കൃപാസനം വലിയ മാനസികരോഗ കേന്ദ്രമായി വളര്‍ന്നു കൊണ്ടിരിക്കുകയാണ്

7757

ആലപ്പുഴ ജില്ലയുടെ തീരപ്രദേശം കേന്ദ്രീകരിച്ച്‌ കലവൂരില്‍ നടക്കുന്ന വലിയൊരു ആത്മീയ തട്ടിപ്പ് ആണ് കൃപാസനം ധ്യാനകേന്ദ്രം. പാവപ്പെട്ട മത്സ്യത്തൊഴിലാളികളായ വിശ്വാസികളുടെ നിവര്‍ത്തികേട് ചൂഷണം ചെയ്തായിരുന്നു കൃപാസനം തട്ടിപ്പിന്റെ തുടക്കം.അടുത്ത കാലത്താണ് ഇവിടെ പത്രചികിത്സ തുടങ്ങിയത്.പതിനെട്ടു വര്‍ഷം മുന്‍പ് ചേര്‍ത്തല അര്‍ത്തുങ്കല്‍ തൈക്കല്‍ ഇടവകയില്‍ ഇടവക Related imageവികാരിയായിരിക്കുമ്ബോള്‍ ആലപ്പുഴ കാട്ടൂര്‍ സ്വാദേശിയായ വി.പി ജോസഫ് അവിടെ തുടങ്ങിയ ചെറുകിട ബിസിനസാണ് ഇന്ന് കൃപാസനം എന്ന തട്ടിപ്പ് സാമ്രാജ്യമായി വളര്‍ന്നിരിക്കുന്നത്.നാഷണല്‍ഹൈവേ സൈഡിലുള്ള ഈ തട്ടിപ്പു കേന്ദ്രത്തിലേ വാഹന ബാഹുല്യം ഹൈവേയില്‍ ട്രാഫിക് പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്.പത്ര ചികിത്സ കൂടാതെ ഗര്‍ഭമുണ്ടാകുന്ന ഒരു തൈലവും ഇപ്പോള്‍ കേന്ദ്രം ഇറക്കിയിട്ടുണ്ട്.സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇതിന്റെ സാക്ഷ്യം പറയുന്നത്.ഒരു അദ്ധ്യാപികയെന്ന് പറഞ്ഞാണ് വീഡിയോയില്‍ കൈക്കുഞ്ഞുമായി സ്ത്രീ പ്രത്യക്ഷപ്പെടുന്നത്.വന്‍ പരസ്യവും സെയില്‍സ് പ്രമോഷനും ഈ തൈലത്തിന് നല്‍കിവരുന്നുണ്ട്. (വിവരങ്ങൾക്ക് കടപ്പാട് A M Sali)

ശാരദക്കുട്ടിയുടെ പോസ്റ്റ് വായിക്കുക

Saradakutty Bharathikutty എഴുതുന്നു

കായ്ഫലമുണ്ടാകാൻ കൃപാസനം പത്രം പൊതിഞ്ഞ മാവുകൾ, തെങ്ങുകൾ. പാൽ കൂടുതൽ ലഭിക്കാൻ കൃപാസനം പൊതിഞ്ഞ അകിടുമായി പശുക്കൾ. കൃപാസനം പത്രത്തിലിരുന്ന് fb പോസ്റ്റിട്ടയാളിന് നിമിഷങ്ങൾ കൊണ്ട് 10 K ലൈക് കിട്ടിയതേ!

ആലപ്പുഴ കലവൂർ റോഡിൽ കൂടി ഇന്നലെ പോയി.ഇപ്പോൾ അവിടെ കൃപാസനം ബസ് സ്റ്റോപ്പായി. കൃപാസനം വെയ്റ്റിങ് ഷെഡായി. ആ സ്റ്റോപ്പിലെത്തുമ്പോൾ ബസ്സുകൾ തിരക്കൊഴിഞ്ഞ് കാലിയാകുന്നു. അതൊരു വലിയ മാനസികരോഗ കേന്ദ്രമായി വളർന്നു കൊണ്ടിരിക്കുകയാണ്. ഓർക്കണം, ആലപ്പുഴയാണ്. വിപ്ലവ പ്രസ്ഥാനങ്ങളുടെ നാടാണ്. പുരോഗമന സാഹിത്യ പ്രസ്ഥാന നായകരെ വളർത്തിയെടുത്ത നാടാണ്. എന്തൊക്കെ ബാഹ്യ ശൈഥില്യങ്ങളുണ്ടാകുമ്പോഴും അകമേ ഭദ്രമായ ഒരു ലോകം സ്വപ്നം കണ്ടു ശീലിച്ച തൊഴിലാളി വർഗ്ഗത്തിന്റെ മണ്ണാണ്.

Related imageപല തരം മടുപ്പുകളിൽ പെട്ട നിസ്സഹായരായ മനുഷ്യരെ വിശ്വാസവള്ളിയിൽ കെട്ടി വലിക്കുന്ന മറ്റൊരു പ്രസ്ഥാനം കൂടി വളരെപ്പെട്ടെന്നു തഴയ്ക്കുകയാണ്. നിത്യ വേദനയിൽ പെടുന്ന സാധുക്കളുടെ വേദനകളിൽ മാന്തി മാന്തി അതൊരു വലിയ പ്രസ്ഥാനമാകും. പോട്ട പോലെ, വള്ളിക്കാവു പോലെ.പിന്നെല്ലാരും അവിടെയെന്തു നടന്നാലും തൊടാൻ ഭയക്കും. ചണ്ഡരൂപിയായി അതു വളരുമ്പോൾ ഹീനമായ വിധേയത്വത്തിനു വഴങ്ങി, കൃപാസനം പത്രത്തിലിരുന്നു വോട്ടു ചോദിക്കാൻ വരെ വിപ്ലവ സിംഹങ്ങൾ തയ്യാറാകും. ഭയാനകമായ അത്തരം ഒരവസ്ഥയിലേക്ക് എത്തുന്നതു വരെ ട്രോളാനും ചിരിക്കാനുമുള്ള വിഷയം മാത്രം.

മാനുഷികമായ സ്വച്ഛതകളിൽ നിന്ന്, സ്വാതന്ത്ര്യത്തിൽ നിന്ന് മനുഷ്യനെ അകറ്റുന്ന ഇത്തരം കുരുപ്പുകളെ മുളയിലേ നുള്ളിക്കളയേണ്ടതെങ്ങനെയാണ്? ചരിത്ര ജ്ഞാനവും സാമൂഹിക ബോധവും യുക്തിചിന്തയുമുള്ളവർ, ഈയാംപാറ്റകൾ പോലെ അഗ്നിയിലേക്കു പായുന്ന സാധുക്കളെ കുറിച്ചു ഗൗരവമായി ചിന്തിക്കുകയും വേണ്ട രാഷ്ട്രീയ ഇടപെടലുകൾ നടത്തുകയും ചെയ്തെങ്കിൽ.

വെളിച്ചങ്ങൾ ഒന്നൊന്നായി കെട്ടു പോവുകയാണ്. അവശേഷിക്കുന്ന ഒരിറ്റു വെ ളിച്ചവും കൂടി അണയുന്നതു വരെ നമ്മൾ കണ്ണുപൊത്തിയിരിക്കരുത്. ശാന്തിവനങ്ങൾ ഒന്നാകെ കത്തിയമരുന്നതു വരെ കണ്ണു പൊത്തിയിരിക്കരുത്. കെട്ട ദീപങ്ങളെ ജ്വലിപ്പിച്ചെടുക്കേണ്ടത് ആരുടെ വിധിയാണ്? പ്രതിരോധ ക്രിയകളിലൂടെ ഇതിനെയെല്ലാം ചെറുക്കുവാനുള്ള ഭാരിച്ച ഉത്തരവാദിത്തം സർക്കാരിനുണ്ട്.

എസ്.ശാരദക്കുട്ടി
19.5.2019