ശ്രദ്ധിക്കുക. നല്ല സുഹൃത്തുക്കള്‍ എന്ന് കരുതി ആണുങ്ങളെ വീട്ടില്‍ ക്ഷണിക്കുകയോ അവരുടെ വീടുകളിലേക്കു ചെന്നു കയറുകയോ ചെയ്യുമ്പോൾ മനസ്സിൽ ഒന്നു കരുതുക. ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുക, മര്യാദക്ക് പെരുമാറുക, ഹൃദ്യമായി ചിരിക്കുക ഇതിനെല്ലാം കാമാസക്തി എന്ന് കൂടി അര്‍ത്ഥമുണ്ട്. അവര്‍ക്ക് കാമം തോന്നിയാല്‍ അതിനര്‍ഥം നമുക്ക് കാമമാണ് എന്നാണ്.