‘ബിജെപിയും വർഗ്ഗീയവാദവും കേരളത്തിൽ വളരാത്തത് ജനങ്ങളിലെ ഇടതുപക്ഷബോധം കൊണ്ട്’

0
555

ശാരദക്കുട്ടി (Saradakutty Bharathikutty)എഴുതുന്നു

ഇൻഡ്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ബിജെപിക്ക് ഉണ്ടായ മുന്നേറ്റമൊന്നും ഇതുവരെ കേരളത്തിൽ ഉണ്ടാക്കാൻ സാധിക്കാതിരുന്നത് ഇവിടെ അതിശക്തമായ ഒരിടതുപക്ഷ ബോധം നിലനിൽക്കുന്നതു കൊണ്ടാണ്. കടുത്ത യാഥാസ്ഥിതികവാദത്തെ ചെറുക്കുവാനും പുരോഗമനാശയങ്ങളെ പ്രോത്സാഹിപ്പിക്കുവാനും ഉള്ള ശ്രമം ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്ന് മാത്രമാണുണ്ടാകുന്നത്. ചിന്തിക്കുന്നവരുടെ ആശയങ്ങൾക്ക് അളവറ്റ പിന്തുണ നൽകുന്ന ഇടതുപക്ഷം ഇവിടെയുണ്ട് എന്നുള്ളത് വലിയ ആശ്വാസവും പ്രതീക്ഷയുമാണ്.

ഇന്ത്യയിലെ തന്നെ നമ്മുടെ മറ്റയൽ സംസ്ഥാനങ്ങളിൽ ഇക്കാലത്ത് വർഗ്ഗീയ ലഹളകൾ വർദ്ധിച്ചപ്പോൾ കേരളത്തിൽ ഈ വക പ്രശ്നങ്ങൾ കാര്യമായി ബാധിക്കാത്തത് ഈ ഇടതുപക്ഷ ജാഗ്രത കൊണ്ടാണ്.ചിന്താശക്തിയുള്ള ഏതൊരാളെയുമെന്നതു പോലെ പ്രതിലോമശക്തികളോട് സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ചിരിക്കുന്ന ഇടതുപക്ഷത്തോടൊപ്പമാണ് ഞാൻ. മത വർഗ്ഗീയ ലഹളകൾ കേരളത്തിൽ നിന്നകന്നു നിൽക്കുന്നുവെന്നത് ഏറെ സമാധാനകരമാണ്.

Image result for kerala left frontവിശ്വാസി / അവിശ്വാസി എന്ന് പൊതുസമൂഹത്തെ വിഭജിച്ചു കൊണ്ട് ഗൂഢമായ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാനും ശബരിമലയെ വൈകാരിക പ്രശ്നമാക്കി പെരുപ്പിച്ച് വലിയ വർഗ്ഗീയ ലഹളക്ക് കോപ്പുകൂട്ടാനുമുള്ള സംഘപരിവാർ ശക്തികളുടെ വലുതായ ശ്രമങ്ങൾ ഇവിടെ നടന്നു. ‘നമുക്കു കിട്ടിയ സുവർണാവസരമാണ് ശബരിമല’ എന്ന ബി ജെ പി അധ്യക്ഷന്റെ വാക്കുകൾ തിരഞ്ഞെടുപ്പു സമയത്ത് നമ്മൾ ഓർമ്മയിൽ വെക്കേണ്ടതാണ്. വർഗീയ ലഹളക്കുള്ള ആ ‘സുവർണാവസര’മാണ് നിശ്ചയദാർഢ്യം കൊണ്ടും വാക്കുകളുടെയും പ്രവൃത്തികളുടെയും കൃത്യതയും സൂക്ഷ്മതയും കരുതലും കൊണ്ട് മുഖ്യമന്ത്രി നിയന്ത്രിച്ചു നിർത്തിയത്. വടക്കേയിന്ത്യയെ പോലെ കേരളത്തെയും ചോരക്കളമാക്കുവാൻ ഉദ്ദേശിച്ചുള്ള ആ ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടത് ഇവിടെ ഇടതുപക്ഷത്തിന്റെ ശക്തി വലുതായതു കൊണ്ടാണ്.

മതനിരപേക്ഷവും ഏറെക്കുറെ മത ജാതിഭേദങ്ങൾക്കപ്പുറം സമത്വാധിഷ്ഠിതവുമായി കേരളീയ സമൂഹഗാത്രത്തെ സംരക്ഷിക്കുവാനും ഈ ഇടതുപക്ഷം ഇവിടെ ശക്തമായി നിലനിൽക്കണം. സമൂഹ ശരീരത്തിന് പരിക്കുകൾ ഏൽക്കാതെ കാവലിരിക്കുവാൻ നാം ഇടതുപക്ഷത്തിനൊപ്പമുണ്ടാകണം. അതു നമ്മുടെ വലിയ കടമയാണ്.

ഈ തിരഞ്ഞെടുപ്പ് നിർണ്ണായകമാണ്. ഇടതുപക്ഷം ശരിയായ പക്ഷമാണെന്ന് തിരിച്ചറിയാൻ ഇനിയും വൈകിക്കൂടാ. ബി ജെ പി യുടെ ഒരു സ്ഥാനാർഥി പോലും കേരളത്തിൽ നിന്ന് ജയിക്കാൻ പാടില്ല. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ, സ്വാഭിമാനത്തിന്റെ വില നിർണ്ണയിക്കുന്ന അവസരമാണിത്.

എസ്.ശാരദക്കുട്ടി
15.4.2019